Saturday, February 21, 2026
Google search engine
HomeSportLegendsപ്രതിബന്ധങ്ങളെ തട്ടിയകറ്റിയ ജോര്‍ജ് വിയ

പ്രതിബന്ധങ്ങളെ തട്ടിയകറ്റിയ ജോര്‍ജ് വിയ

പ്രസിഡന്റിന്റെ കൊട്ടാരത്തിനും വിയ കളിച്ചുവളര്‍ന്ന ക്ലാര ടൗണെന്ന ചേരിയിലേയ്ക്ക് വെറും അരമണിക്കൂറിന്റെ ദൂരം മാത്രമാണ് സഞ്ചരിക്കാനുണ്ടായിരുന്നതെങ്കിലും രണ്ടും രണ്ട് ലോകമായിരുന്നു. 

കെ.ശ്രീജിത്ത്

ലൈബീരിയയിലെ ഒരു തെരുവിലാണ് അയാള്‍ ജനിക്കുന്നത്. പട്ടിണിയും പകര്‍ച്ചവ്യാധികളും മാത്രമുള്ള ഒരു തെരുവ്. ഹൈസ്‌കൂള്‍ ക്ലാസ് വരെ അവന്‍ പഠിക്കാന്‍ പോയെങ്കിലും പൂര്‍ത്തിയാക്കിയില്ല. പന്തുകളിയോടുള്ള ഭ്രമം മൂത്ത് അതില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു അവന്റെ തീരുമാനം. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. പിന്നീടവന്‍ ഫിഫ ലോക ഫുട്‌ബോളര്‍ പട്ടവും ബാലന്‍ദ്യോര്‍ പുരസ്‌കാരവും നേടുന്ന ഒരേയൊരു ആഫ്രിക്കന്‍ ഫുട്‌ബോളറായി ചരിത്രത്തില്‍ ഇടം പിടിച്ചു. മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരവും അവന്‍ നേടി. അപ്പോഴും ഒരു ദു:ഖം മാത്രം ബാക്കിനിന്നു. ഒരിക്കല്‍ പോലും ലോകകപ്പ് കളിക്കാനായില്ല. ലോകത്തെ ഏത് കൊലകൊമ്പന്‍ടീമിലും ഇടം പിടിക്കാനുള്ള പ്രതിഭ അവനുണ്ടായിട്ടും ആഫ്രിക്കയിലെ ഒരു കൊച്ചുരാജ്യമായ ലൈബീരിയയില്‍ പിറന്നതുകൊണ്ട് മാത്രം അവന് ആ അവസരം നിഷേധിക്കപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലെ തെരുവുകളില്‍ നിന്ന് ഫുട്‌ബോളിലെ മുടിചൂടാമെന്നനിലേയ്ക്കും അവിടെ നിന്ന് രാജ്യത്തിന്റെ തലവര നിര്‍ണയിക്കുന്ന പ്രസിഡന്റിലേയ്ക്കുമുള്ള അവിസ്മരണീയമായ ആ യാത്രയുടെ പേരാണ് ജോര്‍ജ് മന്നേ ഒപ്പോങ് വിയ എന്ന ജോര്‍ജ് വിയ. പറയുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. 

ജോര്‍ജ് വിയയുടെ ജീവിതത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ലൈബീരിയയുടെ തലസ്ഥാനമായ മോണ്‌റോവിയയിലെ തെരുവുകളില്‍ ചിലവഴിച്ച ബാല്യമാണ് ഇതില്‍ ആദ്യത്തേത്. ആ തെരുവുകളില്‍ നിന്ന് അതിപ്രശസ്തമായ യൂറോപ്യന്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലേയ്ക്കുള്ള യാത്രയാണ് രണ്ടാമത്തേത്. അവിടെനിന്ന് രാജ്യത്തിന്റെ ഭരണ നായകനിലേയ്ക്കുള്ള പരാകായപ്രവേശമാണ് മൂന്നാമത്തേത്.

പ്രസിഡന്റിന്റെ കൊട്ടാരത്തിനും വിയ കളിച്ചുവളര്‍ന്ന ക്ലാര ടൗണെന്ന ചേരിയിലേയ്ക്ക് വെറും അരമണിക്കൂറിന്റെ ദൂരം മാത്രമാണ് സഞ്ചരിക്കാനുണ്ടായിരുന്നതെങ്കിലും രണ്ടും രണ്ട് ലോകമായിരുന്നു. 

1966 ഒക്ടോബര്‍ ഒന്നിന് ലൈബീരിയയുടെ തലസ്ഥാന നഗരമായ മോണ്‌റോവിയായിലെ ക്ലാര ടൗണ്‍ എന്ന രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രമായ ചേരിപ്രദേശത്താണ് ജോര്‍ജ് വിയ ജനിച്ചത്. അച്ഛന്‍ വില്യം ഒരു മെക്കാനിക്ക് ആയിരുന്നു. അമ്മ അന്ന വരുമാനത്തിനായി ചെറിയ കച്ചവടം ചെയ്തു. മൂന്ന് സഹോദരന്മാര്‍.  ബാല്യത്തില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു ജോര്‍ജ് വിയയുടെ ജീവിതം. വിയ അടക്കം 13 പേരക്കുട്ടികളെയാണ് ആ മുത്തശ്ശി പോറ്റിയിരുന്നത്. അങ്ങനെയാണ് ആളുകള്‍ തിങ്ങിപാര്‍ത്തിരുന്ന, എപ്പോഴും രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിരുന്ന ക്ലാര ടൗണിലേക്ക് വിയ എത്തുന്നത്. ആ ചേരിയില്‍ നിന്നാണ് പ്രതിഭയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലായുണ്ടായിരുന്ന ജോര്‍ജ് വിയ ലോകമറിയുന്ന ഫുട്‌ബോള്‍ താരമായി മാറിയത്. കൗമാരത്തില്‍ തന്നെ ലൈബീരിയയില്‍ ലീഗ് ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ വിയ ഹൈസ്‌കൂള്‍ വിട്ടതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച് പൂര്‍ണമായും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ തീരുമാനം വിയയെ സമ്പന്നനാക്കിയെങ്കിലും രണ്ട് ദശകത്തിന് ശേഷം അതില്‍ ഖേദിക്കേണ്ടിവന്നു. 

1987ല്‍ ഇരുപത്തോന്നാമത്തെ വയസില്‍ കാമറൂണിലെ ടോണ്ണേറെ യാവുണ്ടെ എന്ന ക്ലബ്ബിന് വേണ്ടി കളിച്ചതാണ് വിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെവെച്ച് പ്രശസ്ത കോച്ച് ആഴ്‌സന്‍ വെങ്ങറുടെ ശ്രദ്ധയില്‍പ്പെട്ട വിയയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വെങ്ങര്‍ വിയയെ യൂറോപ്യന്‍ ക്ലബായ എ എസ് മോണാക്കോയില്‍ എത്തിക്കുന്നു.  അവിടെനിന്ന് പിന്നീട് പാരീസ് സെന്റ് ജര്‍മന്‍, എ സി മിലാന്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ഒളിമ്പിക് മാഴ്‌സെലെ എന്നീ ലോകഫുട്‌ബോളിലെ വിഖ്യാത ക്ലബുകളിലെല്ലാം വിയ കളിച്ചു. ലൈബീരിയയ്ക്കുവേണ്ടി 75 മത്സരം കളിച്ച വിയ 18 ഗോള്‍ നേടി. എന്നാല്‍ ഒരിക്കല്‍പ്പോലും ജോര്‍ജ് വിയ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന് ലോകകപ്പ് കളിക്കാനായില്ല എന്നത് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കറുത്ത പാടായി തന്നെ അവശേഷിക്കും.

1995 ആയിരുന്നു അംഗീകാരങ്ങള്‍ കൊണ്ട് വിയയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷം. ആ വര്‍ഷമാണ് ഫിഫ ലോക ഫുട്‌ബോളര്‍ പട്ടവും ബാലന്‍ ദ്യോര്‍ പുരസ്‌കാരവും വിയയെ തേടിയെത്തിയത്.

അപ്പോഴും പട്ടിണിയിലും ആഭ്യന്തര യുദ്ധത്തിലും വലയുന്ന സ്വന്തം രാജ്യത്തെ അയാള്‍ മറന്നില്ല. അപ്പോഴേക്കും ആഭ്യന്തര യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ക്കാണ് ലൈബീരിയയില്‍ ജീവന്‍ നഷ്ടമായത്. 

സാമ്പത്തിക പ്രതിസന്ധി മൂലം വലഞ്ഞിരുന്ന ദേശീയ ടീമിന് വിദേശത്ത് പോയി മത്സരങ്ങള്‍ കളിക്കാന്‍ പലപ്പോഴും വിയ സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് കൊടുത്തു. സംഗീതത്തോട് വലിയ കമ്പമുണ്ടായിരുന്ന വിയ ആഫ്രിക്കയിലെ പ്രശസ്തരായ സംഗീതജ്ഞരോടൊപ്പം ചേര്‍ന്ന് ആഫ്രിക്കയില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പാട്ട് സൃഷ്ടിച്ചു. 2014ല്‍ എബോള എന്ന മാരക രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനായി ഘാനയിലെ ഒരു പ്രസിദ്ധ സംഗീതജ്ഞനുമായി ചേര്‍ന്ന് മറ്റൊരു പാട്ടും നിര്‍മിച്ചു. ഇതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും ലൈബീരിയയിലെ ജനം ഇതൊക്കെ ഇന്നും ഓര്‍ക്കുന്നു. ജനിച്ചുവളര്‍ന്ന മണ്ണിനെയും രാജ്യത്തെയും ഒരിക്കലും മറക്കാതിരുന്ന, പ്രതിസന്ധികളില്‍ ലൈബീരിയന്‍ ജനതയെ അവിശ്വസനീയമാംവിധം ചേര്‍ത്തുപിടിച്ച ജോര്‍ജ് വിയ സമാനതകളില്ലാത്ത  ഒരു മനുഷ്യസ്‌നേഹിയാണ്. ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ യുണിസെഫ് അംബാസഡര്‍ ആയും രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടും മനുഷ്യവര്‍ഗത്തോടുള്ള തന്റെ പ്രതിജ്ഞാബദ്ധത വിയ സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും കാരണമായി. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറുടെ സാന്നിദ്ധ്യത്തില്‍ താന്‍ ധരിച്ചിരുന്ന സണ്ഗ്ലാസ് എടുത്തുമാറ്റാന്‍ വിയ വിസമ്മതിച്ചത് തന്നോടുള്ള അനാദരവായി ടെയ്‌ലര്‍ കണക്കാക്കി. താനിരിക്കുന്ന പ്രസിഡന്റ് കസേരയിലാണ് വിയയുടെ നോട്ടമെന്ന് ടെയ്‌ലര്‍ കരുതി. ടെയ്‌ലര്‍ക്ക് തെറ്റിയില്ല. 2005ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് എന്ന രാഷ്ട്രീയ പാര്‍ട്ടി ജോര്‍ജ് വിയ രൂപീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. എന്നാല്‍ ഹാര്‍വാര്‍ഡില്‍ പഠിച്ച എലന്‍ ജോണ്‌സണ് സെര്‍ലീഫിനെപ്പോലെ ഒരാളായിരുന്നു എതിരാളി എന്നതുകൊണ്ടുതന്നെ വിയ ഹൈസ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നത് എതിരാളികള്‍ വലിയ ചര്‍ച്ചയാക്കി. ഒപ്പം വിയയുടെ രാഷ്ട്രീയത്തിലെ പരിച്ചയാക്കുറവും വിഷയമായി. തെരഞ്ഞെടുപ്പ് വിദ്യാഭ്യാസ യോഗ്യതയും ജനപ്രിയതയും തമ്മിലാണെന്ന മാധ്യമ പ്രചാരണം വിയയ്ക്ക് തിരിച്ചടിയായി. അതുകൊണ്ടുതന്നെ അത്തവണ ഹാര്‍വാര്‍ഡില്‍ പഠിച്ച എലന്‍ ജോണ്‌സണ് സെര്‍ലീഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

പക്ഷെ അതൊന്നും ജോര്‍ജ് വിയ എന്ന പോരാളിയെ തളര്‍ത്തിയില്ല. 2007ല്‍ വിയ ലോകത്തോട് വിളിച്ചുപറഞ്ഞു  ഇതാ ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല് വര്‍ഷത്തിനുശേഷം ഫ്‌ലോറിഡയിലെ ഡെവ്‌റി സര്‍വകലാശാലയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും. അതേവര്‍ഷം തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോല്‍വിയായിരുന്നു ഫലം. 

ഒടുവില്‍ 2014ല്‍ വിജയമെത്തി. ഇത്തവണ മോണ്ട് സെറാഡോയുടെ വടക്കന്‍ പ്രവിശ്യാ സെനറ്റര്‍ ആയി വിയ തെരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനമായ മോണ്‌റോവിയോ കൂടി ഉള്‍പ്പെടുന്ന പ്രവിശ്യയായിരുന്നു ഇത്. 2016ല്‍ വിയ ആ പ്രഖ്യാപനം നടത്തി. താന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. അപ്പോഴേക്കും 51 വയസായിരുന്ന വിയയ്ക്ക് രാഷ്ട്രീയത്തില്‍ പരിചയമില്ലെന്ന എതിരാളികളുടെ വാദത്തിന് നിലനില്പില്ലാതായി. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു വിയ ജനങ്ങളോട് സംസാരിച്ചത്. വിയയെപ്പോലെ ഒരു നേതാവിനെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ജനം ആര്‍ത്തുവിളിച്ചു. ആ ജനത്തോട് വിയ പറഞ്ഞു: ഒരു പ്രൊഫഷണല്‍ സോക്കര്‍ കളിക്കാരനാകാനുള്ള എന്റെ യാത്രയുടെ തുടക്കത്തിലും എന്നെ പിന്നോട്ട് വലിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. ഒരുപാട് പേര്‍ എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് പറഞ്ഞു. ഞാന്‍ എന്റെ ലക്ഷ്യത്തിലെത്തുന്നതില്‍ പരാജയപ്പെടുമെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അവര്‍ പറഞ്ഞതൊന്നും ശ്രദ്ധിച്ചതേയില്ല. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയകറ്റി ഞാന്‍ മുന്നോട്ട് കുതിച്ചു. ഒടുവില്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായി ഞാന്‍ മാറി. രാഷ്ട്രീയത്തില്‍ ഞാനൊരു പരാജയമായി മാറുമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നവര്‍ ഇന്ന് എന്നെ വിളിക്കുന്നത് ചീഫ് എന്നാണ്…

ജോര്‍ജ് മന്നേ ഒപ്പോങ് വിയ എന്ന ജോര്‍ജ് വിയ ഒടുവില്‍ ലൈബീരിയന്‍ പ്രസിഡന്റ് കസേരയിലെത്തുക തന്നെ ചെയ്തു. ലൈബീരിയയുടെ ഇരുപത്തഞ്ചാമത് പ്രസിഡന്റ് ആയി 2018 ജനുവരി 22ന് അധികാരമേറ്റ വിയ 2024 ജനുവരി 22 വരെ ആ പദവിയില്‍ തുടര്‍ന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments