Saturday, February 21, 2026
Google search engine
HomeSportLegendsഏയ്ഞ്ചല്‍ ഡി മരിയ എന്ന പ്രതിഭാസം

ഏയ്ഞ്ചല്‍ ഡി മരിയ എന്ന പ്രതിഭാസം

കെ.ശ്രീജിത്ത്

സാന്താ ഫെ എന്ന മധ്യ അര്‍ജന്റീനിയന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ് റൊസാരിയോ. അര്‍ജന്റീനയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരം. പരാന നദിയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലാണ് ഏയ്ഞ്ചല്‍ ഡി മരിയ എന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരത്തിന്റെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ ഒരിടത്തും അടങ്ങിയിരിക്കാതെ ഓടിക്കൊണ്ടേയിരുന്ന കുഞ്ഞു ഏയ്ഞ്ചലിനെക്കൊണ്ട് അമ്മ തോറ്റിരുന്നു. ഒട്ടും സഹിക്ക വയ്യാതെയായപ്പോള്‍ ആ അമ്മ നാല് വയസുള്ള ഏയ്ഞ്ചലിനെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ ഇവന്‍ എപ്പോഴും ഓട്ടമാണ്. ഞാനെന്താണ് ചെയ്യേണ്ടത്? ഡോക്ടര്‍ അവനോട് ചോദിച്ചു – നീയെന്താ ഫുട്‌ബോള്‍ കളിക്കുകയാണോ? ഡോക്ടറുടെ ആ ചോദ്യത്തോടെ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചെന്ന് ഡി മരിയ പറയുന്നു.

പിന്നെ ഏയ്ഞ്ചല്‍ വെറുതെ ഇരുന്നതേയില്ല. എപ്പോഴും ഫുട്‌ബോള്‍ കളി തന്നെ. ഇതോടെ രണ്ട് മാസം കൂടുമ്പോള്‍ പുതിയ ഷൂ വേണമെന്ന അവസ്ഥയായി. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം കാരണം അതിന് വഴിയുണ്ടായിരുന്നില്ല. അതിന് അമ്മ ഒരു വഴി കണ്ടുപിടിച്ചു. കളിച്ചുകളിച്ച് കീറിപ്പൊളിഞ്ഞ ബൂട്ടുകള്‍ അമ്മ പശ വെച്ച് ഒട്ടിച്ചുതരും. ഒട്ടിച്ച ആ ഷൂവിട്ട് ഏയ്ഞ്ചല്‍ വീണ്ടും കളി തുടരും. ഏയ്ഞ്ചലിന്റെ അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റിയിരുന്നത്. അയാളൊരു കല്‍ക്കരി തൊഴിലാളിയായിരുന്നു. ഖനിയിലായിരുന്നില്ല അയാള്‍ക്ക് ജോലി. മറിച്ച് വീട്ടില്‍ തന്നെ അയാള്‍ കരിയുണ്ടാക്കി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഏയ്ഞ്ചലും സഹോദരിയും അച്ഛനെ ജോലിയില്‍ സഹായിക്കും. യഥാര്‍ത്ഥത്തില്‍ ഭേദപ്പെട്ട് ജീവിച്ചിരുന്നവരായിരുന്നു അവര്‍. അപ്പോഴാണ് ഏയ്ഞ്ചലിന്റെ അച്ഛന്റെ ഒരു സുഹൃത്ത് അച്ഛനെ കൊണ്ടുപോയി ഒരു കുടുക്കില്‍ ചാടിക്കുന്നത്. ആ സുഹൃത്തിന് വീടിന് വേണ്ടി ഒരു വായ്പയെടുക്കണം. അതിന് ഏയ്ഞ്ചലിന്റെ അച്ഛന്‍ ഗ്യാരണ്ടി നില്‍ക്കണം. ചേതമില്ലാത്ത ഒരു ഉപകരാമല്ലെ എന്ന് കരുതി ഏയ്ഞ്ചലിന്റെ അച്ഛന്‍ സുഹൃത്തിനെ സഹായിക്കുന്നു. എന്നാല്‍ അച്ഛന്റെ ആ സുഹൃത്ത് വായ്പയുടെ ഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നു. തുടര്‍ന്ന് അയാള്‍ മുങ്ങുന്നു. ഇതോടെ ബാങ്കുകാര്‍ നേരെ ഏയ്ഞ്ചലിന്റെ അച്ഛന്റെ അടുത്തെത്തുന്നു. ഇതോടെ വായ്പയുടെ ഭാരം മുഴുവന്‍ അയാളുടെ തലയിലാകുന്നു. വായ്പ അടയ്ക്കുകയും സ്വന്തം കുടുംബം പോറ്റുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമായി പിന്നീട് അയാളുടേത്. അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഏയ്ഞ്ചലിനേയും സഹോദരിയേയും സ്‌കൂളിലേയ്ക്ക് അയയ്ക്കുകയും വീട്ടുചെലവുകള്‍ക്കായി പണം കണ്ടെത്തുകയും ചെയ്തു. മൂന്ന് നേരവും അടുപ്പ് കത്തുന്നുണ്ടെന്ന് അയാള്‍ ഉറപ്പുവരുത്തി. ഏയ്ഞ്ചലും സഹോദരിയും സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് ജോലിയില്‍ അച്ഛനെ സഹായിച്ചു. മഴയും തണുപ്പുമെല്ലാം അവഗണിച്ച് ഏയ്ഞ്ചലിന്റെ അച്ഛന്‍ കഠിനാദ്ധ്വാനം ചെയ്തു. കല്‍ക്കരി പണി ആയതുകൊണ്ടുതന്നെ വീടിന്റെ വെളുത്ത ചുമരെല്ലാം കറുപ്പായി മാറി. അച്ഛന്റെ കഷ്ടപ്പാട് കാണുമ്പോഴെല്ലാം ഏയ്ഞ്ചല്‍ മനസില്‍ പറഞ്ഞു – എല്ലാം നല്ലതിനാണ്. ഈ കഷ്ടപ്പാടുകള്‍ക്കെല്ലാം അപ്പുറത്ത് നല്ലകാലം തങ്ങളെ കാത്തിരിക്കുന്നു.

വെറും ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ അയല്‍ടീമിനെതിരെ ഏയ്ഞ്ചല്‍ അടിച്ചുകൂട്ടിയത് 64 ഗോളുകളായിരുന്നു. അന്നൊരിക്കല്‍ കിടപ്പുമുറിയിലിരിക്കുകയായിരുന്ന ഏയ്ഞ്ചലിന്റെ അടുത്തുവന്ന് അമ്മ പറഞ്ഞു – റേഡിയോ സ്‌റ്റേഷന്‍കാര്‍ക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് ഏയ്ഞ്ചലും അമ്മയും കൂടി റേഡിയോ സ്‌റ്റേഷനിലേയ്ക്ക് പോയി. അവര്‍ അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നാണംകുണുങ്ങിയായ ഏയ്ഞ്ചല്‍ ബുദ്ധിമുട്ടി. ആ വര്‍ഷം റൊസാരിയോ സെന്‍ട്രല്‍ ക്ലബിന്റെ കോച്ചില്‍ നിന്ന് ഏയ്ഞ്ചലിന്റെ അച്ഛനൊരു ഫോണ്‍ കോള്‍ വന്നു. അവര്‍ക്ക് ഏയ്ഞ്ചലിനെ അവരുടെ ടീമില്‍ കളിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതൊരു ചിരി വരുന്ന സാഹചര്യമായിരുന്നു. അതിനൊരു കാരണമുണ്ട്. റൊസാരിയോയിലെ രണ്ട് പ്രമുഖ ക്ലബുകളായിരുന്നു നെവല്‍സ് ഓള്‍ഡ് ബോയ്‌സും സെന്‍ട്രലും. ഏയ്ഞ്ചലിന്റെ അച്ഛന്‍ നെവല്‍സിന്റെയും അമ്മ സെന്‍ട്രലിന്റെയും ആരാധകരായിരുന്നു. എപ്പോഴൊക്കെ ഇരു ക്ലബുകളും തമ്മില്‍ ഏറ്റുമുട്ടിയോ അപ്പോഴൊക്കെ അത് ഏയ്ഞ്ചലിന്റെ അച്ഛനും അമ്മയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയായിരുന്നു. ആരുടെ ടീമാണോ ജയിക്കുന്നത് അവര്‍ മറ്റേ ടീമിന്റെ ആരാധകരെ ആ മാസം മുഴുവന്‍ കളിയാക്കിക്കൊണ്ടിരിക്കും. കാര്യം ഇങ്ങനെയാണെന്നിരിക്കെ സെന്‍്ട്രലിന്റെ ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള അതിന്റെ അക്കാദമിയിലേയ്ക്ക് ഏയ്ഞ്ചലിനെ പറഞ്ഞുവിടാന്‍ അച്ഛന്‍ തയ്യാറായില്ല. ദൂരെക്കൂടുതലാണെന്നും തങ്ങളുടെ കൈവശം കാറില്ലാത്തതിനാല്‍ ഏയ്ഞ്ചലിനെ അയയ്ക്കാനാകില്ലെന്നുമായിരുന്നു അച്ഛന്റെ ന്യായം. എന്നാല്‍ ഇതുകേട്ട ഉടന്‍ ഏയ്ഞ്ചലിന്റെ അമ്മ പറഞ്ഞു-ഞാനവനെ ദിവസവും അക്കാദമിയില്‍ കൊണ്ടുപോകാം.

അങ്ങനെയാണ് ഞങ്ങള്‍ക്കിടയിലേയ്ക്ക് ഗ്രാസീല വരുന്നത്. ഗ്രാസീല ഏറെ പഴക്കമുള്ള, തുരുമ്പിച്ച മഞ്ഞ നിറത്തിലുള്ള ഒരു സൈക്കിളായിരുന്നു. ആ സൈക്കിളിലാണ് അമ്മ കൊച്ചു ഏയ്ഞ്ചലിനെയും കൊണ്ട് എന്നും ഫുട്‌ബോള്‍ പരിശീലനത്തിന് സെന്‍ട്രലിന്റെ അക്കാദമിയിലെത്തിയത്. ആ സൈക്കിളിന്റെ മുന്നില്‍ ചെറിയൊരു കൂടയും പിന്നില്‍ ഒരാള്‍ക്ക് കൂടി ഇരിക്കാനുള്ള ഇരിപ്പിടവുമുണ്ടായിരുന്നു. എന്നാല്‍ അവിടെയും ഒരു പ്രശ്‌നമുണ്ടായിരുന്നു. ഏയ്ഞ്ചലിനും അമ്മയ്ക്കുമൊപ്പം കുഞ്ഞുസഹോദരിയെക്കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. അതിന് അച്ഛന്‍ ഒരു വഴി കണ്ടെത്തി. പിന്നിലെ ഇരിപ്പിടത്തോട് ചേര്‍ന്ന് വശത്തായി മരപ്പലക കൊണ്ട് അച്ഛന്‍ മറ്റൊരു ഇരിപ്പിടം കൂടിയുണ്ടാക്കി. അങ്ങനെ ഏയ്ഞ്ചലിനേയും സഹോദരിയേയും പിറകുവശത്തിരുത്തി മുന്നിലെ കൂടയില്‍ കളിക്കാനുള്ള ബൂട്ടും കഴിക്കാനുള്ള സ്‌നാക്‌സും അടങ്ങുന്ന ബാഗും വെച്ച് അമ്മ ആ സൈക്കിള്‍ ചവിട്ടി. കുന്നായ കുന്നെല്ലാം ചവിട്ടിക്കയറി. മഴയത്തും തണുപ്പത്തും ഇരുട്ടിലൂടെ അപകടകരമായ റോഡിലൂടെയാണ് യാത്ര. പക്ഷെ അതൊന്നും ആ അമ്മയ്‌ക്കൊരു പ്രശ്‌നമായിരുന്നില്ല. അവര്‍ ആ സൈക്കളിന്റെ പെഡലില്‍ നിന്ന് കാലെടുത്തതേയില്ല. ഗ്രാസീല എന്ന ആ സൈക്കിള്‍ എത്തേണ്ടിടത്തെല്ലാം അവരെ എത്തിച്ചു. എന്നാല്‍ സെന്‍ട്രലില്‍ കളിച്ച കാലം ഏയ്ഞ്ചലിനെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. തന്റെ അമ്മയ്ക്കുവേണ്ടിയല്ലായിരുന്നെങ്കില്‍ ഏയ്ഞ്ചല്‍ എന്നേ ഫുട്‌ബോള്‍ ഉപേക്ഷിക്കുമായിരുന്നു.

പതിനഞ്ചാം വയസിലും ഏയ്ഞ്ചലിന് പ്രായത്തിനൊത്ത വളര്‍ച്ചയുണ്ടായിരുന്നില്ല. അവരുടെ കോച്ചാണെങ്കില്‍ നല്ല ഒത്ത ശരീരമുള്ളവരെയും ആക്രമിച്ച് കളിക്കുന്നവരെയും മാത്രം കളിപ്പിക്കാനിഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. അതായിരുന്നില്ല ഏയ്ഞ്ചലിന്റെ ശൈലി. ഒരു ദിവസം പരിശീലന കളിക്കിടെ പെനാല്‍റ്റി ബോക്‌സിലേയ്ക്ക് വന്ന ഒരു ക്രോസില്‍ ഹെഡ് ചെയ്യാന്‍ ഏയ്ഞ്ചല്‍ ഉയര്‍ന്നുചാടിയില്ല. പരിശീലനത്തിനൊടുവില്‍ എല്ലാ കളിക്കാരെയും വിളിച്ചുചേര്‍ത്ത കോച്ച് ഏയ്ഞ്ചലിനോടായി പറഞ്ഞു – നീയൊന്നിനും കൊള്ളാത്തവനാണ്. നീയൊരു പരാജയമാകും. അതുകേട്ട് ഏയ്ഞ്ചല്‍ തകര്‍ന്നുപോയി. കോച്ച് പറഞ്ഞവസാനിപ്പിക്കുന്നതിന് മുമ്പേ ഏയ്ഞ്ചല്‍ മറ്റെല്ലാ കളിക്കാരുടെയും മുന്നില്‍വെച്ച് കരഞ്ഞു. പിന്നെ അയാള്‍ പരിശീലന മൈതാനത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തിയ ഉടനെ അയാള്‍ സ്വന്തം മുറിയിലേയ്ക്ക് പോയി കരയാന്‍ തുടങ്ങി. എന്നാല്‍ അയാളുടെ അമ്മ പന്തികേട് മണത്ത് അയാള്‍ക്ക് പിറകെ മുറിയിലെത്തി. എന്താണ് കാര്യമെന്ന് ചോദിച്ചു. എന്നാല്‍ അയാള്‍ കാര്യം പറയാന്‍ മടിച്ചു. കാരണം അതുകേട്ടയടന്‍ അമ്മ സൈക്കിള്‍ ചവിട്ടി മൈതാനത്തെത്തുകയും കോച്ചിനെ തല്ലുകയും ചെയ്യുമെന്ന് അയാള്‍ ശരിക്കും ഭയപ്പെട്ടു. അമ്മ പൊതുവെ ശാന്തയാണ്. എന്നാല്‍ ആരെങ്കിലും മക്കളെ തൊട്ടുകളിച്ചാല്‍ അവരുടെ വിധം മാറുമെന്ന് ഏയ്ഞ്ചലിന് അറിയാം. താനൊരു തല്ലിലേര്‍പ്പെട്ടെന്ന് അയാള്‍ അമ്മയോട് കള്ളം പറഞ്ഞു. എന്നാല്‍ അമ്മയ്ക്കറിയാമായിരുന്നു അതൊരു നുണയാണെന്ന്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ അമ്മമാരും ചെയ്യുന്നതുപോലെ അവരും മകന്റെ സുഹൃത്തുക്കളിലൊരാളെ വിളിച്ച് കാര്യം തിരക്കി. അതിനുശേഷം അവര്‍ മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നത് ഏയ്ഞ്ചല്‍ വാവിട്ടു കരയുന്നതാണ്. താന്‍ ഫുട്‌ബോള്‍ ഉപേക്ഷിക്കുകയാണെന്ന് അവന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഏയ്ഞ്ചല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല. സ്‌കൂളില്‍ പോലും പോയില്ല. കിടക്കയില്‍ ഒരേ കിടപ്പായിരുന്നു. അമ്മ അയാളുടെ കിടക്കയ്ക്കരികിലിരുന്ന് പറഞ്ഞു – നീ ഇന്ന് തന്നെ പരിശീലനത്തിന് പോയേ മതിയാകൂ. അയാള്‍ക്ക് നീ ആരാണെന്ന് കാണിച്ചുകൊടുക്കണം. അതോടെ ഏയ്ഞ്ചല്‍ അന്നുതന്നെ പരിശീലനത്തിന് പോയി. അവിടെ ആരും അയാളെ കളിയാക്കിയില്ലെന്ന് മാത്രമല്ല എല്ലാവരും അയാളെ സഹായിക്കുകയും ചെയ്തു. എപ്പോഴൊക്കെ വായുവില്‍ പന്ത് വന്നുവോ അപ്പോഴൊക്കെ ഡിഫന്‍ഡര്‍മാര്‍ അയാളെ ഹെഡ് ചെയ്യാന്‍ അനുവദിച്ചു. ഏയ്ഞ്ചലിന്റെ മാനസികാവസ്ഥ ശരിയായ നിലയിലാണെന്ന് അവര്‍ ഉറപ്പുവരുത്തി. അവര്‍ കാര്യമായി തന്നെ അവനെ ശ്രദ്ധിച്ചു.

പതിനാറ് വയസ് ആയിട്ടും ഏയ്ഞ്ചല്‍ സെന്‍ട്രല്‍ ക്ലബിന്റെ സീനിയര്‍ ടീമിലുണ്ടായിരുന്നില്ല. അതോടെ അയാളുടെ അച്ഛന്‍ ആശങ്കപ്പെട്ടു. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കവെ അച്ഛന്‍ പറഞ്ഞു – നിനക്ക് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. ഒന്നുകില്‍ എന്റെ കൂടെ ജോലി ചെയ്യുക. അതല്ലെങ്കില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുക. അതുമല്ലെങ്കില്‍ ഫുട്‌ബോളില്‍ ഒരേയൊരു വര്‍ഷം കൂടി ശ്രമിക്കാം. ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്ക് പകരം അമ്മയാണ് മറുപടി പറഞ്ഞത്. ഫുട്‌ബോളില്‍ ഒരു വര്‍ഷം കൂടി ശ്രമിക്കാം എന്നായിരുന്നു ആ മറുപടി. ആ സംഭവം നടന്നത് ഒരു ജനുവരി മാസത്തിലായിരുന്നു. ആ വര്‍ഷം ഡിസംബറില്‍ ഏയ്ഞ്ചല്‍ സെന്‍ട്രലിന് വേണ്ടി പ്രീമിയര്‍ ഡിവിഷനില്‍ അരങ്ങേറി. ആ ദിവസം മുതലാണ് അയാളുടെ കായിക ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനും എത്രയോ മുമ്പ് ആ പോരാട്ടം ആരംഭിച്ചിരുന്നു. അയാളുടെ കീറിപ്പൊളിഞ്ഞ ബൂട്ടുകള്‍ അമ്മ ഒട്ടിച്ചുചേര്‍ത്തപ്പോള്‍ മുതല്‍… അയാളെയും പിന്നിലിരുത്തി അവര്‍ മഴയിലൂടെ സൈക്കിള്‍ ചവിട്ടിയ കാലം മുതല്‍ ആ പോരാട്ടം ആരംഭിച്ചിരുന്നു. എന്തിന് അര്‍ജന്റീനയില്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറായി കളിച്ചിരുന്ന കാലത്ത് പോലും അതൊരു പോരാട്ടമായിരുന്നു. ലിബര്‍ട്ടഡോറസ് കപ്പിലെ ഒരു കളിക്കായി കൊളംബിയയില്‍ പോകാന്‍ വലിയ സാധനങ്ങളും മറ്റും കൊണ്ടുപോകുന്ന, ഹെര്‍ക്കുലിസ് എന്ന് വിളിപ്പേരുള്ള ഒരു കാര്‍ഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്ന അനുഭവം തനിക്ക് മറക്കാനാകില്ലെന്ന് ഏയ്ഞ്ചല്‍ ഡി മരിയ പിന്നീട് പറഞ്ഞിട്ടുണ്ട്. റൊസാരിയോയില്‍ അന്താരാഷ്ട്ര വിമാനത്താവളം ഇല്ലാത്തതിനാല്‍ ചെറിയ വിമാനത്താവളത്തില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ കളിക്കാര്‍ക്കെല്ലാം അള്ളിപ്പിടിച്ചിരുന്ന് പോകേണ്ടിവന്നു. വിമാനത്തിനകത്ത് നിറയെ കിടക്കകളായിരുന്നു. വാതിലടച്ചപ്പോള്‍ മൊത്തം ഇരുട്ട്. എട്ട് മണിക്കൂറാണ് അങ്ങനെ യാത്ര ചെയ്യേണ്ടിവന്നത്.

പത്തൊമ്പതാമത്തെ വയസില്‍ പോര്‍ച്ചുഗലിലെ ബെന്‍ഫിക്കയില്‍ ചേര്‍ന്നപ്പോള്‍ ആദ്യ രണ്ട് സീസണും ഡി മരിയയ്ക്ക് കാര്യമായി കളിക്കാനായിരുന്നില്ല. അയാളുടെ അച്ഛന്‍ തന്റെ ജോലി കളഞ്ഞ് ഏയ്ഞ്ചലിനൊപ്പം പോര്‍ച്ചുഗലിലെത്തിയിരുന്നു. അന്ന് എത്രയോ രാത്രികളില്‍ അച്ഛന്‍ തന്റെ അമ്മയോട് ഫോണില്‍ കരഞ്ഞുകൊണ്ട് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് ഡി മരിയ പറഞ്ഞിട്ടുണ്ട്. അമ്മയെ വേര്‍പിരിഞ്ഞിരിക്കുന്നതിലെ സങ്കടമായിരുന്നു അച്ഛന്. ബെന്‍ഫിക്കയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ എല്ലാം വിട്ടെറിഞ്ഞ് വീട്ടില്‍ പോകാന്‍ ഡി മരിയ ആഗ്രഹിച്ചു. ബെന്‍ഫിക്കയില്‍ ചേര്‍ന്നത് വലിയ തെറ്റായെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നി.

എന്നാല്‍ 2008 ഒളിംപിക്‌സോടെ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫുട്‌ബോള്‍ ജീവിതം മാറിമറിഞ്ഞു. ബെന്‍ഫിക്കയ്ക്ക് വേണ്ടി കളിക്കുന്നില്ലെങ്കിലും അര്‍ജന്റീനയുടെ ദേശീയ ടീമിലേയ്ക്ക് അയാളെ തിരഞ്ഞെടുത്തു. ആ ടൂര്‍ണമെന്റിലാണ് ഡി മരിയ സാക്ഷാല്‍ ലിയണല്‍ മെസ്സിക്കൊപ്പം ആദ്യമായി കളിക്കുന്നത്. ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയതിന് ശേഷം താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതെന്ന് ഡി മരിയ പിന്നീട് പറഞ്ഞിട്ടുണ്ട്. മെസ്സിക്കൊപ്പം കളിക്കുമ്പോള്‍ അയാള്‍ക്കാകെ ചെയ്യേണ്ടിയിരുന്നത് കൃത്യമായ സ്ഥലത്ത് ഓടിയെത്തുക എന്നത് മാത്രമായിരുന്നു. അയാളുടെ കാലിലേയ്ക്ക് ഒരു മാജിക്ക് എന്നപോലെ പന്ത് എത്തിയിരിക്കും. അല്ലെങ്കില്‍ ലിയണല്‍ മെസ്സി എത്തിച്ചിരിക്കും. മെസ്സിയുടെ കണ്ണുകള്‍ എന്റെയോ നിങ്ങളുടെയോ കണ്ണുകള്‍ പോലെയല്ല പ്രവര്‍ത്തിക്കുക എന്ന് ഡി മരിയ പറയും. എല്ലാ മനുഷ്യരെയും പോലെ അയാളും വശങ്ങളില്‍ നിന്ന് വശങ്ങളിലേയ്ക്കാണ് നോക്കുക. അതേസമയം ഒരു പക്ഷിയെപ്പോലെ മുകളില്‍ ആകാശത്തുനിന്നും അയാള്‍ക്ക് ലോകത്തെ കാണാനാകുമായിരുന്നു. തനിക്ക് ഇപ്പോഴും അത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഡി മരിയ സാക്ഷ്യപ്പെടുത്തുന്നു. 2008 ഒളിംപിക്‌സില്‍ ഫൈനലിലെത്തിയ അര്‍ജന്റീന ഫൈനലില്‍ നൈജീരിയയെ ഒരു ഗോളിന് തോല്പിച്ച് സ്വര്‍ണം നേടുന്നു. ആ വിജയഗോള്‍ നേടുന്നത് മറ്റാരുമല്ല, ഏയ്ഞ്ചല്‍ ഡി മരിയ. അയാളുടെ ജീവിതത്തില്‍ അന്നോളമുണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും അസുലഭമായ മുഹൂര്‍ത്തം. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഇരുപത് വയസ് മാത്രം പ്രായമുള്ള ഒരു പയ്യന്‍. തന്റെ ക്ലബായ ബെന്‍ഫിക്കയില്‍ അവസരം കിട്ടാതെ കുഴയവെ, നാട്ടില്‍ നിന്ന് അകന്നുനില്‍ക്കവെ, എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ പടുകുഴിയിലായിരുന്ന അയാള്‍ക്ക് ലഭിച്ച സുവര്‍ണനിമിഷം. ആ ഒളിംപിക്‌സ് സ്വര്‍ണ മെഡലിന് ശേഷം അയാള്‍ ബെന്‍ഫിക്കയ്ക്കുവേണ്ടി സ്ഥിരമായി കളിക്കുന്നു. പിന്നീട് റയല്‍ മാഡ്രിഡിലേയ്ക്ക് മാറുന്നു. അത് അയാളുടെ മാത്രം അഭിമാന നിമിഷമായിരുന്നില്ല. മറിച്ച് അയാളുടെ കുടുംബത്തിന്റെ, സുഹൃത്തുക്കളുടെ, ടീമിലെ സഹകളിക്കാരുടെ, അങ്ങനെ വര്‍ഷങ്ങളായി അയാളെ പിന്തുണച്ചിരുന്നവരുടെയെല്ലാം അഭിമാന നിമിഷമായിരുന്നു.

ഡി മരിയയുടെ അച്ഛന്‍, ഡി മരിയയേക്കാള്‍ മികച്ച കളിക്കാരനായിരുന്നത്രെ. എന്നാല്‍ ചെറുപ്പത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റതോടെ അയാളുടെ ഫുട്‌ബോള്‍ എന്ന സ്വപ്‌നം അവസാനിക്കുകയായിരുന്നു. ഡി മരിയയുടെ മുത്തച്ഛന്‍ അച്ഛനെക്കാള്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരാനായിരുന്നത്രെ. എന്നാല്‍ ഒരു ട്രെയിന്‍ അപകടത്തില്‍ രണ്ട് കാലും മുറിച്ചമാറ്റപ്പെട്ടതോടെ അയാളുടെ സ്വപ്‌നവും അവസാനിക്കുകയായിരുന്നു. ഡി മരിയയുടെ സ്വപ്‌നവും പലപ്പോഴും അവസാനിക്കുന്നതിന്റെ വക്കിലായിരുന്നു. എന്നാല്‍ അത് അവസാനിക്കാതിരിക്കാനായി അയാളുടെ അച്ഛന്‍ നിരന്തരം കരിയില്‍ മുങ്ങി. അയാളുടെ അമ്മ നിരന്തരം സൈക്കിളോടിച്ചുകൊണ്ടിരുന്നു. അതിനെല്ലാം ഫലമുണ്ടായി. ഏയ്ഞ്ചല്‍ ഡി മരിയ എന്ന അസാമാന്യ പ്രതിഭ ഫുട്‌ബോള്‍ ലോകത്ത് പീലി വിരിച്ചാടി.

2014 ലോകകപ്പ് ഫൈനലില്‍ പരിക്ക് കാരണം കളിക്കാന്‍ കഴിയാത്തതാണ് ഡി മരിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ. ആ ഫൈനല്‍ നടക്കുന്ന ദിവസം രാവിലെ ഏത് വിധേനയും തനിക്ക് കളിക്കണമെന്ന് അയാള്‍ ടീം ഡോക്ടര്‍മാരോട് പറയുന്നു. ഇനി തന്റെ കാല് തന്നെ പോയാലും, ഇനിയൊരിക്കലും കളിക്കാനായില്ലെങ്കിലും കുഴപ്പമില്ല. എന്നാലും അയാള്‍ക്ക് ആ ഫൈനല്‍ കളിച്ചേ മതിയാകൂ. കാരണം അതൊരു ലോകകപ്പ് ഫൈനലാണ്. അപ്പോഴാണ് ടീം ഡോക്ടര്‍ ഡാനിയേല്‍ മാര്‍ട്ടിനെസ് അയാള്‍ക്കൊരു കത്തുമായി ഓടിപിടിച്ച് എത്തുന്നത്. ഡി മരിയയുടെ ക്ലബായ റയല്‍ മാഡ്രിഡിന്റെ അധികൃതരില്‍ നിന്നുള്ള കത്തായിരുന്നു അത്. പരിക്കേറ്റ ഡി മരിയയെ ആ ഫൈനലില്‍ കളിപ്പിക്കരുതെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. അതൊന്ന് തുറന്നുനോക്കി വായിക്കാന്‍ പോലും കൂട്ടാക്കാതെ ഡി മരിയ കീറി ചവറ്റുകുട്ടയിലെറിഞ്ഞു. ആ ലോകകപ്പോടെ ഡി മരിയയെ ക്ലബില്‍ നിന്ന് ഒഴിവാക്കാനും പകരം കൊളംബിയയുടെ യുവ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസിനെ ടീമിലെത്തിക്കാനും റയല്‍ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഡി മരിയയെ മറ്റേതെങ്കിലും ക്ലബിന് വില്‍ക്കണമെങ്കില്‍ അയാളുടെ പരിക്ക് ഗുരുതരമായിക്കൂടാ. ഒന്നാന്തരം കച്ചവടം. എന്നാല്‍ ഡി മരിയ അത് കൂട്ടാക്കാന്‍ തയ്യാറായില്ല. താനാണ് തീരുമാനമെടുക്കുന്നതെന്നും എന്തുവന്നാലും കളിക്കണമെന്നും അയാള്‍ വാശിപിടിച്ചു. തലേന്ന് രാത്രി അയാള്‍ ഉറങ്ങിയിരുന്നില്ല. അല്ലെങ്കില്‍ത്തന്നെ ലോകകപ്പ് ഫൈനലിന്റെ തലേന്ന് അതിന്റെ ഭാഗമാകാന്‍ വിങ്ങിനില്‍ക്കുന്ന ഏത് കളിക്കാരനാണ് ഉറങ്ങാനാകുക. തന്റെ കരിയര്‍ തന്നെ അവസാനിച്ചാലും ആ ഫൈനല്‍ കളിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ തന്റെ ടീമിന് താനൊരു ബാധ്യതയാകരുതെന്നും അയാള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിന്റെ അന്ന് രാവിലെ അയാള്‍ കോച്ച് സബേലയെ കാണാന്‍ പോയി. കോച്ച് ആഗ്രഹിക്കുന്ന ആരെയും കളിപ്പിക്കാമെന്നും തന്റെ കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമില്ലെന്നും ടീം ലോകകപ്പ് നേടണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡി മരിയ കോച്ചിനോട് വ്യക്തമായി പറഞ്ഞു. എന്നാല്‍ അക്കാര്യം പറഞ്ഞുകഴിഞ്ഞതും അയാള്‍ പൊട്ടിക്കരഞ്ഞു. അന്ന് ഫൈനലിന് മുമ്പുള്ള ടീം മീറ്റിങ്ങില്‍ ഡീ മരിയയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങുക എന്‍സോ പെരേസ് ആയിരിക്കുമെന്ന് കോച്ച് സബേല വ്യക്തമാക്കി. അതിന് ഒറ്റ കാരണമേയുള്ളൂ. പെരേസിന് നൂറ് ശതമാനം കായികക്ഷമതയുണ്ട്. ആ ഫൈനലില്‍ ഡി മരിയയ്ക്ക് കളിക്കാനായില്ല. അര്‍ജന്റീന ജര്‍മനിയോട് ഒരു ഗോളിന് തോറ്റു. ആ ദിവസമാണ് ഡി മരിയയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസം.

എന്നാല്‍ പിന്നീട് രണ്ട് തവണ കോപ്പ അമേരിക്കയും ഓരോ തവണ വീതം ഫൈനലിസിമയും ലോകകപ്പും അര്‍ജന്റീന നേടിയപ്പോള്‍ ആ കിരീടങ്ങളിലെല്ലാം ഡി മരിയയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. 2021 കോപ്പ ഫൈനലില്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന പരമ്പരാഗതവൈരികളായ ബ്രസീലിനെ മറികടന്ന് ചാമ്പ്യന്‍മാരായത്. ലിയണല്‍ മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര കിരീടം. അത്രമേല്‍ പ്രിയപ്പെട്ടത്. പിന്നീട് ഫൈനലിസിമയില്‍ ഇറ്റലിയ്‌ക്കെതിരെയും ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയും ഡി മരിയ നിര്‍ണായക ഗോളുകള്‍ നേടി. ഈ ഫൈനലുകളിലെല്ലാം അര്‍ജന്റീന ചാമ്പ്യന്‍മാരായി. അതുവരെയുണ്ടായിരുന്ന ചീത്തപ്പേര് മാറ്റി മെസ്സി ലോകകപ്പ് അടക്കം ഒരുപിടി അന്താരാഷ്ട്ര കിരീടങ്ങള്‍ക്ക് ഉടമയായപ്പോള്‍ അതിന്റെയെല്ലാം പിന്നിലെ ചാലകശക്തി ഡി മരിയയായിരുന്നു. മെസ്സിയുടെ മനം അത്രമേലറിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഒടുവില്‍ മെസ്സിയും അര്‍ജന്റീന ടീമും തങ്ങളുടെ പ്രിയപ്പെട്ട മാലാഖയെ കോപ്പ അമേരിക്കയില്‍ ചാമ്പ്യനാക്കി ഏറ്റവും ഉചിതമായ യാത്രയപ്പ് തന്നെ നല്‍കി. അര്‍ജന്റീനയ്ക്ക് വേണ്ടി 145 മത്സരങ്ങള്‍ കളിച്ച ഡി മരിയ 31 ഗോളുകളാണ് നേടിയത്. ക്ലബ് തലത്തില്‍ ലോകപ്രശസ്ത ക്ലബുകളായ ബെന്‍ഫിക്ക, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരിസ് സെന്റ് ജര്‍മന്‍, യുവന്റ്‌സ് എന്നിവയ്‌ക്കെല്ലാം വേണ്ടി ബൂട്ട് കെട്ടിയ ഡി മരിയ മൊത്തം 478 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകളാണ് നേടിയത്.

അസാമാന്യ പ്രതിഭയുള്ള താരമാണ് ഏയ്ഞ്ചല്‍ ഡി മരിയ. മനോഹരമായ പന്തടക്കം കൊണ്ടും സ്‌കില്ലുകള്‍ കൊണ്ടും ലോകഫുട്‌ബോളിനെ അമ്പരപ്പിച്ച ഇതിഹാസം. ഒളിംപിക് സ്വര്‍ണവും ലോകകപ്പുമടക്കം എല്ലാ അന്താരാഷ്ട്ര കിരീടങ്ങളും നേടിയിട്ടുള്ള ചാമ്പ്യന്‍ ഫുട്‌ബോളര്‍. ഇനിയൊരു ഡി മരിയയെ നാം കാണണമെങ്കില്‍ കാലങ്ങളോളം കാത്തിരിക്കേണ്ടിവരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments