Saturday, February 21, 2026
Google search engine
HomeSportLife Storyവീണുപോയ മുഹമ്മദ് ആമിര്‍

വീണുപോയ മുഹമ്മദ് ആമിര്‍

കെ.ശ്രീജിത്ത്

അന്നവന് വെറും പത്തൊമ്പത് വയസ് മാത്രമായിരുന്നു പ്രായം. ലോകക്രിക്കറ്റിലെ വരാനിരിക്കുന്ന നാളുകള്‍ അവന്റേതാണെന്ന് ക്രിക്കറ്റ് പണ്ഡിതരടക്കം ഉറപ്പിച്ചിരിക്കുന്ന സമയം. പക്ഷെ, ഒരൊറ്റ നിമിഷം കൊണ്ടാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. അവന്‍ ക്രിക്കറ്റ് വാതുവെയ്പില്‍ ഏര്‍പ്പെടുന്നു. മൂന്ന് മാസം ജയിലില്‍ കിടക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അവനെ വിലക്കുന്നു. ഉദിച്ചുയര്‍ന്ന ഒരു താരകം പെട്ടെന്ന് മേഘക്കീറുകള്‍ക്കിടയിലേയ്ക്ക് അപ്രത്യക്ഷമാകുന്നതുകണക്കെ അവന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് അപ്രത്യക്ഷനാകുന്നു. മുഹമ്മദ് ആമിര്‍ എന്നാണ് അവന്റെ പേര്. പാകിസ്താന്‍ പേസ് ബൗളര്‍.

2010 ഓഗസ്റ്റ് 26 മുതല്‍ 29 വരെ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് മത്സരമാണ് വേദി. മത്സരത്തില്‍ പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും ബോധപൂര്‍വം നോബോള്‍ എറിയുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. വാതുവെയ്പുകാരനായ മസ്ഹര്‍ മജീദില്‍ നിന്ന് പണം വാങ്ങിയായിരുന്നു മൂന്ന് പേരും ഇത് ചെയ്തത്. സംഭവത്തിന് പിന്നില്‍ ബോധപൂര്‍വമായ പദ്ധതി ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ബ്രിട്ടനില്‍ വാതുവെയ്പ് ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ മൂന്ന് പേരും ലണ്ടനില്‍ കുറച്ചുകാലം ജയിലില്‍ കിടന്നു. പിന്നീട് വിട്ടയച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മൂന്ന് പേര്‍ക്കും വിലക്കേര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേയ്ക്ക് മുഹമ്മദ് ആമിര്‍ ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷനായി. പിന്നീടയാള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തി. സല്‍മാന്‍ ബട്ടിന്റെയും മുഹമ്മദ് ആസിഫിന്റെയും കരിയര്‍ അവസാനിച്ചു.

ബ്രിട്ടനിലെ ടാബ്ലോയിഡ് ആയ ന്യൂസ് ഓഫ് ദ വേള്‍ഡ് ആണ് മുഹമ്മദ് ആമിര്‍ ഉള്‍പ്പെട്ട വാതുവെയ്പ് പുറത്തുകൊണ്ടുവന്നത്. 2010 ഓഗസ്റ്റ് മാസം ആദ്യം അവര്‍ സ്‌പോര്‍ട്‌സ് ഏജന്റും ക്രിക്കറ്റ് വാതുവെയ്പില്‍ ഏര്‍പ്പെട്ടിരുന്ന ആളുമായ മസ്ഹര്‍ മജീദുമായി ബന്ധം സ്ഥാപിക്കുന്നു. പിന്നീട് അവര്‍ ഒരു വീഡിയോ പുറത്തുവിടുന്നു. മസ്ഹര്‍ കൈക്കൂലി പണം എണ്ണുന്നതും ലോര്‍ഡ്‌സില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ മൂന്നാം ഓവര്‍ മുഹമ്മദ് ആമിര്‍ ബൗള്‍ ചെയ്യുമെന്നും ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയിരിക്കുമെന്നും പ്രവചിക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. മത്സരത്തിലെ മൂന്നാമത്തെ ഓവര്‍ ആമിര്‍ ബൗള്‍ ചെയ്യുകയും ആദ്യ പന്ത് നോബോള്‍ ആവുകയും ചെയ്യുന്നു. ഭീമമായ നോബോള്‍ ആണ് ആമിര്‍ എറിഞ്ഞിട്ടുള്ളതെന്നും ക്രീസിന് പുറത്ത് അര മീറ്ററോളം മുന്നിലായിരുന്നു ആമിറിന്റെ മുന്‍കാല്‍ എന്നും കമന്റേറ്റര്‍മാര്‍ പറയുന്നുണ്ട്. പത്താമത്തെ ഓവറിന്റെ ആറാമത്തെ പന്തും നോബോള്‍ ആയിരിക്കുമെന്ന് വീഡിയോയില്‍ മസ്ഹര്‍ പ്രവചിക്കുന്നുണ്ട്. മുഹമ്മദ് ആസിഫ് ആയിരുന്നു ആ ഓവര്‍ എറിഞ്ഞത്. മസ്ഹര്‍ മജീദ് പറഞ്ഞതുപോലെ ആ ഓവറിലെ ആറാമത്തെ പന്ത് നോബോളായിരുന്നു. സംഗതി വിവാദമായി. കളിക്കാര്‍ നിരപരാധികളാണെന്നായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ടിന്റെ വാദം. വിഷയം പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വരെ ചര്‍ച്ചയായി. 2010 സപ്തംബര്‍ നാലിന് ഐസിസി ആരോപണ വിധേയരായ മൂന്ന് കളിക്കാരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറായ വാജിദ് ഷംസുള്‍ ഹസ്സന്‍ കളിക്കാരെ കെണിയില്‍ വീഴ്ത്തിയതാണെന്ന വാദവുമായി രംഗത്തെത്തുകയും ഐ.സി.സിയുടെ നടപടിയെ അപലപിക്കുകയും ചെയ്തു.

തുടര്‍ന്ന് സല്‍മാന്‍ ബട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. ആസിഫും ആമിറും ബട്ടിന്റെ പാത പിന്തുടര്‍ന്ന് അപ്പീല്‍ നല്‍കി. ഖത്തറില്‍ വെച്ച് ഒക്ടോബര്‍ 30,31 തീയതികളില്‍ തെളിവെടുപ്പ് നടക്കുമെന്ന് ഐ സി സി പ്രഖ്യാപിച്ചു. തെളിവെടുപ്പ് ആരംഭിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുഹമ്മദ് ആസിഫ് തന്റെ അപ്പീല്‍ പിന്‍വലിച്ചു. തനിക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് കാരണമായി ആസിഫ് പറഞ്ഞത്. എന്നാല്‍ സല്‍മാന്‍ ബട്ടും മുഹമ്മദ് ആമിറും തങ്ങളുടെ അപ്പീലുമായി മുന്നോട്ടുപോയി. തുടര്‍ന്ന് ഐ സി സി തെളിവെടുപ്പ് യു.എ.ഇയിലേയ്ക്ക് മാറ്റി. സസ്‌പെന്‍ഷനെതിരായ കളിക്കാരുടെ പ്രാഥമിക അപ്പീല്‍ ഒക്ടോബര്‍ 31ന് ഐ സി സി തള്ളി. ബട്ടും ആമിറും ഐ സി സിക്കെതിരെ രംഗത്തെത്തി. തീരുമാനത്തിന്റെ കാരണം തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു ഇരുവരുടെയും പരാതി.

2011 ജനുവരിയില്‍ ഐ സി സി ഒരു ട്രിബ്യൂണലിനെ നിയമിച്ചു. മൈക്കല്‍ ബെലോഫ്, ആല്‍ബി സാക്ക്‌സ്, ശരദ് റാവു എന്നിവരായിരുന്നു ട്രിബ്യൂണല്‍ അംഗങ്ങള്‍. എന്നാല്‍ മൈക്കല്‍ ബെലോഫിന്റെ അംഗത്വത്തെ ബട്ടും ആമിറും എതിര്‍ത്തു. ഐ സി സി അച്ചടക്ക സമിതിയുടെ തലവന്‍ എന്ന നിലയില്‍ ബെലോഫ് ഐ സി സിക്ക് അനുകൂലമായെ നില്‍ക്കൂ എന്നായിരുന്നു കളിക്കാരുടെ വാദം. തന്റെ കക്ഷിക്ക് നീതി ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നുപറഞ്ഞ് സല്‍മാന്‍ ബട്ടിന്റെ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറി. ന്യൂസ് ഓഫ് ദ വേള്‍ഡ് ആണ് വാതുവെയ്പ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത് എന്നതിനാല്‍ കേസില്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരും ഉള്‍പ്പെടുമെന്ന് ഐ സി സി അറിയിച്ചു.

ഒടുവില്‍ 2011 ഫെബ്രുവരി അഞ്ചിന് ആ തീരുമാനമെത്തി. ഐ സി സി മൂന്ന് കളിക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി. സല്‍മാന്‍ ബട്ടിന് പത്ത് വര്‍ഷം. ഇതില്‍ അഞ്ച് വര്‍ഷം റദ്ദാക്കി. മുഹമ്മദ് ആസിഫിന് ഏഴ് വര്‍ഷം. ഇതില്‍ രണ്ട് വര്‍ഷം റദ്ദാക്കി. ഫലത്തില്‍ ഇരുക്രിക്കറ്റര്‍മാരും അഞ്ച് വര്‍ഷം വീതം വിലക്ക് നേരിടണം. മുഹമ്മദ് ആമിറിനും അഞ്ച് വര്‍ഷത്തെ വിലക്ക്.

വിലക്കിന് ശേഷം മുഹമ്മദ് ആമിര്‍ മാത്രം ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തി. 2016 ജനുവരിയിലായിരുന്നു ഇത്. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ ഉള്‍പ്പടെയുള്ളവര്‍ മുഹമ്മദ് ആമിറിനെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിര്‍ത്തു. രൂക്ഷമായ വിമര്‍ശനമായിരുന്നു റമീസ് രാജ നടത്തിയത്. താന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ താന്‍ ഏറ്റുവാങ്ങിക്കഴിഞ്ഞുവെന്നും ഇനി തന്നെ വെറുതെ വിടണമെന്നുമായിരുന്നു ആമിര്‍ വിമര്‍ശകരോടുള്ള ആമിറിന്റെ അപേക്ഷ. ഇതിനിടെ, 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ചാമ്പ്യന്‍മാരായപ്പോള്‍ മുഹമ്മദ് ആമിര്‍ ആയിരുന്നു ഹീറോ. എന്നാല്‍ 2019ല്‍ ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റാണ് ആമിറിന്റെ സമ്പാദ്യം. 2020ല്‍ മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് റമീസ് രാജ വന്നതോടെയായിരുന്നു ഇത്. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. എന്നാല്‍ പിന്നീട് ഈ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പില്‍ ആമിര്‍ പാകിസ്താന് വേണ്ടി കളിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്.

മുഹമ്മദ് ആമിര്‍ എന്ന പ്രതിഭയുടെ ക്രിക്കറ്റ് ജീവിതം അറബിക്കഥകളെ വെല്ലുന്നതാണ്. പാകിസ്താനിലെ ചങ്ക ബംഗിയാല്‍ എന്ന ഒരു ഉള്‍ഗ്രാമത്തില്‍ സദാ സമയവും ക്രിക്കറ്റ് ഭ്രാന്തുമായി നടന്ന ഒരു പയ്യന്‍. വാസിം അക്രം ആയിരുന്നു അവന്റെ ദൈവം. അക്രം ഫാസ്റ്റ് ബൗളര്‍ ആയതുകൊണ്ട് അവനും ഫാസ്റ്റ് ബൗളറായി. ഒരോവറിലെ ആറ് പന്തും യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന, പന്ത് ഏത് വശത്തേയ്ക്കും തിരിക്കാന്‍ കഴിയുന്ന, അതിവേഗതയുള്ള ഫാസ്റ്റ് ബൗളര്‍. ഗ്രാമത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും ചെറുപ്പത്തില്‍ അവന്‍ എറിഞ്ഞ പന്തുകള്‍ ഒന്ന് തൊടാന്‍ പോലും കഴിയുമായിരുന്നില്ല. അവന്റെ പ്രത്യേകമായ കഴിവില്‍ ആ ഗ്രാമം മുഴുവന്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള മുഹമ്മദ് ആമിര്‍ പന്ത്രണ്ടാമത്തെ വയസില്‍ ക്രിക്കറ്റ് പരിശീലനത്തിനായി റാവല്‍പിണ്ടിയിലെ ഒരു ക്രിക്കറ്റ് അക്കാദമിയിലെത്തുന്നു. 2003ലായിരുന്നു ഇത്. പതിനെട്ടാം വയസില്‍ പാകിസ്താന്‍ ദേശീയ ടീമില്‍ അരങ്ങേറുന്നതുവരെ അവന്‍ ആ അക്കാദമിയില്‍ തുടര്‍ന്നു.

2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഫാസ്റ്റ് ബൗളിങിന്റെ രാജകുമാരനായിട്ടാണ് ലോകം അവനെ വിലയിരുത്തിയത്. ആ വര്‍ഷം ആമിര്‍ ഉള്‍പ്പെട്ട പാകിസ്താന്‍ ടീം ട്വന്റി20 ലോകകിരീടം നേടിയപ്പോള്‍ ഏറെ ചെറുപ്പത്തില്‍ തന്നെ അവന്‍ ലോകചാമ്പ്യനായി. വെറും 14 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റ് വീഴ്ത്തി ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഒരിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി. പാകിസ്താന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വെസ്റ്റിന്‍ഡീസിനെ അവരുടെ മണ്ണില്‍ വെച്ച് തോല്പിച്ചപ്പോള്‍ ആ ടീമിലെ പ്രധാനപ്പെട്ട ബൗളറായിരുന്നു ആമിര്‍. വാസിം അക്രത്തിന്റെ പിന്‍ഗാമിയായി പലരും അവനെ കണ്ടു. ക്രിക്കറ്റ് കരിയര്‍ അവസാനിക്കുമ്പോള്‍ പാകിസ്താന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായിട്ടായിരിക്കും ആമിര്‍ വിലയിരുത്തപ്പെടുക എന്നുവരെ ആളുകള്‍ പറഞ്ഞു.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഏറെ ഉയരത്തില്‍ നിന്ന് വളരെ പെട്ടെന്നാണ് അവന്‍ നിലംപതിച്ചത്. ക്രിക്കറ്റിന്റെ ഒറ്റുകാരനെന്ന് ആളുകള്‍ അവനെ കൂകിവിളിച്ചു. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍മാരടക്കം നിശിതമായി വിമര്‍ശിച്ചു. പെട്ടെന്നൊരു ദിവസം മുഹമ്മദ് ആമിറിന് ചുറ്റും ഇരുട്ട് മാത്രമായി. വിലക്കിന് ശേഷം തിരിച്ചെത്തിയ മുഹമ്മദ് ആമിര്‍ തീര്‍ത്തും മറ്റൊരു ബൗളറായിരുന്നു. ലോകം അവനുവേണ്ടി ആര്‍ത്തുവിളിച്ചില്ല. അവന് ഏറെയൊന്നും ആരാധകരുമുണ്ടായിരുന്നില്ല. ഒരിക്കല്‍ തീതുപ്പുന്ന പന്തുകള്‍ എറിഞ്ഞിരുന്ന അവന് പഴയ വേഗതയുടെ അടുത്തെങ്ങും എത്താനായില്ല. പഴയ പോലെ അയാളുടെ പന്തുകള്‍ സ്വിങ് ചെയ്തില്ല. പലപ്പോഴും സ്വിങ് തന്നെ നഷ്ടപ്പെട്ട പോലെ തോന്നി. ആമിര്‍ എറിയുന്ന പന്തിന് യാതൊരു മൂവ്‌മെന്റും ഉണ്ടായിരുന്നില്ല. പന്ത് ഇരുവശത്തേയ്ക്കും ചലിപ്പിക്കാനുള്ള അയാളുടെ കഴിവ് നഷ്ടപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തില്‍ കാണിച്ച മികവിന്റെ ഏഴയലത്തെങ്ങും അയാള്‍ എത്തിയില്ല.

വളരെ ചെറുപ്പത്തില്‍ തന്നെ പ്രശസ്തിയും പണവും വന്നുചേര്‍ന്നാല്‍ ചിലരുടെ ജീവിതം എങ്ങനെയാകും എന്നതിന്റെ ഉത്തമോദാഹരണമാണ് മുഹമ്മദ് ആമിര്‍ എന്ന ക്രിക്കറ്റര്‍. ലോകം കീഴടക്കുമെന്ന് ഒരു കാലത്ത് എല്ലാവരും കരുതിയ ഒരു പ്രതിഭയുടെ അപ്രതീക്ഷിത പതനമാണ് മുഹമ്മദ് ആമിറിലൂടെ ലോകം കണ്ടത്. അയാള്‍ ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്റെ ജേഴ്‌സി അണിയുന്നുണ്ടെങ്കിലും അതിന് പഴയ പകിട്ടില്ല. കൗമാരത്തിലേ പ്രതിഭ തെളിയിക്കുന്ന ഓരോരുത്തര്‍ക്കും മുഹമ്മദ് ആമിറിന്റെ ജീവിതത്തില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments