കെ.ശ്രീജിത്ത്
ഇരുപത് വര്‍ഷത്തോളം പ്രൊഫഷണല്‍ സോക്കര്‍ കളിച്ചു. തന്റെ കളിക്കാലം അതിന്റെ അസ്തമയത്തിലെത്തിയിരിക്കുന്നു. ഇനി മതിയാക്കാം. അതോടെ അയാള്‍ കളി മതിയാക്കുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. അങ്ങനെ രണ്ട് വര്‍ഷം കടന്നുപോകുന്നു. അപ്പോഴാണ് ഒരു നാള്‍ ഒരു ഫോണ്‍ കോള്‍ വരുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് പോള്‍ ബിയയാണ് വിളിക്കുന്നത്. തിരിച്ചുവരണം. രാജ്യത്തിനുവേണ്ടി ലോകകപ്പ് കളിക്കണം. ആ ക്ഷണം അയാള്‍ക്ക് നിരസിക്കാനാകുമായിരുന്നില്ല. അത്രമാത്രം ജീവനാണ് അയാള്‍ക്ക് ഫുട്‌ബോള്‍ എന്ന കളി. അങ്ങനെ അയാള്‍ 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ സ്വന്തം രാജ്യമായ കാമറൂണിന് വേണ്ടി വീണ്ടും ബൂട്ട് കെട്ടി. അയാളുടെ കളിജീവിതത്തില്‍ അന്നോളം കിട്ടിയിട്ടില്ലാത്ത അത്രയും പേരും പെരുമയും ആ അഞ്ച് കളികളില്‍ നിന്ന് അയാള്‍ സമ്പാദിച്ചു. ലോകം മുഴുവന്‍ ആ പേര് ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ആല്‍ബര്‍ട്ട് റോജര്‍ മില്ലര്‍ എന്ന സാക്ഷാല്‍ റോജര്‍ മില്ലയായിരുന്നു ആ കളിക്കാരന്‍.

1990ലെ ലോകകപ്പ് കണ്ടിട്ടുള്ളവര്‍ റോജര്‍ മില്ലയെ ഒരിക്കലും മറക്കില്ല. കളിച്ച അഞ്ച് കളികളില്‍ നാല് കളികളിലും രണ്ടാം പകുതിയില്‍ ഇറങ്ങിയ മുപ്പത്തെട്ടുകാരന്‍. ടൂര്‍ണമെന്റില്‍ നാല് ഗോളുകളാണ് അയാള്‍ അടിച്ചുകൂട്ടിയത്. കളിപ്പോരിനാല്‍ ചുട്ടുപഴുത്ത മൈതാനത്തേയ്ക്കാണ് അയാള്‍ പകരക്കാരനായി ഇറങ്ങുക. നിലവിലെ ചാമ്പ്യന്‍മാരുടെ പകിട്ടോടെ എത്തിയ സാക്ഷാല്‍ മറഡോണയുടെ അര്‍ജന്റീയെ അട്ടിമറിച്ചാണ് കാമറൂണ്‍ ടൂര്‍ണമെന്റില്‍ തുടങ്ങുന്നത്. എതിരില്ലാത്ത ഒരു ഗോളിന് കാമറൂണ്‍ ജയിച്ച ആ കളിയില്‍ മില്ല പകരക്കാരനായാണ് കളത്തിലിറങ്ങുന്നത്. രണ്ടാമത്തെ കളിയില്‍ റൊമാനിയയ്‌ക്കെതിരെയും മില്ല പകരക്കാരനായി രണ്ടാം പകുതിയിലാണ് ഇറങ്ങുന്നത്. പക്ഷെ അന്നയാള്‍ അടിച്ച രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ എക്കാലവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവയാണ്. ആ ഗോളുകള്‍ മാത്രമല്ല, ഗോളടിച്ച ശേഷമുള്ള അയാളുടെ വിഖ്യാത ആഘോഷവും. കോര്‍ണര്‍ ഫഌഗിനടുത്തത്തി മകോസ നൃത്തച്ചുവടുകള്‍ വെച്ചുള്ള ആ ഗോള്‍ ആഘോഷം ലോകം മുഴുവന്‍ കൊണ്ടാടി. പിന്നീടയാള്‍ കിങ് ഓഫ് ദ കോര്‍ണര്‍ ഫഌഗ് എന്നറിയപ്പെട്ടു. അന്നുവരെയുള്ള ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോളടിക്കാരനായി റോജര്‍ മില്ല മാറി. നാല് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ റഷ്യയ്‌ക്കെതിരെ ഗോളടിച്ച് മില്ല ആ റെക്കോഡ് വീണ്ടും പുതുക്കി എന്നത് മറ്റൊരു കാര്യം. അതും 42-ാമത്തെ വയസില്‍.

എന്തായാലും അര്‍ജന്റീനയ്ക്ക് പിന്നാലെ റൊമാനിയയെയും മറികടന്ന കാമറൂണ്‍ ഇറ്റാലിയന്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തുന്നു. കൊളംബിയ ആയിരുന്നു രണ്ടാം റൗണ്ടില്‍ കാമറൂണിന്റെ എതിരാളികള്‍. ആ കളിയുടെ എക്‌സ്ട്രാ ടൈമില്‍ മില്ല അടിച്ച രണ്ട് ഗോളുകളുടെ ബലത്തില്‍ കാമറൂണ്‍ കൊളംബിയയെ തോല്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകുന്നു കാമറൂണ്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗാരി ലിനേക്കറും പോള്‍ ഗാസ്‌കോയിനും പീറ്റര്‍ ഷില്‍ട്ടണും അടങ്ങുന്ന കരുത്തരായ ഇംഗ്ലണ്ടായിരുന്നു കാമറൂണിന്റെ എതിരാളികള്‍. എന്നിട്ടും കാമറൂണ്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. രണ്ടാം പകുതിയില്‍ 2-1 എന്ന നിലയില്‍ കാമറൂണ്‍ മുന്നിട്ടുനിന്നു. കളിയുടെ ഇരുപത്താറാം മിനിറ്റില്‍ ഡേവിഡ് പ്ലാറ്റിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയുടെ 62, 65 മിനിറ്റുകളില്‍ ഗോള്‍ നേടി കാമറൂണ്‍ പ്രതിരോധത്തിലാക്കി. ഈ രണ്ട് ഗോളിലും മില്ലയുടെ സ്പര്‍ശമുണ്ടായിരുന്നു. കഴിഞ്ഞ കളികളിലേതുപോലെ ഇത്തവണയും പകരക്കാരനായി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ മില്ല കളിയില്‍ കാമറൂണിന്റെ തിരിച്ചുവരവിന് കളമൊരുക്കി നിര്‍ണായക സാന്നിദ്ധ്യമായി. എന്നാല്‍ 83-ാമത്തെ മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് കാമറൂണിന് ഒപ്പമെത്തി. ഗാരി ലിനേക്കറായിരുന്നു ഗോള്‍ സ്‌കോറര്‍. കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ പതിനഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ടിന് വീണ്ടുമൊരു പെനാല്‍റ്റി കൂടി. ഇത്തവണയും പെനാല്‍റ്റിയെടുത്തത് ലിനേക്കര്‍. ലിനേക്കര്‍ക്ക് പിഴച്ചില്ല. ഇംഗ്ലണ്ട് 3 കാമറൂണ്‍ 2. കളി ഇംഗ്ലണ്ട് ജയിച്ചെങ്കിലും ലോകമാകെയുള്ള കോടിക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ യഥാര്‍ത്ഥ ജേതാക്കളായത് മില്ലയും കാമറൂണുമായിരുന്നു. ലോകകപ്പിലെ മിന്നും പ്രകടനത്തിന് ആ വര്‍ഷത്തെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മില്ലയെ തേടിയെത്തി. രണ്ടാം വട്ടമായിരുന്നു മില്ലയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. അതിനുമുമ്പ് 1976ല്‍ മില്ലയ്ക്ക് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു. 1990 ലോകകപ്പില്‍ റോജര്‍ മില്ലയുടെ പ്രകടനം കണ്ട ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഫ്രിക്കയിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. മില്ലയുടെ ആ മാന്ത്രിക പ്രകടനത്തിന് ശേഷം ലോകം മുഴുവന്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലേയ്ക്ക് ഉറ്റുനോക്കി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമുള്ള മില്ലയുടെ ആ തിരിച്ചുവരവിനെ കാമറൂണ്‍ കോച്ച് റഷ്യക്കാരനായ വലേറി നെപ്പോമ്‌നിയാഷിയും ടീമിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ് ബിയയുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് കോച്ച് മില്ലറെ ടീമിലുള്‍പ്പെടുത്തിയത്. അക്കൊല്ലത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ കാമറൂണിന്റെ മോശം പ്രകടനത്തോടെ ആരാധകരും രാജ്യത്തെ പ്രശസ്തരായ കളിയെഴുത്തുകാരും മില്ലയെ ടീമിലേയ്ക്ക് തിരിച്ചുവിളിക്കണമെന്ന് മുറവിളി കൂട്ടിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1952 മെയ് 20ന് കാമറൂണിലെ യാവുണ്ടെയിലാണ് ആല്‍ബര്‍ട്ട് റോജര്‍ മില്ലര്‍ എന്ന റോജര്‍ മില്ല ജനിച്ചത്. രക്ഷിതാക്കള്‍ റോജറിന്റെ അമ്മാവന്റെ പേരായ മില്ല പേരിനൊപ്പം ചേര്‍ക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ വന്ന ക്ലെറിക്കല്‍ അബദ്ധമാണ് മില്ലറായി മാറിയത്. മില്ലയ്ക്ക് പതിനൊന്ന് വയസ് പ്രായമുള്ളപ്പോള്‍ കുടുംബം ദൗവാലയിലേയ്ക്ക് കുടിയേറി. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധം മറികടന്ന് ഫുട്‌ബോളിന് പിന്നാലെയുള്ള മില്ലയുടെ ഓട്ടം അവരുടെ അനിഷ്ടത്തിന് കാരണമായി. നഗ്നപാദുകനായി യാവുണ്ടെയിലെ വൃത്തിഹീനമായ തെരുവുകളില്‍ കളിച്ചുനടന്ന മില്ലയുടെ പന്ത് പലപ്പോഴും തകര കുപ്പികളായിരുന്നു. ഈ കുപ്പികളെ തുകല്‍ പന്തെന്ന് സങ്കല്പിച്ച് മില്ല തട്ടിനടന്നു. ചിലപ്പോഴൊക്കെ ഓറഞ്ചായിരുന്നു അവന്റെ പന്ത്. ആദ്യകാലത്ത് അവന്‍ ആനന്ദത്തിന് വേണ്ടി മാത്രമായിരുന്നു ഫുട്‌ബോള്‍ കളിച്ചിരുന്നത്. അതൊരു കരിയറായി രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ കളിയെ ഗൗരവമായി എടുക്കുകയോ മില്ല ചെയ്തിരുന്നില്ല. സ്‌കൂള്‍ അവധിക്കാലത്ത് അവന്‍ സദാസമയവും ഫുട്‌ബോള്‍ കളിച്ചുനടന്നു. പിന്നീട് ഫുട്‌ബോള്‍ കളിക്കാരനായി ദൂരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടിവന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി അമ്മ മരിച്ചതോടെ മില്ല ഫുട്‌ബോള്‍ വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.

പതിമൂന്നാമത്തെ വയസില്‍ എക്ലയര്‍ ഡി ദൗവാലയുടെ ജൂനിയര്‍ ടീമില്‍ അംഗമായി സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ റോജര്‍ മില്ല കളിച്ചുതുടങ്ങി. ഈ ടൂര്‍ണമെന്റുകളില്‍ തിളങ്ങിയതോടെ മില്ല കളിക്കുന്നതിനോടുള്ള മാതാപിതാക്കളുടെ എതിര്‍പ്പ് പതുക്കെ കുറഞ്ഞുതുടങ്ങി. പതിനഞ്ചാം വയസില്‍ കാമറൂണിയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഡിവിഷനില്‍ എക്ലയര്‍ ഡി ദൗവാലയുടെ സീനിയര്‍ ടീമില്‍ കളിച്ചുതുടങ്ങിയ മില്ല രണ്ട് വര്‍ഷത്തിന് ശേഷം കാമറൂണ്‍ സ്‌കൂള്‍ ചാപ്യന്‍ഷിപ്പില്‍ ഹൈജംപ് ചാമ്പ്യനായി. ഉയര്‍ന്ന ഡിവിഷന്‍ ക്ലബായ ലിയോപാര്‍ഡ് ദൗവാലയ്ക്ക് വേണ്ടി 18 വയസ് മുതല്‍ കളിച്ചുതുടങ്ങിയ മില്ല ക്ലബിനൊപ്പം മൂന്നുവട്ടം കാമറൂണ്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ചു. നാല് വര്‍ഷത്തിനിടെ ക്ലബിന് വേണ്ടി 116 മത്സരങ്ങള്‍ കളിച്ച റോജര്‍ മില്ല 89 ഗോള്‍ നേടി. തുടര്‍ന്ന് 1974ല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ മില്ല ടൊണ്ണേറെ യാവുണ്ടെയുടെ താരമായി. ക്ലബ്ബിനുവേണ്ടി 87 കളികളില്‍ 69 ഗോളടിച്ച മില്ല ഒരിക്കല്‍ ആഫ്രിക്കന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് നേടുകയും ചെയ്തു.

1977ല്‍ ഇരുപത്തഞ്ചാം വയസില്‍ മില്ല ഫ്രാന്‍സിലെ വലന്‍സിയന്‍സ് എഫ്.സിക്ക് വേണ്ടി കളിക്കാന്‍ പോയി. ക്ലബിനുവേണ്ടി രണ്ട് സീസണിലായി 28 കളികളില്‍ നിന്ന് മില്ല ആറ് ഗോള്‍ നേടി. 79ല്‍ മില്ല എ.എസ് മൊണാക്കോയില്‍ ചേര്‍ന്നു. 1980ല്‍ ഫ്രഞ്ച് കപ്പ് ജയിച്ചു. അടുത്ത വര്‍ഷം ബാസ്റ്റിയയില്‍ ചേര്‍ന്ന മില്ല അവിടെ നാല് സീസണ്‍ കളിച്ചു. 133 കളികളില്‍ നിന്ന് 42 ഗോള്‍ നേടിയ മില്ല ബാസ്റ്റിയയ്ക്ക് 1981ലെ ഫ്രഞ്ച് കപ്പ് നേടിക്കൊടുത്തു. പിന്നീട് സെയ്ന്റ് എറ്റിനെ, മോണ്ട്‌പെല്ലിയര്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു.1989ല്‍ മുപ്പത്തേഴാമത്തെ വയസില്‍ ഫ്രഞ്ച് ഫുട്‌ബോളിനോട് വിട പറഞ്ഞ റോജര്‍ മില്ല 1996ല്‍ വിരമിക്കുന്നതുവരെ കാമറൂണിലും ഇന്തോനേഷ്യയിലുമായി വിവിധ ക്ലബുകള്‍ക്ക് കളിച്ചു.

1973ല്‍ സെയ്‌റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റോജര്‍ മില്ല കാമറൂണ്‍ ദേശീയ ടീമിനുവേണ്ടി ആദ്യമായി കളിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസില്‍. അവിടുന്നങ്ങോട്ട് രാജ്യത്തിനുവേണ്ടി 77 മത്സരങ്ങളില്‍ കളിച്ച മില്ല 43 ഗോള്‍ നേടി. 1982ല്‍ കാമറൂണ്‍ ആദ്യമായി ലോകകപ്പ് കളിച്ചപ്പോള്‍ ടീമില്‍ റോജര്‍ മില്ലയുണ്ടായിരുന്നു. ആഫ്രിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ടോപ് സ്‌കോററായ മില്ല കാമറൂണിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്ന് സമനില നേടിയെങ്കിലും കാമറൂണ്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. രണ്ട് വര്‍ഷത്തിന് ശേഷം 1984ല്‍ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ പങ്കെടുത്ത കാമറൂണ്‍ ടീമിന്റെ ഭാഗമായി. അതേവര്‍ഷം കാമറൂണിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്ത മില്ല 86ല്‍ അതേ ടൂര്‍ണമെന്റില്‍ കാമറൂണ്‍ റണ്ണേഴ്‌സ് അപ്പായപ്പോള്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഗോളാണ് അന്ന് മില്ല നേടിയത്. അടുത്ത ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ വീണ്ടും ജേതാക്കളായപ്പോള്‍ രണ്ട് ഗോളുമായി സംയുക്ത ടോപ് സ്‌കോററായി. മില്ലയായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്.
ഏറ്റവും പ്രായം കൂടിയ താരമായാണ് റോജര്‍ മില്ല അമേരിക്കയില്‍ നടന്ന 1994ലെ ലോകകപ്പിനെത്തിയത്. ആദ്യ റൗണ്ടില്‍ത്തന്നെ കാമറൂണ്‍ പുറത്തായെങ്കിലും റഷ്യയ്‌ക്കെതിരെ ഗോള്‍ നേടി മില്ല ചരിത്രം കുറിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മില്ല മാറി. 90ലെ തന്റെതന്നെ റെക്കോഡ് ആണ് മില്ല മറികടന്നത്. 1994 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് റോജര്‍ മില്ല അന്താരാഷ്ട്ര ഫുട്‌ബോളില്‍ അവസാനമായി ബൂട്ട് കെട്ടിയത്.

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റോജര്‍ മില്ല 1990 ലോകകപ്പില്‍ നാല് ഗോള്‍ നേടി ബ്രോണ്‍സ് ബൂട്ടും കരസ്ഥമാക്കി. 2004ല്‍ ഫിഫയ്ക്കുവേണ്ടി ഫുട്‌ബോള്‍ ഇതിഹാസം പെലെ തെരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും മികച്ച 125 കളിക്കാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതടക്കം നിരവധി അംഗീകാരങ്ങളാണ് മില്ലയെ തേടിയെത്തിയത്.
റോജര്‍ മില്ല ഒരു പ്രതിഭാസമാണ്. ഫുട്‌ബോളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. ആ പ്രതിഭാസം ഫുട്‌ബോള്‍ ലോകത്ത് അവശേഷിപ്പിച്ച കാല്പാടുകള്‍ ഈ കളിയുള്ളിടത്തോളം കാലം നിലനില്‍ക്കും.



