Saturday, February 21, 2026
Google search engine
HomeSportLegendsയുവ്‌രാജ് സിംഗിന്റെ പോരാട്ട വഴികള്‍

യുവ്‌രാജ് സിംഗിന്റെ പോരാട്ട വഴികള്‍

കെ.ശ്രീജിത്ത്

സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ യുവ്‌രാജ് സിംഗ്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു യുവ്‌രാജ് സിംഗിന്റെ ഈ മാസ്മരിക പ്രകടനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അന്നേവരെ ആരും കൈവരിച്ചിട്ടില്ലാത്ത നേട്ടം. അതാണ് യുവ്‌രാജ് സിംഗ്. ഫോമിലുള്ളപ്പോള്‍ യുവ്‌രാജിന്റെ കളി കാണുന്നതുപോലെ ആനന്ദകരമായ മറ്റൊരു അനുഭവം ക്രിക്കറ്റിലുണ്ടാകില്ല. അത്രമേല്‍ മനോഹരമായ സ്‌ട്രോക്കുകള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ഇടംകൈയ്യന്‍ ബാറ്ററുടെ ഇന്നിംഗ്‌സ്. കളി കാണുന്നവര്‍ക്ക് കണ്ണെടുക്കാന്‍ പോലും തോന്നാത്തവിധമുള്ള പ്രകടനം. അസാധാരണ പ്രതിഭയുള്ള ബാറ്റര്‍. ഉജ്ജ്വല ഫീല്‍ഡര്‍. കഠിനമായ സാഹചര്യങ്ങളില്‍ ടീമിന്റെ രക്ഷയ്‌ക്കെത്തുന്ന മികച്ച ഇടംകൈയ്യന്‍ സ്പിന്നര്‍. ഇതെല്ലാമായിരുന്നു യുവ്‌രാജ് സിംഗ്. ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാള്‍. പ്രത്യേകിച്ചും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായിരുന്നു യുവ്‌രാജ്. ഒന്നുകില്‍ ബാറ്റ് കൊണ്ട്, അല്ലെങ്കില്‍ പന്ത് കൊണ്ട്, അതുമല്ലെങ്കില്‍ ഫീല്‍ഡിങ്ങിലൂടെ എപ്പോഴും ടീം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയ മിടുമിടുക്കന്‍. ജീവിതത്തിലാകട്ടെ, എല്ലാ മനുഷ്യര്‍ക്കും പ്രചോദനമായ വ്യക്തി. അര്‍ബുദബാധിതനായി ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ പോലും ഒട്ടും പതറാതെ, രോഗത്തെ കീഴടക്കി ജീവിതത്തിലേയ്ക്കും ക്രിക്കറ്റിലേയ്ക്കും തിരിച്ചെത്തിയ അസാധാരണ ചങ്കുറപ്പിന്റെ കൂടി പേരാണ് യുവ്‌രാജ് സിംഗ്.

ഗംഭീര ഫോമിലുള്ളപ്പോള്‍ യുവ്‌രാജിനെപ്പോലെ ക്രിക്കറ്റ് പന്തിനെ ഇത്രയും കൃത്യതയോടെ അടിച്ചുപറത്തിയ മറ്റൊരു ബാറ്ററുണ്ടാകില്ല. അത് ഒരേസമയം അനായാസവും വന്യവുമായിരിക്കും. ഫോമിലുള്ളപ്പോള്‍ യുവ്‌രാജിന്റെ കളി കാണുന്ന ഒരാള്‍ക്ക് തോന്നുക സിക്‌സറടിക്കുന്നതൊക്കെ ഇത്ര അനായാസമാണോ എന്നാണ്. എന്നാല്‍ ഫോമിലല്ലാത്തപ്പോഴാകട്ടെ യുവ്‌രാജിനെപ്പോലെ പന്തിനെ മിസ്‌ടൈം ചെയ്ത ബാറ്റര്‍മാര്‍ കുറവായിരിക്കും. അത്രമേല്‍ വൈരുദ്ധ്യം നിറഞ്ഞതായിരുന്നു അയാളുടെ കളി. യുവ്‌രാജിന്റെ അച്ഛന്‍ യോഗ്‌രാജ് ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളയാളാണ്. മീഡിയം പേസ് ബൗളറായിരുന്നു അയാള്‍. ക്രിക്കറ്റില്‍ നിന്ന് തനിക്ക് നേടാനാകാത്തതെല്ലാം തന്റെ മകനിലൂടെ നേടിയെടുക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. ചെറുപ്പത്തില്‍ ടെന്നിസും റോളര്‍ സ്‌കേറ്റിംഗുമായിരുന്നു യുവ്‌രാജിന്റെ ഇഷ്ടപ്പെട്ട കായിക ഇനങ്ങള്‍. രണ്ടിലും അയാള്‍ മികച്ച കളി കാഴ്ചവെച്ചു. പതിനാല് വയസിന് താഴെയുള്ളവരുടെ റോളര്‍ സ്‌കേറ്റിംഗില്‍ ദേശീയ ചാമ്പ്യനായിരുന്നു യുവ്‌രാജ്. എന്നാല്‍ യുവ്‌രാജ് കഴുത്തിലണിഞ്ഞിരുന്ന ആ സ്വര്‍ണ മെഡല്‍ കാറില്‍ സഞ്ചരിക്കവെ അച്ഛന്‍ യോഗ്‌രാജ് എടുത്ത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് അവനോട് പറഞ്ഞു – നീയിനി ജീവിതത്തില്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. സ്‌കേറ്റിംഗ് മറന്നേക്കുക. യോഗ്‌രാജിന് ക്രിക്കറ്റിനോടുള്ള ഭ്രമം അത്രമാത്രം ആഴത്തിലുള്ളതായിരുന്നു. മകനെ എന്നും പരിശീലനത്തിന് കൊണ്ടുപോയിരുന്നത് യോഗ്‌രാജ് ആയിരുന്നു.

പതിമൂന്നാമത്തെ വയസില്‍ പഞ്ചാബിന്റെ അണ്ടര്‍-16 ടീമിലിടം പിടിച്ച യുവ്‌രാജ് തൊട്ടടുത്ത വര്‍ഷം പത്തൊമ്പത് വയസിന് താഴെയുള്ളവരുടെ പഞ്ചാബ് ടീമിലംഗമായി. 1999ല്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമിലിടം നേടിയ യുവ്‌രാജ് ആ വര്‍ഷം രഞ്ജി ട്രോഫിയില്‍ ഹരിയാണയ്‌ക്കെതിരെ സെഞ്ച്വറി നേടി. 2000ല്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരായപ്പോള്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് യുവ്‌രാജ് സിംഗായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലേയ്ക്കുള്ള വിളിയെത്തി. രണ്ടായിരത്തിലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലേയ്ക്കുള്ള ഇന്ത്യന്‍ ടീമിലേയ്ക്കാണ് യുവ്‌രാജ് തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്റില്‍ കെനിയയ്‌ക്കെതിരായ മത്സരത്തില്‍ യുവ്‌രാജ് ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 80 പന്തില്‍ 84 റണ്‍സെടുത്ത യുവ്‌രാജ് ആ കളിയില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി. ഗ്ലെന്‍ മക്ഗ്രാത്ത്, ബ്രെറ്റ് ലീ, ജേസണ്‍ ഗില്ലസ്പി എന്നീ വിഖ്യാത ഫാസ്റ്റ് ബൗളര്‍മാര്‍ അടങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരെയായിരുന്നു അന്ന് യുവ്‌രാജിന്റെ ഉജ്ജ്വല പ്രകടനം. മത്സരം ഇന്ത്യ 20 റണ്‍സിന് ജയിച്ചതോടെ യുവ്‌രാജ് ലോകശ്രദ്ധയാകര്‍ഷിച്ചു. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 41 റണ്‍സ് സ്‌കോര്‍ ചെയ്ത യുവ്‌രാജ് തന്റെ ഇടംകൈയ്യന്‍ സ്പിന്നിലൂടെ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്റിനോട് തോറ്റത് യുവ്‌രാജിന് നിരാശയായി. തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഇരുന്ന യുവ്‌രാജിന് 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന് നാറ്റ് വെസ്റ്റ് ട്രോഫി ടൂര്‍ണമെന്റ് വഴിത്തിരിവായി. ടൂര്‍ണമെന്റില്‍ ബാറ്റ് കൊണ്ടും ബോളും കൊണ്ടും മോശമല്ലാത്ത കളി കാഴ്ചവെച്ച യുവ്‌രാജ് ഫൈനലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ മുഹമ്മജദ് കൈഫും യുവ്‌രാജും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അന്ന് മുഹമ്മദ് കൈഫ് 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ യുവ്‌രാജ് 69 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

തുടര്‍ന്ന് 2002ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ശ്രീലങ്കയുമായി പങ്കിട്ടപ്പോഴും ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയപ്പോഴും യുവ്‌രാജ് ടീമിലുണ്ടായിരുന്നു. ഇതിനിടെ, 2003ല്‍ ടെസ്റ്റിലും യുവ്‌രാജ് അരങ്ങേറി. മൊഹാലിയില്‍ ന്യൂസിലാന്റിനെതിരെയായിരുന്നു യുവ്‌രാജിന്റെ അരങ്ങേറ്റം. 2007 പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ യുവ്‌രാജിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്‌സര്‍ പറത്തുകയും വെറും 12 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടുകയും ചെയ്തു യുവ്‌രാജ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയായിരുന്നു അത്. അന്ന് 16 പന്തില്‍ 58 റണ്‍സെടുത്ത യുവ്‌രാജ് ആയിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 പന്തില്‍ 70 റണ്‍സെടുത്ത യുവ്‌രാജ് ഇന്ത്യയെ ഫൈനലിലെത്തിച്ചു. ആ മത്സരത്തിലും യുവ്‌രാജ് ആയിരുന്നു പ്ലേയര്‍ ഓഫ് ഫൈനലില്‍ പാകിസ്താനെ തോല്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായി. ആ വര്‍ഷം പാകിസ്താനെതിരെ നടന്ന ടെസ്റ്റില്‍ 169 റണ്‍സ് നേടിയ യുവ്‌രാജ് മത്സരത്തില്‍ സൗരവ് ഗാംഗുലിക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 300 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 2007ല്‍ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ തിരഞ്ഞെടുത്ത ലോക ഏകദിന ടീമിലും ലോക ട്വന്റി20 ടീമിലും യുവ്‌രാജ് ഉള്‍പ്പെട്ടു.

യുവ്‌രാജിന്റെ ക്രിക്കറ്റ് ജീവിതത്തിലെ സുവര്‍ണനേട്ടമായിരുന്നു ഇന്ത്യയുടെ 2011ലെ ലോകകപ്പ് ജയം. ടൂര്‍ണമെന്റില്‍ 362 റണ്‍സും 15 വിക്കറ്റുമെടുത്ത യുവ്‌രാജ് ആയിരുന്നു ഇന്ത്യയെ 28 വര്‍ഷത്തിന് ശേഷം രണ്ടാമതൊരിക്കല്‍ കൂടി ലോകചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ടൂര്‍ണമെന്റിലാകെ നാല് പ്ലേയര്‍ ഓഫ് ദ മാച്ച് നേടിയ യുവ്‌രാജ് തന്നെയായിരുന്നു പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റും. ഒരു ലോകകപ്പില്‍ 300 റണ്‍സും 15 വിക്കറ്റുമെടുത്ത ആദ്യ ഓള്‍റൗണ്ടറായി മാറിയ യുവ്‌രാജ് ടൂര്‍ണമെന്റില്‍ അയര്‍ലന്റിനെതിരായ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയപ്പോള്‍ ഒരു ലോകകപ്പ് മത്സരത്തില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കളിക്കാരനുമായി. ആ വര്‍ഷത്തെ ഐ സി സിയുടെയും ഇഎസ്പിന്‍ ക്രിക്കിന്‍ഫോയുടെയും ഏകദിന ടീമില്‍ യുവ്‌രാജ് ഉള്‍പ്പെട്ടു. ലോകപ്പ് ജയത്തെത്തുടര്‍ന്നുള്ള മാസങ്ങളിലാണ് യുവ്‌രാജ് ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. അര്‍ബുദബാധിതനായ അയാള്‍ അമേരിക്കയില്‍ ചികിത്സ തേടുകയും പൂര്‍ണ ആരോഗ്യവാനായി ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. അസാധാരണമായ ഇച്ഛാശക്തി പ്രകടിപ്പിച്ച യുവ്‌രാജിന് മുന്നില്‍ രോഗത്തിന് തോല്‍ക്കാതെ വഴിയില്ലായിരുന്നു. 2012ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ്‌രാജിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. അതിനുമുമ്പ് ചെന്നൈയില്‍ ന്യൂസീലന്റിനെതിരെ നടന്ന ട്വന്റി20 മത്സരത്തില്‍ കളിച്ച യുവ്‌രാജ് 26 പന്തില്‍ 34 റണ്‍സ് സ്‌കോര്‍ ചെയ്തു. 2012ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ യുവ്‌രാജ് പക്ഷെ ബാറ്റര്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. 2019ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവ്‌രാജ് സിംഗ് 40 ടെസ്റ്റുകളില്‍ നിന്നായി 33.92 ശരാശരിയില്‍ 1900 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 11അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. 304 ഏകദിനങ്ങളില്‍ നിന്നായി 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടിയ യുവ്‌രാജ് 14 സെഞ്ച്വറിയും 52 അര്‍ദ്ധസെഞ്ച്വറിയും നേടി. 58 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 28.02 ശരാശരിയില്‍ 1177 റണ്‍സാണ് യുവ്‌രാജ് നേടിയത്. പുറത്താകാതെ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ ഒമ്പത് വിക്കറ്റും ഏകദിനത്തില്‍ 111 വിക്കറ്റും ട്വന്റി20യില്‍ 28 വിക്കറ്റും യുവ്‌രാജ് വീഴ്ത്തി. ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ നിറസാന്നിദ്ധ്യമായിരുന്ന യുവ്‌രാജും കൈഫും ചേര്‍ന്ന് ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയെ ജയിപ്പിച്ചു. അക്കാലത്ത് ഇവര്‍ രണ്ട് പേരും ഇന്ത്യയുടെ മാത്രമല്ല, ലോകത്തെത്തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുമായിരുന്നു. ഫീല്‍ഡിംഗ് കൊണ്ടുമാത്രം ഇവര്‍ എത്രയോ കളികളില്‍ ഇന്ത്യയ്ക്ക് ആധിപത്യം നേടിത്തന്നിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് ഒരു ദശകത്തോളം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ ഏറ്റവും കരുത്തനായ ബാറ്ററായിരുന്നു യുവ്‌രാജ് സിംഗ്. ദ്രാവിഡിനൊപ്പവും കൈഫിനൊപ്പവും പിന്നീട് മഹേന്ദ്ര സിംഗ് ധോണിക്കൊപ്പവും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ കരകയറ്റിയ എത്രയെത്ര അവസരങ്ങള്‍. അക്കാലത്ത് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായിരുന്നു യുവ്‌രാജ്. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീടധാരണത്തിലും യുവ്‌രാജ് നിര്‍ണായക പങ്ക് വഹിച്ചു. രണ്ടിലും യുവ്‌രാജിന്റെ സംഭാവനകളില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ആ നേട്ടം കൈവരിക്കാനാകുമായിരുന്നില്ല. അത്രമാത്രം ടീമിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്നു യുവ്‌രാജ് . എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ യുവ്‌രാജിന് വലിയ പരിമിതികളുണ്ടായിരുന്നു. സീമും സ്വിങും ചെയ്യുന്ന പന്തുകളെ നേരിടാന്‍ ബുദ്ധിമുട്ടിയ അയാള്‍ നിലവാരമുള്ള സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നിലും പതറി. 2014ലെ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 21 പന്തില്‍ 11 റണ്‍സ് മാത്രമെടുക്കാനായതാണ് യുവ്‌രാജിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ നിരാശ. അന്ന് ഇന്ത്യ തോറ്റപ്പോള്‍ യുവ്‌രാജിന്റെ മെല്ലപ്പോക്കാണ് കളി തോല്പിച്ചതെന്ന അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ യുവ്‌രാജ് കീറിമുറിക്കപ്പെട്ടു. ഒടുവില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ യുവ്‌രാജിന്റെ രക്ഷയ്‌ക്കെത്തിയതോടെയാണ് ആരാധകര്‍ ശാന്തരായത്. യുവ്‌രാജിനെ നിങ്ങള്‍ വിമര്‍ശിച്ചോളൂ, എന്നാല്‍ ക്രൂശിക്കരുതെന്ന സച്ചിന്റെ അഭ്യര്‍ത്ഥന ആരാധകര്‍ മാനിക്കുകയായിരുന്നു. 2017 വരെ ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട യുവ്‌രാജ് എന്നാല്‍ പിന്നീടങ്ങോട്ട് സെലക്ടര്‍മാരുടെ പരിഗണനയില്‍ വന്നില്ല. തുടര്‍ന്ന് 2019 ജൂണ്‍ പത്തിന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി യുവ്‌രാജ് പ്രഖ്യാപിച്ചു. ഐ പി എല്ലില്‍ പലപ്പോഴും വന്‍തുകയുടെ കരാറുകള്‍ ലഭിച്ചെങ്കിലും അസാധാരണമായി ഒന്നും ചെയ്യാന്‍ യുവ്‌രാജിന് കഴിഞ്ഞിരുന്നില്ല.

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവ്‌രാജ് സിംഗ്. അസാധാരണ ബാറ്റിംഗ് പ്രതിഭ. ഫോമിലുള്ളപ്പോള്‍ സ്വന്തം ഇഷ്ടാനുസരണം സിക്‌സും ഫോറുമടിക്കാന്‍ അനായാസം കഴിഞ്ഞ താരം. ഒപ്പം ബൗളറായും ഫീല്‍ഡറായും തിളങ്ങി. ഒരു ദശകത്തിലധികം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രസരിപ്പുള്ള മുഖങ്ങളിലൊന്നായിരുന്നു അയാള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണ കാലഘട്ടത്തിലെ പ്രതിനിധി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അയാള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന കിരീടങ്ങള്‍ എക്കാലവും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments