കെ.ശ്രീജിത്ത്
ഒരുകാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ഫാസ്റ്റ് ബൗളര്‍. അതിവേഗം സ്വിങ് ചെയ്ത് കാലിന്റെ പെരുവിരലിനെ ലക്ഷ്യമാക്കി വരുന്ന വഖാറിന്റെ യോര്‍ക്കറുകള്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായ ഒരു കാലമുണ്ടായിരുന്നു. അങ്ങനെയാണ് ടോ ക്രഷര്‍ അഥവാ പെരുവിരല്‍ ചതയ്ക്കുന്നവന്‍ എന്ന വിളിപ്പേര് വഖാര്‍ യൂനിസിന് വീണത്. 1980കളില്‍ അതിവേഗം ഷോര്‍ട്ടായി പന്തെറിഞ്ഞ് ബാറ്റര്‍മാരെ വിറപ്പിക്കുന്നതായിരുന്നു ട്രെന്‍ഡ്. പ്രത്യേകിച്ചും വെസ്റ്റ് ഇന്‍ഡീസിന്റെ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു ഇതിന്റെ ഉപജ്ഞാതാക്കള്‍. എന്നാല്‍ വഖാര്‍ ആ ട്രെന്‍ഡ് അപ്പാടെ മാറ്റിക്കളഞ്ഞു. പകരം അതിവേഗം ഫുള്‍ ലെങ്ത്തില്‍ പന്തെറിയുക എന്ന ട്രെന്‍ഡിലേയ്ക്ക് അയാള്‍ അയാള്‍ ക്രിക്കറ്റിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീടങ്ങോട്ടുവന്ന ഫാസ്റ്റ് ബൗളര്‍മാരില്‍ മിക്കവരും വഖാറിന്റെ മാതൃക പിന്‍പറ്റി. അതിവേഗ യോര്‍ക്കറുകള്‍ എറിഞ്ഞുതുടങ്ങി. ആ യോര്‍ക്കറുകള്‍ തുടങ്ങിയിടത്തല്ല അവസാനിച്ചിരുന്നത്. മിഡില്‍ സ്റ്റംപ് ലൈനില്‍ അതിവേഗം പാഞ്ഞുവരുന്ന പന്ത് അവസാന നിമിഷം ഇന്‍സ്വിങ് ചെയ്ത് ഒന്നുകില്‍ ബാറ്ററുടെ പെരുവിരല്‍ അല്ലെങ്കില്‍ ലെഗം സ്റ്റംപ് എന്നതായിരുന്നു ലക്ഷ്യം. നൂറില്‍ 99 തവണയും പെരുവിരലോ അതല്ലെങ്കില്‍ ലെഗ് സ്റ്റംപോ ഇതില്‍ ഏതെങ്കിലുമൊന്ന് തകര്‍ക്കപ്പെട്ടു. വഖാറിന്റെ ചെറുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളറായിരുന്നു അയാള്‍. ഒരുപാട് വാര അകലെനിന്ന് അയാള്‍ തന്റെ റണ്ണപ്പ് ആരംഭിക്കുന്നതുമുതല്‍ ബാറ്ററുടെ ഉള്ളില്‍ തീയായിരിക്കും. അയാളെറിയുന്ന പന്ത് എങ്ങനെയെങ്കിലും നേരിട്ടാല്‍ തന്നെ ആശ്വസിക്കാന്‍ നേരമില്ല. തൊട്ടുപിന്നാലെ അയാളുടെ മറ്റൊരു തീയുണ്ട പാഞ്ഞെത്തും. വഖാര്‍ ബൗള്‍ ചെയ്യാനൊരുങ്ങി ഓടിവരുന്നത് തന്നെ വല്ലാത്തൊരു കാഴ്ചയായിരുന്നു. നെഞ്ചുംവിരിച്ച് ഒരു രാജാവിനെപ്പോലെ. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ലോകത്തെ ഏറ്റവും രാജകീയമായ കാഴ്ചയായിരുന്നു അത്. വഖാറിനെപ്പോലെ സ്റ്റംപിനെ ലക്ഷ്യമാക്കി പന്തെറിഞ്ഞ ബൗളര്‍മാര്‍ ലോകക്രിക്കറ്റില്‍ കുറവാണ്. സ്റ്റംപുകള്‍ തകര്‍ക്കുന്നതാണ് ഒരു ഫാസ്റ്റ് ബൗളര്‍ക്ക് കിട്ടാവുന്നതില്‍ വെച്ചേറ്റവും മനോഹരമായ കാഴ്ചയെന്ന് അയാള്‍ കരുതി. അയാള്‍ അത് ആസ്വദിച്ചു. റണ്ണെടുക്കാന്‍ അനുവദിക്കാതെ ബാറ്ററെ കെട്ടിയിടാനല്ല, മറിച്ച് അയാളുടെ വിക്കറ്റുകള്‍ തകര്‍ക്കാനാണ് എന്നും അയാള്‍ ശ്രമിച്ചത്. റണ്‍ വിട്ടുകൊടുക്കാതിരിക്കലല്ല വിക്കറ്റെടുക്കലാണ് ഒരു ബൗളറുടെ ജോലിയെന്ന് അയാള്‍ വിശ്വസിച്ചു. അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചു. പ്രതിരോധമായിരുന്നില്ല, ആക്രമണമായിരുന്നു അയാളുടെ മന്ത്രം. ഒരുകാലത്ത് മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ബൗളറാണ് വഖാര്‍ യൂനിസ്.

ചെറുപ്പത്തില്‍ ലെഗ് സ്പിന്നറാകാനാണ് വഖാര്‍ യൂനിസ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അയാള്‍ പിന്നീട് ലോകത്തെ വിറപ്പിക്കുന്ന ഒന്നാന്തരമൊരു ഫാസ്റ്റ് ബൗളറായി മാറി. 1989 നവംബര്‍ 15 മുതല്‍ 20 വരെ കറാച്ചിയിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ ടെസ്റ്റ് മത്സരത്തിലാണ് വഖാര്‍ യൂനിസ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതേ ടെസ്റ്റിലാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ തെന്‍ഡുല്‍ക്കറെ വഖാറാണ് പുറത്താക്കിയത്. അതും ക്ലീന്‍ ബൗള്‍ഡ്. പിന്നീട് മറ്റൊരു പാകിസ്താന്‍ ഇതിഹാസം വസീം അക്രവുമായി ചേര്‍ന്നുള്ള വഖാര്‍ യൂനിസിന്റെ ബൗളിംഗ് കൂട്ടുകെട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് കൂട്ടുകെട്ടുകളിലൊന്നായി മാറി. അന്ന് പാകിസ്താന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അക്രത്തിന്റെയും വഖാറിന്റെയും എക്‌സ്പ്രസ് പന്തുകളെയാണ് എതിരാളികള്‍ക്ക് ഓര്‍മ വരിക. ഇരുവരും ചേര്‍ന്ന് 61 ടെസ്റ്റില്‍ 559 വിക്കറ്റാണ് വീഴ്ത്തിയത്. അതായത് ഒരു ടെസ്റ്റില്‍ ശരാശരി ഒമ്പത് വിക്കറ്റാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഈ കണക്കുകളില്‍ നിന്നുതന്നെ എത്രമാത്രം അപകടകരമായ ബൗളിംഗ് കൂട്ടുകെട്ടായിരുന്നു അതെന്ന് അനുമാനിക്കാവുന്നതേയുള്ളൂ. അത്രമാത്രം ലോകത്തെ വിറപ്പിച്ചു അക്രവും വഖാറും. എന്നാല്‍ നിരന്തരം പുറംവേദന അലട്ടിയത് വഖാറിന്റെ ബൗളിംഗിനെയും കരിയറിനെയും ബാധിച്ചു. എന്നാല്‍ അസാധാരണമായ ഇച്ഛാശകക്തിയും നിശ്ചയദാര്‍ഢ്യവും പോരാടാനുള്ള മനസും വഖാറിനെ ലോകക്രിക്കറ്റില്‍ പിടിച്ചുനിറുത്തി. അയാള്‍ ശക്തമായ തിരിച്ചുവരവുകള്‍ നടത്തി.

2001ല്‍ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന്റെ ക്യാപ്റ്റനായി വഖാറിനെ നിയമിച്ചു. തുടക്കത്തില്‍ അയാള്‍ മികച്ച രീതിയില്‍ ടീമിനെ നയിക്കുകയും പോസിറ്റീവ് ആയ ഫലങ്ങളുണ്ടാവുകയും ചെയ്തു. എന്നാല്‍ 2002 ഒക്ടോബറില്‍ ഷാര്‍ജയില്‍ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്താന്‍ ഒന്നാമിന്നിംഗ്‌സില്‍ 59നും രണ്ടാമിന്നിംഗ്‌സില്‍ 53നും പുറത്തായത് ക്യാപ്റ്റനെന്ന നിലയില്‍ വഖാറിന് വലിയ തിരിച്ചടിയായി. എന്നാല്‍ 2003 ലോകകപ്പിലും വഖാര്‍ തന്നെയാണ് പാകിസ്താനെ നയിച്ചത്. പക്ഷെ പാകിസ്താനെ സംബന്ധിച്ചിടത്തോളം ദുരന്തപൂര്‍ണമായിരുന്നു ആ ലോകകപ്പ്. ടൂര്‍ണമെന്റില്‍ ദുര്‍ബലരായ നമീബിയയെും ഹോളണ്ടിനെയും മാത്രമാണ് പാകിസ്താന് തോല്പിക്കാനായത്. ഏറെ നേരത്തെ ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പുറത്തായതോടെ വഖാറിന് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. പിന്നീട് അയാള്‍ക്കൊരു തിരിച്ചുവരവുണ്ടായില്ല. ഭാവിയെ ലക്ഷ്യമാക്കി ടീമിനെ പുന:സംഘടിപ്പിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതോടെ തിരിച്ചുവരിക വഖാറിന് അസാധ്യമായി. തുടര്‍ന്ന് 2004 ഏപ്രിലില്‍ അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

വഖാറിന്റെ ക്രിക്കറ്റ് കരിയറിന്റെ അടുത്ത ഘട്ടം തുടങ്ങുന്നത് 2006 മാര്‍ച്ചിലാണ്. പാകിസ്താന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി നിയമിക്കപ്പെട്ടതോടെയായിരുന്നു ഇത്. 2010 മാര്‍ച്ചില്‍ പാകിസ്താന്റെ ഹെഡ് കോച്ചായി വഖാര്‍ നിയമിക്കപ്പെട്ടു. 2011 ആഗസ്ത് വരെ അയാള്‍ പാകിസ്താന്റെ കോച്ചായി തുടര്‍ന്നു. വഖാര്‍ കോച്ചായ ആ 18 മാസത്തിനിടെയാണ് പാകിസ്താന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പല സംഭവങ്ങളുമുണ്ടാകുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ വാതുവെയ്പ് ആരോപണമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് ആമിറും സല്‍മാന്‍ ബട്ടും മുഹമ്മദ് ആസിഫും ശിക്ഷിക്കപ്പെട്ടു. എന്നാല്‍ പാകിസ്താനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റില്‍ തെറ്റില്ലാത്ത നേട്ടങ്ങളുണ്ടാക്കിയ കാലം കൂടിയായിരുന്നു വഖാര്‍ ടീമിന്റെ കോച്ചായ കാലം. അവര്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുകയും ന്യൂസീലന്റില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയും 2011 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ബൗളിംഗ് കോച്ചായി വഖാര്‍ നിയമിക്കപ്പെടുമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ആ സ്ഥാനത്തേയ്ക്ക് ഓസ്‌ട്രേലിയ കണ്ടുവെച്ചവരുടെ ചുരുക്കപ്പട്ടികയില്‍ വഖാറിന്റെ പേരുണ്ടായിരുന്നു. മാത്രമല്ല ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കുറച്ചുകാലം അയാള്‍ കോച്ചായി സേവനമുനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഓസ്‌ട്രേലിയ ആ ചുമതല വഖാറിനെ ഏല്പിച്ചില്ല. പിന്നീട് 2014 മെയ് മാസത്തില്‍ വഖാറിനെ രണ്ടാമതും ദേശീയ ടീമിന്റെ കോച്ചായി പാകിസ്താന്‍ നിയമിച്ചു. എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് താരങ്ങളെ വിസ്ഡന്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു വഖാര്‍ യൂനിസ്. വസീം അക്രവും അലന്‍ ഡൊണാള്‍ഡുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ ബൗളര്‍ വഖാര്‍ യൂനിസാണ്. പതിമൂന്ന് തവണ.

1992ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി വഖാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2013ല്‍ വഖാറിനെ ഐ.സി.സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ടെസ്റ്റില്‍ 350ല്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനിന് ശേഷം ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബൗളറാണ് വഖാര്‍. ഏകദിന ക്രിക്കറ്റില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ വഖാറായിരുന്നു. ഇതൊക്കെയാണെങ്കിലും ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പുകള്‍ക്കെതിരെ വഖാറിന്റെ പ്രകടനം ശരാശരിയായിരുന്നു. ഇംഗ്ലണ്ട്, ന്യൂസീലന്റ് ടീമുകള്‍ക്കെതിരെയാണ് വഖാര്‍ എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ മുന്‍നിര ടീമുകള്‍ക്കെതിരെ വഖാറിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ലെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ കര്‍ട്‌ലി അംബ്രോസിനെയോ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തിനെയെപ്പോലെ സ്ഥിരതയുള്ള ബൗളറായിരുന്നില്ല വഖാറെന്ന വിമര്‍ശനവുമുണ്ട്. മാത്രമല്ല പലപ്പോഴും ഇവരെക്കാളെല്ലാം റണ്‍ വിട്ടുകൊടുക്കുന്ന ബൗളറായിരുന്നു വഖാറെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

87 ടെസ്റ്റുകളില്‍ നിന്ന് 373 വിക്കറ്റാണ് വഖാര്‍ യൂനിസ് വീഴ്ത്തിയത്. 23.56 ആണ് ശരാശരി. 76 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 22 തവണ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം കരസ്ഥമാക്കി. മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടം അഞ്ച് തവണയാണ് വഖാര്‍ സ്വന്തമാക്കിയത്. 262 ഏകദിന മത്സരങ്ങളില്‍ നിന്ന് 416 വിക്കറ്റാണ് വഖാറിന്റെ സമ്പാദ്യം. 23.84 ആണ് ശരാശരി. 36 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം 13 തവണ. 4.68 ആണ് എക്കോണമി നിരക്ക്. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കുവേണ്ടി കളിച്ച വഖാര്‍ യൂനിസ് നൂറ്റി അമ്പതിലേറെ വിക്കറ്റ് വീഴ്ത്തി. 14.64 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് കോച്ചായും വഖാര്‍ പ്രവര്‍ത്തിച്ചു. അത്‌ലറ്റിക്‌സിലെ എക്കാലത്തെയും ഇതിഹാസമായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘ ചെറുപ്പത്തില്‍ എനിക്കേറ്റവും ഇഷ്ടം പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെയായിരുന്നു. അവരുടെ വഖാര്‍ യൂനിസ് എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായിരുന്നു’. ഉസൈന്‍ ബോള്‍ട്ട് മാത്രമല്ല, തൊണ്ണൂറുകളില്‍ ലോകത്തൊട്ടാകെ വഖാര്‍ യൂനിസിനെ ആരാധിച്ച ലക്ഷക്കണക്കിന് ചെറുപ്പക്കാരുണ്ടായിരുന്നു. വഖാറിനെപ്പോലെ അതിവേഗം പന്തെറിയാന്‍, പന്തിനെ സ്വിംഗും റിവേഴ്‌സ് സ്വിംഗും ചെയ്യിക്കാന്‍ മോഹിച്ച ഒട്ടേറെപ്പേര്‍. പന്തെറിയാന്‍ ഓടിയടുക്കുന്ന അയാളുടെ ആ മനോഹര ദൃശ്യം ഉള്ളില്‍ക്കൊണ്ടുനടക്കാത്ത ചെറുപ്പക്കാര്‍ കുറവായിരുന്നു. ഫാസ്റ്റ് ബൗളിംഗിന്റെ രാജാവായിരുന്നു അന്ന് വഖാര്‍ യൂനിസ്. അയാളുടെ ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകളില്‍ വിക്കറ്റ് തകര്‍ക്കപ്പെടുന്ന കാഴ്ച ഫാസ്റ്റ് ബൗളിംഗിന്റെ എക്കാലത്തെയും ഗംഭീര കാഴ്ചകളിലൊന്നായിരുന്നു. എതിരാളികളെ അതിവേഗമുള്ള പന്തുകള്‍ കൊണ്ട് അയാള്‍ നിരന്തരം ആക്രമിച്ചു. അങ്ങനെ ചെയ്യുമ്പോള്‍ കുറച്ച് റണ്‍ വിട്ടുകൊടുക്കേണ്ടിവന്നാലും അയാള്‍ അതില്‍ ഒട്ടും ഖേദിച്ചില്ല.

പാകിസ്താന്റെ മറ്റൊരു ഇതിഹാസമായ വസീം അക്രമിനൊപ്പം ചേര്‍ന്ന് വഖാര്‍ ലോകക്രിക്കറ്റിനെ വിറപ്പിച്ചു. ക്രിക്കറ്റില്‍ പാകിസ്താന് ആധിപത്യം നേടിക്കൊടുത്തവരില്‍ പ്രമുഖരാണ് ഇവര്‍ രണ്ടുപേരും. പാകിസ്താന്‍ എന്ന് കേള്‍ക്കുമ്പോഴെ അക്രത്തെയും വഖാറിനെയും ഓര്‍ത്ത് മറ്റ് ടീമുകളിലെ ബാറ്റര്‍മാരുടെ മുട്ടിടിച്ചു. പാകിസ്താന് എന്നും അക്രവും വഖാറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. തൊണ്ണൂറുകള്‍ പാകിസ്താന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലമായി മാറിയതിന് പിന്നില്‍ ഇവര്‍ രണ്ട് പേരുടെയും പങ്ക് വളരെ വലുതാണ്. ഏതാണ്ട് ഒന്നര പതീറ്റാണ്ടോളം ഫാസ്റ്റ് ബൗളിംഗ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ ബൗളറാണ് വഖാര്‍ യൂനിസ്. എല്ലാ അര്‍ത്ഥത്തിലും വിനാശകാരിയായ ഫാസ്റ്റ് ബൗളര്‍. വേഗതയും സ്വിംഗും ഒരേ അളവില്‍ പന്തുകളില്‍ ഒളിപ്പിച്ചുവെച്ച അതിസാഹസികന്‍. ഫാസ്റ്റ് ബൗളിംഗ് എന്നുകേട്ടാല്‍ത്തന്നെ ദേഹമാകെ വിറയ്ക്കുന്ന ഒരു അനുഭവമാക്കി മാറ്റിയതില്‍ വഖാര്‍ യൂനിസ് എന്ന ഈ പാകിസ്താന്‍കാരന് വലിയ പങ്കുണ്ട്. വഖാറിനെപ്പോലൊരു ബൗളറെ അതിനുമുമ്പോ പിമ്പോ ലോകക്രിക്കറ്റ് കണ്ടിട്ടില്ല. ഇനിയൊട്ട് കാണാനും പോകുന്നില്ല. വഖാര്‍ എറിഞ്ഞപോലെ ബാറ്ററുടെ പെരുവിരല്‍ തകര്‍ക്കുന്ന യോര്‍ക്കറുകള്‍ അതിന് മുമ്പോ പിമ്പോ ആരും എറിഞ്ഞിട്ടുമില്ല. ഇനിയൊട്ട് എറിയാനും പോകുന്നില്ല.



