കെ.ശ്രീജിത്ത്
ചെമ്പന്‍ തലമുടിയും കുസൃതിക്കണ്ണുകളും കുട്ടിത്തം വിട്ടുമാറാത്ത മുഖവുമായി ഒരു ഫാസ്റ്റ് ബൗളര്‍. എന്നാല്‍ അയാള്‍ കളിക്കളത്തിലിറങ്ങിയാല്‍ പിന്നെ ആക്രമണോത്സുകതയുടെ പര്യായമായി മാറും. അതായിരുന്നു സ്റ്റിയുവര്‍ട്ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണുമൊത്തുള്ള ബ്രോഡിന്റെ ന്യൂബോള്‍ കൂട്ടുകെട്ട് വര്‍ഷങ്ങളോളം ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു. ഏത് പിച്ചില്‍ നിന്നും ബൗണ്‍സ് കണ്ടെത്താനുള്ള ബ്രോഡിന്റെ അസാധാരണ കഴിവും ആന്‍ഡേഴ്സന്റെ സാങ്കേതികത്തികവും കൂടിച്ചേര്‍ന്നതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച ന്യൂബോള്‍ കൂട്ടുകെട്ടുകളിലൊന്നായി മാറി ബ്രോഡ്-ആന്ഡേഴ്സണ് സഖ്യം. ആന്ഡേഴ്സണ് നാഴികക്കല്ലുകള്‍ ഓരോന്നായി പിന്നിട്ടപ്പോള്‍ ആന്‍ഡേഴ്സന്റെ ആ പാതയില്‍ ബ്രോഡ് അയാളെ നിശബ്ദം പിന്തുടര്ന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്രയോ, എത്രയോ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബ്രോഡിന്റെ ഒരു പ്രകടനം പക്ഷെ എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ളതാണ്. 2015ലെ ആഷസ് പരമ്പരയില്‍ അയാളുടെ നാടായ ട്രെന്റ് ബ്രിഡ്ജില്‍ വെച്ച് നടന്ന ടെസ്റ്റിന്റെ ആദ്യ സെഷനിലായിരുന്നു അത്. അന്ന് ഓസ്ട്രേലിയ ഒന്നാമിന്നിംഗ്സില്‍ ഉച്ചഭക്ഷണത്തിന് മുമ്പ് ഓള് ഔട്ടായി. 18.3 ഓവറില്‍ വെറും 60 റണ്ണായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. 15 റണ്‍ മാത്രം വിട്ടുകൊടുത്ത് എട്ട് ഓസ്ട്രേലിയന്‍ വിക്കറ്റുകളാണ് അന്ന് ബ്രോഡ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അതെന്നും വാഴ്ത്തപ്പെടും. എക്കാലത്തേയ്ക്കുമുള്ള അപമാനമായിരുന്നു ഓസ്ട്രേലിയയ്ക്കത്. അതും 18 മാസം മുമ്പ് ഇതേ ഇംഗ്ലണ്ടിനെ 5-0ന് തോല്പിച്ചതായിരുന്നു ഓസ്ട്രേലിയ എന്നതുകൂടി ഓര്‍ക്കണം.

ഫോമിന്റെ ഉച്ചസ്ഥായിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാന്‍ കെല്പുള്ള ബൗളറായിരുന്നു ബ്രോഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബ്രോഡ് ഏഴ് തവണയാണ് ഒരൊറ്റ സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. ഇതില്‍നിന്നുതന്നെ അയാള്‍ എതിര്‍ടീമുകളില്‍ വിതച്ച നാശം വ്യക്തമാണ്. പലപ്പോഴും ക്രിക്കറ്റ് ഫീല്‍ഡിലെ ബ്രോഡിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികളുയര്‍ന്നിട്ടുണ്ടെങ്കിലും ആ ആക്രമണോത്സുകമായ സമീപനം തന്നെയായിരുന്നു അയാളുടെ ഏറ്റവും വലിയ ശക്തി. എതിരാളികളെ ഭയത്തിന്റെ ഒരു വലയിലാക്കാന്‍ അയാള്‍ക്ക് അതുകൊണ്ട് സാധിച്ചു. 2011നും 2015നുമിടയ്ക്ക് ട്വന്റി20 ക്രിക്കറ്റില്‍ അയാള്‍ 27 തവണ ഇംഗ്ലണ്ടിനെ നയിച്ചു. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ട പ്രതിഭയല്ല ബ്രോഡ് എന്ന് മനസിലാക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അയാളെ പിന്നീടങ്ങോട്ട് കൂടുതലും ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് ഫലമുണ്ടാവുകയും ചെയ്തു. ഏറെക്കാലം ടെസ്റ്റ് മത്സരങ്ങളില്‍ നിറഞ്ഞുനില്ക്കാന് ബ്രോഡിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ അച്ഛന് ക്രിസ് ബ്രോഡിനെപ്പോലെ സ്റ്റിയുവര്‍ട്ടും ഒരു ഓപ്പണിംഗ് ബാറ്ററായിരുന്നു. എന്നാല്‍ പിന്നീടയാളുടെ മനസ് മാറുകയും വെറും 18 മാസം കൊണ്ട് ഒരു ഫാസ്റ്റ് ബൗളറായി സ്വയം പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ അണ്ടര്‍-19 ടീമില്‍ അംഗമായതോടെയാണ് സ്റ്റിയുവര്‍ട്ട് ബ്രോഡ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീടയാള്‍ കൗണ്ടി ക്രിക്കറ്റില്‍ ലെയ്സസ്റ്റര്ഷെയറിന്റെ ആദ്യ ഇലവനില്‍ സ്ഥിരാംഗമായി. ഫസ്റ്റ് ക്ലാസില്‍ 11 മത്സരം മാത്രം കളിച്ചിരിക്കെ, 2006 മാര്‍ച്ചില്‍ അയാളെ ഇംഗ്ലണ്ട് എ ടീമിലുള്‍പ്പെടുത്തുന്നു. അഞ്ച് മാസത്തിന് ശേഷം ഇംഗ്ലണ്ട് സീനിയര്‍ ഏകദിന ടീമിലും അയാളെത്തി. 2007ല്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ യുവ് രാജ് സിംഗ്, സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തിലും സിക്സടിച്ചത് അയാള്‍ക്കൊരു വലിയ ആഘാതമായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ബ്രോഡ് ആ ആഘാതത്തില്‍ നിന്നും മുക്തനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി. ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നടന്ന ഏകദിന പരമ്പരയില്‍ ബ്രോഡ് 11 വിക്കറ്റാണ് വീഴ്ത്തിയത്. അതും ചുരുങ്ങിയ റണ്‍ മാത്രം വിട്ടുകൊടുത്ത്. ആ പരമ്പര 3-2ന് ഇംഗ്ലണ്ട് ജയിച്ചു. ഈ പ്രകടനത്തോടെ തുടര്‍ന്നുനടന്ന ടെസ്റ്റ് പരമ്പരയിലേയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ബ്രോഡിനെ ഉള്‍പ്പെടുത്തി.

കൊളംബോയിലായിരുന്നു ബ്രോഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. 2009ല്‍ ആഷസ് പരമ്പരയിലെ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റായിരുന്നു ബ്രോഡിന്റെ ടെസ്റ്റ് കരിയറില്‍ വഴിത്തിരിവായത്. പരമ്പര സമനിലയിലായിരിക്കെ, ആ ടെസ്റ്റില്‍ ബ്രോഡിന്റെ ബൗളിംഗ് ഇംഗ്ലണ്ടിന് മേല്‍ക്കൈ നേടിക്കൊടുത്തു. 12 ഓവറില്‍ 37 റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്. ഇതില്‍ തന്നെ 21 പന്തിലാണ് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരാനായില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ശേഷം 2010-11ലാണ് ബ്രോഡിന് ആദ്യമായി പരിക്കേല്‍ക്കുന്നത്. അന്ന് ആഷസ് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് പരിക്ക് മൂലം പിന്മാറേണ്ടിവന്ന ബ്രോഡിന് 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെയും പരിക്കേറ്റു. 2011ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ ഹാട്രിക്ക് നേടുന്നത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ വെറും അഞ്ച് റണ്‍ വിട്ടുകൊടുത്താണ് ബ്രോഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ഹാട്രിക്കും ഉള്‍പ്പെടുന്നു. ആ പരമ്പരയില്‍ പ്ലേയര്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രോഡ് ആയിരുന്നു. 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ ബ്രോഡ് ഉജ്ജ്വല ഫോമിലായിരുന്നു. ഇതില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തിന്റെ ഒന്നാമിന്നിംഗ്സില്‍ അയാള്‍ 72 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിംഗ്സില്‍ നാല് വിക്കറ്റ് കൂടി നേടിയതോടെ 1978ല്‍ ഇയാന്‍ ബോതത്തിന് ശേഷം ലോര്‍ഡ്സില്‍ ഒരു മത്സരത്തില്‍ പത്ത് വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളറായി ബ്രോഡ് മാറി.

എന്നാല്‍ പിന്നീട് ബ്രോഡിന്റെ ഫോമില്‍ കാര്യമായ ഇടിവുണ്ടായി. അക്കാലത്ത് ബ്രോഡിന്റെ ബൗളിംഗിന്റെ വേഗത കുറഞ്ഞെന്ന ആക്ഷേപവുമുണ്ടായി. ഇന്ത്യന്‍ പര്യടനത്തിനിടെ അയാള്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ഫോമില്ലായ്മയും ഉപ്പൂറ്റിയിലേറ്റ പരിക്കും അയാളെ വലച്ചു. എന്നാല്‍ പിന്നീട് പരിക്കിനെ മറികടക്കാന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഷൂസ് ധരിച്ച് കളിച്ച് തുടങ്ങിയതോടെ ബ്രോഡ് പുരോഗതി കാണിച്ചുതുടങ്ങി. തുടര്‍ന്ന് ന്യൂസീലന്റിനെതിരെ ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റില്‍ 44 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തി ബ്രോഡ് തിരിച്ചുവന്നു. ഇതിനുപിന്നാലെ ഡര്‍ഹമില്‍ ഓസ്ട്രലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി ഏതാണ്ട് ഒറ്റയ്ക്ക് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തു. ബ്രോഡിന്റെ ഈ പ്രകടനമാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്നാമതും ആഷസ് പരമ്പര ജയിക്കാന്‍ കാരണമായത്. 2013-14ല്‍ ഓസ്ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലെ ബ്രിസ്ബെയ്നില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ബ്രോഡ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ആ പരമ്പര ഇംഗ്ലണ്ട് 5-0ന് തോറ്റു. ആഷസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ‘വൈറ്റ് വാഷ്’ ആയിരുന്നു അത്. പരമ്പരയില്‍ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ബ്രോഡായിരുന്നു. ആ ആഷസ് പരമ്പരയിലുടനീളം ഓസ്ട്രേലിയന്‍ കാണികള്‍ ബ്രോഡിനെ കൂകിവിളിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ ആഷസില്‍ ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ പുറത്തായിട്ടും സ്വയം തിരിച്ചുനടക്കാതിരുന്ന ബ്രോഡിന്റെ പെരുമാറ്റത്തിലുണ്ടായ അസംതൃപ്തിയായിരുന്നു അത്. എന്നാല്‍ ഓസ്ട്രേലിയന്‍ കാണികള്‍ എത്ര കൂകിവിളിച്ചിട്ടും ശാന്തമായി, ക്ഷമയുടെ പരിധി വിടാതെ പെരുമാറിയ സ്റ്റ്യുവര്‍ട്ട് ബ്രോഡ് അന്ന് കാണിച്ച പക്വത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 2014ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിനെതിരെയും തൊട്ടടുത്ത വര്‍ഷം നടന്ന ആഷസിലും ബ്രോഡ് മികച്ച ഫോമിലായിരുന്നു. 2015-16ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബ്രോഡ് വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തു. ജോഹനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ ബ്രോഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചു. ഇതോടെ ടെസ്റ്റിലെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പര്‍ സ്ഥാനത്തിന് കൂടിയാണ് ബ്രോഡ് അന്ത്യം കുറിച്ചത്. 2018ല്‍ ന്യൂസീലന്റിലെ ഓക് ലന്റില് നടന്ന ടെസ്റ്റ് മത്സരത്തില്‍ ബ്രോഡ് 400 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

ബൗളറെന്ന നിലയില്‍ സ്റ്റിയുവര്‍ട്ട് ബ്രോഡ് ഉയരങ്ങളിലെത്തിയെങ്കിലും പ്രതിഭയുണ്ടായിട്ടും ബാറ്റര്‍ എന്ന നിലയില്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. സാക്ഷാല്‍ ജെഫ്രി ബോയ്ക്കോട്ട് ബ്രോഡിന്റെ ബാറ്റിംഗിനെ വെസ്റ്റ് ഇന്‍ഡീസിന്റെ സര് ഗാര്‍ഫീല്‍ സോബേഴ്സിന്റെ ബാറ്റിംഗുമായി താരതമ്യം ചെയ്തെങ്കിലും ബാറ്റിംഗിന്റെ കാര്യത്തില്‍ അയാളൊരിക്കലും തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയില്ല. കരിയറിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് പണ്ഡിതന്മാര് പ്രവചിച്ചതുപോലെ എല്ലാം തികഞ്ഞൊരു ഓള്റൗണ്ടറായില്ല. എന്നാല്‍ 2010ല്‍ ലോര്‍ഡ്സില്‍ പാകിസ്താനെതിരെ ബ്രോഡ് നേടിയ 169 റണ്‍ മികച്ച ഇന്നിംഗ്സായിരുന്നു. ഒമ്പതാം നമ്പറിലിറങ്ങുന്ന ഒരു ഇംഗ്ലീഷ് ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു അത്. അന്ന് 102 റണ്ണിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നു ബ്രോഡിന്റെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ പിന്നീട് ഈ ടെസ്റ്റ് മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പാക് ബൗളര്‍മാരായ മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും ബോധപൂര്‍വം നോബോള്‍ എറിഞ്ഞ് വാതുവെയ്പുകാരെ സഹായിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആസിഫിനും ആമിറിനും ക്യാപ്റ്റന്‍ സല്മാന് ബട്ടിനും വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമാവുകയും ചെയ്ത ടെസ്റ്റ് മത്സരമായിരുന്നു അത്.

167 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 604 വിക്കറ്റാണ് സ്റ്റ്യുവര്‍ട്ട് ബ്രോഡ് വീഴ്ത്തിയത്. 27.68 ആണ് ശരാശരി. ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 20 തവണയും മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടം മൂന്ന് തവണയും കരസ്ഥമാക്കി. 15 റണ്‍ വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഒരിന്നിംഗ്സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 121 ഏകദിനങ്ങളില്‍ നിന്ന് ബ്രോഡ് നേടിയത് 178 വിക്കറ്റാണ്. 30.13 ആണ് ശരാശരി. 5.26 ആണ് എക്കോണമി നിരക്ക്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം. 23 റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 56 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് ബ്രോഡ് നേടിയത് 65 വിക്കറ്റാണ്. 22.93 ആണ് ശരാശരി. 24 റണ്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 7.62 ആണ് എക്കോണമി നിരക്ക്. ടെസ്റ്റില്‍ 3662 റണ്ണാണ് ബ്രോഡ് മൊത്തം സ്കോര്‍ ചെയ്തത്. 18.03 ആണ് ശരാശരി. 169 ആണ് ഉയര്‍ന്ന സ്കോര്‍. ഏകദിനത്തില്‍ 529 റണ്‍ നേടിയ ബ്രോഡിന്റെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 45 റണ്ണാണ്. 12.30 ആണ് ശരാശരി. ട്വന്റി20യില്‍ മൊത്തം 118 റണ്ണാണ് ബ്രോഡിന്റെ സമ്പാദ്യം. 7.37 ആണ് ശരാശരി. പുറത്താകാതെ നേടിയ 18 റണ്ണാണ് ഉയര്‍ന്ന സ്കോര്‍.

ലോകക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു സ്റ്റ്യുവര്‍ട്ട് ക്രിസ്റ്റഫര്‍ ജോണ്‍ ബ്രോഡ്. ഫോമിലുള്ളപ്പോള്‍ അയാള്‍ നിര്‍ദയം എതിര്‍ടീമുകളുടെ ബാറ്റിംഗ് ലൈനപ്പിനെ കീറിമുറിച്ചു. അപ്പോഴൊക്കെ ഏറെ വിനാശകാരിയായ ബൗളറായി അയാള്‍ മാറി. ഏഴ് തവണയാണ് ബ്രോഡ് ഒരൊറ്റ സ്പെല്ലില് അഞ്ച് വിക്കറ്റ് നേടിയതെന്ന കണക്ക് അതിന്റെ മികച്ച ഉദാഹരണമാണ്. പലപ്പോഴും ഒരൊറ്റ സെഷനിലൊക്കെ എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ ബ്രോഡ് ഇംഗ്ലണ്ടിനെ സഹായിച്ചു. എതിരാളികളുടെ വലുപ്പം നോക്കിയല്ല, തന്റെ കഴിവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് അയാള്‍ ബൗള്‍ ചെയ്തത്. അതുകൊണ്ടുതന്നെ എതിരാളികള്‍ ആരെന്നത് അയാള്‍ക്കൊരു പ്രശ്നമായിരുന്നില്ല. ആന്‍ഡേഴ്സണുമൊത്തുള്ള ബ്രോഡിന്റെ ബൗളിംഗ് കൂട്ടുകെട്ട് ഒരുകാലത്ത് ലോകക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്കിയ ക്രിക്കറ്ററാണ് സ്റ്റിയുവര്‍ട്ട് ബ്രോഡ്. വല്ലപ്പോഴുമൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭ. ഏത് കാലത്തെയും അതിജീവിക്കാന്‍ കരുത്തുള്ള പ്രതിഭ.



