കെ.ശ്രീജിത്ത്
നാടകീയത സൃഷ്ടിക്കുന്നതില്‍ അയാളെപ്പോലെ മിടുക്കനായ ഒരു ക്യാപ്റ്റന്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ല. അത്രമേല്‍ നാടകീയമായിരുന്നു അയാളുടെ ഓരോ നീക്കങ്ങളും. ഒന്നും അയാളെ ഭയപ്പെടുത്തിയില്ല. ഒന്നിനേയും അയാള്‍ കൂസിയതുമില്ല. തനിക്ക് ഉറച്ച ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അയാളെ തടയാന്‍ ആര്‍ക്കുമായില്ല. ക്രിക്കറ്റിലെ തന്റെ സ്‌ട്രോക്ക് പ്ലേ പോലെത്തന്നെ കൃത്യതയുള്ളതായിരുന്നു ക്യാപ്റ്റനെന്ന നിലയിലുള്ള അയാളുടെ നീക്കങ്ങളും. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല. നമ്മുടെ സ്വന്തം സൗരവ് ഗാംഗുലിയെക്കുറിച്ച്. സൗരവ് ചാന്ദിദാസ് ഗാംഗുലിയെക്കുറിച്ച്. എന്നും വിവാദങ്ങള്‍ ഗാംഗുലിക്കൊപ്പമുണ്ടായിരുന്നു. 1992ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചതുമുതലിങ്ങോട്ട് കളി അവസാനിപ്പിക്കുന്നതുവരെയും പിന്നീട് ബി സി സി ഐ അധ്യക്ഷനായ കാലത്തുമെല്ലാം അത് തുടര്‍ന്നു. സൗരവ് ഗാംഗുലി എന്നും അങ്ങനെയായിരുന്നു. വേണമെങ്കില്‍ നിഷേധിയെന്നോ അഹങ്കാരിയെന്നോ ഒക്കെ അയാളെ വിളിക്കാം. പക്ഷെ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും ഒരുകാലത്തും അവഗണിക്കാനാവില്ല.

ക്യാപ്റ്റനെന്ന നിലയില്‍ അത്യന്തം വിപ്ലവകരമായിരുന്നു അയാളുടെ പല തീരുമാനങ്ങളും. അന്നുവരെ രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ഓരോരുത്തര്‍ക്കും സ്ഥിരമായി ക്വാട്ട നല്‍കുന്നതുപോലെ നടന്നിരുന്ന ടീം സെലക്ഷനെന്ന നാടകമാണ് അയാളാദ്യം പൊളിച്ചത്. പ്രതിഭ മാത്രം നോക്കിയാല്‍ മതിയെന്നും ഈസ്റ്റ് സോണെന്നും വെസ്റ്റ് സോണെന്നുമൊക്കെയുള്ള വേര്‍തിരിവുകള്‍ വേണ്ടെന്നും അയാള്‍ സെലക്ടര്‍മാരോട് കട്ടായം പറഞ്ഞു. ക്രിക്കറ്റ് കളിക്കാനുള്ള കഴിവുണ്ടോ എന്നതുമാത്രമാണ് ഒരു കളിക്കാരനെ ദേശീയ ടീമില്‍ തിരഞ്ഞെടുക്കാനുള്ള ആദ്യത്തെയും അവസാനത്തെയും മാനദണ്ഡമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ പ്രതിഭയുള്ളവര്‍ രാജ്യത്തെ ഏത് കോണില്‍ നിന്നുള്ളവരായാലും ശരി, ഏത് കുഗ്രാമത്തില്‍ നിന്നുള്ളവരായാലും ശരി അവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടുന്നുണ്ടെന്ന് അയാള്‍ ഉറപ്പുവരുത്തി. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് കേരളത്തില്‍ നിന്നൊരു ടിനു യോഹന്നാനും പിന്നീട് ശ്രിശാന്തും സഞ്ജു സാംസണുമെല്ലാം ഇന്ത്യന്‍ ടീമില്‍ കളിച്ചത്. അതുകൊണ്ടുമാത്രമാണ് ജാര്‍ഖണ്ഡിലെ ചെറിയൊരു പട്ടണമായ റാഞ്ചിയില്‍ നിന്നുള്ള മഹേന്ദ്ര സിംഗ് ധോണി എന്ന കളിക്കാരന്‍ പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വരെയായത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ധോണിയുടെ കളി കണ്ട ഗാംഗുലിയാണ് ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അത്യന്തം സ്‌ഫോടനാത്മകമായിരുന്നു അയാളുടെ രീതികള്‍. അച്ചടക്ക നടപടി നേരിട്ട് ബാംഗ്ലൂരിലെ ദേശീയ അക്കാദമിയിലേയ്ക്ക് പറഞ്ഞയക്കപ്പെട്ട ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റ് വിട്ട് അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്താലോ എന്നാലോചിക്കുന്ന കാലത്താണ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നതും ഹര്‍ഭജന്‍ തന്റെ ടീമില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന് സെലക്ടര്‍മാരോട് വാശി പിടിക്കുന്നതും. തുടര്‍ന്ന് 2001ല്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഹര്‍ഭജനെ ടീമിലുള്‍പ്പെടുത്തി. ഫലമോ ഒരു ഹാട്രിക്ക് അടക്കം 32 വിക്കറ്റുകളാണ് മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ഹര്‍ഭജന്‍ നേടിയത്. ആ പരമ്പരയായിരുന്നു ഹര്‍ഭജന്റെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ്. അതിന് കാരണം സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റനായിരുന്നു. പരമ്പര ഇന്ത്യ 2-1ന് ജയിക്കുന്നു. കൊല്‍ക്കത്തയില്‍ ഫോളോ ഓണ്‍ ചെയ്ത് ടെസ്റ്റ് ജയിച്ച് ഇന്ത്യ ചരിത്രം കുറിച്ച പരമ്പര കൂടിയായിരുന്നു അത്. രാഹുല്‍ ദ്രാവിഡും വി വി എസ് ലക്ഷ്മണും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് ആണ് അന്ന് ഇന്ത്യയ്ക്ക് ചരിത്രജയം നേടിക്കൊടുത്തത് എന്നതുകൂടി ഈയവസരത്തില്‍ ഓര്‍ക്കാം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ 1-0ന് കഷ്ടിച്ച് ജയിക്കുന്നു. ആ പരമ്പരയില്‍ ഇംഗ്ലണ്ട് മികച്ച കളി പുറത്തെടുത്തിരുന്നു. അതൊക്കെയാണെങ്കിലും പരമ്പര ഇന്ത്യ ജയിച്ചിട്ടും ഇംഗ്ലണ്ടിനാണ് മോറല്‍ വിക്ടറി അഥവാ ധാര്‍മിക വിജയം ഉണ്ടായതെന്ന ചില ക്രിക്കറ്റ് പണ്ഡിതന്‍മാരുടെ അഭിപ്രായത്തെ ഗാംഗൂലി രൂക്ഷമായി വിമര്‍ശിച്ചതാണ് മറ്റൊരു സന്ദര്‍ഭം. ക്രിക്കറ്റില്‍ ‘മോറല്‍ വിക്ടറി’ എന്നൊരു വാക്ക് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത് എന്നായിരുന്നു ഗാംഗുലി പരിഹാസത്തോടെ പറഞ്ഞത്. കളിയില്‍ ഒന്നുകില്‍ ജയിക്കാം അല്ലെങ്കില്‍ തോല്‍ക്കാം. ഇതല്ലാതെ മോറല്‍ വിക്ടറി എന്നൊന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

യുവ്‌രാജ് സിംഗും മുഹമ്മദ് കൈഫും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുയരുന്ന കാലം. പ്രത്യേകിച്ചും ഏകദിനത്തില്‍. 2002ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ 326 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ചാമ്പ്യന്‍മാരായത് ഈ രണ്ട് യുവതാരങ്ങളുടെ മിന്നുംപ്രകടനത്തിന്റെ ഫലത്തിലായിരുന്നു. അന്ന് ലോര്‍ഡ്‌സിലെ വിഖ്യാതമായ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് സ്വന്തം ജേഴ്‌സിയൂരി ചുഴറ്റി വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന ഗാംഗുലിയുടെ ചിത്രം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അന്നത്തെ ഗാംഗുലിയുടെ ആ വ്യത്യസ്തമായ ആഹ്ലാദ പ്രകടനം ഇംഗ്ലണ്ടിന്റെ ആന്‍ഡ്ര്യു ഫഌന്റോഫിനുള്ള മറുപടിയായിരുന്നു. ആ ജയത്തിന് ശേഷം പലപ്പോഴും മുഹമ്മദ് കൈഫിനെ ഏകദിന ടീമിലുള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നു. ഏഴാമതൊരു ബാറ്റ്‌സ്മാനെ ടീമിലുള്‍പ്പെടുത്താനുള്ള പരിമിതിയായിരുന്നു കാരണം. കൈഫ് ആകട്ടെ ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും മികച്ചുനില്‍ക്കുന്ന കളിക്കാരനാണ്. ചുരുങ്ങിയത് ഇരുപത് റണ്‍സെങ്കിലും ഒറ്റയ്ക്ക് തടയാന്‍ കഴിയുന്ന ഫീല്‍ഡര്‍. അങ്ങനെവന്നപ്പോള്‍ കൈഫിനെ ടീമിലുള്‍പ്പെടുത്താന്‍ ഗാംഗുലി ഒരു പോംവഴി കണ്ടെത്തി. രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കുക. എന്നാല്‍പ്പിന്നെ ഏഴാമതൊരു ബാറ്റ്‌സ്മാനായി മുഹമ്മദ് കൈഫിനെ ടീമിലുള്‍പ്പെടുത്താം. ഗാംഗുലി കാര്യം ദ്രാവിഡിനെ പറഞ്ഞു ബോധ്യപ്പെടുത്തി. ദ്രാവിഡ് കീപ്പറായി. കൈഫ് ടീമിലുള്‍പ്പെട്ടതോടെ ബാറ്റിംഗിലെ ആഴം മാത്രമല്ല, ഫീല്‍ഡിംഗിലെ ഇന്ത്യയുടെ പോരായ്മകളും ഒരുപരിധി വരെ നികത്താനായി. യുവ് രാജും കൈഫുമാണ് അന്നത്തെ ഇന്ത്യന്‍ ടീമിലെ ഊര്‍ജസ്വലരായ ഫീല്‍ഡര്‍മാര്‍. ഇരുവരും ചേര്‍ന്നുള്ള ബാറ്റിംഗ് കൂട്ടുകെട്ടുകളും ഫീല്‍ഡിംഗ് കൂട്ടുകെട്ടുകളും ഇന്ത്യയെ പല മത്സരങ്ങളിലും ജയിപ്പിച്ചു. അതിന് കാരണമായത് സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്റെ മികച്ച തീരുമാനമായിരുന്നു. മുഹമ്മദ് കൈഫ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ് അങ്ങനെ എത്രയെത്ര പേരാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്കുകീഴില്‍ വളര്‍ന്നുവന്നത്.

2003ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ക്യാപ്റ്റനായ സൗരവ് ഗാംഗുലി ഉജ്ജ്വല സെഞ്ച്വറി നേടി. 196 പന്തില്‍ 144 റണ്ണാണ് ഗാംഗുലി നേടിയത്. ഗാംഗുലിയുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പരമ്പരയിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ഇന്ത്യ ലീഡ് നേടി. ഇത് പരമ്പരയില്‍ ഇന്ത്യയ്ക്ക് നല്‍കിയ മാനസികമായ മേധാവിത്തം വളരെ വലുതായിരുന്നു. അതിന് കാരണം ഗാംഗുലിയായിരുന്നു. ആ ടെസ്റ്റ് സമനിലയിലായി. എന്നാല്‍ ഗൗംഗുലിയുടെ ആ ഇന്നിംഗ്‌സ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചിരുന്നു. ക്യാപ്റ്റന്‍ തന്നെ മുന്നില്‍ നിന്ന് ആക്രമിച്ചുകളിക്കുന്നത് ഓസ്‌ട്രേലിയയ്ക്കുള്ള സൂചനയായിരുന്നു. ഞങ്ങള്‍ വെറുതെ തോറ്റ് മടങ്ങാന്‍ വന്നവരല്ല എന്ന സന്ദേശമാണ് ഗാംഗുലി ആ ഇന്നിംഗ്‌സിലൂടെ നല്‍കിയത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരുഘട്ടത്തില്‍ ഇന്ത്യ 1-0ന് മുന്നില്‍ വരെയെത്തി. അന്ന് അതൊരു ചെറിയ കാര്യമായിരുന്നില്ല. പിന്നീട് ഓസ്‌ട്രേലിയ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കി. ഇതിനെല്ലാം കാരണം ഗാംഗുലി ആദ്യ ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയായിരുന്നു. ആ ഇന്നിംഗ്‌സാണ് പരമ്പരയിലുടനീളം ധൈര്യപൂര്‍വം കളിക്കാന്‍ ഇന്ത്യയ്ക്ക് ഊര്‍ജം നല്‍കിയത്. അന്നുവരെ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമുകളെ പോലെയായിരുന്നില്ല ഗാംഗുലിയുടെ ഇന്ത്യന്‍ ടീം. അടിമുടി ആക്രമണോത്സുകതയായിരുന്നു ആ ടീമിന്റെ മുഖമുദ്ര. അത് ഓപ്പണിംഗില്‍ വീരേന്ദര്‍ സെവാഗില്‍ നിന്ന് തുടങ്ങുന്നതായിരുന്നു. പുലിയെ കീഴടക്കുന്നെങ്കില്‍ അത് പുലിമടയില്‍ ചെന്നുതന്നെ വേണമെന്ന വാശിക്കാരനായിരുന്നു സൗരവ് ഗാംഗുലി.

നാട്ടിലെ പുലികളെന്ന ചീത്തപ്പേര് ഗാംഗുലി ക്യാപ്റ്റനായതോടെയാണ് ഇന്ത്യ മാറ്റിയത്. വിദേശത്തും ഇന്ത്യയ്ക്ക് പുലികളെപ്പോലെ കളിക്കാനാകുമെന്ന് ഗാംഗുലിയും കൂട്ടരും ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു മത്സരത്തില്‍ ടോസിടുന്ന നേരത്ത് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്റ്റീവ് വോയ്ക്ക് സൗരവ് ഗാംഗുലിയെ കാത്തുനില്‍ക്കേണ്ടിവന്നു എന്നതുപോലും ഒരു സന്ദേശമായിരുന്നു. തങ്ങള്‍ ആര്‍ക്കും പിറകിലല്ലെന്ന സന്ദേശം. അതായിരുന്നു ഗാംഗുലി. ആരെയും കൂസാത്തതായിരുന്നു ആ ശൈലി. വിദേശത്ത് ജയിക്കുന്നത് ഇന്ത്യ ശീലമാക്കിയത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഒന്നും അപ്രാപ്യമല്ലെന്ന് ഗാംഗുലി ഇന്ത്യക്കാര്‍ക്കാ കാണിച്ചുകൊടുത്തു. ഫീല്‍ഡില്‍ ആക്രമണോത്സുകനായ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ഫീല്‍ഡര്‍മാര്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ പോലും പൊറുക്കാത്ത ക്യാപ്റ്റന്‍. അവരെ ചീത്ത വിളിക്കാന്‍ ഒരു മടിയും ഗാംഗുലി കാണിച്ചില്ല. ഉള്ളിലെ വികാരങ്ങള്‍ അതേപടി പുറത്തുകാണിക്കുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി. ദേഷ്യവും സങ്കടവും ഈര്‍ഷ്യയും സന്തോഷവുമെല്ലാം അയാള്‍ മറയില്ലാതെ പ്രകടിപ്പിച്ചു. അതില്‍ ഒരു തെറ്റും അയാള്‍ കണ്ടില്ല.

2005ല്‍ ജോണ്‍ റൈറ്റിനുശേഷം ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ ടീം കോച്ചായപ്പോള്‍ ക്യാപ്റ്റനായ ഗാംഗുലിക്കും ചാപ്പലിനുമിടയിലുണ്ടായ തര്‍ക്കങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ്. തീര്‍ത്തും മോശം ഫോമിലായിരുന്ന ഗാംഗുലിയോട് സിംബാബ്‌വെ പര്യടനത്തിനിടെ ക്യാപ്റ്റന്‍സി ഒഴിയാനും ബാറ്റിംഗില്‍ ശ്രദ്ധ ചെലുത്താനും ചാപ്പല്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീം മാനേജ്‌മെന്റിലെ ചിലര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ടീമില്‍ ഗാംഗുലിക്ക് മീതെ യുവ്‌രാജിനെയും കൈഫിനെയും പരിഗണിക്കുമെന്ന ചാപ്പലിന്റെ നിലപാട് ഗാംഗുലിയെ വിറളിപിടിപ്പിച്ചെന്നും ഗാംഗുലി നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങിയെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്തായാലും തത്കാലം വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും സിംബാബ്‌വെ പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ ഗ്രെഗ് ചാപ്പല്‍ ബി സി സി ഐയ്ക്ക് ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈമെയില്‍ അയച്ചു. ഇത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയതോടെ വീണ്ടും വിവാദം. അന്ന് ഹര്‍ഭജന്‍ സിംഗ് ചാപ്പലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഗാംഗുലിയെ ചാപ്പല്‍ കൈകാര്യ ചെയ്ത രീതിയോട് പല കളിക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പിന്നീട് 2014ല്‍ തന്റെ ആതമകഥയില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കാര്‍ ഗ്രെഗ് ചാപ്പലിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് സൗരവ് ഗാംഗുലിയെന്നും ഗാംഗുലിക്ക് ഇന്ത്യന്‍ ടീമിലിടം നേടാന്‍ ചാപ്പലിന്റെ പിന്തുണയുടെ ആവശ്യമില്ലെന്നും സച്ചിന്‍ ആത്മകഥയില്‍ തുറന്നടിച്ചു.

ഗാംഗുലിക്ക് പകരം ടീമിലിടം പിടിച്ചിരുന്ന യുവ്‌രാജ് അന്ന് പറഞ്ഞത് ഗാംഗുലി തന്റെ വഴികാട്ടിയാണെന്നും കിട്ടുന്ന അവസരങ്ങള്‍ തങ്ങള്‍ ഇരുവരും പങ്കിട്ടെടുക്കുമെന്നുമാണ്. ഗാംഗുലിയോടുള്ള ഇഷ്ടവും ബഹുമാനവും മുഴുവന്‍ ആ വാക്കുകളില്‍ പ്രകടമായിരുന്നു. 2005ലും 2006ലുമായി മോശം ഫോം കാരണം ഗാംഗുലി പലപ്പോഴായി ടീമില്‍ വന്നുംപോയുമിരുന്നു. എന്നാല്‍ 2007ല്‍ മിന്നും ഫോമില്‍ കളിച്ച ഗാംഗുലി ആ വര്‍ഷം ടെസ്റ്റില്‍ 61.44 ശരാശരിയില്‍ 1106 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെട്ടു. ആ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോര്‍ ചെയ്ത താരങ്ങളില്‍ ജാക്വിസ് കാലിസിന് പിറകില്‍ രണ്ടാമനായിരുന്നു ഗാംഗുലി. ആ വര്‍ഷം ഏകദിനത്തില്‍ 44.28 ശരാശരിയില്‍ 1240 റണ്‍സും ഗാംഗുലി സ്‌കോര്‍ ചെയ്തു. എന്നാല്‍ ആ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏക ജയം ദുര്‍ബലരായ ബര്‍മുഡയ്‌ക്കെതിരെയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനും കോച്ചിനുമെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ഗ്രെഗ് ചാപ്പല്‍ പരിശീലകസ്ഥാനത്തുനിന്ന് രാജിവെയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ച ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന് അവസാനമാവുകയും ചെയ്തു.

1992 ജനുവരി 11ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലാണ് സൗരവ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. എന്നാല്‍ പിന്നീട് നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം 1996ല്‍ ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്‍ഡ്‌സിലാണ് ഗാംഗുലി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ വരവറിയിച്ചു. തൊട്ടടുത്ത ടെസ്റ്റിലും സെഞ്ച്വറി നേടിയ ഗാംഗുലി ടീമിലെ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ഗാംഗുലിയുടെ കാലമായിരുന്നു. ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റിലും അയാള്‍ റണ്ണടിച്ചുകൂട്ടി. തുടര്‍ന്ന് രണ്ടായിരത്തില്‍ ടീമിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടു. വാതുവെയ്പ് വിവാദമുണ്ടായി ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലയുകയും മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും വിലക്ക് നേരിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഗാംഗുലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കുള്ള വരവ്. ഇന്ത്യ ഉയിര്‍ത്തെഴുന്നേല്പിനായി കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുന്ന കാലം. ഗാംഗുലിയുടെ ആക്രമണോത്സുകമായ നായകത്വത്തിന്‍ കീഴില്‍ ഇന്ത്യ ലോകക്രിക്കറ്റില്‍ തേരോട്ടം നടത്തി. വിദേശത്ത് ജയിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ഇന്ത്യ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലുമൊക്കെ ടെസ്റ്റ് ജയിച്ചു. 2003 ഏകദിന ലോകകപ്പ് ഫൈനലിലെത്തി. ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കുകയായിരുന്നു. Your Attractive Heading

അക്കാലത്ത് ലോകത്തെത്തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി ഗാംഗുലി വാഴ്ത്തപ്പെട്ടു. എന്നാല്‍ 2004ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയും നാട്ടില്‍ പരമ്പര നഷ്ടപ്പെടുകയും ചെയ്തതോടെ ഗാംഗുലിയുടെ താഴോട്ടിറക്കം ആരംഭിച്ചു. മോശം ഫോമും കൂടി ആയതോടെ എല്ലാം പൂര്‍ണമായി. ഇതിനിടെയായിരുന്നു ഗ്രെഗ് ചാപ്പലുമായുള്ള ഏറ്റുമുട്ടലുകള്‍. തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ഗാംഗുലി എന്നാല്‍ 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഗാംഗുലി ഉള്‍പ്പെട്ടു. തുടര്‍ന്ന് പതുക്കെ പതുക്കെ ഗാംഗുലി പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. എന്നാല്‍ 2007ല്‍ മഹേന്ദ്ര സിംഗ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായതോടെ ഗാംഗുലി ഏകദിന ടീമില്‍ നിന്ന് പുറത്തായി. തുടര്‍ന്നും ടെസ്റ്റില്‍ കളിച്ച ഗാംഗുലി 2008ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തോടെ താന്‍ കളിയില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

അസാധാരണ പ്രതിഭയുള്ള ബാറ്റ്‌സ്മാനായിരുന്നു സൗരവ് ഗാംഗുലി. ആ ആക്രമണോത്സുകമായ ശൈലിയും സ്‌ട്രോക്ക് പ്ലേയും സുന്ദരമായിരുന്നു. ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ ഗാംഗുലിയെന്ന് പറഞ്ഞത് ടീമിലെ തന്റെ അടുത്ത കൂട്ടുകാരനായിരുന്ന രാഹുല്‍ ദ്രാവിഡ് ആണ്. അത്ര സുന്ദരമായിരുന്നു ഓഫ് സൈഡിലെ ഗാംഗുലിയുടെ കളി. സ്പിന്നര്‍മാരെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി അടിച്ചുപറത്തുന്ന ഗാംഗുലി സ്റ്റൈല്‍ ഒന്ന് വേറെത്തന്നെയായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. കൂടാതെ അദ്ദേഹത്തിന്റെ മിലിട്ടറി മീഡിയം പേസ് ബൗളിംഗും ടീമിന് പലപ്പോഴും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. ബ്രേക്ക്ത്രൂ കിട്ടാതെ വിഷമിച്ചിരിക്കുന്ന ഘട്ടങ്ങളില്‍ വിക്കറ്റെടുത്ത് ടീമിന്റെ രക്ഷകനായി എത്രയോ വട്ടം ഗാംഗുലി മാറിയിട്ടുണ്ട്. പ്രിന്‍സ് ഓഫ് കൊല്‍ക്കത്ത എന്നും ബംഗാള്‍ ടൈഗര്‍ എന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഗാംഗുലിക്കുണ്ടായിരുന്നു. 113 ടെസ്റ്റുകളില്‍ നിന്ന് 42.17 ശരാശരിയില്‍ 7212 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം. ഏകദിനത്തില്‍ 311 മത്സരങ്ങളില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സാണ് ഗാംഗുലി അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 16 സെഞ്ച്വറിയും 35 അര്‍ദ്ധസെഞ്ച്വറിയും നേടിയപ്പോള്‍ ഏകദിനത്തില്‍ 22 സെഞ്ച്വറിയും 72 അര്‍ദ്ധസെഞ്ച്വറിയും നേടി.

ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച നായകനായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലിക്ക് മുമ്പും പിറകും എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വിഭജിക്കാന്‍ മാത്രം വൈഭവമുണ്ടായിരുന്ന ഒന്നാന്തരം ക്യാപ്റ്റന്‍. ബാറ്റിംഗിലാകട്ടെ ഗാംഗുലിയുടെ കളി കാണുക എന്നത് ഒരു ആനന്ദം തന്നെയായിരുന്നു. അത്രമാത്രം ഒഴുക്കുള്ള കളിക്കാരന്‍. പ്രത്യേകിച്ചും ഓഫ് സൈഡില്‍. ബൗണ്‍സറുകള്‍ മാത്രമായിരുന്നു ഗാംഗുലിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ പലപ്പോഴും ആ വെല്ലുവിളിയും ഗാംഗുലി വജിയകരമായി മറികടന്നു എന്നതിന്റെ തെളിവാണ് ഉജ്ജ്വലമായ ആ കരിയര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറുമൊത്തുള്ള ഗാംഗുലിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെഴുതുമ്പോള്‍ ഒഴിവാക്കാനാകാത്ത പേരാണ് ആരാധകര്‍ സ്‌നേഹപൂര്‍വം ദാദയെന്ന് വിളിക്കുന്ന സൗരവ് ചാന്ദിദാസ് ഗാംഗുലിയുടേത്. അത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തങ്കലിപികളാല്‍ കൊത്തിവെയ്ക്കപ്പെട്ടതാണ്.



