കെ.ശ്രീജിത്ത്
ലിയണല്‍ മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസം. കോണ്‍ഫെഡറേഷന്‍സ് കപ്പും കോപ്പ അമേരിക്കയും ലോകകപ്പും ജയിച്ച് സമകാലിക ലോകഫുട്‌ബോളിലെ രാജാവ്. എട്ട് തവണ ബാലന്‍ ദ്യോറും മൂന്ന് തവണ ഫിഫയുടെ മികച്ച പുരുഷ താരമായും തെരഞ്ഞെടുക്കപ്പെട്ട അപൂര്‍വ പ്രതിഭ. ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ രണ്ട് തവണ നേടിയിട്ടുള്ള ഒരേയൊരു താരം. ആ മെസ്സി, കളിയുടെ അവസാന അര മണിക്കൂര്‍ മാത്രം കളിക്കാനിറങ്ങി നേടിയ ഒരു ഹാട്രിക്കുണ്ട്. അപൂര്‍വമായൊരു ഹാട്രിക്ക്.

2016ലെ കോപ്പ അമേരിക്ക. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന കളിക്കുന്നത് ദുര്‍ബലരായ പനാമയ്‌ക്കെതിരെ. കളിയുടെ തുടക്കത്തില്‍ ലിയോണല്‍ മെസ്സി പകരക്കാരുടെ ബെഞ്ചിലിരുന്ന് കളി കാണുകയാണ്. അയാള്‍ ആദ്യ ഇലവനില്‍ ഇറങ്ങുന്നില്ല. ഏഴാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡിയിലൂടെ അര്‍ജന്റീന ലീഡെടുക്കുന്നു. പിന്നെ ആദ്യ പകുതിയില്‍ ഗോളൊന്നും വീഴുന്നില്ല. രണ്ടാം പകുതി തുടങ്ങി 15 മിനിറ്റ് കഴിയുമ്പോഴും ഗോള്‍ നില 1-0 എന്നുതന്നെ. ഒടുവില്‍ കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അര്‍ജന്റീന തങ്ങളുടെ മാലാഖയെ ഇറക്കാന്‍ തീരുമാനിക്കുന്നു. അയാളിറങ്ങി എട്ടാം മിനിറ്റില്‍ത്തന്നെ അര്‍ജന്റീനയെ 2-0 എന്ന സ്‌കോറിന് മുന്നിലെത്തിക്കുന്നു. പ്രസിദ്ധമായ ആ ഇടംകാലനടിയിലൂടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്.
തുടര്‍ന്നും അയാള്‍ മൈതാനത്ത് ഒഴുകിപ്പരക്കുന്നു. 78-ാം മിനിറ്റില്‍ വീണ്ടും അയാള്‍ തന്റെ മാജിക്ക് പുറത്തെടുക്കുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നെടുക്കുന്ന ഫ്രീകിക്ക്. വായുവിലൂടെ വളഞ്ഞുപുളഞ്ഞുവന്ന പന്ത് പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് ചാഞ്ഞിറങ്ങുന്നു. വായുവില്‍ മുഴുനീള ഡൈവ് ചെയ്തിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായനാകുന്ന പനാമന്‍ ഗോളി. ഇതിഹാസത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗോള്‍. പിന്നീട് ആ മാജിക്ക് കണ്ടത് 87-ാമത്തെ മിനിറ്റിലായിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ പനാമയുടെ ഡിഫന്‍ഡറെ ഇടത്തോട്ട് വെട്ടിയൊഴിഞ്ഞ് ഇടംകാല്‍ കൊണ്ടൊരു തകര്‍പ്പന്‍ ഷോട്ട്. പന്ത് ഗോള്‍പോസ്റ്റിന്റെ വലതുമൂലയില്‍ ഭദ്രം. ഇത്തവണയും പനാമന്‍ ഗോളി ഡൈവ് ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. അങ്ങനെ അതിസുന്ദരമായൊരു മെസ്സി ഹാട്രിക്ക് പൂര്‍ത്തിയാകുന്നു.
തൊണ്ണൂറാം മിനിറ്റില്‍ സെര്‍ജി അഗ്യൂറോ കൂടി ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന പനാമയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പിക്കുന്നു.



