Saturday, February 21, 2026
Google search engine
HomeSportLife Storyവെട്ടിയൊഴിഞ്ഞ ആര്യന്‍ റോബന്‍

വെട്ടിയൊഴിഞ്ഞ ആര്യന്‍ റോബന്‍

കെ.ശ്രീജിത്ത്

ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ മികച്ച വിങ്ങര്‍മാരിലൊരാള്‍. മൈതാനത്ത് അതിവേഗത്തില്‍ എതിര്‍ കളിക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് മുന്നോട്ടുകുതിക്കുന്ന റോബന്റെ ചിത്രം ഇന്നും ഫുട്‌ബോള്‍ പ്രേമികളുടെ മനസിലുണ്ടാകും. ഇടംകാലുകൊണ്ടുള്ള ആ ഡ്രിബഌകള്‍ സ്വപ്‌നസമാനമായിരുന്നു. അയാള്‍ സഹകളിക്കാര്‍ക്ക് നല്‍കുന്ന ക്രോസുകള്‍ എതിരാളികളെ ഭയപ്പെടുത്തി. വലതുവിങ്ങിലായിരുന്നു റോബന്‍ എപ്പോഴും വിന്യസിക്കപ്പെട്ടിരുന്നത്. വിങ്ങില്‍ നിന്ന് ഇടംകാലുകൊണ്ട് പന്തിനെ വരുതിയിലാക്കി മൈതാനത്തിനുള്ളിലേയ്ക്ക് കട്ട് ചെയ്ത് കയറി അതിവേഗം സെന്‍ട്രല്‍ അറ്റാക്കിംഗ് പൊസിഷനിലേയ്ക്ക് മാറുന്ന റോബന്‍. അതായിരുന്നു ഫുട്‌ബോള്‍ മൈതാനത്തെ അയാളുടെ അടയാളം. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരിക്കും അയാളത് ചെയ്തിരിക്കുക. ഗോള്‍പോസ്റ്റിലേയ്ക്ക് എണ്ണം പറഞ്ഞൊരടി അടിക്കാന്‍ പാകത്തില്‍ ഇടം ലഭിക്കുന്നതുവരെ അയാള്‍ എതിര്‍ ഡിഫന്‍ഡര്‍മാരെ ഓരോരുത്തരെയായി മറികടക്കുന്ന ആ കാഴ്ച ഫുട്‌ബോളിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നായിരുന്നു. ഷോട്ടെടുക്കാനായാലും ശരി, ഡ്രിബ്ള്‍ ചെയ്യാനായാലും ശരി, തന്റെ ഏറ്റവും വലിയ ശക്തിയായ ഇടംകാലിനായിരുന്നു ആര്യന്‍ റോബന്‍ എന്നും മുന്‍ഗണന നല്‍കിയിരുന്നത്. കരിയറില്‍ 134 ലീഗ് ഗോളുകള്‍ അയാള്‍ നേടിയത് ഇടംകാല്‍ കൊണ്ടായിരുന്നു. വെറും പത്ത് ലീഗ് ഗോള്‍ മാത്രമാണ് അയാള്‍ തന്റെ ദുര്‍ബലമായ വലംകാല്‍ കൊണ്ട് നേടിയിട്ടുള്ളത്. കളിക്കിടയില്‍ തന്റെ പൊസിഷനായ വലതു വിങ്ങില്‍ നിന്ന് ഇടതുവിങ്ങിലേയ്ക്ക് വഴുതിമാറുന്ന ശീലം റോബന്റെ സ്ഥിരം ഏര്‍പ്പാടായിരുന്നു. കളിക്കളത്തില്‍ വലതുവശത്തെ ഫുള്‍ ബാക്കുമായി റോബന്റെ രസതന്ത്രം എടുത്തുപറയേണ്ട ഒന്നാണ്. കളിക്കളത്തിലെ ആ ബന്ധം ടീമിന് എപ്പോഴും ഗുണം ചെയ്തു. ആവശ്യം വരുമ്പോഴൊക്കെ വലതുവിങ്ങില്‍ നിന്ന് അതിവേഗം പ്രതിരോധത്തിലെത്തി ഡിഫന്‍ഡര്‍മാരെ സഹായിക്കുന്ന ആര്യന്‍ റോബന്റെ ശീലവും ടീമിന് വലിയ സഹായമായിരുന്നു.

മൈതാനത്ത് ആവശ്യമില്ലാതെ വീഴുന്ന ശീലമുണ്ടായിരുന്ന റോബന് അക്കാര്യത്തിന് കടുത്ത നിമര്‍ശനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. പെനാല്‍റ്റി ബോക്‌സിനകത്ത് പെനാല്‍റ്റിക്കായി വീഴുന്നത് ഉള്‍പ്പടെയുള്ള നാടകങ്ങള്‍ റോബന്റേതായിട്ടുണ്ട്. ഇതിന് പലപ്പോഴും അയാള്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയിട്ടുമുണ്ട്. അതാരു മോശം ശീലമാണെന്ന് റോബന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ താന്‍ ചെയ്തുകൂടാത്തതാണെന്ന് ഒരിക്കല്‍ റോബന്‍ പറഞ്ഞു. റോബന്റെ വേഗതയും ക്രിയാത്മകതയും എതിരാളികള്‍ക്ക് എപ്പോഴും പ്രശ്‌നമാണെന്നും അതുകൊണ്ടുതന്നെ അയാളെ തടഞ്ഞുനിര്‍ത്താന്‍ എതിരാളികള്‍ക്ക് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെല്ലെന്നും ചെല്‍സിയില്‍ റോബന്റെ കോച്ചായിരുന്ന ഹോസെ മൗറീഞ്ഞോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പെനാല്‍റ്റി കിട്ടുന്നതിനായി റോബന്‍ വീഴല്‍ നാടകം അഭിനയിക്കാറുണ്ടെന്നും മൗറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ കരിയറിന്റെ തുടക്കകാലത്ത് ആര്യന്‍ റോബന്‍ പഴികേട്ടിരുന്ന മറ്റൊരു കാര്യം അയാളുടെ സ്വാര്‍ത്ഥതയായിരുന്നു. പന്ത് എപ്പോഴും സ്വയം കാലില്‍ വെയ്ക്കുന്നുവെന്നും സഹകളിക്കാര്‍ക്ക് പാസ് ചെയ്യാന്‍ മടിക്കുന്നുവെന്നും സ്വയം ഗോളടിക്കാന്‍ മാത്രമാണ് അയാള്‍ ആഗ്രഹിക്കുന്നതെന്നും അയാള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രധാനപ്പെട്ട കളികളില്‍ അയാള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതും വിമര്‍ശനവിധേയമായിരുന്നു. കരിയറില്‍ നിരന്തരമുണ്ടായ പരിക്കുകള്‍ ആര്യന്‍ റോബന് സ്വന്തം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതില്‍ തടസമായി. എന്നാല്‍ പിന്നീട് തന്റെ കായികക്ഷമതയും മനശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ആര്യന്‍ റോബന്‍ കാര്യമായി ശ്രമിക്കുകയും അതില്‍ ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. കരിയറില്‍ മുന്നോട്ടുപോകുംതോറും അയാള്‍ സ്ഥിരതയുള്ള കളിക്കാരനായി മാറി. എല്ലാം അര്‍ത്ഥത്തില്‍ ഒരു ടീം പ്ലേയറായി മാറി. സഹകളിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കി നല്‍കുന്നതിലും സ്വയം ഗോളടിക്കുന്നതിലും അയാള്‍ ഒരുപോലെ തിളങ്ങി.

ചെറുപ്രായത്തില്‍ത്തന്നെ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയ ആര്യന്‍ റോബന്‍ പ്രാദേശിക ക്ലബായ ഗ്രോനിന്‍ഗെന്‍ എഫ്.സിയിലെത്തിയതോടെയാണ് കൂടുതല്‍ ഗൗരവത്തോടെ ഫുട്‌ബോളിനെ സമീപിക്കുന്നത്. പന്തിനുമേലുള്ള അസാധാരണ നിയന്ത്രണവും മികച്ച ഫുട് വര്‍ക്കും അയാളുടെ പ്രത്യേകതകളായിരുന്നു. ഇത് അയാള്‍ക്ക് ഏറെ ഗുണം ചെയ്തു. ക്ലബുകള്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള കളിക്കാരിലൊരാളായി അയാള്‍ അതിവേഗം മാറി. ഗ്രോനിന്‍ഗെന്‍ എഫ്.സിയിലൂടെ റോബന്‍ തന്റെ പ്രതിഭ തേച്ചുമിനുക്കിയെടുത്തു. ആ കാലത്ത് അസാധാരണമായ ചില ഗോളുകള്‍ അയാള്‍ സ്‌കോര്‍ ചെയ്തിരുന്നു. രണ്ടായിരത്തില്‍ ഗ്രനിന്‍ഗെനിലെത്തുന്നതിന് മുമ്പ് 199ല്‍ തന്നെ റോബന്‍ നെതര്‍ലന്റ്‌സിന്റെ അണ്ടര്‍-15 ടീമില്‍ കളിച്ചിരുന്നു. പിന്നീടയാള്‍ നെതര്‍ലന്റ്‌സിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19, അണ്ടര്‍-21 ടീമുകളിലും കളിച്ചു. തുടര്‍ന്ന് 2003ല്‍ പത്തൊമ്പതാമത്തെ വയസില്‍ അയാള്‍ നെതര്‍ലന്റ്‌സിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അത്. 2004ലെ യൂറോ കപ്പായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍ ആര്യന്‍ റോബന്‍ കളിക്കുന്ന ആദ്യ ടൂര്‍ണമെന്റ്. അന്ന് ഡിക്ക് അഡ്വോക്കാറ്റ് ആയിരുന്നു നെതര്‍ലന്റ്‌സിന്റെ പരിശീലകന്‍. ടീമില്‍ കൂടുതല്‍ യുവകളിക്കാര്‍ വേണമെന്ന് ആഗ്രഹിച്ച അഡ്വോക്കാറ്റ് റോബനെയും വെസ്‌ലി സ്‌നൈഡറെയുമെല്ലാം ടീമിലുള്‍പ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിന്റെ അറുപത്താറാം മിനിറ്റില്‍ കോച്ച് ആര്യന്‍ റോബനെ പകരക്കാരനായി കളത്തിലിറക്കി. മത്സരത്തിന്റെ ആ ഘട്ടത്തില്‍ നെതര്‍ലന്റ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ റോബന്‍ ഇറങ്ങിയതിന് ശേഷം ചെക്ക് റിപ്പബ്ലിക്ക് രണ്ട് ഗോളടിക്കുകയും മത്സരം 3-2ന് ജയിക്കുകയും ചെയ്തു. ഇതോടെ റോബനെ പകരക്കാരനായി ഇറക്കാനുള്ള അഡ്വോക്കാറ്റിന്റെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന കിക്കെടുത്തത് റോബനായിരുന്നു. അയാള്‍ ലക്ഷ്യം കാണുകയും ടീമിനെ സെമിഫൈനലിലെത്തിക്കുകയും ചെയ്തു.

2006 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറെണ്ണത്തില്‍ കളിച്ച റോബന്‍ രണ്ട് ഗോളാണ് സ്‌കോര്‍ ചെയ്തത്. ലോകകപ്പിന് യോഗ്യത നേടിയ നെതര്‍ലന്റ്‌സിന്റെ ലോകകപ്പിലെ ആദ്യ മത്സരം സെര്‍ബിയയ്‌ക്കെതിരെയായിരുന്നു. മത്സരത്തില്‍ നെതര്‍ലന്റ്‌സിന്റെ വിജയ ഗോള്‍ നേടിയ ആര്യന്‍ റോബന്‍ പേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഐവറി കോസ്റ്റിനെതിരായ മത്സരത്തിലും പ്ലേയര്‍ ഓഫ് ദ മാച്ച് റോബനായിരുന്നു. 2008 യൂറോ കപ്പില്‍ നെതര്‍ലന്റ്‌സിന്റെ പരിശീലകനായെത്തിയ മാര്‍ക്കോ വാന്‍ബാസ്റ്റന്‍ ടീമിന്റെ ഘടന പാടെ മാറ്റി. റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്, വെസ്‌ലി സ്‌നൈഡര്‍, ഡിര്‍ക്ക് കുയ്റ്റ് എന്നിവരടങ്ങിയ മിഡ്ഫീല്‍ഡ് സഖ്യത്തിനാണ് വാന്‍ബാസ്റ്റന്‍ പ്രാധാന്യം കൊടുത്തത്. ഇതോടെ വിങ്ങര്‍ പൊസിഷനിലേയ്ക്കുള്ള മത്സരം ആര്യന്‍ റോബനും റോബിന്‍ വാന്‍ പേഴ്‌സിയും തമ്മിലായി. ഫ്രാന്‍സിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഇടവേളയ്ക്ക് പകരക്കാരനായാണ് റോബന്‍ ഇറങ്ങിയത്. മത്സരത്തിന്റെ അമ്പത്തൊമ്പതാമത്തെ മിനിറ്റില്‍ റോബിന്‍ വാന്‍ പേഴ്‌സിക്ക് ഗോളടിക്കാന്‍ അസിസ്റ്റ് നല്‍കിയ റോബന്‍ 72-ാമത്തെ മിനിറ്റില്‍ നെതര്‍ലന്റ്‌സിന്റെ മൂന്നാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ നെതര്‍ലന്റ്‌സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്തുവിട്ടു.

2010 ലോകകപ്പിലേക്കുള്ള നെതര്‍ലന്റ്‌സ് ടീമില്‍ ആര്യന്‍ റോബന്‍ ഉള്‍പ്പെട്ടു. ലോകകപ്പിന് തിരിക്കും മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഹംഗറിക്കെതിരെ കളിച്ച റോബന് പരിക്കുപറ്റി. ഇതോടെ ലോകകപ്പില്‍ അയാള്‍ക്ക് കളിക്കാന്‍ പറ്റുമോ എന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ റോബന് പകരക്കാരനായി ആരെയും ടീമിലുള്‍പ്പെടുത്തുന്നില്ലെന്നും അയാള്‍ക്ക് കളിക്കാനുള്ള എല്ലാ സാധ്യതയുമൊരുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നെതര്‍ലന്റ്‌സ് കോച്ച് വാന്‍ മാര്‍വിക്ക് പ്രഖ്യാപിച്ചു. ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും പകരക്കാരുടെ പട്ടികയില്‍ റോബന്റെ പേരുണ്ടായിരുന്നെങ്കിലും അയാള്‍ കളത്തിലിറങ്ങിയില്ല. എന്നാല്‍ കാമറൂണിനെതിരായ മത്സരത്തിന്റെ 73-ാമത്തെ മിനിറ്റില്‍ റോബന്‍ കളത്തിലിറങ്ങി. മത്സരത്തില്‍ റോബന്റെ ഒരടി ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുകയും തെറിച്ച പന്ത് സഹകളിക്കാരനായ ക്ലാസ് യാന്‍ ഹണ്ടെലാര്‍ ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരം 2-1ന് നെതര്‍ലന്റ്‌സ് ജയിച്ചു. രണ്ടാം റൗണ്ടില്‍ സ്ലോവാക്യക്കെതിരായ മത്സരത്തില്‍ റോബന്‍ തുടക്കം മുതലെ കളിക്കുകയും ഗോളടിക്കുകയും ചെയ്തു. മത്സരം 2-1ന് നെതര്‍ലന്റ്‌സ് ജയിച്ചപ്പോള്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചത് റോബനായിരുന്നു. സെമിഫൈനലില്‍ യുറുഗ്വേയ്ക്കതിരെയും ആര്യന്‍ റോബന്‍ ഗോളടിച്ചു. ഹെഡ്ഡര്‍ ഗോളായിരുന്നു അത്. 3-2ന് യുറുഗ്വേയെ മറികടന്ന് നെതര്‍ലന്റ്‌സ് ലോകകപ്പിന്റെ ഫൈനലിലെത്തി. എന്നാല്‍ ഫൈനലില്‍ നെതര്‍ലന്റ്‌സ് സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. മത്സരത്തില്‍ മികച്ചൊരു ഗോളവസരം റോബന് ലഭിച്ചതായിരുന്നെങ്കിലും അത് ഗോളാക്കി മാറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടു. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിന് ആര്യന്‍ റോബനും നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് യുറുഗ്വേയുടെ ഡീഗോ ഫോര്‍ലാന്‍ ആയിരുന്നു.

2012 യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ റോബന്റെ ഒരടി ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചുപോയി. മത്സരം നെതര്‍ലന്റ്‌സ് ഒരു ഗോളിന് തോറ്റു. തുടര്‍ന്ന് ജര്‍മനിക്കെതിരായ മത്സരത്തിലും റോബന്‍ കളിക്കാനിറങ്ങിയെങ്കിലും പിന്നീട് ഡിര്‍ക്ക് കുയ്റ്റ് അയാള്‍ക്ക് പകരക്കാരനായി ഇറങ്ങി. ആ മത്സരവും തുടര്‍ന്നുള്ള പോര്‍ച്ചുഗലിനോടെതിരായ മത്സരവും തോറ്റതോടെ നെതര്‍ലന്റ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ലോകകപ്പില്‍ നിന്ന് പുറത്തായി. 2014 ലോകകപ്പില്‍ സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ റോബന്‍ രണ്ട് ഗോളടിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അന്ന് നെതര്‍ലന്റ്‌സ് സ്‌പെയിനിനെ തുരത്തിയത്. അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും റോബന്‍ ഗോളടിച്ചു. 3-2ന് മത്സരം ജയിച്ച നെതര്‍ലന്റ്‌സ് നോക്കൗട്ടിലെത്തി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്‌ക്കെതിരെ പെനാല്‍റ്റി ഗോളിലാണ് നെതര്‍ലന്റ്‌സ് ജയിച്ചത്. ആ പെനാല്‍റ്റി ആര്യന്‍ റോബന്‍ അഭിനയിച്ചത് നേടിയതാണെന്ന് പിന്നീട് വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ആ പെനാല്‍റ്റി തീരുമാനം ശരിയായിരുന്നെന്നും എന്നാല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ താനൊരിക്കല്‍ വീണത് അഭിനയമാണെന്നും റോബന്‍ പറഞ്ഞു. താനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും റോബന്‍ കൂട്ടിച്ചേര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കോസ്റ്റാറിക്കയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് നെതര്‍ലന്റ്‌സ് ജയിച്ചപ്പോള്‍ അതിലൊരു കിക്കെടുത്തത് റോബനായിരുന്നു. സെമിഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പട്ടികയില്‍ റോബന്‍ ഉള്‍പ്പെട്ടെങ്കിലും അര്‍ജന്റീനിയന്‍ ഇതിഹാസം ലിയണല്‍ മെസ്സിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്. 2015ല്‍ ആര്യന്‍ റോബനെ നെതര്‍ലന്റിന്റെ ക്യാപ്റ്റനായി നിയമിച്ചു. 2018 ലോകകപ്പിനുള്ള യോഗ്യത നേടുന്നതില്‍ നെതര്‍ലന്റ്‌സ് പരാജയപ്പെട്ടതോടെ 2017 ഒക്ടോബര്‍ പത്തിന് താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി റോബന്‍ പ്രഖ്യാപിച്ചു. നെതര്‍ലന്റ്‌സിനായി 96 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ആര്യന്‍ റോബന്‍ 37 ഗോളാണ് സ്‌കോര്‍ ചെയ്തത്. ക്ലബ് തലത്തില്‍ ചെല്‍സിക്കൊപ്പം തുടര്‍ച്ചയായി രണ്ട് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് റോബന്‍. പിന്നീടയാള്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചു. 2013 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന്റെ വിജയ ഗോള്‍ നേടിയത് റോബനായിരുന്നു. ക്ലബ് തലത്തില്‍ 426 മത്സരങ്ങളില്‍ നിന്ന് മൊത്തം 150 ഗോളാണ് ആര്യന്‍ റോബന്‍ അടിച്ചത്.

ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് ആര്യന്‍ റോബനെന്ന് തെളിയിക്കുന്നതാണ് അയാളുടെ അസാധാരണ കരിയര്‍ റെക്കോഡ്. റോബനെപ്പോലെ കൃത്യതയുള്ള വിങ്ങര്‍മാര്‍ അധികമൊന്നും ലോക ഫുട്‌ബോലിലുണ്ടായിട്ടില്ല. ഫുട്‌ബോളിലെ വിങ്ങര്‍ എന്ന പൊസിഷനെ പുനര്‍നിര്‍വചിച്ച ആര്യന്‍ റോബന്‍ തലമുറകളിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അസാധാരണ പ്രതിഭയാണ്. റോബന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കിയ ആനന്ദം എക്കാലത്തും അവരുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments