കെ.ശ്രീജിത്ത്
ഏത് ക്രിക്കറ്ററുടെയും സ്വപ്‌ന താരമാണ് വസീം അക്രം. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാരുടെ. അക്രത്തെപ്പോലെ ആകാനാണ് ലോകത്തെ ഏതൊരു യുവ ഫാസ്റ്റ് ബൗളറും ആഗ്രഹിക്കുന്നത്. വിരമിച്ച് രണ്ട് പതീറ്റാണ്ടിനുശേഷവും യുവതാരങ്ങളുടെയെല്ലാം ആരാധാനാപാത്രമായി തുടരുക എന്നതിനെക്കാള്‍ വലിയ അംഗീകാരമൊന്നും ഒരു ക്രിക്കറ്റര്‍ക്ക് കിട്ടാനില്ല. ഏറ്റവും മികച്ച ഫോമില്‍ വസീം അക്രം കളിക്കുമ്പോള്‍ അങ്ങനെയൊക്കെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഓരോരുത്തരും ഉള്ളില്‍ ആഗ്രഹിക്കുക. കാരണം അത്ര ഗംഭീരമായിരുന്നു അക്രത്തിന്റെ ബൗളിംഗ്. പന്ത് സ്വിങും സീമും ചെയ്യിക്കുന്നതില്‍ അക്രത്തിന് അത്രമാത്രം മിടുക്കുണ്ടായിരുന്നു. ചിലപ്പോള്‍ ഒരൊറ്റ പന്തില്‍ ഇരുവശത്തേയ്ക്കും പന്തിനെ ചലിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികനായിരുന്നു അയാള്‍. അതും ഏറ്റവും വേഗത്തിലായിരിക്കും അയാളുടെ പന്തുകള്‍ വരിക. അപകടകരമായ ബൗണ്‍സറുകളും അത്യന്തം വിനാശകാരിയായ സ്ലോ ബോളുകളും അക്രത്തിന്റെ പ്രത്യേകതയായിരുന്നു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായാണ് വസീം അക്രം കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ കഴിവിനൊത്ത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അക്രത്തിനായില്ല. ടെസ്റ്റില്‍ സിംബാബ് വെയ്‌ക്കെതിരെ നേടിയ 257 റണ്ണിന്റെ ഒരിന്നിംഗ്‌സ് ഒഴിച്ചാല്‍ കാര്യമായി പറയാനൊന്നുമില്ലാത്ത അവസ്ഥ.

ലാഹോറിലെ ഇടുങ്ങിയ തെരുവുകളില്‍ കളിച്ചാണ് അക്രം വളര്‍ന്നുവന്നത്. കുട്ടിക്കാലത്ത് ഇടംകൈയ്യന്‍ സ്പിന്നറും ഓപ്പണിംഗ് ബാറ്ററുമാകാനാണ് അക്രം ആഗ്രഹിച്ചതെങ്കിലും ലോകത്തെ വിറപ്പിക്കുന്ന ഒരു ഫാസ്റ്റ് ബൗളറായാണ് അക്രം മാറിയത്. 1984ല്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ അക്രം പാകിസ്താന്‍ ദേശീയ ടീമിനായി അരങ്ങേറി. ന്യൂസീലന്റിനെതിരായ ഏകദിന മത്സരത്തിലായിരുന്നു അത്. സഹീര്‍ അബ്ബാസായിരുന്നു അന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍. തന്റെ മൂന്നാമത്തെ ഏകദിന മത്സരത്തില്‍ അക്രം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം ന്യൂസീലന്റിനെതിരെത്തന്നെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. തന്റെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ അക്രം പത്ത് വിക്കറ്റ് വീഴ്ത്തി. ദേശീയ ടീമിലെത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അക്രം ആരും അറിയാത്ത വെറുമൊരു ക്ലബ് ക്രിക്കറ്ററായിരുന്നു. അന്നയാള്‍ കോളേജ് ടീമില്‍ പോലും തിരഞ്ഞെടുപ്പെടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ടീമിലേയ്ക്കുള്ള ട്രയല്‍സില്‍ പങ്കെടുത്ത അക്രത്തിന് ആദ്യത്തെ രണ്ട് ദിവസം ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്നാമത്തെ ദിവസം അവസരം കിട്ടിയ അക്രം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുകയും ട്രയല്‍സ് നിരീക്ഷിക്കാനെത്തിയിരുന്ന ജാവേദ് മിയാന്‍ദാദിന് മതിപ്പുളവാക്കുകയും ചെയ്തു. തുടര്‍ന്ന് മിയാന്‍ദാദ് അക്രത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയും അതുവഴി അക്രത്തിന് ദേശീയ ടീമില്‍ കളിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്തു. അങ്ങനെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരുതരത്തിലുള്ള പരിചയവുമില്ലാതെ അക്രം ദേശീയ ടീമിനായി കളിക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ വസീം അക്രത്തിന്റെ വളര്‍ച്ച. 1980കളുടെ അവസാനം അയാള്‍ മിന്നിത്തിളങ്ങി. 1988ല്‍ പാകിസ്താന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വസീം അക്രവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് പരിക്ക് വില്ലനായി. രണ്ട് ശ്‌സ്തക്രിയകള്‍ക്ക് ശേഷം 1990ന്റെ തുടക്കത്തില്‍ അക്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും പഴയ പ്രതാപത്തോടെത്തന്നെ തിരിച്ചെത്തി. സ്വിങിലും കൃത്യതയിലും ശ്രദ്ധിക്കാനാണ് പിന്നീടയാള്‍ ശ്രമിച്ചത്.

1990കളുടെ പകുതിയില്‍ അക്രത്തിന് പ്രമേഹ രോഗം കണ്ടെത്തിയത് അയാള്‍ക്ക് തിരിച്ചടിയാകുമെന്ന് പലരും കരുതി. എന്നാല്‍ ആ വെല്ലുവിളിയെ അയാള്‍ അനായാസം മറികടന്നു. അതിവേഗത്തില്‍ ഇരുവശത്തേയ്ക്കും പന്തിനെ ചലിപ്പിക്കാനുള്ള അക്രത്തിന്റെ കഴിവ് എതിരാളികളെ ഭയപ്പെടുത്തി. 1990ല്‍ പാകിസ്താനുണ്ടായ മിക്ക ജയങ്ങളുടെയും ശില്പി വസീം അക്രമായിരുന്നു. അക്രത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം 1992ല്‍ പാകിസ്താന്‍ ലോകകപ്പ് ജയിച്ചതായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയിലുള്ള അക്രത്തിന്റെ മികവാണ് പാകിസ്താന് 92ല്‍ ലോകകപ്പ് നേടിക്കൊടുത്തത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അയാള്‍ നിര്‍ണായകമായ റണ്‍ നേടുകയും നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനുവേണ്ടി 19 പന്തില്‍ 33 അതിനിര്‍ണായക റണ്‍ നേടിയ അക്രം ബൗളിംഗിനെത്തിയപ്പോള്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. തുടക്കത്തില്‍ ഇയാന്‍ ബോതത്തിന്റെ വിക്കറ്റെടുത്ത അക്രം പിന്നീട് അലന്‍ ലാംബിനെയും ക്രിസ് ലൂയിസിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി. ഇൗ വിക്കറ്റുകളാണ് കളിയില്‍ വഴിത്തിരിവായത്. അക്രം ആയിരുന്നു മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് വസീം അക്രം ആയിരുന്നു. 1992ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് അക്രം ആയിരുന്നു. തൊണ്ണൂറുകളില്‍ വഖാര്‍ യൂനിസുമൊത്തുള്ള വസിം അക്രത്തിന്റെ ബൗളിംഗ് പാര്‍ട്ണര്‍ഷിപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളിംഗ് കൂട്ടുകളിലൊന്നാണ്. തൊണ്ണൂറുകളില്‍ എതിരാളികളുടെ കാല്‍മുട്ടിടിപ്പിച്ച കൂട്ടുകെട്ടായിരുന്നു ഇത്. അതേസമയം ഇരുവരും തൊണ്ണൂറുകളില്‍ പാകിസ്താന്‍ ക്രിക്കറ്റിനെ ആടിയുലച്ച വാതുവെയ്പ് ആരോപണങ്ങളിലും പെട്ടു. ഇമ്രാന്‍ ഖാനില്‍ നിന്നാണ് താന്‍ സ്വിംഗ് ബൗളിംഗ് എന്ന കല പഠിച്ചെടുത്തതെന്ന് അക്രം എപ്പോഴും പറഞ്ഞു.

അക്രത്തിന്റെ അഭിപ്രായത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാല്‍ക്കം മാര്‍ഷലും ഓസ്‌ട്രേലിയയുടെ ഡെന്നിസ് ലില്ലിയുമാണ് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍. താന്‍ നേരിട്ടതില്‍ വെച്ചേറ്റവും മികച്ച ബാറ്റര്‍ ന്യൂസീലന്റിന്റെ മാര്‍ട്ടിന്‍ ക്രോ ആണെന്നും വസീം അക്രം പറഞ്ഞു. ഇമ്രാന്‍ ഖാന് ശേഷം സ്വാഭാവികമായും ടീമിന്റെ ക്യാപ്റ്റനാകേണ്ടിയിരുന്ന വസീം അക്രത്തിന് പക്ഷെ വാതുവെയ്പ് ആരോപണങ്ങള്‍ തിരിച്ചടിയായി. അക്രത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്പിച്ച ആരോപണങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. പിന്നീട് ടീമിന്റെ ക്യാപ്റ്റനാവുകയും 1998-99ല്‍ പാകിസ്താനെ ഏഷ്യാ കപ്പ് കിരീടത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ശ്രീലങ്കയെയായിരുന്നു പാകിസ്താന്‍ അന്ന് ഫൈനലില്‍ തോല്പിച്ചത്. 1999ല്‍ അക്രത്തിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ ടീം ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 2003 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ അക്രമായിരുന്നു പാകിസ്താന്റെ ഏറ്റവും മികച്ച ബൗളര്‍. എന്നാല്‍ സൂപ്പര്‍ സിക്‌സിലെത്താതെ പാകിസ്താന്‍ പുറത്തായപ്പോള്‍ വസീം അക്രമടക്കം എട്ട് കളിക്കാരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്ന് പുറത്താക്കി.

17 ടെസ്റ്റുകളിലാണ് വസീം അക്രം പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. അതായത് ഓരോ ആറ് ടെസ്റ്റിലും ഒരു തവണ അയാള്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി എന്നര്‍ത്ഥം. ഏകദിന മത്സരങ്ങളില്‍ 22 തവണയാണ് അക്രം പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റര്‍മാരുടെ കളിയായ പരിമിത ഓവര്‍ ക്രിക്കറ്റില്‍ 22 തവണ ഒരു ബൗളര്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു എന്നതുതന്നെ അക്രത്തിന്റെ പ്രതിഭയ്ക്ക് ഉദാഹരണമാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായാണ് അക്രത്തെ കണക്കാക്കുന്നതെങ്കിലും ടെസ്റ്റില്‍ അയാള്‍ അഞ്ച് തവണ പത്ത് വിക്കറ്റെന്ന നേട്ടം കരസ്ഥമാക്കിയെങ്കിലും അതില്‍ നാല് തവണയും ടീം പരാജയപ്പെട്ടു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. 1996ലെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ അവസാന നിമിഷം ടീമില്‍ നിന്ന് പിന്‍വാങ്ങിയ അക്രത്തിന്റെ നടപടി ഏറെ വിവാദമായി. മത്സരം പാകിസ്താന്‍ തോല്‍ക്കുക കൂടി ചെയ്തതോടെ അക്രത്തിന് ഏറെ പഴി കേള്‍ക്കേണ്ടിവന്നു. 1999 ലോകകപ്പില്‍ അസോസിയേറ്റ് മെംബറായിരുന്ന ബംഗ്ലാദേശിനോടും ഫൈനലില്‍ ഓസ്‌ട്രേലിയയോടും അക്രത്തിന്റെ കീഴില്‍ പാകിസ്താന്‍ തോറ്റപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. വാതുവെയ്പിന്റെ ഭാഗമായാണ് 96 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് അക്രം പിന്‍വാങ്ങിയതെന്നും 99 ലോകകപ്പിലെ പാജയങ്ങളെന്നുമായിരുന്നു ആരോപണങ്ങള്‍. തുടര്‍ന്ന് ജസ്റ്റിസ് ഖയ്യാമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അക്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കി.

വ്യത്യസ്ത ലോകകപ്പുകളിലായി 38 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റാണ് വസീം അക്രം വീഴ്ത്തിയത്. മിക്ക ബാറ്റിംഗ് ഇതിഹാസങ്ങളും തങ്ങള്‍ കരിയറില്‍ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളറായി ചൂണ്ടിക്കാട്ടിയിട്ടുള്ളത് വസീം അക്രത്തെയാണ്. ബ്രയന്‍ ലാറ, ജാക്വിസ് കാലിസ്, റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്ററായി 2001ല്‍ വിസ്ഡന്‍ വസീം അക്രത്തെ തിരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസിന്റെ ജോയല്‍ ഗാര്‍ണര്‍, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത്, പാകിസ്താന്റെ തന്നെ ഇമ്രാന്‍ ഖാന്‍, വഖാര്‍ യൂനിസ്, ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ എന്നിവരെ മറികടന്നായിരുന്നു ഇത്. ഏകദിന ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം ആദ്യമായി കരസ്ഥമാക്കിയ ബൗളര്‍ വസീം അക്രം ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് ഹാട്രിക്കുകളാണ് വസീം അക്രം നേടിയിട്ടുള്ളത്. രണ്ടെണ്ണം ടെസ്റ്റിലും രണ്ടെണ്ണം ഏകദിനത്തിലും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ ബൗളറെന്ന നേട്ടം അക്രം ശ്രീലങ്കയുടെ ലസിത് മലിംഗയോടൊപ്പം പങ്കിടുന്നു. 1996ല്‍ സിംബാബ് വെയ്‌ക്കെതിരെ അക്രം 257 റണ്‍ നേടിയപ്പോള്‍ ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത ഒരു കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായി അത്. ആ ഇന്നിംഗ്‌സില്‍ 12 സികസ്‌റുകളാണ് അക്രം അടിച്ചുകൂട്ടിയത്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചതിനുള്ള ലോകറെക്കോഡായിരുന്നു അത്. കൗണ്ടിയില്‍ ലങ്കാഷെയറിനുവേണ്ടി 1988 മുതല്‍ 98 വരെ ഒരു ദശകത്തോളം ബൗളിംഗ് ഓപ്പണ്‍ ചെയ്തിരുന്നത് വസീം അക്രമായിരുന്നു.

104 ടെസ്റ്റുകളില്‍ നിന്ന് 414 വിക്കറ്റാണ് വസീം അക്രം വീഴ്ത്തിയത്. 23.62 ആണ് ശരാശരി. ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 25 തവണയും മത്സരത്തിലാകെ പത്ത് വിക്കറ്റെന്ന നേട്ടം അഞ്ച് തവണയും സ്വന്തമാക്കി. 356 ഏകദിന മത്സരങ്ങളില്‍ നിന്ന് 502 വിക്കറ്റാണ് അക്രം നേടിയത്. 23.52 ആണ് ശരാശരി. ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം ആറ് തവണ കരസ്ഥമാക്കി. 3.89 ആണ് എക്കണോമി നിരക്ക്. ടെസ്റ്റില്‍ 2898 റണ്ണാണ് അക്രം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 257 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 3,717 റണ്ണാണ് അക്രത്തിന്റെ സമ്പാദ്യം. ആറ് അര്‍ദ്ധ സെഞ്ച്വറികളാണ് നേടിയത്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളാണ് വസീം അക്രം. സ്വിങും സീമും ഒപ്പം അസാമാന്യ വേഗതയും ഒത്തുചേര്‍ന്ന, എല്ലാം തികഞ്ഞൊരു ബൗളര്‍. ബൗണ്‍സറുകളും സ്ലോ കട്ടറുകളും യോര്‍ക്കറുകളുമെല്ലാം അക്രത്തിന്റെ ആവനാഴിയിലുണ്ടായിരുന്നു. ഏതാണ്ട് രണ്ട് പതീറ്റാണ്ടോളം ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന അക്രം ലോകകപ്പ് അടക്കം ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബൗളറാണ്. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ലോകക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്ന് വസീം അക്രത്തിന്റേതായിരുന്നു. അക്രം വഴി പാകിസ്താന്‍ ഏറെ വിജയങ്ങള്‍ നേടി. ക്യാപ്റ്റനെന്ന നിലയിലും തെറ്റില്ലാത്ത പ്രകടനമായിരുന്നു അക്രത്തിന്റേത്. വസീം അക്രം എന്ന പേര് കേട്ടാല്‍ ലോകം വിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫാസ്റ്റ് ബൗളിംഗിന്റെ സുവര്‍ണകാലം കൂടിയായിരുന്നു അത്. വസീം അക്രത്തെപ്പോലെ എല്ലാം തികഞ്ഞ ബൗളര്‍മാര്‍, കാണുന്ന മാത്രയില്‍ത്തന്നെ ബാറ്ററെ വിറപ്പിക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ ഇനി ലോകക്രിക്കറ്റിലുണ്ടാകുമോ? കാത്തിരുന്ന് കാണാം.



