Friday, February 20, 2026
Google search engine
HomeSportControversiesപൊട്ടിക്കരഞ്ഞ കപില്‍

പൊട്ടിക്കരഞ്ഞ കപില്‍

കെ.ശ്രീജിത്ത്

ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് പൊട്ടിക്കരഞ്ഞു. ഒപ്പം കോടിക്കണക്കിന് വരുന്ന ആരാധകരും. കളി തോറ്റതുകൊണ്ടായിരുന്നില്ല കപില്‍ കരഞ്ഞത്. ക്രിക്കറ്റ് മൈതാനത്തിന് പുറത്ത്, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ കരണ്‍ ഥാപ്പറിന് മുന്നിലിരുന്നായിരുന്നു കപില്‍ കരഞ്ഞത്. 24 വര്‍ഷം മുമ്പ് അങ്ങനെയും ഒരു ദിവസമുണ്ടായി.

1994ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പിനിടെ കപില്‍ദേവ് 25 ലക്ഷം രൂപ ഇന്ത്യന്‍ താരം മനോജ് പ്രഭാകറിന് കോഴയായി വാഗ്ദാനം ചെയ്തു എന്ന, ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിബിസിക്കുവേണ്ടി ഥാപ്പര്‍ അങ്ങനെയൊരു അഭിമുഖം നടത്തിയത്. ഹാര്‍ഡ് ടോക്ക് എന്നായിരുന്നു കരണ്‍ ഥാപ്പറിന്റെ ആ അഭിമുഖ പരിപാടിയുടെ പേര്. 2000 മെയ് 10നായിരുന്നു ആ അഭിമുഖം ബി ബി സി പ്രക്ഷേപണം ചെയ്തത്.

ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് കപില്‍ കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞപ്പോള്‍ അതോടൊപ്പം കരഞ്ഞത് കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകരായിരുന്നു. അതില്‍ പ്രായമായവരും അമ്മമാരും കുട്ടികളും യുവാക്കളും എല്ലാം ഉള്‍പ്പെട്ടിരുന്നു. കപിലിനെ സ്‌നേഹിച്ച അവര്‍ ഓരോരുത്തരും കപിലിനൊപ്പമായിരുന്നു. ഇങ്ങനെയൊരു ആരോപണം കേള്‍ക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ക്രിക്കറ്റ് തന്നെ കളിക്കില്ലായിരുന്നെന്നും ഈ ആരോപണം കേള്‍ക്കുന്നതിന് മുമ്പ് താന്‍ മരിച്ചുപോയിരുന്നെങ്കിലെന്നുമുള്ള കപിലിന്റെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളെയാണ് മുറിപ്പെടുത്തിയത്. തന്റെ  രക്തവും മാംസവും ക്രിക്കറ്റിനു വേണ്ടിയാണ് നല്‍കിയതെന്നും തനിക്ക് മതിയായെന്നും കപില്‍ പറഞ്ഞപ്പോള്‍ ആരാധകരുടെ നെഞ്ച് പിടഞ്ഞു. തന്റെ രാജ്യത്തെ താന്‍ അതിയായി സ്‌നേഹിക്കുന്നു. ഈ രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടിയാണ് താന്‍ എന്നും നിലകൊണ്ടിട്ടുള്ളതെന്നും അങ്ങനെയൊരാളെ കീറിമുറിക്കുന്നതാണ് ആരോപണമെന്നുമാണ് ഇന്ത്യയെ ആദ്യമായി ലോകചാമ്പ്യന്മാരാക്കുകയും അതുവഴി ലോകക്രിക്കറ്റില്‍ ഇന്ത്യക്കൊരു സ്ഥാനം നേടിത്തരുകയും ചെയ്ത കപില്‍ അഭിമുഖത്തില്‍ പറഞ്ഞത്. കപില്‍ദേവ് എന്ന എക്കാലത്തെയും മഹാനായ, ഇതിഹാസതുല്യനായ ക്രിക്കറ്ററെ സ്‌നേഹിക്കുന്ന ഓരോരുത്തരേയും വേദനിപ്പിച്ച, കരയിച്ച ദിവസമായിരുന്നു അത്. ഇന്ത്യയ്ക്ക് കപില്‍ സമ്മാനിച്ച ഓരോ സുവര്‍ണ മുഹൂര്‍ത്തങ്ങളും എന്നും ഓര്‍മയില്‍ കൊണ്ടുനടക്കുന്ന ആരാധകരെല്ലാം കപിലിനൊപ്പമായിരുന്നു.

പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയും കപിലിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അന്ന് ആരാധകരെല്ലാം അതിയായി സന്തോഷിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments