കെ.ശ്രീജിത്ത്
ആ മുറി കണ്ടാല്‍ ഒരു മരുന്നുഷോപ്പാണെന്ന് തോന്നും. അത്രമാത്രം മരുന്നുകളും കുപ്പികളുമെല്ലാം അവിടെ നിറഞ്ഞുകിടന്നു. 1994ല്‍ അമേരിക്കയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനെത്തിയ സാക്ഷാല്‍ ഡിഗോ മറഡോണയുടെ ബോസ്റ്റണിലെ ഹോട്ടല്‍ മുറിയായിരുന്നു അത്. എന്തുതരം മരുന്നുകളാണ് അതെന്ന ചോദ്യത്തിന് മറഡോണയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. കാരണം ആ മരുന്നുകളെക്കുറിച്ച് അറിയുന്നത് ഡാനിയേല്‍ സെറിനിയ്ക്കാണ്.

ആരാണ് ഈ ഡാനിയേല്‍ സെറിനി? ആരും അന്നേവരെ സെറിനിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം അയാള്‍ മറഡോണയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നു. മറഡോണയോട് ചോദിച്ചപ്പോള്‍ അയാളും തനിക്കൊപ്പം അത്തവണത്തെ ലോകകപ്പിന് അമേരിക്കയിലേയ്ക്കുണ്ടാകുമെന്നു മാത്രമായിരുന്നു മറുപടി. മറഡോണയുടെ ബോഡിബില്‍ഡറായിരുന്നു അയാളെന്ന് പിന്നീടറിഞ്ഞു.
ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയൊരു വിവാദത്തിലേക്കുള്ള പാത ആ നിമിഷം വെട്ടപ്പെടുകയായിരുന്നു. ഒരു വില്ലനിലേയ്ക്കുള്ള സെറിനിയുടെ യാത്ര അവിടെ തുടങ്ങി. അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ വര്‍ഷങ്ങളോളം വേട്ടയാടിയ, ഒരു കുപ്രസിദ്ധ സംഭവത്തിന്റെ അടിവേര് ഡാനിയേല്‍ സെറിനി എന്ന ആ മനുഷ്യനായിരുന്നു.

ലോകകപ്പ് തുടങ്ങി. ഗ്രീസിനെതിരെ നാല് ഗോളിന്റെ വമ്പന്‍ ജയത്തോടെ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ തുടക്കം. ആ മത്സരത്തില്‍ തന്റെ ഗതകാല പ്രതാപത്തെ അനുസ്മരിപ്പിക്കുംവിധം ഒരു ഗോളും നേടി. നെജീരിയയ്‌ക്കെതിരായിരുന്നു അടുത്ത മത്സരം. കളിയുടെ 90 മിനിറ്റും ഊര്‍ജസ്വലതയോടെ ഓടിക്കളിച്ച മറഡോണ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയത്തിലേയ്ക്ക് നയിക്കുന്നു. ആ കളിയിലെ മറഡോണയുടെ ഫിറ്റ്‌നസ് കണ്ട അധികൃതര്‍ക്ക് സംശയം തോന്നി. 34-ാമത്തെ വയസില്‍ മറഡോണയ്ക്ക് ഇത്രയും ഊര്‍ജമോ? അതും മയക്കുമരുന്നും മദ്യവും വേണ്ടുവോളം സേവിക്കുന്ന മറഡോണയ്ക്ക്? ആ സംശയം ഉത്തേജക മരുന്ന് പരിശോധനയിലേയ്ക്കാണ് നയിച്ചത്. സംശയിച്ചവര്‍ക്ക് തെറ്റിയില്ല. പരിശോധനയുടെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. മറഡോണയുടെ സാംപിളില്‍ എഫെഡ്രിന്‍ എന്ന നിരോധിത മരുന്നിന്റെ അംശങ്ങള്‍ കണ്ടെത്തി. ഊര്‍ജസ്വലതയും ഓടിക്കളിക്കാനുള്ള ശേഷിയും ശരീരഭരം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ മരുന്നായിരുന്നു എഫെഡ്രിന്‍. അതോടെ മറഡോണ ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടു. 15 മാസത്തെ സസ്‌പെന്‍ഷന്‍.

എഫെഡ്രിനൊപ്പം മറ്റ് നാല് നിരോധിത മരുന്നുകള്‍ കൂടി മറഡോണയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു എന്ന വിവരം പിന്നീട് പുറത്തുവന്നു. അതായത് പല നിരോധിത മരുന്നുകള്‍ മറഡോണ കഴിച്ചിട്ടുണ്ടാകണം. ബോഡി ബില്‍ഡിംഗിന്റെ പേരില്‍ ഡാനിയേല്‍ സെറിനി കൊടുത്തതായിരിക്കാം ഈ മരുന്നുകളെന്ന സംശയം ഉയര്‍ന്നു. വാര്‍ത്ത പുറത്തുവന്ന ആ നിമിഷം തന്നെ അര്‍ജന്റീനിയന്‍ ടീമിന്റെ ഡോക്ടര്‍മാര്‍ സെറിനിയുടെ മുറിയിലേയ്ക്ക് ഇരച്ചുകയറി. സെറിനിയെ ചുമരിനോട് ചേര്‍ത്തുപിടിച്ച് അവര്‍ അലറി – എന്താണ് നീ മറഡോണയ്ക്ക് കൊടുത്തത്? അടുത്ത നിമിഷം തന്നെ അര്‍ജന്റീന ക്യാംപില്‍ നിന്ന് സെറിനി പുറത്താക്കപ്പെടുകയും അയാളെ അര്‍ജന്റീനയിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. രാജ്യത്ത് തിരിച്ചെത്തിയ സെറിനി കണ്ടത് അവിടെ ഒരു കലാപം നടക്കുന്നതായിരുന്നു.

മറഡോണയില്ലാതെ ലോകകപ്പില്‍ തുടര്‍ന്ന അര്‍ജന്റീന ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബള്‍ഗേറിയയോടും പ്രീക്വാര്‍ട്ടറില്‍ റൊമേനിയയോടും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മറഡോണ ലോകകപ്പില്‍ നിന്ന് പുറത്തായതുമായി ബന്ധപ്പെട്ട് പിന്നീട് ഒട്ടേറെ ഗൂഢാലോചനാ കഥകള്‍ പുറത്തുവന്നു. രാഷ്ട്രീയമായതും അല്ലാത്തതുമായ കാരണങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് വാദിക്കപ്പെട്ടു. എങ്കിലും ആ സംഭവത്തില്‍ ഡാനിയേല്‍ സെറിനിയുടെ പങ്കിനെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ലായിരുന്നു.



