Monday, February 16, 2026
Google search engine
HomeSportLife Storyബൂം.. ബൂം… ബുക്കായോ സാക്ക

ബൂം.. ബൂം… ബുക്കായോ സാക്ക

കെ.ശ്രീജിത്ത്

ബുക്കായോ അയോയിങ്ക ടെമിഡായോ സാക്ക. ഇന്ന് ലോക ഫുട്‌ബോളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സലിനുവേണ്ടിയും ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടിയും റൈറ്റ് വിംഗറായി കളിക്കുന്ന സാക്ക അടുത്ത ഒരു ദശകമെങ്കിലും ലോക ഫുട്‌ബോള്‍ അടക്കിവാഴുന്ന ചുരുക്കം പേരില്‍ ഒരാളായിരിക്കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കരുതുന്ന പേരാണ്.

2001 സപ്തംബര്‍ അഞ്ചിന് ഗ്രെയ്റ്റര്‍ ലണ്ടനിലെ ഈലിംഗിലാണ് ബുക്കായോ സാക്ക ജനിച്ചത്. നൈജീരിയക്കാരായ അഡെനികയും യോമി സാക്കയുമാണ് ബുക്കായോ സാക്കയുടെ മാതാപിതാക്കള്‍. കുട്ടിക്കാലത്ത് പ്രാദേശിക ക്ലബായ ഗ്രീന്‍ഫോര്‍ഡ് സെല്‍റ്റിക്കിനും വാട്ട്‌ഫോര്‍ഡിനും വേണ്ടി യൂത്ത് ഫുട്‌ബോള്‍ കളിച്ച സാക്ക ഏഴാമത്തെ വയസില്‍ ആഴ്‌സനലിന്റെ ഹെയ്ല്‍ എന്‍ഡ് അക്കാദമിയില്‍ ചേര്‍ന്നു. യൂത്ത് ടീമുകളില്‍ കളിച്ചിരുന്ന യുവപ്രതിഭകളില്‍ എപ്പോഴും വേറിട്ടുനിന്ന സാക്കയുടെ കഴിവുകള്‍ അപാരമായിരുന്നു. കളിക്കളത്തില്‍ അതിവേഗം തീരുമാനങ്ങളെടുക്കാനുള്ള മിടുക്ക് കുട്ടിക്കാലം മുതലെ സാക്കയ്ക്കുണ്ടായിരുന്നു. എതിര്‍ കളിക്കാരെ എപ്പോള്‍ ഡ്രിബ്ള്‍ ചെയ്ത് മറികടക്കണമെന്നതിനെക്കുറിച്ചും എപ്പോള്‍ സഹകളിക്കാര്‍ക്ക് പാസ് നല്‍കണമെന്നതിനെക്കുറിച്ചും അയാള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. മികച്ച ശാരീരികക്ഷമത കൂടി ആയതോടെ സാക്ക അസാമാന്യ കളിക്കാരനായി. സാക്കയ്ക്ക് പതിനേഴ് വയസ് തികഞ്ഞപ്പോള്‍ അയാള്‍ ആഴ്‌സനലുമായി പ്രൊഫഷണല്‍ കരാര്‍ ഒപ്പുവെയ്ക്കുകയും ക്ലബിന്റെ അണ്ടര്‍-23 ടീമിലേയ്ക്ക് അയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

2018 നവംബര്‍ 29നാണ് ആഴ്‌സനലിന്റെ സീനിയര്‍ ടീമില്‍ ആദ്യമായി ബുക്കായോ സാക്ക കളിക്കുന്നത്. യുവേഫ യൂറോപ്പ ലീഗില്‍ വോഴ്‌സ്‌ക്ല പൊള്‍ട്ടാവയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. അറുപത്തെട്ടാമത്തെ മിനിറ്റില്‍ പകരക്കാരനായാണ് സാക്ക കളിക്കാനിറങ്ങിയത്. അടുത്ത വര്‍ഷം ജനുവരി ഒന്നിനാണ് സാക്ക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്. ഫുള്‍ഹാമിനെതിരെ 4-1ന് ആഴ്‌സനല്‍ ജയിച്ച മത്സരത്തില്‍ 83-ാം മിനിറ്റില്‍ പകരക്കാരാനായാണ് സാക്ക ഇറങ്ങിയത്. 2019 യൂറോപ്പ ലീഗിന്റെ ഫൈനലില്‍ ആഴ്‌സനല്‍ കളിച്ചെങ്കിലും സാക്കയെ ഇറക്കിയില്ല. മത്സരം ആഴ്‌സനല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെല്‍സിയോട് തോറ്റു. അടുത്ത വര്‍ഷം സപ്തംബറില്‍ യൂറോപ്പ ലീഗിലാണ് സാക്ക ആഴ്‌സണലിനുവേണ്ടിയുള്ള തന്റെ ആദ്യ ഗോള്‍ നേടുന്നത്. സീഡ് കൊലസിനാച്ചിനും കിയറന്‍ ടിയേണിക്കും പരിക്കേറ്റതോടെ ബുക്കായോ സാക്ക ആഴ്‌സനലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥിരമായി കളിച്ച് തുടങ്ങി. ഇതോടെ അയാള്‍ ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. മിക്കപ്പോഴും അയാളെ ലെഫ്റ്റ് ബാക്ക് ആയാണ് ആഴ്‌സനല്‍ ഉപയോഗിച്ചത്. സാക്ക സ്ഥിരമായി സഹകളിക്കാര്‍ക്ക് ഗോളടിക്കാന്‍ വഴിയൊരുക്കുകയും വല്ലപ്പോഴുമൊക്കെ സ്വയം ഗോളടിക്കുകയും ചെയ്തു. 2020 ജൂലായ് ഒന്നിന് ബുക്കായോ സാക്ക ആഴ്‌സനലുമായുള്ള തന്റെ കരാര്‍ പുതുക്കി. തുടര്‍ന്ന് ജൂലായ് നാലിന് സാക്ക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടി. എഫ്.എ കപ്പ് ഫൈനലില്‍ ആഴ്‌സനല്‍ ചെല്‍സിയെ തോല്പിച്ച് ചാമ്പ്യന്‍മാരായി. എന്നാല്‍ സാക്കയെ ടീം ഫൈനലില്‍ ഇറക്കിയില്ല. 2019-20 സീസണില്‍ ആഴ്‌സനല്‍ പ്ലേയര്‍ ഓഫ ദ സീസണ്‍ അവാര്‍ഡിനുവേണ്ടിയുള്ള വോട്ടെടുപ്പില്‍ ബുക്കായ സാക്കോ മൂന്നാമതെത്തി.

2020-21 സീസണില്‍ അയാള്‍ ആഴ്‌സനലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സാക്ക 2020 ഡിസംബറിലും 21 ജനുവരിയിലും ഫെബ്രുവരിയിലുമായി തുടര്‍ച്ചയായി മൂന്ന് തവണ ആഴ്‌സനല്‍ പ്ലേയര്‍ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2021 മാര്‍ച്ച് ആറിന് സാക്ക ആഴ്‌സനലിനുവേണ്ടി തന്റെ അമ്പതാമത്തെ മത്സരത്തിലിറങ്ങിയപ്പോള്‍ ക്ലബില്‍ ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. സീസണില്‍ ഏഴ് ഗോളും ഏഴ് അസിസ്റ്റുകളും നേടിയ സാക്ക ആഴ്‌സനല്‍ പ്ലേയര്‍ ഓഫ് ദ സീസണായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബര്‍ 30ന് സാക്ക ആഴ്‌സനലിനുവേണ്ടി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തന്റെ നൂറാമത്തെ മത്സരം കളിച്ചു. തുടര്‍ന്ന് ഡിസംബര്‍ 26ന് അയാള്‍ ആദ്യമായി ആഴ്‌സനലിനുവേണ്ടി ഒരു മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്ത് ഗോള്‍ പൂര്‍ത്തിയാക്കിയ സാക്ക ആഴ്‌സനലിനുവേണ്ടി ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. നിക്കോളസ് അനെല്‍ക്കയായിരുന്നു ആഴ്‌സലിനുവേണ്ടി ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 2022 മാര്‍ച്ച് 19ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആഴ്‌സനലിന്റെ രണ്ടായിരാമത്തെ ഗോള്‍ നേടിയത് ബുക്കായോ സാക്കയായിരുന്നു. അത്തവണ പ്രീമിയര്‍ ലീഗില്‍ അഞ്ചാമതായാണ് ആഴ്‌സനല്‍ ഫിനിഷ് ചെയ്തത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യത നേടുന്നതില്‍ ആഴ്‌സനല്‍ പരാജയപ്പെട്ടു. എന്നാല്‍ സീസണില്‍ ക്ലബിനുവേണ്ടി മികച്ച പ്രകടനം നടത്തിയ സാക്ക തുടര്‍ച്ചയായി രണ്ടാം സീസണിലും ആഴ്‌സനല്‍ പ്ലേയര്‍ ഓഫ് ദ സീസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തിയറി ഓന്റിക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കളിക്കാരനായിരുന്നു ബുക്കായോ സാക്ക. ഓന്റി 2003ലും 2004ലുമായിരുന്നു ഈ നേട്ടം കൈവരിച്ചത്.

2022-23 സീസണില്‍ സാക്ക മിന്നുന്ന ഫോമിലായിരുന്നു. ആഴ്‌സനലിനുവേണ്ടി അയാള്‍ നിര്‍ണായക ഗോളുകളും അസിസ്റ്റുകളും സൃഷ്ടിച്ചു. 2022 ഓഗസ്റ്റ് 20ന് സാക്ക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ നൂറാമത്തെ മത്സരം കളിച്ചു. ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഒക്ടോബറില്‍ ആഴ്‌സനലിനുവേണ്ടി തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സാക്ക ഗോള്‍ നേടി. ഇതില്‍ ആദ്യത്തേത് ഇരട്ട ഗോളായിരുന്നു. തന്റെ കരിയറില്‍ സാക്ക ആദ്യമായിട്ടായിരുന്നു തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്നത്. 2023 മാര്‍ച്ചില്‍ ലണ്ടന്‍ ഫുട്‌ബോള്‍ അവാര്‍ഡ്‌സില്‍ മെന്‍സ് യങ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചത് സാക്കയ്ക്കായിരുന്നു. മെയ് 23ന് ആഴ്‌സനല്‍ സാക്കയുമായുള്ള കരാര്‍ വീണ്ടും നീട്ടി. 2027 വരെ ആഴ്‌സനലിനൊപ്പം തുടരാനുള്ള കരാറിലാണ് സാക്ക ഒപ്പുവെച്ചത്. 2022-23 സീസണിലെ പിഎഫ്എ യങ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സാക്കയെത്തേടിയെത്തി. 2023 ഓഗസ്റ്റ് 26ന് ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ സാക്ക കളിച്ചപ്പോള്‍ അത് ആഴ്‌സനലിനുവേണ്ടിയുള്ള അയാളുടെ തുടര്‍ച്ചയായ 83-ാമത്തെ മത്സരമായിരുന്നു. ആഴസനലിന്റെ ചരിത്രത്തില്‍ ഇതൊരു റെക്കോഡാണ്. സപ്തംബര്‍ 20ന് ചാമ്പ്യന്‍സ് ലീഗിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സാക്ക ഗോള്‍ നേടി. പി.എസ്.വിയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ഒരു മാസത്തിനുശേഷം ഷെഫീല്‍ഡ് യുണേറ്റഡിനെതിരായ മത്സരത്തില്‍ ആഴ്‌സനലിനെ നയിച്ചത് സാക്കയായിരുന്നു. മത്സരം ആഴ്‌സനല്‍ 5-0ന് ജയിച്ചു. ഡിസംബറില്‍ ആഴ്‌സനലിനുവേണ്ടി ഇരുന്നൂറാമത്തെ മത്സരത്തിനിറങ്ങിയ സാക്ക ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഈ വര്‍ഷം ഫെബ്രുവരി 11ന് വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ സാക്ക ഇരട്ട ഗോള്‍ നേടിയതോടെ ആഴ്‌സനലിനുവേണ്ടി അമ്പത് ഗോള്‍ നേടുന്ന താരമെന്ന നേട്ടം കൈവരിച്ചു. ഇതോടെ പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനുവേണ്ടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സാക്ക മാറി.

ഇംഗ്ലണ്ടിന്റെ അണ്ടര്‍-16 മുതല്‍ അണ്ടര്‍-21 വരെയുള്ള നാല് വ്യത്യസ്ത ടീമുകളില്‍ കളിച്ചിട്ടുള്ള ബുക്കായോ സാക്ക ആ ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2020 ഒക്ടോബറില്‍ സാക്ക ഇംഗ്ലണ്ട് സീനിയര്‍ ടീമിനുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ തന്റെ അരങ്ങേറ്റം കുറിച്ചു. വെയ്ല്‍സിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ത്തന്നെ സാക്കയെ ഉള്‍പ്പെടുത്തി. മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന ഗോളിന് ജയിച്ചു. പിന്നീട് 2021 ജൂണ്‍ രണ്ടിന് ഓസ്ട്രിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സാക്ക ഇംഗ്ലണ്ടിനുവേണ്ടി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. കൊവിഡ് കാരണം 2020ലെ യൂറോ കപ്പ് 2021ല്‍ നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. എന്നാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇറ്റലി ചാമ്പ്യന്‍മാരായി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ചാമ്പ്യന്‍മാരെ നിശ്ചയിച്ചത്. ഷൂട്ടൗട്ടിലെ അഞ്ചാമത്തെ പെനാല്‍റ്റി കിക്ക് എടുത്തത് സാക്കയായിരുന്നു. സാക്കയുടെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ഡോണരുമ്മ തടുത്തതോടെയാണ് ഇറ്റലി കിരീടം നേടിയത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ സാക്ക എടുക്കുന്ന ആദ്യ പെനാല്‍റ്റി കിക്കായിരുന്നു അത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ സാക്കയ്‌ക്കെതിരെ രൂക്ഷമായ വംശീയാധിക്ഷേപമുണ്ടായി. താന്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയ ആ നിമിഷത്തില്‍ തന്നെ താനിത് പ്രതീക്ഷിച്ചിരുന്നുവെന്ന് സാക്ക പിന്നീട് പറഞ്ഞു. ഇത്തരം പ്രവണതകളെ തടയാന്‍ വേണ്ടത്ര നടപടികള്‍ ഇപ്പോഴുമുണ്ടാകുന്നില്ലെന്നത് ദു:ഖകരമാണെന്നും സാക്ക പറഞ്ഞു.

2022 സപ്തംബര്‍ 23ന് 2021-22 സീസണിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി ബുക്കായോ സാക്കയെ തിരഞ്ഞെടുത്തു. ഡെക്കാന്‍ റൈസിനെയും ഹാരി കെയ്‌നിനെയും മറികടന്നായിരുന്നു സാക്കയുടെ നേട്ടം. ആദ്യമായിട്ടായിരുന്നു ഒരു ആഴ്‌സനല്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. 2022 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തില്‍ സാക്ക ഇരട്ട ഗോള്‍ നേടി. ഇറാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 6-2ന് ജയിച്ചു. തുടര്‍ന്ന് സെനഗലിനെ 3-0ന് തോല്പിച്ച മത്സരത്തില്‍ സാക്ക ഒരു ഗോള്‍ നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ് ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ സാക്കയുടെ തേരോട്ടവും അവസാനിച്ചു. 2023 ജൂണ്‍ 19ന് സാക്ക അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ ഹാട്രിക്ക് നേടി. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയ്‌ക്കെതിരെയായിരുന്നു ഇത്. മത്സരം ഇംഗ്ലണ്ട് 7-0ന് ജയിച്ചു. 2022-23 സീസണില്‍ പത്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോള്‍ നേടിയ സാക്കയെ 2023 സപ്തംബര്‍ അഞ്ചിന് സീസണിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം വട്ടമായിരുന്നു സാക്ക ഇൗ അംഗീകാരം നേടുന്നത്. ഈ വര്‍ഷത്തെ യൂറോ കപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സാക്കയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്‌പെയിനിനോട് ഇംഗ്ലണ്ട് തോറ്റത് നിരാശയായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ ജയം. തുടര്‍ച്ചയായി രണ്ടാം യൂറോ കപ്പിലാണ് ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റ് മടങ്ങിയത്.

ഫുള്‍ ബാക്ക് ആയും വിങ് ബാക്ക് ആയും ഫോര്‍വേഡായും കളിക്കാന്‍ കഴിയുന്ന താരമാണ് ബുക്കായോ സാക്ക. ഏത് വിങിലും ഒരുപോലെ വേഗത്തില്‍ കളിക്കാന്‍ കഴിയുന്ന അപൂര്‍വം താരങ്ങളിലൊരാള്‍. അസാധാരണമായ ആക്രമണോത്സുകതയും ഭാവനാത്മകമായ നീക്കങ്ങളും കൊണ്ട് എതിരാളികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന സാക്ക ഡ്രിബ്ള്‍ ചെയ്യാനുള്ള അപാര കഴിവ് കൂടി ചേരുന്നതോടെ അത്യന്തം അപകടകാരിയായി മാറുന്നു. പ്രവചനാതീതമാണ് സാക്കയുടെ നീക്കങ്ങള്‍. അതുകൊണ്ടുതന്നെ സാക്ക മുന്നോട്ടുകയറിവരുമ്പോള്‍ എതിര്‍ ഡിഫന്‍സ് ഒന്ന് ആടിയുലയും. അയാള്‍ എപ്പോള്‍ എന്തുചെയ്യുമെന്ന് പറയാന്‍ കഴിയാത്തതാണ് അതിന് കാരണം. വെറും ഇരുപത്തിമൂന്നാമത്തെ വയസിനകം തന്നെ ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും തന്റെ മുദ്ര പതിപ്പിച്ചുകഴിഞ്ഞ ബുക്കായോ സാക്ക വരും വര്‍ഷങ്ങളില്‍ ലോക ഫുട്‌ബോളിനെ തന്റെ കാല്‍ക്കീഴിലാക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments