കെ.ശ്രീജിത്ത്
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ലോകത്തെത്തന്നെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായിരുന്നു നിസ്റ്റല്‍റൂയ്. ഗോളടിക്കാനുള്ള അയാളുടെ മികവ് ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഗോള്‍ പോസ്റ്റിന് മുന്നില്‍ വെച്ച് ഒരിക്കലും പിഴയ്ക്കാത്ത നിസ്റ്റല്‍റൂയ് ഒരുകാലത്ത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. പലപ്പോഴും അയാള്‍ നെതര്‍ലന്റ്സിന്റെ ഏക സ്ട്രൈക്കറായാണ് കളിച്ചിരുന്നതുതന്നെ ഗോളടിക്കാനുള്ള അയാളുടെ കഴിവില്‍ ടീം എത്രത്തോളം വിശ്വാസമര്‍പ്പിച്ചിരുന്നു എന്നതിന് തെളിവാണ്. ഫുട്ബോളിലെ ക്ലിനിക്കല്‍ ഫിനിഷിംഗിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായിരുന്നു റൂഡ് വാന്‍ നിസ്റ്റല്‍റൂയ്. ഗോള്‍ പോസ്റ്റിന് മുന്നില്‍, പെനാല്‍റ്റി ബോക്സിനകത്തുവെച്ച് ഏത് ആംഗിളില്‍ നിന്നും ശക്തമായ ഷോട്ട് ഉതിര്‍ക്കാനും അത് ഗോളാക്കാനും നിസ്റ്റല്‍റൂയിക്ക് കഴിയുമായിരുന്നു. ഇരുകാലുകള്‍ കൊണ്ടും തല കൊണ്ടും ഒരുപോലെ ഗോളടിക്കാനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അയാളുടെ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ അയാളും ഉള്‍പ്പെട്ടത്.

അതിവേഗം പെനാല്‍റ്റി ബോക്സിലേയ്ക്ക് പാഞ്ഞുകയറി വളരെ പെട്ടെന്നുതന്നെ ഷോട്ടെടുക്കാന്‍ പാകത്തില്‍ പൊസിഷനില്‍ നില്‍ക്കാനുള്ള നിസ്റ്റല്‍റൂയിയുടെ മിടുക്ക് പലതവണ ഫുട്ബോള്‍ പണ്ഡിതന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമാത്രമല്ല, പെട്ടെന്ന് പ്രതികരിക്കാനും ബുദ്ധിപൂര്‍വമുള്ള ആക്രമണോത്സുക നീക്കങ്ങള്‍ നടത്താനുമുള്ള നിസ്റ്റര്റൂയിയുടെ വിരുതും സ്ട്രൈക്കര്‍ എന്ന നിലയിലുള്ള അയാളുടെ വിജയത്തില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. പെനാല്‍റ്റി ബോക്സില്‍ ആവശ്യത്തിന് ഇടം കണ്ടെത്തുന്നതിലും എതിര് ഡിഫന്‍ഡര്‍മാരുടെ പന്തിലേയ്ക്കുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുമുള്ള അപാരമായ കഴിവ് നിസ്റ്റല്‍റൂയിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. തന്നെ മാര്‍ക്ക് ചെയ്യുന്നവരെ ബുദ്ധിപൂര്‍വം ഒഴിവാക്കി മുന്നോട്ടുകുതിച്ചും ഓഫ് സൈഡ് കെണികള്‍ മറികടന്നും അയാള്‍ ഗോളടിച്ചു. പെനാല്‍റ്റി ബോക്സിനകത്ത് കൃത്യസമയത്ത് കൃത്യം സ്ഥലത്ത് എപ്പോഴും അയാളുണ്ടായിരിക്കും. സഹകളിക്കാരന്റെ പാസ് എങ്ങോട്ടാണോ വരുന്നത് അവിടെത്തന്നെ നിസ്റ്റല്‍റൂയ് കൃത്യമായി ഉണ്ടായിരിക്കും. ഈ സവിശേഷത കാരണം പലപ്പോഴും മാധ്യമങ്ങള്‍ അയാളെ ‘ഒളിവേട്ടക്കാരന്‍’ എന്ന് വിളിച്ചു. സെന്റര്‍ ഫോര്‍വേഡ് എന്ന നിലയില്‍ അതിയായ വേഗതയും കായികശക്തിയും മികച്ച സാങ്കേതികത്തികവും നിസ്റ്റല്റൂയിക്കുണ്ടായിരുന്നു. സഹകളിക്കാര്‍ക്ക് ഗോളടിക്കാന്‍ പാകത്തിലുള്ള പന്തുകള്‍ നല്‍കുന്നതിലും അയാള്‍ മികച്ചുനിന്നു. കരിയറിലുടനീളം നിസ്റ്റല്‍റൂയ് മികച്ച അസിസ്റ്റുകളൊരുക്കി. കളിയിലെ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്താനുള്ള അയാളുടെ കഴിവായിരുന്നു ഇതിന് കാരണം. കൃത്യതയോടെ പെനാല്‍റ്റി കിക്കുകളെടുക്കുന്നതിലും അയാള്‍ വിദഗ്ധനായിരുന്നു. ഇതൊക്കെയാണെങ്കിലും പലപ്പോഴും അയാള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നു. കളിക്കളത്തിലെ സ്വാര്‍ത്ഥതതയും പ്രകടനാത്മകതയും കപടനാട്യങ്ങളും കാരണം പലപ്പോഴും വിമര്‍ശനങ്ങള്‍ അയാള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. പരിശീലകരും സഹകളിക്കാരും ഫുട്ബോള്‍ പണ്ഡിതരും ഒരുപോലെ അയാളെ വിമര്‍ശിച്ചു.

കുട്ടിക്കാലത്ത് ചില പ്രാദേശിക ക്ലബുകള്‍ക്ക് വേണ്ടി കളിച്ച ശേഷം 1993ല്‍ പതിനേഴാമത്തെ വയസിലാണ് റൂഡ് വാന്‍ നിസ്റ്റല്‍റൂയ് തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. ഡച്ച് ക്ലബായ ഡെന്‍ ബോഷിലായിരുന്നു അയാളുടെ തുടക്കം. അതുവരെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി കളിച്ചുകൊണ്ടിരുന്ന നിസ്റ്റല്‍റൂയ് അവിടെ വെച്ചാണ് ആദ്യമായി സെന്റര്‍ ഫോര്‍വേഡ് ആയി കളിക്കുന്നത്. 1996-97 സീസണില്‍ 31 കളികളില്‍ നിന്ന് 12 ഗോള്‍ നേടിയ ശേഷം അയാള്‍ ഹീറെന്വീന് എന്ന ക്ലബിലേയ്ക്ക് കൂടുമാറുന്നു. ഒരു വര്‍ഷം അവിടെ കളിച്ച നിസ്റ്റല്‍റൂയ് അവിടെയും 31 മത്സരങ്ങളിലിറങ്ങുന്നു. 13 ഗോളാണ് ക്ലബിന് വേണ്ടി അയാള്‍ നേടിയത്. തുടര്‍ന്ന് അയാള്‍ പി എസ് വി ഐന്തോവനിലെത്തി. ഇതിനിടെ 97-98 സീസണില്‍ നിസ്റ്റല്‍റൂയ് നെതര്‍ലന്റ്സിന്റെ അണ്ടര്‍ 21 ടീമില്‍ കളിക്കുന്നുണ്ട്. ആ ടീമില്‍ നാല് മത്സരങ്ങള്‍ കളിച്ചതിന് ശേഷം 1998ല്‍ അയാളെ നെതര്‍ലന്റ്സ് സീനിയര്‍ ടീമിലെടുക്കുന്നു. 1998 നവംബര്‍ 18ന് ജര്‍മനിക്കെതിരായ സൗഹൃദ മത്സരത്തിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നെതര്‍ലന്റ്സ് സീനിയര്‍ ടീമിനുവേണ്ടി നിസ്റ്റല്‍റൂയ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ പരിക്കുകാരണം അയാള്‍ 2000ലെ യൂറോ കപ്പ് കളിക്കാനായില്ല. 2002 ലോകകപ്പിലേയ്ക്ക് നെതര്‍ലന്റ്സ് യോഗ്യത നേടാഞ്ഞതിനാല്‍ ആ അവസരവും നിസ്റ്റല്‍റൂയിക്ക് നഷ്ടമായി. 2003ല്‍ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്കോട്ലന്റിനെതിരെ ഹാട്രിക്ക് നേടിയ നിസ്റ്റല്‍റൂയ് നെതര്‍ലന്റ്സിന് യൂറോ കപ്പ് കളിക്കാനുള്ള യോഗ്യത ഉറപ്പാക്കി. 2004ല്‍ പോര്‍ച്ചുഗലില്‍ നടന്ന യൂറോ കപ്പിലെ മൂന്ന് ലീഗ് മത്സരങ്ങളിലും നിസ്റ്റല്‍റൂയ് ഗോളടിച്ചു. ജര്‍മനിക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരെ ഓരോ ഗോളും ലാത്വിയയ്ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുമാണ് നിസ്റ്റല്‍റൂയ് നേടിയത്.

2006 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ നിസ്റ്റല്‍റൂയ് ഉള്‍പ്പെട്ട ഒരു വിവാദം അരങ്ങേറി. അന്‍ഡോറയ്ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ നിസ്റ്റല്‍റൂയ് അന്‍ഡോറയുടെ താരമായ അന്റോണി ലിമയുടെ മുന്നില്‍ പോയി ആഹ്ലാദ പ്രകടനം നടത്തി. ഇതിന് നിസ്റ്റല്‍റൂയിക്ക് റഫറിയുടെ കൈയില്‍ നിന്ന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആറ് മിനിറ്റ് മുമ്പ് നെതര്‍ലന്റ്സിന് ലഭിച്ച പെനാല്‍റ്റി നിസ്റ്റല്‍റൂയ് പാഴാക്കിയപ്പോള്‍ അന്റോണി ലിമ ചിരിച്ചതിന് പകരമായിട്ടായിരുന്നു നിസ്റ്റല്‍റൂയിയുടെ മോശം പെരുമാറ്റം അരങ്ങേറിയത്. 2006 ലോകകപ്പില്‍ മാര്‍ക്കോ വാന്‍ബാസ്റ്റന്‍ പരിശീലിപ്പിച്ച നെതര്‍ലന്റ്സ് ടീമില്‍ നിസ്റ്റല്‍റൂയ് ഇടംപിടിച്ചു. നെതര്‍ലന്റ്സിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ അയാള്‍ ഐവറി കോസ്റ്റിനെതിരായ മത്സരത്തില്‍ ഗോളടിച്ചു. രണ്ടാം റൗണ്ട് മത്സരത്തില്‍ നിസ്റ്റല്‍റൂയിയെ കോച്ച് വാന്‍ബാസ്റ്റന്‍ കളിപ്പിക്കാതെ ബെഞ്ചിലിരുത്തി. ആ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റ നെതര്‍ലന്റ്സ് ലോകകപ്പില്‍ നിന്ന് പുറത്തായി. ആ വര്‍ഷം പിന്നീട് അയര്‍ലന്റിനെതിരെയും പോര്‍ച്ചുഗലിനെതിരെയും നടന്ന സൗഹൃദ മത്സരങ്ങളിലും നിസ്റ്റല്‍റൂയിയെ കളിപ്പിക്കാന്‍ വാന്‍ബാസ്റ്റന്‍ കൂട്ടാക്കിയില്ല. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ നിസ്റ്റല്റൂയിക്കുപകരം ഡിര്‍ക്ക് കുയ്റ്റിനെയാണ് വാന്‍ ബാസ്റ്റന് ടീമിലുള്‍പ്പെടുത്തിയത്. 2008 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലുണ്ടായിരുന്ന ക്ലാസ് യാന്‍ ഹണ്ടെലാറിന് പരിക്കറ്റപ്പോള്‍ ആ സ്ഥാനത്ത് ടീമിലേയ്ക്ക് വരാന്‍ വാന്‍ ബാസ്റ്റന് നിസ്റ്റല്റൂയിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അയാളത് നിരസിച്ചു.

കോച്ച് വാന്‍ ബാസ്റ്റനുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 2007 ജനുവരി 23ന് നിസ്റ്റല്‍റൂയ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ക്കും അന്ന് നെതര്‍ലന്റ്സിന്റെ ഗോള്‍കീപ്പറായിരുന്ന എഡ്വിന് വാന്‍ ഡെര്‍ സാറിന്റെ പ്രേരണയ്ക്കും വഴങ്ങി നിസ്റ്റല്‍റൂയിയും വാന്‍ബാസ്റ്റനും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ടീമിനുവേണ്ടി ഒരുമിക്കാന്‍ തയ്യാറായി. നാല് മാസത്തിന് ശേഷം നിസ്റ്റല്‍റൂയ് ഡച്ച് ടീമിലേയ്ക്ക് തിരിച്ചുവരുന്നതായി കോച്ച് വാന്‍ ബാസ്റ്റന് പ്രഖ്യാപിച്ചു. നേരത്തെ വാന്‍ ബാസ്റ്റന് നിസ്റ്റല്റൂയിയോട് അഭ്യര്‍ത്ഥിച്ചത് പ്രകാരമുള്ള യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേയ്ക്ക് നിസ്റ്റല്‍റൂയി തിരിച്ചെത്തി. തിരിച്ചുവരവില്‍ ബള്‍ഗേറിയയ്ക്കെതിരെ ഗോള്‍ നേടിയ നിസ്റ്റല്‍റൂയ് നെതര്‍ലന്റ്സിന് ജയം സമ്മാനിച്ചു. അല്‍ബേനിയയ്ക്കെതിരായ തൊട്ടടുത്ത മത്സരത്തിലും നിസ്റ്റല്‍റൂയ് ഗോളടിച്ചു. നെതര്‍ലന്റ്സ് ജയിക്കുകയും ചെയ്തു. 2008 യൂറോ കപ്പില്‍ ഇറ്റലിക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിസ്റ്റല്‍റൂയ് ഗോളടിച്ചപ്പോള്‍ നെതര്‍ലന്റ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. നെതര്‍ലന്റ്സിന് ഏറെ നിര്‍ണായകമായിരുന്നു ആ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയ്ക്കെതിരെ സമനില ഗോള്‍ നേടിയത് നിസ്റ്റല്‍റൂയ് ആയിരുന്നു. എന്നാല്‍ മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നെതര്‍ലന്റ്സ് തോറ്റു. തുടര്‍ന്ന് ആ ആഗ്സ്തില്‍ നിസ്റ്റല്‍റൂയ് വീണ്ടും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

2010 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കവെ താന്‍ വീണ്ടും ദേശീയ ടീമിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് നിസ്റ്റല്‍റൂയ് അറിയിച്ചു. എന്നാല്‍ നെതര്‍ലന്റ്സിന്റെ പുതിയ കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വിക് നിസ്റ്റല്‍റൂയിയെ ടീമിലുള്‍പ്പെടുത്താന്‍ തയ്യാറായില്ല. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതോടെ തനിക്ക് വേറെ വഴിയില്ലെന്നും തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയേ നിവൃത്തിയുള്ളൂവെന്നും നിസ്റ്റല്‍റൂയ് പറഞ്ഞു. അന്ന് നെതര്‍ലന്റ്സിന്റെ പ്രധാന സ്ട്രൈക്കറായിരുന്ന റോബി വാന്‍ പേഴ്സിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ദേശീയ ടീം കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വിക് ടീമിന്റെ പ്രധാന സ്ട്രൈക്കറായി തിരിച്ചുവരാന്‍ നിസ്റ്റല്‍റൂയിക്ക് ഒരവസരം കൂടി നല്കി. 2012ലെ യൂറോ കപ്പിനുള്ള രണ്ട് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിസ്റ്റല്‍റൂയിയെ ഉള്‍പ്പെടുത്തി. സാന്‍ മറീനോയ്ക്കും ഫിന്ലന്റിനും എതിരെയായിരുന്നു മത്സരങ്ങള്‍. ഇതില്‍ സാന്‍ മറീനോയ്ക്കെതിരായ മത്സരത്തില്‍ നിസ്റ്റല്‍റൂയ് ഗോള്‍ നേടി. മത്സരം എതിരില്ലാത്ത അഞ്ച് ഗോളിന് നെതര്‍ലന്റ്സ് ജയിച്ചു. 2011 മാര്‍ച്ചില്‍ നടന്ന ഹംഗറിക്കെതിരായ രണ്ട് യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേയ്ക്കും നിസ്റ്റല്‍റൂയിയെ കോച്ച് വിളിച്ചു. രണ്ട് മത്സരത്തിലും പകരക്കാരനായി ഇറങ്ങിയ നിസ്റ്റല്‍റൂയ് രണ്ടാമത്തെ മത്സരത്തില്‍ ഗോളടിച്ചു. ദേശീയ ടീമിനുവേണ്ടിയുള്ള അയാളുടെ മുപ്പത്തഞ്ചാമത്തെ ഗോളായിരുന്നു അത്. ദേശീയ ടീമിനുവേണ്ടി 70 മത്സരങ്ങള്‍ കളിച്ച നിസ്റ്റല്‍റൂയ് 35 ഗോളാണ് നേടിയത്. അതായത് രണ്ട് മത്സരത്തില്‍ ഒരു ഗോളെന്ന ശരാശരിയില്‍. ഈ ശരാശരി അന്താരാഷ്ട്ര ഫുട്ബോളിലെ മികച്ച കണക്കാണ്. ആരെയും അസൂയപ്പെടുത്തുന്നതാണ്.

ക്ലബ് ഫുട്ബോളില്‍ 2001ല്‍ പി എസ് വി ഐന്തോവന് വിട്ട നിസ്റ്റല്‍റൂയ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. 19 മില്യണ്‍ യൂറോ പ്രതിഫലത്തിലായിരുന്നു അന്ന് അഞ്ച് വര്‍ഷത്തെ കരാറില്‍ അയാള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തിയത്. യുണൈറ്റഡിനുവേണ്ടിയുള്ള അഞ്ച് സീസണുകളില്‍ അയാള്‍ 219 മത്സരങ്ങലില്‍ നിന്ന് 150 ഗോളാണ് അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അയാള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ഫുട്ബോള്‍ ലീഗ് കപ്പ്, എഫ്.എ കമ്മൂണിറ്റി ഷീല്‍ഡ് എന്നീ കിരീടങ്ങള്‍ നേടി. 2006 മുതല്‍ 2010 വരെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പമാണ് കളിച്ചത്. 14 മില്യണ്‍ യൂറോയ്ക്കായിരുന്നു റയല്‍ നിസ്റ്റല്‍റൂയിയെ ടീമിലെത്തിച്ചത്. റയലിനൊപ്പം നിസ്റ്റല്‍റൂയ് രണ്ട് ലാലിഗ കിരീടങ്ങളും ഒരിക്കല്‍ സൂപ്പര്‍കോപ്പയും നേടി. റയല്‍ മാഡ്രിഡിനുവേണ്ടി 68 മത്സരങ്ങളില്‍ നിന്ന് 46 ഗോളാണ് നിസ്റ്റല്‍റൂയ് സ്കോര്‍ ചെയ്തത്. 2010 മുതല്‍ 2011 വരെ ഹാംബര്‍ഗര്‍ എസ് വിയിലും 2011 മുതല്‍ 2012 വരെ മലാഗ ക്ലബിലുമാണ് നിസ്റ്റല്‍റൂയ് കളിച്ചത്. ക്ലബ് തലത്തില്‍ മൊത്തം 449 മത്സരങ്ങള്‍ കളിച്ച നിസ്റ്റല്‍റൂയ് 219 ഗോളാണ് അടിച്ചത്. എല്ലാ അര്‍ത്ഥത്തിലും അസാമാന്യ പ്രതിഭയുള്ള സ്ട്രൈക്കറായിരുന്നു നിസ്റ്റല്‍റൂയ്. തന്റെ പ്രതിഭയോട് കുറച്ചുകൂടി നീതി പുലര്‍ത്തിയിരുന്നെങ്കില്‍ നിസ്റ്റല്‍റൂയ് അന്താരാഷ്ട്ര ഫുട്ബോളില്‍ ഇതിലും കൂടുതല്‍ ഉയരങ്ങളിലെത്തിയേനെ. എന്നാല്‍ പലപ്പോഴും അച്ചടക്കമില്ലായ്മ ഒരു തിരിച്ചടിയായി. എന്നിട്ടും ഇന്നും ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായാണ് അയാള്‍ കണക്കാക്കപ്പെടുന്നത് എന്നത് നിസ്റ്റല്റൂയിയില് എത്രത്തോളം പ്രതിഭയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. ആ തെളിവ് തന്നെയാണ് ഫുട്ബോള്‍ ചരിത്രത്തില്‍ അയാളുടെ അടയാളവും.



