മലയാള പരിഭാഷ: കെ.ശ്രീജിത്ത്
2013 നവംബര്‍ 16. അന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരവും കളിച്ച് ക്രിക്കറ്റ് എന്ന മനോഹരമായ കളിയില്‍ നിന്ന് വിരമിച്ചത്. വെസ്റ്റീന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരമായിരുന്നു അത്. വെറും മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ച ആ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സനും 126 റണ്‍സിനും ജയിച്ചു. അന്ന് മത്സരശേഷം തെന്‍ഡുല്‍ക്കര്‍ നടത്തിയ വിരമിക്കല്‍ പ്രസംഗം ഇന്നും ഇന്ത്യയിലെ ഒരോ ക്രിക്കറ്റ് പ്രേമിയുടെയും ഉള്ളില്‍ അലയടിക്കുന്നുണ്ട്. ആ പ്രസംഗത്തിന്റെ പൂര്‍ണരൂപം നമ്മുക്ക് ഒന്നുകൂടി ഒന്ന് നോക്കാം.
………………….

എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ സംസാരിക്കാന്‍ അനുവദിക്കൂ, സംസാരിക്കുംതോറും ഞാന്‍ കൂടുതല്‍, കൂടുതല്‍ വികാരാധീനനാകും…
കഴിഞ്ഞ 24 വര്‍ഷത്തിനിടെ ക്രിക്കറ്റ് പിച്ചിലെ 22 അടികള്‍ക്കിടയിലുള്ള എന്റെ ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവിതത്തില്‍ ഇതുവരെ എത്താന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് എന്റെ കൈയിലുണ്ട്. അതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കൂ.

ആദ്യം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെക്കുറിച്ച്, അച്ഛനെക്കുറിച്ച്. അദ്ദേഹം 1999ല്‍ ഈ ലോകം വിട്ടുപോയി. എന്റെ കരിയറിന് കാരണമായ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. പതിനൊന്നാമത്തെ വയസ് മുതല്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ അദ്ദേഹം എന്നോട് പറഞ്ഞു ‘ നീ നിന്റഎ സ്വപ്‌നങ്ങളെ പിന്തുടരുക. വിജയത്തിലേയ്ക്ക് കുറുക്കുവഴികളില്ല’. അദ്ദേഹം ഒന്നുകൂടി എന്നോട് പറഞ്ഞു ‘ഒരു നല്ല മനുഷ്യനാവുക’. അതാകാന്‍ ഞാന്‍ ഇപ്പോഴും ഏറ്റവും നന്നായി പരിശ്രമിക്കുന്നു.

എന്റെ അമ്മ, എങ്ങനെയാണ് എന്നെപ്പോലൊരു വികൃതി കുട്ടിയെ കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുമില്ല. ഞാന്‍ ആരോഗ്യവാനായി ഇരിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചു. ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നതിനും എത്രയോ മുമ്പ് അവര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു. ആ പ്രാര്‍ത്ഥനയാണ് എനിക്ക് ശക്തി നല്‍കിയതെന്ന് ഞാന്‍ കരുതുന്നു.

എന്റെ സ്‌കൂള്‍ കാലത്ത് ഞാന്‍ എന്റെ അമ്മാവനും അമ്മായിക്കുമൊപ്പമായിരുന്നു. സ്‌കൂള്‍ ഏറെ ദൂരെയായതിനാല്‍ ആയിരുന്നു അത്. അവര്‍ സ്വന്തം മകനെപ്പോലെയാണ് എന്നോട് പെരുമാറിയത്. കഠിനമായ ക്രിക്കറ്റ് പരിശീലനത്തിനുശേഷം പാതി ഉറക്കത്തില്‍ ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മായി എന്നെ നന്നായി ഊട്ടി. എനിക്ക് അടുത്ത ദിവസവും ക്രിക്കറ്റ് കളിക്കാനുള്ള ശേഷി ഉണ്ടാകാന്‍ വേണ്ടിയായിരുന്നു അത്.

എന്റെ മൂത്ത സഹോദരന്‍ നിതിന്‍ അധികം സംസാരിക്കാന്‍ ഇഷ്ടമുള്ള ആളല്ല. എന്നാലും എന്നോട് എപ്പോഴും പറയും ‘നീ എല്ലാ കാര്യങ്ങളും ശരിയായാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്’. എന്റെ സഹോദരിയാണ് എനിക്ക് ആദ്യമായി സ്വന്തമായി ഒരു ബാറ്റ് തരുന്നത്. ഒരു കശ്മീര്‍ ബാറ്റ് ആയിരുന്നു അത്. ഇപ്പോഴും അവര്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം പ്രാര്‍ത്ഥനയായി നിരാഹാരമിരിക്കും.

അജിത്തിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സ്വപ്‌നം ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. അജിത്ത് എന്നെ അച്ഛ്‌രേക്കര്‍ സാറുടെ അടുത്ത് പതിനൊന്നാമത്തെ വയസില്‍ കൊണ്ടുപോകുന്നതോടെയാണ് ഇതെല്ലാം തുടങ്ങുന്നത്. എന്നില്‍ ഒരു തീപ്പൊരി കണ്ടതോടെ സ്വന്തം കരിയര്‍, എന്റെ കരിയറിനായി അദ്ദേഹം ത്യജിച്ചു. അതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പോലും അദ്ദേഹം എന്നെ വിളിച്ച് ഞാന്‍ ഔട്ടായ രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഞങ്ങള്‍ക്കിടയില്‍ ഒട്ടേറെ ചര്‍ച്ചകളും തര്‍ക്കങ്ങളുമുണ്ടായിട്ടുണ്ട്. ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ യോജിപ്പ് ഉണ്ടായി. എന്നാല്‍ ചിലപ്പോഴൊക്കെ, അദ്ദേഹം എന്റെ ടെക്‌നിക്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് വിയോജിച്ചു. അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ കുറഞ്ഞ ക്രിക്കറ്ററായിപ്പോയേനെ ഞാന്‍.

1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. അവള്‍ ഒരു ഡോക്ടറായിരുന്നെന്നും ശോഭനമായ ഒരു ഭാവി അവളെ കാത്തിരിക്കുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു. എന്നാല്‍ ഒരു കുടുംബമായി ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍ അവള്‍ പറഞ്ഞു ‘നീ നിന്റെ ക്രിക്കറ്റുമായി മുന്നോട്ടുപോവുക. കുടുംബത്തിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം’. അങ്ങനെയൊന്ന് നടന്നില്ലായിരുന്നെങ്കില്‍ ഇത്രയുംകാലം ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് കഴിയുമായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ എല്ലാ രീതിയിലും സഹിച്ചതിന് നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇതാണ്.

ഇനി സാറയും അര്‍ജുനും. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് രത്‌നങ്ങള്‍. എന്റെ മകള്‍ക്ക് പതിനാറും മകന് പതിന്നാലും വയസുണ്ട്. കാലം എത്ര വേഗമാണ് പാഞ്ഞുപോയത്. അവരുടെ ജന്മദിനങ്ങളിലോ, അവരുടെ സ്‌കൂളിലെ വാര്‍ഷികങ്ങളിലോ കായികദിനങ്ങളിലോ ഒന്നും എനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ കഴിഞ്ഞിട്ടില്ല. അതെല്ലാം മനസിലാക്കിയതിന് നന്ദി. നിങ്ങള്‍ രണ്ട് പേരും അത്രയേറെ സ്‌പെഷലാണ് എനിക്ക്. ഞാന്‍ മതിയായ സമയം നിങ്ങള്‍ക്കൊപ്പം ചെലവഴിച്ചിട്ടില്ല. എന്നാല്‍ അടുത്ത പതിനാറ് വര്‍ഷമോ അതില്‍ കൂടുതലോ ഞാന്‍ പൂര്‍ണമായും നിങ്ങള്‍ക്കുള്ളതാണെന്ന് ഉറപ്പുതരുന്നു.

അമ്മായി അച്ഛനും അമ്മായി അമ്മയും എനിക്ക് ഏറെ പിന്തുണ നല്‍കി. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങള്‍ക്കൊരു ശക്തമായ കുടുംബമുണ്ട്. അഞ്ജലിയെ വിവാഹം കഴിക്കാന്‍ എന്നെ അനുവദിച്ചതിന് ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു.

എനിക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്റെ സഹോദരന്‍ എന്നെ അച്ഛ്‌രേക്കര്‍ സാറുടെ അടുത്തേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം. സാര്‍ എന്നെ അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ ശിവാജി പാര്‍ക്ക് മുതല്‍ ആസാദ് മൈതാന്‍ വരെ മുംബൈ മുഴുവന്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. എനിക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു അത്. അദ്ദേഹം ഒരിക്കലും എന്നോട് ‘നന്നായി കളിച്ചു’ എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഞാന്‍ അലംഭാവം കാണിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. സാര്‍, ഇപ്പോള്‍ താങ്കള്‍ക്ക് വേണമെങ്കില്‍ ഒന്ന് ഭാഗ്യം പരീക്ഷിക്കാവുന്നതാണ്, കാരണം എനിക്ക് ഇനി കൂടുതല്‍ മത്സരങ്ങളൊന്നും കളിക്കാനില്ല.

കഴിഞ്ഞ 24 വര്‍ഷത്തിനിടെ ഞാന്‍ ഒട്ടേറെ പുതിയ സുഹൃത്തുക്കളെയുണ്ടാക്കി. അതിനുമുമ്പ് എന്റെ ബാല്യത്തില്‍ എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. ഞാന്‍ എപ്പോഴൊക്കെ നെറ്റ്‌സില്‍ എനിക്ക് പന്തെറിഞ്ഞുതരാന്‍ അവരെ വിളിച്ചുവോ, അപ്പോഴൊക്കെ എനിക്കൊപ്പം നില്‍ക്കുന്നതിനുവേണ്ടി മാത്രം അവര്‍ അരുടെ മറ്റ് പണികള്‍ മാറ്റിവെച്ചു. എനിക്ക് പരിക്കേറ്റപ്പോള്‍ പോലും അവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. അന്ന് അവര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കമെഴുന്നേറ്റു. എന്റഎ കരിയര്‍ അവസാനിച്ചിട്ടില്ലെന്ന് എന്നെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി മാത്രമായിരുന്നു അത്. അവരില്ലായിരുന്നെങ്കില്‍ ജീവിതം അപൂര്‍ണമായേനെ. എനിക്ക് വേണ്ടി എപ്പോഴും നിലകൊണ്ടതിന് നന്ദി

ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ മൈതാനത്താണ് മുംബൈയ്ക്കുവേണ്ടി ഞാന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ഒരിക്കല്‍ ന്യൂസീലന്റില്‍ നിന്ന് പുലര്‍ച്ചെ നാല് മണിക്ക് എത്തിയ ഞാന്‍ എട്ട് മണിക്ക് ഒരു രഞ്ജി മത്സരം കളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. അങ്ങനെ ചെയ്യാന്‍ ആരും എന്നെ നിര്‍ബന്ധിച്ചതല്ല. മുംബൈ ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ടം കാരണമാണ് ഞാന്‍ കളിച്ചത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ കാലത്തും എന്നെ ഏറെ പിന്തുണച്ചിട്ടുണ്ട്.

തീര്‍ച്ചയായും ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നതായിരുന്നു സ്വപ്നം. തകര്‍പ്പന്‍ പിന്തുണയാണ് ബി സി സി ഐയില്‍ നിന്ന് കിട്ടിയത്. പതിനാറാമത്തെ വയസില്‍ അവര്‍ എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും രാജ്യത്തിനുവേണ്ടി കളിക്കാന്‍ എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. മൈതാനത്ത് എനിക്ക് എന്നെ തന്നെ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തന്നതിനും നല്‍കിയ പിന്തുണയ്ക്കും നന്ദി. എപ്പോഴൊക്കെ എനിക്ക് പരിക്കേറ്റുവോ അപ്പോഴൊക്കെ ഏറ്റവും വേഗത്തില്‍ പരിക്ക് മാറി ഞാന്‍ കളത്തില്‍ തിരിച്ചെത്താനാവാശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ബി സി സി ഐ ഉറപ്പുവരുത്തി.

ഒട്ടേറെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചു. എന്നെ സഹായിച്ചതിന് അവര്‍ക്കെല്ലാവര്‍ക്കും നന്ദി. രാഹുല്‍, വിവിഎസ്, സൗരവ് എന്നിവരെയെല്ലാം ഞാന്‍ ബിഗ് സ്‌ക്രീനില്‍ കാണുന്നു. കൂട്ടത്തില്‍ ഇവിടെ സന്നിഹിതനല്ലാത്ത അനില്‍ കുംബ്ലെയേയും ടീമിലെ എന്റെ സഹകളിക്കാരെയും. നിങ്ങളെല്ലാം എനിക്ക് എന്റെ കുടുംബം പോലെയാണ്. ആ ഡ്രസ്സിംഗ് റൂമില്ലാതെ, അവിടുത്തെ മനോഹരമായ നിമിഷങ്ങളില്ലാതെ മുന്നോട്ടുപോവുക എനിക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും.

ധോനി എനിക്ക് ഇരുന്നൂറാം ടെസ്റ്റ് ക്യാപ് നല്‍കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘നമ്മളെല്ലാം ഒരു ടീമെന്ന നിലയില്‍ ഇവിടെ നില്‍ക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. നിങ്ങളെല്ലാവരും ശരിയായ സ്പിരിറ്റിലും കഴിവിന്റെ പരമാവധി പുറത്തെടുത്തും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് തുടരുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. ഏറെ ശോഭനമായ ഭാവി നിങ്ങള്‍ക്കുണ്ടാക്ടട്ടെയെന്ന് ആശംസിക്കുന്നു.

ഡോക്ടര്‍മാര്‍ക്കും ഫിസിയോമാര്‍ക്കും നന്ദി പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ വരുത്തുന്ന വീഴ്ചയായിരിക്കും അത്. കാരണം അവരുടെ പ്രത്യേകമായ ശ്രമങ്ങളില്ലായിരുന്നെങ്കില്‍ എനിക്ക് കളിക്കാനുള്ള ഫിറ്റ്‌നസ് ഉണ്ടാകുമായിരുന്നില്ല. എനിക്ക് ഇപ്പോഴുമറിയില്ല, നിങ്ങള്‍ എങ്ങനെയാണ് എന്റെ ശരീരം കളിക്കാന്‍ പാകത്തിലുള്ളതായി നിലനിര്‍ത്തിയതെന്ന്.

എന്റെ പ്രിയപ്പെട്ട സുഹൃത്തും എന്റെ ആദ്യ മാനേജരുമായിരുന്ന മാര്‍ക്ക് മസ്‌കരാനസ്. 2002ല്‍ ഒരു കാറപകടത്തില്‍ അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടു. എന്റെ കളിയെക്കുറിച്ച് അദ്ദേഹം എപ്പോഴും ആവേശം കൊണ്ടു. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് പ്രത്യേകിച്ചും. സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടിയുള്ള ഷൂട്ടും മറ്റും എന്റെ കളിയെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. അദ്ദേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഈ കാണുന്നതൊന്നും നേടാനാകുമായിരുന്നില്ല. ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. എന്റെ ഇപ്പോഴത്തെ മാനേജര്‍ വിനോദ് നായിഡു എന്റെ കുടുംബത്തിലെ ഒരംഗം പോലെയാണ്. അദ്ദേഹം സ്വന്തം കുടുംബത്തെ വിട്ട് എന്റെ ജോലികള്‍ ചെയ്യുന്നതിനായി ഒരുപാട് സമയം ചിലവഴിക്കുന്നു.

സ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നന്നായി കളിച്ചപ്പോഴൊക്കെ മാധ്യമങ്ങള്‍ എന്നെ ഏറെ പിന്തുണച്ചു. നിങ്ങള്‍ ഇതുവരെയും അതുതന്നെ ചെയ്തുകൊണ്ടിരുന്നു. നിങ്ങളെല്ലാവര്‍ക്കും നന്ദി. ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ക്യമാറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നന്ദി. ആ ചിത്രങ്ങളെല്ലാം എനിക്കൊപ്പം എന്നുമുണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചരിച്ച് എന്നെ കാണാനായി മാത്രം ഇവിടെയെത്തിയ നിങ്ങളോരോരുത്തര്‍ക്കും നന്ദി. ഞാന്‍ പൂജ്യം സ്‌കോര്‍ ചെയ്താലും സെഞ്ച്വറിയടിച്ചാലും ഒരുപോലെ നിങ്ങളോരോരുത്തരും എന്നെ എപ്പോഴും പിന്തുണച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥനയായി നിരാഹാരമിരിക്കുന്ന, ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്ന, എനിക്കുവേണ്ടി എന്തുംചെയ്യുന്ന ഒട്ടേറെപ്പേരെ ഞാന്‍ കണ്ടുമുട്ടി. നിങ്ങള്‍ എിക്കുവേണ്ടി ചെയ്ത എല്ലാത്തിനും ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു.

പ്രത്യേകിച്ചും സച്ചിന്‍, സച്ചിന്‍ എന്ന ആര്‍പ്പുവിളികള്‍ക്ക്. അവസാന ശ്വാസം വരെ അത് എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരുപാട് നന്ദി. എന്തെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. ഗുഡ്‌ബൈ…



