Wednesday, February 18, 2026
Google search engine
HomeSportLegendsകര്‍ട്‌ലി അംബ്രോസ് എന്ന തീയുണ്ട

കര്‍ട്‌ലി അംബ്രോസ് എന്ന തീയുണ്ട

കെ.ശ്രീജിത്ത്

തൊണ്ണൂറുകളില്‍ ലോക ക്രിക്കറ്റിനെ വിറപ്പിച്ച ആറടി ഏഴിഞ്ചുകാരന്‍. അയാള്‍ ബൗളിംഗ് മാര്‍ക്കില്‍ നിന്ന് ഓടിവരുമ്പോള്‍ത്തന്നെ ബാറ്റ്‌സ്മാന്റെ ഉള്ളിലൊരു വിറയലാണ്. ഒരു ബാസ് ഗിറ്റാറിസ്റ്റിന്റെ താളം പോലെയാണ് അയാളുടെ റണ്ണപ്പ്. അയാള്‍ പന്തെറിയുമ്പോള്‍ അത് ആകാശത്തുനിന്ന് പിച്ചിലേയ്ക്ക് വീണ് കുത്തിപ്പൊങ്ങിവരുന്നതായാണ് ബാറ്റര്‍ക്ക് തോന്നുക. കര്‍ട്‌ലി അംബ്രോസിന്റെ കൈകള്‍ക്കും കാലിനും രണ്ട് മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്. ഒപ്പം വല്ലാത്ത കൈക്കുഴയും. ഇത്രയും നീളമുള്ള, ഇത്രയും ശക്തമായ കൈയില്‍ നിന്നും പറന്നുവരുന്ന തീയുണ്ടകളെ നേരിടുക എന്നതൊരു അഗ്നിപരീക്ഷണം തന്നെയായിരുന്നു. കരീബിയയിലെ മാരക ഫാസ്റ്റ് ബൗളര്‍മാരുടെ നീണ്ടനിരയുള്ള ഒരു തലമുറയുടെ അവസാന കണ്ണിയായിരുന്നു ആന്റ്വിഗയില്‍ നിന്നുള്ള കര്‍ട്‌ലി എല്‍ക്കോണ്‍ ലിന്‍വാള്‍ അംബ്രോസ്. ഇതിഹാസ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് വോ അംബ്രോസിനെ വിശേഷിപ്പിച്ചത് ‘സുപ്രീം ഫാസ്റ്റ് ബൗളിംഗ് മെഷീന്‍’ എന്നായിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ചൂടുള്ള ചര്‍ച്ചകള്‍ ലോകത്തിന്റെ ഏത് കോണില്‍ നടന്നാലും അതിലെല്ലാം ഇടംപിടിച്ച ആദ്യ പേരുകാരില്‍ ഒരാള്‍.

‘അംബ്രോസ് തന്നെയായിരുന്നു ആത്യന്തികമായ എതിരാളി. അയാള്‍ മുഴുവന്‍ സമയവും നിങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരിക്കും. അയാള്‍ നിങ്ങളുടെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കുള്ളിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കും. എല്ലാറ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളുടെ പ്രതിരോധത്തിലൊരു വിള്ളല്‍ അയാള്‍ കണ്ടെത്തുക തന്നെ ചെയ്യും – സ്റ്റീവ് വോ പറയുന്നു. അയാളുടെ ശാരീരികമായ സാന്നിദ്ധ്യം തന്നെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. മൈതാനത്തുവെച്ച് അയാള്‍ നിങ്ങള്‍ ഒന്നും പറയില്ല. വെറുതെ നോക്കുക മാത്രം ചെയ്യും. ഒരുപാട് തുറിച്ചുനോക്കുമായിരുന്നു. ഒരാള്‍ നിങ്ങളെ ലക്ഷ്യമില്ലാതെ ചീത്തവിളിക്കുന്നതിനേക്കാള്‍ ഏറെ ഭയപ്പെടുത്തുന്നതായിരുന്നു ആ നോട്ടം. അയാള്‍ എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഊഹിക്കാനെ കഴിയില്ല. അയാള്‍ എന്നെ ഔട്ടാക്കാന്‍ നോക്കുകയാണോ? അതോ അയാള്‍ എന്നെ മുറിവേല്പിക്കാനാണോ നോക്കുന്നത്? ഏറെ വിഷമിപ്പിക്കുന്ന ഈ സംശയങ്ങളെല്ലാം നിങ്ങളുടെ മനസിലൂടെ ഓടിക്കൊണ്ടിരിക്കും – സ്റ്റീവ് വോ ഓര്‍ത്തെടുക്കുന്നു. വിരമിച്ചതിന് ശേഷം 2003ല്‍ ആന്റ്വിഗയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഒരു ടെസ്റ്റ് മത്സരം കാണാനെത്തിയ അംബ്രോസിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു – നിങ്ങള്‍ ഇന്നും കളിച്ചിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഈ മത്സരത്തില്‍ ബൗള്‍ ചെയ്തിട്ടുണ്ടാകുക? അതിനുള്ള അംബ്രോസിന്റെ മറുപടി ഞാന്‍ ഇന്നും കളിച്ചിരുന്നെങ്കില്‍ ഈ മത്സരം ഇന്നലെത്തന്നെ അവസാനിച്ചേനെ എന്നായിരുന്നു. ഏറെ രസകരവും എന്നാല്‍ നടക്കാന്‍ ഏറ്റവും സാധ്യതയുള്ള ഒന്നുമായിരുന്നു ആ മറുപടി.

ക്രിക്കറ്റ് ഫീല്‍ഡിലെ ആക്രമണോത്സുകത തന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നുവെന്ന് അംബ്രോസ് എപ്പോഴും പറയും. സ്‌പോര്‍ട്‌സില്‍ നിങ്ങള്‍ ഒരു മത്സരത്തിലേര്‍പ്പെടുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ ആക്രമണോത്സുകത പുറത്തുവരിക സ്വാഭാവികമാണെന്നാണ് അയാള്‍ പറയുക. ഞാനൊരു പയ്യനായി ക്രിക്കറ്റ് കളിക്കുന്ന കാലം തൊട്ട് താനങ്ങനെയായിരുന്നുവെന്നും അംബ്രോസ് പറയുന്നു. ഞാന്‍ കളത്തിലെ എതിരാളികളോട് സംസാരിക്കാറില്ല. കാരണം അതൊരു സൗഹൃദ മത്സരമല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് ഇന്ന് ചിരിച്ചുകൊണ്ട് അംബ്രോസ് പറയും. ആ പ്രകൃതം ഒരിക്കലും താന്‍ പരിശീലിച്ച് ഉണ്ടാക്കിയെടുത്തതല്ലെന്നും അത് തന്റെ സ്വാഭാവിക പ്രകൃതമാണെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കും. കളിയില്‍ ജയിക്കുക എന്നതായിരുന്നു എനിക്കെല്ലാം. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ എതിരാളികളോട് സംസാരിക്കുന്നതോ സൗഹൃദം പങ്കിടുന്നതോ എന്റെ വഴിയായിരുന്നില്ലെന്ന് പറയാന്‍ അയാള്‍ക്ക് യാതൊരു മടിയുമില്ല. ബാറ്റര്‍മാരോടുള്ള എന്റെ തുറിച്ചുനോട്ടവും വളരെ സ്വാഭാവികമായ ഒന്നായിരുന്നു. തന്റെ കൈയിലുള്ള പന്ത് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ചിലപ്പോഴൊക്കെ പന്ത് കൊണ്ടുള്ള തന്റെ ശ്രമങ്ങള്‍ പാളിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സമയവും താന്‍ നന്നായി പന്തെറിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസവും അംബ്രോസ് പങ്കുവെയ്ക്കുന്നുണ്ട്. തന്റെ അപാരമായ ആത്മവിശ്വാസവും ഒന്നിനെയും കൂസാത്ത, ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത പ്രകൃതവും അമ്മയില്‍ നിന്ന് ലഭിച്ചതാണെന്ന് അംബ്രോസ് പറയുന്നു. താനടക്കം ഏഴ് മക്കളെ വളര്‍ത്തിവലുതാക്കാന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളോര്‍ക്കുമ്പോള്‍ എങ്ങനെയാണ് അവര്‍ ആ പ്രതിസന്ധികളെ തരണം ചെയ്തതെന്ന് ഇപ്പോഴും താനോര്‍ക്കാറുണ്ടെന്ന് അംബ്രോസ് പറഞ്ഞു. ഏറെ അഭിമാനബോധമുള്ള, ഏത് സാഹചര്യത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകത്ത പ്രകൃതമായിരുന്നു അമ്മയുടേത്. അച്ഛന്‍ വിദൂരദേശങ്ങളില്‍ പോയി ജോലി ചെയ്ത് തന്നാലാകുന്ന പണം അയച്ചുകൊടുത്തിരുന്നെങ്കിലും മക്കളെ പരിപാലിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം അമ്മയ്ക്കായിരുന്നു. അതവര്‍ ഏറ്റവും ഭംഗിയായി നിറവേറ്റി. എന്തുവന്നാലും ആത്മാഭിമാനത്തോടെ ജീവിക്കണമെന്നതും ഏത് പ്രതിസന്ധിയിലും തളരാതെ, അവസാനം വരെ പോരാടണമെന്നതും അവരില്‍ നിന്നാണ് താന്‍ പഠിച്ചതെന്ന് അംബ്രോസ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായി അംബ്രോസ് ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും അയാളുടെ അമ്മ അവരുടെ കൈയിലുള്ള ചെറിയ മണി കിലുക്കിയിരുന്നു. അത് രാത്രി ആയാലും ശരി പകലായാലും ശരി, അതിന് മാറ്റമുണ്ടാകില്ല.

ചെറുപ്പത്തില്‍ ബാസ്‌ക്കറ്റ് ബോളും ഫുട്‌ബോളുമായിരുന്നു കര്‍ട്‌ലി അംബ്രോസിന്റെ ഇഷ്ട കായിക ഇനങ്ങള്‍. അതില്‍ തന്നെ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനായിരുന്നു അയാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. അമേരിക്കയില്‍ എന്‍ ബി എയില്‍ കളിക്കുക എന്നതായിരുന്നു അയാളുടെ സ്വപ്നം. അതുകൊണ്ടുതന്നെ താരതമ്യേന വൈകിയാണ് അയാള്‍ ക്രിക്കറ്റിലെത്തുന്നത്. അമ്മയുടെ നിര്‍ബന്ധം കൊണ്ടായിരുന്നു അത്. ആന്റ്വിഗയിലെ ബീച്ചില്‍ അംബ്രോസിന്റെ ബൗളിംഗ് കണ്ടിട്ടുള്ളവര്‍ അയാളുടെ മികവിനെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. അതോടെയാണ് അയാളോട് ക്രിക്കറ്റിലേയ്ക്ക് മാറാന്‍ അമ്മ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങി അധികം വൈകാതെ തന്നെ മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന് അംബ്രോസ് പേരെടുത്തു. 1988ല്‍ അംബ്രോസ് വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ ഒട്ടേറെ മാരക ബൗളിംഗ് സ്‌പെല്ലുകള്‍. വെസ്റ്റ് ഇന്‍ഡീസ് തോറ്റെന്ന് കരുതിയ എത്രയെത്ര മത്സരങ്ങളാണ് കോര്‍ട്‌നി വാല്‍ഷുമായി ചേര്‍ന്ന് അംബ്രോസ് ടീമിനെ ജയിപ്പിച്ചെടുത്തത്. 1993ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് അംബ്രോസ് വീഴ്ത്തിയത്. അതും ആദ്യത്തെ സ്‌പെല്ലില്‍ത്തന്നെ. 1993ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ അവസാന ദിവസം 34 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനവും ഇതിന് സമാനമാണ്.

1990ലും 1994ലും ഇംഗ്ലണ്ടിനെതിരായ അംബ്രോസിന്റെ ബൗളിംഗ് പ്രകടനങ്ങള്‍ മറക്കാനാകാത്തതാണ്. 94ല്‍ ഇംഗ്ലണ്ടിനെതിരെ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അംബ്രോസ് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. അന്ന് അംബ്രോസും കൂട്ടരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വെറും 46 റണ്ണിന് ചുരുട്ടിക്കെട്ടി. 1990ല്‍ മറ്റൊരു മിന്നും പ്രകടനത്തില്‍ ഇംഗ്ലണ്ടിനെതിരെ 45 റണ്‍ വിട്ടുകൊടുത്ത് അംബ്രോസ് വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്. അംബ്രോസിന്റെ ആ പകടനം സാക്ഷാല്‍ മാല്‍ക്കം മാര്‍ഷലിന് വരെ മതിപ്പുളവാക്കി. വെസ്റ്റ് ഇന്‍ഡീസിന് ആ ഘട്ടത്തില്‍ മാര്‍ഷല്‍ ഉള്‍പ്പടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. കോര്‍ട്‌നി വാല്‍ഷ്, പാട്രിക്ക് പാറ്റേഴ്‌സണ്‍, ഇയാന്‍ ബിഷപ്പ്, വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ തുടങ്ങിയ ആ നിരയോട് മത്സരിച്ചാണ് അംബ്രോസ് ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കൗതുകകരമെന്ന് പറയട്ടെ, അംബ്രോസ് തന്റെ കരിയര്‍ അവസാനിച്ചപ്പോള്‍ ടെസ്റ്റില്‍ അയാളുടെ ബൗളിംഗ് ശരാശരി എന്നുപറയുന്നത് 20.99 ആയിരുന്നു. അതായത് മാല്‍ക്കം മാര്‍ഷലുമായി 0.05ന്റെ മാത്രം വ്യത്യാസം. മാര്‍ഷലിന്റെ ബൗളിംഗ് ശരാശരി 20.94ഉം മറ്റൊരു വെസ്റ്റ് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം ജോയല്‍ ഗാര്‍നറുടേത് 20.97ഉം ആയിരുന്നു. അതായത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുന്നൂറിലധികം വിക്കറ്റ് നേടിയിട്ടുള്ള ബൗളര്‍മാരില്‍ ഏറ്റവും മികച്ച മൂന്ന് ശരാശരി ഇവരുടേതായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ കരിയറിലെ 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 405 വിക്കറ്റെടുത്ത അംബ്രോസ് മറ്റ് രണ്ട് പേരെക്കാള്‍ കൂടുതല്‍ വിക്കറ്റിന് ഉടമയാണ്. മാത്രമല്ല, ടെസ്റ്റില്‍ 400 വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും അയാളുടേതുതന്നെ. 176 ഏകദിന മത്സരത്തില്‍ നിന്നായി 225 വിക്കറ്റും അംബ്രോസ് നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 630 വിക്കറ്റ്. എന്നാല്‍ ഇന്ത്യയില്‍ ഒരൊറ്റ ടെസ്റ്റ് മത്സരത്തില്‍ പോലും അംബ്രെസ് കളിച്ചില്ല. സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച അഞ്ച് ടെസ്റ്റുകളിലാകട്ടെ അയാള്‍ക്ക് ഒരിക്കല്‍ പോലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ പുറത്താക്കാനും കഴിഞ്ഞില്ല. അതുപോലെത്തന്നെ പാകിസ്താനെതിരെ അംബ്രോസ് കളിച്ച ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ കഴിഞ്ഞില്ല എന്നതും കൗതുകകരമായ വസ്തുതയാണ്.

കണക്കുകള്‍ പരിശോധിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനത കര്‍ട്‌ലി അംബ്രോസിന്റെ ബൗളിംഗില്‍ കണ്ടെത്തുക പ്രയാസമാണ്. അയാള്‍ വലംകൈ ബാറ്റര്‍മാര്‍ക്കും ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നാട്ടിലും വിദേശത്തും ഏതാണ്ട് ഒരുപോലെ വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ അയാള്‍ വീഴ്ത്തിയ 405 വിക്കറ്റില്‍ 47 ശതമാനത്തിലധികം ഏതിര്‍ ബാറ്റിംഗ് നിരയിലെ ആദ്യ നാല് പേരുടേതാണ്. അംബ്രോസ് തന്റെ ഫോമിന്റെ പാരത്യമത്തില്‍ നിന്ന 1990-95 കാലഘട്ടത്തില്‍ 42 ടെസ്റ്റുകളില്‍ നിന്ന് അയാള്‍ വീഴ്ത്തിയത് 198 വിക്കറ്റാണ്. 19.45 ആണ് ബൗളിംഗ് ശരാശരി. 51.45 ആണ് സ്‌ട്രൈക്ക് റേറ്റ്. 2.27 ആണ് വിട്ടുകൊടുത്ത റണ്‍. അയാള്‍ കളിച്ച 98 ടെസ്റ്റുകളില്‍ 61ഉം കളിച്ചത് ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 27ഉം ഇംഗ്ലണ്ടിനെതിരെ 34ഉം മത്സരങ്ങള്‍. താന്‍ കൡച്ചിരുന്ന കാലത്തെ ഏറ്റവും മികച്ച ടീമായിരുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരെ അംബ്രോസിന്റെ റെക്കോഡ് മിന്നുന്നതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അംബ്രോസിന്റെ ബൗളിംഗ് ശരാശരി 21.23ഉം സ്‌ട്രൈക്ക് റേറ്റ് 52.3ഉം ആണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ എക്കാലത്തെയും മികച്ച ബൗളിംഗ് റെക്കോഡുകളിലൊന്ന്. ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളെന്ന നിലയില്‍ ടീം എപ്പോഴും എന്നില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിച്ചു. അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതായിരുന്നു. ഞാന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതുകണ്ട് ആളുകള്‍ കരുതിയിരുന്നത് അത് വളരെ എളുപ്പമാണെന്നാണ്. എന്നാല്‍ കാണുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല അത്. ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു – അംബ്രോസ് പറയുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും വിനാശകാരിയായ ഫാസ്റ്റ് ബൗളര്‍മാരിലൊരാളാണ് കര്‍ട്‌ലി അംബ്രോസ്. അയാളുടെ സുവര്‍ണകാലത്ത് സ്വിംഗിനെയോ സീമിനെയോ അയാള്‍ ആശ്രയിച്ചില്ല. പകരം പിച്ചിന്റെ ഒരു ഭാഗത്തുതന്നെ നിരന്തരം ബൗള്‍ ചെയ്യുകയും പന്ത് ഏറെ ഉയരത്തില്‍ നിന്ന് ഡെലിവര്‍ ചെയ്യുകയും ചെയ്ത് ബാറ്റര്‍മാരെ അപകടത്തിലാക്കി. ആറടി ഏഴിഞ്ച് ഉയരമുള്ള അയാള്‍ ഏതാണ്ട് പത്തടി മുകളില്‍ നിന്നാണ് പന്ത് ഡെലിവര്‍ ചെയ്തിരുന്നത്. പിച്ച് ചെയ്തതിനുശേഷം കുത്തിപ്പൊങ്ങുന്ന ആ പന്തുകള്‍ നേരിടാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. ബാറ്റര്‍മാര്‍ മിക്കവാറും എഡ്ജ് ചെയ്തു. ചിലപ്പോഴൊക്കെ സ്‌ട്രേയിറ്റ് ലൈനില്‍ സീമില്‍ പിച്ച് ചെയ്യുന്ന പന്ത് നേരിയതോതില്‍ വ്യതിചലി ബാറ്റിന്റെച്ചും എഡ്‌ജെടുത്ത് വിക്കറ്റിന് പിന്നില്‍ ക്യാച്ചായി. അംബ്രോസിന്റെ പന്തുകള്‍ക്ക് അസാധാരണ വേഗത കൂടി ആയതോടെ കളിക്കുക തീര്‍ത്തും അസാധ്യമായി. റണ്‍ വിട്ടുകൊടുക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ബൗളറായിരുന്നു അംബ്രോസ്. ബാറ്റര്‍ക്ക് സ്‌കോര്‍ ചെയ്യാനുള്ള ഒരവസരവും അയാള്‍ നല്‍കിയില്ല. ഉയര്‍ന്ന നിലവാരമുള്ള ബൗളര്‍മാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടാകണമെന്ന് കരുതപ്പെടുന്ന മൂന്ന് ഗുണങ്ങളും – വേഗത, മൂവ്‌മെന്റ്, കൃത്യത – ഈ മൂന്ന് ഗുണങ്ങളും അംബ്രോസിന്റെ ബൗളിംഗിലുണ്ടായിരുന്നു. അംബ്രോസിന്റെ ബൗളിംഗിന്റെ കൃത്യത കാരണം ബാറ്റര്‍മാര്‍ക്ക് മുന്നോട്ടുവന്ന് കളിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ബാറ്റര്‍മാര്‍ അയാളെ മിക്കവാറും ബാക്ക്ഫുട്ടിലാണ് കളിച്ചിരുന്നത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ പോലും തന്റെ കൃത്യത കൊണ്ട് അംബ്രോസ് ഏറെ അപകടകാരിയായി. യോര്‍ക്കര്‍, ബൗണ്‍സര്‍ തുടങ്ങി ഒരു ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ട എല്ലാ ആയുധങ്ങളും അംബ്രോസിന്റെ കൈവശമുണ്ടായിരുന്നു. വല്ലപ്പോഴും അപകടകരമായ ബൗണ്‍സര്‍ റെിയുമായിരുന്നെങ്കിലും അയാള്‍ കൂടുതലും ഫുള്‍ ലെങ്ത്ത് പന്തുകളെറിയാനാണ് ശ്രമിച്ചിരുന്നത്. എല്ലാ അര്‍ത്ഥത്തിലും എല്ലാം തികഞ്ഞ ഒരു ഫാസ്റ്റ് ബൗളറായിരുന്നു കര്‍ട്‌ലി അംബ്രോസ്. എതിര്‍ ബാറ്റിംഗ് നിരയില്‍ നിരന്തരം അപകടം വിതച്ച ഒന്നാന്തരമൊരു ഫാസ്റ്റ് ബൗളര്‍. അംബ്രോസിനെപ്പോലുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഇനി ലോകക്രിക്കറ്റിലുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് കാലമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments