കെ.ശ്രീജിത്ത്
1998ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകിരീടം നേടി ആറ് മാസത്തിന് ശേഷമാണ് കിലിയന്‍ എംബാപ്പെ ജനിച്ചത്. കാമറൂണ്‍കാരനായ വില്‍ഫ്രഡ് എംബാപ്പെയുടെയും അള്‍ജീരിയക്കാരിയായ ഫയ്‌സ ലമാരി എംബാപ്പെയുടെയും മകനായി ജനിച്ച കിലിയന്‍ എംബാപ്പെ പാരീസിന് തൊട്ടുപുറത്തുള്ള ബോണ്ടി എന്ന ചേരിയിലാണ് വളര്‍ന്നത്. സാധാരണ തൊഴിലാളികളും കറുത്തവര്‍ഗക്കാരും തിങ്ങിനിറഞ്ഞുപാര്‍ക്കുന്ന ബോണ്ടി കലാപത്തിനും സാമൂഹിക സംഘട്ടനങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഇടമാണ്. ക്രിമിനലുകള്‍ക്ക് വളക്കൂറുള്ള മണ്ണായിട്ടാണ് ആ ചേരി രാജ്യത്താകെ, പ്രത്യേകിച്ചും പാരീസില്‍ അറിയപ്പെട്ടത്. ആ ചേരിയിലാണ് കിലിയന്‍ എംബാപ്പെ ആറ് വയസ് മുതല്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങുന്നത്. അന്റോണിയോ റിക്കാഡിയെന്ന കോച്ചിന് കീഴിലായിരുന്നു എംബാപ്പെയുടെ ഫുട്‌ബോള്‍ പരിശീലനം.

അന്റോണിയോ റിക്കാഡി എംബാപ്പെയെക്കുറിച്ച് പറയുന്നത് ഇതാണ് – അവന്‍ വ്യത്യസ്തനായിരുന്നു. മറ്റ് കുട്ടികളെക്കാള്‍ വളരെക്കൂടുതല്‍ കഴിവുള്ളവനായിരുന്നു കിലിയന്‍. ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന അവന്റെ ഡ്രിബ്ലിംഗ് അത്യുല്യമായിരുന്നു. മറ്റ് കുട്ടികളെക്കാള്‍ അതിവേഗം അവന്‍ പന്തുമായി പാഞ്ഞു. ബോണ്ടിയില്‍ ഞാന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പരിശീലിപ്പിച്ചവരില്‍ ഏറ്റവും മികച്ചവന്‍ അവനായിരുന്നു. പാരീസില്‍ ഒട്ടേറെ പ്രതിഭകളുണ്ട്. പക്ഷെ അവനെപ്പോലൊരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല.

എ.എസ് ബോണ്ടി എന്ന ക്ലബില്‍ തന്റെ പ്രതിഭ തെളിയിച്ച ശേഷം എംബാപ്പെ ക്ലെയര്‍ഫോണ്ടെയ്ന്‍ അക്കാദമിയില്‍ ചേര്‍ന്നു. ഫ്രാന്‍സിലെ ഏറ്റവും മികച്ച യുവതാരങ്ങളുള്ള അക്കാദമിയായിരുന്നു അത്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ രാജ്യത്തുള്ള ഏറ്റവും മികച്ച പതിമൂന്ന് അക്കാദമികളില്‍ ഒന്നായിരുന്നു ക്ലെയര്‍ഫോണ്ടെയ്ന്‍. ഇവിടെനിന്നാണ് നിക്കോളസ് അനെല്‍ക്കെ, ഒളിവര്‍ ജിറൂദ്, ബ്ലെയ്‌സ് മറ്റിയൂഡി, തിയറി ഓന്റി എന്നിവരെല്ലാം വന്നത്. റയല്‍ മാഡ്രിഡ്, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക് പോലുള്ള ലോകപ്രശസ്ത ഫുട്‌ബോള്‍ ക്ലബുകള്‍ ക്ലെയര്‍ഫോണ്ടെയ്‌നിലെ എംബാപ്പെയുടെ വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഈ ക്ലബുകളെല്ലാം എംബാപ്പെയെ തങ്ങളോടൊപ്പം കൊണ്ടുവരാന്‍ ആഗ്രഹിച്ചു. എംബാപ്പെയ്ക്ക് വെറും 11 വയസ് മാത്രം പ്രായമുള്ളപ്പോള്‍ റയല്‍ മാഡ്രിഡ് അവര്‍ക്കൊപ്പം പരിശീലിക്കാന്‍ എംബാപ്പെയെ ക്ഷണിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷം ചെല്‍സിയുടെ യൂത്ത് ടീമുമായി ഒരു മത്സരം കളിക്കാനായി ലണ്ടനിലെത്തിയ എംബാപ്പെ അവിടെ എ സി മൊണാക്കോയ്‌ക്കൊപ്പം കളിക്കാന്‍ തുടങ്ങി. 2015-16 സീസണിലായിരുന്നു ഇത്. മൊണാക്കോയുടെ ബി ടീമില്‍ കളിക്കാന്‍ തുടങ്ങിയ എംബാപ്പെ വെറും മൂന്ന് ആഴ്ച കൊണ്ട് അവരുടെ പ്രധാന ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം ഡിസംബറില്‍ മൊണാക്കോയുടെ പ്രധാന ടീമില്‍ അരങ്ങേറുമ്പോള്‍ എംബാപ്പെയുടെ പ്രായം പതിനാറ്. ഇതോടെ ക്ലബിന്റെ ചരിത്രത്തില്‍ തന്നെ പ്രധാന ടീമില്‍ കളിക്കുന്ന ഏറ്റവും പ്രയം കുറഞ്ഞ കളിക്കാരനായി എംബാപ്പെ മാറി. തിയറി ഓന്റിയുടെ റെക്കോഡായിരുന്നു എംബാപ്പെ മറികടന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ എംബാപ്പെ മോണാക്കോയ്ക്ക് വേണ്ടിയുള്ള ആദ്യ ഗോള്‍ നേടി. ക്ലബിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ഇവിടെയും എംബാപ്പെ മറികടന്നത് തിയറി ഓന്റിയെ. ഒരു മാസത്തിനുശേഷം മാര്‍ച്ചില്‍ എംബാപ്പെ തന്റെ കരിയറിലെ ആദ്യ പ്രൊഫഷണല്‍ കരാറില്‍ മൊണാക്കോയുമായി ഒപ്പുവെച്ചു. ക്ലബില്‍ മൂന്ന് വര്‍ഷം തുടരാനായിരുന്നു കരാര്‍.

ഫ്രഞ്ച് ആഭ്യന്തര കപ്പായ കോപ്പെ ഡി ലാ ലിഗയില്‍ 2016 ഡിസംബറില്‍ എംബാപ്പെ തന്റെ ആദ്യ ഹാട്രിക് നേടി. 1997ന് ശേഷം മൊണാക്കോയ്ക്ക് വേണ്ടി ടൂര്‍ണമെന്റില്‍ ഹാട്രിക് നേടുന്ന കളിക്കാരനായി എംബാപ്പെ മാറി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ എംബാപ്പെ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്കും നേടി. 2005ല്‍ ജെറമി മെനസ് നേടിയതിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ നേടുന്ന ഹാട്രിക്കായിരുന്നു അത്. ആഴ്ചകള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ എംബാപ്പെ, കരീം ബെന്‍സെമയ്ക്ക് പിന്നില്‍ ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി. തൊട്ടടുത്ത മാസം ലീഗ് വണ്ണില്‍ രണ്ട് ഗോള്‍ നേടിയതോടെ ലീഗ് വണ്ണിലെ എംബാപ്പെ നേടിയ ഗോളുകളുടെ എണ്ണം പത്തായി. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു എംബാപ്പെ. 2016-17 സീസണില്‍ 26 ഗോള്‍ നേടിയ എംബാപ്പെ ലീഗ് വണ്ണില്‍ ചാമ്പ്യനായി. അപ്പോള്‍ 18 വയസ് മാത്രമായിരുന്നു എംബാപ്പെയുടെ പ്രായം.

2017-18 സീസണിന്റെ തുടക്കത്തില്‍ എംബാപ്പെയെ വായ്പയായി പാരീസ് സെന്റ് ജര്‍മന്‍ വാങ്ങി. 180 മില്യണ്‍ യൂറോയായിരുന്നു പ്രതിഫലം. റയല്‍ മാഡ്രിഡുമായി കടുത്ത മത്സരം നേരിട്ടാണ് പി.എസ്.ജി എംബാപ്പെ വാങ്ങിയത്. ലീഗ് വണ്ണിലും പിന്നീട് നാല് ദിവസത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കുവേണ്ടിയും അരങ്ങേറ്റത്തില്‍ തന്നെ എംബാപ്പെ ഗോള്‍ നേടി. ആ വര്‍ഷം ഡിസംബറില്‍ ചാമ്പ്യന്‍സ് ലീഗില്‍ തന്റെ പത്താമത്തെ ഗോള്‍ നേടിയ എംബാപ്പെ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 18 വയസും 11 മാസവുമായിരുന്നു എംബാപ്പെയുടെ പ്രായം. പി.എസ്.ജി 2017-18ലെ കോപ്പെ ഡി ഫ്രാന്‍സ് നേടുമ്പോള്‍ എംബാപ്പെ ടീമിലുണ്ടായിരുന്നു.

2018 ലോകകപ്പില്‍ പെറുവിനെതിരെ ഗോള്‍ നേടിയതോടെ ഫ്രാന്‍സിനുവേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ മാറി. 1958 ലോകകപ്പിലെ ഇതിഹാസതാരം പെലെയുടെ നേട്ടത്തിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം കൗമാരതാരമായും എംബാപ്പെ മാറി. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ഈ നേട്ടം. മത്സരം 4-3ന് ഫ്രാന്‍സ് ജയിച്ചു. ആ ലോകകപ്പിന്റെ ഫൈനലില്‍ എംബാപ്പെ ഗോള്‍ നേടിയപ്പോള്‍ പെലെയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം കൗമാര താരമായിരുന്നു എംബാപ്പെ. ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ യുവതാരമായി എംബാപ്പെ തിരഞ്ഞെടുക്കപ്പെട്ടു. വെറും പത്തൊമ്പതാമത്തെ വയസിലാണ് എംബാപ്പെ ലോകം കീഴടക്കിയത്.

അടുത്ത സീസണോടെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി എംബാപ്പെ മാറി. പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് വീണ്ടും നേടിയ എംബാപ്പെ 33 ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടി. ആ വര്‍ഷത്തെ ലീഗ് വണ്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. അമ്പത് വര്‍ഷത്തിനിടെ ഒരൊറ്റ മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും എംബാപ്പെ മാറി. ലിയോണിനെതിരെ വെറും 13 മിനിറ്റില്‍ നാല് ഗോള്‍ അടിച്ചുകൂട്ടിയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്.

2019-20 സീണില്‍ ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോള്‍ നേടിയ എംബാപ്പെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇരുപത് വയസും 306 ദിവസവുമായിരുന്നു എംബാപ്പെയുടെ പ്രായം. ലീഗ് വണ്ണില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടി. ലീഗില്‍ പി.എസ്.ജി ചാമ്പ്യന്‍മാരായതോടെ കോപ്പെ ഡി ഫ്രാന്‍സ്, കോപ്പെ ഡി ലാ ലിഗെ, ലീഗ് വണ്‍ എന്നീ മൂന്ന് കിരീടങ്ങളും ഉള്‍പ്പെടുന്ന അപൂര്‍വ ത്രിബിള്‍ നേട്ടം സ്വന്തമാക്കി.

2020-21ലും റെക്കോഡുകള്‍ തകര്‍ക്കുന്ന ശീലം എംബാപ്പെ തുടര്‍ന്നു. പി.എസ്.ജിക്കുവേണ്ടി നൂറ് ഗോള്‍ തികച്ച എംബാപ്പെ, ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം കളിക്കാരനായി. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ബാഴ്‌സലോണയ്‌ക്കെതിരെ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം താരമായും എംബാപ്പെ മാറി. സീസണില്‍ 27 ഗോള്‍ നേടി ലീഗ് വണ്ണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടി. എന്നാല്‍ 2020ലെ യൂറോ കിലിയന്‍ എംബാപ്പെയ്ക്ക് ദുരന്തമായി മാറി. ടൂര്‍ണമെന്റില്‍ ഒരൊറ്റ ഗോളും നേടാതിരുന്ന എംബാപ്പെ സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും അതുവഴി സ്വിറ്റ്‌സര്‍ലന്റ് കളി ജയിക്കുകയും ചെയ്തു. എന്നാല്‍ 2021ല്‍ ഫ്രാന്‍സിനെ യുവേഫ നാഷന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

2022 ലോകകപ്പിലും എംബാപ്പെ തന്റെ ഉജ്ജ്വല ഫോം തുടര്‍ന്നു. ഫൈനലിലെ ഹാട്രിക്ക്് അടക്കം ടൂര്‍ണമെന്റിലാകെ എട്ട് ഗോള്‍ നേടി ടോപ് സ്‌കോറര്‍ ആയി. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ് മടങ്ങേണ്ടിവന്നത് നിരാശയായി. പക്ഷെ, ഫൈനലില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം എംബാപ്പെ ഏതാണ്ട് ഒറ്റയ്ക്കാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിച്ചത്. ഷൂട്ടൗട്ടില്‍ എംബാപ്പെ ലക്ഷ്യം കണ്ടെങ്കിലും ഫ്രാന്‍സ് 2-4ന് തോറ്റു. അതോടെ തുടര്‍ച്ചയായി രണ്ടാം വട്ടവും ലോകചാമ്പ്യനാകാനുള്ള അവസരമാണ് എംബാപ്പെയ്ക്ക് നഷ്ടമായത്. അപ്പോഴും വ്യക്തിഗത റെക്കോഡ് നേടുന്നതില്‍ പഞ്ഞമുണ്ടായില്ല. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായി എംബാപ്പെ മാറി. നേരത്തെ ബ്രസീലിന്റെ വാവ 1958ലും 62ലും ഈ നേട്ടം കൈവരിച്ചിരുന്നു. 2022ലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്തും 2023 ബാലന്‍ദ്യോര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.

2021ല്‍ ബ്രസീലിയന്‍ ഇതിഹാസം പെലെ ഇങ്ങനെ പറയുകയുണ്ടായി: ഫുട്‌ബോളില്‍ എംബാപ്പെയ്ക്ക് എന്റെ അനന്തരാവകാശിയാകന്‍ കഴിഞ്ഞേക്കും. ഞാന്‍ വെറുതെ പറയുന്നതല്ല. വേഗത്തില്‍ കളിക്കാന്‍ കഴിയുന്ന അവനില്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു. കളിക്കളത്തില്‍ വളരെ പെട്ടെന്ന് ചിന്തിക്കുന്ന ആക്രമണകാരിയാണ് അവന്‍. പന്ത് സ്വന്തം കാലിലേയ്ക്ക് വരുമ്പോഴേയ്ക്കുത്തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് അവനറിയാം. കളിക്കളത്തില്‍ എങ്ങോട്ടൊക്കെ നീങ്ങണമെന്നതും ഏറ്റവും മികച്ച പരിഹാരം കണ്ടെത്താന്‍ കളിയെ എങ്ങോട്ട് നയിക്കണമെന്നതും അവന്‍ മനസില്‍ നേരത്തെത്തന്നെ ഉറപ്പിച്ചിട്ടുണ്ടാകും. ഇന്നത്തെ ഫുട്‌ബോളില്‍ ഇതെല്ലാം പ്രധാനപ്പെട്ട സവിശേഷതകളാണെന്നും പെലെ ചൂണ്ടിക്കാട്ടി.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന്റെ പത്താം വര്‍ഷത്തില്‍ പി.എസ്.ജി വിട്ട് എക്കാലത്തും തന്റെ ഇഷ്ട ക്ലബായ റയല്‍ മാഡ്രിഡിലെത്തിയിരിക്കുകയാണ് കിലിയന്‍ എംബാപ്പെ. ഇനിയും ചുരുങ്ങിയത് ഒരു ദശകം കൂടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഈ ഇരുപത്തഞ്ചുകാരന്‍ നിറഞ്ഞുനില്‍ക്കുമെന്നതില്‍ സംശയമില്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കളിക്കാരനും നേടിയിട്ടില്ലാത്തത്ര റെക്കോഡുകള്‍ സ്വന്തമാക്കിയ എംബാപ്പെയെ ഇനിയും ഒട്ടേറെ റെക്കോഡുകള്‍ കാത്തിരിക്കുന്നു. ഏറെ ചെറുപ്പത്തില്‍ ലോകകിരീടമടക്കം സ്വന്തമാക്കിയ കിലിയന്‍ എംബാപ്പെ എന്ന ഫ്രഞ്ച് ഇതിഹാസം എല്ലാ തടസങ്ങളെയും തട്ടിത്തെറിപ്പിച്ചുകൊണ്ട് മുന്നോട്ടൊഴുകുകയാണ്.



