Saturday, February 21, 2026
Google search engine
HomeSportLife Storyവിവാദങ്ങള്‍ വേട്ടയാടിയ കനീജിയ

വിവാദങ്ങള്‍ വേട്ടയാടിയ കനീജിയ

കെ.ശ്രീജിത്ത്

ഫുട്‌ബോള്‍ മൈതാനത്ത് കുതിച്ചുപാഞ്ഞ സ്‌ട്രൈക്കറാണ് ക്ലോഡിയോ പോള്‍ കനീജിയ. ഫുട്‌ബോളറാകുന്നതിന് മുമ്പ് അത്‌ലറ്റിക്‌സില്‍ ഒരുകൈ നോക്കിയിട്ടുള്ള ആളാണ് കനീജിയ. പ്രവിശ്യാ തലത്തില്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ 100 മീറ്ററിലാണ് അയാള്‍ പങ്കെടുത്തിരുന്നത്. അന്ന് പതിനൊന്ന് സെക്കന്റില്‍ താഴെ സമയം കൊണ്ട് കനീജിയ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. ആ വേഗത അയാള്‍ ഫുട്‌ബോള്‍ മൈതാനത്തും പുറത്തെടുത്തു. യഥാര്‍ത്ഥത്തില്‍ അത്‌ലറ്റിക്‌സിന്റെ ട്രാക്കിലായിരുന്നില്ല ഫുട്‌ബോള്‍ മൈതാനത്തായിരുന്നു കനീജിയയ്ക്ക് ആ വേഗത ഉപയോഗപ്പെട്ടത്. അയാളുടെ വേഗത എതിര്‍ ടീമിന്റെ ഡിഫന്‍ഡര്‍മാരെ ശരിക്കും കുഴക്കി. കനീജിയയോടൊപ്പം ഓടിയെത്താന്‍ കഴിയാതെ അവര്‍ ബുദ്ധിമുട്ടി. ഇതിനൊപ്പം അപാരമായ ഡ്രിബ്ലിംഗ് കഴിവ് കൂടിയായപ്പോള്‍ ക്ലോഡിയോ കനീജിയ അത്യന്തം അപകടകാരിയായി. സ്ഥിരമായി ഗോളടിക്കുന്നതിനൊപ്പം മറ്റ് കളിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നതിലും മിടുക്കനായിരുന്നു കനീജിയ. അഡ്വാന്‍സ്ഡ് പ്ലേമേയ്ക്കറായോ ക്രിയേറ്റീവ് ഫോര്‍വേഡ് ആയോ ആണ് അയാള്‍ പലപ്പോഴും വിന്യസിക്കപ്പെട്ടത്. ചിലപ്പോഴൊക്കെ വിങ്ങറായും കനീജിയ കളിച്ചു. അതിവേഗം ഓടി എതിര്‍ ടീമിലെ കളിക്കാരെ ഒന്നൊന്നായി മറികടക്കുന്ന താരമായിരുന്നതിനാല്‍ ‘കാറ്റിന്റെ മകന്‍’ എന്നും ‘പക്ഷി’ എന്നുമുള്ള വിളിപ്പേരുകള്‍ കനീജിയയ്ക്കുണ്ടായിരുന്നു.

റിവര്‍പ്ലേറ്റിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് ക്ലോഡിയോ കനീജിയ ഫുട്‌ബോള്‍ ലോകത്തെത്തുന്നത്. 1985ല്‍ പതിനെട്ടാമത്തെ വയസില്‍ കനീജിയ ക്ലബിന്റെ ഫസ്റ്റ് ടീമില്‍ കളിച്ചുതുടങ്ങി. 1986ല്‍ റിവര്‍ പ്ലേറ്റ് ലീഗില്‍ ചാമ്പ്യന്‍മാരായപ്പോഴും കോപ്പ ലിബര്‍ട്ടഡോറസ്, കോപ്പ ഇന്റര്‍ അമേരിക്കാന, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ കനീജിയ ടീമിലുണ്ടായിരുന്നു. റിവര്‍പ്ലേറ്റില്‍ കളിച്ച് പേരുണ്ടാക്കിയ കനീജിയ 1988ല്‍ യൂറോപ്പിലേയ്ക്ക് കൂടുമാറി. ഇറ്റാലിയന്‍ ക്ലബായ വെറോണയിലായിരുന്നു അയാള്‍ ചേര്‍ന്നത്. ഇറ്റലിയില്‍ വെറോണയ്ക്ക് പുറമെ അറ്റ്‌ലാന്റ, റോമ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും അയാള്‍ കളിച്ചു. 1995ല്‍ നാട്ടില്‍ തിരിച്ചെത്തിയ കനീജിയ ബൊക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്നു. അന്ന് ബൊക്കയില്‍ സാക്ഷാല്‍ ഡീഗോ മറഡോണ കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റിവര്‍പ്ലേറ്റിലൂടെ ഫുട്‌ബോള്‍ കളിച്ചുതുടങ്ങി പേരെടുത്ത കനീജിയ അവരുടെ കടുത്ത എതിരാളികളായ ബൊക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്നത് റിവര്‍പ്ലേറ്റ് ആരാധകരിലുണ്ടാക്കിയ രോക്ഷം വളരെ വലുതായിരുന്നു. എന്നാല്‍ ബൊക്ക ജൂനിയേഴ്‌സിനൊപ്പമുള്ള കാലം കനീജിയയുടെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച കാലമായിരുന്നു. ക്ലബ് ഫുട്‌ബോളില്‍ ഇങ്ങനെയൊക്കെ തിളങ്ങിയെങ്കിലും അര്‍ജന്റീനയ്ക്കുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയതോടെയാണ് കനീജിയ ഒരു ദേശീയ ഹീറോ ആയി മാറിയത്. അതോടെ അയാള്‍ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടം നേടി.

1990 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ദേശീയ ഹീറോ എന്ന നിലയില്‍ നിന്ന് രാജ്യത്തെ ഇതിഹാസ താരങ്ങളിലൊരാളായി അയാള്‍ ഉയര്‍ത്തപ്പെട്ടു. ഇറ്റലിയില്‍ നടന്ന ആ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഗോള്‍ നേടിയ കനീജിയ അര്‍ജന്റീനയെ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് നയിച്ചു. ‘ ആ ഗോളാണ് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍. കാരണം ആ മത്സരത്തില്‍ ഞങ്ങള്‍ക്ക് ശരിക്കും പിന്നിലായിരുന്നു. ബ്രസീലുമായുള്ള ഞങ്ങളുടെ വിരോധം വെച്ച് നോക്കുമ്പോഴും ആ ഗോള്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു’ എന്നാണ് ആ ഗോളിനെക്കുറിച്ച് പിന്നീട് കനീജിയ പറഞ്ഞത്. കനീജിയയെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ നേട്ടം വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. സെമിഫൈനലില്‍ ഇറ്റലിക്കെതിരെ അര്‍ജന്റീന ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ സമനില ഗോളടിച്ച് കനീജിയ അര്‍ജന്റീനക്കാരുടെ ഹൃദയത്തിലാണ് സ്ഥാനം നേടിയത്. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍ കടന്നതോടെ കനീജിയ അര്‍ജന്റീനക്കാരുടെ എക്കാലത്തെയും ഹീറോ ആയി മാറി. എന്നാല്‍ ആ മത്സരത്തില്‍ ഏറെ നിര്‍ഭാഗ്യകരമായ മറ്റൊരു കാര്യം നടന്നു. ഒരു ഹാന്‍ഡ് ബോളിന്റെ പേരില്‍ കനീജിയയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. നേരത്തെ മറ്റൊരു മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നതിനാല്‍ കനീജിയയ്ക്ക് ജര്‍മനിക്കെതിരായ ഫൈനല്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. ‘എന്റെ കരിയറിലെ ഏറ്റവും അസ്വസ്ഥാജനകമായ നിമിഷങ്ങളിലൊന്നായിരുന്നു അത്. ആ സംഭവവും പിന്നീട് ലോകകപ്പ് ജയിക്കാനാകാഞ്ഞതും ഏറെ അസ്വസ്ഥതയും നിരാശയുമുണ്ടാക്കി’ – കനീജിയ പറഞ്ഞു. ‘ആ ടൂര്‍ണമെന്റിലാകെ ഞാന്‍ മികച്ച കളിയാണ് പുറത്തെടുത്തിരുന്നത്. അസാധാരണമായ ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ഇറ്റലിയെക്കാളും ബ്രസീലിനെക്കാളുമെല്ലാം ഞങ്ങള്‍ക്ക് തോല്പിക്കാന്‍ എളുപ്പമുള്ള ടീമായിരുന്നു ജര്‍മനി. അന്ന് എനിക്ക് കളിക്കാനായിരുന്നെങ്കില്‍ ജര്‍മനിയെ ഫൈനലില്‍ തോല്പിക്കാനാകുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്’ – ഏറെ നിരാശയോടെ കനീജിയ പറഞ്ഞു. എന്നാല്‍ ആ ലോകകപ്പില്‍ എല്ലാ കാര്യവും തങ്ങള്‍ക്കെതിരായിരുന്നു. ഫുട്‌ബോള്‍ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും കനീജിയ പറഞ്ഞു. അന്ന് കനീജിയ അര്‍ജന്റീനിയന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഫൈനലില്‍ ജര്‍മനിയെ തോല്പിക്കാന്‍ കഴിയുമായിരുന്നെന്ന് ഇന്നും വിശ്വസിക്കുന്ന ആരാധകര്‍ ഏറെയാണ്.

1991ല്‍ ചിലിയില്‍ വെച്ച് നടന്ന കോപ്പ അമേരിക്കയില്‍ കനീജിയ രണ്ട് ഗോള്‍ നേടി. അത്തവണ കോപ്പ അമേരിക്ക അര്‍ജന്റീന നേടി. ടൂര്‍ണമെന്റില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുമൊത്ത കനീജിയ അത്യന്തം വിനാശികാരിയായ കൂട്ടുകെട്ടുണ്ടാക്കി. കനീജിയയുടെ വേഗത മുഴുവന്‍ ബാറ്റിസ്റ്റ്യൂട്ട ഉപയോഗപ്പെടുത്തി. 1992ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടാന്‍ അര്‍ജന്റീനയെ സഹായിച്ചതും കനീജിയ ആണ്. ഫൈനലില്‍ സൗദി അറേബ്യയ്‌ക്കെതിരെ അയാള്‍ ഗോള്‍ നേടി. മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന ജയിച്ച് ചാമ്പ്യന്‍മാരായി. 1993ലെ കോണ്‍മെബോള്‍-യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ ഡെന്‍മാര്‍ക്കിനെതിരെ കനീജിയ ഗോള്‍ നേടി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിക്കുകയും ചാമ്പ്യന്‍മാരാകുകയും ചെയ്തു. എന്നാല്‍ അതേവര്‍ഷം ഇക്വഡോറില്‍ നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കനീജിയയ്ക്ക് കളിക്കാനായില്ല. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് വിലക്ക് നേരിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 13 മാസത്തേയ്ക്കായിരുന്നു കനീജിയയെ കളിയില്‍ നിന്ന് വിലക്കിയത്. എന്നാല്‍ 1994 ലോകകപ്പില്‍ വീണ്ടും കനീജിയ-ബാറ്റിസ്റ്റ്യൂട്ട സഖ്യത്തെ കാണാനായി. ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ കനീജിയ രണ്ട് ഗോള്‍ നേടി. എന്നാല്‍ ബള്‍ഗേറിയയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ കനീജിയ ഞൊണ്ടിഞൊണ്ടിയാണ് കളം വിട്ടത്. ഇതിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ മറഡോണയെ ലോകകപ്പില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രീക്വാര്‍ട്ടറില്‍ റൊമേനിയയ്‌ക്കെതിരെ പരിക്ക് കാരണം കനീജിയയ്ക്ക് കളിക്കാനായില്ല. സൈഡ് ബെഞ്ചിലിരുന്ന് അര്‍ജന്റീന തോല്‍ക്കുന്നത് അയാള്‍ക്ക് കാണേണ്ടിവന്നു. 3-2ന് റൊമേനിയയോട് തോറ്റ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി. ‘മറ്റൊരു വേദനാജനകമായ അനുഭവം’ എന്നായിരുന്നു അതിനെക്കുറിച്ച് കനീജിയ പറഞ്ഞത്. അന്നത്തേത് ഒരു മികച്ച ടീമായിരുന്നെന്നും കനീജിയ പറഞ്ഞു.

1998 ലോകകപ്പിനുള്ള അര്‍ജന്റീന കോച്ച് ഡാനിയേല്‍ പാസറെല്ലയുമായി കനീജിയയ്ക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അയാളെ ആ ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി. എന്നാല്‍ 2002 ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ അന്നത്തെ കോച്ച് മാഴ്‌സെലോ ബിയേല്‍സ കനീജിയയെ ഉള്‍പ്പെടുത്തി. എന്നാല്‍ ഒരൊറ്റ മത്സരത്തിലും കളിക്കാനാകാഞ്ഞത് അയാളെ നിരാശപ്പെടുത്തി. അര്‍ജന്റീന ആദ്യ റൗണ്ടില്‍ത്തന്നെ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ഒരിക്കലും അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയാതിരുന്ന കനീജിയ രണ്ട് വര്‍ഷത്തിനുശേഷം വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ക്ലബ് ഫുട്‌ബോളില്‍ ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് അയാള്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. അന്ന് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കനീജിയയെ തങ്ങളുടെ ടീമിലുള്‍പ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും കനീജിയ ഇറ്റലി വിടാന്‍ തയ്യാറായില്ല. ലോകത്തെ ഏറ്റവും വമ്പന്‍മാരായ, ഏറ്റവും മികച്ച രണ്ട് ക്ലബുകളില്‍ കളിക്കാനുള്ള ക്ഷണം അയാള്‍ നിരസിച്ചു എന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ സത്യമാണ്. അയാള്‍ തന്റെ കരിയറില്‍ പലപ്പോഴുമെടുത്തത് ഇത്തരം വിചിത്രമായ തീരുമാനങ്ങളായിരുന്നു. കളിക്കളത്തില്‍ കുതിച്ചുപാഞ്ഞ കനീജിയ ജീവിതത്തിലും അതേ ശൈലി തന്നെയാണ് പിന്തുടര്‍ന്നത്. അത്യന്തം വര്‍ണാഭമായിരുന്നു അയാളുടെ ജീവിതരീതി. അക്ഷരാര്‍ത്ഥത്തില്‍ ഒരു റോക്ക്‌സ്റ്റാറിനെപ്പോലെയാണ് കനീജിയ ജീവിച്ചത്. ഡീഗോ മറഡോണയുമായുള്ള അടുത്ത സൗഹൃദം കനീജിയയെ തെറ്റായ വഴികളിലേയ്ക്ക് നയിച്ചെന്ന് ചിലരെങ്കിലും കരുതി. പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാര്‍ നടക്കണമെന്ന് പൊതുവെ കരുതപ്പെടുന്ന പാതയില്‍ നിന്ന് മാറി മയക്കുമരുന്നിന്റെ ഇരുണ്ടപാതയിലേയ്ക്ക് അയാള്‍ വഴിതെറ്റിവീഴാന്‍ കാരണം മറഡോണയാണെന്നായിരുന്നു അക്കൂട്ടര്‍ ആരോപിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി 50 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ കനീജിയ 16 ഗോളാണ് നേടിയത്. അര്‍ജന്റീന, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌കോട്‌ലന്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് വേണ്ടി കനീജിയ കളിച്ചിട്ടുണ്ട്. ക്ലബ് തലത്തില്‍ മൊത്തം 359 മത്സരം കളിച്ച അയാള്‍ 97 ഗോളടിച്ചു. 2010 ലോകകപ്പില്‍ കളിക്കാന്‍ തനിക്ക് കഴിയുമായിരുന്നെന്നും എന്നാല്‍ ആ അവസരം താന്‍ നിഷേധിക്കുകകയായിരുന്നുവെന്നും ക്ലോഡിയോ കനീജിയ പറഞ്ഞിട്ടുണ്ട്. അതിന് തയ്യാറാകാത്തതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നും അത് നടന്നിരുന്നെങ്കില്‍ ഡീഗോ മറഡോണയ്‌ക്കൊപ്പം കളിച്ച തനിക്ക് ലിയണല്‍ മെസ്സിയ്‌ക്കൊപ്പം കളിക്കാനും കഴിയുമായിരുന്നെന്ന് കനീജിയ പറഞ്ഞു. 43-ാം വയസിലും തനിക്ക് പൂര്‍ണ കായികക്ഷമതയുണ്ടായിരുന്നെന്നും നന്നായി ഓടാന്‍ കഴിഞ്ഞിരുന്നെന്നും ഇത് അന്നത്തെ കോച്ചിന് അറിയാമായിരുന്നെന്നും അയാള്‍ പറഞ്ഞിരുന്നു.

അര്‍ജന്റീനിയന്‍ ജേഴ്‌സിയണിഞ്ഞ കളിക്കാരില്‍ എക്കാലത്തെയും മികച്ചവരുടെ കൂട്ടത്തിലാണ് ക്ലോഡിയോ കനീജിയയും ഉള്‍പ്പെടുന്നു. നിര്‍ണായക മത്സരങ്ങളില്‍ നിര്‍ണായക സമയത്ത് ടീമിനുവേണ്ടി ഗോളടിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു കനീജിയയ്ക്ക്. അത് പലപ്പോഴും അര്‍ജന്റീനയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. 1990 ലോകകപ്പില്‍ രണ്ട് തവണ അയാള്‍ അത് തെളിയിച്ചിട്ടുള്ളതാണ്. കോപ്പ അമേരിക്ക ഫൈനലിലും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലിലും യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സിലും ഗോളടിച്ച അയാള്‍ ആ ടൂര്‍ണമെന്റുകളിലെല്ലാം അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കിയതും ചെറിയ കാര്യമല്ല. 1990 ലോകകപ്പിന്റെ ഫൈനല്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത് ഏറെ നിര്‍ഭാഗ്യകരമായ രീതിയിലായിരുന്നു. കുറേക്കൂടി അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ക്ലോഡിയോ കനീജിയയ്ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞേനേ. എന്നാല്‍ പലപ്പോഴും കുത്തഴിഞ്ഞ ജീവിതം അയാളുടെ കളിയേയും ബാധിച്ചു. അതുകാരണം കരിയറില്‍ എത്തേണ്ടിടത്ത് എത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ അയാള്‍ സ്ഥിരം ഉപയോഗിച്ചിരുന്നു. അര്‍ജന്റീനയുടെ ഏറ്റവും പ്രതിഭാധനരായ കളിക്കാരില്‍ ഒരാളായിരുന്ന കനീജിയ അത്രതന്നെ വിവാദ നായകനുമായിരുന്നു. വിവാദങ്ങള്‍ എന്നും അയാളെ വിടാതെ പിന്തുടര്‍ന്നു. പരിശീലകരുമായ അഭിപ്രായ വ്യത്യാസങ്ങളും മയക്കുമരുന്ന് ഉപയോഗവുമൊക്കെയായിരുന്നു അതിന് കാരണം. എന്തായാലും ലോക ഫുട്‌ബോളില്‍ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷിച്ചിടത്ത് എത്താതെ പോയ കളിക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവനാണ് ക്ലോഡിയോ കനീജിയ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments