Sunday, February 15, 2026
Google search engine
HomeSportLife Storyസൂപ്പര്‍ഫാസ്റ്റ് ബൗളര്‍മാരെ അടിച്ചുതകര്‍ത്ത കൃഷ്ണമാചാരി ശ്രീകാന്ത്

സൂപ്പര്‍ഫാസ്റ്റ് ബൗളര്‍മാരെ അടിച്ചുതകര്‍ത്ത കൃഷ്ണമാചാരി ശ്രീകാന്ത്

കെ.ശ്രീജിത്ത്

അത്യന്തം ആക്രമണോത്സുക ബാറ്റിംഗിലൂടെ ആരാധകരെ പുളകം കൊള്ളിച്ച ബാറ്ററായിരുന്നു ക്രിഷ്ണമാചാരി ശ്രീകാന്ത്. ആ ബാറ്റിംഗ് ക്രിയാത്മകവും സ്‌ഫോടനാത്മകവുമായിരുന്നു. ബൗളര്‍മാരെ നിഷ്‌കരുണം അടിച്ചുപറത്തിയിരുന്ന ശ്രീകാന്ത് അക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. തീര്‍ത്തും നിര്‍ഭയമായി കളിച്ചിരുന്ന അയാള്‍ പുള്ളിലൂടെയും ഹുക്കിലൂടെയും ഡ്രൈവിലൂടെയും ബൗളര്‍മാരെ തകര്‍ത്തുതരിപ്പണമാക്കി. എന്നാല്‍ ചിലപ്പോഴൊക്കെ അയാളെ വെറും സാധാരണ ബൗളര്‍മാര്‍ പുറത്താക്കുകയും ചെയ്തു. എണ്‍പതുകളില്‍ ഈ ബാറ്റിംഗ് ശൈലി ലോകത്തിന് അത്ര പരിചയമില്ലായിരുന്നു. ഓപ്പണറായി ഇറങ്ങി അന്ന് ലോകക്രിക്കറ്റിനെ വിറപ്പിച്ചിരുന്ന ബൗളര്‍മാരായ മാല്‍ക്കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ്, ഇമ്രാന്‍ ഖാന്‍, വസീം അക്രം, റിച്ചാഡ് ഹാഡ്‌ലി തുടങ്ങിയ ബൗളര്‍മാരെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി അടിച്ചുപറത്തുന്ന ശ്രീകാന്ത് ഗാലറികളില്‍ ആളെക്കൂട്ടിയ താരമായിരുന്നു. അയാളുടെ ആ ശൈലി ക്രിക്കറ്റ് പ്രേമികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. ആ ശൈലിയില്‍ ആകൃഷ്ടരായാണ് സെലക്ടര്‍മാര്‍ ശ്രീകാന്തിനെ 21-ാമത്തെ വയസില്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുത്തതും. എന്നാല്‍ സ്ഥിരതയോടെ കളിക്കുക എന്നത് ശ്രീകാന്തിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ സമയം അയാള്‍ ടീമിന് പുറത്തായിരുന്നു. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തോടെ അയാളുടെ ആക്രമണ ബാറ്റിംഗിന് കുറച്ചൊക്കെ അച്ചടക്കമുണ്ടാവുകയും 1989 വരെ ടീമിലെ സ്ഥിരം ഓപ്പണറായി തുടരുകയും ചെയ്തു.

1989ല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ശ്രീകാന്ത് നിയമിക്കപ്പെട്ടു. അയാളുടെ നായകത്വത്തില്‍ പാകിസ്താനില്‍ പര്യടനം നടത്തിയ ഇന്ത്യ പരമ്പരയിലെ നാല് ടെസ്റ്റും സമനിലയിലാക്കി. അക്കാലത്ത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചടത്തോളം ഇത് വിജയത്തിന് തുല്യമായിരുന്നു. എന്നാല്‍ മോശം ബാറ്റിംഗ് ഫോമിലായിരുന്ന ശ്രീകാന്ത് ടീമില്‍ നിന്ന് പുറത്തായി. രണ്ട് വര്‍ഷത്തോളം ഇരുട്ടിലായ അയാള്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും അപ്പോഴേയ്ക്കും അയാളുടെ റിഫ്‌ളക്‌സുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് 33-ാമത്തെ വയസില്‍ അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ ഫലപ്രദമായ കളിക്കാരനായിരുന്നു ശ്രീകാന്ത്. അയാള്‍ വിരമിക്കുന്ന സമയത്ത് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ബാറ്റര്‍മാരെക്കാള്‍ കൂടുതല്‍ റണ്ണും കൂടുതല്‍ സെഞ്ച്വറികളും നേടിയിരുന്നു. അതും അവരെക്കാളുമൊക്കെ ഇരട്ടി വേഗത്തില്‍. ലോകത്തെ എക്കാലത്തെയും മികച്ച ചില ബൗളര്‍മാരെ നേരിട്ടായിരുന്നു അയാള്‍ ആ റണ്ണൊക്കെയും അടിച്ചുകൂട്ടിയെന്നതുകൂടി ഓര്‍ക്കണം. ആ ബൗളര്‍മാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ ബൗള്‍ ചെയ്തവര്‍ കൂടിയായിരുന്നു. അവരെ നേരിടാന്‍ എത്രയോ ബാറ്റര്‍മാര്‍ വല്ലാതെ ഭയന്നിരുന്നിടത്താണ് ശ്രീകാന്ത് പുഷ്പം പോലെ അവരെ അടിച്ചുപറത്തിയത്. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ ആ ടീമിലെ ഹീറോകളിലൊരാള്‍ കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു. ഫൈനലില്‍ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശ്രീകാന്തായിരുന്നു. 38 റണ്‍സായിരുന്നു ഫൈനലില്‍ അയാള്‍ നേടിയത്. ഫൈനലിലുള്‍പ്പടെ ആ ലോകകപ്പിലെ നിര്‍ണായക കളികളില്‍ ഇന്ത്യയ്ക്ക് സ്‌ഫോടനാത്മകമായ തുടക്കങ്ങള്‍ നല്‍കിയത് ശ്രീകാന്തായിരുന്നു. പിന്നീടയാള്‍ 1987ലെയും 92ലെയും ലോകകപ്പുകളില്‍ കൂടി കളിച്ചു. 1985ലെ ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരെ 67 റണ്ണടിച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായകപങ്ക് വഹിച്ചതും ശ്രീകാന്തായിരുന്നു. അന്ന് ഫൈനലില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് അയാളായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്ണടിച്ചതും ശ്രീകാന്തായിരുന്നു. 1983ലെ ലോകകപ്പ് വിജയം പോലെത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ള കിരീട നേട്ടമാണ് അതും.

ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാറ്റ് കൈയിലിട്ട് വട്ടത്തില്‍ കറക്കി, മൂക്ക് ഒരു പ്രത്യേക രീതിയില്‍ ചീറ്റിച്ച്, ബൗളര്‍മാര്‍ എറിയുന്ന ഓരോ പന്തുകള്‍ക്കിടയിലും സംസ്‌കൃത ശ്ലോകം ചൊല്ലുന്ന ശ്രീകാന്ത് അന്നത്തെ കൗമാരക്കാര്‍ക്ക് ഒരു പ്രത്യേക കാഴ്ചയായിരുന്നു. അവരുടെ ഹീറോ ആയിരുന്ന ശ്രീകാന്തിനെ അവരും അതുപോലെ അനുകരിച്ചു. ശ്രീകാന്ത് കടുത്ത അന്ധവിശ്വാസി കൂടിയായിരുന്നു എന്നതുകൂടി പറയണം. എന്തായാലും അയാള്‍ എപ്പോഴും ആക്രമിച്ചുകളിച്ച് എതിരാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന കാഴ്ച ആ കാലത്ത് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെയും മനസ് നിറയ്ക്കുന്നതായിരുന്നു. പൊതുവെ എതിര്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന കാഴ്ചയാണ് അന്ന് സ്ഥിരം കണ്ടിരുന്നത്. അവര്‍ക്കിടയില്‍ ശ്രീകാന്ത് ഒരു അത്ഭുതമായിരുന്നു. സ്വന്തം നാടായ തമിഴ്‌നാട്ടില്‍ അയാള്‍ക്കൊരു സൂപ്പര്‍സ്റ്റാര്‍ പരിവേഷമായിരുന്നു. അന്ന് തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാര്‍ എന്നുപറഞ്ഞാല്‍ അത് ഒരേയൊരാളാണ്. രജനീകാന്ത്. അവിടുത്തെ കുട്ടികള്‍ രജനീകാന്തിന് കൊടുത്തിരുന്ന അതേ താരപരിവേഷമാണ് അക്കാലത്ത് ശ്രീകാന്തിനും നല്‍കിയിരുന്നത് എന്നതുതന്നെ അയാള്‍ എത്രമാത്രം ചെറുപ്പക്കാരെ സ്വാധീനിച്ചു എന്നതിന്റെ തെളിവാണ്. വല്ലപ്പോഴും ബൗള്‍ ചെയ്തിരുന്ന ഓഫ് സ്പിന്നര്‍ കൂടിയായിരുന്നു ശ്രീകാന്ത്. 1988ല്‍ ന്യൂസീലന്റിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് തവണ അയാള്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു എന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകമായി തോന്നാം. ശ്രീകാന്ത് ക്യാപ്റ്റനായിരിക്കുമ്പോള്‍ 1989ല്‍ കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ 250നും മുകളിലായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. അന്ന് അതൊരു വന്‍ സ്‌കോറായിരുന്നു. ലക്ഷ്യം പിന്തുടരവെ ചേതന്‍ ശര്‍മയെ നാലാമാനായി ബാറ്റ് ചെയ്യാന്‍ വിട്ട് ശ്രീകാന്ത് എല്ലാവരെയും ഞെട്ടിച്ചു. അന്ന് സെഞ്ച്വറിയടിച്ചാണ് ചേതന്‍ ശര്‍മ പ്രതികരിച്ചത്. ആ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു.

1992ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ശ്രീകാന്തിന്റെ അവസാന ടെസ്റ്റ് മത്സരം. ആ മത്സരത്തില്‍ അയാള്‍ ഒരു ഇന്നിംഗ്‌സില്‍ ഔട്ട്ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്തതിനുള്ള ലോക റെക്കോഡിനൊപ്പമെത്തി. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ രണ്ട് ദശകത്തില്‍ ഏറ്റവും മികച്ച ബാറ്ററായിരുന്നു കൃഷ്ണമാചാരി ശ്രീകാന്ത്. ഏകദിനത്തില്‍ നാലായിരം റണ്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററും അയാള്‍ തന്നെയാണ്. താന്‍ കളിച്ചിരുന്ന കാലത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ബാറ്റര്‍ ശ്രീകാന്തായിരുന്നു. ഏകദിനത്തില്‍ അയാള്‍ നേടിയ നാല് സെഞ്ച്വറിയായിരുന്നു കുറേക്കാലം ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍. പിന്നീട് 1994ല്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവാണ് ആദ്യമായി അത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡി റോബര്‍ട്‌സിനെ സ്‌ക്വയര്‍ ഡ്രൈവ് ചെയ്യാനും മാല്‍ക്കം മാര്‍ഷലിനെ ഹുക്ക് ചെയ്ത് സിക്‌സടിക്കാനും അക്കാലത്ത് ധൈര്യമുള്ള അപൂര്‍വം ബാറ്റര്‍മാരിലെരാളായിരുന്നു ശ്രീകാന്ത്. ശ്രീലങ്കയുടെ സനത് ജയസൂര്യയും റോമേഷ് കലുവിതരണയും ആദ്യ ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തി പ്രശസ്തരാകുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പരീക്ഷണം നടത്തിയ ധീരനാണ് കൃഷ്ണമാചാരി ശ്രീകാന്ത്. ഒച്ചിഴയുന്നതുപോലെ ബാറ്റ് ചെയ്തിരുന്ന ഔരുകാലത്ത്, ബാറ്റിംഗ് എന്നാല്‍ മെല്ലെപ്പോക്കാണെന്ന ധാരണ നല്‍കിയ ഒരുകാലത്ത് ശ്രീകാന്ത് ഒരു ആശ്വാസമായിരുന്നു. ആരാധകര്‍ക്ക് മാത്രമല്ല, ക്രിക്കറ്റ് ലോകത്തിനും. എന്നാല്‍ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ ആളുകള്‍ക്ക് അയാളെ വിമര്‍ശിക്കാനുള്ള അവസരം നല്‍കി. അതവര്‍ പൂര്‍ണമായും ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഏത് സാഹചര്യത്തിലും അയാള്‍ തന്റെ സ്വാഭാവികമായ കളി ഉപേക്ഷിച്ചില്ല. ആ ശൈലി ബലികഴിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

ശ്രീകാന്ത് എപ്പോഴും തന്റെ കഴിവുകളില്‍ പൂര്‍ണമായ വിശ്വാസം അര്‍പ്പിച്ചു. ആ വിശ്വാസം അക്കാലത്തെ അയാളുടെ ക്യാപ്റ്റനായിരുന്ന സുനില്‍ ഗവാസ്‌കറിനുമുണ്ടായിരുന്നു. ഗവാസ്‌കര്‍ ശ്രീകാന്തിന് അയാളുടെ ശൈലിയില്‍ കളിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ശ്രീകാന്തിന്റെ ശൈലിയെ അധികമാരും പ്രോത്സാഹിപ്പിക്കാത്ത ഒരുകാലത്തായിരുന്നു ഗവാസ്‌കര്‍ അയാള്‍ക്ക് പിന്തുണ നല്‍കിയതെന്നതുകൂടി പ്രധാനമാണ്. 43 ടെസ്റ്റുകളില്‍ നിന്ന് 2,062 റണ്ണാണ് ശ്രീകാന്തിന്റെ സമ്പാദ്യം. 29.88 ആണ് ശരാശരി. രണ്ട് സെഞ്ച്വറിയും 12 അര്‍ദ്ധ സെഞ്ച്വറിയും നേടി. 123 ആണ് ഉയര്‍ന്ന സ്‌കോര്‍. 146 ഏകദിന മത്സരങ്ങളില്‍ നിന്ന് 29.01 ശരാശരിയില്‍ 4,091 റണ്ണാണ് ശ്രീകാന്ത് സ്‌കോര്‍ ചെയ്തത്. നാല് സെഞ്ച്വറിയും 27 അര്‍ദ്ധ സെഞ്ച്വറിയും നേടി. ടെസ്റ്റിലെന്ന പോലെ ഏകദിനത്തിലും 123 ആണ് ശ്രീകാന്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 25 വിക്കറ്റും വീഴ്ത്തി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 27 റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. വിരമിച്ച ശേഷം ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വേണ്ടി ക്രിക്കറ്റ് അനലിസ്റ്റായി ജോലി ചെയ്ത ശ്രീകാന്ത് പിന്നീട് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി.

നിര്‍ഭയത്വമായിരുന്നു കൃഷ്ണമാചാരി ശ്രീകാന്തിന്റെ മുഖമുദ്ര. ക്രീസില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്റ് തുടങ്ങിയ ടീമുകളുടെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരെ യാതൊരു പേടിയും കൂടാതെ അയാള്‍ നേരിട്ടു. ഓപ്പണറായി ഇറങ്ങി അവരെ അയാള്‍ അടിച്ചുപറത്തി. അയാള്‍ കൂടുതലും റണ്ണടിച്ചത് പുള്‍ ചെയ്തും ഹുക്ക് ചെയ്തും ഡ്രൈവ് ചെയ്തുമായിരുന്നു. ഓപ്പണറായി ഇറങ്ങി ചോരക്കൊതിയന്‍മാരായ ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ട് എത്ര സധൈര്യമാണ് അയാള്‍ കളിച്ചത് എന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണത്തിന്റെ ആവശ്യമില്ല. ദീര്‍ഘകാലം ഇന്ത്യന്‍ ടീമിലെ തന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന സുനില്‍ ഗവാസ്‌കര്‍ ശ്രീകാന്തിന്റെ ബാറ്റിംഗ് ശൈലിക്ക് നേരെ വിപരീതമായി കളിച്ചിരുന്ന ആളായിരുന്നു. ഒരിക്കല്‍ ഗവാസ്‌കര്‍ പറഞ്ഞു ശ്രീകാന്തിന്റെ ബാറ്റിംഗാണ് തനിക്ക് തന്റെ ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം തന്നതെന്ന്. അത് അക്ഷരംപ്രതി ശരിയായിരുന്നു. ഒരുവശത്ത് ശ്രീകാന്ത് ആക്രമിച്ചുകളിച്ചതിനാല്‍ ഗവാസ്‌കര്‍ക്ക് ആവശ്യത്തിന് സമയമെടുത്ത് അയാളുടെ ശൈലിയില്‍ കളിക്കാനുള്ള അവസരമൊരുങ്ങി. പന്തിന്റെ പരുക്കന്‍ സ്വഭാവം നിലനില്‍ക്കുന്ന ആദ്യ ഓവറുകളില്‍ അത് മുതലാക്കി റണ്‍ നേടുക എന്നതായിരുന്നു ശ്രീകാന്തിന്റെ തന്ത്രം. പിന്നീട് ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ വന്നകാലത്ത് ഇന്‍ഫീല്‍ഡില്‍ നില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ക്ക് തലയ്ക്ക് മുകളിലൂടെ അയാള്‍ പന്ത് കോരിയിട്ട് ബൗണ്ടറികള്‍ നേടി. അങ്ങനെ ഫീല്‍ഡിംഗ് നിയന്ത്രണം തന്ന അവസരം പൂര്‍ണമായി ഉപയോഗപ്പെടുത്തി.

ക്രിക്കറ്റില്‍ ‘പിഞ്ച് ഹിറ്റിംഗ്’ നടപ്പിലാക്കിയ ആദ്യ ബാറ്റര്‍മാരിലൊരാളാണ് കൃഷ്ണമാചാരി ശ്രീകാന്ത്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതവും ന്യൂസീലന്റിന്റെ മാര്‍ക്ക് ഗ്രേറ്റ്ബാച്ചും 1992 ലോകകപ്പില്‍ ഇത് പരീക്ഷിക്കുന്നതിനും ഒരു ദശകം മുമ്പ് ശ്രീകാന്ത് ‘പിഞ്ച് ഹിറ്റിംഗ്’ നടത്തിയിരുന്നു. പിന്നീട് സനത് ജയസൂര്യ 1996 ലോകകപ്പില്‍ ഈ രീതിയെ കൂടുതല്‍ ജനപ്രിയമാക്കി. ശ്രീകാന്തിന്റെ സമകാലികരായ ക്രിക്കറ്റര്‍മാരെല്ലാവരും ഒരുപോലെ സമ്മതിക്കുന്നൊരു കാര്യമുണ്ട്. ശ്രീകാന്താണ് അവരെല്ലാം കളിച്ച കാലത്ത് ആരാധകരെ ഏറ്റവും കുടുതല്‍ രസിപ്പിച്ച ക്രിക്കറ്റ് താരമെന്ന്. അതുതന്നെയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ശ്രീകാന്തിന്റെ സംഭാവനയും. ആരാധകരെ രസിപ്പിച്ചവരില്‍ എക്കാലത്തെയും നമ്പര്‍ വണ്‍ ക്രിക്കറ്റര്‍. അങ്ങനെ രസിപ്പിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലത്തെയും ഏറ്റവും മികച്ച ചില വിജയങ്ങളും കിരീടങ്ങളും നേടിക്കൊടുക്കുന്നതിനും അയാള്‍ കാരണക്കാരനായി എന്നത് ആര്‍ക്കും മറക്കാനാകില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments