Saturday, February 14, 2026
Google search engine
HomeSportUnfair Incidentsമഴനിയമം എന്ന അപഹാസ്യം

മഴനിയമം എന്ന അപഹാസ്യം

കെ.ശ്രീജിത്ത്

ഒരു പന്തില്‍ വേണ്ടത് 21 റണ്‍സ്! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു മത്സരത്തിന്റെ ക്ലൈമാക്‌സായിരുന്നു അത്.

1992 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുന്നു. വര്‍ണവിവേചനത്തെത്തുടര്‍ന്ന് രണ്ട് ദശകത്തിലധികം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്ക അതേ ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തി കളിക്കുന്ന ആദ്യ ലോകകപ്പാണ്. സെമിഫൈനല്‍ വരെ അവര്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കുന്ന കളിയാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിച്ച സെമിഫൈനലായിരുന്നു അത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ ആറ് വിക്കറ്റിന് 252 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ ആറിന് 231 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ചാറ്റല്‍ മഴ തുടങ്ങുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് കളി തുടരാന്‍ പ്രയാസമുണ്ടെന്ന് അംപയര്‍മാരെ അറിയിക്കുന്നു. അംപയര്‍മാര്‍ അതോടെ കളി നിര്‍ത്തിവെയ്ക്കുന്നു. അപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 പന്തില്‍ 22 റണ്‍സ്. തികച്ചും നേടാവുന്ന ലക്ഷ്യം. ക്രീസിലുണ്ടായിരുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവ് റിച്ചാര്‍ഡ്‌സണും ഓള്‍റൗണ്ടര്‍ ബ്രയന്‍ മക്മില്ലനും. 

പത്ത് മിനിറ്റിന് ശേഷം മഴ നിന്നു. അപ്പോള്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ ഇലക്ട്രോണിക്‌സ് സ്‌കോര്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച വിജയലക്ഷ്യം ഏഴ് പന്തില്‍ 22 റണ്‍സ് എന്നായിരുന്നു. എന്നാല്‍ സെക്കന്റുകള്‍ കഴിഞ്ഞതും ഇലക്ട്രോണിക്‌സ് ബോര്‍ഡില്‍ നേരത്തെ കാണിച്ച വിജയലക്ഷ്യം മാഞ്ഞ് പുതിയതായി ഒരു പന്തില്‍ 22 റണ്‍സ് എന്ന് കാണിച്ചു. അത് കണ്ട സ്‌റ്റേഡിയത്തിലെ കാണികളും ടെലിവിഷനില്‍ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് പേരും ഒരുപോലെ അന്തംവിട്ടുപോയി. അംപയര്‍മാര്‍ പുനര്‍നിര്‍ണയിച്ച വിജയലക്ഷ്യം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തമായി മാറി. നേരത്തെ വേണ്ടിയിരുന്ന ലക്ഷ്യത്തില്‍ നിന്ന് ഒരു റണ്‍ മാത്രം കുറച്ച് 21 ആക്കി. അതേസമയം കുറച്ച പന്തുകളാകട്ടെ പന്ത്രണ്ടും! അതായത് രണ്ട് ഓവര്‍. ബാക്കിയുണ്ടായിരുന്ന ഏക പന്ത് നേരിട്ടത് ബ്രയന്‍ മക്മില്ലനായിരുന്നു. നിരാശനായ മക്മില്ലന്‍ പന്തിനെ ആഞ്ഞടിക്കാനൊന്നും മുതിര്‍ന്നില്ല. ക്രിസ് ലൂയിസ് എറിഞ്ഞ ആ പന്ത് മെല്ലെയൊന്ന് തട്ടിയിട്ട് മക്മില്ലന്‍ ഒരു റണ്ണെടുത്തു. അതോടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അനീതികളിലൊന്ന് സംഭവിച്ചു. ദക്ഷിണാഫ്രിക്ക പുറത്ത്. ഇംഗ്ലണ്ട് ഫൈനലില്‍. എന്നാല്‍ ഫൈനലില്‍ അവര്‍ പാകിസ്താനോട് തോറ്റു എന്നത് പിന്നത്തെ ചരിത്രം.

അന്നത്തെ ആ അപഹാസ്യമായ രീതിക്ക് കാരണം മോസ്റ്റ് പ്രൊഡക്ടീവ് ഓവേഴ്‌സ് മെത്തേഡ് എന്ന മഴനിയമമായിരുന്നു. ഈ മത്സരത്തോടെ ആ നിയമം ഏറെ വിമര്‍ശനവിധേയമായി. അത് മാറ്റണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്നാണ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമം 1997 ജനുവരി ഒന്നിന് ക്രിക്കറ്റില്‍ പ്രാവര്‍ത്തികമാക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments