കെ.ശ്രീജിത്ത്
ഒന്നിലധികം പൊസിഷനുകളില്‍ അനായാസം കളിക്കാന്‍ കഴിയുന്ന പ്രതിഭയായിരുന്നു ഡെന്നിസ് ബെര്‍ഗ്ക്യാംപ്. ഫുട്‌ബോളിലെ പരമ്പരാഗത സങ്കല്പങ്ങളെ പൊളിച്ച ബെര്‍ഗ്ക്യാംപ് അസാധാരണമാംവിധം ക്രിയാത്മകതയുണ്ടായിരുന്ന ഫുട്‌ബോളറായിരുന്നു. വൈഡ് മിഡ്ഫീല്‍ഡറായും മെയിന്‍ സ്‌ട്രൈക്കറായും സെക്കന്റ് സ്‌ട്രൈക്കറായുമെല്ലാം കളിക്കുകയും ആ പൊസിഷനുകളെയെല്ലാം പുനര്‍നിര്‍വചിക്കുകയും ചെയ്ത അസാമാന്യ പ്രതിഭ. ഗോള്‍കീപ്പര്‍ എന്ന പൊസിഷനൊഴികെ ഏതാണ്ട് മിക്ക പൊസിഷനുകളിലും അയാള്‍ കളിച്ചു. വെറുതെ കളിക്കുകയായിരുന്നില്ല, കളിച്ച പൊസിഷനുകളിലെല്ലാം അസാധ്യ കളി പുറത്തെടുക്കുകയും ചെയ്തു അയാള്‍. തന്റെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ ഫുട്‌ബോളറായാണ് ബെര്‍ഗ്ക്യാംപ് അറിയപ്പെടുന്നത്. അനിതരസാധാരണമായ പാടവവും ഫുട്‌ബോളിനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണവും ഗോളടിക്കാനുള്ള മിടുക്കും ബെര്‍ഗ്ക്യാംപിനെ ഏറെ അപകടകാരിയായ ഫുട്‌ബോളറാക്കി.

ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഡച്ചുകാരുടെ ദര്‍ശനത്തെ ബെര്‍ഗ്ക്യാപിനെപ്പോലെ സമ്പൂര്‍ണമാക്കി മാറ്റിയ ഫുട്‌ബോളര്‍മാര്‍ അവരുടെ ചരിത്രത്തില്‍ അധികമൊന്നുമുണ്ടായിട്ടില്ല. ബെര്‍ഗ്ക്യാംപിന്റെ പന്തിനുമുകളിലെ ചെറിയ ടച്ചുകള്‍ പോലും അത്യന്തം സര്‍ഗാത്മകമായിരുന്നു. അയാളുടെ ഓരോ ഷോട്ടുകളും അതിശക്തമായിരുന്നു. തന്ത്രപരമായ പ്ലേമേക്കിംഗിലൂടെ ബെര്‍ഗ്ക്യാംപ് എതിരാളികളെ വെള്ളം കുടിപ്പിച്ചു. ഫുട്‌ബോളിനെ അത്രമാത്രം അയാള്‍ മനസിലാക്കിയിരുന്നു. അത് വെറുമൊരു കളിയല്ലെന്നും മനോഹരമായൊരു കലയാണെന്നും അയാള്‍ വളരെ ചെറുപ്പത്തിലെ മനസിലാക്കി. ഫുട്‌ബോളറാവുക എന്നാല്‍ ഒരു കലാകാരനാവുക എന്നാണര്‍ത്ഥമെന്ന് തിരിച്ചറിഞ്ഞ ബെര്‍ഗ്ക്യാംപ് കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്തെ ഒരു സ്‌റ്റേജ് ആയും അവിടെ കളിക്കുന്നവരെ കലാകാരന്‍മാരായും കണ്ടു. അതിനനുസരിച്ചുള്ള കലാവീക്ഷണവും കൂടി ചേര്‍ന്നതോടെ ഫുട്‌ബോളിനെ സമാനതകളില്ലാത്ത ഒരനുഭവമാക്കി മാറ്റാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഫുട്‌ബോള്‍ മൈതാനത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഒരു പ്രത്യേക വിരുത് തന്നെയുണ്ടായിരുന്നു ബെര്‍ഗ്ക്യാംപിന്. കളിക്കുമ്പോള്‍ ഏറെ ശാന്തനായിരുന്നു ബെര്‍ഗ്ക്യാംപ്. പ്രത്യേകിച്ചും ഗോളടിക്കുമ്പോള്‍. ഈ പ്രത്യേകത കൊണ്ടുതന്നെ അയാളെ ‘ഐസ്മാന്‍’ എന്നും ആളുകള്‍ വിളിച്ചു. വിമാനത്തില്‍ സഞ്ചരിക്കാനുള്ള ബെര്‍ഗ്ക്യാംപിന്റെ പേടി അയാള്‍ക്ക് ‘നോണ്‍ ഫഌയിംഗ് ഡച്ച്മാന്‍’ എന്ന പേര് നേടിക്കൊടുത്തു. വിമാനത്തില്‍ സഞ്ചരിക്കാന്‍ ഭയപ്പെട്ട അയാള്‍ യാത്രകള്‍ക്കായി കാറോ മറ്റ് ഗതാഗത മാര്‍ഗങ്ങളോ മാത്രം ഉപയോഗിച്ചു.

ആംസ്റ്റര്‍ഡാമിലെ ഒരു തൊഴിലാളി വര്‍ഗ കുടുംബത്തിലാണ് ഡെന്നിസ് ബെര്‍ഗ്ക്യാംപ് ജനിക്കുന്നത്. അയാളുടെ അച്ഛന്‍ ഒരു ഇലക്ട്രീഷ്യനായിരുന്നു. ഒപ്പം താഴേക്കിടയിലുള്ള ലീഗുകളില്‍ കളിക്കുന്ന ഒരു അമേച്വര്‍ ഫുട്‌ബോള്‍ കളിക്കാരനും. സ്‌കോട്ടിഷ് ഫുട്‌ബോള്‍ കളിക്കാരനായ ഡെന്നിസ് ലോയോടുള്ള അയാള്‍ക്കുള്ള ആദരം കാരണമാണ് മകനായ ബെര്‍ഗ്ക്യാംപിന്റെ പേരിന്റെ ആദ്യഭാഗം ഡെന്നിസ് എന്നിടാന്‍ കാരണം. വെറും പതിനൊന്ന് വയസുള്ളപ്പോള്‍ ഡച്ച് ഫുട്‌ബോളിലെ വമ്പന്‍ ക്ലബായ അയാക്‌സിന്റെ യൂത്ത് അക്കാദമിയാണ് ഡെന്നിസ് ബെര്‍ഗ്ക്യാംപിലെ ഫുട്‌ബോള്‍ പ്രതിഭയെ കണ്ടെത്തുന്നത്. അവിടെ വെച്ചാണ് അയാള്‍ എല്ലാ പൊസിഷനുകളിലും കളിച്ച് പരിശീലിച്ചത്. യൂത്ത് അക്കാദമിയില്‍ വെച്ച് പലപ്പോഴും ഡിഫന്‍ഡറായി കളിച്ചത് ഭാവിയില്‍ സ്‌ട്രൈക്കറായി കളിച്ച സമയത്ത് എതിര്‍ ടീമിന്റെ ഡിഫന്‍ഡര്‍മാരെ മറികടക്കാന്‍ അയാളെ ഏറെ സഹായിച്ചു. ഡിഫന്‍ഡറായി കളിച്ച് ശീലിച്ചതുകൊണ്ടുതന്നെ ഡിഫന്‍ഡര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുക, അടുത്തതായി അവര്‍ എന്ത് ചെയ്യും എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. അതിനനുസരിച്ച് അവരെ മറികടക്കാനുള്ള വഴികള്‍ അയാള്‍ കണ്ടെത്തി. ഇതിനോടൊപ്പം അസാധാരണമായ ക്രിയാത്മകത കൂടി ചേര്‍ന്നതോടെ ഡിഫന്‍ഡര്‍മാര്‍ക്ക് തടയാന്‍ കഴിയാത്ത കളിക്കാരനായി ബെര്‍ഗ്ക്യാംപ് മാറി.

1981 മുതല്‍ 86 വരെ അയാക്‌സ് യൂത്ത് അക്കാദമിയില്‍ തുടര്‍ന്ന ബെര്‍ഗ്ക്യാംപ് 86ല്‍ അയാക്‌സിന്റെ സീനിയര്‍ ടീമിനുവേണ്ടി കളിച്ചുതുടങ്ങി. അന്ന് ഡച്ച് ഇതിഹാസം യൊഹാന്‍ ക്രൈഫ് ആയിരുന്നു അയാക്‌സ് സീനിയര്‍ ടീമിന്റെ കോച്ച്. ക്രൈഫിന്റെ കടുത്ത ആരാധകനായിരുന്നു ബെര്‍ഗ്ക്യാംപ്. ക്രൈഫിന്റെ കീഴിലെ കളി ബെര്‍ഗ്ക്യാംപിലെ ഏറ്റവും മികച്ചത് പുറത്തെടുത്തു. 1990 സെപ്റ്റംബര്‍ 26ന് 21-ാമത്തെ വയസില്‍ ബെര്‍ഗ്ക്യാംപ് നെതര്‍ലന്റ്‌സ് ദേശീയ ടീമില്‍ അരങ്ങേറി. ആ വര്‍ഷം നവംബറില്‍ അയാള്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. ഗ്രീസിനെതിരായ മത്സരത്തിലായിരുന്നു അത്. 1992 യൂറോ കപ്പില്‍ മൂന്ന് ഗോളടിച്ച് സംയുക്ത ടോപ് സ്‌കോററായ ബെര്‍ഗ്ക്യാംപ് ഏറെ ശ്രദ്ധ നേടി. അതോടെ അയാള്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ തന്റെ വരവറിയിച്ചു. എന്നാല്‍ നെതര്‍ലന്റ്‌സ് സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ് പുറത്തായി. ടീം ഓഫ് ദ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ബെര്‍ഗ്ക്യാംപ് ഉണ്ടായിരുന്നു. 1994ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബെര്‍ഗ്ക്യാംപ് അഞ്ച് ഗോളടിച്ചു. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ബെര്‍ഗ്ക്യാംപ് മൂന്ന് ഗോളടിച്ചു. എന്നാല്‍ നെതര്‍ലന്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലെ പൊരിഞ്ഞ പോരാട്ടത്തില്‍ ബ്രസീലിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞു. 1996 യൂറോ കപ്പില്‍ നെതര്‍ലന്റ്‌സിനായി ബെര്‍ഗ്ക്യാംപ് ഒരു ഗോള്‍ നേടി. എന്നാല്‍ നെതര്‍ലന്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു.

1998 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലായിരുന്നു ബെര്‍ഗ്ക്യാംപ് തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്ക് നേടുന്നത്. 96ല്‍ വെയ്ല്‍സിനെതിരെയായിരുന്നു ഇത്. 98 ലോകകപ്പില്‍ ബെര്‍ഗ്ക്യാംപ് മൂന്ന് ഗോളടിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോളും അതിലുള്‍പ്പെടുന്നു. ആ ഗോളും ആ മത്സരവും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നു. 60 വാര അകലെനിന്ന് ഫ്രാങ്ക് ഡിബോയര്‍ വായുവിലൂടെ നല്‍കിയ പാസ് ഒരൊറ്റ ടച്ചില്‍ നിയന്ത്രണത്തിലാക്കിയ ബെര്‍ഗ്ക്യാംപ് അര്‍ജന്റീനയുടെ വിഖ്യാത ഡിഫന്‍ഡര്‍ റോബര്‍ട്ടോ അയാളയുടെ കാലുകള്‍ക്കിടയിലൂടെ മുന്നോട്ടിട്ട് വലതുകാലിന്റെ പുറംഭാഗം കൊണ്ട് അടിച്ച ഉഗ്രനൊരു വോളിയിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. മൈതാനത്തിന്റെ വലതുഭാഗത്തുനിന്ന് ഏറെ ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്നായിരുന്നു ബെര്‍ഗ്ക്യാംപിന്റെ ആ ഷോട്ട്. അത് അര്‍ജന്റീനിയന്‍ ഗോളി കാര്‍ലോസ് റോവയ്ക്ക് തടുക്കാനായില്ല. ആ ഗോളാണ് കരിയറിലെ തന്റെ ഏറ്റവും മികച്ച ഗോളെന്ന് ഡെന്നിസ് ബെര്‍ഗ്ക്യാംപ് എപ്പോഴും പറയും. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അയാള്‍ക്ക് ആ ഗോള്‍. ബെര്‍ഗ്ക്യാപിന്റെ കരിയറിലെ 36-ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്. ആ ഗോളോടെയാണ് ഫാസ് വില്‍ക്‌സിന്റെ ഹോളണ്ട് റെക്കോഡ് ബെര്‍ഗ്ക്യാംപ് മറികടന്നത്. ആ മത്സരത്തില്‍ പാട്രിക്ക് ക്ലൈവര്‍ട്ട് നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും ബെര്‍ഗ്ക്യാംപായിരുന്നു. ആ മത്സരത്തില്‍ നെതര്‍ലന്റ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്പിച്ച് സെമിഫൈനലിലെത്തി. അര്‍ജന്റീനയ്‌ക്കെതിരായ ആ ജയം നെതര്‍ലന്റ്‌സിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ജയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ സെമിയില്‍ ബ്രസീലിനോട് തോറ്റ് നെതര്‍ലന്റ്‌സ് പുറത്തായത് ബെര്‍ഗ്ക്യാപിന് വലിയ നിരാശയായി. ബ്രസീലിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനാല്‍ ഷൂട്ടൗട്ടിലേയ്ക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ താനെടുത്ത പെനാല്‍റ്റി കിക്ക് ബെര്‍ഗ്ക്യാംപ് ഗോളാക്കിയെങ്കിലും ടീം തോറ്റു. ടൂര്‍ണമെന്റിലെ ഓള്‍ സ്റ്റാര്‍ ടീമില്‍ ബെര്‍ഗ്ക്യാംപും ഉള്‍പ്പെട്ടു.

1999 ഒക്ടോബര്‍ ഒമ്പതിന് ഡെന്നിസ് ബെര്‍ഗ്ക്യാംപ് നെതര്‍ലന്റ്‌സിനായുള്ള തന്റെ അവസാന ഗോള്‍ നേടി. ബ്രസീലിനെതിരായ മത്സരത്തിലായിരുന്നു അത്. സ്വന്തം നാട്ടില്‍ നടന്ന 2000ലെ യൂറോ കപ്പില്‍ ബെര്‍ഗ്ക്യാംപിന് ഗോളൊന്നും നേടാനായില്ല. എന്നാല്‍ മൂന്ന് അസിസിറ്റുകള്‍ അയാളുടെ വകയായുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ നെതര്‍ലന്റ്‌സ് ഇറ്റലിയോട് തോറ്റ് പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആ തോല്‍വിയും. അതോടെ ഡെന്നിസ് ബെര്‍ഗ്ക്യാംപ് താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അയാള്‍ ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നെതര്‍ലന്റ്‌സിനായി 79 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഡെന്നിസ് ബെര്‍ഗ്ക്യാംപ് 37 ഗോളടിച്ചു. ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാര പട്ടികയില്‍ മൂന്ന് തവണയാണ് ബെര്‍ഗ്ക്യാംപ് രണ്ടാമനായത്. ഫിഫയ്ക്കുവേണ്ടി ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറ് ഫുട്‌ബോളര്‍മാരുടെ പട്ടിക സാക്ഷാല്‍ പെലെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ബെര്‍ഗ്ക്യാംപും ഉള്‍പ്പെട്ടിരുന്നു.

1986 മുതല്‍ 1993 വരെ അയാക്‌സില്‍ കളിച്ച ബെര്‍ഗ്ക്യാംപ് 93ല്‍ അവിടം വിട്ട് ഇറ്റലിയിലെ പ്രസിദ്ധ ക്ലബായ ഇന്റര്‍ മിലാനില്‍ ചേര്‍ന്നു. അയാക്‌സിലെ അയാളുടെ മികച്ച പ്രകടനം പ്രമുഖ പല ക്ലബുകളുടെയും ശ്രദ്ധ അയാളിലേയ്ക്ക് തിരിച്ചിരുന്നു. അയാക്‌സിലെ അയാളുടെ പരിശീലകനും ഗുരുവുമായിരുന്ന യൊഹാന്‍ ക്രൈഫ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ചേരാന്‍ ബെര്‍ഗ്ക്യാംപിനെ പ്രോത്സാഹിപ്പിക്കുകയും ഒരിക്കലും റയല്‍ മാഡ്രിഡില്‍ ചേരരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ബെര്‍ഗ്ക്യാംപിന് ഇറ്റലിയില്‍ കളിക്കാനായിരുന്നു താല്പര്യം. അങ്ങനെയാണ് അയാള്‍ ഇന്റര്‍മിലാന്‍ തെരഞ്ഞെടുക്കുന്നത്. അന്ന് 7.1 മില്യണ്‍ യൂറോ ആയിരുന്നു ബെര്‍ഗ്ക്യാംപിന് ഇന്റര്‍ മിലാന്‍ നല്‍കിയ പ്രതിഫലം. 1995ല്‍ ബെര്‍ഗ്ക്യാംപ് ഇന്റര്‍ വിട്ട് ആഴ്‌സനലിലെത്തി. ഏഴര മില്യണ്‍ യൂറോയായിരുന്നു അയാള്‍ക്ക് ലഭിച്ച പ്രതിഫലം. പിന്നീട് പതിനൊന്ന് വര്‍ഷം അയാള്‍ ആഴ്‌സനലിന് വേണ്ടിയാണ് കളിച്ചത്. ആ കാലത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇതിഹാസ താരങ്ങളിലൊരാളായി ഡെന്നിസ് ബെര്‍ഗ്ക്യാംപ് മാറി. ആഴ്‌സനലിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായാണ് ഇന്നും ബെര്‍ഗ്ക്യാംപ് കണക്കാക്കപ്പെടുന്നത്. ക്ലബ് ഫുട്‌ബോളില്‍ മൊത്തം 552 മത്സരങ്ങളില്‍ കളിച്ച ബെര്‍ഗ്ക്യാംപ് 201 ഗോളാണ് സ്‌കോര്‍ ചെയ്തത്. ഇതില്‍ ആഴ്‌സനലിനുവേണ്ടി 315 മത്സരങ്ങളില്‍ നിന്ന് നേടിയ 87 ഗോളും ഇന്റര്‍മിലാനുവേണ്ടി 52 മത്സരങ്ങളില്‍ നിന്ന് നേടിയ 11 ഗോളും അയാക്‌സിനുവേണ്ടി 185 മത്സരങ്ങളില്‍ നിന്ന് നേടിയ 103 ഗോളും ഉള്‍പ്പെടുന്നു. ആഴ്‌സനലില്‍ ബെര്‍ഗ്ക്യാംപ് കളിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മൂന്ന് എഫ്.എ കപ്പും നേടാന്‍ ക്ലബിനെ സഹായിച്ചു. ആഴ്‌സനലിനെ 2006ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതിലും ബെര്‍ഗ്ക്യാംപിന് വലിയ പങ്കുണ്ടായിരുന്നു.

കളിയില്‍ നിന്ന് വിരമിച്ച ശേഷം ഫുട്‌ബോള്‍ പരിശീലകനാകാന്‍ ബെര്‍ഗ്ക്യാംപിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. കുറച്ചുകാലം വ്യക്തി ജീവിതത്തില്‍ ശ്രദ്ധിച്ച് മു്‌ന്നോട്ടുപോകാനാണ് ബെര്‍ഗ്ക്യാംപ് ഇഷ്ടപ്പെട്ടത്. എന്നാല്‍ പിന്നീടയാള്‍ പരിശീലകനെന്ന റോളില്‍ത്തന്നെ എത്തിപ്പെട്ടു. ആദ്യം അയാക്‌സിന്റെ യൂത്ത് ടീമുകളെ പരിശീലിപ്പിക്കലായിരുന്നു ബെര്‍ഗ്ക്യാംപിന് ലഭിച്ച ചുമതല. പിന്നീടയാള്‍ നെതര്‍ലന്റ്‌സ് ബി ടീമിന്റെ അസിസ്റ്റ്ന്റ് കോച്ചായി. അതിനുശേഷം അയാക്‌സ് സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി. എന്നാല്‍ 2017ല്‍ അയാളെ ആ ചമുതലയില്‍ നിന്ന് അയാക്‌സ് മാനേജ്‌മെന്റ് നീക്കി. ഫുട്‌ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായാണ് ഡെന്നിസ് ബെര്‍ഗ്ക്യാംപ് കണക്കാക്കപ്പെടുന്നത്. ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള കളിക്കാരനായിരുന്നു അയാള്‍. ഒരു സ്‌ട്രൈക്കറെന്ന നിലയില്‍ ബെര്‍ഗ്ക്യാംപ് തന്റെ സ്വപ്‌ന കളിക്കാരനാണെന്ന് ആഴ്‌സണലില്‍ അയാളുടെ സഹതാരവും ഫ്രഞ്ച് ഇതിഹാസവുമായ തിയറി ഓന്റി പറഞ്ഞിട്ടുണ്ട്. ഡച്ചുകാരുടെ ടോട്ടല്‍ ഫുട്‌ബോളിന്റെ ഏറ്റവും പ്രഗത്ഭനായ അംബാസഡറായിരുന്നു ഡെന്നിസ് ബെര്‍ഗ്ക്യാംപ്. ബഹുമുഖമായ കഴിവാണ് ടോട്ടല്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഏറ്റവും അനിവാര്യമായത്. ഒരു ഫുട്‌ബോളറുടെ മൊത്തം കഴിവും പുറത്തെടുക്കുന്നതിനുവേണ്ടിയായിരുന്നു അത്. അതിന് ഏറ്റവും പറ്റിയ കളിക്കാരനായിരുന്നു ബെര്‍ഗ്ക്യാംപ്. ഇത്രമാത്രം ബഹുമുഖ കഴിവുകളുണ്ടായിരുന്ന കളിക്കാര്‍ ലോക ഫുട്‌ബോളില്‍ത്തന്നെ കുറവാണ്. ഗോള്‍കീപ്പര്‍ എന്നതൊഴികെ ഫുട്‌ബോളിലെ മിക്കവാറും പൊസിഷനുകളിലെല്ലാം കളിച്ചിട്ടുള്ള കളിക്കാരനാണ് ബെര്‍ഗ്ക്യാംപ്. ഇന്ന് ഫുട്‌ബോളില്‍ എത്ര പേര്‍ക്ക് ഈ ഗുണങ്ങള്‍ അവകാശപ്പെടാം എന്നത് ഒരു ചോദ്യമാണ്. അതുകൊണ്ടുതന്നെ ബെര്‍ഗ്ക്യാംപിനെ പോലുള്ള ടോട്ടല്‍ ഫുട്‌ബോള്‍ പ്രതിഭകള്‍ ഇനിയുണ്ടാകാന്‍ വഴിയില്ല. വംശനാശം സംഭവിച്ച ഒരു വിഭാഗത്തിന്റെ ഭാഗമായി ഡെന്നിസ് ബെര്‍ഗ്ക്യാംപ് ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.



