കെ.ശ്രീജിത്ത്
സോള്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മൈതാനത്തേയ്ക്ക് സെനഗലിന്റെ സ്റ്റാഫും സബ്സ്റ്റിറ്റിയൂട്ടുകളും പാഞ്ഞെത്തി. അവര്‍ സെനഗല്‍ താരങ്ങളെ കെട്ടിപ്പിടിച്ചു. സെനഗലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷമായിരുന്നു അത്. സാക്ഷാല്‍ സിനദിന്‍ സിദാന്റെ ഫ്രാന്‍സിനെ, നിലവിലെ ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ച് ലോകകപ്പില്‍ അരങ്ങേറിയ ദിവസം. ലോകകപ്പ് മത്സരങ്ങള്‍ക്കായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഏഷ്യന്‍ ഭൂഖണ്ഡത്തിലേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ ഇത്രയും വലിയൊരു ജയം അവരുടെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.

സെനഗല്‍ എന്ന പേര് പോലും ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ലാത്ത കാലം. ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മോഹിപ്പിക്കുന്ന കിരീടമായ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോലും അന്ന് സെനഗല്‍ നേടിയിട്ടുണ്ടായിരുന്നില്ല. പിന്നെയല്ലെ ലോകകപ്പ്. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെയും ആരാധകരെയും ഫുട്‌ബോള്‍ പണ്ഡിതന്‍മാരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് 2002 ലോകകപ്പില്‍ സെനഗല്‍ അരങ്ങേറി. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ സകലരെയും അമ്പരിപ്പിച്ചുകൊണ്ടായിരുന്നു ആഫ്രിക്കന്‍ നൃത്തച്ചുവടുമായി കളിക്കളത്തില്‍ നിറഞ്ഞ സെനഗല്‍ ഫ്രാന്‍സിനെ വാരിക്കളഞ്ഞത്. ഫ്രാന്‍സ് ചിന്തിക്കുക പോലും ചെയ്യാത്ത തോല്‍വി. അങ്ങനെ ആ ലോകകപ്പ് പൊടുന്നനെ, നിനച്ചിരിക്കാത്ത അട്ടിമറിയുമായി തുടങ്ങി. യൂറോപ്പിനോ അമേരിക്കയ്‌ക്കോ പുറത്ത് ഇതാദ്യമായി നടന്ന ലോകകപ്പിന് ഗംഭീര തുടക്കം. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയുമായിരുന്നു ആതിഥേയര്‍. ആദ്യമായിട്ടായിരുന്നു രണ്ട് രാജ്യങ്ങളിലായി ലോകകപ്പ് നടക്കുന്നതും.

ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മേധാവിത്തം. എന്നാല്‍ സെനഗല്‍ ശക്തമായി ചെറുത്തുനിന്നു. 22-ാം മിനിറ്റില്‍ ഡേവിഡ് ട്രെസഗെയുടെ ഒരുഗ്രന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഫ്രാന്‍സിനെ നിരാശപ്പെടുത്തി. എട്ട് മിനിറ്റിന് ശേഷം ആ ചരിത്ര ഗോള്‍ പിറന്നു. പാപ്പ ബൗബ ദിയോപ്പ് എന്ന ഇരുപത്തിനാലുകാരനെയാണ് ഫുട്‌ബോളിലെ എക്കാലത്തെയും സുന്ദര നിമിഷങ്ങളിലൊന്നിന് ഉടമയാകാന്‍ കാലം കരുതിവെച്ചിരുന്നത്. എന്നാല്‍ ആ ഗോളിന് വഴിയൊരുക്കിയ എല്‍ഹാജി ദിയൂഫിനെയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാകില്ല. അക്കൊല്ലത്തെ ആഫ്രിക്കന്‍ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട ദിയൂഫ്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്ത് ദിയൂഫിന് എത്തിച്ചുകൊടുത്തത് പ്രതിരോധനിരക്കാരനായ ഒമര്‍ ദാഫ് ആയിരുന്നു. ആ ഗോളിന്റെ ശില്പിയായി ഒട്ടേറെപ്പേര്‍ കണ്ടിരുന്നതും ഒമര്‍ ദാഫിനെയാണ്. ഫ്രാന്‍സിന്റെ കളിക്കാരനില്‍ നിന്ന് തട്ടിയെടുത്ത പന്ത് ഒമര്‍ ദാഫ് ഇടതുപാര്‍ശ്വത്തുണ്ടായിരുന്ന എല്‍ഹാജി ദിയൂഫിന് നീട്ടിക്കൊടുക്കുന്നു. വല്ലവിധേനയും പന്ത് നിയന്ത്രണത്തിലാക്കിയ ദിയൂഫ് ഫ്രാന്‍സിന്റെ സെന്റര്‍ ബാക്ക് ഫ്രാങ്ക് ലെബോഫിനെ മറികടന്ന് പാപ്പ ബൗബ ദിയോപ്പിന് ക്രോസ് നല്‍കുന്നു. ദിയോപ്പിനൊപ്പം ഓടിയെത്തിയ ഫ്രാന്‍സ് ഡിഫന്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റിനാണ് പന്ത് ആദ്യം കിട്ടുന്നത്. പെറ്റിറ്റ് അത് ഗോളി ഫാബിയന്‍ ബാര്‍ത്തേസിലേയ്ക്ക് തട്ടിയിട്ടെങ്കിലും സ്ലൈഡ് ചെയ്യുകയായിരുന്ന ബാര്‍ത്തേസിന് അത് നിയന്ത്രണത്തിലാക്കാനായില്ല. പന്ത് ബാര്‍ത്തേസിന്റെ കൈയില്‍ തട്ടി ദിയൂപ്പിലേയ്‌ക്കെത്തുന്നു. ദിയൂപ്പ് അത് വലയിലേയ്ക്ക് തട്ടിയിടുന്നു. ലോകം ഞെട്ടിത്തരിച്ചുപോയ നിമിഷം. കാലം അതിന്റെ നീതി നടപ്പിലാക്കിയ നിമിഷം. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ കൊത്തിവെച്ച നിമിഷം. സെനഗല്‍ ഒരു ഗോളിന് മുന്നില്‍. തുടര്‍ന്ന് കോര്‍ണര്‍ ഫഌഗിനടുത്ത് സെനഗല്‍ താരങ്ങളുടെ നൃത്തച്ചുവടുകളോടെയുള്ള ആഘോഷം. ഗോളടിച്ച ദിയൂപ്പിന്റെ ജേഴ്‌സി നിലത്തിട്ട് അതിന് ചുറ്റും നൃത്തച്ചുവടുകളുമായി കറങ്ങിയായിരുന്നു അവര്‍ ആ ഗോള്‍ ആഘോഷിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മവിലാപത്തിന് മുകളിലുയര്‍ന്ന അനശ്വരമായ സംഗീതം പോലെയായിരുന്നു അത്. അന്നത്തെ സെനഗലിന്റെ ഫ്രഞ്ച് കോച്ച് ബ്രൂണോ മെത്‌സു വര്‍ഷങ്ങള്‍ക്കുശേഷം ആ ഗോളിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു – അതൊരു മനോഹരമായ ഗോളായിരുന്നില്ല. എന്നാല്‍ അത് വളരെ പ്രധാനപ്പെട്ട ഒരു ഗോളായിരുന്നു.

സെനഗലിന്റെ ഗോളിനെത്തുടര്‍ന്ന് ഫ്രാന്‍സ് ഗോള്‍ മടക്കാനുള്ള ശ്രമം സജീവമാക്കി. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. എന്നാല്‍ സെനഗല്‍ ഗോളി ടോണി സില്‍വയെ മറികടക്കാന്‍ ഫ്രാന്‍സ് താരങ്ങള്‍ക്കായില്ല. കൂടുതല്‍ ഗോളടിക്കാന്‍ സെനഗലിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രോസ് ബാര്‍ തടസമായി. കലീലൗ ഫാദിഗയുടെ ഒന്നാന്തരമൊരു അടി ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. രണ്ട് മിനിറ്റിന് ശേഷം ഫ്രാന്‍സിന്റെ സൂപ്പര്‍താരം തിയറി ഓന്റിയുടെ ഒരു അടിയും ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. അതോടെ സെനഗലിന്റെ ചരിത്ര വിജയം തടുക്കാന്‍ ഫ്രാന്‍സിനായില്ല. ഫ്രാന്‍സിന്റെ അനിവാര്യമായ പതിനത്തിന്റെ ഫൈനല്‍ വിസില്‍ റഫറി മുഴക്കിയപ്പോള്‍ സിനദിന്‍ സിദാനെയും തിയറി ഓന്റിയെയും പോലുള്ള ഇതിഹാസ താരങ്ങള്‍ തല കുമ്പിട്ട് മൈതാനത്തിരുന്നു.

ഈ മത്സരവിജയത്തെക്കുറിച്ച് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു-സെനഗലിന്റെ ഫ്രഞ്ച് കോച്ച് ബ്രൂണോ മെത്സു മത്സരശേഷം പറഞ്ഞു. ഞങ്ങളുടെ കളിക്കാര്‍ക്കും സെനഗലിലെ ജനങ്ങള്‍ക്കും കിട്ടിയ മഹത്തായ പാരിതോഷികമാണ് ഈ ജയം. ഞങ്ങള്‍ക്ക് തന്ത്രപരമായൊരു ഗെയിം പ്ലാന്‍ ഉണ്ടായിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ മുന്നേറ്റനിരയില്‍ ദിയൂഫിനെ അയാളുടെ പാട്ടിന് വിട്ടു. ഫ്രാന്‍സിനെ ബോധപൂര്‍വം മധ്യനിരയില്‍ തടഞ്ഞു. ഫ്രാന്‍സിനെപ്പോലൊരു ടീമിനെതിരെ കളിക്കുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് മാറാന്‍ തയ്യാറാകണം. ഈ ലോകകപ്പിലെ ജമൈക്കയാകാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പുതന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞങ്ങളൊരു ഗൗരവമുള്ള ടീമാണെന്ന് ഇന്ന് തെളിയിച്ചു എന്ന് മെത്‌സു വിശദീകരിച്ചു.

ഫ്രാന്‍സിന്റെ കോച്ച് റോജര്‍ ലെമേറെ സെനഗല്‍ കോച്ചിനെയും സെനഗല്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറയെയും അഭിനന്ദിച്ചു. എന്റെ സുഹൃത്ത് ബ്രൂണോ മെത്‌സു കൃത്യമായ ഒരു പദ്ധതിയോടെയാണ് വന്നത്. അയാളത് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അവര്‍ ഒരു സംഘമായും ഒറ്റയ്‌ക്കൊറ്റയ്ക്കും ഞങ്ങളെ തടഞ്ഞുനിര്‍ത്തി. സെനഗല്‍ അന്ന് വിജയം അര്‍ഹിച്ചിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ച് സെന്റര്‍ബാക്ക് ഫ്രാങ്ക് ലെബോഫ് പറഞ്ഞു. അവര്‍ വളരെ നന്നായാണ് കളിച്ചത്. ഞങ്ങള്‍ അവരെ ബഹുമാനിച്ചിരുന്നു. എന്തുകൊണ്ടും അര്‍ഹിച്ച വിജയമാണ് അവര്‍ നേടിയത്. ഫ്രാന്‍സിന് അതൊരു ഷോക്കായിരുന്നു. ചില സമയത്ത് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മറ്റ് ചിലപ്പോള്‍ പ്രതികൂലവും-ലെബോഫ് പറഞ്ഞു.

ആ ലോകകപ്പില്‍ സെനഗല്‍ കുതിപ്പ് തുടര്‍ന്നു. അടുത്ത രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും അവര്‍ സമനില നേടി. ഡെന്‍മാര്‍ക്കും യുറുഗ്വായുമായിരുന്നു എതിരാളികള്‍. യുറുഗ്വായ്‌ക്കെതിരെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു സെനഗല്‍. എന്നാല്‍ പിന്നീട് യുറുഗ്വായ് മൂന്ന് ഗോളും തിരിച്ചടിച്ചു. സെനഗലിന്റെ കളി ഒരുഘട്ടത്തിലും ബോറടിപ്പിച്ചില്ല. ഒട്ടും നിനച്ചിരിക്കാതെയുള്ള സെനഗലിന്റെ ആക്രമണങ്ങള്‍ എതിരാളികള്‍ക്കെല്ലാം കടുത്ത ഭീഷണി ഉയര്‍ത്തി. ഡെന്‍മാര്‍ക്കിനെതിരെ സെനഗല്‍ നേടിയ ഗോള്‍ ആ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു. രണ്ടാം പകുതിയിലിറങ്ങിയ ഹെന്റി കമാറ റൈറ്റ് ബാക്ക് സ്ഥാനത്തുനിന്ന് ഡെന്‍മാര്‍ക്കിന്റെ മാര്‍ട്ടിന്‍ ജോര്‍ഗെന്‍സനെ മുന്നോട്ടുപോകാന്‍ വിടാതെ തടയുന്നു. ജോര്‍ഗെന്‍സനില്‍ നിന്ന് പിടിച്ചെടുത്ത പന്ത് കമാറ വലതുവിങിലുള്ള എല്‍ഹാജി ദിയൂഫിന് നല്‍കുന്നു. പന്ത് കിട്ടിയപാടെ ദിയൂഫ് ഒരു ഫഌക്കിലൂടെ അത് സാലിഫ് ദിയാവോയ്ക്ക് നല്‍കുന്നു. ദിയാവോ അത് ഇടതുവിങില്‍ ഫാദിഗയ്ക്ക് നല്‍കി പെനാല്‍റ്റി ബോക്‌സിലേയ്ക്ക് ഓടിക്കയറുന്നു. പിന്നീട് ഫാദിഗ ആ പന്ത് ദിയാവോയ്ക്ക് തന്നെ മടക്കിനില്‍കുകയും അയാളത് ഗോള്‍പോസ്റ്റിലേയ്ക്ക് തട്ടിയിടുകയും ചെയ്യുന്നു. ഇതോടെ ഇരുടീമുകളും ഓരോ ഗോളടിച്ച് തുല്യനിലയിലായി.

ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്തതോടെ പ്രീക്വാര്‍ട്ടറില്‍ സ്വീഡനായിരുന്നു സെനഗലിന്റെ എതിരാളി. മത്സരത്തിന്റെ പതിനൊന്നാമത്തെ മിനിറ്റില്‍ ഹെന്റിക് ലാര്‍സനിലൂടെ സ്വീഡനാണ് ആദ്യം ഗോളടിച്ചത്. മുപ്പത്തേഴാം മിനിറ്റില്‍ ഹെന്റി കമാറയിലൂടെ സെനഗല്‍ ഒപ്പമെത്തി. എക്‌സ്ട്രാ ടൈമിന്റെ പതിനാലാം മിനിറ്റില്‍ കമാറ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടതോടെ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. കമാറയുടെ ഗോള്‍ഡന്‍ ഗോളിന് മിനിറ്റുകള്‍ക്ക് മുമ്പ് സ്വീഡന്‍ താരങ്ങളിലൊരാളുടെ അടി ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു അട്ടിമറിവീരന്‍മാരായ തുര്‍ക്കിയായിരുന്നു സെനഗലിന്റെ എതിരാളികള്‍. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിന്റെ നാലാമത്തെ മിനിറ്റില്‍ ഇല്‍ഹാന്‍ മാന്‍സിസ് നേടിയ ഗോള്‍ഡന്‍ ഗോളിലൂടെ തുര്‍ക്കി സെമിയിലെത്തി. സെനഗലിന്റെ സ്വപ്‌നസമാനമായ പടയോട്ടത്തിന് അതോടെ അവസാനമായി. 1990ല്‍ മറ്റൊരു ആഫ്രിക്കന്‍ ശക്തികളായ കാമറൂണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ശേഷം ആ നേട്ടം കൈവരിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ ടീമായി തല ഉയര്‍ത്തിയാണ് സെനഗല്‍ മടങ്ങിയത്. 90ല്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന അര്‍ജന്റീനയെ കാമറൂണ്‍ അട്ടിമറിച്ചെങ്കില്‍ ആ പാത പിന്തുടര്‍ന്ന് സെനഗല്‍ ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചു. അന്ന് റോജര്‍ മില്ലയായിരുന്നു കാമറൂണിന്റെ പ്രേരകശക്തിയെങ്കില്‍ സെനഗലിന് ആ സ്ഥാനത്ത് ഒന്നിലധികം കളിക്കാരുണ്ടായിരുന്നു. ലോകകപ്പിനെത്തുമ്പോള്‍ ഫിഫ റാങ്കിംഗില്‍ നാല്പത്തിരണ്ടാം സ്ഥാനത്തായിരുന്നു സെനഗല്‍. ആഫ്രിക്കയില്‍ നിന്ന് ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടിയ അഞ്ച് ടീമുകളില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തായിരുന്നു അവര്‍ ലോകകപ്പിനെത്തിയത്. ലോകകപ്പിലെ മുപ്പത്തിരണ്ട് ടീമുകളില്‍ മുപ്പത്തൊന്നാമതും. ആ ടീമാണ് വമ്പന്‍ ടീമുകളെ വിറപ്പിച്ചുകൊണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയത്.

ആദ്യ കളിയില്‍ ഫ്രാന്‍സിനെ തോല്പിച്ച ശേഷം അലസരാകരുതെന്ന് തന്റെ ശിഷ്യന്‍മാരെ ഓര്‍മിപ്പിച്ച ക്രോച്ച് ബൂണോ മെത്സു കൂടുതല്‍ ഉയരങ്ങള്‍ സ്വപ്‌നം കാണാന്‍ അവരെ പ്രേരിപ്പിച്ചു. ഫ്രാന്‍സിനെ തോല്പിച്ചതിന്റെ ആഘോഷത്തില്‍ നിന്ന് മുക്തരാകാനും ആകാശത്തുനിന്ന് ഭൂമിയിലേയ്ക്ക് ഇറങ്ങിവരാനും മെത്‌സു കളിക്കാരോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിനെ തോല്പിച്ച് കിട്ടിയ മൂന്ന് പോയിന്റില്‍ തൃപ്തിപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തുപോകുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും മെത്‌സു തന്റെ കളിക്കാരോട് പറഞ്ഞു. ആശാന്റെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച ശിഷ്യന്‍മാര്‍ കൂടുതല്‍ ഉയരങ്ങങ്ങളും ഹൃദയങ്ങളും കീഴടക്കി തന്നെയാണ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. മെത്‌സു പറഞ്ഞതുപോലെ അതില്‍ കുറഞ്ഞതൊന്നും പ്രതിഭാശാലികളും നിര്‍ഭയരുമായ ആ സംഘത്തിന് നേടാനാകുമായിരുന്നില്ല.



