കെ.ശ്രീജിത്ത്
നീണ്ട 22 വര്‍ഷം ലോകക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ഫാസ്റ്റ് ബൗളറാണ് ജിമ്മി എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്‌സണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22 വര്‍ഷം കളിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം ക്രിക്കറ്റര്‍മാര്‍ക്ക് മാത്രം കഴിഞ്ഞിട്ടുള്ള കാര്യമാണ്. അതില്‍ത്തന്നെ ആന്‍ഡേഴ്‌സണാകട്ടെ ഒരു ഫാസ്റ്റ് ബൗളറും. ഇത്രയും കാലം കായികക്ഷമത നിലനിര്‍ത്തുക എന്നത് ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അസാധ്യമാണ്. ആ അസാധ്യമായ കാര്യമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ നിഷ്പ്രയാസം ലോകത്തിനുമുന്നില്‍ ചെയ്തുകാണിച്ചത്. അതാണ് ആന്‍ഡേഴ്‌സണ്‍. അയാളുടെ ഇച്ഛാശക്തിക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ഏത് വെല്ലുവിളിയും മുട്ടുമടക്കും. അതാണ് അനുഭവം. ക്രിക്കറ്റിലെ ഏത് തലമുറയിലെ സ്വിംഗ് ബൗളറുമായും താരതമ്യം ചെയ്യത്തക്ക വിധം അസാധ്യ പ്രതിഭയുള്ള ബൗളറാണ് ആന്‍ഡേഴ്‌സണ്‍. പന്തിന്റെ സ്വിങിനുമേലുള്ള അയാളുടെ നിയന്ത്രണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സ്വിംഗ് ബൗളിങ്ങിനെ അത്രമാത്രം കലാപരമായി ഉപയോഗിച്ച ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിന്റെ മൂന്ന് ആഷസ് വിജയങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ആദ്യമായി അഞ്ഞൂറ് വിക്കറ്റെന്ന സ്വപ്‌ന നേട്ടം കൈവരിച്ച ബൗളറാണ് അയാള്‍. അതുവരെ ഇയാന്‍ ബോതം നേടിയ 383 വിക്കറ്റായിരുന്നു ഒരു ഇംഗ്ലീഷ് ബൗളറുടെ ടെസ്റ്റിലെ ഏറ്റവും മികച്ച നേട്ടം. ആന്‍ഡേഴ്‌സണ്‍ അഞ്ഞൂറ് വിക്കറ്റ് നേടിയതോടെ ഇയാന്‍ ബോതത്തിന്റെ നേട്ടം ചക്രവാളത്തിലെ ഒരു പൊട്ട് മാത്രമായി അവശേഷിച്ചു. സ്വിംഗ് ബൗളിങ്ങിന്റെ കാര്യത്തില്‍ ആന്‍ഡേഴ്‌സണ് തുല്യം ആന്‍ഡേഴ്‌സണ്‍ മാത്രമായിരുന്നു. 2017 സപ്തംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റിനെ വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം കൈവരിച്ചത്. ബ്രാത് വെയ്റ്റിന്റെ വിക്കറ്റ് പിഴുത ആ ഒരൊറ്റ പന്ത് മതി ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്ന ബൗളറുടെ പ്രതിഭ മുഴുവന്‍ തിരിച്ചറിയാന്‍. അന്ന് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം കരസ്ഥമാക്കുന്ന ആറാമത്തെ ബൗളറായിരുന്നു ആന്‍ഡേഴ്‌സണ്‍. അതില്‍ത്തന്നെ മൂന്നാമത്തെ ഫാസ്റ്റ് ബൗളര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ കോട്‌നി വാല്‍ഷ്, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ആന്‍ഡേഴ്‌സണ് മുമ്പ് ഈ നേട്ടം കൈവരിച്ചിരുന്നത്. നാല്പത് വയസിന് ശേഷവും ടെസ്റ്റില്‍ കളിക്കുന്നത് തുടര്‍ന്ന ആന്‍ഡേഴ്‌സണ്‍ ആ പ്രായത്തിലും ബൗളിംഗില്‍ പുലര്‍ത്തിയ അച്ചടക്കം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അപ്പോഴും അയാള്‍ സ്വിംഗ് ബൗളിംഗിന്റെ രാജാവായിരുന്നു. 2019ലെ ആഷസ് പരിക്കുമൂലം ആന്‍ഡേഴ്‌സണ് നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും കരുതി പ്രായം ആന്‍ഡേഴ്‌സണെ തളര്‍ത്തി തുടങ്ങി എന്ന്. എന്നാല്‍ അയാള്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചെത്തിയത്. ആന്‍ഡേഴ്‌സണ്‍ തന്റെ കരിയറിലെടുത്ത എല്ലാ തീരുമാനങ്ങളും കിറുകൃത്യമായിരുന്നു. അത്തരമൊരു തീരുമാനമായിരുന്നു 2015 ഏകദിന ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ളത്. പരമാവധി കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ആ തീരുമാനമെടുത്ത ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പരമാവധി കാലം കളിക്കുകയും ചെയ്തു. ഏറെ വിരോധാഭാസം നിറഞ്ഞതായിരുന്നു ആന്‍ഡേഴ്‌സന്റെ സ്വഭാവം. ക്രിക്കറ്റ് ഫീല്‍ഡിന് പുറത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളോടല്ലാതെ അധികമാരുമായും സംസാരിക്കാത്ത ആന്‍ഡേഴ്‌സണ്‍ പക്ഷെ ക്രിക്കറ്റ ഫീല്‍ഡില്‍ നേരെ തിരിച്ചായിരുന്നു. ഫീല്‍ഡില്‍ എതിര്‍ ടീമിലെ കളിക്കാരുമായി തര്‍ക്കിക്കാനും അവരുമായി വാക്കേറ്റത്തിലേര്‍പ്പെടാനും അയാള്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ആദ്യത്തെ ആറ് വര്‍ഷം സമ്മിശ്ര ഫലങ്ങളോട് കൂടിയതായിരുന്നു. ഫോമിലായിരിക്കുമ്പോള്‍ ഏറ്റവും അപകടകരമായി, ഏറ്റവും നന്നായി അയാള്‍ ബൗള്‍ ചെയ്തു. എന്നാല്‍ ഫോമിലല്ലാത്ത സമയത്താകട്ടെ അയാളുടെ ബൗളിംഗ് എല്ലാ അര്‍ത്ഥത്തിലും ദുരന്തപൂര്‍ണമായിരുന്നു. ആന്‍ഡേഴ്‌സണ്‍ ഫോമിലായിരുന്ന സമയത്ത് വേഗതയും സ്വിംഗും സമാസമം ചേര്‍ന്ന അയാളുടെ ബൗളിംഗ് നേരിടുക ഏറെ പ്രയാസകരമായിരുന്നു. ലങ്കാഷെയറിനുവേണ്ടി വെറും മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ച് പരിചയമുള്ള ആന്‍ഡേഴ്‌സണെ 2002-2003ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്ന ഇംഗ്ലണ്ട് ഏകദിന ടീമിലേയ്ക്ക് അടിയന്തിരമായി വിളിപ്പിക്കുന്നു. ആന്‍ഡി കാഡിക്കിന് പകരക്കാരനായിട്ടായിരുന്നു അത്. തുടര്‍ന്ന് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ അന്ന് തന്റെ പത്ത് ഓവറില്‍ വെറും 12 റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്. ആ മത്സരത്തില്‍ ആന്‍ഡേഴ്‌സണ്‍ ധരിച്ചിരുന്ന ജേഴ്‌സിയില്‍ അയാളുടെ പേരോ നമ്പറോ ഉണ്ടായിരുന്നില്ല. ടീം അധികൃതര്‍ക്ക് അതിനുള്ള സമയം കിട്ടിയില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്തായാലും ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിനത്തിലെ ആന്‍ഡേഴ്‌സന്റെ ആ പ്രകടനം അയാള്‍ക്ക് 2003 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിക്കൊടുത്തു. ലോകകപ്പില്‍ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്ത സ്‌പെല്‍ എറിഞ്ഞ് ആന്‍ഡേഴ്‌സണ്‍ തിളങ്ങി. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലെ ആന്‍ഡേഴ്‌സന്റെ അവസാന ഓവര്‍ ദുരന്തമാവുകയും ചെയ്തു.

2003ല്‍ സ്വന്തം നാട്ടില്‍ വെച്ച് ആന്‍ഡേഴ്‌സണ്‍ സിംബാബ് വെയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ സിംബാബ് വെയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി അയാള്‍ അരങ്ങേറ്റം ഗംഭീരമാക്കി. തുടര്‍ന്ന് പാകിസ്താനെതിരെ ഏകദിനത്തില്‍ ഹ്രാട്രിക്ക്. എന്നാല്‍ തുടര്‍ന്ന് പരിക്ക് ആന്‍ഡേഴ്‌സണെ വേട്ടയാടി. 2006 ഏതാണ്ട് പൂര്‍ണമായും അയാള്‍ക്ക് നഷ്ടമായി. പക്ഷെ ആഷസിലും 2007ലെ ലോകകപ്പിലും അയാള്‍ കളിക്കുക തന്നെ ചെയ്തു. തുടര്‍ന്ന് 2007-2008ലെ ന്യൂസീലന്റ് പര്യടനത്തിലൂടെ ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. ആ പരമ്പരയിലാണ് ആന്‍ഡേഴ്‌സണും സ്റ്റിയുവര്‍ട്ട് ബ്രോഡും ആദ്യമായി ഒരുമിച്ച് പന്തെറിയുന്നത്. ആഴ്ചകള്‍ക്കുശേഷം ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസീലന്റിനെതിരെ നടന്ന ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ 43 റണ്ണിന് ഏഴ് വിക്കറ്റ് വീഴ്ത്തി തന്റെ ടീമിന് ഉജ്ജ്വല ജയം സമ്മാനിച്ചു. 2010-2011ലെ ആഷസ് പരമ്പര ജെയിംസ് ആന്‍ഡേഴ്‌സന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായി. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ 24 വിക്കറ്റാണ് അയാള്‍ വീഴ്ത്തിയത്. ഈ ഗംഭീര പ്രകടനത്തിലൂടെ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ആഷസ് സമ്മാനിക്കുകയും ചെയ്തു. ഈ പരമ്പരയ്ക്കുശേഷം ഫാസ്റ്റ് ബൗളറെന്ന നിലയിലുള്ള ആന്‍ഡേഴ്‌സന്റെ പ്രതിച്ഛായ തന്നെ മാറി. പരമ്പരാഗത രീതിയിലുള്ള സീമും സ്വിങും ഒപ്പം റിവേഴ്‌സ് സ്വിംഗ് കൂടി ചേര്‍ന്നതോടെ അക്കാലത്ത് ലോകത്തെ ഏറ്റവും പൂര്‍ണതയുടെ ഫാസ്റ്റ് ബൗളറായി ആന്‍ഡേഴ്‌സണ്‍ മാറി.

2012ലെ ഇന്ത്യന്‍ പര്യടനത്തില്‍ 30.25 ശരാശരിയോടെ 12 വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ പരമ്പര നേട്ടത്തില്‍ നിര്‍ണായകമായി. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ഇരുടീമുകള്‍ക്കുമിടയിലെ പ്രധാന വ്യത്യാസം ജെയിംസ് ആന്‍ഡേഴ്‌സണായിരുന്നുവെന്ന് പറഞ്ഞത് ഏറെ ശ്രദ്ധേയമായി. 2013ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ വെച്ച് ടെസ്റ്റില്‍ 300 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇംഗ്ലീഷ് ബൗളറായി ആന്‍ഡേഴ്‌സണ്‍ മാറി. 2014ല്‍ ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ നടന്ന പരമ്പരകളില്‍ ഏഴ് ടെസ്റ്റില്‍ നിന്ന് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത് 37 വിക്കറ്റായിരുന്നു. എന്നാല്‍ ആ മിന്നും പ്രകടനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ രവീന്ദ്ര ജഡേജയുമായി ആന്‍ഡേഴ്‌സണുണ്ടായ വാക്കുതര്‍ക്കം. തുടര്‍ന്ന് ഡ്രസിംഗ് റൂമിലേയ്ക്ക് പോകുന്ന ഇടനാഴിയില്‍ വെച്ച് ആന്‍ഡേഴ്‌സണ്‍ തന്നെ ഉന്തുകയും തള്ളുകയും ചെയ്‌തെന്ന് ജഡേജ പരാതിപ്പെട്ടു. ആന്‍ഡേഴ്‌സന്റെ പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഐ സി സി നടത്തിയ അന്വേഷണത്തില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താനാകാതിരിക്കുകയും ഇരുകളിക്കാരും വലിയ നടപടികളില്ലാതെ രക്ഷപ്പെടുകയും ചെയ്തു.

2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആന്‍ഡേഴ്‌സണ്‍ പിന്നീട് ടെസ്റ്റില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. അധികം വൈകാതെ അയാള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ ഇയാന്‍ ബോതത്തിന്റെ 383 വിക്കറ്റെന്ന ഇംഗ്ലണ്ട് റെക്കോഡ് മറികടക്കുകയും അധികം വൈകാതെ ടെസ്റ്റില്‍ 400 വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. ഹെഡ്ഡിംഗ്‌ലിയില്‍ ന്യൂസീലന്റിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഇത്. മുപ്പത്തിമൂന്നാമത്തെ വയസിലും അയാളുടെ കായികക്ഷമത അസാധ്യമായി നിലനിന്നു. ഏറ്റവും മനോഹരമായിത്തന്നെ അയാള്‍ തുടര്‍ന്നും ബൗള്‍ ചെയ്തുകൊണ്ടിരുന്നു. കൂടുതല്‍ കൂടുതല്‍ വിക്കറ്റെടുക്കാനുള്ള ദാഹം അയാളില്‍ ഏറിവന്നു. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകളില്‍ അയാള്‍ മൂന്ന് തവണയാണ് ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ മക്ഗ്രാത്തിന്റെ 563 വിക്കറ്റെന്ന ലോക റെക്കോഡ് മറികടന്നത്. സ്വന്തം ബാറ്റിംഗിലെ ആദ്യകാലത്തെ പിഴവുകള്‍ പരമാവധി മറികടക്കാന്‍ ശ്രമിച്ച ആന്‍ഡേഴ്‌സണ്‍ ഇതിനിടയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരിന്നിംഗ്‌സില്‍ 81 റണ്‍ നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അയാളുടെ ആദ്യത്തെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു അത്. അന്ന് പത്താം വിക്കറ്റില്‍ ജോ റൂട്ടുമൊത്ത് 198 റണ്‍സാണ് ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡായിരുന്നു അത്. ഇംഗ്ലണ്ടിനുവേണ്ടി ഒട്ടേറെത്തവണ നൈറ്റ് വാച്ച്മാനായി ഇറങ്ങിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ തുടര്‍ച്ചയായി 54 ഇന്നിംഗ്‌സുകളില്‍ ഒരു റണ്ണെങ്കിലുമെടുത്തു. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ അമ്പത്തഞ്ചാമത്തെ ഇന്നിംഗ്‌സിലാണ് അയാള്‍ പൂജ്യത്തിന് പുറത്താകുന്നത്. അതൊരു ഇംഗ്ലണ്ട് റെക്കോഡാണ്. 2009ല്‍ കാര്‍ഡിഫില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റില്‍ അവസാനക്കാരനായി ബാറ്റിംഗിനിറങ്ങി 69 മിനിറ്റാണ് ആന്‍ഡേഴ്‌സണ്‍ ചെറുത്തുനിന്നത്. അതുവഴി ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് അയാള്‍ രക്ഷിക്കുകയും ചെയ്തു. ആന്‍ഡേഴ്‌സണ്‍ മികച്ച ഒരു ഫീല്‍ഡര്‍ കൂടിയായിരുന്നു. ഔട്ട്ഫീല്‍ഡിലും ക്യാച്ചിംഗ് പൊസിഷനുകളിലുമെല്ലാം അയാള്‍ മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്തു.

188 ടെസ്റ്റുകളില്‍ നിന്ന് 704 വിക്കറ്റാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. 26.45 ആണ് ശരാശരി. 42 റണ്ണിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരിന്നിംഗ്‌സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 32 തവണയും മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടം മൂന്ന് തവണയും കരസ്ഥമാക്കി. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റാണ് ആന്‍ഡേഴ്‌സന്റെ സമ്പാദ്യം. 29.22 ആണ് ശരാശരി. മത്സരത്തില്‍ അഞ്ച് വിക്കറ്രെന്ന നേട്ടം രണ്ട് തവണ കരസ്ഥമാക്കി. 4.92 ആണ് എക്കണോമി നിരക്ക്. 19 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിലാണ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ജേഴ്‌സിയിലിറങ്ങിയത്. 18 വിക്കറ്റ് വീഴ്ത്തി. 30.66 ആണ് ശരാശരി. 23 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 7.84 ആണ് ക്കെണോമി നിരക്ക്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ തലമുറകളിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഫാസ്റ്റ് ബൗളറാണ്. ഫാസ്റ്റ് ബൗളിംഗിനെ എല്ലാ അര്‍ത്ഥത്തിലും ഒരു കലയാക്കി മാറ്റിയ കളിക്കാരന്‍. കളിയിലെ ഏത് സാഹചര്യങ്ങളെയും ഏറെ മനോധൈര്യത്തോടെ നേരിട്ട അയാള്‍ എല്ലാ വെല്ലുവിളികളെയും മറികടന്നു. രണ്ട് പതീറ്റാണ്ടിലധികം കാലം ഫാസ്റ്റ് ബൗളറായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനില്‍ക്കുക എന്നതുപോലെ അത്ഭുതകരമായ വേറൊരു സംഗതിയില്ല. ആ അത്ഭുതം പ്രവര്‍ത്തിച്ചുകാണിക്കാന്‍ കഴിഞ്ഞ അസാധാരണ പ്രതിഭയുള്ള ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഏത് തലമുറയിലും കളിക്കാന്‍ പ്രാപ്തനായ ഒരാള്‍. ലോകത്തെത്തന്നെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍.



