Saturday, February 21, 2026
Google search engine
HomeSportLegendsകലാകാരനായ ആന്ദ്രേ പിര്‍ലോ

കലാകാരനായ ആന്ദ്രേ പിര്‍ലോ

കെ.ശ്രീജിത്ത്

ഫുട്‌ബോളില്‍ മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷനെക്കുറിച്ചള്ള ധാരണകളെയെല്ലാം മാറ്റിയെഴുതിയ കളിക്കാരനായിരുന്നു ആന്ദ്രേ പിര്‍ലോ. ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച, ഈ മനോഹരമായ കളിയെ കൂടുതല്‍ മനോഹരമാക്കിയ കലാകാരനായിരുന്നു പിര്‍ലോ. ഫുട്‌ബോളിന്റെ സൗന്ദര്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്ന ചെമ്പന്‍മുടിക്കാരന്‍. കളിയുടെ ഗതി നിര്‍ണയിക്കാന്‍ അസാധാരണ കഴിവുള്ള കളിക്കാരന്‍. പന്തിനുമേല്‍ അസാധാരണ നിയന്ത്രണമുള്ള, കളിയെ ഒരു ഓര്‍ക്കസ്ട്ര പോലെ നിയന്ത്രിക്കാന്‍ കഴിവുള്ള പിര്‍ലോ ഇറ്റലിക്ക് ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിക്കൊടുത്തു. തനിക്ക് മനസില്‍ തോന്നുന്നതെല്ലാം കാലുകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന പിര്‍ലോ എല്ലാ അര്‍ത്ഥത്തിലും ഒരു ജീനിയസ് ആയിരുന്നു. അതുകൊണ്ടാണ് ഇറ്റാലിയന്‍ ടീമിലെ സഹകളിക്കാര്‍ അയാള്‍ക്ക് ‘ദി ആര്‍ക്കിടെക്ട്’ എന്ന വിളിപ്പേര് നല്‍കിയത്. ആ പേരിനെ അന്വര്‍ത്ഥമാക്കും വിധം ഫുട്‌ബോള്‍ മൈതാനത്ത് അയാളൊരു ശില്പി ആയി മാറി. ഏറ്റവും മികച്ച കളി മെനഞ്ഞെടുക്കുന്ന ശില്പി. മിഡ്ഫീല്‍ഡിലെ ഏത് പൊസിഷനിലും കളിക്കാന്‍ പിര്‍ലോയ്ക്ക് കഴിയുമായിരുന്നു. എന്നാല്‍ അയാള്‍ മിക്കപ്പോഴും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ് നിയോഗിക്കപ്പെട്ടത്. കളിയെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാടും പാസിംഗിലെ കൃത്യതയും പ്ലേമേക്കിംഗില്‍ മികച്ചുനില്‍ക്കാന്‍ പിര്‍ലോയെ സഹായിച്ചു. സാങ്കേതികമായും ക്രിയാത്മകമായും അയാള്‍ എപ്പോഴും മികച്ചുനിന്നു.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയാണ് പിര്‍ലോ തന്റെ കരിയര്‍ തുടങ്ങിയത്. ഇടയ്‌ക്കൊക്കെ സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറായും അയാള്‍ കളിച്ചു. എന്നാല്‍ കളത്തിലെ വേഗതക്കുറവ് ചിലപ്പോഴെങ്കിലും അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പിര്‍ലോയുടെ ഈ ദൗര്‍ബല്യത്തെ അയാളുടെ ശക്തിയാക്കി മാറ്റിയത് ആന്‍സെലോട്ടി ഉള്‍പ്പടെയുള്ള പരിശീലകരാണ്. അയാളുടെ വേഗതക്കുറവിന് മിഡ്ഫീല്‍ഡില്‍ നിന്ന് കുറിച്ചറങ്ങിയുള്ള പ്ലേമേക്കിംഗ് പൊസിഷനാണ് ചേര്‍ന്നതെന്ന് പരിശീലകര്‍ തിരിച്ചറിയുകയും അയാളെ ആ പൊസിഷനില്‍ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. ആ പൊസിഷനില്‍ കളിക്കുമ്പോള്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയം പിര്‍ലോയ്ക്ക് ലഭിച്ചു. അങ്ങനെ കൂടുതല്‍ ലഭിച്ച സമയം അയാള്‍ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്തു. മിഡ്ഫീല്‍ഡ് ലൈനില്‍ നിന്നും പിന്നിലായി ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്ന് തോന്നിക്കുംവിധമുള്ള പൊസിഷനിലാണ് അയാള്‍ കളിച്ചത്. പിര്‍ലോയുടെ ശൈലിക്ക് ഏറ്റവും പറ്റിയ പൊസിഷന്‍ അതായിരുന്നു. അതുകൊണ്ടുതന്നെ പന്ത് കാലില്‍ വെച്ച് കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുകയും തന്റെ ട്രേഡ്മാര്‍ക്കായ ലോങ് ബോളുകളിലൂടെ അയാള്‍ എതിര്‍ ഗോള്‍മുഖത്ത് നാശം വിതയ്ക്കുകയും ചെയ്തു. മാധ്യമങ്ങള്‍ പലപ്പോഴും ഈ പൊസിഷനെ ‘പിര്‍ലോ റോള്‍’ എന്ന് വിളിച്ചു. അയാള്‍ തന്റെ അസാമാന്യ കഴിവുകള്‍ കൊണ്ട് അത്രമാത്രം ആ പൊസിഷനെ പ്രശസ്തമാക്കിയിരുന്നു. വേണ്ടത്ര വേഗതയോ കായികക്ഷമതയോ പ്രതിരോധിക്കാനുള്ള കഴിവോ ടാക്ലിംഗ് മിടുക്കോ ആന്ദ്രേ പിര്‍ലോയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു പന്തിനുമേലുള്ള അയാളുടെ ടച്ച്, സാങ്കേതികത്തികവ്, നിയന്ത്രണം, കളിയിലെ സൗന്ദര്യം, ഡ്രിബ്ലിംഗ് മികവ് തുടങ്ങിയവയെല്ലാം. എതിര്‍ കളിക്കാരെ മറികടക്കുന്നതിലെ മിടുക്കും ക്രിയാത്മകതയും പിര്‍ലോയ്ക്ക് വേണ്ടുവോളമുണ്ടായിരുന്നു. എതിരാളികളില്‍ നിന്ന് പന്ത് പിടിച്ചെടുക്കുന്നതിലും സഹകളിക്കാര്‍ക്ക് പാസ് നല്‍കുന്നതിലും സ്വയം പാസ് സ്വീകരിക്കുന്നതിലുമെല്ലാം പിര്‍ലോ പ്രത്യേക വിരുത് കാണിച്ചു. മിഡ്ഫീല്‍ഡില്‍ എവിടെയെല്ലാം പന്ത് എത്തുമെന്ന് കൃത്യമായി കണക്കുകൂട്ടി അവിടെയെല്ലാം ഓടിയെത്തി എതിരാളികളുടെ നീക്കങ്ങളെ അയാള്‍ പൊളിച്ചു.

ഒരു പ്ലേമേയ്ക്കറെന്ന നിലയില്‍ കളിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അയാളുടെ അറിവ്, ദീര്‍ഘവീക്ഷണം, ഫുട്‌ബോള്‍ ബുദ്ധി, ക്രിയാത്മക നീക്കങ്ങള്‍ എല്ലാം വേറിട്ടതായിരുന്നു. മൈതാനത്ത് പല ഭാഗങ്ങളിലുള്ള സഹകളിക്കാര്‍ക്ക് അയാള്‍ നിരന്തരം പന്തെത്തിച്ചുകൊടുത്തു. എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും പന്ത് അയാള്‍ എതിരാളികള്‍ക്ക് വിട്ടുകൊടുത്തില്ല. കൃത്യവും കുറിയതുമായ പാസുകളായിരുന്നു അയാള്‍ സഹകളിക്കാര്‍ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ മറ്റ് കളിക്കാര്‍ക്ക് ആ പാസുകള്‍ എളുപ്പം പിടിച്ചെടുക്കാനും മുന്നോട്ടുകുതിക്കാനും കഴിഞ്ഞു. ലോങ് പാസുകള്‍ നല്‍കുന്നതില്‍ ഏറെ പേരുകേട്ട കളിക്കാരനായിരുന്നു പിര്‍ലോ. അത് ഏത് കാലുകൊണ്ടും അയാള്‍ നല്‍കും. മൈതാനത്തിലൂടെയും വായുവിലൂടെയും നല്‍കും. പൊതുവെ അയാള്‍ക്ക് പ്രിയം വലംകാലായിരുന്നു. എന്നാല്‍ ആവശ്യം വരുമ്പോഴൊക്കെ അയാള്‍ ഇടതുകാലും സമര്‍ത്ഥമായി ഉപയോഗിച്ചു. ഫുട്‌ബോളില്‍ ഏറ്റവും കൃത്യതയാര്‍ന്ന പാസുകള്‍ നല്‍കിയ താരമായാണ് പിര്‍ലോ അറിയപ്പെടുന്നത്. എത്ര ദൂരത്തുനിന്നും അയാള്‍ മികച്ച ഷോട്ടുകളുതിര്‍ത്തു. ഇതിലൂടെ ടീമിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ഒപ്പം ഗോളടിക്കാനും ഗോളടിപ്പിക്കാനും പിര്‍ലോയ്ക്ക് കഴിഞ്ഞു. പെനാല്‍റ്റി കിക്കെടുക്കുന്നതിലും ഫ്രീകിക്ക് എടുക്കുന്നതിലും പ്രത്യേക മിടുക്കുണ്ടായിരുന്നു പിര്‍ലോയ്ക്ക്. ഇക്കാര്യത്തില്‍ അയാളൊരു വിദഗ്ധനായിരുന്നു. കരിയറിലുടനീളം ഫ്രീകിക്കെടുക്കുന്നതില്‍ ലോകത്തിലെത്തന്നെ ഏറ്റവും മികച്ച കളിക്കാരനായിട്ടാണ് പിര്‍ലോ അറിയപ്പെട്ടിരുന്നത്. ഗോള്‍ പോസ്റ്റില്‍ നിന്ന് അധികം ദൂരെനിന്നല്ലാത്ത പൊസിഷനുകളില്‍ നിന്ന് ഗോളിലേയ്ക്ക് വായുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കിക്കുകളെടുക്കുന്നതിലും പിര്‍ലോയ്ക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു. പരിലീസന സെഷനുകളില്‍ റോബര്‍ട്ടോ ബാജിയോ അത്തരം കിക്കുകളെടുക്കുന്നത് കണ്ടുപഠിച്ചതായിരുന്നു അയാള്‍. ലോങ് റേഞ്ച് ഫ്രീകിക്കുകളില്‍ നിന്ന് അയാള്‍ പലപ്പോഴും ഗോളടിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ കളിക്കാരനാണ് ആന്ദ്രേ പിര്‍ലോ.

വളരെ ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ കളിയില്‍ ആകൃഷ്ടനായ പിര്‍ലോ ബ്രെസിയയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. പിന്നീട് പതിനാറാമത്തെ വയസില്‍ പിര്‍ലോ ബ്രെസിയയുടെ സീനിയര്‍ ടീമില്‍ കളിച്ചു. 1994 മുതല്‍ 2002 വരെ അയാള്‍ ഇറ്റലിയുടെ അണ്ടര്‍-15, അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-18, അണ്ടര്‍-21 ടീമുകളില്‍ കളിച്ചു. 2000ല്‍ അണ്ടര്‍-21 യൂറോ കപ്പില്‍ ഇറ്റലി ചാമ്പ്യന്‍മാരായപ്പോള്‍ ടീമിനെ നയിച്ചത് പിര്‍ലോ ആയിരുന്നു. അന്ന് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ടോപ് സ്‌കോററും അയാളായിരുന്നു. മൂന്ന് ഗോളായിരുന്നു പിര്‍ലോ നേടിയത്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് ഇറ്റലി തോല്പിച്ചപ്പോള്‍ ആ രണ്ട് ഗോളും പിര്‍ലോയുടെ വകയായിരുന്നു. 2001ല്‍ എ.സി മിലാനില്‍ ചേര്‍ന്നതാണ് പിര്‍ലോയുടെ കളിജീവിതത്തില്‍ വഴിത്തിരവായത്. അവിടെ ഇതിഹാസ കോച്ച് കാര്‍ലോ ആന്‍സെലോട്ടിക്ക് കീഴില്‍ അയാള്‍ തന്റെ പ്രതിഭ തേച്ചുമിനുക്കിയെടുത്തു. 2002ല്‍ പിര്‍ലോ ഇറ്റലിയുടെ സീനിയര്‍ ടീമില്‍ അരങ്ങേറി. 2004 യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ അസര്‍ബൈജാനെതിരെയായിരുന്നു അത്. ടുണീഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് പിര്‍ലോ ഇറ്റലിയുടെ സീനിയര്‍ ടീമിനുവേണ്ടി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടുന്നത്. അതുമൊരു ഫ്രീകിക്കിലൂടെ.

2004ലെ യൂറോ കപ്പായിരുന്നു പിര്‍ലോയുടെ കളിജീവിത്തില്‍ ഇറ്റലിക്കുവേണ്ടിയുള്ള ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ്. ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ പിര്‍ലോ ഇറങ്ങി. എന്നാല്‍ ഇറ്റലി ആദ്യ റൗണ്ടില്‍ത്തന്നെ യൂറോ കപ്പില്‍ നിന്ന് പുറത്തായി. 2006 ലോകകപ്പില്‍ ഇറ്റലിയുടെ ആദ്യ ഇലവനിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു ആന്ദ്രേ പിര്‍ലോ. നേരത്തെ, ഇറ്റലി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടുന്നതില്‍ നിര്‍ണായകമായ സ്‌കോട്‌ലന്റിനെതിരായ മത്സരത്തില്‍ പിര്‍ലോ രണ്ട് ഗോള്‍ നേടി. രണ്ടും ഫ്രീകിക്കില്‍ നിന്നായിരുന്നു. ആ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇറ്റലി സ്‌കോട്‌ലന്റിനെ മറികടന്നത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറ്റലി ഘാനയെ 2-0ന് തോല്പിച്ചപ്പോള്‍ ആദ്യ ഗോള്‍ നേടിയത് പിര്‍ലോ ആയിരുന്നു. രണ്ടാമത്തെ ഗോളിന് അസിസ്റ്റ് ഒരുക്കിയതും അയാളായിരുന്നു. മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി പിര്‍ലോ തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ മാര്‍ക്കോ മറ്റരാസി ഇറ്റലിയുടെ സമനില ഗോള്‍ നേടിയത് ഒരു കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു. ആ കോര്‍ണര്‍ കിക്കെടുത്തത് പിര്‍ലോ ആയിരുന്നു. ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയപ്പോള്‍ ഇറ്റലിയുടെ ആദ്യ കിക്കെടുത്തത് പിര്‍ലോ ആയിരുന്നു. അയാള്‍ ആ കിക്ക് ഗോളാക്കി ഇറ്റലിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫൈനലിലെ പ്ലേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് പിര്‍ലോ ആയിരുന്നു. ലോകകപ്പില്‍ ഇറ്റലി കളിച്ച മുഴുവന്‍ മത്സരങ്ങളിലും ഇറങ്ങിയ പിര്‍ലോ മൊത്തം 668 മിനിറ്റാണ് കളിച്ചത്. മിഡ്ഫീല്‍ഡില്‍ ഗട്ടൂസോയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ പിര്‍ലോ 475 പാസുകളാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. ടൂര്‍ണമെന്റില്‍ മൂന്ന് തവണ അയാള്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച മൂന്നാമത്തെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട പിര്‍ലോ ബ്രൗണ്‍സ് ബോള്‍ കരസ്ഥമാക്കി.

പിന്നീട് 2008, 2012 യൂറോ കപ്പുകളിലും 2014 ലോകകപ്പുകളിലും അയാള്‍ കളിച്ചു. ഇതില്‍ 2012 യൂറോ കപ്പില്‍ ഇറ്റലി ഫൈനലിലെത്തിയപ്പോള്‍ അതില്‍ പിര്‍ലോയുടെ നിര്‍ണായക സംഭാവനയുണ്ടായിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടിയ പിര്‍ലോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രസിദ്ധമായ പനേങ്ക കിക്കിലൂടെ ഗോള്‍ നേടി. മത്സരം ഇറ്റലി ജയിച്ചു. ഫൈനലില്‍ ഇറ്റലി സ്‌പെയിനിനോട് തോറ്റത് പിര്‍ലോയ്ക്ക് വലിയ നിരാശയായി. എങ്കിലും അയാള്‍ തല ഉയര്‍ത്തിത്തന്നെയാണ് ടൂര്‍ണമെന്റ് വിട്ടത്. മൂന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് ടൂര്‍ണമെന്റില്‍ അയാള്‍ നേടിയത്. 2013 കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇറ്റലി സെമിഫൈനലിലെത്തിയതിന് പിന്നിലും പിര്‍ലോയുടെ കഠിനാദ്ധ്വാനമുണ്ടായിരുന്നു. സെമിയില്‍ ഒരിക്കല്‍ കൂടി സ്‌പെയിനിനോടാണ് ഇറ്റലി തോറ്റത്. ആതും പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ഷൂട്ടൗട്ടില്‍ പിര്‍ലോയെടുത്ത കിക്ക് ഗോളായെങ്കിലും ടീമിന് ജയിക്കാനായില്ല. 2014 ലോകകപ്പിലും ഇറ്റലിക്കുവേണ്ടി പിര്‍ലോ കളിച്ചെങ്കിലും ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ലോകകപ്പിന് ശേഷം പിര്‍ലോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും 2016 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇറ്റാലിയന്‍ ടീമിലേയ്ക്ക് അയാള്‍ തിരിച്ചെത്തി. തുടര്‍ന്ന് നാല് മത്സരങ്ങള്‍ കളിക്കുകയും ഇറ്റലിക്ക് യൂറോ കപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ യൂറോ കപ്പിനുള്ള ഇറ്റാലിയന്‍ ടീമില്‍ പിര്‍ലോ ഉള്‍പ്പെട്ടില്ല. അതോടെ അയാളുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചു. ഇറ്റലിക്കുവേണ്ടി 116 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ആന്ദ്രേ പിര്‍ലോ 13 ഗോളാണ് സ്‌കോര്‍ ചെയ്തത്. ഇന്റര്‍ മിലാന്‍, എ.സി മിലാന്‍, യുവന്റസ് തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയ പിര്‍ലോ ക്ലബ് തലത്തില്‍ മൊത്തം 570 മത്സരങ്ങളില്‍ നിന്ന് 61 ഗോളാണ് നേടിയത്. രണ്ട് തവണ ഇറ്റാലിയന്‍ സീരി എ കിരീടം, രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് യുവേഫ സൂപ്പര്‍ ലീഗ് കപ്പുകള്‍, ഒരു തവണ ഫിഫ ക്ലബ് ലോകകപ്പ്, ഓരോ തവണ വീതം കോപ്പ ഇറ്റാലിയ, സൂപ്പര്‍കോപ്പ ഇറ്റാലിയാന എന്നിവ നേടിയ താരമാണ് ആന്ദ്രേ പിര്‍ലോ. കളിക്കാരനെന്ന നിലയില്‍ വിരമിച്ച ശേഷം പരിശീലകനായി പിര്‍ലോ ഫുട്‌ബോളില്‍ തുടരുന്നു.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരുടെ പട്ടികയില്‍ നിന്ന് ആന്ദ്രേ പിര്‍ലോയെ ഒഴിച്ചുനിര്‍ത്തുക അസാധ്യമാണ്. സുന്ദരമായ ഈ കളിയെ അതിസുന്ദരമായി മാറ്റുന്നതില്‍ പിര്‍ലോയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ് എന്നതുതന്നെ കാരണം. മിഡ്ഫീല്‍ഡിലെ അയാളുടെ നീക്കങ്ങള്‍, കളി മെനഞ്ഞെടുക്കുന്നതിലെ അയാളുടെ മിടുക്ക്, അതിമനോഹരമായ അയാളുടെ ആക്രമണങ്ങള്‍, അയാളെടുത്ത അസാധാരണമായ ഫ്രീകിക്കുകള്‍ തുടങ്ങിയവയെല്ലാം ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു. ആ മനോഹരമായ ഓര്‍മകള്‍ എക്കാലവും അവരുടെ ഹൃദയങ്ങളില്‍ അയാള്‍ക്കൊരു സ്ഥാനം നല്‍കുന്നു. അനിഷേധ്യമായ സ്ഥാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments