കെ.ശ്രീജിത്ത്
ലോകഫുട്‌ബോളിലെ ഏറ്റവും പുതിയ സെന്‍സേഷനുകളിലൊന്നാണ് വിക്ടോര്‍ ഗ്യോക്കറെഷ്. പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിംഗ് സി.പിക്കും സ്വീഡിഷ് ദേശീയ ടീമിനുംവേണ്ടി കളിക്കുന്ന ഗ്യോക്കറെഷ് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ്. അസാമാന്യ ചടുലതയും വേഗതയും കൈമുതലായുള്ള, ചുറുചുറുക്കോടെ ആക്രമണം നയിക്കുന്ന ഗ്യോക്കറെഷ്. തിരിച്ചടികളില്‍ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്ന കളിക്കാരാനാണ് വിക്ടോര്‍ ഗ്യോക്കറെഷ്. 2021ല്‍ ടീമിലെടുക്കാന്‍ പോലും ക്ലബുകള്‍ വിമുഖത കാട്ടിയിടത്തുനിന്നാണ് ഇന്ന് യൂറോപ്പിലെ ഏറ്റവും പ്രമുഖ ക്ലബുകള്‍ ഗ്യോക്കറെഷിന് പിന്നാലെ നടക്കുന്ന സ്ഥിതിവിശേഷമുണ്ടായത്. ആ പരിണാമം അത്രമാത്രം ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്. തിരിച്ചടികളുടെ കാലത്തും ഗ്യോക്കറെഷില്‍ വിശ്വാസമര്‍പ്പിച്ചവര്‍ പോലും ഈ തരത്തില്‍ അടിമുടിയൊരു മാറ്റം പ്രതീക്ഷിച്ചതേയല്ല. ഗ്യോക്കറെഷ് തീര്‍ച്ചയായും നിലവാരമുള്ള സ്‌ട്രൈക്കറാണെന്ന് കരുതിയിരുന്നെങ്കിലും ഇന്ന് ഏര്‍ളിംഗ് ഹാളണ്ടിനോട് താരതമ്യം ചെയ്യത്തക്കവിധത്തില്‍ അസാമാന്യ കളിക്കാരനായി പേരെടുക്കുമെന്ന് അവരൊന്നും കരുതിയതല്ല. ഹാളണ്ടിനെപ്പോലും കവച്ചുവെയ്ക്കും വിധമാണ് ഗ്യോക്കറെഷ് ഇപ്പോള്‍ സ്‌പോര്‍ട്ടിംഗ് സി.പിക്കുവേണ്ടി ഗോളടിച്ചുകൂട്ടുന്നത്. അസാധാരണമായ ഇച്ഛാശക്തിയുള്ള ഒരു കളിക്കാരന് മാത്രമെ അത്രമേല്‍ ആഴങ്ങളിലേയ്ക്ക് വീണുപോയശേഷം ഇതുപോലൊരു തിരിച്ചുവരവ് നടത്താന്‍ കഴിയൂ. ആ അസാധാരണമായ ഇച്ഛാശക്തിയുടെ പേരാണ് വിക്ടോര്‍ ഗ്യോക്കറെഷ്.

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ചവനാവുക എന്നതായിരുന്നു എന്നു വിക്ടോര്‍ ഗ്യോക്കറെഷിന്റെ ലക്ഷ്യം. അതിനായി അയാള്‍ നിരന്തരം കഠിനാദ്ധ്വാനം ചെയ്തു. തന്റെ കാലം വരുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. അതിനായി അയാള്‍ ക്ഷമയോടെ കാത്തിരുന്നു. അതേസമയം തന്റെ ശ്രമങ്ങളില്‍ അയാള്‍ ഒരു കുറവും വരുത്തിയതുമില്ല. പതിനാറാമത്തെ വയസില്‍ സ്വീഡിഷ് ക്ലബായ ബ്രോമപൊയ്ക്കനയില്‍ ചേര്‍ന്ന ഗ്യോക്കറെഷ് അധികം വൈകാതെ തന്നെ വിങറില്‍ നിന്ന് സെന്റര്‍ ഫോര്‍വേഡ് ആകാനുള്ള പരിശ്രമം തുടങ്ങി. എല്ലാവരും സാധാരണ പരിശീനത്തിലേര്‍പ്പെടുമ്പോള്‍ ഗ്യോക്കറെഷ് മാത്രം അത്യന്തം കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടു. അത് സഹിക്കാന്‍ കഴിയാത്ത വിധം കഠിനമായിരുന്നെങ്കിലും അയാളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി. നല്ല ശാരീരികക്ഷമതയും അതിവേഗം ഓടിക്കയറാനുള്ള കഴിവും അയാളെ മികച്ച സ്‌ട്രൈക്കറാക്കി. ഗ്യോക്കറെഷ് നിരന്തരം ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. തൊട്ടടുത്ത സീസണില്‍ ഗ്യോക്കറെഷ് ബ്രോമപൊയ്ക്കനയ്ക്കുവേണ്ടി 18 ഗോളാണ് സ്‌കോര്‍ ചെയ്തത്. അയാളുടെ ആ പ്രകടനത്തോടെ സ്വീഡിഷ് ക്ലബ് ഫുട്‌ബോളിലെ ഉയര്‍ന്നതലത്തിലേയ്ക്ക് ബ്രോമപൊയ്ക്കനയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. തൊട്ടടുത്ത സീസണില്‍ ഗ്യോക്കറെഷ് പ്രമുഖ ക്ലബായ ബ്രൈറ്റണിലെത്തി. എന്നാല്‍ അവിടെനിന്നങ്ങോട്ട് അയാളുടെ താഴോട്ടിറക്കം ആരംഭിച്ചു. ഏറ്റവും മികച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ പ്രത്യേക വിരുതുണ്ടായിരുന്ന ബ്രൈറ്റണ്‍ പക്ഷെ ഗ്യോക്കറെഷിനെ വായ്പാടിസ്ഥാനത്തില്‍ മറ്റ് ക്ലബുകള്‍ക്ക് വിട്ടുകൊടുത്തു. അയാളുടെ വളര്‍ച്ചയ്ക്ക് അതാണ് ഏറ്റവും നല്ലതെന്ന് ബ്രൈറ്റണ്‍ കരുതി.

2019-20 സീസണില്‍ ജര്‍മന്‍ ക്ലബായ സെയ്ന്റ് പൗളിക്കുവേണ്ടി കളിച്ച ഗ്യോക്കറെഷ് 28 മത്സരങ്ങളില്‍ നിന്ന് വെറും 7 ഗോളാണ് നേടിയത്. അവിടെ അയാള്‍ മിക്കപ്പോഴും ഇടത് വിങിലാണ് കളിച്ചത്. സെയ്ന്റ് പൗളിക്കുശേഷം ഇംഗ്ലീഷ് ക്ലബായ സ്വാന്‍സിയയ്ക്ക് വായ്പാടിസ്ഥാനത്തില്‍ ഗ്യോക്കറെഷിനെ വിട്ടുകൊടുക്കുന്നു. എന്നാല്‍ അടുത്ത ആറ് മാസം അയാളുടെ കരിയറിലെ ഏറ്റവും മോശം കളിക്കാലമായിരുന്നു. സ്വാന്‍സിയയ്ക്കുവേണ്ടി എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 12 മത്സരങ്ങളിലിറങ്ങിയ ഗ്യോക്കറെഷ് വെറും ഒരു ഗോളാണ് നേടിയത്. 2021ല്‍ ബ്രൈറ്റണില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും അയാളുടെ കളിജീവിതം ഒരു വഴിത്തിരിവിലെത്തിയിരുന്നു. ഗ്യോക്കറെഷിന് ജര്‍മനിയിലേയ്ക്ക് തിരിച്ചുപോകാന്‍ അവസരമുണ്ടായിരുന്നെങ്കിലും അയാള്‍ തിരഞ്ഞെടുത്തത് ഇംഗ്ലീഷ് ക്ലബായ കവെന്റി ആയിരുന്നു. സ്വാന്‍സിയയിലെ കാലം അയാളെ നിരാശയിലാഴ്ത്തിയിരുന്നു. 2021 ആയിരുന്നു ഗ്യോക്കറെഷിന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നിര്‍ണായക വര്‍ഷം. ഒഴിവുകാലത്ത് കടുത്ത പരിശീലനത്തിലേര്‍പ്പെട്ട അയാള്‍ തീര്‍ത്തും മറ്റൊരു കളിക്കാരനായിട്ടായിരുന്നു തിരിച്ചെത്തിയത്. ചില ലക്ഷ്യങ്ങള്‍ തന്റെ മനസിലുണ്ടെന്ന് അയാള്‍ പറയാതെ പറഞ്ഞു.

എല്ലാക്കാലത്തും മൈതാനത്ത് നന്നായി ഓടിയിരുന്ന ഗ്യോക്കറെഷ് അത്തവണ തിരിച്ചുവന്നത് മറ്റ് കാര്യങ്ങളില്‍ കൂടി കുറേയേറെ മാറ്റങ്ങള്‍ വരുത്തിയായിരുന്നു. ഉദാഹരണത്തിന് അയാള്‍ തോളിന്റെ ബലം വര്‍ദ്ധിപ്പിച്ചിരുന്നു. അതിലൂടെ ഡിഫന്‍ഡര്‍മാരില്‍ നിന്ന് വെട്ടിയൊഴിയാനും അവരെ കൂടുതല്‍ കറക്കാനും കഴിയുന്നുണ്ടെന്ന് ഗ്യോക്കറെഷ് ഉറപ്പുവരുത്തി. 2021ല്‍ കവെന്റി അയാളെ ടീമില്‍ കൊണ്ടുവന്നത് ഒരു മില്യണ്‍ പൗണ്ട് പ്രതിഫലം നല്‍കിയായിരുന്നു. അക്കാലത്ത് കവെന്റിയുടെ പരിശീലകനായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ മാര്‍ക്ക് റോബിന്‍സിന്റെ മേല്‍നോട്ടത്തില്‍ ഗ്യോക്കറെഷിന്റെ ടെക്‌നിക്കുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. അത് അയാള്‍ക്ക് ഏറെ ഗുണം ചെയ്തു. റോബിന്‍സ് ഗ്യോക്കറെഷിന്റെ കളിയെ വളരെ ലളിതമാക്കി. സെന്റര്‍ ഫോര്‍വേഡ് ആണെങ്കിലും കളി തുടങ്ങിക്കഴിഞ്ഞാല്‍ ഇടതുവിങിലേയ്ക്ക് തെന്നിപ്പോകുന്ന ശീലം ഗ്യോക്കറെഷിനുണ്ടായിരുന്നു. അയാളുടെ ഈ ശീലം മാറ്റിയത് മാര്‍ക്ക് റോബിന്‍സായിരുന്നു. കളിക്കുന്ന കാലത്ത് ഒരു സ്‌ട്രൈക്കറായിരുന്ന റോബിന്‍സിന് ഗ്യോക്കറെഷില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അനായാസം ചെയ്യാന്‍ കഴിഞ്ഞു. സ്വന്തം ശരീരം മനസിലാക്കാനും കൃത്യമായി പൊസിഷന്‍ ചെയ്യാനും ഓട്ടത്തിന്റെ ടൈമിംഗ് ശരിയാക്കാനുമെല്ലാം റോബിന്‍സ് അയാളെ സഹായിച്ചു. തുടര്‍ന്ന് കവെന്റിക്കുവേണ്ടി ആദ്യത്തെ 11 മത്സരങ്ങളില്‍ ഒമ്പത് ഗോളാണ് ഗ്യോക്കറെഷ് അടിച്ചുകൂട്ടിയത്. പിന്നീട് 116 മത്സരങ്ങളില്‍ നിന്നായി 44 ഗോളടിച്ച ഗ്യോക്കറേഷ് അപ്പോഴേയ്ക്കും കരിയറിലെ മറ്റൊരു വഴിത്തിരിവിലെത്തിയിരുന്നു.

2023ല്‍ ഗ്യോക്കറെഷ് പാര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിംഗ് സി.പിയിലെത്തി. ആ വര്‍ഷം ജൂലായ് 13-നാണ് ഗ്യോക്കറെഷ് സ്‌പോര്‍ട്ടിംഗ് സി.പിയുമായി അഞ്ച് വര്‍ഷത്തെ കരാറിലെത്തിയത്. 24 മില്യണ്‍ യൂറോയിരുന്നു അയാളുടെ പ്രതിഫലം. സ്‌പോര്‍ട്ടിംഗ് സി.പിക്കൊപ്പമുള്ള തന്റെ ആദ്യ സീസണില്‍ ഗ്യോക്കറെഷ് അടിച്ചുകൂട്ടിയത് 43 ഗോളാണ്. 15 അസിസ്റ്റുകളും ഒരുക്കി. ഈ സീസണിലും അയാള്‍ മിന്നുന്ന ഫോമിലാണ്. യൂറോപ്പിലെ ഗോളടി മെഷീനായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏര്‍ളിംഗ് ഹാളണ്ടിനും ബാഴ്‌സയുടെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയ്ക്കും കടുത്ത മത്സരം ഉയര്‍ത്തിയാണ് ഗ്യോക്കറെഷ് ഗോളടിയില്‍ മുന്നേറുന്നത്. ഈ തേരോട്ടത്തില്‍ ലിയണല്‍ മെസ്സിയുടെ യൂറോപ്യന്‍ റെക്കോഡായ ഒരു സീസണില്‍ 73 ഗോളെന്ന നേട്ടം അയാള്‍ക്ക് മറികടക്കാനാകുമോ എന്നാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ജന്മനാടായ സ്വീഡന്റെ അണ്ടര്‍-19, അണ്ടര്‍-21 തലത്തില്‍ കളിച്ചുതുടങ്ങിയ ഗ്യോക്കറെഷ് പിന്നീട് സ്വീഡിഷ് സീനിയര്‍ ടീമിലും കളിച്ചു. 2019 ജനുവരി എട്ടിനാണ് ഗ്യോക്കറെഷ് സ്വീഡിഷ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ഫിന്‍ലന്റിനെതിരായ ആ മത്സരത്തില്‍ സ്വീഡന്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഐസ്‌ലന്റിനെതിരെ അയാള്‍ സ്വീഡനുവേണ്ടിയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. 2024 നവംബര്‍ 19ന് നാഷന്‍സ് ലീഗില്‍ അസര്‍ബൈജാനെതിരെ ഗ്യോക്കറെഷ് നാല് ഗോള്‍ നേടി. മത്സരം എതിരില്ലാത്ത ആറ് ഗോളിന് സ്വീഡന്‍ ജയിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗ്യോക്കറേഷിന്റെ ആദ്യ ഹാട്രിക്കായിരുന്നു അത്. സ്വീഡനുവേണ്ടി ഗ്യോക്കറെഷ് ഇതുവരെ 26 മത്സരങ്ങളില്‍ കളിച്ചു. 15 ഗോള്‍ നേടി.

ക്ലിനിക്കല്‍ ഫിനിഷിംഗിലെ മികവാണ് വിക്ടോര്‍ ഗ്യോക്കറേഷിന്റെ ഏറ്റവും വലിയ പ്രത്യേകത. പന്ത് കാലില്‍ കിട്ടിയാല്‍ ഒട്ടും സമയം കളയാതെ ഫിനിഷ് ചെയ്യാനുള്ള ഗ്യോക്കറെഷിന്റെ മിടുക്ക് അമ്പരപ്പിക്കുന്നതാണ്. പെനാല്‍റ്റി ബോക്‌സില്‍ വെച്ച് പന്ത് കിട്ടിയാല്‍ ഒന്നുകില്‍ ഉടന്‍തന്നെ, അതല്ലെങ്കില്‍ പന്ത് നിയന്ത്രണത്തിലാക്കാന്‍ വേണ്ട ഏറ്റവും ചുരുങ്ങിയ ടച്ചുകള്‍. അത്രയേ ഗ്യോക്കറെഷിനുവേണ്ടൂ. ലക്ഷ്യത്തിലേയ്ക്ക് ഒരു വെടിയുണ്ട കണക്കെയെന്നോണം പന്ത് അയാള്‍ ഷൂട്ട് ചെയ്യും. ഗോള്‍പോസ്റ്റിനുമുമ്പില്‍ വെച്ച് അയാള്‍ തപ്പിത്തടയില്ല. അനാവശ്യമായി ഡ്രിബ്ള്‍ ചെയ്യാനും മുതിരില്ല. പന്ത് കിട്ടിയാല്‍ ഏറ്റവുമാദ്യം അയാള്‍ ചെയ്യുക അതിന്റെ ലക്ഷ്യസ്ഥാനമായ ഗോള്‍വലയിലെത്തിക്കുകയാണ്. അത്രമേല്‍ കൃത്യതയാണ് ഗ്യോക്കറെഷിന്റെ ഫിനിഷുകള്‍ക്ക്. വലതുകാലാണ് കൂടുതല്‍ വശമെങ്കിലും ആവശ്യാനുസരണം ഇടതുകാല്‍ ഉപയോഗിക്കാനും അയാള്‍ക്കൊരു ബുദ്ധിമുട്ടുമില്ല. ഹെഡ്ഡ് ചെയ്യാനുള്ള കഴിവും അയാള്‍ക്ക് നന്നായുണ്ട്. പന്ത് കിട്ടുന്നത് ഏറെ പിറകില്‍ നിന്നായാലും ശരി, മധ്യനിരയില്‍ നിന്നായാലും ശരി ഡിഫന്‍ഡര്‍മാര്‍ എങ്ങനെ മൂവ് ചെയ്യുമെന്നതിനെക്കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. പെനാല്‍റ്റി ബോക്‌സില്‍ എവിടെയാണ് അയാള്‍ നില്‍ക്കുന്നതെങ്കിലും വണ്‍ ടച്ച് ഫിനിഷായിരിക്കും അയാളുടേത്. അതിന് ആവശ്യമായ വിടവ് കണ്ടെത്താന്‍ അയാള്‍ക്കറിയാം. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് പന്ത് സ്വീകരിക്കാനും അതുമായി ബോക്‌സിനുള്ളിലേയ്ക്ക് കുതിക്കാനും ഗ്യോക്കറേഷിന് അസാമാന്യ മികവുണ്ട്. സാങ്കേതികത്തികവിനേക്കാളും അപ്പുറത്ത് അസാധാരണമായ ആത്മവിശ്വാസമാണ് ഗ്യോക്കറേഷിന്റെ കരുത്ത്. ആ ആത്മവിശ്വാസം അയാള്‍ക്ക് കൂടുതലായൊരു ഊര്‍ജം പകരുന്നുണ്ട്.

ഗ്യോക്കറെഷിന് പിന്നാലെ പണപ്പെട്ടിയുമായി ലോകത്തെ പ്രമുഖ ക്ലബുകളെല്ലാം അലയുന്ന സാഹചര്യത്തില്‍ അയാള്‍ അധികം വൈകാതെ സ്‌പോര്‍ട്ടിംഗ് സി.പി വിടുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ സീസണിന്റെ പകുതിയില്‍ വെച്ച് താന്‍ ഒരിക്കലും ക്ലബ് വിടില്ലെന്ന് ഗ്യോക്കറെഷ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണ്‍ മുഴുവന്‍ തനിക്ക് സ്‌പോര്‍ട്ടിംഗ് സി.പിക്കൊപ്പം കളിക്കണമെന്ന് താരം പറയുന്നു. എന്നാല്‍ അടുത്ത സീസണില്‍ തീര്‍ച്ചയായും ഒരു മാറ്റമുണ്ടാകാനാണ് സാധ്യത. നിലവില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് ഗ്യോക്കറേഷിനുവേണ്ടി ആഞ്ഞുപിടിക്കുന്നതെന്നാണ് സംസാരം. എന്നാല്‍ ഗ്യോക്കറെഷിനെ കൊണ്ടുവരാന്‍ വേണ്ട പണം യുണൈറ്റഡിന്റെ കൈയ്യിലുണ്ടോ എന്നതിനെക്കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലുമെല്ലാം ഗ്യോക്കറേഷില്‍ താല്പര്യം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സ്‌പോര്‍ട്ടിംഗ് സി.പി നല്ല ക്ലബാണെങ്കിലും ഗ്യോക്കറെഷിന് പോലെ ഒരു ഗോളടി മെഷീന് കളിക്കാന്‍ മാത്രമുള്ള ലീഗല്ല അതെന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലുള്ള വലിയ ലീഗിലേയ്ക്ക് അയാള്‍ വരണമെന്നും ആഗ്രഹിക്കുന്ന ഫുട്‌ബോള്‍ പണ്ഡിതന്‍മാരും ആരാധകരും ഒട്ടേറെയാണ്. അയാളുടെ നിലവിലെ മിന്നുന്ന ഫോമും കൂടി കണക്കിലെടുക്കുമ്പോള്‍ ഗ്യോക്കറെഷിന് പറ്റിയ സ്ഥലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. എന്തായാലും വിക്ടോര്‍ ഗ്യോക്കറെഷ് എന്ന ഈ സ്വീഡിഷ് പ്രതിഭ ഗോളടിക്കുന്ന തന്റെ ശീലം സമീപകാലത്തൊന്നും അവസാനിപ്പിക്കുമെന്ന് കരുതാന്‍ വയ്യ. വരുന്ന ഒട്ടേറെ വര്‍ഷങ്ങളില്‍ അയാളുടെ തീയുണ്ട കണക്കെയുള്ള ഗോളുകള്‍ ലോകഫുട്‌ബോളിനെ വിറപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.



