കെ.ശ്രീജിത്ത്
അയാളുടെ ഹൃദയം തകര്‍ന്നിരുന്നു. പൊട്ടിക്കരഞ്ഞ അയാളെ സഹകളിക്കാര്‍ ആശ്വസിപ്പിച്ചു. താനടിച്ച പെനാല്‍റ്റി കിക്ക് പാഴായി എന്നതിലേറെ അയാളെ വേദനിപ്പിച്ചത് ആ പിഴവ് അര്‍ജന്റീനയ്ക്ക് കപ്പ് നഷ്ടപ്പെടുത്തി എന്നതായിരുന്നു. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ ലിയോണല്‍ മെസ്സി നഷ്ടപ്പെടുത്തിയ പെനാല്‍റ്റി കിക്ക് അയാളുടെ കളി ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. ആ പെനാല്‍റ്റി ഷൂട്ടൗട്ട് 4-2ന് ചിലി ജയിച്ചു. അതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തെ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനം. തുടര്‍ച്ചയായി രണ്ടാം തവണയും കിരീട നഷ്ടം. കരിയറില്‍ രാജ്യത്തിനുവേണ്ടി ഒരൊറ്റ അന്താരാഷ്ട്ര കിരീടവും നേടിയിട്ടില്ലെന്ന ചീത്തപ്പേര് ബാക്കി.
മെസ്സിക്ക് മതിയായിരുന്നു. ലോകഫുട്‌ബോളിലെ ഇതിഹാസത്തിലേയ്ക്കുള്ള വഴിയില്‍ കാലിടറിവീണ അയാള്‍ അതോടെ കളി മതിയാക്കാന്‍ തീരുമാനിച്ചു. അതും വെറും ഇരുപത്തൊമ്പതാമത്തെ വയസില്‍. ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെയും പ്രമാണിമാരുടെയും സംശയങ്ങളുടെ ഇരയായിരുന്നു അയാള്‍. ആ സംശയങ്ങളെ ഉറപ്പിക്കുംവിധം അപക്വമായിരുന്നു ആ വിരമിക്കല്‍ പ്രഖ്യാപനം.
എന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ മെസ്സിയുടെ തിരിച്ചുവരവിനായി മുറവിളി കൂട്ടി. സ്വന്തം രാജ്യം അവരുടെ മഹാനായ പുത്രനെ തിരികെവിളിച്ചു. ഒടുവില്‍ മെസ്സി തിരികെയെത്തി. പഴയ മെസ്സിയായല്ല. തിരിച്ചറിയാനാകാത്ത വിധം മാറിയ പുതിയ മെസ്സിയായി. ആ രണ്ടാം വരവില്‍ അയാള്‍ ആദ്യം നേടിയത് കോപ്പ അമേരിക്കയായിരുന്നു. മാരക്കാനയില്‍ നടന്ന ഫൈനലില്‍ ബ്രസീലിനെത്തന്നെ തോല്പിച്ച് അന്തസോടെയുള്ള കിരീടധാരണം. അതോടെ അന്താരാഷ്ട്ര കിരീടമില്ലാത്ത ഇതിഹാസം എന്ന എതിരാളികളുടെ കളിയാക്കല്‍ മാറിക്കിട്ടി. ലോകകിരീടത്തിലേയ്ക്കുള്ള പടപ്പുറപ്പാടെന്ന നിലയില്‍ പിന്നീടയാളും അര്‍ജന്റീനയും ചേര്‍ന്ന് നേടിയത് യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സ്. അതും കരുത്തരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച്. അതുംകഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഖത്തറില്‍ ഒരു രാജാവിനെപ്പോലെ ലോകകിരീടവും ഉയര്‍ത്തിപ്പിടിച്ചതോടെ ലിയോണല്‍ മെസ്സി എന്ന എക്കാലത്തെയും മികച്ച് ഫുട്‌ബോള്‍ ഇതിഹാസത്തിനുമേല്‍ വീണ സംശയത്തിന്റെ എല്ലാ നിഴലുകളും അകന്നുപോയി. ആദ്യ കളിയില്‍ അപ്രതീക്ഷിതമായി സൗദ്യ അറേബ്യയ്ക്ക് മുന്നില്‍ ഇടറിവീണ അര്‍ജന്റീനയെ പ്രതിസന്ധിയുടെ എല്ലാ ഘട്ടത്തിലും ഒരു പടനായകന്റെ വീറും വാശിയോടുംകൂടി മുന്നില്‍ നിന്ന് നയിച്ചാണ് അയാള്‍ ആ കിരീടം ഖത്തര്‍ രാജാവിന്റെ കൈയ്യില്‍ നിന്നേറ്റുവാങ്ങിയത്. ആ പടയോട്ടത്തില്‍ അയാള്‍ അടിച്ചുകൂട്ടിയത് ഏഴ് ഗോളുകളായിരുന്നു. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ രണ്ടാമതൊരിക്കല്‍ കൂടി അയാള്‍ നേടിയപ്പോള്‍ അതും ഒരു ചരിത്രമായി. അതിനൊപ്പം സില്‍വര്‍ ബുട്ട് കൂടി നേടിയതോടെ നേട്ടങ്ങളുടെ പട്ടിക പൂര്‍ണമായി.

അങ്ങനെ അന്നൊരിക്കല്‍ പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് നീലാകാശത്തേയ്ക്ക് അടിച്ചുകളഞ്ഞ ആ പന്ത് ഒരു ലോകകിരീടമായി മെസ്സിയുടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു.



