കെ.ശ്രീജിത്ത്
ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ ആറുവയസുകാരന്‍ പയ്യന്‍ കാണുന്നത് അമ്മ ഇരുന്ന് കരയുന്നതാണ്. സ്‌കൂള്‍ വിട്ടുവരുന്ന അവന് കൊടുക്കാന്‍ അവിടെ പാലോ റൊട്ടിയോ ഇല്ല എന്നതാണ് പ്രശ്‌നം. അന്ന് അവന്‍ അമ്മയോട് പറഞ്ഞു. ഈ പട്ടിണിയെല്ലാം മാറുന്ന ഒരു ദിവസം വരും. അമ്മ നോക്കിക്കോളൂ. ഞാന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കും. നമ്മുടെ കൈവശവും പണമുണ്ടാകും. അവന്‍ അമ്മയ്ക്ക് വാക്ക് കൊടുത്തു. എന്നിട്ടവന്‍ അച്ഛനോട് ചോദിച്ചു – ഒരാള്‍ക്ക് ഏത് പ്രായം മുതലാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനാവുക. 16 എന്നായിരുന്നു അച്ഛന്റെ മറുപടി. ഇതുകേട്ട അവന്‍ അമ്മയോട് പറഞ്ഞു – അപ്പോ എനിക്ക് 16 വയസാകുമ്പോ നമ്മുടെ ദാരിദ്ര്യമെല്ലാം തീരും. ഇതുകേട്ട് അമ്മ അവനെ കെട്ടിപ്പിടിച്ചു.
അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ച ആ പയ്യന്‍ പതിനാറാമത്തെ വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ആന്‍ഡര്‍ലെഷ്റ്റിനുവേണ്ടി അരങ്ങേറി. കൃത്യമായി പറഞ്ഞാല്‍ 16 വയസും 11 ദിവസവും പ്രായമുള്ളപ്പോള്‍. പതിനാറാമത്തെ പിറന്നാള്‍ ദിനത്തില്‍ തന്നെ ക്ലബുമായി പ്രൊഫഷണല്‍ കരാര്‍ ഒപ്പുവെച്ചെങ്കിലും ആദ്യമത്സരം കളിക്കാന്‍ പിന്നെയും 11 ദിവസം കൂടിയെടുത്തു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി തമാശയായി അവന്‍ പറഞ്ഞു – അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ 11 ദിവസം വൈകി!.
ആ പയ്യന്‍ പിന്നീട് ലോക ഫുട്‌ബോളിലെ വിഖ്യാത ക്ലബുകളായ ചെല്‍സി, എവര്‍ട്ടന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍മിലാന്‍, വെസ്റ്റ് ബ്രോംവിച്ച്, റോമ എന്നിവയ്‌ക്കെല്ലാം വേണ്ടി കളിച്ചു. ബെല്‍ജിയം ദേശീയ ടീമിനുവേണ്ടി 2010ല്‍ അരങ്ങേറിയ അവന്‍ ഇതുവരെയായി 114 മത്സരങ്ങളില്‍ നിന്ന് 83 ഗോള്‍ നേടി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഗോളടിവീരനായി.
അവന്റെ പേരാണ് റൊമേലു ലുക്കാക്കു.
1993 മെയ് 13ന് ബെല്‍ജിയത്തിലെ ആന്റ് വേര്‍പ്പിലാണ് റൊമേലു ലുക്കാക്കുവിന്റെ ജനനം. കോംഗോക്കാരായിരുന്നു അച്ഛനും അമ്മയും. പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അച്ഛന്‍ റോജര്‍ ലുക്കാക്കു കോംഗോ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.
ലുക്കാക്കു സ്‌കൂളില്‍ പോയിത്തുടങ്ങുന്ന കാലത്ത് അച്ഛനായ റോജര്‍ അയാളുടെ ഫുട്‌ബോള്‍ കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി ആ കുടുംബത്തെ ചൂഴ്ന്നു തുടങ്ങിയിരുന്നു. ആ ദിവസങ്ങളെക്കുറിച്ച് ലുക്കാക്കു ഇങ്ങനെ ഓര്‍ത്തെടുക്കുന്നുണ്ട്. വാടക കൊടുക്കാനില്ലാത്തതിനാല്‍ ആദ്യം ഇല്ലാതായത് കേബിള്‍ ടി വിയാണ്. അതോടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടു. കറന്റ് ബില്‍ അടയ്ക്കാത്തതുകാരണം രാത്രി വീട്ടില്‍ വെളിച്ചമില്ലാതായി. തുടര്‍ച്ചയായി രണ്ടും മൂന്നും ആഴ്ച ഈ അവസ്ഥ തുടര്‍ന്നു. കുളിക്കാനുള്ള ചൂടുവെള്ളമില്ല. അമ്മ കെറ്റിലില്‍ ചൂടാക്കിത്തരുന്ന വെള്ളം കപ്പ് കൊണ്ട് തലയിലൊഴിച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ കണ്ടിരുന്നത് പാലില്‍ വെള്ളം ചേര്‍ക്കുന്ന അമ്മയെയാണ്. പലപ്പോഴും അമ്മ തെരുവിന്റെ അറ്റത്തുള്ള ബേക്കറിയില്‍ നിന്ന് റൊട്ടി കടമായി വാങ്ങിക്കൊണ്ടുവന്നു. ബേക്കറിക്കാര്‍ക്ക് എന്നെയും എന്റെ ഇളയ സഹോദരനേയും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളില്‍ അവര്‍ അമ്മയ്ക്ക് റൊട്ടി കടമായിക്കൊടുത്തു. വെള്ളിയാഴ്ചകളില്‍ പണം കൊടുക്കണമെന്ന വ്യവസ്ഥയിന്മേല്‍.
അമ്മ പാലില്‍ വെള്ളം ചേര്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഒന്നും മിണ്ടാറില്ല. കാരണം അമ്മയെ വേദനിപ്പിക്കരുതെന്ന് ഞാന്‍ കരുതി. നിശബ്ദനായി ഞാന്‍ എനിക്ക് കിട്ടിയ ഭക്ഷണം കഴിച്ചു. ഒരു കാര്യം ഞാന്‍ മനസിലാക്കിയിരുന്നു. ഞങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഞാന്‍ ദൈവത്തോടും എന്നോട് തന്നെയും ഒരു ശപഥമെടുത്തു. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്റെ അമ്മ ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് എനിക്ക് കാണാനാകില്ലായിരുന്നു.

പട്ടിണിയോടുള്ള പക മുഴുവന്‍ ലുക്കാക്കു കാണിച്ചത് തുകല്‍ പന്തിലായിരുന്നു.. കുട്ടിയായിരുന്ന അവന്‍ തന്റെ ഓരോ ഷോട്ടിലും തുകല്‍ പന്ത് പൊട്ടിത്തെറിക്കണമെന്ന് ആഗ്രഹിച്ചു. അത്രയ്ക്ക് ശക്തിയോടെ ഓരോ ഷോട്ടും പായിച്ചു. ഉയരം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ലുക്കാക്കുവിന്റെ പ്രായത്തെ സംശയിച്ചു. എന്താണ് നിന്റെ പ്രായം… ഏത് വര്‍ഷമാണ് നീ ജനിച്ചതെന്ന് പലയാവര്‍ത്തി പലരും സംശയത്തോടെ ചോദിച്ചു. ലുക്കാക്കു എല്ലാ അപമാനവും സഹിച്ചു. അപമാനത്തിന്റെ ആ തീ ഉള്ളില്‍ കെടാതെ നിര്‍ത്തി. ആ അപമാനങ്ങളെ അയാള്‍ മൂലധനമാക്കി മാറ്റി. എല്ലാവര്‍ക്കുമുള്ള മറുപടി ഫുട്‌ബോളിലൂടെ നല്‍കി. പതിനൊന്നാം വയസില്‍ മൈതാനത്തുവെച്ച് എതിര്‍ടീമില്‍ കളിക്കുന്ന പയ്യന്റെ അച്ഛന്‍ ചോദിച്ചു ഈ പയ്യന്‍ ആരാണ്? എന്താണ് അവന്റെ പ്രായം? ഇവന്‍ എവിടുന്ന് വരുന്നു?
ലുക്കാക്കു സ്വയം ചോദിച്ചു: ഞാന്‍ എവിടെനിന്ന് വരുന്നു?
അന്ന് ആ ചോദ്യം ചോദിച്ച രക്ഷിതാവിനോടും ലോകത്തോട് തന്നെയുമുള്ള ലുക്കാക്കുവിന്റെ ഉത്തരം ഇതായിരുന്നു – ഞാന്‍ ജനിച്ചത് ആന്റിവേര്‍പ്പിലാണ്… ഞാന്‍ ബെല്‍ജിയംകാരനാണ്…
ആ രക്ഷിതാവ് വെറും പതിനൊന്ന് വയസ് മാത്രം പ്രായമുള്ള ലുക്കാക്കുവിനോട് ആ ചോദ്യം ചോദിക്കുമ്പോള്‍ അച്ഛന്‍ ലുക്കാക്കുവിന്റെ കൂടെ ഉണ്ടായിരുന്നില്ല. സ്വന്തമായി കാര്‍ ഇല്ലാത്തതിനാല്‍ ദൂരെയുള്ള മത്സരങ്ങള്‍ക്ക് ലുക്കാക്കുവിനൊപ്പം അച്ഛന്‍ പോയിരുന്നില്ല. എല്ലാവരോടും ലുക്കാക്കു ഒറ്റയ്ക്ക് തന്നെ മറുപടി പറഞ്ഞു. സ്വന്തം ബാഗില്‍ നിന്ന് ഐഡന്റിറ്റി കാര്‍ഡ് എടുത്ത് സംശയമുള്ള എല്ലാവരെയും അവന്‍ കാണിച്ചു. അന്ന് അപമാനത്തിന്റെ തീച്ചൂളയിലൂടെയാണ് അവന്‍ കടന്നുപോയത്.
വെറും പന്ത്രണ്ടാമത്തെ വയസില്‍ 34 മത്സരങ്ങളില്‍ നിന്ന് 76 ഗോളുകളാണ് കൊച്ചു ലുക്കാക്കു അടിച്ചുകൂട്ടിയത്. ആ ഗോളുകള്‍ മുഴുവന്‍ അടിക്കുമ്പോള്‍ ലുക്കാക്കു അച്ഛന്‍ റോജറിന്റെ ഷൂവാണ് ഉപയോഗിച്ചിരുന്നത്. അപ്പോഴേക്കും അച്ഛന്റെയും മകന്റെയും കാല്‍പാദത്തിന്റെ അളവ് ഒന്നായി മാറിയിരുന്നു. അവര്‍ ഒരു ഷൂ തന്നെ പങ്കിട്ട് ഉപയോഗിച്ചു.
എല്ലാ മത്സരങ്ങളും ഓരോ ഫൈനല്‍ പോലെയാണ് ലുക്കാക്കു കളിച്ചത്. അത് പാര്‍ക്കിലായാലും ശരി, ഉച്ചഭക്ഷണ ഇടവേളയ്ക്ക് സ്‌കൂള്‍ മൈതാനത്ത് ആയാലും ശരി. ഒരു ഫൈനലിന്റെ ഗൗരവത്തോടെ, അര്‍പ്പണബോധത്തോടെ അവന്‍ കളിച്ചു. ബെല്‍ജിയത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരനായി മാറുകയായിരുന്നു ലുക്കാക്കുവിന്റെ ലക്ഷ്യം. അത്രമാത്രം വാശിയോടെയാണ് അയാള്‍ കളിച്ചത്.
ഒരിക്കല്‍ കോംഗോയിലുള്ള തന്റെ മുത്തച്ഛനെ ലുക്കാക്കു ഫോണില്‍ വിളിക്കുന്നു. താന്‍ 34 കളികളില്‍ 76 ഗോളടിച്ചതും അതുവഴി തന്റെ ടീം ലീഗ് ചാമ്പ്യന്‍മാരായതുമെല്ലാം അഭിമാനത്തോടെ അവന്‍ പറഞ്ഞു. വലിയ ടീമുകള്‍ തന്നെ നോട്ടമിട്ടിട്ടുണ്ട്. പതിവായി ഫുട്‌ബോളിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന മുത്തച്ഛന്‍ നന്നായി എന്നൊരു വാക്ക് മാത്രമാണ് അന്ന് പ്രതികരിച്ചത്. എന്നിട്ട് മറ്റൊരു കാര്യം ലുക്കാക്കുവിനോട് ആവശ്യപ്പെട്ടു. എന്റെ മകളെ നീ നന്നായി നോക്കുമെന്ന് നീ സത്യം ചെയ്യണം. അതുകേട്ട് ലുക്കാക്കു അന്തംവിട്ടു. മുത്തച്ഛന്റെ മകള്‍ തന്റെ അമ്മയല്ലേ… പിന്നെ അക്കാര്യം പ്രത്യേകിച്ച് എന്ത് പറയാനിരിക്കുന്നു… എന്തായാലും ലുക്കാക്കു മുത്തച്ഛന് ഉറപ്പ് കൊടുത്തു, അമ്മയെ നന്നായി നോക്കും… അതിന്റെ അഞ്ചാം ദിവസം മുത്തച്ഛന്‍ മരിച്ചു. അന്നാണ് എന്താണ് മുത്തച്ഛന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ലുക്കാക്കുവിന് ശരിക്കും മനസിലായത്. ഇന്നും ലുക്കാക്കു ആഗ്രഹിക്കാറുണ്ട് മുത്തച്ഛന്‍ ഒരു നാല് കൊല്ലം കൂടി ജീവിച്ചിരുന്നെങ്കില്‍… തന്റെ പ്രൊഫഷണല്‍ ഫുട്‌ബോളിലെ അരങ്ങേറ്റം കണ്ടിരുന്നെങ്കില്‍… അമ്മയെ നന്നായി സംരക്ഷിക്കുമെന്ന് താന്‍ മുത്തച്ഛന് കൊടുത്ത വാക്ക് പാലിക്കുന്നതിന് സാക്ഷിയായിരുന്നെങ്കില്‍…
2009 മെയ് 24
അന്നാണ് റൊമേലു ലുക്കാക്കുവിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിനം. പതിനാറാം പിറന്നാള്‍ കഴിഞ്ഞ പതിനൊന്നാമത്തെ ദിവസം. ലുക്കാക്കു തന്റെ ജീവിതത്തിലെ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരം കളിക്കുന്ന ദിവസം. ബെല്‍ജിയന്‍ ലീഗിന്റെ ഇരുപാദങ്ങളിലായി നടക്കുന്ന ഫൈനലിലെ രണ്ടാം ഫൈനല്‍. ആന്റര്‍ലെഷ്റ്റിനുവേണ്ടിയായിരുന്നു ലുക്കാക്കു ബൂട്ട് കെട്ടിയത്. സ്റ്റാന്‍ഡേര്‍ഡ് ലീഗേ ആയിരുന്നു എതിരാളികള്‍. അതുവരെ ആന്റര്‍ലെഷ്റ്റ് അണ്ടര്‍ നയന്റീന്‍ ടീമിന്റെ ബെഞ്ചിലായിരുന്നു ലുക്കാക്കുവിന്റെ ഇടം. ആ മത്സരത്തിനുള്ള പതിനൊന്നംഗ ടീമിലിടം കിട്ടാന്‍ കോച്ചുമായി ഒരു പന്തയത്തിലേര്‍പ്പെട്ടിരുന്നു ലുക്കാക്കു. പന്തയം ഇതായിരുന്നു ആ വര്‍ഷം ഡിസംബറിനകം ടീമിനുവേണ്ടി താന്‍ 25 ഗോള്‍ സ്‌കോര്‍ ചെയ്യും. ചിരിച്ചുകൊണ്ട് സമ്മതിച്ച കോച്ച് അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തിരിച്ച് ബെഞ്ചിലിരിക്കേണ്ടിവരുമെന്ന് ലുക്കാക്കുവിന് മുന്നറിയിപ്പ് നല്‍കി. സമ്മതിച്ച ലുക്കാക്കു പന്തയത്തില്‍ താന്‍ ജയിച്ചാല്‍ പരിശീലന സ്ഥലത്തുനിന്ന് കളിക്കാരെ വീടുകളിലെത്തിക്കുന്ന മിനി വാനുകള്‍ കോച്ച് വൃത്തിയാക്കണം എന്ന് ആവശ്യപ്പെട്ടു. തീര്‍ന്നില്ല, കളിക്കാര്‍ക്ക് എന്നും പാന്‍ കേക്കുകള്‍ ഉണ്ടാക്കി നല്‍കുകയും വേണം. രണ്ടിനും കോച്ച് സമ്മതിച്ചു. ലുക്കാക്കു ഡിസംബര്‍ വരെ കാത്തുനിന്നില്ല. നവംബറോടെ തന്നെ 25 ഗോള്‍ അടിച്ചു. ക്രിസ്മസിന് മുമ്പ് തന്നെ കളിക്കാരെല്ലാവരും കോച്ച് ഉണ്ടാക്കിയ കേക്ക് കഴിച്ചു.
ലീഗിലെ ആദ്യ ഫൈനല്‍ ദിവസം ക്ലബ്ബിന്റെ എല്ലാ ആരാധകരേയും പോലെ ലുക്കാക്കുവും വീട്ടിലിരുന്ന് കളി ടി വിയിലാണ് കണ്ടത്. എന്നാല്‍ രണ്ടാം ഫൈനലിന്റെ തലേന്ന് പരിശീലനത്തിന് ഗ്രൗണ്ടില്‍ പോകാന്‍ ഒരുങ്ങുകയായിരുന്ന ലുക്കാക്കുവിന് ഒരു ഫോണ്‍ കോള്‍ വരുന്നു. ക്ലബ് ടീമിലെ പകരക്കാരുടെ കൊച്ചാണ് മറുവശത്ത്. റോം നിങ്ങള്‍ എന്താണ് ചെയ്യുന്നത്? പരിശീലനത്തിന് പോകാന്‍ ഒരുങ്ങുന്നുവെന്ന് റൊമേലു ലുക്കാക്കുവിന്റെ മറുപടി. നിങ്ങള്‍ എത്രയും പെട്ടെന്ന് ബാഗ് പാക്ക് ചെയ്ത് സ്‌റ്റേഡിയത്തിലെത്തണമെന്ന് കോച്ച്… എന്താണ് കാര്യമെന്ന ലുക്കാക്കുവിന്റെ ചോദ്യത്തിന് ക്ലബ്ബിന്റെ ഒന്നാം നമ്പര്‍ ടീമിന് രണ്ടാം ഫൈനലില്‍ നിങ്ങളെ ആവശ്യമുണ്ട് എന്നായിരുന്നു കൊച്ചിന്റെ മറുപടി. അന്തംവിട്ട ലുക്കാക്കു ഞാനോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അതേ, നീ തന്നെ, വേഗം വാ എന്ന് കോച്ച്. വാലിന് തീപിടിച്ച പോലെ ഓടി സ്‌റ്റേഡിയത്തിലെത്തിയ ലുക്കാക്കു നേരെപോയത് ഡ്രസ്സിംഗ് റൂമിലേക്ക്. അവിടെ ചെന്നപ്പോള്‍ ഏത് നമ്പര്‍ വേണമെന്ന് ചോദ്യം. ലുക്കാക്കു ഒരു മടിയും കൂടാതെ പറഞ്ഞു 10!. എന്നാല്‍ ക്ലബിന്റെ അക്കാദമിയിലെ കളിക്കാര്‍ക്ക് മുപ്പതിന് മുകളിലുള്ള നമ്പര്‍ ഉപയോഗിക്കാനെ അനുവാദമുണ്ടായിരുന്നുള്ളൂ. അങ്ങനെ ലുക്കാക്കു 36 തിരഞ്ഞെടുത്തു.
ഫൈനല്‍ ദിവസം രാവിലെ ലുക്കാക്കുവിന്റെ ഒരു സുഹൃത്ത് ലുക്കാക്കുവിനെ അന്വേഷിച്ച് അയാളുടെ വീട്ടില്‍ ചെല്ലുന്നു. കളിക്കാന്‍ പോയിരിക്കയകയാണെനന്ന് അമ്മ. സുഹൃത്ത് ചോദിച്ചു എവിടെ? ഫൈനല്‍ എന്നായി അമ്മ. ഇതുകേട്ട് അന്തംവിട്ട സുഹൃത്ത് ഉടന്‍ തന്നെ ലുക്കാക്കുവിനെ ഫോണില്‍ വിളിച്ചു. പിന്നീട് സുഹൃത്തുക്കളുടെ തുരുതുരാ ഫോണ്‍ വിളി ആയിരുന്നു. പിന്നാലെ മെസേജുകളും. തന്റെ ഏറ്റവുമടുത്ത സുഹൃത്തിനോട് ലുക്കാക്കു ഇത്രമാത്രം പറഞ്ഞു – എന്താ നടക്കുന്നത് എന്നതിനെക്കുറിച്ച് എനിക്കും വലിയ പിടുത്തമൊന്നുമില്ല. ഇന്ന് ഞാന്‍ കളിക്കുമോയെന്നും അറിയില്ല. എന്തായാലും നീ ടി വി ഓഫ് ചെയ്യാതെ കളി കണ്ടുകൊണ്ടിരിക്ക്…
അപ്പോഴേക്കും ടി വി ക്യാമറകള്‍ മുഴുവന്‍ ലുക്കാക്കുവിലേക്ക് ഫോക്കസ് ചെയ്തുതുടങ്ങിയിരുന്നു.

അങ്ങനെ ആ നിമിഷം വന്നു. അറുപത്തിമൂന്നാമത്തെ മിനിറ്റില്‍ കോച്ച് ലുക്കാക്കുവിനെ പകരക്കാരനായി കളത്തിലിറക്കി. 16 വയസും 11 ദിവസവുമുള്ളപ്പോള്‍ റൊമേലു ലുക്കാക്കു പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറി. പക്ഷേ ആ അരങ്ങേറ്റം തോല്‍വിയോടെയായിരുന്നു. ആന്റര്‍ലെഷ്റ്റ് ആ ഫൈനല്‍ തോറ്റു. എന്നാല്‍ ലുക്കാക്കു അതീവ സന്തോഷവാനായിരുന്നു. താന്‍ അമ്മയോട് പറഞ്ഞ വാക്ക് പാലിക്കാനായി. പതിനാറാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറി. അതുവഴി സാമ്പത്തികമായി മെച്ചപ്പെട്ടു. അമ്മയെ നന്നായി നോക്കിക്കൊള്ളാമെന്ന് മുത്തച്ഛന് കൊടുത്ത വാക്കും ലുക്കാക്കുവിന് പാലിക്കാനായി.
അടുത്ത സീസണില്‍ യൂറോപ്പ ലീഗ് കളിച്ച ലുക്കാക്കു അവിടെ ചാമ്പ്യനായി. ആ വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ കളിക്കാരനുള്ള പുരസ്‌ക്കാരത്തില്‍ രണ്ടാമനായി. അപ്പോഴേക്കും ദേശീയ ടീമിലെത്തിയ ലുക്കാക്കു മാധ്യമശ്രദ്ധ വേണ്ടുവോളം പിടിച്ചുപറ്റി.യിരുന്നു. എന്നാല്‍ പലപ്പോഴും ലുക്കാക്കു നിരാശപ്പെടുത്തി. നന്നായി കളിച്ചപ്പോഴൊക്കെ ലുക്കാക്കുവിനെ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു എന്ന് വിളിച്ച അതേ മാധ്യമങ്ങള്‍ തന്നെ മോശമായി കളിച്ചപ്പോഴെല്ലാം കോംഗോ വംശജനായ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ എന്നും ലുക്കാക്കുവിനെ വിളിച്ചു. ഇത് ലുക്കാക്കുവിനെ ഏറെ വേദനിപ്പിച്ചു. പരാജയങ്ങളില്‍ അവര്‍ ലുക്കാക്കുവിനെ പരിഹസിച്ച് ചിരിച്ചു. ബെല്‍ജിയത്തിലുള്ളവര്‍ തന്നെ ലുക്കാക്കുവിന്റെ പതനം കാണാന്‍ ആഗ്രഹിക്കുന്നുവെന്ന തോന്നലുളവാക്കി.

ഒമ്പതാമത്തെ വയസില്‍ തുള വീണ ബൂട്ടുമായി കളിച്ച ലുക്കാക്കു 12 വര്‍ഷത്തിനിപ്പുറം ഇരുപത്തൊന്നാമത്തെ വയസില്‍ ബെല്‍ജിയത്തിനുവേണ്ടി ലോകകപ്പ് കളിച്ചു. ഇന്ന് മുപ്പത്തൊന്നാമത്തെ വയസില്‍ മൂന്ന് ലോകകപ്പ് കളിച്ചതിന്റെ അനുഭവമുണ്ട് ലുക്കാക്കുവിന്. ഇതിനിടയില്‍ അയാള്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും അടക്കമുള്ള ലോകോത്തര ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. ചെല്‍സിക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പ് അടക്കമുള്ള കിരീട നേട്ടങ്ങള്‍… 2018 ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ലുക്കാക്കു നേടിയത് നാല് ഗോളുകള്‍. അതുവഴി ബ്രോണ്‍സ് ബൂട്ടും നേടി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബെല്‍ജിയം താരമായി. ഇതുവരെ ി114 കളികളില്‍ നിന്നായി 83 ഗോള്‍ നേടിയ ലുക്കാക്കു ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ്.
ഒരിക്കല്‍ അര ഗ്ലാസ് പാലിനും ഒരു കഷ്ണം റൊട്ടിക്കും വേണ്ടി കരഞ്ഞ റൊമേലു ലുക്കാക്കു ഇന്ന് ശതകോടീശ്വരനാണ്.
2014ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ എവര്‍ട്ടനില്‍ അന്നത്തെ റെക്കോഡ് തുകയ്ക്കാണ് ലുക്കാക്കു എത്തിയത്. ലീഗിലെ തന്റെ ആദ്യ ഗോള്‍ ലുക്കാക്കു നേടിയത് വെസ്റ്റ് ബ്രോമിനെതിരെയായിരുന്നു. എന്നാല്‍ ഗോള്‍ നേടിയപ്പോള്‍ ലുക്കാക്കു ആഘോഷം ഒഴിവാക്കി. തന്റെ മുന്‍ ടീമിനോടുള്ള ആദരം കൊണ്ടായിരുന്നു അത്. അതാണ് റൊമേലു ലുക്കാക്കു. 2026ല്‍ വീണ്ടുമൊരു ലോകകപ്പ് അങ്കത്തിന് ബെല്‍ജിയം ഒരുങ്ങുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ റൊമേലു ലുക്കാക്കുവും ഉണ്ടാകും. ബെല്‍ജിയത്തെ ലോകചാമ്പ്യന്മാരാക്കാന്‍. അതുവഴി ബെല്‍ജിയന്‍ ഫുട്‌ബോളിലെ തന്റെ ഇതിഹാസ പദവി ഉറപ്പിക്കാന്‍.



