കെ.ശ്രീജിത്ത്
2006ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍… ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള പോരാട്ടം…
കളിയുടെ ഏഴാം മിനിറ്റ്… ഫ്രാന്‍സിന് ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ അവരുടെ ഇതിഹാസ താരം സിനദിന്‍ സിദാന്‍ തയ്യാറെടുത്തു. പന്ത് തടുക്കാന്‍ ഇറ്റലിയുടെ വിഖ്യാത ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ബഫണും തയ്യാര്‍… എന്തും സംഭവിക്കാം… സിദാന്‍ പെനാല്‍റ്റി കിക്കെടുക്കുന്നു. പെനാല്‍റ്റി സ്‌പോട്ടിലിരിക്കുന്ന പന്തിന് അടിവശത്തായി വലതുകാല്‍ കൊണ്ട് സിദാന്‍ നേരിയതായി ചെത്തിയിട്ട പന്ത് വലതുഭാഗത്തേയ്ക്ക് ചാടിയ ബഫണിന്റെ ഇടതു ഭാഗത്ത് തലയ്ക്കുമുകളിലായി ക്രോസ് ബാറിന് അടിയില്‍ തട്ടി ഗോള്‍വരയ്ക്കുള്ളില്‍ ഏതാണ്ട് മധ്യത്തിലായി വീണു… ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍… സ്‌റ്റേഡിയം ഇരമ്പിയാര്‍ത്തു. ആ പെനാല്‍റ്റി കണ്ട ഫുട്‌ബോള്‍ ആരാധകരെല്ലാം ഒരു കാര്യം സമ്മതിച്ചു. അങ്ങനെയൊരു പരീക്ഷണ കിക്ക് എടുക്കാനുള്ള സിദാന്റെ അസാമാന്യ ധൈര്യത്തെ… അതോടൊപ്പം എന്തുതരം കിക്കാണ് അതെന്ന് ആരാധകരെല്ലാം അന്തംവിട്ട് സ്വയം ചോദിച്ചു…

അതിന്റെ പേരായിരുന്നു പനേങ്ക കിക്ക്… അന്നുവരെ ലോകം അത്രയൊന്നും കേട്ട് പരിചയിച്ചിട്ടില്ലാത്ത ആ പേര് അതോടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മനഃപാഠമായി…
കിക്കിലെ ഈ സാങ്കേതികത ഏറ്റവും കൃത്യമായും മനോഹരമായും നടപ്പിലാക്കിയത് ചെക്ക് താരം അന്റോണിന്‍ പനേങ്ക ആയിരുന്നു. 1976ല്‍ ബെല്‍ഗ്രെഡില്‍ നടന്ന യുവേഫ യൂറോ ഫൈനലില്‍ പടിഞ്ഞാറന്‍ ജര്‍മനിയുടെ ഗോള്‍കീപ്പര്‍ സെപ്പ് മേയറിനെ ആയിരുന്നു അന്ന് അന്റോണിന്‍ പനേങ്ക പരാജയപ്പെടുത്തിയത്. അതോടെയാണ് ആ കിക്ക് പനേങ്ക കിക്ക് എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

പക്ഷേ, ഏറ്റവും അപകടകരമായ, റിസ്‌ക് വളരെയധികമുള്ള കിക്ക് ആണത്. നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും ഗോള്‍കീപ്പര്‍ക്ക് താരതമ്യേന എളുപ്പത്തില്‍ പിടിക്കാന്‍ കഴിയും എന്നതുകൊണ്ടാണത്. ഈയൊരു കാരണം കൊണ്ടുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അസാമാന്യ ധൈര്യമുള്ള, അതിപ്രശസ്തരായ ഇതിഹാസങ്ങളായ, അനന്തരഫലം എന്തായാലും നേരിടാന്‍ ത്രാണിയുള്ള താരങ്ങള്‍ മാത്രമാണ് ഇങ്ങനെ പെനാല്‍റ്റി കിക്ക് എടുത്തിട്ടുള്ളത്. 2012ലെ യൂറോ കപ്പില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരമായ ആന്ദ്രേ പിര്‍ലോ ഉദാഹരണം.



