കെ.ശ്രീജിത്ത്
അത്ഭുതകരമായിരുന്നു ആ വരവ്. യൂറോപ്പിനെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്, ഫുട്‌ബോള്‍ പണ്ഡിതന്‍മാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പടയോട്ടം. അതിന് മുമ്പ് നടന്ന 11 യൂറോ കപ്പുകളില്‍ വെറും ഒരെണ്ണത്തില്‍ മാത്രം കളിക്കാന്‍ യോഗ്യത നേടിയ ടീം. അതുവരെ നടന്ന ലോകകപ്പുകളില്‍ ഒരേയൊരു ലോകകപ്പില്‍ മാത്രം കളിക്കാന്‍ യോഗ്യത നേടിയ ടീം. ആ ടീമാണ് 2004 യൂറോ കപ്പില്‍ ചാമ്പ്യന്‍മാരായത്. ഗ്രീസ് ആയിരുന്നു ആ ടീം.
1980ലെ യൂറോ കപ്പിലും 1994ലെ ലോകകപ്പിലും മാത്രമായിരുന്നു ഗ്രീസ് അന്നേവരെ കളിക്കാന്‍ യോഗ്യത നേടിയിരുന്നത്. ആ രണ്ട് ടൂര്‍ണമെന്റുകളിലെ ആറ് കളികളിലായി ഒരൊറ്റ പോയിന്റായിരുന്നു അന്നേവരെയുള്ള അവരുടെ സമ്പാദ്യം. 1980 യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പശ്ചിമ ജര്‍മനിയോട് നേടിയ സമനിലയില്‍ നിന്നും കിട്ടിയ ഒരു പോയിന്റ്. അന്നാകട്ടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ തോല്‍വി ഒഴിവാക്കുക എന്ന ബാധ്യത മാത്രമുണ്ടായിരുന്ന പശ്ചിമ ജര്‍മനി മികച്ച കളിക്കാര്‍ക്ക് വിശ്രമം നല്‍കി പകരക്കാരായ കളിക്കാരെ ഇറക്കിയായിരുന്നു ഗ്രീസിനെ നേരിട്ടത്.
ആ ഗ്രീസ് 2004 യൂറോയ്ക്ക് യോഗ്യത നേടി കളിക്കാനെത്തിയപ്പോള്‍ ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അതും ആദ്യ കളി ഇതിഹാസ താരമായ ലൂയി ഫിഗോ നയിക്കുന്ന, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ള ശക്തരായ പോര്‍ച്ചുഗലിനൊപ്പം. ഒരു മത്സരം പോലും ആരും പ്രതീക്ഷിച്ചില്ല. അവിടെനിന്നാണ് ഗ്രീസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തോല്പിച്ചത്. അന്ന് പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. അതും കളിയുടെ അവസാന നിമിഷങ്ങളില്‍… 93-ാമത്തെ മിനിറ്റില്‍…
രണ്ടാമത്തെ മത്സരത്തില്‍ സ്‌പെയിനായിരുന്നു ഗ്രീസിന്റെ എതിരാളികള്‍. കളിയുടെ ഇരുപത്തെട്ടാമത്തെ മിനിറ്റില്‍ ഫെര്‍ണാണ്ടോ മോറിയന്റസിന്റെ ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തിയപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. എന്നാല്‍ 66-ാമത്തെ മിനിറ്റില്‍ കരിസ്റ്റീയസിലൂടെ ഗ്രീസ് ഗോള്‍ മടക്കിയപ്പോള്‍ സകലരും ഞെട്ടി. അടുത്ത മത്സരത്തില്‍ റഷ്യ രണ്ടാമത്തെ മിനിറ്റില്‍ തന്നെ കിരിചെങ്കോയിലൂടെ മുന്നിലെത്തി. പതിനേഴാമത്തെ മിനിറ്റില്‍ ബുളികിന്‍ ലീഡ് രണ്ടായി ഉയര്‍ത്തിയതോടെ ഗ്രീസ് ശരിക്കും വിയര്‍ത്തു. എന്നാല്‍ 43-ാം മിനിറ്റില്‍ ഗ്രീസ് ഒരെണ്ണം മടക്കി. വ്രൈസാസ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാല്‍ പിന്നീട് ഒരെണ്ണം കൂടി അടിച്ച് കളി സമനിലയിലെത്തിക്കാന്‍ ഗ്രീസ് ആവുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. പോര്‍ച്ചുഗലിനെതിരായ ജയവും സ്‌പെയിനിനെതിരായ സമനിലയും നേടിയിരുന്ന ഗ്രീസ് ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് പിറകില്‍ രണ്ടാമതെത്തി. ഗ്രീസിനും സ്‌പെയിനിനും നാല് പോയിന്റ് വീതമായിരുന്നെങ്കിലും നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ ഗ്രീസ് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് മുന്നേറി.
ഫ്രാന്‍സായിരുന്നു ക്വാര്‍ട്ടറില്‍ ഗ്രീസിന്റെ എതിരാളികള്‍. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിക്കുകയും അവസരങ്ങള്‍ ഇരുകൂട്ടര്‍ക്കും ലഭിക്കുകയും ചെയ്‌തെങ്കിലും ആര്‍ക്കും മുതലാക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ 65-ാം മിനിറ്റില്‍ കരിസ്റ്റീയസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഗ്രീസിനെ മുന്നിലെത്തിച്ചു. സിനദിന്‍ സിദാനും റോബര്‍ട്ട് പിറേസും തിയറി ഓന്റിയും അടക്കമുള്ള ഫ്രാന്‍സിന്റെ സൂപ്പര്‍താരങ്ങള്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഗ്രീസ് എല്ലാത്തിനെയും ചെറുത്തു. ഒടുവില്‍ ചരിത്രജയം നേടി ഗ്രീസ് സെമിഫൈനലിലേയ്ക്ക്.
സെമിഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് ആയിരുന്നു ഗ്രീസിന് മുമ്പില്‍. മുഴുവന്‍സമയ കളിയില്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ച് ചെക്ക് റിപ്പബ്ലിക്ക് മേധാവിത്തം നേടിയെങ്കിലും ഗോളടിക്കാന്‍ വിടാതെ ഗ്രീസ് അവരെ തടഞ്ഞുനിര്‍ത്തി. എക്‌സ്ട്രാ ടൈമിലും പോരാട്ടം കടുത്തു. ഒടുവില്‍ 105-ാം മിനിറ്റില്‍ കളിയിലെ ആ ഗോള്‍ വന്നു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ഡെല്ലാസ് നേടിയ ഗോള്‍ ഗ്രീസിനെ ഫൈനലിലെത്തിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തങ്ങള്‍ തോല്പിച്ച പോര്‍ച്ചുഗലായിരുന്നു ഫൈനലിലെ ഗ്രീസിന്റെ എതിരാളികള്‍. ആദ്യ റൗണ്ടിലേറ്റ അപമാനത്തിന് പകരം ചോദിക്കാനൊരുങ്ങിയായിരുന്നു ലൂയി ഫിഗോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും എത്തിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ടൂര്‍ണമെന്റിലൂടെ താരമായി മാറിയ കരിസ്റ്റീയസ് 57-ാം മിനിറ്റില്‍ ഗ്രീസിനെ മുന്നിലെത്തിച്ചു. അതും ഒന്നാംതരം ഒരു ഹെഡ്ഡറിലൂടെ. മുന്‍ കളികളിലേതുപോലെ ആ ഗോളും ഒരു കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു പിറന്നത്. തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒന്നിലധികം മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല. പലപ്പോഴും ഗ്രീക്ക് ഗോളി പോര്‍ച്ചുഗലിന് മുന്നില്‍ വില്ലനായി. ഒടുവില്‍ ആ ചരിത്രനിമിഷമെത്തി. യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരായി ഗ്രീസ് വാഴിക്കപ്പെട്ടു. ഗ്രീക്ക് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നേട്ടം.



