കെ.ശ്രീജിത്ത്
കളിയുടെ തൊണ്ണൂറാം മിനിറ്റ് വരെ എതിര്‍ ടീം ഒരു ഗോളിന് മുന്നില്‍ നില്‍ക്കുന്നു. കളി ഇഞ്ച്വറി ടൈമിലേയ്ക്ക് നീങ്ങുന്നു. ആ സമയത്ത് രണ്ട് ഗോളടിച്ച്, എതിരാളികളെ അമ്പരപ്പിച്ച്, വിഖ്യാതമായൊരു വിജയത്തിലേയ്ക്ക് ടീമിനെ നയിക്കുന്നു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്ന് തോന്നാം. എന്നാല്‍ നടന്നതാണ്. ഈ കഥയിലെ താരം മറ്റാരുമല്ല, സാക്ഷാല്‍ സിനദിന്‍ സിദാന്‍.
2004 യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള കടുത്ത പോരാട്ടം. രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്. സിനദിന്‍ സിദാനും ഡേവിഡ് ബെക്ക്ഹാമും. തിയറി ഓന്റിയും വെയ്ന്‍ റൂണിയുമടക്കം പിന്നെയുമുണ്ടായിരുന്നു സൂപ്പര്‍താരങ്ങള്‍. കളി തുടങ്ങി. പൊരിഞ്ഞ പോര് തന്നെ. 38-ാം മിനിറ്റില്‍ ഡേവിഡ് ബെക്ക്ഹാമിന്റെ ഫ്രീകിക്കില്‍ നിന്ന് ഫ്രാങ്ക് ലാംപാര്‍ഡിന്റെ തകര്‍പ്പന്‍ ഒരു ഹെഡ്ഡര്‍ ഗോള്‍. ഇംഗ്ലണ്ട് മുന്നില്‍. തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെയുള്ള ഫ്രാന്‍സിന്റെ കുതിപ്പിന് അവസാനം.
രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍. മൈതാനം അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധക്കളമായി മാറുന്നു. മികച്ച നിലവാരമുള്ള ഫുട്‌ബോള്‍ കണ്ട് കാണികളും ത്രസിച്ചു. 73-ാമത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണിയെ പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ഫ്രാന്‍സിന്റെ മൈക്കല്‍ സില്‍വസ്റ്റര്‍ ഫൗള്‍ ചെയ്യുന്നു. ഇംഗ്ലണ്ടിന് പെനാല്‍റ്റി. ഡേവിഡ് ബെക്ക്ഹാം എടുത്ത കിക്ക് ഫ്രഞ്ച് ഗോളി ഫാബിയേന്‍ ബാര്‍ത്തേസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തുന്നു. തകര്‍ന്നുപോയി ബെക്ക്ഹാം.

പിന്നെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. കളി തൊണ്ണൂറ് മിനിറ്റും കടന്ന് ഇഞ്ച്വറി ടൈമിലേയ്ക്ക്. 91-ാമത്തെ മിനിറ്റില്‍ ബോക്‌സിന്റെ പുറത്തുവെച്ച് ഫ്രാന്‍സിനൊരു ഫ്രീകിക്ക് കിട്ടുന്നു. ആ കിക്ക് എടുക്കാനൊരുങ്ങുന്ന സിനദിന്‍ സിദാനെ കണ്ടപ്പോഴെ ഇംഗ്ലണ്ട് ആരാധകര്‍ അപകടം മണത്തതാണ്. കളിയിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായി അത് മാറിയേക്കാമെന്ന് പ്രസിദ്ധ ഇംഗ്ലീഷ് ചാനലിന്റെ കമന്റേറ്റര്‍ പറഞ്ഞുതീരുംമുമ്പേ സിദാന്റെ കിക്ക് ഇംഗ്ലണ്ട് ഗോള്‍വലയുടെ വലതുമൂലയില്‍ വന്നുപതിച്ചു. ഗോളി ഒന്ന് അനങ്ങിയിട്ട് പോലുമുണ്ടായിരുന്നില്ല. ഫ്രാന്‍സ് ഇംഗ്ലണ്ടിനൊപ്പം!

രണ്ട് മിനിറ്റിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്റിയെ ഇംഗ്ലണ്ട് ഗോളി ഡേവിഡ് ജെയിംസ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്യുന്നു. റഫറി പെനാല്‍റ്റി സ്‌പോട്ടിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. പെനാല്‍റ്റി കിക്കെടുക്കാനെത്തുന്നത് സിനദിന്‍ സിദാന്‍. സിദാന് പിഴച്ചില്ല. അയാള്‍ അനായാസം ഗോള്‍ നേടുന്നു. ഫ്രഞ്ച് താരങ്ങളുടെ ആഘോഷം. ഇതിനിടെ റഫറിയുടെ ഫൈനല്‍ വിസില്‍. ഫ്രാന്‍സിന് ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും അവിശ്വസനീയമായൊരു ജയം.



