കെ.ശ്രീജിത്ത്
ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന മറ്റൊരു ഫുട്‌ബോളറെ ഒരുപക്ഷെ നിങ്ങള്‍ കണ്ടിട്ടേയുണ്ടാകില്ല. ആ ചിരി പോലെത്തന്നെ നിഷ്‌കളങ്കവും ലളിതവുമായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ കളിയും. ലോകഫുട്‌ബോളില്‍ ഒട്ടേറെ മിടുക്കന്‍ കൡക്കാരുണ്ടായിട്ടുണ്ടെങ്കിലും റൊണാള്‍ഡീഞ്ഞോയെപ്പോലെ ആരാധകരുടെ ഹൃദയത്തില്‍ എന്നന്നേയ്ക്കുമായി കുടിയേറിപ്പാര്‍ത്തവര്‍ വളരെ ചുരുക്കമാണ്. ബ്രസീലിലെ തെരുവുകൡ നിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലേയ്ക്കുള്ള റൊണാള്‍ഡീഞ്ഞോയുടെ പ്രയാണം ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ എല്ലാ പ്രതിസന്ധിയിലും ആ മുഖത്ത് മനോഹരമായൊരു ചിരി വിടര്‍ന്നു. സന്തോഷത്തിലും സങ്കടത്തിലും ഒരുപോലെ നിഷ്‌കളങ്കമായി ചിരിക്കാന്‍ അയാള്‍ മറന്നില്ല. ഒപ്പം ആരാധകര്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാനും ഹൃദയം നിറയ്ക്കാനുള്ള വകയും അയാള്‍ ഒരുക്കിക്കൊടുത്തു.

റൊണാള്‍ഡോ അസിസ് മൊറെയ്‌റ അഥവാ റൊണാള്‍ഡീഞ്ഞോ ഗൗഷോ 1980 മാര്‍ച്ച് 21ന് ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിന്റെ തലസ്ഥാനമായ പോര്‍ട്ടോ അലെഗ്രെയിലാണ് ജനിച്ചത്. അച്ഛന്‍ തുറമുഖ തൊഴിലാളിയും ഫുട്‌ബോളറുമായിരുന്നു. അമ്മയാകട്ടെ ഒരു നേഴ്‌സും. പോര്‍ട്ടോ അലെഗ്രെയിലെ ഏറെ അപകടകരമെന്ന് കരുതിയിരുന്ന ഒരു തെരുവിലായിരുന്നു റൊണാള്‍ഡീഞ്ഞോയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ മൂത്ത ചേട്ടന്‍ റോബര്‍ട്ടോ ഗ്രെമിയോ ക്ലബിനുവേണ്ടി ഫുട്‌ബോള്‍ കളിക്കാനുള്ള കരാറിലേര്‍പ്പെട്ടതോടെ നഗരത്തിലെ കുറേക്കൂടി മെച്ചപ്പെട്ട ഒരു പ്രദേശത്തേയ്ക്ക് താമസം മാറാന്‍ റൊണാള്‍ഡീഞ്ഞോയ്ക്കും കുടുംബത്തിനും കഴിഞ്ഞു. എന്നാല്‍ പുതിയ വീട്ടിലെത്തി അധികം വൈകാതെ തന്നെ റൊണാള്‍ഡീഞ്ഞോയ്ക്ക് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നു. വെറും എട്ട് വയസുള്ളപ്പോള്‍ റൊണാള്‍ഡീഞ്ഞോയുടെ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചേട്ടന്‍ റോബര്‍ട്ടോയെ ആയിരുന്നു. റൊണാള്‍ഡീഞ്ഞോയെക്കാള്‍ ഒമ്പത് വയസിന് മൂത്തതാണെങ്കിലും അപ്പോഴും യൗവനത്തിലായിരുന്ന റോബര്‍ട്ടോയ്ക്ക് കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടിവന്നു. അതോടെ അയാള്‍ക്ക് ഫുട്‌ബോള്‍ ഉപേക്ഷിക്കേണ്ടിവന്നു. അതുപക്ഷെ റൊണാള്‍ഡീഞ്ഞോയ്ക്ക് അനുഗ്രഹമായി. ചേട്ടന്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ റൊണാള്‍ഡീഞ്ഞോയ്ക്ക് തന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകാനായി. എവിടെ കളിക്കുമ്പോഴും അവിടുത്തെയെല്ലാം ഏറ്റവും ചെറിയ ശരീരത്തോടു കൂടിയവനും പ്രായത്തില്‍ ഇളയതുമായ കളിക്കാരന്‍ എന്നതുകൊണ്ടുതന്നെ അയാള്‍ക്ക് റൊണാള്‍ഡീഞ്ഞോ എന്ന് വിളിപ്പേര് വീണു. കുട്ടിക്കാലത്ത് ഒരുപാട് ഫുട്‌സാലും ബീച്ച് ഫുട്‌ബോളും കളിച്ചത് പിന്നീട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് ഏറെ ഗുണം ചെയ്തു.

തന്റെ ചേട്ടനെപ്പോലെത്തന്നെ റൊണാള്‍ഡീഞ്ഞോയും പ്രൊഫഷണല്‍ ഫുട്‌ബോളിലെ തന്റെ ആദ്യ കരാറില്‍ ഒപ്പുവെയ്ക്കുന്നത് ഗ്രെമിയോ ക്ലബിനുവേണ്ടിയായിരുന്നു. 1998ല്‍ വെറും പതിനേഴാമത്തെ വയസില്‍ അയാള്‍ കോപ്പ ലിബര്‍ട്ടഡോറസില്‍ കളിച്ചു. തൊട്ടടുത്ത വര്‍ഷമായിരുന്നു കളിജീവിതത്തിലെത്തന്നെ വഴിത്തിരിവായി മാറിയ അയാളുടെ ഉജ്ജ്വല പ്രകടനം. 121 കളികളില്‍ 58 ഗോളുകള്‍ നേടിയ റൊണാള്‍ഡീഞ്ഞോ 20 അസിസിറ്റുകളും ചെയ്തു. ഇതോടെ റൊണാള്‍ഡീഞ്ഞോയെ യൂറോപ്യന്‍ ക്ലബുകള്‍ നോട്ടമിട്ടു. 2001ല്‍ ആഴ്‌സനല്‍ റൊണാള്‍ഡീഞ്ഞോയുമായി കരാറൊപ്പിടുന്നതിന്റെ വക്കിലെത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടക്കാതെ പോയി. യൂറോപ്പില്‍ നിന്ന് പുറത്തുനിന്നുള്ള ഒരു കളിക്കാരന് ആവശ്യമെന്ന് നിയമം അനുശാസിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണത്തിലെ കുറവാണ് റൊണാള്‍ഡീഞ്ഞോയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ അധികം വൈകാതെ തന്നെ ഫ്രഞ്ച് ക്ലബായ പാരീസ് സെയ്ന്റ് ജര്‍മനുമായി കരാറൊപ്പിടാന്‍ റൊണാള്‍ഡീഞ്ഞോയ്ക്കായി. അയാള്‍ പി.എസ്.ജിയുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടത്. അഞ്ച് മില്യണ്‍ യൂറോയായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ പ്രതിഫലത്തുക. ആദ്യ വര്‍ഷം തന്നെ മികച്ച പ്രകടനമാണ് റൊണാള്‍ഡീഞ്ഞോ പുറത്തെടുത്തത്. നാല്പത് കളികളില്‍ 13 ഗോളുകളും ഏഴ് അസിസിറ്റുകളുമായിരുന്നു മിഡ്ഫീല്‍ഡറായ റൊണാള്‍ഡീഞ്ഞോയുടെ സംഭാവന. എന്നിട്ടും അന്നത്തെ പി.എസ്.ജി കോച്ച് ലൂയിസ് ഫെര്‍ണാണ്ടസ് റൊണാള്‍ഡീഞ്ഞോയ്ക്ക് സമര്‍പ്പണമില്ലെന്ന് പരാതിപ്പെട്ടു. കാര്യം ഇങ്ങനൊയൊക്കെ ആയിരുന്നെങ്കിലും അടുത്ത സീസണില്‍ ക്ലബിന്റെ പത്താം നമ്പര്‍ ജേഴ്‌സി നല്‍കിയത് റൊണാള്‍ഡീഞ്ഞോയ്ക്കായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തെപ്പോലെത്തന്നെ ആ സീസണിലും മികച്ച പ്രകടനം പുറത്തെടുത്ത റൊണാള്‍ഡീഞ്ഞോ കഴിഞ്ഞ തവണ സാധിക്കാത്ത ഒരു കാര്യം നേടി. പി.എസ്.ജിയെ കോപ്പെ ഡി ഫ്രാന്‍സിന്റെ ഫൈനലിലെത്തിച്ചു. എന്നാല്‍ കിരീടം നേടാനുള്ള മികവ് അയാളില്‍ നിന്നുണ്ടാകാഞ്ഞത് നിരാശയായി. തുടര്‍ന്ന് അയാള്‍ ക്ലബ് വിടാന്‍ ആഗ്രഹിച്ചു. 2003ല്‍ പി.എസ്.ജി വിട്ട റൊണാള്‍ഡീഞ്ഞോയുടെ അടുത്ത തട്ടകം സ്പാനിഷ് സൂപ്പര്‍ക്ലബായ ബാഴ്‌സലോണയായിരുന്നു. 32.25 മില്യണ്‍ യൂറോ പ്രതിഫലം നല്‍കിയാണ് ബാഴ്‌സലോണ റൊണാള്‍ഡീഞ്ഞോയെ ടീമിലെത്തിച്ചത്. ബാഴ്‌സലോണയുമായി അഞ്ച് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടതാണ് റൊണാള്‍ഡീഞ്ഞോയുടെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച തീരുമാനം.

1995ല്‍ പതിനഞ്ചാമത്തെ വയസില്‍ ബ്രസീലിന്റെ യൂത്ത് ടീമിനുവേണ്ടിയാണ് റൊണാള്‍ഡീഞ്ഞോ ആദ്യമായി രാജ്യത്തിനായി കളിക്കുന്നത്. 1997ല്‍ റൊണാള്‍ഡീഞ്ഞോ അംഗമായ ബ്രസീലിന്റെ അണ്ടര്‍ 17 ടീം ലോകചാമ്പ്യന്‍മാരായി. 1999ല്‍ അയാളെ ബ്രസീല്‍ ദേശീയ ടീമിലേയ്ക്ക് തിരഞ്ഞെടുത്തു. ആ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരായപ്പോള്‍ റൊണാള്‍ഡീഞ്ഞോ ടീമംഗമായിരുന്നു. ആ വര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റൊണാള്‍ഡീഞ്ഞോ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. 2000ലെ പ്രീ ഒളിംപിക് മത്സരങ്ങളില്‍ ഏഴ് കളികളില്‍ ഒമ്പത് ഗോള്‍ നേടിയ റൊണാള്‍ഡീഞ്ഞോ സിഡ്‌നി ഒളിംപിക്‌സില്‍ ബ്രസീലി നന്റെ അണ്ടര്‍ 23 ടീമിനെ നയിച്ചു. എന്നാല്‍ ബ്രസീലിന് ഒളിംപിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാന്‍ കഴിഞ്ഞില്ല. 2002 ലോകകപ്പായിരുന്നു ബ്രസീല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡീഞ്ഞോയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് വേദിയായത്. കൊറിയയിലും ജപ്പാനിലുമായി നടന്ന ആ ലോകകപ്പില്‍ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോയ്ക്കും റിവാള്‍ഡോയ്ക്കുമൊപ്പം ചേര്‍ന്ന് റൊണാള്‍ഡീഞ്ഞോ നടത്തിയ പ്രകടനം ഇന്നും ആരാധകരുടെ ഹൃദയങ്ങളിലുണ്ട്. പ്രത്യേകിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള റൊണാള്‍ഡീഞ്ഞോയുടെ പ്രകടനം. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ റിവാള്‍ഡോയിലൂടെ ബ്രസീല്‍ സമനില ഗോള്‍ നേടുന്നു. രണ്ടാം പകുതിയുടെ അമ്പതാമത്തെ മിനിറ്റിലാണ് ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മാന്ത്രിക നിമിഷങ്ങളിലൊന്ന് പിറവിയെടുക്കുന്നത്. ബ്രസീലിന് പെനാല്‍റ്റി ബോക്‌സില്‍ നിന്നും ഏതാനും വാര അകലെ വെച്ച് ഒരു ഫ്രീകിക്ക് ലഭിക്കുന്നു. റൊണാള്‍ഡീഞ്ഞോയെടുത്ത കിക്ക് വായുവിലൂടെ വളഞ്ഞുപുളഞ്ഞ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് സീമാന്റെ തലയ്ക്ക് മുകളിലൂടെ ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലേയ്ക്ക് ചാഞ്ഞിറങ്ങുന്നു. എല്ലാവരെയും സ്തബ്ധരാക്കിയ ഗോള്‍. ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരിക്ക് പോലും അത് വിശ്വസിക്കാനായില്ല. അത്രമാത്രം ഉജ്ജ്വലമായിരുന്നു ആ ഗോള്‍. 22 വര്‍ഷത്തിനിപ്പുറവും 2002 ലോകകപ്പ് എന്ന് കേട്ടാല്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസിലേയ്ക്ക് ഓടിയെത്തുക റൊണാള്‍ഡീഞ്ഞോയുടെ ആ മാന്ത്രിക ഗോളാണ്. ആ ഗോളിലൂടെ ഇംഗ്ലണ്ടിനെതിരായ മത്സരം ബ്രസീല്‍ ജയിച്ചു. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് റൊണാള്‍ഡീഞ്ഞോ പുറത്തായത് നിരാശയുണ്ടാക്കിയെങ്കിലും അയാളുടെ അന്താരാഷ്ട്ര കരിയറിലെ എക്കാലത്തെയും മറക്കാനാവാത്ത മത്സരമായിരുന്നു അത്. ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ ലോകകിരീടം നേടുക കൂടി ചെയ്തതോടെ റൊണാള്‍ഡീഞ്ഞോ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. എന്നാല്‍ അതിനുശേഷം 2005 കോണ്‍ഫെഡറേഷന്‍സ് കപ്പിലും 2006 ലോകകപ്പിലുമുള്‍പ്പടെ റൊണാള്‍ഡീഞ്ഞോ ബ്രസീലിനുവേണ്ടി കളിച്ചെങ്കിലും പഴയ പകിട്ടിനടുത്തെങ്ങുമെത്താന്‍ അയാള്‍ക്കായില്ല. 2006 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ബ്രസീല്‍ പുറത്തായി. ടൂര്‍ണമെന്റില്‍ റൊണാള്‍ഡീഞ്ഞോയുടേത് തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു റൊണാള്‍ഡീഞ്ഞോയെങ്കിലും അടുത്ത രണ്ട് ലോകകപ്പിലും അയാള്‍ ബ്രസീല്‍ ടീമിലുള്‍പ്പെട്ടില്ല. തുടര്‍ന്നയാള്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 97 മത്സരങ്ങളില്‍ ബ്രസീല്‍ ജേഴ്‌സിയണിഞ്ഞ റൊണാള്‍ഡീഞ്ഞോ 33 ഗോളാണ് രാജ്യത്തിനുവേണ്ടി നേടിയത്.

ഇതിനിടെ ക്ലബ് ഫുട്‌ബോളില്‍ റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നിരുന്നു. 2004ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം അയാള്‍ തന്റെ ആദ്യ ലാലിഗ കിരീടം നേടി. ആ വര്‍ഷത്തെ ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും റൊണാള്‍ഡീഞ്ഞോയ്ക്കായിരുന്നു. 2005-06 സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി 26 ഗോള്‍ നേടിയ റൊണാള്‍ഡീഞ്ഞോ ലോകത്തെത്തന്നെ ഏറ്റവും മികച്ച കളിക്കാരനായി പേരെടുത്തു. ആ സീസണില്‍ ബാഴ്‌സലോണ റൊണാള്‍ഡീഞ്ഞോയുടെ ചിറകിലേറി ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം നേടി. 14 വര്‍ഷത്തിനുശേഷമായിരുന്നു ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടുന്നത്. സീസണിലെ എല്‍ ക്ലാസിക്കോയില്‍ എതിരാളിയായ റൊണാള്‍ഡീഞ്ഞോയ്ക്കുവേണ്ടി റയല്‍ മാഡ്രിഡ് ആരാധകര്‍ കൈയടിച്ച സംഭവം പോലുമുണ്ടായി. അത്രമേല്‍ ജനപ്രിയനായി അയാള്‍ മാറിയിരുന്നു. ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവരുന്ന കളിയാണ് അയാള്‍ കാഴ്ചവെച്ചത്. 2006ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരവും യുവേഫ ക്ലബ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും റൊണാള്‍ഡീഞ്ഞോയ്ക്കായിരുന്നു. അടുത്ത സീസണിലും സമാനമായ പ്രകടനം റൊണാള്‍ഡീഞ്ഞോ പുറത്തെടുത്തെങ്കിലും പിന്നീട് അയാള്‍ നിറംമങ്ങിത്തുടങ്ങിയതോടെ ബാഴ്‌സലോണയിലെ അയാളുടെ കാലം അസ്തമിച്ചു. പരിക്കുകളും ലിയണല്‍ മെസ്സി എന്ന പ്രതിഭയുടെ വരവും അതിന് കാരണമായി.

2008 മുതല്‍ 11 വരെ മൂന്ന് സീസണുകളില്‍ ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനുവേണ്ടി റൊണാള്‍ഡീഞ്ഞോ ബൂട്ട് കെട്ടിയെങ്കിലും ബാഴ്‌സലോണയ്ക്കുവേണ്ടി നടത്തിയ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താനായില്ല. 2009-10 സീസണിലാണ് മിലാനുവേണ്ടി അയാള്‍ കുറച്ചെങ്കിലും മെച്ചപ്പെട്ട് കളിച്ചത്. 2010-11 സീസണിന്റെ പകുതിയില്‍ വെച്ച് ക്ലബ് വിട്ട് റൊണാള്‍ഡീഞ്ഞോ അടുത്ത സീസണില്‍ ബ്രസീലിയന്‍ ക്ലബായ ഫഌമെങ്ങോയ്ക്കുവേണ്ടിയാണ് കളിച്ചത്. അവിടെ മികച്ച രീതിയില്‍ തുടങ്ങുകയും ക്ലബ് ഒരു കിരീടം നേടുകയും ചെയ്‌തെങ്കിലും അവിടെയും റൊണാള്‍ഡീഞ്ഞോയ്ക്ക് ഭാവിയുണ്ടായില്ല. 2013-14 സീസണില്‍ അത്‌ലറ്റികോ മിനെയ്‌റോയിലെത്തിയ റൊണാള്‍ഡീഞ്ഞോ ക്ലബിന് ആദ്യത്തെ കോപ്പ ലിബര്‍ട്ടഡോറസ് കിരീടം നേടിക്കൊടുത്തു. അടുത്ത സീസണില്‍ മെക്‌സിക്കന്‍ ക്ലബായ ക്വെറേട്ടറ്രോയ്ക്ക് വേണ്ടി കളിച്ചു. അടുത്ത വര്‍ഷം വീണ്ടും ബ്രസീലില്‍ തിരിച്ചെത്തിയ അയാള്‍ വെറും രണ്ട് മാസം ഫഌമിനെന്‍സിനുവേണ്ടി കളിച്ചു. പിന്നീട് കുറച്ചുകാലം ഇന്ത്യയില്‍ ഫുട്‌സാല്‍ കളിച്ച ശേഷം 2018ല്‍ മുപ്പത്തെട്ടാമത്തെ വയസില്‍ റൊണാള്‍ഡീഞ്ഞോ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന റൊണാള്‍ഡീഞ്ഞോ ലോകകപ്പ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍സ് കപ്പ്, ബാലണ്‍ദ്യോര്‍ എന്നിവ നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ്. ഡ്രിബ്ലിങ്ങിലും പന്തടക്കത്തിലുമുള്ള അസാമാന്യ മികവ്, ഫ്രീകിക്കുകളെടുന്നതിലുള്ള വൈഭവം, പാസുകളിലെ കൃത്യത, ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള കഴിവ് തുടങ്ങിയവയെല്ലാമാണ് റൊണാള്‍ഡീഞ്ഞോയെ ലോകത്തിലെത്തന്നെ മികച്ച കളിക്കാരിലൊരാളാക്കിയത്. മിക്കവാറും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി കളിച്ച റൊണാള്‍ഡീഞ്ഞോ ചിലപ്പോഴൊക്കെ വിങറായും അവതരിച്ചു. അപൂര്‍വമായി സെക്കന്റ് സ്‌ട്രൈക്കറായും കളിച്ചു. പെനാല്‍റ്റി ബോക്‌സിനകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ഏത് കാല്‍ കൊണ്ടും പന്ത് ഫിനിഷ് ചെയ്യാനുള്ള മിടുക്ക് റൊണാള്‍ഡീഞ്ഞോയ്ക്കുണ്ടായിരുന്നു. സെറ്റ് പീസുകള്‍ ഇത്രയും നന്നായി പ്രയോജനപ്പെടുത്തിയ കളിക്കാര്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ കുറവാണ്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് വിദഗ്ധന്‍മാരിലൊരാളായ റൊണാള്‍ഡീഞ്ഞോ ഇക്കാര്യത്തില്‍ ലിയണല്‍ മെസ്സിയെ ഏറെ സ്വാധീനിച്ച കളിക്കാരനാണ്. പില്‍ക്കാലത്ത് മെസ്സ്ി ഫ്രീകിക്കുകള്‍ എടുക്കുന്നതില്‍ മിടുക്കനായി. റൊണാള്‍ഡീഞ്ഞോ ആയിരുന്നു ഇക്കാര്യത്തില്‍ അയാളുടെ പ്രചോദനം. കളിക്കളത്തില്‍ അതിവേഗം ഓടുകയും ഡ്രിബ്ലിംഗ് മികവ് കൊണ്ട് എതിരാളികളെ ഓരോരുത്തരെയായി മറികടക്കുകയും ചെയ്യുന്ന റൊണാള്‍ഡീഞ്ഞോ മനോഹരമായൊരു കാഴ്ചയാണ്. അസാമാന്യ സാങ്കേതികത്തികവും സര്‍ഗാത്മകതയും കൂടി ഒത്തുചേര്‍ന്നതോടെ ആധുനിക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ ഫുട്‌ബോളറായി അയാള്‍ മാറി. അയാളുടെ ബാക്ക് ഹീല്‍ പാസുകളും ബൈസിക്കിള്‍ കിക്കുകളും ഫുട്‌ബോളിന്റെ അഴക് തന്നെ കൂട്ടി.

നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് റൊണാള്‍ഡീഞ്ഞോ. ഒരിക്കല്‍ അവതരിച്ചാല്‍ പിന്നെ എക്കാലവും ആരാധകരുടെ ഹൃദയത്തില്‍ കുടിയിരിക്കുന്ന പ്രതിഭാസം. അതുകൊണ്ടുതന്നെ റൊണാള്‍ഡീഞ്ഞോ സമ്മാനിച്ച കളിയോര്‍മകള്‍ക്ക് മരണമില്ല.



