Saturday, February 21, 2026
Google search engine
HomeSportLegendsവേട്ടയാടപ്പെട്ട മുരളി

വേട്ടയാടപ്പെട്ട മുരളി

കെ.ശ്രീജിത്ത്

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍. ഒരിക്കല്‍ അനില്‍ കുംബ്ലെ പറഞ്ഞതുപോലെ, ടാക്‌സി മീറ്റര്‍ ഓടും കണക്കെ വിക്കറ്റുകള്‍ വീഴ്ത്തിയ താരം. ഒന്നിനുപിറകെ ഒന്നൊന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്ത ബൗളര്‍. ശ്രീലങ്കയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത ക്രിക്കറ്റര്‍. ഇതെല്ലാമാണ് മുത്തയ്യ മുരളീധരന്‍. എന്നാല്‍ ഇതുമാത്രമല്ല മുരളീധരന്‍. തന്റെ ബൗളിംഗ് ഏറാണെന്ന് ആരോപിച്ച് ലോകക്രിക്കറ്റില്‍ നിരന്തരം വേട്ടയാടപ്പെട്ടപ്പോള്‍ എല്ലാ കൊടുങ്കാറ്റിനെയും നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഒന്നാന്തരമൊരു മനുഷ്യന്‍ കൂടിയാണ് മുരളി. ഇച്ഛാശക്തി എന്നാല്‍ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അപൂര്‍വ മനുഷ്യന്‍. ഇതുപോലെ വിവാദങ്ങള്‍ പിന്തുടര്‍ന്ന മറ്റൊരു ക്രിക്കറ്റര്‍ ചരിത്രത്തിലുണ്ടാകില്ല. എന്നാല്‍ ആ വിവാദങ്ങളുടെ പ്രത്യേകത അതൊന്നും അയാളുടെ സൃഷ്ടികളായിരുന്നില്ല എന്നതാണ്. എല്ലാം അയാളെ ലക്ഷ്യം വെച്ചവര്‍ ഒരുക്കിയ കെണികളായിരുന്നു. അതിസമര്‍ത്ഥമായ ആ കെണികളെ അയാള്‍ ഏറെ പണിപ്പെട്ട്, ബുദ്ധിപൂര്‍വം മറികടന്നു. അങ്ങനെ പറയുമ്പോഴും അയാളുടെ ക്യാപ്റ്റനായ അര്‍ജുന രണതുംഗ എന്ന മനുഷ്യനെയും ഓര്‍ക്കാതെ വയ്യ. എല്ലാ കൊടുങ്കാറ്റിലും മുരളിക്ക് പിറകില്‍ പാറ പോലെ ഉറച്ചുനിന്ന ക്യാപ്റ്റന്‍. മുരളിക്ക് രണതുംഗ നല്‍കിയ പിന്തുണ അത്രമാത്രം വലുതായിരുന്നു. തീര്‍ത്തും ചെറിയൊരു ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ നിന്ന് ഉയര്‍ന്നുവന്ന ലോകനിലവാരത്തിലുള്ള ഒരു ബൗളറെ ഇല്ലാതാക്കാന്‍ ചില ശക്തികള്‍ കരുതിക്കൂട്ടി നടത്തിയ പ്രഹസനങ്ങളാണ് അവയെന്ന് മറ്റാരെക്കാളും രണതുംഗ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഓരോ ചുവടിലും അയാള്‍ മുരളിക്കൊപ്പം, മുരളിക്ക് വഴികാട്ടിയായി നിന്നത്. ഒരു ക്യാപ്റ്റന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു അര്‍ജുന രണതുംഗ.

അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടപ്പെടുകയായിരുന്നു മുത്തയ്യ മുരളീധരന്‍. അയാളെന്ന ബൗളറെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ മുരളിക്ക് മാത്രമല്ല, കാലത്തിനും അതിനെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. മുരളിയും കാലവും എല്ലാ ആക്രമണങ്ങളെയും അതിജീവിച്ചു എന്നുമാത്രമല്ല, എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായി മുരളി ലോകക്രിക്കറ്റില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോഡിലൈന്‍ ബൗളിംഗ് വിവാദത്തിലൂടെ പേരുകേട്ട അന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡഗ്ലസ് ജാര്‍ഡൈന് ശേഷം ലോകക്രിക്കറ്റില്‍ ഇതുപോലെ വിവാദ നായകനായ മറ്റൊരു ക്രിക്കറ്ററില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ സംഭവ പരമ്പര അരങ്ങേറിയത് മുരളിക്ക് ചുറ്റുമായിരുന്നു. ലോകക്രിക്കറ്റില്‍ അഭിപ്രായങ്ങളെ ഇത്രമാത്രം വിഭജിച്ച മറ്റൊരു ക്രിക്കറ്ററുമുണ്ടാകില്ല. അയാളിലെ ബൗളറെ ഹൃദയം കൊണ്ട് സ്‌നേഹിച്ചവര്‍ അയാളാണ് എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറെന്ന് വിശ്വസിച്ചു. എന്നാല്‍ അയാളെ എതിര്‍ത്തവര്‍ക്ക് അയാള്‍ വെറുമൊരു ഏറുകാരനായിരുന്നു. അയാള്‍ നേടിയ റെക്കോഡുകള്‍ക്ക് അയാള്‍ ഒരിക്കലും അര്‍ഹനല്ലെന്ന് അവര്‍ വിശ്വസിച്ചു. മുരളി കാരണം ബൗളിംഗെന്ന പേരില്‍ ഏറ് ക്രിക്കറ്റില്‍ നിയമവിധേയമായെന്ന് വിമര്‍ശകര്‍ വിശ്വസിച്ചു. എന്തായാലും ഒരു കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ക്രിക്കറ്റ് ബോള്‍ ഇത്രമാത്രം സ്പിന്‍ ചെയ്യിച്ച മറ്റൊരു ബൗളറും ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല എന്ന സത്യം. ഏത് പിച്ചിലും മുരളിയെപ്പോലെ പന്ത് സ്പിന്‍ ചെയ്യിക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടായിരുന്നില്ല. മുരളി എറിഞ്ഞപോലെയുള്ള മാരത്തണ്‍ സ്‌പെല്ലുകള്‍ മറ്റേതെങ്കിലും ബൗളറാണ് എറിഞ്ഞിരുന്നതെങ്കില്‍ വെറും അഞ്ച് വര്‍ഷം കൊണ്ട് അയാളുടെ കരിയര്‍ അവസാനിച്ചേനെ. എന്നാല്‍ നീണ്ട പതിനെട്ട് വര്‍ഷമാണ് മുരളി ഇങ്ങനെ മാരത്തണ്‍ സ്‌പെല്ലുകള്‍ എറിഞ്ഞത്. ശ്രീലങ്കയിലെ തിരിയുന്ന പിച്ചുകളിലായാലും ശരി, വിദേശത്തെ പിച്ചുകളിലായാലും ശരി. അര ഡസനോളം വരുന്ന ക്യാപ്റ്റന്‍മാരുടെ കൈയ്യിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു മുരളി.

മധുര പലഹാര കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുടുംബത്തില്‍ ജനിച്ച മുരളീധരന്‍ 1992-93 കാലത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടൂര്‍ മത്സരത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അന്ന് സാക്ഷാല്‍ അലന്‍ ബോര്‍ഡറിന് മുരളീധരന്റെ ബൗളിംഗില്‍ പിടിച്ചുനില്‍ക്കാനായില്ല. മുരളീധരന്റെ ബൗളിംഗ് ആക്ഷന്‍ ഏറെ പ്രത്യേകതയുള്ളതായിരുന്നു. ആ ആക്ഷനില്‍ നിന്ന് അയാളുടെ പന്ത് എങ്ങനെയാണ് വരിക എന്ന് ഊഹിക്കുക ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. മുരളിയുടെ ബൗളിംഗ് ആക്ഷന്‍ ബാറ്റര്‍മാരെ അത്ഭുതപ്പെടുത്തി. അങ്ങനെയൊരു ആക്ഷന്‍ അവര്‍ അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. മുരളിയുടെ കണങ്കൈയും ചുമലും ഏറെ പ്രത്യേകതയുള്ളതായിരുന്നു. അതുകൊണ്ട് അയാള്‍ക്ക് ഒരു ഫാസ്റ്റ് ബൗളറെപ്പോലെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുമായിരുന്നു. ഇതെല്ലാം കാരണം സാധാരണ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ ടേണ്‍ മുരളിക്ക് കിട്ടി. എന്നാല്‍ ‘ദൂസ്‌ര’ എന്ന ആയുധം വികസിപ്പിച്ചെടുത്തതോടെയാണ് വിക്കറ്റുകളുടെ കാര്യത്തിലും മഹത്വത്തിന്റെ കാര്യത്തിലും മുരളീധരന്‍ ഷെയ്ന്‍ വോണിനൊരു എതിരാളിയായത്. ഓഫ് സ്പിന്‍ എറിയുന്ന അതേ ആക്ഷനില്‍ ലെഗ് സ്പിന്നറുകള്‍ എറിയുന്നതായിരുന്നു ‘ദൂസ്‌ര’. എന്നാല്‍ എന്നും വിവാദങ്ങള്‍ മുരളിക്കൊപ്പമുണ്ടായിരുന്നു. അപ്പോഴും അയാളുടെ കണ്ണുകള്‍ കൊണ്ടുള്ള ചിരിക്കോ എതിര്‍ ബാറ്റിംഗ് ലൈനപ്പിനെ തകര്‍ക്കാനുള്ള കഴിവിനോ ഒരു മാറ്റവുമുണ്ടായില്ല.

1995ലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് ഓസ്‌ട്രേലിയന്‍ അംപയര്‍ ഡാരല്‍ ഹെയര്‍ ആദ്യമായി മുരളിയുടെ ബൗളിംഗ് ഏറാണെന്ന് പറഞ്ഞ് നോബോള്‍ വിളിക്കുന്നത്. അന്ന് മൂന്ന് ഓവറിനിടെ ഏഴ് തവണയാണ് ഹെയര്‍ നോബോള്‍ വിളിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ഹോങ്കോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും ബയോമെക്കാനിക്കല്‍ അനലിസിസിലൂടെ മുരളീധരന്റെ ബൗളിംഗ് നിയമവിധേയമാണെന്ന് വിധിച്ചു. അതോടെ ആ വിവാദങ്ങള്‍ക്ക് വിരാമമായെങ്കിലും 1998ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു ഏകദിന മത്സരത്തില്‍ റോസ് എമേഴ്‌സണ്‍ വീണ്ടും മുരളിയുടെ ബൗളിംഗില്‍ നോബോള്‍ വിളിച്ചു. അന്ന് രണതുംഗെ ക്യാപ്റ്റനായ ശ്രീലങ്ക ഏതാണ്ട് മത്സരം ബഹിഷ്‌കരിക്കുന്നതിന്റെ വക്കിലെത്തിയതാണ്. എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ടീം കളി തുടര്‍ന്നു. തുടര്‍ന്ന് രണതുംഗെയ്‌ക്കെതിരെ നടപടിയുണ്ടായി. 1998ല്‍ ഓവലില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ശ്രീലങ്ക തകര്‍ത്തപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മുരളീധരനായിരുന്നു. അന്നയാള്‍ രണ്ടിന്നിംഗ്‌സിലുമായി ഇംഗ്ലണ്ടിന്റെ പതിനാറ് വിക്കറ്റാണ് വീഴ്ത്തിയത്. 2004ല്‍ ‘ദൂസ്‌ര’ എറിയുന്നത് ഒഴിവാക്കാന്‍ മുരളീധരനോട് ഐ സി സി ആവശ്യപ്പെട്ടു. അനുവദനീയമായ പതിനഞ്ച് ഡിഗ്രിയില്‍ കൂടുതലാണ് കൈക്കുഴയുടെ തിരിച്ചിലെന്ന് കണ്ടെത്തിയായിരുന്നു നിര്‍ദേശം. തുടര്‍ന്നും തന്റെ ബൗളിംഗ് ആക്ഷനിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ മുരളി ഏറെ ക്ടപ്പെട്ടു. അപ്പോഴും അയാളുടെ വിമര്‍ശകര്‍ അയാളുടെ നേട്ടങ്ങളെ കുറച്ചുകാണിക്കുന്നത് തുടര്‍ന്നു. 1996ലെ ലോകകപ്പ് ജയിച്ച ടീമിലെ അംഗമായിരുന്ന മുരളീധരന്‍ 11 വര്‍ഷത്തിന് ശേഷം 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും മുരളിയുടെ ബൗളിംഗ് ശരാശരി മുപ്പതില്‍ താഴെയാണ്. കരിയര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ നൂറ് ടെസ്റ്റ് വിക്കറ്റുകള്‍ കരസ്ഥമാക്കിയ ബൗളറായിരുന്നു മുരളീധരന്‍. തൊണ്ണൂറുകളുടെ അവസാനം നടന്ന മിക്ക മൂന്ന് ടെസ്റ്റുകളുടെ പരമ്പരകളിലും മുരളി ഇരുപതോ അതിലധികമോ വിക്കറ്റ് നേടുന്നത് സ്ഥിരം പതിവായിരുന്നു.

133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റാണ് മുത്തയ്യ മുരളീധരന്‍ നേടിയത്. 22.72 ആണ് ശരാശരി. 67 തവണ അഞ്ച് വിക്കറ്റും 22 തവണ പത്ത് വിക്കറ്റ് നേട്ടവും മുരളി സ്വന്തമാക്കി. 51 റണ്‍ വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് ഒരിന്നിംഗ്‌സിലെ മികച്ച ബൗളിംഗ് പ്രകടനം. 350 ഏകദിന മത്സരങ്ങളില്‍ നിന്ന് 534 വിക്കറ്റാണ് മുരളി വീഴ്ത്തിയത്. 23.08 ആണ് ശരാശരി. പത്ത് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 30 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 3.93 ആണ് എക്കണോമി നിരക്ക്. 12 ട്വന്റി20 മത്സരത്തില്‍ നിന്നായി 13 വിക്കറ്റാണ് മുരളീധരന്‍ വീഴ്ത്തിയത്. 19.64 ആണ് ശരാശരി. 29 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 6.31 ആണ് എക്കോണമി നിരക്ക്. ടെസ്റ്റിലും ഏകദിനത്തിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് മുത്തയ്യ മുരളീധരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും മുത്തയ്യ മുരളീധരന്‍ തന്നെയാണ്. 1347 വിക്കറ്റ്. ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയതിന്റെയും ഏറ്റവും കൂടുതല്‍ തവണ പത്ത് വിക്കറ്റ് നേടിയതിന്റെയും റെക്കോഡും മുരളീധരന്റെ പേരിലാണ്. മുരളി വിരമിച്ച് ഒന്നര പതീറ്റാണ്ട് കഴിയുമ്പോഴും ഈ ലോകറെക്കോഡുകള്‍ക്ക് ഇപ്പോഴും മാറ്റമില്ല.

ടെസ്റ്റില്‍ 350 മുതല്‍ 800 വിക്കറ്റ് വരെ ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് നേടിയ താരം മുരളിയാണ്. തുടര്‍ച്ചയായ നാല് ടെസ്റ്റ് മത്സരങ്ങളില്‍ പത്ത് വിക്കറ്റ് നേടുന്ന ഒരേയൊരു ബൗളറാണ് മുരളി. കരിയറില്‍ രണ്ട് തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട് അയാള്‍. ജിം ലേക്കറും മുരളീധരനും മാത്രമാണ് ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റെന്ന നേട്ടം രണ്ട് തവണ കരസ്ഥമാക്കുന്ന ബൗളര്‍മാര്‍. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ ഒരിന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നേടുന്ന ബൗളറും മുരളിയാണ്. അഞ്ച് രാജ്യങ്ങള്‍ക്കെതിരെയാണ് മുരളി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എഴുപത്തഞ്ചോ അതിലധികമോ വിക്കറ്റെന്ന നേട്ടം കരിയറില്‍ മൂന്ന് തവണ കരസ്ഥമാക്കിയിട്ടുള്ള ഒരേയൊരു ബൗളറാണ് മുരളീധരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെന്ന നേട്ടവും മുരളീധരന്റെ പേരിലാണ്. 77 തവണയാണ് മുരളി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര കരിയറിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞിട്ടുള്ള ബൗളര്‍ മുരളിയാണ്. അന്താരാഷ്ട്ര കരിയറില്‍ 63,132ഉം ടെസ്റ്റ് ക്രിക്കറ്റില്‍ 44,039 പന്തുകളുമാണ് മുരളി എറിഞ്ഞത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നൂറോ അതിലധികമോ വിക്കറ്റ് മുരളി നേടിയത് നാല് തവണയാണ്. ഇതും റെക്കോഡാണ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ മുരളിയാണ്. 136 വിക്കറ്റ്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും മുരളീധരന്‍ മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈ ചാമ്പ്യന്‍മാരായപ്പോള്‍ മുരളി ടീമിലുണ്ടായിരുന്നു.

എത്രയൊക്കെ വിവാദങ്ങളുണ്ടായെന്ന് പറഞ്ഞാലും ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ് മുത്തയ്യ മുരളീധരന്‍. അയാളുടെ കരിയര്‍ റെക്കോഡ് തന്നെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ളത്. ഏത് പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവും ബൗളിംഗിലെ അസാധാരണമായ നിയന്ത്രണവും വ്യത്യസ്തതയും മുരളീധരന് മാത്രം അവകാശപ്പെടാനാകുന്നതാണ്. ഏതാണ്ട് രണ്ട് പതീറ്റാണ്ടോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുക എന്നത് അപൂര്‍വം ക്രിക്കറ്റര്‍മാര്‍ക്ക്, പ്രത്യേകിച്ചും അപൂര്‍വം ബൗളര്‍മാര്‍ക്ക് മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. അതില്‍ നിന്നുതന്നെ മുരളീധരന്‍ ഈ കളിയോട് കാണിച്ചിട്ടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വ്യക്തമാണ്. ക്രിക്കറ്റിനോടുള്ള അയാളുടെ അഭിനിവേശം ഒരു വിവാദത്തിനും തകര്‍ക്കാനാകാത്തതായിരുന്നു. ഒരു കൊടുങ്കാറ്റിനും അയാളെ അനക്കാന്‍ കഴിയാഞ്ഞതും ആ അഭിനിവേശം കൊണ്ടുതന്നെയാണ്. മുത്തയ്യ മുരളീധരന്‍ എന്ന ചാമ്പ്യന്‍ ബൗളര്‍ എക്കാലത്തും ക്രിക്കറ്റര്‍മാര്‍ക്ക് ഒരു മാതൃകയാണ്. എല്ലാ കാര്യത്തിലും. അക്കാര്യത്തില്‍ സംശയമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments