Wednesday, February 18, 2026
Google search engine
HomeSportLife Storyധിക്കാരിയായ ഏരിയേല്‍ ഒര്‍ട്ടേഗ

ധിക്കാരിയായ ഏരിയേല്‍ ഒര്‍ട്ടേഗ

കെ.ശ്രീജിത്ത്

‘എല്‍ ബുറീറ്റോ’ അഥവാ ‘കുഞ്ഞന്‍ കഴുത’ എന്ന് വിളിപ്പേരുള്ള അര്‍ണാള്‍ഡോ ഏരിയേല്‍ ഒര്‍ട്ടേഗ. ഒരുകാലത്ത് സാക്ഷാല്‍ ഡീഗോ മറഡോണയുടെ പിന്‍ഗാമിയെന്ന് ഫുട്‌ബോള്‍ പണ്ഡിതരും അര്‍ജന്റീനിയന്‍ ആരാധകരും ഒരുപോലെ കരുതിയ ഫുട്‌ബോളര്‍. ഒരു ദശകത്തോളം അര്‍ജന്റീനിയന്‍ ടീമില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി മിന്നിത്തിളങ്ങിയ താരം. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിലെ പ്രത്യേക വിരുതുള്ള കലാകാരന്‍. സര്‍ഗാത്മകതയും വിമതത്വവും ഒരുപോലെ കൂടിക്കലര്‍ന്ന ജീനിയസ് ആയിരുന്നു ഏരിയേല്‍ ഒര്‍ട്ടേഗ. സ്വന്തം കളിയും ജീവിതവും സ്വന്തം ആഖ്യാനങ്ങള്‍ക്കനുസരിച്ച് ആടിത്തിമിര്‍ത്തവന്‍. സ്വന്തം കളി സ്വന്തം ഇഷ്ടത്തിനനുസരിച്ച് കളിക്കുന്നതിനായിരുന്നു ഒര്‍ട്ടേഗ എന്നും മുന്‍ഗണന നല്‍കിയത്. അതിലിടപെടുന്നത് ആരുമാകട്ടെ, അത് സഹകളിക്കാരോ, കോച്ചോ, എതിര്‍ ടീമിലെ കളിക്കാരോ ആരുമാകട്ടെ അവരെ അയാള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. യൂറോപ്പില്‍ അയാള്‍ കളിച്ച ക്ലബുകളെല്ലാം ഉയര്‍ന്ന തലത്തില്‍ നിന്ന് ഒരുപടി താഴെനില്‍ക്കുന്നവയായിരുന്നു. അങ്ങനെയാണെങ്കില്‍ മാത്രമെ ആ ക്ലബുകളുടെ സാധാരണത്വം അട്ടിമറിക്കാനും തനിക്ക് ഇഷ്ടമുള്ളപോലെ കളിക്കാനും അയാള്‍ക്ക് കഴിയുമായിരുന്നുള്ളൂ എന്നത് ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമായിരുന്നു അത്. കരിയറിലുടനീളം സ്വയം യുദ്ധത്തിലേര്‍പ്പെട്ട ഒരാളെപ്പോലെയാണ് ഏരിയേല്‍ ഒര്‍ട്ടേഗ പെരുമാറിയത്. 1998 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ട് ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ ഡര്‍ സാറിനെ അയാള്‍ തല കൊണ്ട് ഇടിച്ച് ചുവപ്പുകാര്‍ഡ് വാങ്ങിയത് ഇതിനൊരു ഉദാഹരണമാണ്. ബോക്‌സില്‍ വീണ തനിക്ക് റഫറി പെനാല്‍റ്റി നിഷേധിച്ചതിന് സെക്കന്റുകള്‍ക്ക് ശേഷമായിരുന്നു ഇത്. അന്ന് പത്ത് കളിക്കാരിലേയ്ക്ക് ചുരുങ്ങിയ അര്‍ജന്റീന ആ കളിയില്‍ തോല്‍ക്കുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ഗോള്‍കീപ്പര്‍ക്കുമീതെ പന്ത് കോരിയിടാന്‍ ഒര്‍ട്ടേഗയ്ക്ക് ഒരുവസരം ലഭിച്ചാല്‍ അയാളത് അനായാസം ചെയ്യും. ഇനി അങ്ങനെയൊരു അവസരം ലഭിച്ചില്ല എന്നുവെയ്ക്കുക അപ്പോഴും അയാള്‍ ഗോള്‍കീപ്പര്‍ക്ക് മീതെ പന്ത് കോരിയിടും. അത് എത്ര അസാധ്യമാണെങ്കിലും. അതായിരുന്നു ഏരിയേല്‍ ഒര്‍ട്ടേഗ. സാധ്യമായത് ചെയ്യുന്നതിനേക്കാള്‍ അയാള്‍ക്ക് ഹരം അസാധ്യമായത് ചെയ്യുന്നതിലായിരുന്നു. ഒരു കാര്യം ചെയ്യാന്‍ പലവഴികള്‍ മുന്നിലുണ്ടെങ്കിലും അതില്‍ ഏറ്റവും കഠിനമായ വഴിയായിരിക്കും ഒര്‍ട്ടേഗ തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു അതിന് കാരണം. ഒരേസമയം തനിക്കേറ്റവും ഇഷ്ടപ്പെട്ട വഴിയില്‍ കാര്യങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന, അതേസമയം ആ ഇഷ്ടപ്പെട്ട വഴികള്‍ എത്രത്തോളം കഠിനമാക്കാന്‍ കഴിയുമോ അത്രത്തോളം കഠിനമാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ പ്രകൃതമായിരുന്നു ഒര്‍ട്ടേഗയുടേത്. അത് ഫുട്‌ബോള്‍ മൈതാനത്തിലായാലും ശരി, അതിന് പുറത്തായാലും ശരി. കഠിനമായത് ഏറെ എളുപ്പവും ഏറെ എളുപ്പമുള്ളത് കഠിനവുമെന്ന മിത്തോളജി തന്നെ ഒര്‍ട്ടേഗ സൃഷ്ടിച്ചു. തനിക്കേറ്റവും ആനന്ദം നല്‍കുന്നത് ചെയ്യുക എന്നതിലപ്പുറം ഇതിനൊന്നും ഒരു ന്യായീകരണവും ഒര്‍ട്ടേഗയുടെ പക്കലുണ്ടായിരുന്നില്ല. ഒര്‍ട്ടേഗയുടെ ഈ സാഹസികത ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടു. അവര്‍ ഒര്‍ട്ടേഗയെ ഹൃദയത്തില്‍ കൊണ്ടുനടന്നു. അവരെ ഒരിക്കലും ഒര്‍ട്ടേഗ നിരാശപ്പെടുത്തിയതുമില്ല. എന്നാല്‍ ഒരിക്കലും തന്റെ പ്രതിഭ പൂര്‍ണമായും ഉപയോഗിക്കാനോ അതിനോട് നീതി പുലര്‍ത്താനോ ഏരിയേല്‍ ഒര്‍ട്ടേഗയ്ക്ക് കഴിഞ്ഞില്ല. അതായിരുന്നു ഒര്‍ട്ടേഗയുടെ യഥാര്‍ത്ഥ പരാജയം.

അര്‍ജന്റീനയിലെ ജുജുയില്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു ഏരിയേല്‍ ഒര്‍ട്ടേഗയുടെ കുട്ടിക്കാലം. തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു അയാളുടെ ഏക ആശ്വാസം. പതിനാറാമത്തെ വയസില്‍ റിവര്‍പ്ലേറ്റ് സംഘടിപ്പിച്ച ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒര്‍ട്ടേഗ കളിക്കുന്നു. യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി അര്‍ജന്റീനയിലെ പ്രമുഖ ക്ലബായ റിവര്‍പ്ലേറ്റ് സംഘടിപ്പിച്ചതായിരുന്നു ആ ടൂര്‍ണമെന്റ്. അവര്‍ ഒര്‍ട്ടേഗയില്‍ ഒരു ജീനിയസിനെ കണ്ടു. അന്ന് കളിച്ചതിനെക്കുറിച്ച് പിന്നീട് ഒര്‍ട്ടേഗ ഇങ്ങനെ പറഞ്ഞു – ‘ അവിടെ കളിക്കാനായി ഒരു അഞ്ഞൂറ് പേരെങ്കിലും എത്തിയിരുന്നു. അവരില്‍ നിന്ന് ഞാന്‍ പന്ത് പിടിച്ചെടുക്കുകയും പിന്നീടത് ആര്‍ക്കും വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു. അന്ന് ഞാന്‍ നന്നായി കളിച്ചു. അതുകൊണ്ടുതന്നെ വീണ്ടും വരാന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചവര്‍ എന്നോട് ആവശ്യപ്പെട്ടു’. തുടര്‍ന്ന് 1991ല്‍ പതിനേഴാമത്തെ വയസില്‍ റിവര്‍പ്ലേറ്റിലാണ് ഒര്‍ട്ടേഗയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്. അന്ന് ഡാനിയേല്‍ പാസറെല്ലയായിരുന്നു റിവര്‍പ്ലേറ്റിന്റെ കോച്ച്. പാസറെല്ല ഒര്‍ട്ടേഗയില്‍ ഏറെ പ്രത്യേകതകളുണ്ടെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം ഒര്‍ട്ടേഗയെ സ്വന്തം മകനെപ്പോലെ പരിപാലിച്ചു. അക്കാര്യം പിന്നീട് ഒര്‍ട്ടേഗയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാസറെല്ല എനിക്ക് വെറുമൊരു കോച്ചായിരുന്നില്ല. അദ്ദേഹം തന്നെ ഏറെ ശ്രദ്ധിച്ചെന്നായിരുന്നു ഒര്‍ട്ടേഗ പറഞ്ഞത്. ഒര്‍ട്ടേഗയുടെ ജിംനാസ്റ്റിക്‌സ് രീതിയിലുള്ള ഡ്രിബ്ലിംഗ് അയാള്‍ക്ക് മൈതാനത്ത് ഏറെ ആധിപത്യം നല്‍കി. അയാള്‍ പ്രതിരോധനിരക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു. ഡിഫന്‍ഡര്‍മാര്‍ ഒര്‍ട്ടേഗയില്‍ നിന്ന് പന്ത് കിട്ടാതെ നിരാശരരായി. അത്രയ്ക്കുണ്ടായിരുന്നു അയാളുടെ കാലുകളുടെ മാന്ത്രികത. ആ കാലത്ത് അയാള്‍ക്കെതിരെ കളിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ അയാളെ വിളിക്കുന്ന കാലം ഏറെ വിദൂരമല്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു.

റിവര്‍പ്ലേറ്റിനൊപ്പം ഒര്‍ട്ടേഗ 1991, 1993, 1994, 1996 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ഡിവിഷനില്‍ ചാമ്പ്യന്‍മാരായി. 1996ല്‍ കോപ്പ ലിബര്‍ട്ടഡോറസിലും ക്ലബ് ചാമ്പ്യന്‍മാരായി. 1994 ലോകകപ്പിനിടെ എഫെഡ്രിന്‍ എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഡീഗോ മറഡോണ ടൂര്‍ണെന്റില്‍ നിന്ന് പുറത്തായപ്പോള്‍ മറഡോണയുടെ പത്താം നമ്പര്‍ ജേഴ്‌സി അര്‍ജന്റീന നല്‍കിയത് ഒര്‍ട്ടേഗയ്ക്കായിരുന്നു. റൊമേനയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒര്‍ട്ടേഗ ഇറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. റൊമേനിയയോട് തോറ്റ് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്ഥിരമായി മറഡോണയുടെ പകരക്കാരനായി ഇറങ്ങിയ ഒര്‍ട്ടേഗ ഇതിനിടെ മറഡോണയോട് അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. ആ അടുപ്പം കൊണ്ടുതന്നെയാണ് മറഡോണ വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെ പറഞ്ഞത് – ‘ എല്ലാവരും കരുതുന്നത് ഒര്‍ട്ടേഗ ഒരു ചെറിയ മൂഢനാണെന്നാണ്. എന്നാല്‍ ഞാന്‍ കരുതുന്നത് അയാളൊരു ബുദ്ധിമാനാണെന്നാണ്. കുറച്ചുകാലം ഞങ്ങള്‍ ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇടയ്ക്കുവെച്ച് അയാള്‍ അവിടെനിന്ന് മാറി. അയാളുടെ ക്ലബായ റിവര്‍പ്ലേറ്റിന്റെ എക്‌സിക്യുട്ടീവുകളുടെ നിര്‍ബന്ധമായിരുന്നു അത്. ഞാന്‍ അവനെ വഴിതെറ്റിക്കുമെന്ന് അവര്‍ കരുതി. അവന്‍ പക്വതയുള്ള ഒരാളെപ്പോലെയാണ് എന്നോട് സംസാരിച്ചിരുന്നത്. അവന്റെ നാട്ടിലെ മയക്കുമരുന്ന് പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം അവന്‍ എന്നോട് പറഞ്ഞു’. നാല് വര്‍ഷത്തിന് ശേഷം 1998ല്‍ ഫ്രാന്‍സില്‍ ലോകകപ്പിനായെത്തിയ അര്‍ജന്റീന ടീമിലെ ഏറ്റവും ശ്രദ്ധേയമായ താരം ഏരിയേല്‍ ഒര്‍ട്ടേഗയായിരുന്നു. അത്തവണ ലോകചാമ്പ്യന്‍മാരാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടിരുന്നത് അര്‍ജന്റീനയ്ക്കായിരുന്നു. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഒര്‍ട്ടേഗയുടെ സാന്നിദ്ധ്യമായിരുന്നു. ആ ലോകകപ്പോടെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി ഒര്‍ട്ടേഗ തന്റെ മുദ്ര പതിപ്പിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സ്വയം നശിക്കാനുള്ള ഒര്‍ട്ടേഗയുടെ പ്രവണത ആദ്യമായി ആ ലോകകപ്പില്‍ മറനീക്കപ്പെട്ടു. ഹോളണ്ടിനെതിരായ മത്സരത്തിലെ നിര്‍ണായക നിമിഷത്തില്‍ അനാവശ്യമായ ഫൗളിലേര്‍പ്പെട്ട് ചുവപ്പുകാര്‍ഡ് വാങ്ങിയ ഒര്‍ട്ടേഗ അര്‍ജന്റീനയുടെ സാധ്യതകളും ഇല്ലാതാക്കി.

തന്റെ ഡ്രിബ്ലിംഗ് കഴിവുകള്‍ കൊണ്ട് ഒര്‍ട്ടേഗ ആരാധകരുടെ ഹൃദയം കവര്‍ന്നു. ഫുട്‌ബോള്‍ അതിന്റെ എല്ലാ മാന്ത്രികതയോടും കൂടി കളിക്കാനായിരുന്നു ഒര്‍ട്ടേഗ ഇഷ്ടപ്പെട്ടിരുന്നത്. അതയാള്‍ പൂര്‍ണമായും ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ സ്വാര്‍ത്ഥനായ കളിക്കാരനാണെന്ന് വിമര്‍ശകര്‍ ആക്ഷേപിച്ചു. കടുത്ത മദ്യപാനിയായിരുന്ന ഒര്‍ട്ടേഗ ആ ദുശ്ശീലത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ ശരിക്കും വലഞ്ഞു. ആ യുദ്ധത്തില്‍ അയാള്‍ പരാജയപ്പെട്ടു. പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ മുങ്ങുന്നതും അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെടുന്നതുമെല്ലാം ഒര്‍ട്ടേഗയ്ക്ക് തിരിച്ചടിയായി. ഇതെല്ലാം മദ്യത്തിന് അടിമയായതിന്റെ ദൂഷ്യഫലങ്ങളായിരുന്നു. 1991 മുതല്‍ 96 വരെ റിവര്‍പ്ലേറ്റില്‍ തുടര്‍ന്ന ഒര്‍ട്ടേഗ 96ല്‍ അര്‍ജന്റീന വിട്ട് യൂറോപ്പിലെത്തി. സ്പാനിഷ് കല്ബായ വലന്‍സിയയ്ക്കുവേണ്ടി കളിക്കാനായിരുന്നു ഇത്. 1998ല്‍ ഒര്‍ട്ടേഗ വലന്‍സിയ വിട്ട് ഇറ്റാലിയന്‍ ക്ലബായ സാംപ്‌ദോറിയയിലെത്തി. എട്ട് മില്യണ്‍ യൂറോ ആയിരുന്നു അന്ന് സാംപ്‌ദോറിയ ഒര്‍ട്ടേഗയ്ക്ക് നല്‍കിയ പ്രതിഫലം. പിന്നീട് ഒര്‍ട്ടേഗ സാംപ്‌ദോറിയ വിട്ട് മറ്റൊരു ഇറ്റാലിയന്‍ ക്ലബായ പാര്‍മയിലെത്തി. തൊട്ടടുത്ത വര്‍ഷം അയാള്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തി വീണ്ടും റിവര്‍പ്ലേറ്റില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം റിവര്‍പ്ലേറ്റില്‍ തുടര്‍ന്ന ഒര്‍ട്ടേഗ 2002ല്‍ തുര്‍ക്കി ക്ലബായ ഫെനെര്‍ബഹ്‌സെയില്‍ ചേര്‍ന്നു. 2004 മുതല്‍ 2006 വരെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ കളിച്ച ഒര്‍ട്ടേഗ തുടര്‍ന്ന് റിവര്‍പ്ലേറ്റില്‍ തന്നെ തിരിച്ചെത്തി. 2012 വരെ ഒര്‍ട്ടേഗ റിവര്‍പ്ലേറ്റില്‍ തുടര്‍ന്നെങ്കിലും ഇടയ്ക്ക് ഇന്‍ഡിപെന്‍ഡിന്റെ, ഓള്‍ബോയ്‌സ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി വായ്പയായി കളിച്ചു. അര്‍ജന്റീനയ്ക്കുവേണ്ടി 88 അന്താരാഷ്ട്ര മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ ഒര്‍ട്ടേഗ 17 ഗോളാണ് സ്‌കോര്‍ ചെയ്തത്. 1994, 98,2002 ലോകകപ്പുകളില്‍ ഒര്‍ട്ടേഗ അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞു. ഒരിക്കല്‍ പോലും ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാന്‍ കഴിഞ്ഞില്ല. 1995, 99 കോപ്പ അമേരിക്ക ടൂര്‍ണമെന്റികളില്‍ കളിച്ച ഒര്‍ട്ടേഗ 1996ല്‍ അര്‍ജന്റീന ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ടീമിലംഗമായിരുന്നു. 1998ല്‍ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഒര്‍ട്ടേഗയുമുണ്ടായിരുന്നു. 2012ല്‍ മുപ്പത്തെട്ടാമത്തെ വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ഒര്‍ട്ടേഗ പ്രഖ്യാപിച്ചു. ക്ലബ് തലത്തില്‍ 480 മത്സരങ്ങള്‍ കളിച്ച ഏരിയേല്‍ ഒര്‍ട്ടേഗ 109 ഗോളാണ് നേടിയത്.

ഏരിയേല്‍ ഒര്‍ട്ടേഗയെപ്പോലെ ഫുട്‌ബോളിനെ ഇത്രമാത്രം സര്‍ഗാത്മകമായി സമീപിക്കുകയും കളിക്കുകയും ചെയ്ത കളിക്കാര്‍ കുറവാണ്. അസാധാരണമായ സാങ്കേതികത്തികവുള്ള കളിക്കാരനായിരുന്നു ഒര്‍ട്ടേഗ. പന്തുമായി അതിവേഗം കുതിക്കാനും ഡ്രിബ്ള്‍ ചെയ്യാനും പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു ഒര്‍ട്ടേഗയ്ക്ക്. അയാളുടെ പന്തിനുമേലുള്ള നിയന്ത്രണം ആരെയും അത്ഭുതപ്പെടുത്തി. പന്ത് മുന്നിലുള്ളവര്‍ക്ക് ലോബ് ചെയ്ത് കൊടുക്കുന്നതിലും എതിര്‍ കളിക്കാരെ കബളിപ്പിച്ച് പന്തുമായി മുന്നേറുന്നതിലും ഒര്‍ട്ടേഗ ഏറെ മിടുക്കനായിരുന്നു. ഏറ്റവും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ലോകത്തെത്തന്നെ ഏറ്റവും മികച്ച ഡ്രിബഌമാരിലൊരാളായിരുന്നു ഒര്‍ട്ടേഗ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി കളിച്ചിരുന്ന അയാള്‍ എക്കാലത്തെയും മികച്ച പ്ലേമേക്കറിലൊരാളായിരുന്നു. കളിയിലെ ദീര്‍ഘവീക്ഷണവും പാസ് ചെയ്യുന്നതിലെ മിടുക്കും അയാളെ ഡീഗോ മറഡോണയുമായി പലപ്പോഴും താരതമ്യം ചെയ്യുന്നതിന് കാരണമായി. എന്നാല്‍ ചൂടന്‍ സ്വഭാവം പലപ്പോഴും ഒര്‍ട്ടേഗയ്ക്ക് തിരിച്ചടിയായി. ഇക്കാരണത്താല്‍ പലപ്പോഴും അയാള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. പ്രതിഭയ്‌ക്കൊത്ത കളി കാഴ്ചവെയ്ക്കാനായില്ലെന്നും അതുകൊണ്ടുതന്നെ ഇനിയുമേറെ ഉയരങ്ങളിലെത്തേണ്ടിയിരുന്ന ഒര്‍ട്ടേഗ പാതിവഴിയില്‍ കലമുടച്ചെന്നുമുള്ള വിലയിരുത്തല്‍ ശക്തമാണ്. മാന്ത്രികതയും ഭ്രാന്തും ചേര്‍ന്ന ഒരു ജീനിയസായിരുന്നു ഏരിയേല്‍ ഒര്‍ട്ടേഗ. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും തുടക്കത്തില്‍ കാണിച്ച മിടുക്ക് നേട്ടങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ അയാള്‍ പരാജയപ്പെട്ടു. ഫലമോ, പ്രതീക്ഷിച്ച മഹത്വത്തിലെത്താതെ അര്‍ണാള്‍ഡോ ഏരിയേല്‍ ഒര്‍ട്ടേഗ എന്ന പ്രതിഭാശാലിയായ ഫുട്‌ബോളര്‍ മറവിയുടെ ആഴങ്ങളിലേയ്ക്ക് തള്ളപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments