കെ.ശ്രീജിത്ത്
മാഴ്സെലോ വിയേര ഡാ സില്‍വ എന്ന മാഴ്സെലോ. ബ്രസീലിന്റെയും സ്പാനിഷ് വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ താരം. ഈ നൂറ്റാണ്ടിലെത്തന്നെ മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായാണ് മാഴ്സെലോ കണക്കാക്കപ്പെടുന്നത്. ഏതാണ്ട് ഒന്നര പതീറ്റാണ്ടോളം റയല്‍ മാഡ്രിഡിന്റെ ജേഴ്സിയണിഞ്ഞ മാഴ്സെലോ റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടവും ആറ് ലാലിഗ കിരീടവുമടക്കം 25 ട്രോഫികളാണ് ജയിച്ചത്. ആക്രമിച്ച് കളിക്കാനുള്ള അപാരമായ കഴിവാണ് മാഴ്സെലോയെ മറ്റ് പ്രതിരോധനിര താരങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്. കളിക്കളത്തില്‍ തനിക്ക് പന്ത് ലഭിക്കുമ്പോള്‍ അതിനുമുകളില്‍ മാഴ്സെലോ പുലര്‍ത്തിയ നിയന്ത്രണം അപാരമായിരുന്നു. സാക്ഷാല്‍ മറഡോണ മാഴ്സെലോയെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്നാണ്. ബ്രസീലിന്റെ ഇതിഹാസ പ്രതിരോധനിര താരമായിരുന്ന റോബര്‍ട്ടോ കാര്ലോസുമായാണ് പലരും മാഴ്സെലോയെ താരതമയ്ം ചെയ്യാറുള്ളത്. എന്നാല്‍ സാങ്കേതികത്തികവ് മാഴ്സെലോയ്ക്കുണ്ടെന്ന് കാര്‍ലോസ് പോലും സമ്മതിക്കുന്നു.

നാല് വയസ് മുതല്‍ ഫുട്സാല്‍ കളിച്ചുനടന്ന മാഴ്സെലോ എട്ട് വയസ് മുതല്‍ ബീച്ച് ഫുട്ബോളും കളിച്ചുതുടങ്ങി. ബൊട്ടാഫോഗോയിലെ ബീച്ചുകളില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ ഗോള്‍കീപ്പറാകാനായിരുന്നു അവനിഷ്ടം. കാരണം ഗോള്‍കീപ്പറാകുമ്പോള്‍ ഇഷ്ടം പോലെ ഡൈവ് ചെയ്യാമല്ലോ. ഒട്ടും പരിക്കേല്ക്കുകയുമില്ല. അന്നവന് ആരാധിച്ചിരുന്നത് ബ്രസീലിന്റെ ഇതിഹാസ താരങ്ങളായിരുന്ന പെലെ, ഗാരിഞ്ച, റൊണാള്‍ഡോ എന്നിവരെയൊന്നുമായിരുന്നില്ല. റോബര്‍ട്ടോ കാര്‍ലോസായിരുന്നു അവന്റെ ഏറ്റവും ഇഷ്ടതാരം. ബീച്ചില്‍ കളിക്കുമ്പോള്‍ അവന് റോബര്‍ട്ടോ കാര്‍ലോസിനെപ്പോലെ കളിക്കാന്‍ ശ്രമിച്ചു. അയാളായി നടിച്ചു. എന്നാല്‍ വീട്ടില്‍ അവന് എപ്പോഴും ഫുട്ബോള്‍ കളിച്ച് സാധനങ്ങള്‍ കേടുവരുത്തുന്നതിനോട് അമ്മ ദേഷ്യപ്പെട്ടു. പലപ്പോഴും അവര്‍ പനത് പഞ്ചറാക്കി വെച്ചു. എന്നാല്‍ അപ്പോഴൊക്കെ അവന് മുത്തച്ഛന് മറ്റൊരു പന്ത് സംഘടിപ്പിച്ചുകൊടുത്തു. തന്റെ മുത്തച്ഛന് പെഡ്രോ വിയേര ഡാ സില്‍വയാണ് എന്നും തനിക്ക് പ്രചോദനമായിരുന്നതെന്ന് മാഴ്സെലോ പറഞ്ഞിട്ടുണ്ട്. എല്ലാ സമയത്തും അദ്ദേഹമെന്നെ പിന്തുണച്ചു. എന്നില്‍ വിശ്വാസമര്‍പ്പിച്ചു. എനിക്കായി ഏറെ സമയം മാറ്റിവെച്ചു-മാഴ്സെലോ മുത്തച്ഛനെക്കുറിച്ച് പറയുന്നു. മിക്ക ലാറ്റിനമേരിക്കന്‍ കളിക്കാരെയും പോലെ കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടാണ് മാഴ്സെലോയും ഉയരങ്ങളിലെത്തിയത്. സമാനമായ കഥയുള്ള മറ്റെല്ലാ താരങ്ങളെയും പോലെ ഫുട്ബോളായിരുന്നു മാഴ്സെലോയ്ക്കും രക്ഷയായത്. ജീവിതത്തിന്റെ എല്ലാ കാഠിന്യങ്ങളും മറക്കാന്‍ അയാള്‍ ഫുട്ബോളിനെ ആശ്രയിച്ചു. തുച്ഛമായ കൂലിക്ക് രാവന്തിയോളം പണിയെടുത്താണ് മാഴ്സെലോയുടെ മാതാപിതാക്കള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മാഴ്സെലോയെ കൂട്ടിക്കൊണ്ടുപോയിരുന്നത് മുത്തച്ഛനായിരുന്നു. ഇതിനായി അയാള്‍ തന്റെ ഡ്രൈവിംഗ് ജോലി പോലും ഉപേക്ഷിച്ചു. അയാള്‍ക്കൊരു കാര്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഗ്യാസ് നിറയ്ക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായിരുന്നില്ല. ബസ്സില്‍ പോകാമെന്നുവെച്ചാലും പണമായിരുന്നു പ്രശ്നം ടിക്കറ്റെടുക്കാനുള്ള പണം കൈയിലില്ല. അതിനയാള്‍ ഒരു പോംവഴി കണ്ടെത്തി. അയാള്‍ തന്റെ കാര്‍ വിറ്റ് ആ പണം ബസ് ടിക്കറ്റിനായി മാറ്റിവെച്ചു. പിന്നീട് അയാള്‍ പേരക്കുട്ടിയുമായി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പോയിരുന്നത് ബസ്സിലായിരുന്നു. പവെറും പത്ത് വയസ് മാത്രമുണ്ടായിരുന്ന മാഴ്സെലോയില്‍ മുത്തച്ഛനുണ്ടായിരുന്ന വിശ്വാസം തകര്‍ക്കാനാകാത്തതായിരുന്നു. തന്റെ പേരക്കുട്ടി ഭാവിയില്‍ ഒരു വലിയ ഫുട്ബോള്‍ താരമാകുമോ എന്നൊന്നും അയാള്‍ക്കറിയാമായിരുന്നില്ല. പക്ഷെ അയാള്‍ എന്നും അവന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. ആ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തന്നാലാവുംവിധം അവനൊപ്പം നിന്നു. പിന്നീട് അമ്പത് കിലോമീറ്റര്‍ ദൂരെയൊക്കെ പോയി മാഴ്സെലോയ്ക്ക് മത്സരങ്ങള്‍ കളിക്കേണ്ടിവന്നപ്പോള്‍ മുത്തച്ഛന് പഴയ ചെറിയൊരു കാര്‍ വാങ്ങി. ലോട്ടറിയടിച്ച് സമ്മാനമായി കിട്ടിയ പണം കൊണ്ടായിരുന്നു അത്. അങ്ങനെ മാഴ്സെലോയുടെ എല്ലാമെല്ലാമായിരുന്ന മുത്തച്ഛന് അര്‍ബുദബാധിതനായി മരിക്കുന്നത് 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ സെമിഫൈനലിന്റെ രണ്ട് ദിവസം മുമ്പായിരുന്നു. സെമിയില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടാനിരിക്കെയുണ്ടായ മുത്തച്ഛന്റെ മരണം മാഴ്സെലോയെ ഏറെ തളര്‍ത്തി. ആ മരണം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പെട്ടെന്ന് ആ വാര്‍ത്ത വന്നപ്പോള്‍ അയാള്‍ക്ക് താങ്ങാനായില്ല. അടുത്ത ദിവസം ഒഴിവായതിനാല്‍ മുത്തച്ഛന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തുവരാന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി മാഴ്സെലോയ്ക്ക് അനുവാദം നല്‍കിയെങ്കിലും അയാള്‍ പോയില്ല. കാരണം പോയാല്‍ തിരിച്ചുവരാന്‍ തനിക്ക് കഴിയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

ഹെലെനിക്കോ എന്ന ഫുട്സാല്‍ ക്ലബിലാണ് മാഴ്സെലോ ആദ്യം കളിച്ചുതുടങ്ങുന്നത്. മാഴ്സെലോയുടെ അമ്മാവനും കൂട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ഒരു പ്രാദേശിക ക്ലബായിരുന്നു അത്. പിന്നീട് ഫഌമിനെന്‍സിന്റെ ഫുട്സാല്‍ ക്ലബിന്റെ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും മാഴ്സെലോ തിരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് വാസ്കോ ഡെ ഗാമ എന്ന വന്‍ ക്ലബിന്റെ ഫുട്സാല്‍ ട്രയല്‍സിലാണ് മാഴ്സെലോ പങ്കെടുത്തത്. അവിടെ അവന് തിരഞ്ഞെടുക്കപ്പെട്ടു. ഒരു സീസണ് കളിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം അവനെ തിരിച്ചയച്ചു. വീണ്ടും അവന് ഹെലെനിക്കോ ക്ലബില്‍ തിരിച്ചെത്തി. എന്നാല്‍ പിന്നീടവനെ ഫഌമിനെന്‍സ് ക്ഷണിക്കുകയും ക്ലബില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അവിടെ അവന് പതിനഞ്ച് വയസ് വരെ ഫുട്സാല്‍ കളിച്ചു. മാഴ്സെലോയുടെ കഴിവ് തിരിച്ചറിഞ്ഞ ഫഌമിനെന്‍സ് അവനെ അവരുടെ ഫസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അവന് കളിക്കാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. ഇത് അവനെ മടുപ്പിച്ചു. ഫുട്ബോള്‍ തന്നെ വിട്ടാലോ എന്ന് മാഴ്സെലോ ആലോചിച്ചു. ഇക്കാര്യം മുത്തച്ഛനോട് പറഞ്ഞു. ഇതുകേട്ട് അന്തംവിട്ട മുത്തച്ഛന് അവന്റെ പ്രതിസന്ധി മനസിലാക്കുകയും ഒരു അവസാന ശ്രമം കൂടി നടത്താന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്തു. അടുത്ത മത്സരത്തില്‍ ഫഌമിനെന്‍സിന്റെ ആദ്യ ഇലവനില്‍ ടീമിലുള്‍പ്പെട്ടാല്‍ കളി തുടരാമെന്ന കരാറില്‍ മുത്തച്ഛനും പേരക്കുട്ടിയുമെത്തി. അടുത്ത കളിയില്‍ ക്ലബിന്റെ ആദ്യ ഇലവനില്‍ അവന് ഉള്‍പ്പെട്ടു. മുത്തച്ഛന് നല്കിയ വാക്ക് പ്രകാരം അവന് തുടര്‍ന്നും ഫുട്ബോള്‍ കളിച്ചു. അന്ന് ആ കളിയില്‍ ആദ്യ ഇലവനില്‍ മാഴ്സെലോ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ അതോടെ അവന് ഫുട്ബോള്‍ ഉപേക്ഷിക്കുമായിരുന്നു. ഇന്നത്തെ മാഴ്സെലോയെ നമ്മള് കാണുമായിരുന്നില്ല. ആ മത്സരമായിരുന്നു മാഴ്സെലോയുടെ ജീവിതത്തിലെ വഴിത്തിരിവ്.

ഫുട്സാലില്‍ നിന്ന് ഫുട്ബോളിലേയ്ക്കുള്ള മാറ്റം മാഴ്സെലോയ്ക്ക് എളുപ്പമായിരുന്നില്ല. ബൂട്ടിട്ട് കളിക്കേണ്ടിവരുന്നത് ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ അവനെ വിഷമിപ്പിച്ചു. എന്നാല്‍ പതുക്കെപതുക്കെ അതിനോടൊക്കെ പൊരുത്തപ്പെട്ട മാഴ്സലോ ഫുട്ബോളിലെ തന്റെ തേരോട്ടം ആരംഭിച്ചു. അതിനയാള്‍ക്ക് കുട്ടിക്കാലത്തെ ഫുട്സാല്‍ കളി ഒരുപാട് ഉപകാരമായി. മാഴ്സലൊ അതിവേഗം ഫുട്ബോള്‍ ആരാധകരുടെ കണ്ണിലുണ്ണിയായി. വേഗത, സാങ്കേതികത്തികവ്, പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികച്ചുകളിക്കാനുള്ള മിടുക്ക് തുടങ്ങിയവയാണ് മാഴ്സെലോയെ ശ്രദ്ധേയനാക്കിയത്. അധികം വൈകാതെത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ മാഴ്സെലോയെ നോട്ടമിട്ടു. ഫഌമിനെന്‍സില്‍ 31 മത്സരം കളിച്ച മാഴ്സെലോയില്‍ സ്പെയിനിലെ ക്ലബായ സെവ്വിയ താല്പര്യം പ്രകടിപ്പിക്കുകയും ഫഌമിനെന്‍സുമായി അതിവേഗം ആശയ വിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ മാഴ്സെലോയ്ക്കായി ഫഌമിനെന്‍സുമായി കരാറിലെത്തി. എന്നാല്‍ ഇതിനിടെ, തന്നെ ടീമിലെടുക്കാന്‍ റയല്‍ മാഡ്രിഡ് ആഗ്രഹിക്കുന്നതായി ആരോ പറഞ്ഞുകേട്ടറിഞ്ഞ മാഴ്സെലോ ഇക്കാര്യം ഫഌമിനെന്‍സ് അധികൃതരോട് ആരായുന്നു. സംഗതി സത്യമാണെന്ന് അവരില്‍ നിന്ന് അറിഞ്ഞ മാഴ്സെലോ റയലല്ലാതെ മറ്റൊരു ക്ലബ് ഇനി തനിക്കില്ലെന്ന് ഉറപ്പിക്കുന്നു. തുടര്‍ന്ന് 2007ല്‍ റയല്‍ മാഡ്രിഡ് മാഴ്സെലോയുമായി കരാറൊപ്പിടുന്നു. എട്ട് മില്യണ്‍ യൂറോ ആയിരുന്നു മാഴ്സെലോയുടെ പ്രതിഫലം. ആദ്യഘട്ടത്തില്‍ ലാലിഗയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി മാഴ്സെലോ മറ്റ് ക്ലബുകള്‍ക്ക് വായ്പയായി കളിക്കണമെന്ന് റയല്‍ അധികൃതര്‍ ആഗ്രഹിച്ചു. എന്നാല്‍ അക്കാര്യം കേള്‍ക്കാന്‍ പോലും ആഗ്രഹിക്കാതിരുന്ന മാഴ്സെലോ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും താന്‍ റയിലിനൊപ്പം തുടരുമെന്ന് വാശിപിടിച്ചു. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഭാഗ്യവശാല്‍ എല്ലാം മാഴ്സെലോയ്ക്ക് അനുകൂലമായിത്തന്നെ വന്നുഭവിച്ചു. അന്ന് റയല്‍ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായിരുന്നു ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്. കുട്ടിക്കാലത്ത് മാഴ്സെലോ നടപ്പിലും കളിയിലുമെല്ലാം അനുകരിച്ചിരുന്ന, അയാളുടെ ആരാധാന പുരുഷന്. റയലില്‍ വെച്ച് മാഴ്സെലോ ആദ്യമായി കാര്‍ലോസിനെ കണ്ട നിമിഷം ഒരു വാക്ക് പോലും ഉച്ചരിക്കാനാകാതെ അയാള്‍ അന്തംവിട്ടുനിന്നു. അയാള്‍ കാര്‍ലോസിനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു. പിന്നീടങ്ങോട്ട് റോബര്‍ട്ടോ കാര്‍ലോസ് സ്വന്തം കുടുംബാംഗം പോലെയായി മാഴ്സെലോയ്ക്കും അയാളുടെ ജീവിത പങ്കാളി ക്ലാരിസെയ്ക്കും. കാര്‍ലോസ് തന്റെ ഫോണ്‍ നമ്പര്‍ മാഴ്സെലോയ്ക്കും ക്ലാരിസെയ്ക്കും നല്കി എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. എന്നാല്‍ മാഴ്സെലോ ഒരിക്കലും വിളിച്ചില്ലെങ്കിലും കാര്‍ലോസ് പലതവണ അവരെ വിളിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ബ്രസീലിലേയ്ക്ക് പോകുക പ്രായോഗികമല്ലാത്തതിനാല്‍ കാര്‍ലോസ് മാഴ്സെലോയെയും ക്ലാരിസെയെയും തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഫുട്ബോള്‍ കളത്തിലും ആ സൗഹൃദം മാഴ്സെലോയ്ക്ക് ഏറെ ഗുണം ചെയ്തു. കാര്‍ലോസ് കളത്തില്‍ മാഴ്സെലോയുടെ ഗുരുവായി.

എന്നാല്‍ ആരാധകര്‍ മാഴ്സെലോയെ റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി കണ്ടുതുടങ്ങിയത് അയാളെ ബുദ്ധിമുട്ടിച്ചു. മാഴ്സെലോയെ കാര്‍ലോസുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങി. ഒരു പതിനെട്ടുകാരന് ആ സമ്മര്‍ദ്ദം താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പോരാത്തതിന് കോച്ച് ഫാബിയോ കാപ്പെല്ലോയുടെ കളത്തിലെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിലും മാഴ്സെലോ പരാജയപ്പെട്ടു. മാഴ്സെലോയും കാര്‍ലോസും ബ്രസീല്‍ താരങ്ങളായതിനാല്‍ കാപ്പെല്ലോ കാര്‍ലോസിന്റെ അതേ നിലവാരം മാഴ്സെലോയില്‍ നിന്നും പ്രതീക്ഷിച്ചു. കാര്‍ലോസിനെപ്പോലെ മാഴ്സെലോയും അറ്റാക്കിംഗ് ഫുള്‍ ബാക്കായിരിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. അന്ന് ലോകഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ഫുള്‍ ബാക്കായിരുന്നു റോബര്‍ട്ടോ കാര്‍ലോസ്. യൂറോപ്യന്‍ ഫുട്ബോളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് കൃത്യമായി മനസിലാക്കിയിരുന്ന കാര്‍ലോസ് എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കേണ്ടതെന്നും മാഴ്സെലോയെ പറഞ്ഞുമനസിലാക്കി. കാര്യങ്ങള്‍ പതുക്കെപതുക്കെ മാഴ്സെലോ പഠിച്ചെടുത്തു. കാര്‍ലോസിന്റെ ആ സമീപനം തന്നെ അയാളുടെ സ്വഭാവത്തിന്റെ പ്രതിഫലനമായിരുന്നു. തന്റെ പിന്‍ഗാമിയായി ലോകം വാഴ്ത്തുന്ന, തന്റെ സ്ഥാനത്തിന് വെല്ലുവിളിയായ ഒരുത്തന്നെ അവഗണിക്കുകയല്ല, മറിച്ച് അയാളെ തന്നാലാകുംവിധം സഹായിക്കുകയാണ് കാര്‍ലോസ് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിക്കാന്‍ മാഴ്സെലോ കാത്തിരുന്നത് എട്ട് വര്‍ഷമാണ്. എന്നാല്‍ 2104ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയപ്പോള്‍ അയാള്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഫൈനലിന് മുമ്പുള്ള തുടര്‍ച്ചയായ നാല് കളികളില്‍ മാഴ്സെലോ കളിച്ചിരുന്നെങ്കിലും സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മികച്ചുകളിച്ച ഫാബിയോ കോയെന്ട്രാവോയെയാണ് കോച്ച് കാര്‍ലോ ആന്‍സെലോട്ടി ഫൈനലിലെ ആദ്യ ഇലവനില്‍ പരിഗണിച്ചത്. ഇത് മാഴ്സെലോ വേദനിപ്പിച്ചെങ്കിലും കോച്ചിന്റെ തീരുമാനം അയാള്‍ ഉള്‍ക്കൊണ്ടു. തുടര്‍ന്ന് ഫൈനലിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മാഴ്സെലോ റയല്‍ മാഡ്രിഡിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. മാഴ്സെലോയുടെ തകര്‍പ്പന്‍ കളിയുടെ പിന്‍ബലത്തിലാണ് റയല്‍, അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധം ഭേദിച്ചത്. ആ കിരീട നേട്ടത്തോടെ മാഴ്സെലോ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി. തുടര്‍ന്ന് ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് ആരെന്ന ചര്‍ച്ചകളില്‍ അയാള്‍ ഒന്നാമനായി. അക്കാലത്ത് ഡേവിഡ് അലാബയില്‍ നിന്ന് കടുത്ത മത്സരം ഉണ്ടായെങ്കിലും അധികം വൈകാതെ മാഴ്സെലോയാണ് ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ല. പിന്നീടയാള്‍ റയല്‍ മാഡ്രിഡിന്റെ നായകനുമായി.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിനുവേണ്ടി മൊത്തം 546 കളികളാണ് മാഴ്സെലോ കളിച്ചത്. 38 ഗോളും നേടി. 2022ല്‍ ഗ്രീസിലെ ഒളിമ്പിയാക്കോസിനുവേണ്ടി കളിച്ച മാഴ്സെലോ 2023-24 സീസണില്‍ തന്റെ ആദ്യ ക്ലബായ ഫഌമിനെന്‍സില്‍ തിരിച്ചെത്തി. 2024 നവംബര്‍ രണ്ടിന് ക്ലബ് വിട്ട മാഴ്സെലോ ഈ വര്‍ഷം ഫെബ്രുവരി ആറിന് ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബ്രസീലിനുവേണ്ടി 58 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളാണ് മാഴ്സെലോ നേടിയത്. ബ്രസീലിനൊപ്പം 2008 ഒളിംപിക്സില്‍ വെങ്കല മെഡലും 2012 ഒളിംപിക്സില്‍ വെള്ളി മെഡലും നേടിയ മാഴ്സെലോ 2014, 2018 ലോകകപ്പുകളില്‍ ബ്രസീലിന്റെ പ്രധാനപ്പെട്ട കളിക്കാരിലൊരാളായിരുന്നു. ഗുരുവായ റോബര്‍ട്ടോ കാര്‍ലോസിനെക്കുറിച്ച് പറഞ്ഞതുപോലെ ലോകത്ത് ഒട്ടേറെ മികച്ച ലെഫ്റ്റ് ബാക്കുകളുണ്ടാകാമെങ്കിലും അവര്‍ക്കൊന്നും മാഴ്സെലോയുടെ നിലവാരത്തിലെത്താന്‍ കഴിയില്ല. മാഴ്സെലോ സവിശേഷമായ കഴിവുകളുള്ള കളിക്കാരനാണ്. കാര്‍ലോസ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. മാഴ്സെലോ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാണ്. സംശയമില്ല.



