കെ.ശ്രീജിത്ത്
ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളിലൊരാളാണ് റിക്കി പോണ്ടിംഗ്. താന്‍ കളിച്ച കാലത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാള്‍. രാജ്യം ക്രിക്കറ്റിന് സംഭാവന ചെയ്ത വിഖ്യാത ബാറ്റര്‍മാരില്‍ തങ്ങള്‍ ദൈവമായി കാണുന്ന ബ്രാഡ്മാന് തൊട്ടുപിറകില്‍ രണ്ടാമനായാണ് പോണ്ടിംഗിനെ ഓസ്‌ട്രേലിയ കാണുന്നത്. അതില്‍ നിന്നുതന്നെ റിക്കി പോണ്ടിംഗിന്റെ താരത്തിളക്കം മനസിലാക്കാവുന്നതാണ്. ആക്രമണമായിരുന്നു പോണ്ടിംഗിന്റെ ബാറ്റിംഗ് ശൈലി. ഏത് സാഹചര്യത്തിലും ആക്രമിച്ചുകളിക്കുക, പോസിറ്റീവായി കളിക്കുക എന്നതായിരുന്നു അയാളുടെ മുദ്രാവാക്യം. ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാകുമ്പോഴൊക്കെ ആക്രമിച്ചുകളിച്ച് ആ സമ്മര്‍ദ്ദം എതിരാളികളിലേയ്ക്ക് തിരിച്ചുവിടുന്നതില്‍ മിടുക്കനായിരുന്നു പോണ്ടിംഗ്. അതുവഴി കളിയില്‍ നഷ്ടപ്പെട്ട മേധാവിത്തം അയാള്‍ തിരിച്ചുപിടിക്കും. എത്രയോ, എത്രയോ വട്ടം ലോകം ഇത് കണ്ടിരിക്കുന്നു. മാത്യു ഹെയ്ഡന്‍, ജസ്റ്റിന്‍ ലാംഗര്‍, ഡാമിയന്‍ മാര്‍ട്ടിന്‍, ആഡം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ജേസണ്‍ ഗില്ലസ്പി, ബ്രെറ്റ് ലീ തുടങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണ തലമുറയുടെ പ്രതിനിധിയാണ് റിക്കി പോണ്ടിംഗ്. ദീര്‍ഘകാലം ലോകക്രിക്കറ്റിനെ തങ്ങളുടെ കാല്‍ച്ചുവട്ടിലാക്കി കൊണ്ടുനടന്നു ആ സുവര്‍ണ തലമുറ. 1999 മുതല്‍ 2007 വരെ ഏകദിന ലോകകപ്പ് തുടര്‍ച്ചയായി മൂന്ന് തവണ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ ഇതില്‍ പലരും ആ ടീമുകളില്‍ അംഗമായിരുന്നു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീനേജ് ബാറ്റര്‍ എന്ന റോഡ് മാര്‍ഷ് പോണ്ടിംഗിനെക്കുറിച്ച് പറഞ്ഞത് മുതലാണ് ഓസ്‌ട്രേലിയയില്‍ എല്ലാവരും അയാളിലേയ്ക്ക് കണ്ണുംനട്ടിരുന്നു തുടങ്ങിയത്. 1995ല്‍ ഇരുപതാമത്തെ വയസില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച റിക്കി പോണ്ടിംഗ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ഭാഗ്യകരമായി 96ല്‍ ഔട്ടാവുകയായിരുന്നു. അംപയറുടെ തെറ്റായ തീരുമാനമായിരുന്നു അത്. ആദ്യകാലത്ത് ചില അച്ചടക്ക പ്രശ്‌നങ്ങള്‍ പോണ്ടിംഗിനുണ്ടായിരുന്നു. താന്‍ മദ്യത്തിന് അടിമയാണെന്ന് അയാള്‍ തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ കാലം പോകുംതോറും അയാള്‍ കൂടുതല്‍ പക്വത കാണിക്കുകയും ആദ്യകാലത്തെ അച്ചടക്ക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തനാവുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാള്‍ റണ്‍മല തന്നെ സൃഷ്ടിച്ചു. റെക്കോഡുകള്‍ ഒന്നൊന്നായി തീര്‍ത്തു. കളിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 27, 483 റണ്ണായിരുന്നു അയാളുടെ സമ്പാദ്യം. അയാള്‍ക്ക് മുന്നില്‍ അപ്പോള്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 71 സെഞ്ച്വറികളാണ് അയാള്‍ നേടിയത്.

റിക്കി പോണ്ടിംഗ് എല്ലാ ക്രിക്കറ്റ് സ്‌ട്രോക്കുകളും കളിക്കാനറിയാവുന്ന ബാറ്ററായിരുന്നു. കവര്‍ ഡ്രൈവും പുള്ളും ഹുക്കും എന്നുവേണ്ട എല്ലാ ഷോട്ടുകളും. അയാള്‍ പുള്‍ ഷോട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. ഒട്ടേറെ റണ്‍ അയാള്‍ ആ ഷോട്ടിലൂടെ സ്‌കോര്‍ ചെയ്തു. ഫീല്‍ഡിംഗിലെ അയാളുടെ അതിവേഗതയും തകര്‍പ്പന്‍ ക്യാച്ചുകളുമെല്ലാം ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിക്കുന്നതായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പോണ്ടിംഗിന്റെ ബാറ്റിംഗ് ഏറെ പ്രസിദ്ധമാണ്. ഇന്ത്യയ്‌ക്കെതിരെ കളിച്ച 29 ടെസ്റ്റില്‍ 54 ശരാശരിയിലാണ് അയാള്‍ റണ്ണടിച്ചുകൂട്ടിയത്. 2003ല്‍ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ആ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറികളാണ് പോണ്ടിംഗ് അടിച്ചത്. പരമ്പരയില്‍ മൊത്തം 706 റണ്ണാണ് പോണ്ടിംഗ് നേടിയത്. 2012ല്‍ ഇന്ത്യയ്‌ക്കെതിരായ തന്റെ അവസാന പരമ്പരയില്‍ വീണ്ടും ഒരിക്കല്‍ കൂടി അയാള്‍ ഡബിള്‍ സെഞ്ച്വറിയടിച്ചു. ഇന്ത്യയായിരുന്നു പോണ്ടിംഗിന്റെ ഇഷ്ടപ്പെട്ട എതിരാളികള്‍.

ഇംഗ്ലണ്ടിനെതിരെയും അയാള്‍ ഒട്ടും മോശമാക്കിയില്ല. 1997ല്‍ ഹെഡ്ഡിംഗ്‌ലിയില്‍ അവര്‍ക്കെതിരായി അയാള്‍ കളിച്ച ആദ്യ ടെസ്റ്റ് മത്സരത്തില്‍ പോണ്ടിംഗ് സെഞ്ച്വറി നേടി. അമ്പത് റണ്ണിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ഓസ്‌ട്രേലിയ കരകയറ്റിയെന്ന് മാത്രമല്ല മത്സരത്തില്‍ വന്‍ജയം നേടിക്കൊടുക്കുകയും ചെയ്തു പോണ്ടിംഗ്. 2002-2003 ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും പോണ്ടിംഗ് സെഞ്ച്വറിയടിച്ചു. വിഖ്യാതമായ 2005 ആഷസ് പരമ്പരയിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന ടെസ്റ്റില്‍ പോണ്ടിംഗ് നേടിയ 156 റണ്‍ ഐതിഹാസികമായിരുന്നു. പോണ്ടിംഗിന്റെ ആ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ മത്സരം സമനിലയിലാക്കി. 2006-2007 ആഷസ് പരമ്പരയില്‍ ബ്രിസ്‌ബെയ്‌നില്‍ നടന്ന ടെസ്റ്റില്‍ 196ഉം അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 142ഉം റണ്‍ നേടിയ പോണ്ടിംഗ് പരമ്പര 5-0ന് തൂത്തുവാരാന്‍ ഓസ്‌ട്രേലിയയെ സഹായിച്ചു. അത് പോണ്ടിംഗിന്റെ ഉജ്ജ്വലമായ ഒരു ക്രിക്കറ്റ് വര്‍ഷത്തിന്റെ ഉജ്ജ്വലമായ പര്യവസാനമായിരുന്നു. 11 മാസം മുമ്പ് തുടങ്ങിയ ആ തേരോട്ടത്തില്‍ ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് അയാള്‍ അടിച്ചത് എട്ട് സെഞ്ച്വറികളാണ്. 2002 മുതല്‍ 2008 വരെയുള്ള ഏഴ് വര്‍ഷത്തില്‍ വെറും രണ്ട് വര്‍ഷം മാത്രമാണ് റിക്കി പോണ്ടിംഗ് ആയിരമോ അതില്‍ കൂടതലോ റണ്‍ നേടാതിരിന്നിട്ടുള്ളത്. അത്രമാത്രം ഉജ്ജ്വലമായ ഫോമിലായിരുന്നു ആ വര്‍ഷങ്ങളില്‍ അയാള്‍ കളിച്ചത്. ആ വര്‍ഷങ്ങളില്‍ അയാളുടെ ഏകദിന ക്രിക്കറ്റിലെ പ്രകടനവും അസാധാരണമായിരുന്നു. 2003 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ 140 റണ്‍ നേടിയ പോണ്ടിംഗ് ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ ഒരുതരത്തിലുള്ള അസാധാരണത്വവും റിക്കി പോണ്ടിംഗിനുണ്ടായിരുന്നില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലുള്ള റെക്കോഡ് ആരെയും അസൂയപ്പെടുത്തുന്നതാണ്. 77 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ നയിച്ച റിക്കി പോണ്ടിംഗ് അതില്‍ 48 എണ്ണത്തില്‍ അവരെ വിജയത്തിലേയ്ക്ക് നയിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ സാക്ഷാല്‍ സ്റ്റീവ് വോയ്ക്ക് മാത്രം പിന്നിലായി രണ്ടാമത്. എന്നാല്‍ മൂന്ന് ആഷസ് പരമ്പരകളിലും ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലും പോണ്ടിംഗ് നയിച്ച ഓസ്‌ട്രേലിയന്‍ ടീം തോറ്റു എന്നത് മറ്റൊരു കാര്യം. പോണ്ടിംഗിന്റെ നായകത്വത്തിന്‍ കീഴിലാണ് 2003ലെയും 2007ലെയും ഏകദിന ലോകകപ്പുകള്‍ ഓസ്‌ട്രേലിയ നേടിയത്. തുടര്‍ച്ചയായി 26 ലോകകപ്പ് മത്സരങ്ങളിലാണ് റിക്കി പോണ്ടിംഗ് ഓസ്‌ട്രേലിയയെ ജയത്തിലേയ്ക്ക് നയിച്ചത്. 2011 ലോകകപ്പില്‍ ഈ വിജയ പരമ്പര അവസാനിച്ചതോടെ പോണ്ടിംഗ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തു. ക്യാപ്റ്റന്‍സിയുടെ ആദ്യ മൂന്ന് വര്‍ഷം സൂപ്പര്‍താരങ്ങളടങ്ങിയ ഒരു ടീമിനെയാണ് അയാള്‍ നയിച്ചത് എന്നതുകൊണ്ടുതന്നെ തന്ത്രേപരമായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതായി ഉണ്ടായിരുന്നില്ല. ഈ സൂപ്പര്‍താരങ്ങള്‍ സ്വാഭാവികമായും ടീമിന് വിജയങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ പിന്നീട് ഈ സൂപ്പര്‍താരങ്ങള്‍ ഓരോരുത്തരായി വിരമിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ പോണ്ടിംഗ് പ്രതിരോധത്തിലാവുകയും ചെയ്തു.

2007-2008ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോള്‍ റിക്കി പോണ്ടിംഗ് ആയിരുന്നു ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍. ഏറെ വിവാദങ്ങളുയര്‍ത്തിയ ആ പരമ്പര ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലുമുള്ള പോണ്ടിംഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. പരമ്പരയിലെ സിഡ്‌നി ടെസ്റ്റായിരുന്നു വിവാദങ്ങളുടെ പ്രഭവ കേന്ദ്രം. മത്സരത്തിന്റെ ഒന്നാമിന്നിംഗ്‌സില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെതിരായ ഒരു അപ്പീല്‍ അംപയര്‍ സ്റ്റീവ് ബക്‌നര്‍ അനുവദിച്ചില്ല. യഥാര്‍ത്ഥത്തില്‍ അത് ഔട്ടായിരുന്നു. തുടര്‍ന്ന് സൈമണ്ട്‌സ് 162 റണ്ണടിക്കുകയും ഓസ്‌ട്രേലിയയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ രാഹുല്‍ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയും അംപയര്‍മാര്‍ തെറ്റായ തീരുമാനങ്ങളിലൂടെ പുറത്താക്കി. ഇതില്‍ ഗാംഗുലിയെ സ്ലിപ്പില്‍ മൈക്കല്‍ ക്ലാര്‍ക്ക് ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ ആ ക്യാച്ച് ക്ലീനല്ലെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. അംപയര്‍ മാര്‍ക്ക് ബെന്‍സന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ അഭിപ്രായം തേടുകയും പോണ്ടിംഗ് അത് ഔട്ടാണെന്ന നിലപാടെടുക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ക്ക് ബെന്‍സന്‍ ഔട്ട് വിധിച്ചു. സംശയമുള്ള ക്യാച്ചുകളില്‍ ഫീല്‍ഡിംഗ് ടീം ക്യാപ്റ്റന്റെ അഭിപ്രായം തേടാമെന്ന പരമ്പരയ്ക്കുമുമ്പുള്ള കരാറനുസരിച്ചായിരുന്നു അംപയര്‍ പോണ്ടിംഗിന്റെ അഭിപ്രായം തേടിയത്. എന്നാല്‍ പോണ്ടിംഗിന്റേത് സത്യസന്ധമായ നിലപാടായില്ല എന്ന വാദമാണ് ഉയര്‍ന്നത്. പിന്നീട് നിലത്തുകുത്തിവന്ന ഒരു പന്ത് പിടിച്ച പോണ്ടിംഗ് ക്യാച്ചിനുവേണ്ടി അപ്പീല്‍ ചെയ്തതും വിവാദമായി. ഇതിനൊക്കെ പുറമെയാണ് ഹര്‍ഭജന്‍ സിംഗ് ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ കുരങ്ങന്‍ എന്ന് വിളിച്ചതായുള്ള ആരോപണം. റിക്കി പോണ്ടിംഗ് ആണ് ഈ ആക്ഷേപം ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യ ഈ ആരോപണം ശക്തമായി നിഷേധിച്ചു. തുടര്‍ന്ന് ഓസ്‌ട്രേലിയ മാച്ച് റഫറി മൈക്ക് പ്രോക്ടറിന് പരാതി നല്‍കുകയും പ്രോക്ടര്‍ ഹര്‍ഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇന്ത്യയുടെ അപ്പീലില്‍ ഹര്‍ഭജനെതിരായ വിലക്ക് പിന്‍വലിച്ചു. അന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള കളിക്കാര്‍ അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി.

മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. മത്സരത്തില്‍ ഇന്ത്യ മാത്രമാണ് മാന്യമായി കളിച്ചതെന്നും ഓസ്‌ട്രേലിയ കളിയുടെ സ്പിരിറ്റിനനുസരിച്ചല്ല കളിച്ചതെന്നുമുള്ള കുംബ്ലെയുടെ പരാമര്‍ശം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ആ പരാമര്‍ശം റിക്കി പോണ്ടിംഗിനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. അടിമുടി മാന്യനായ ക്രിക്കറ്ററും മിതഭാഷിയുമായ അനില്‍ കുംബ്ലെ അങ്ങനെയൊരു പരാമര്‍ശം നടത്തി എന്നതുകൊണ്ടുതന്നെ ലോകം അത് കാര്യമായി ശ്രദ്ധിച്ചു. പിന്നീട് ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുമൊക്കെ പോണ്ടിംഗ് കളിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുമായുണ്ടായിരുന്ന അസ്വാരസ്യത്തിന് ഒരുപരിധി വരെ പരിഹാരമായി. ആന്‍ഡ്ര്യൂ സൈമണ്ട്‌സാകട്ടെ ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനും മുംബൈ ഇന്ത്യന്‍സിനുമൊക്കെ വേണ്ടി കളിച്ചു. മുംബൈ ഇന്ത്യന്‍സില്‍ പോണ്ടിംഗും സൈമണ്ട്‌സുമെല്ലാം ഹര്‍ഭജന്‍ സിംഗുമൊത്താണ് കളിച്ചതെന്നത് ഇവര്‍ക്കിടയില്‍ സൗഹൃദം സ്ഥാപിക്കപ്പെടാന്‍ കാരണമായി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെയും ഡല്‍ഹി ടീമിന്റെയും പരിശീലകനായും റിക്കി പോണ്ടിംഗ് പ്രവര്‍ത്തിച്ചു. ഡല്‍ഹിയുടെ പരിശീലകനായിരിക്കെ സൗരവ് ഗാംഗുലിയുമായും പോണ്ടിംഗ് അടുത്തിടപഴകി.

168 ടെസ്റ്റുകളില്‍ നിന്ന് 13,378 റണ്ണാണ് റിക്കി പോണ്ടിംഗിന്റെ സമ്പാദ്യം. 41 സെഞ്ച്വറിയും 62 അര്‍ദ്ധ സെഞ്ച്വറിയും നേടി. 51.85 ആണ് ശരാശരി. 375 ഏകദിന മത്സരങ്ങളില്‍ നിന്നായി 13,704 റണ്ണാണ് പോണ്ടിംഗ് അടിച്ചുകൂട്ടിയത്. 30 സെഞ്ച്വറിയും 82 അര്‍ദ്ധ സെഞ്ച്വറിയും. 42.03 ആണ് ശരാശരി. 17 ട്വന്റി20 മത്സരങ്ങളിലും കളിച്ച പോണ്ടിംഗ് 401 റണ്‍ നേടി. പുറത്താകാതെ നേടിയ 98 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 28.64 ആണ് ശരാശരി. ക്രിക്കറ്റിലെ ഏത് തലമുറയില്‍പ്പെട്ട മികച്ച ബാറ്റര്‍ക്കൊപ്പവും സ്ഥാനം പിടിക്കാന്‍ കഴിയുന്ന ഇതിഹാസ ബാറ്ററാണ് റിക്കി തോമസ് പോണ്ടിംഗ് എന്ന റിക്കി പോണ്ടിംഗ്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കരിയറില്‍ വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം. ഡോണ്‍ ബ്രാഡ്മാന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്റര്‍. എല്ലാം തികഞ്ഞ ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്ററാണ് റിക്കി പോണ്ടിംഗ്. ആക്രമണവും പ്രതിരോധവും ഒരുപോലെ വഴങ്ങുന്ന താരം. ബൗളര്‍മാരുടെ പേടിസ്വപ്നം. ആ ബാറ്റിംഗ് കാണുന്നത് തന്നെ ഏറെ ആനന്ദകരമായിരുന്നു. ഫോമിലുള്ളപ്പോള്‍ പോണ്ടിംഗിനെ പോലെ ഒഴുക്കോടെ കളിക്കാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ലോകക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ്. ഫീല്‍ഡര്‍ എന്ന നിലയിലും ഓസ്‌ട്രേലിയന്‍ ടീമിന് ഏറെ മുതല്‍ക്കൂട്ടായ താരമറിക്കി പോണ്ടിംഗ്. ഏത് പൊസിഷനിലും മികച്ച നിലയില്‍ ഫീല്‍ഡ് ചെയ്യാന്‍ പോണ്ടിംഗിന് കഴിഞ്ഞു. എന്തായാലും ഓസ്‌ട്രേലിയ ലോകക്രിക്കറ്റിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് റിക്കി പോണ്ടിംഗ്. തലമുറകളെ പ്രചോദിപ്പിക്കാന്‍ കെല്പുള്ള താരം.



