Friday, February 20, 2026
Google search engine
HomeSportLegendsഒരേയൊരു ബാറ്റി ഗോള്‍

ഒരേയൊരു ബാറ്റി ഗോള്‍

കെ.ശ്രീജിത്ത്

ഒരുകാലത്ത് അര്‍ജന്റീനയില്‍ സാക്ഷാല്‍ ഡീഗോ മറഡോണയ്‌ക്കൊപ്പം പ്രശസ്തനായിരുന്നു ഗബ്രിയേല്‍ ഒമര്‍ ബാറ്റിസ്റ്റ്യൂട്ട. ടീമിന്റെ ഗോളടിയന്ത്രം. അര്‍ദ്ധാവസരം പോലും ഗോളാക്കി മാറ്റാന്‍ കഴിവുള്ള അതിസമര്‍ത്ഥനായ സ്‌ട്രൈക്കര്‍. തൊണ്ണൂറുകളില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍. ഈ മിടുക്ക് കാരണമാണ് ബാറ്റിഗോള്‍ എന്ന വിളിപ്പേരില്‍ ഫുട്‌ബോള്‍ ലോകത്ത് ബാറ്റിസ്റ്റിയൂട്ട അറിയപ്പെട്ടത്. അര്‍ജന്റീനിയന്‍ ടീമില്‍ ഡീഗോ മറഡോണയ്ക്കും കനീജിയയ്ക്കുമൊപ്പം ഒഴിവാക്കാനാകാത്ത കളിക്കാരന്‍. ഫിനിഷിംഗിലെ കൃത്യതയാണ് ലോകഫുട്‌ബോളിലെ മറ്റ് സ്‌ട്രൈക്കര്‍മാരില്‍ നിന്ന് ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെ വേറിട്ടുനിര്‍ത്തിയത്. ഓടുന്ന ഓട്ടത്തില്‍ തന്നെ മികച്ച ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ ദൂരത്തുനിന്നു തന്നെ ഗോള്‍ പോസ്റ്റ് ലക്ഷ്യമിടുന്നതിലും മിടുക്കനായിരുന്നു ബാറ്റിസ്റ്റിയൂട്ട.

1969 ഫെബ്രുവരി ഒന്നിന് അര്‍ജന്റീനയിലെ സാന്താഫെ പ്രവിശ്യയില്‍ ജനിച്ച ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ചെറുപ്പത്തില്‍ ബാസ്‌ക്കറ്റ്‌ബോളിനോടായിരുന്നു പ്രിയം. എന്നാല്‍ 1978ല്‍ അര്‍ജന്റീന ലോകചാമ്പ്യന്‍മാരായതോടെ ഫുട്‌ബോളിലായി അയാളുടെ കമ്പം. 1988ല്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്ന ക്ലബിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യമൊക്കെ പ്രൊഫഷണല്‍ ഫുട്‌ബോളുമായി പൊരുത്തപ്പെടാന്‍ അയാള്‍ പണിപ്പെട്ടു. വീടും കുടുംബവും വിട്ട് സ്റ്റേഡിയത്തിലെ കൊച്ചുമുറിയില്‍ ഉറങ്ങേണ്ടിവന്നത് ബാറ്റിസ്റ്റ്യൂട്ടയെ ഏറെ വിഷമിച്ചു. കൂടാതെ ശരീരത്തിന്റെ അമിതഭാരം ഫുട്‌ബോള്‍ മൈതാനത്ത് അയാളുടെ വേഗതയെ ബാധിച്ചു. ആദ്യ സീസണില്‍ 24 കളികളില്‍ നിന്ന് ഏഴ് ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. ഇതോടെ ദക്ഷിണ അമേരിക്കയിലെ ഏറ്റവും മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന കോപ്പ ലിബര്‍ട്ടഡോറസ് കപ്പിന്റെ ഫൈനലില്‍ ടീമെത്തി. ബാറ്റിസ്റ്റിയൂട്ടയുടെ മിന്നുന്ന കളി ശ്രദ്ധിച്ച റിവര്‍പ്ലേറ്റ് അയാളെ ടീമിലെത്തിച്ചു. എന്നാല്‍ അവിടെ വളരെ കുറച്ച് കളികളില്‍ മാത്രമെ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് അവസരം ലഭിച്ചുള്ളൂ. കോച്ച് ഡാനിയേല്‍ പാസറെല്ലയുമായി ബാറ്റിസ്റ്റ്യൂട്ടയ്ക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളായിരുന്നു ഇതിന് കാരണം.

തുടര്‍ന്ന് 1990ല്‍ അയാള്‍ അര്‍ജന്റീനയിലെ മറ്റൊരു മുന്‍നിര ടീമായ ബൊക്ക ജൂനിയേഴ്‌സിലെത്തുന്നു. എന്നാല്‍ ബൊക്കയിലെ ആദ്യ സീസണിലും ബാറ്റിസ്റ്റ്യൂട്ട ബുദ്ധിമുട്ടി. എന്നാല്‍ പിന്നീട് ടീമിന്റെ കോച്ചായി ഓസ്‌കാര്‍ ടബറേസ് എത്തിയതോടെ കളി മാറി. ബാറ്റിസ്റ്റിയൂട്ടയെ ഏറെ പ്രോത്സാഹിപ്പിച്ച ടബറേസ് അയാളിലെ കളിക്കാരന് ആത്മവിശ്വാസമേകി. ആ സീസണില്‍ 29 കളികളില്‍ നിന്ന് 23 ഗോളടിച്ച ബാറ്റിസ്റ്റ്യൂട്ട ലീഗിലെ ടോപ് സ്‌കോററായി. ഇതോടെ ബാറ്റിസ്റ്റിയൂട്ട യൂറോപ്യന്‍ ക്ലബുകളുടെ നോട്ടപ്പുള്ളിയായി. ഇതിനിടെ അയാള്‍ അര്‍ജന്റീനയുടെ ദേശീയ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നു. 1991ലെ കോപ്പ അമേരിക്കയിലാണ് അയാള്‍ ആദ്യമായി അര്‍ജന്റീനിയന്‍ ജേഴ്‌സി അണിയുന്നത്. അത്തവണ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായി. ബാറ്റിസ്റ്റ്യൂട്ടയായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കോപ്പയിലെ അയാളുടെ പ്രകടനം ശ്രദ്ധിച്ച ഇറ്റാലിന്‍ ക്ലബ് ഫിയോന്റീനയുടെ വൈസ് പ്രസിഡന്റ് സമയമൊട്ടും പാഴാക്കാതെ അയാളെ ക്ലബിലെത്തിക്കുന്നു. ഇറ്റലിയിലെ ഏറ്റവും ഉയര്‍ന്ന ഫുട്‌ബോള്‍ ലീഗായ സീരി എയില്‍ ആദ്യ സീസണില്‍ ഫിയോന്റീനയ്ക്കുവേണ്ടി 13 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. എന്നളുടെ സഹായത്തോടെ ഫിയോന്റീന വീണ്ടും ഫ്സ്റ്റ് ഡിവിഷനിലേയ്ക്ക് തിരിച്ചെത്തുന്നു. തുടര്‍ന്നങ്ങോട്ട് ഫിയോന്റീനയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെയാണ് അയാള്‍ക്ക് ബാറ്റിഗോള്‍ എന്ന ഓമനപ്പേര് വീഴുന്നത്. 1992ല്‍ ബാറ്റി അര്‍ജന്റീനയ്‌ക്കൊപ്പം ഫിഫ കോണ്‍ഫഡറേഷന്‍സ് കപ്പും നേടി. 93ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക നിലനിര്‍ത്തുമ്പോഴും ബാറ്റിസ്റ്റിയൂട്ട ടീമിലുണ്ടായിരുന്നു. 1995ലെ കോപ്പ അമേരിക്കയിലും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ബാറ്റിയായിരുന്നു.

ബാറ്റിസ്റ്റിയൂട്ട അടങ്ങുന്ന ഫിയോന്റീന 1996ലെ ഇറ്റാലിയന്‍ കപ്പും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നേടുന്നു. ഈ രണ്ട് ടൂര്‍ണമെന്റിലും മികച്ച പ്രകടനമാണ് ബാറ്റിസ്റ്റ്യൂട്ട പുറത്തെടുത്തത്. 1994-95 സീസണില്‍ ഫിയോന്റീനയ്ക്കുവേണ്ടി തുടര്‍ച്ചയായി 11 കളികളില്‍ ഗോളടിച്ച് റെക്കോഡിട്ടു. ആ സീസണില്‍ മൊത്തം 26 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട അടിച്ചുകൂട്ടിയത്. 94ല്‍ അയാള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ആദ്യമായി ലോകകപ്പില്‍ കളിച്ചു. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ഒരു ഹാട്രിക്ക് അടക്കം നാല് ഗോളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. 1998ല്‍ ഇറ്റാലിയന്‍ സീരി എയിലെ മികച്ച വിദേശതാരമായി അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1998 ലോകകപ്പില്‍ ബാറ്റി അര്‍ജന്റീനയ്ക്കുവേണ്ടി അഞ്ച് ഗോളടിച്ചു. ഇതില്‍ ജമൈക്കയ്‌ക്കെതിരെ നേടിയ ഹാട്രിക്കും ഉള്‍പ്പെടുന്നു. ഇതോടെ രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ ഹ്രാട്രിക്ക് നേടുന്ന ഒരേയൊരു താരമായി ബാറ്റിസ്റ്റ്യൂട്ട മാറി. 98 ലോകകപ്പില്‍ ജപ്പാനും ഇംഗ്ലണ്ടിനുമെതിരെ ബാറ്റിസ്റ്റ്യൂട്ട ഗോളടിച്ചു. രണ്ടായിരത്തില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറുകളിലൊന്നായി മാറിയ നീക്കത്തില്‍ ബാറ്റിസ്റ്റ്യൂട്ട എ എസ് റോമയിലെത്തി. റോമയോടൊപ്പമുള്ള ആദ്യ സീസണില്‍ത്തന്നെ ബാറ്റിസ്റ്റ്യൂട്ട ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്‍ഷിപ്പ് നേടി. ഫിയോന്റീനയ്‌ക്കൊപ്പം ഒമ്പത് സീസണ്‍ കളിച്ചിട്ടും ബാറ്റിസ്റ്റ്യൂട്ടയ്ക്ക് നേടാനാകാത്തതായിരുന്നു അത്. ചാമ്പ്യന്‍ഷിപ്പില്‍ റോമയ്ക്കുവേണ്ടി ബാറ്റി ഇരുപത് ഗോളാണ് അടിച്ചത്. റോമയ്‌ക്കൊപ്പം ബാറ്റിസ്റ്റ്യൂട്ട ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ ജേതാവായി. 2002 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഒരു ഗോള്‍ നേടി ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ബാറ്റിസ്റ്റിയൂട്ട. പത്ത് ഗോളുകളാണ് മൂന്ന് ലോകകപ്പുകളിലായി അയാള്‍ നേടിയത്. എന്നാല്‍ 2022 ലോകകപ്പില്‍ ലിയണല്‍ മെസി ബാറ്റിയുടെ ഈ റെക്കോഡ് മറികടന്നു. അന്ന് ബാറ്റിസ്റ്റിയൂട്ട ഇങ്ങനെ പറഞ്ഞു – മെസി തന്റെ റെക്കോഡ് മറികടന്നതില്‍ ഒട്ടും ദു:ഖമില്ല. കാരണം ആ റോക്കോഡ് എന്റെ പേരിലായിരുന്നപ്പോള്‍ ഞാന്‍ അതേറെ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ലിയോ അത് മറികടന്നിരിക്കുന്നു. അയാള്‍ അതിന് പൂര്‍ണമായും അര്‍ഹനാണ്. ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങഅകില്‍ അത് ലിയോയ്ക്ക് മാത്രമാണ്. മെസ്സി മറ്റാരെക്കാളും മികച്ച ഫുടു്‌ബോള്‍ കളിക്കുന്ന മനുഷ്യനാണ്. അങ്ങനെയൊരാള്‍ നിങ്ങളുടെ റെക്കോഡ് മറികടക്കുകയാണെങ്കില്‍ അതൊരു ദു:ഖമല്ല, മറിച്ച് ആനന്ദമാണ്.

2003ല്‍ ഇന്റര്‍മിലാനില്‍ വായ്പയായി എത്തിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട അവിടെ അധികകാലം തുടര്‍ന്നില്ല. പിന്നീടയാള്‍ ഖത്തറിലെ അല്‍ അറബി എസ്.സിയ്ക്ക് വേണ്ടിയാണ് കളിച്ചത്. ടീമിനൊപ്പം 2003-2004 സീസണിലെ ലീഗ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച ബാറ്റിസ്റ്റ്യൂട്ട 25 ഗോളുകളാണ് നേടിയത്. അറബ് ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും അയാള്‍ നേടി. ഒരു സീസണ്‍ കൂടി അവിടെ തുടര്‍ന്ന അയാള്‍ 2005ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. കരിയറിലെ അവസാനകാലത്തുണ്ടായ ചില പരിക്കുകളാണ് 17 വര്‍ഷം നീണ്ട കളിജീവിതം അവസാനിപ്പിക്കാന്‍ ബാറ്റിസ്റ്റ്യൂട്ടയെ നിര്‍ബന്ധിതനാക്കിയത്. 2004ല്‍ ഫിഫയ്ക്കുവേണ്ടി ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച 125 താരങ്ങളെ ഫുട്‌ബോള്‍ ഇതിഹാസം പെല തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ഗബ്രിയേല്‍ ഒമര്‍ ബാറ്റിസ്റ്റിയൂട്ട ആയിരുന്നു. ഒരു ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ച് അതിനെക്കാള്‍ വലിയ അംഗീകാരമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ഒരു അര്‍ജന്റിീന താരത്തെ സംബന്ധിച്ചിടത്തോളം. 1999ല്‍ ഫിഫയുടെ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ ബാറ്റിസ്റ്റ്യൂട്ട മൂന്നാമതെത്തിയിരുന്നു. അര്‍ജന്റീനയ്ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ 77 ഔദ്യോഗിക മത്സരങ്ങളില്‍ നിന്നായി 54 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. ദീര്‍ഘകാലം ഇത് റെക്കോഡായി നിലനിന്നു. 2016ല്‍ ലിയണല്‍ മെസി അത് തകര്‍ക്കുംവരെ.

മെസി ആ റെക്കോഡ് തകര്‍ക്കാന്‍ എന്താണ് ഇത്ര വൈകിയതെന്നാണ് തന്റെ അത്ഭുതമെന്നായിരുന്നു അന്ന് ബാറ്റിസ്റ്റ്യൂട്ട പ്രതികരിച്ചത്. മെസി കളിക്കളത്തിലെത്തിയ ശേഷം എപ്പോള്‍ വേണമെങ്കിലും തന്റെ റെക്കോഡ് തകര്‍ക്കപ്പെടുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി താനിത് പ്രതീക്ഷിച്ചിരുന്നുവെന്ന് 2016 ജൂണില്‍ മെസി റെക്കോഡ് മറികടന്നപ്പോള്‍ ബാറ്റിസ്റ്റിയൂട്ട പറഞ്ഞു. മെസ്സി എന്നോ തന്റെ റെക്കോഡ് മറികടന്നുവെന്നുപോലും താന്‍ കരുതിയിരുന്നതായും ബാറ്റിസ്റ്റിയൂട്ട പറഞ്ഞു. തന്റെ ഹൃദയത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നുനിന്നിരുന്ന റെക്കോഡായിരുന്നു അത്. ഒരിക്കല്‍ താനും റെക്കോഡിട്ടത് മറ്റൊരാളെ മറികടന്നായിരുന്നുവെന്ന് ബാറ്റിസ്റ്റിയൂട്ട ഓര്‍മിപ്പിച്ചു. അ തുപോലെ ഇന്ന് തന്റെ റെക്കോഡും മറ്റൊരു താരം മറികടന്നിരിക്കുന്നു. റെക്കോഡുകളുടെ കാര്യം അത്രയേയുള്ളൂ എന്നും ബാറ്റിസ്റ്റിയൂട്ട ചൂണ്ടിക്കാട്ടി. എന്നാല്‍ ലിയണല്‍ മെസ്സി എന്ന ആധുനിക ഫുട്‌ബോളിലെ ഇതിഹാസത്തിന് ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡ് മറികടക്കാന്‍ ബാറ്റിസ്റ്റിയൂട്ട കളിച്ചതിനേക്കാള്‍ നാല്പതോളം മത്സരങ്ങള്‍ കൂടുതല്‍ വേണ്ടിവന്നു എന്ന കാര്യം നമ്മുക്ക് വിസ്മരിക്കാനാവില്ല. ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ ബാറ്റിസ്റ്റിയൂട്ട എത്രത്തോളം മികച്ച ഫിനിഷറായിരുന്നുവെന്നും ഏത് നിലവാരത്തിലുള്ള സ്‌ട്രൈക്കറായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 248 മത്സരങ്ങളില്‍ നിന്ന് 444 ഗോളാണ് ബാറ്റിസ്റ്റിയൂട്ട അടിച്ചുകൂട്ടിയത്. ഒരു മത്സരത്തില്‍ ഏതാണ്ട് രണ്ട് ഗോളിനടുത്ത ശരാശരിയിലാണ് അയാള്‍ ഗോളുകളടിച്ചതെന്നത് ഈ കണക്കുകള്‍ പറയുന്നു. അതൊരു അസാധാരണ കളിക്കണക്കാണ്. ഇതിനുപുറമെയാണ് അര്‍ജന്റീനയ്ക്കുവേണ്ടി അയാള്‍ 77 കളികളില്‍ നിന്ന് 54 ഗോള്‍ നേടിയത്.

ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെന്ന് നിസംശയം പറയാം. കിട്ടുന്ന അവസരങ്ങളില്‍ എണ്‍പത് ശതമാനവും ഗോളാക്കി മാറ്റിയ അപൂര്‍വ പ്രതിഭ. ഹാഫ് വോളികളില്‍ നിന്ന് തകര്‍പ്പന്‍ അടിയിലൂടെ ഗോള്‍ നേടുന്ന, എത്ര ദൂരെനിന്നും പന്ത് കിട്ടിയപാടെ ലോങ് റേഞ്ചറുകള്‍ പായിച്ച് ഗോള്‍ നേടുന്ന അപൂര്‍വം താരങ്ങളിലൊരാളായിരുന്നു ബാറ്റിസ്റ്റ്യൂട്ട. വിഷം ഏറെയുള്ള ഷോട്ടുകളായിരുന്നു ഗോളിലേയ്ക്ക് ബാറ്റിസ്റ്റിയൂട്ട നിറയൊഴിച്ചത്. പലപ്പോഴും ഗോളികള്‍ക്ക് ഒറ്റയ്ക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തവിധമുള്ള വെല്ലുവിളിയായിരുന്നു അത്. ഒരുകാലത്ത് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിച്ച ബാറ്റിഗോള്‍ ഇന്നും മധുരതരമായ ഒരു ഓര്‍മയാണ്. എക്കാലത്തും മായാത്ത ഓര്‍മ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments