കെ.ശ്രീജിത്ത്
ലോക ഫുട്‌ബോളില്‍ ഇന്ന് ഏറ്റവും മികച്ച വിങ്ങര്‍ ആരാണെന്ന് ചോദിച്ചാല്‍ മിക്കവരുടെയും മറുപടി ഒന്നായിരിക്കും. വിനീഷ്യസ് ജൂനിയര്‍. ആരാധകര്‍ വിനി എന്ന് വിളിക്കും. പന്തുമായി അതിവേഗം കുതിക്കുന്ന, അസാമാന്യ ഡ്രിബ്ലിംഗ് പാടവമുള്ള കളിക്കാരനാണ് വിനീഷ്യസ്. കളിക്കളത്തിലുള്ളപ്പോള്‍ കളി ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഇത്രയും കൃത്യമായി മനസിലാക്കുന്ന ഫുട്‌ബോളര്‍മാര്‍ ഇന്ന് ലോക ഫുട്‌ബോളില്‍ വിനീഷ്യസിനെപ്പോലെ അധികം പേരില്ല.

2000 ജൂലായ് 12ന് ബ്രസീലിലെ സാവോ ഗോണ്‍കാലോയില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് വിനീഷ്യസിന്റെ ജനനം. ആറാമത്തെ വയസിലാണ് വിനീഷ്യസ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. ബ്രസീലിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഫഌമങോയുടെ ബ്രാഞ്ച് ഓഫീസുകളിലേയ്ക്ക് അച്ഛനോടൊപ്പം വിനീഷ്യസ് പോകുന്നതോടെയാണിത്. ഫഌമങോ വിനീഷ്യസിനെ സാമ്പത്തികമായി സഹായിക്കുന്നു. 2007 മുതല്‍ 2010 വരെ സാവോ ഗോണ്‍കാലോയിലെ ഫഌമങോയുടെ സ്‌കൂളില്‍ ഫുട്‌സാല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. വിനീഷ്യസിന്റെ പ്രതിഭ മനസിലാക്കുന്ന ഫഌമങോ അയാളെ ഫുട്‌ബോളിലേയ്ക്ക് ചുവടുമാറാന്‍ പ്രേരിപ്പിക്കുന്നു. വിനീഷ്യസിനും ഫുട്‌ബോള്‍ കളിക്കണമെന്നായിരുന്നു ആഗ്രഹം. 2010 ആഗസ്റ്റില്‍ ഫഌമങോയുടെ യൂത്ത് ടീമിനായുള്ള ട്രയല്‍സില്‍ പങ്കെടുക്കുന്ന വിനീഷ്യസ് ക്ലബിന്റെ ഓഫര്‍ സ്വീകരിക്കുന്നു.

2017ല്‍ പതിനേഴാമത്തെ വയസിലാണ് ഫഌമങോയുടെ സീനിയര്‍ ടീമിനുവേണ്ടി വിനീഷ്യസ് അരങ്ങേറുന്നത്. ബ്രസീലിയന്‍ സീരി എ മത്സരത്തില്‍ അത്‌ലറ്റികോ മിനെയ്‌റോക്കെതിരായ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ പകരക്കാരനായാണ് വിനീഷ്യസ് ഇറങ്ങിയത്. രണ്ട് ദിവസത്തിനുശേഷം വിനീഷ്യസ് ക്ലബുമായുള്ള കരാര്‍ നീട്ടുന്നു. ഇത്തവണ നല്ലൊരു തുകയാണ് ശമ്പളമായി വിനീഷ്യസിന് നല്‍കാമെന്ന് ക്ലബ് ഏറ്റത്. 2017 ഓഗസ്റ്റ് 10ന് വിനീഷ്യസ് പ്രൊഫഷണല്‍ കരിയറിലെ ആദ്യ ഗോള്‍ നേടി. പലെസ്തീനോയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. 72-ാമത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി 30 സെക്കന്റിനുള്ളിലായിരുന്നു ആ ഗോള്‍. രണ്ട ദിവസത്തിനുശേഷം ബ്രസീലിയന്‍ സീരി എയിലെ തന്റെ ആദ്യ ഗോളും വിനീഷ്യസ് നേടി. 2017 മെയ് 23ന് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് വിനീഷ്യസുമായി കരാര്‍ ഒപ്പുവെയ്ക്കുന്നു. 2018 ജൂലായ് 12ന് വിനിയുടെ പതിനട്ടാം പിറന്നാള്‍ ദിവസം മുതല്‍ പ്രാബല്യത്തിലാകുന്ന രീതിയിലായിരുന്നു കരാര്‍. അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്ക് കളിക്കാരന് പതിനെട്ട് വയസ് തികയണമെന്ന നിയമമനുസരിച്ചായിരുന്നു ഇത്. 46 മില്യണ്‍ യൂറോയാണ് പ്രതിഫലമായി വിനീഷ്യസിന് കിട്ടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആ സമയത്തെ ബ്രസീല്‍ ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ക്ലബ് ട്രാന്‍സ്ഫറായിരുന്നു ഇത്. വിനീഷ്യസിന് മുന്നിലുണ്ടായിരുന്നത് നെയ്മര്‍ മാത്രമായിരുന്നു. ഒരു കളിക്കാരന്റെ ട്രാന്‍സ്ഫറിലൂടെ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന ബ്രസീലിയന്‍ ക്ലബായി ഫഌമങോയും മാറി. പത്തൊമ്പത് വയസിന് താഴെയുള്ള ഒരു ഫുട്‌ബോളര്‍ക്ക് ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ പ്രതിഫലത്തുകയും അതായിരുന്നു.

2018 സപ്തംബര്‍ 29ന് വിനീഷ്യസ് റയല്‍ മാഡ്രിഡിന് വേണ്ടി തന്റെ ആദ്യ മത്സരം കളിച്ചു. അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ 87-ാം മിനിറ്റില്‍ പകരക്കാരാനായാണ് വിനീഷ്യസ് ഇറങ്ങിയത്. ഒരു മാസത്തിന് ശേഷം നടന്ന കോപ്പ ഡെല്‍ റേ മത്സരത്തിലാണ് വിനീഷ്യസ് ആദ്യമായി റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ചത്. മെലില്ലയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് റയല്‍ ജയിച്ചു. അതിലെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ വിനീഷ്യസിന്റെ അസിസ്റ്റായിരുന്നു. റയല്‍ വല്ലഡോളിഡിനെതിരായ മത്സരത്തില്‍ വിനീഷ്യസ് ലാലിഗയിലെ തന്റെ ആദ്യ ഗോള്‍ നേടി. ക്ലബില്‍ അരങ്ങറി അഞ്ച് മാസത്തിനുള്ളില്‍ വിനി നാല് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ അയാക്‌സിനെതിരായ ഒരു മത്സരത്തില്‍ പരിക്കേറ്റതോടെ ആ സീസണില്‍ പിന്നെ അയാള്‍ക്ക് കളിക്കാനായില്ല. 2019 ഡിസംബറില്‍ വിനീഷ്യസ് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടി. ക്ലബ് ബ്രുഗ്ഗെയ്‌ക്കെതിരായിരുന്നു ഗോള്‍. 2020 മാര്‍ച്ചില്‍ തന്റെ ആദ്യ എല്‍ ക്ലാസിക്കോ ഗോളും വിനി നേടി. ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അന്ന് റയല്‍ തോല്പിച്ചത്. 2019-20 സീസണില്‍ 29 മത്സരങ്ങളിലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കാനിറങ്ങിയത്. മൂന്ന് ഗോളായിരുന്നു അയാളുടെ സമ്പാദ്യം. ആ സീസണില്‍ റയല്‍ ലാലിഗ ചാമ്പ്യന്‍മാരായി.

2021 ഏപ്രില്‍ ആറിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെതിരായ ആദ്യ മത്സരത്തില്‍ വിനീഷ്യസ് ഇരട്ട ഗോള്‍ നേടി. മത്സരം 3-1ന് റയല്‍ ജയിച്ചു. ടൂര്‍ണമെന്റില്‍ അത്തവണ റയല്‍ സെമിഫൈനലിലെത്തിയെങ്കിലും ചെല്‍സിയോട് തോറ്റ് പുറത്തായി. 2021-22 സീസണിലെ ലാലിഗയിലെ ആദ്യ മത്സരത്തില്‍ തന്നെ വിനീഷ്യസ് ഗോള്‍ നേടി. അലാവ്‌സിനെതിരെ റയല്‍ മാഡ്രിഡ് 4-1ന് ജയിച്ച മത്സരത്തിലായിരുന്നു ഇത്. ലാവെന്തെയ്‌ക്കെതിരായ മത്സരത്തില്‍ പകരക്കാരാനയി ഇറങ്ങിയ വിനി ഇരട്ട ഗോള്‍ നേടിയതോടെ അടുത്ത മത്സരം മുതല്‍ ടീമിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചു. ഏദന്‍ ഹസാഡിനെ മറികടന്നായിരുന്നു ഇത്. എല്‍ഷെയ്‌ക്കെതിരെ റയല്‍ 2-1ന് ജയിച്ച മത്സരത്തിലും വിനീഷ്യസ് ഇരട്ട ഗോള്‍ നേടി. ഇതോടെ ലാലിഗയിലെ പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമതെത്തി. സീസണില്‍ അതുവരെ 14 മത്സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളാണ് വിനീഷ്യസ് അടിച്ചുകൂട്ടിയത്. 2022 മെയ് 12ന് വിനി റയല്‍ മാഡ്രിഡിനുവേണ്ടി തന്റെ ആദ്യ ഹാട്രിക്ക് നേടി. ലെവാന്തെയ്‌ക്കെതിരെ റയല്‍ എതിരില്ലാത്ത ആറ് ഗോളിന് ജയിച്ച മത്സരത്തിലായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കുശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിക്കുന്നു. വിനീഷ്യസിന്റെ വകയായിരുന്നു റയലിന്റെ വിജയ ഗോള്‍. ഇതോടെ പതിനാലാമത്തെ തവണ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയും റെക്കോഡ് സ്ഥാപിക്കുകയും ചെയ്യുന്നു. 2021-22 സീസണില്‍ റയലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായിരുന്നു വിനീഷ്യസ്. സീസണിലെ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 22 ഗോളാണ് അയാള്‍ നേടിയത്. മുന്നേറ്റനിരയിലെ വിനിയുടെ പങ്കാളി കരീം ബെന്‍സെമയായിരുന്നു ഗോള്‍വേട്ടയില്‍ ഒന്നാമത്. അത്തവണ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചാമ്പ്യന്‍സ് ലീഗ് യങ് പ്ലേയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം വിനീഷ്യസിനായിരുന്നു. സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ടീമിലും വിനി തിരഞ്ഞെടുക്കപ്പെട്ടു.

2022 ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് സൗദിയുടെ അല്‍ ഹിലാല്‍ ക്ലബിനെ 5-3ന് തോല്പിച്ച് ചാമ്പ്യന്‍മാരായപ്പോള്‍ രണ്ട് ഗോള്‍ നേടിയത് വിനീഷ്യസായിരുന്നു. അയാള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. വിനിയുടെ രണ്ടാമത്തെ ക്ലബ് വേള്‍ഡ് കപ്പ് കിരീടമായിരുന്നു അത്. 2023 ഫെബ്രുവരി 21ന് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പകുതിയില്‍ വിനീഷ്യസ് രണ്ട് ഗോള്‍ നേടി. മത്സരത്തില്‍ പിറകില്‍ നിന്ന ശേഷം 5-3ന് റയല്‍ ജയിച്ചു. ഒന്നര മാസത്തിനുശേഷം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വിനീഷ്യസ് അസാധാരണമായൊരു ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടി. റോഡ്രിക്കും ബെന്‍സെമയ്ക്കുമൊപ്പം ചേര്‍ന്ന് വിനീഷ്യസ് ഒട്ടേറെ ഗോളവസരങ്ങളാണ് റയലിനുവേണ്ടി ഒരുക്കിയത്. എന്നാല്‍ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. രണ്ടാംപാദ മത്സരത്തില്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിന് ജയിച്ചതോടെ റയല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഏദന്‍ ഹസാഡ് ക്ലബ് വിട്ടതോടെ അതുവരെ ഇരുപതാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിരുന്ന വിനീഷ്യസിന് ഹസാഡ് അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്ലബ് നല്‍കി. ഒരിക്കല്‍ റയലിനുവേണ്ടി കളിച്ചിരുന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൗളുമൊക്കെ ധരിച്ചിരുന്നത് ഏഴാം നമ്പര്‍ ജേഴ്‌സിയായിരുന്നു.

2023 ഒക്ടോബര്‍ 31ന് വിനീഷ്യസുമായുള്ള കരാര്‍ 2027 ജൂണ്‍ 30 വരെ നീട്ടിയതായി റയല്‍ മാഡ്രിഡ് അറിയിച്ചു. ഈ വര്‍ഷം ജനുവരി 14ന് സൂപ്പര്‍കോപ്പ ഫൈനലില്‍ വിനീഷ്യസ് ഹാട്രിക്ക് നേടി. മത്സരത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. ഏപ്രില്‍ 30ന് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ വിനി ഇരട്ടഗോള്‍ നേടി. മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു. ഇതോടെ റയലിനുവേണ്ടി തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 20 ഗോള്‍ നേടുന്ന താരമായി വിനീഷ്യസ് മാറി. ജൂണ്‍ ഒന്നിന് നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച് ചാമ്പ്യന്‍മാരായപ്പോള്‍ അതിലെ ഒരു ഗോള്‍ വിനീഷ്യസിന്റെ വകയായിരുന്നു. അപ്പോള്‍ 23 വയസും 325 വയസും പ്രായമായിരുന്ന വിനീഷ്യസ് രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. സാക്ഷാല്‍ ലിയണല്‍ മെസ്സിയുടെ റെക്കോഡാണ് അയാള്‍ തകര്‍ത്തത്. അതും വെറും 13 ദിവസത്തിന്റെ പ്രായ വ്യത്യാസത്തില്‍. വിനീഷ്യസിന്റെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു ഇത്. രണ്ട് ദിവസത്തിനുശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേയര്‍ ഓഫ് ദ സീസണായി അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറ് ഗോളും അഞ്ച് അസിസ്റ്റുകളുമായി റയലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത് വിനീഷ്യസായിരുന്നു.

ബ്രസീലിനുവേണ്ടി അണ്ടര്‍-15, അണ്ടര്‍-17 ടീമുകളില്‍ കളിച്ചിട്ടുള്ള വിനീഷ്യസിന്റേത് മികച്ച പ്രകടനമായിരുന്നു. 2015ല്‍ സൗത്ത് അമേരിക്കന്‍ അണ്ടര്‍-15 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ റ്റേവും കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെ താരമായിരുന്നു അയാള്‍. ഏഴ് ഗോളായിരുന്നു അന്ന് വിനീഷ്യസ് നേടിയത്. അന്ന് അയാള്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ തകര്‍പ്പന്‍ പ്രകടനമാണ് അയാളെ ഫഌമെങോയിലെത്തിച്ചത്. 2017ല്‍ സൗത്ത് അമേരിക്കന്‍ അണ്ടര്‍-17 ചാമ്പ്യന്‍ഷിപ്പിലും വിനീഷ്യസ് ബ്രസീല്‍ ടീമില്‍ കളിച്ചു. ടൂര്‍ണമെന്റില്‍ ബ്രസീല്‍ ജേതാക്കളായപ്പോള്‍ ഏഴ് ഗോള്‍ നേടിയ വിനീഷ്യസ് ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. അയാളെ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. അയാളുടെ ആ പ്രകടനം ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിലേയ്ക്ക് ബ്രസീലിന് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. 2019 ഫെബ്രുവരി 28ന് വിനീഷ്യസിനെ ബ്രസീല്‍ സീനിയര്‍ ടീമിലുള്‍പ്പെടുത്തി. പനാമയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കായിരുന്നു ഇത്. എന്നാല്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുമ്പോള്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വിനീഷ്യസിന് രാജ്യത്തിനുവേണ്ടി കളിക്കാനായില്ല. തുടര്‍ന്ന് കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ കോച്ച് ടിറ്റെ വിനീഷ്യസിനെ ഉള്‍പ്പെടുത്തിയില്ല. എന്തായാലും ആ വര്‍ഷം സപ്തംബര്‍ 10ന് വിനീഷ്യസ് ബ്രസീലിനുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി. പെറുവിനെതിരായ മത്സരത്തില്‍ 72-ാം മിനിറ്റില്‍ പകരക്കാരനായാണ് വിനി ഇറങ്ങിയത്. മത്സരം ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. 2021ല്‍ സ്വന്തം നാട്ടില്‍ നടന്ന കോപ്പ അമേരിക്കയ്ക്കുള്ള ടീമില്‍ കോച്ച് ടിറ്റെ വിനീഷ്യസിനെ ഉള്‍പ്പെടുത്തി. മാരക്കാനയില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടന്ന ഫൈനലില്‍ പകരക്കാരനായി വിനീഷ്യസ് ഇറങ്ങി. എന്നാല്‍ മത്സരം ഒരു ഗോളിന് ബ്രസീല്‍ തോല്‍ക്കുകയും അര്‍ജന്റീന ചാമ്പ്യന്‍മാരാവുകയും ചെയ്തു.

2022 മാര്‍ച്ച് 24ന് വിനീഷ്യസ് ബ്രസീലിനുവേണ്ടി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അത്. അന്ന് എതിരില്ലാത്ത നാല് ഗോളിന് ബ്രസീല്‍ ചിലിയെ തകര്‍ത്തു. 2022 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെട്ട വിനീഷ്യസ് ടൂര്‍ണമെന്റിലെ സെര്‍ബിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോളിന് വഴിയൊരുക്കി. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ നേടി. 4-1ന് ബ്രസീല്‍ ജയിച്ച മത്സരത്തില്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളിന് വഴിയൊരുക്കിയതും വിനീഷ്യസായിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റതോടെ വിനീഷ്യസിന്റെ ലോകകപ്പ് അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ക്രൊയേഷ്യ ബ്രസീലിനെ തോല്പിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26ന് സ്‌പെയിനിനെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് വിനീഷ്യസായിരുന്നു. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ പരാഗ്വയ്‌ക്കെതിരെ വിനീഷ്യസ് രണ്ട് ഗോള്‍ നേടി. മത്സരം ബ്രസീല്‍ 4-1ന് ജയിച്ചു. മത്സരത്തില്‍ വിനീഷ്യസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. കൊളംബിയയ്‌ക്കെതിരെ 1-1ന് സമനിലയിലായ അവസാന ഗ്രൂപ്പ് മത്സരത്തിലും വിനിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെ യുറുഗ്വേയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അയാള്‍ക്ക് കളിക്കാനായില്ല. വിനീഷ്യസിന്റെ അസാന്നിദ്ധ്യത്തില്‍ യുറുഗ്വേയ്‌ക്കെതിരെ ബ്രസീല്‍ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇതിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി.

2023ല്‍ ലാലിഗയില്‍ പല തവണ വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ വിനീഷ്യസ് ശക്തമായി പ്രതികരിച്ചു. വംശീയാധിക്ഷേപം സാധാരണമായ ഒരു കാര്യമായി മാറ്റപ്പെടുകയാണെന്നും ഇത് തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും വിനീഷ്യസ് പറഞ്ഞു. 2023 മെയ് 22ന് വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തെ ശക്തമായി അപലപിച്ചുകൊണ്ട് റയല്‍ മാഡ്രിഡ് പ്രസ്താവനയിറക്കി. തൊട്ടടുത്ത മാസം ഫിഫ ആന്റി റേസിസം കമ്മിറ്റിയുടെ തലവനായി വിനീഷ്യസിനെ തിരഞ്ഞെടുത്തു. വിവിധ കളിക്കാരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ അതിശക്തമായ പിന്തുണയാണ് ഇക്കാര്യത്തില്‍ വിനീഷ്യസിന് ലഭിച്ചത്. വംശീയാധിക്ഷേപത്തിനെതിരായ പോരാട്ടത്തില്‍ വിനീഷ്യസിന്റെ നിലപാടുകള്‍ക്ക് ലോകം കൈയ്യടിച്ചു. ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ഇന്‍സ്റ്റിറ്റിയൂട്ടോ വിനി ജൂനിയര്‍ എന്നൊരു സംഘടന 2021ല്‍ വിനീഷ്യസ് സ്ഥാപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് 2023ല്‍ സോക്രട്ടീസ് അവാര്‍ഡ് നല്‍കി വിനീഷ്യസിനെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ ഗുഡ്‌വില്‍ അംബാസിഡറായി യുനെസ്‌കോ ഈ വര്‍ഷം വിനീഷ്യസിനെ നിയമിച്ചു. പെലെയ്ക്കുശേഷം യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസിഡറാകുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് വിനീഷ്യസ്.

ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും ബഹുമുഖമായി കളിക്കാന്‍ കഴിയുന്ന താരമാണ് വിനീഷ്യസ് ജൂനിയര്‍. സാധാരണയായി ഇടതുപാര്‍ശ്വത്താണ് വിന്യസിക്കപ്പെടാറെങ്കിലും മുന്നേറ്റനിരയില്‍ ഏത് പൊസിഷനിലും, അത് മധ്യത്തിലായാലും വലതുഭാഗത്തായാലും ശരി, കളിക്കാന്‍ കഴിയും വിനീഷ്യസിന്. പെട്ടെന്ന് വേഗത കൂട്ടാന്‍ കഴിയുന്ന, അസാധാരണമായ ബാലന്‍സും ടെക്‌നിക്കുമുള്ള കളിക്കാരനാണ് വിനീഷ്യസ്. പന്തിനുമേലുള്ള നിയന്ത്രണവും കായികശേഷിയും വേണ്ടുവോളമുള്ള വിനീഷ്യസിന് മൈതാനത്തിന്റെ ഏത് ഭാഗത്തുനിന്നും ഷോട്ടെടുക്കാന്‍ അനായാസം കഴിയും. അതിവേഗം വിങ് മാറ്റി കളിക്കാനും എതിര്‍ ഡിഫന്‍സിനെ വേഗത കൊണ്ട് തകര്‍ക്കാനും അയാള്‍ക്ക് കഴിയും. അസാധാരണമായ പാസുകള്‍, അത്യന്തം ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം വിനീഷ്യസിനെ ഏറെ അപകടകാരിയാക്കുന്നു. സഹകളിക്കാര്‍ക്ക് ഗോളടിക്കാന്‍ വഴിയൊരുക്കാനുള്ള മിടുക്ക് അയാളെ ഒരു പ്ലേമേക്കറുമാക്കുന്നു. ചെറുപ്പത്തില്‍ ഒറ്റയ്ക്ക് ഗോളടിക്കാന്‍ നോക്കുന്ന സ്വാര്‍ത്ഥനായി അയാളെ പലരും കണ്ടിരുന്നെങ്കിലും പിന്നീട് ആ പരാതിയും ഇല്ലാതായി. ഇന്ന് വിനീഷ്യസിനെ പലരും താരതമ്യം ചെയ്യുന്നത് നെയ്മറുമായിട്ടാണ്. 2022 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിനി ഗോള്‍ നേടിയപ്പോള്‍ സാക്ഷാല്‍ നെയ്മര്‍ തന്നെ അയാളെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നാണ്. ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ള വിനീഷ്യസിന് മുന്നില്‍ ചുരുങ്ങിയത് ഒരു ദശകമെങ്കിലും ബാക്കിയുണ്ട്. കളിക്കളത്തിലെ തന്റെ ഇന്ദ്രജാല പ്രകടനങ്ങള്‍ തുടരാന്‍. കണ്ണുകള്‍ക്ക് അത്യന്തം ആനനന്ദം നല്‍കുന്ന ആ പ്രകടനങ്ങള്‍ ആരാധാകര്‍ക്ക് ഒരു വിരുന്നുതന്നെയായിരിക്കും.



