കെ.ശ്രീജിത്ത്
തൊണ്ണൂറുകളുടെ മധ്യം മുതല്‍ രണ്ടായിരത്തിന്റെ മധ്യ വരെ ഒരു ദശകത്തോളം ലോക ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന റോബര്‍ട്ടോ അയാള. തന്റെ തലമുറയിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്‍നിരയിലാണ് അയാളയുടെ സ്ഥാനം. മികച്ച ക്യാപ്റ്റനെന്ന് പേരെടുത്തിട്ടുള്ള അയാള 63 തവണയാണ് അര്‍ജന്റീനയെ നയിച്ചത്. അഞ്ചടി പത്ത് ഇഞ്ച് മാത്രം ഉയരമുണ്ടായിരുന്ന റോബര്‍ട്ടോ അയാള എന്നാല്‍ തന്റെ ഉയരക്കുറവിനെ അപ്രസക്തമാക്കും വിധം വായുവിലൂടെ മികച്ച കളിയാണ് പുറത്തെടുത്തത്. അസാധാരണ ഉയരമുള്ള സെന്റര്‍ ബാക്കുകള്‍ക്കിടയില്‍ കുറിയ മനുഷ്യനായ അയാളയുടെ ഈ മിടുക്ക് ഒരു അത്ഭുതമായിരുന്നു. നീണ്ട പത്ത് വര്‍ഷം അര്‍ജന്റീനയുടെ പ്രതിരോധനിരയില്‍ അയാളയെടുത്ത പണി ചിന്തിക്കാനാകാത്തത്ര വലുതായിരുന്നു. പലപ്പോഴും അര്‍ജന്റീനയ്ക്ക് രണ്ട് ഗോളിയുണ്ടെന്ന് തോന്നുംവിധം ഗംഭീരമായിട്ടായിരുന്നു അയാളുടെ ഗോള്‍ലൈന്‍ സേവുകള്‍. പെനാല്‍റ്റി ബോക്‌സിനകത്ത് എതിര്‍ ടീമിന്റെ ഫോര്‍വേഡുകളെ അയാള്‍ പ്രതിരോധിക്കുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ഏത് സാഹചര്യത്തിലും എത്ര വലിയ സമ്മര്‍ദ്ദത്തിലും അയാള്‍ വിട്ടുകൊടുത്തില്ല. എതിരാളികളുടെ നീക്കങ്ങളുടെ മുന നിരന്തരം അയാള്‍ ഒടിച്ചു. ഒരുപക്ഷെ അര്‍ജന്റീന ഇത്രമാത്രം വിശ്വസിച്ച മറ്റൊരു പ്രതിരോധ നിരക്കാരന്‍ അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടാകില്ല.

ടീമിന് തന്റെ മേലുള്ള ആ വിശ്വാസം അയാള്‍ എന്നും കാത്തുസൂക്ഷിച്ചു. അര്‍ജന്റീന എന്ന വികാരം അയാള എന്നും പ്രാണന്‍ പോലെ കൊണ്ടുനടന്നു. ആ വിശ്വാസ്യതയും കൂറും ഒന്ന് വേറെത്തന്നെയായിരുന്നു. ഫുട്‌ബോളില്‍ ഡിഫന്‍ഡറാകാന്‍ ശരീരത്തിന്റെ വലുപ്പം ഒരു ഘടകമല്ലെന്ന് റോബര്‍ട്ടോ അയാള തെളിയിച്ചു. വലുപ്പത്തേക്കാള്‍ പ്രധാനം എത്രത്തോളം കാര്യക്ഷമതയുണ്ട് എന്നതിലാണെന്ന് അയാള്‍ ലോകത്തെ ബോധ്യപ്പെടുത്തി. ഒരു ഡിഫന്‍ഡറാകാന്‍ ഏറ്റവും വേണ്ടത് സ്ഥിരതയും ബുദ്ധിയും ധൈര്യവുമാണെന്ന് റോബര്‍ട്ടോ അയാളയിലൂടെ ലോകം മനസിലാക്കി. ശരീരത്തിന്റെ കരുത്ത് പോലെത്തന്നെ മാനസിക ധൈര്യവും പ്രധാനമാണെന്ന് അയാള്‍ കാണിച്ചുതന്നു. കളത്തിനും പുറത്തും അയാള്‍ കാണിച്ച പ്രൊഫഷണലിസം യുവകളിക്കാര്‍ക്ക് എന്നും മാതൃകയാണ്. റോബര്‍ട്ടോ അയാള എന്ന പേര് സമൂഹ മാധ്യമങ്ങളില്‍ ഒട്ടും ട്രെന്‍ഡിങ് അല്ലായിരിക്കാം. എന്നാല്‍ ഫുട്‌ബോളിനെക്കുറിച്ച് ശരിക്കും അറിയാവുന്ന ആരാധകര്‍ക്കെല്ലാം റോബര്‍ട്ടോ അയാള ഏറ്റവും മികച്ചവനായിരുന്നുവെന്ന് നല്ല ബോധ്യമുണ്ട്. മൈതാനത്ത് ഷോ കാണിക്കുന്നതിനേക്കാള്‍ കഴിവിനാണ് പ്രധാനമെന്ന് ഏറ്റവും നന്നായി മനസിലാക്കിയ കളിക്കാരനായിരുന്നു അയാള. വെറും സാധാരണ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന റോബര്‍ട്ടോ അയാള ലോക ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്തിയപ്പോഴും ഒരിക്കലും നില മറന്ന് പെരുമാറിയില്ല. കളത്തിനകത്തും പുറത്തും എല്ലാവരാലും അയാള്‍ ബഹുമാനിക്കപ്പെട്ടു. ആ ആദരം അയാള്‍ ചോദിച്ചുവാങ്ങിയതല്ല. പകരം അയാള്‍ തന്റെ കുലീനമായ പെരുമാറ്റത്തിലൂടെ സമ്പാദിച്ചതാണ്.

ഏറ്റവും ഉയരം കൂടിയവനോ ഏറ്റവും പകിട്ടോടുകൂടി നടന്നവനോ ആയിരുന്നില്ല അയാള. എന്നാല്‍ ഏറ്റവും മിടുക്കനായ, ശാന്തനായ, ഏറ്റവും ആശ്രയിക്കാവുന്ന ഒരാളായിരുന്നു അയാള്‍. ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വേണ്ടതും അതായിരുന്നു. വളരെ ചെറുപ്പം മുതല്‍ അസാധാരണമായ ഏകാഗ്രതയും അച്ചടക്കവും പ്രകടിപ്പിച്ച കളിക്കാരനായിരുന്നു അയാള. മറ്റ് പല ഡിഫന്‍ഡര്‍മാരയെും പോലെ ഉയരമില്ല എന്നത് അയാള ഒരു കുറവായി കണ്ടതേയില്ല. ഉയരമില്ലായ്മയെ അവന്‍ ടൈമിംഗിലുടെയും പൊസിഷനിങ്ങിലൂടെയും ഇച്ഛാശക്തിയിലൂടെയും മറികടന്നു. ഫെറോ കാരില്‍ ഓയിസ്‌റ്റെ ക്ലബിലൂടെയാണ് റോബര്‍ട്ടോ അയാള തന്റെ ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത്. കൗമാര പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ പേരുകേട്ട ക്ലബായിരുന്നു അത്. അവിടെ കളിക്കുമ്പോള്‍ അവന്‍ കാണിച്ച സ്ഥിരത ഒട്ടേറെ പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. അധികം വൈകാതെതന്നെ അയാള അര്‍ജന്റീനയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നായ റിവര്‍ പ്ലേറ്റിലേയ്ക്ക് കൂടുമാറി. റിവര്‍ പ്ലേറ്റില്‍ വെച്ച് അയാളയുടെ കരിയര്‍ അതിവേഗം ഉയരത്തിലെത്തി. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങള്‍ സമ്മര്‍ദ്ദം കൂട്ടിയെങ്കിലും റോബര്‍ട്ടോ അയാള അതിനെയെല്ലാം അതിജീവിച്ചു. കളിയിലെ സാഹചര്യങ്ങള്‍ വായിച്ചെടുക്കുന്നതിനുള്ള മിടുക്ക് അവനില്‍ വര്‍ദ്ധിച്ചു. വൃത്തിയായ ടാക്ലിംഗും സഹകളിക്കാര്‍ പ്രതീക്ഷിക്കുമ്പോഴെല്ലാം പാസ് ചെയ്യലും മത്സരം മുറുകുമ്പോള്‍ ഒരിക്കലും പിന്‍വലിയാതിരിക്കലും അയാളുടെ മുഖമുദ്രയായി മാറി. റിവര്‍ പ്ലേറ്റില്‍ ഒട്ടേറെ സൂപ്പര്‍താരങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ പ്രതിരോധത്തിന്റെ ആണിക്കല്ലായി മാറിയത് റോബര്‍ട്ടോ അയാള ആയിരുന്നു.

റിവര്‍ പ്ലേറ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ അയാളുടെ മുന്നില്‍ അര്‍ജന്റീന ദേശീയ ടീമിലേയ്ക്കുള്ള വാതില്‍ തുറക്കപ്പെട്ടു. 1994ലായിരുന്നു ഇത്. കോച്ച് ഡാനിയേല്‍ പാസറെല്ലയ്ക്ക് കീഴില്‍ ചിലിക്കെതിരെയായിരുന്നു അയാളയുടെ അര്‍ജന്റീന ജേഴ്‌സിയിലുള്ള ആദ്യ മത്സരം. 1996ലെ ഒളിംപിക്‌സില്‍ അര്‍ജന്റീന വെള്ളി മെഡല്‍ നേടിയപ്പോള്‍ ആ ടീമില്‍ റോബര്‍ട്ടോ അയാള ഉണ്ടായിരുന്നു. 1998 ലോകകപ്പില്‍ കളിച്ച അയാള 2002 ലോകകപ്പിനുള്ള ടീമിലുമുണ്ടായിരുന്നു. എന്നാല്‍ നൈജീരിയയ്‌ക്കെതിരായ ആദ്യ മത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അയാളയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് ആ ലോകകപ്പില്‍ അയാള്‍ക്ക് കളിക്കാനായില്ല. 2004 ഒളിംപിക്‌സിനുള്ള അര്‍ജന്റീന അണ്ടര്‍-23 ടീമില്‍ പ്രായം കൂടിയ മൂന്ന് കളിക്കാരിലൊരാളായി അയാളയെയും ഉള്‍പ്പെടുത്തി. അത്തവണ അര്‍ജന്റീന ഒളിംപിക്‌സില്‍ സ്വര്‍ണം നേടി. 2006 ലോകകപ്പില്‍ അര്‍ജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായിരുന്നു അയാള. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന കളി കാഴ്ചവെച്ച അയാള ആ ലോകകപ്പിലെ ഓള്‍ സ്റ്റാര്‍ ടീമില്‍ ഉള്‍പ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ ഹെഡ്ഡറിലൂടെ ഗോള്‍ നേടിയ റോബര്‍ട്ടോ അയാള അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്നാല്‍ പിന്നീട് മിറോസ്ലാവ് ക്ലോസയിലൂടെ ജര്‍മനി സമനില നേടുകയും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തോല്പിക്കുകയും ചെയ്തു. ആ ഷൂട്ടൗട്ടില്‍ അയാള എടുത്ത കിക്ക് ജര്‍മന്‍ ഗോള്‍കീപ്പര്‍ ജെന്‍സ് ലേമാന്‍ തടുത്തത് അയാളയ്ക്ക് നിരാശയായി. നേരത്തെ ഗോളടിച്ച് ടീമിനെ മുന്നിലെത്തിച്ചപ്പോള്‍ അയാളയെ ആഘോഷിച്ചവര്‍ക്ക് പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ അയാളൊരു ദുരന്ത നായകനായി മാറി. ഏറെ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച അവസ്ഥ. അത് ഏറെക്കാലം റോബര്‍ട്ടോ അയാളയെ വേട്ടയാടി.

2006 മെയ് 30ന് അങ്കോളയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ റോബര്‍ട്ടോ അയാള ഇറങ്ങിയപ്പോള്‍ അത് അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള അയാളുടെ നൂറാമത്തെ മത്സരമായിരുന്നു. മികച്ച കളിക്കാരനെന്നതുപോലെത്തന്നെ മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു അയാള. 2004ല്‍ അയാള നയിച്ച അര്‍ജന്റീന ടീം കോപ്പ അമേരിക്കയുടെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ബ്രസീലിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ കളിയാണ് റോബര്‍ട്ടോ അയാള പുറത്തെടുത്തത്. ഫൈനലില്‍ തോറ്റെങ്കിലും അയാളയുടെ നായക മികവ് ഏറെ പ്രശംസിക്കപ്പെട്ടു. 63 മത്സരങ്ങളിലാണ് റോബര്‍ട്ടോ അയാള അര്‍ജന്റീനയെ നയിച്ചത്. 2007 കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ബ്രസീലിനോട് 3-0ന് തോറ്റു. ഈ മത്സരത്തില്‍ അയാള സെല്‍ഫ് ഗോളടിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം അയാള്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് കോപ്പ ഫൈനലില്‍ സെല്‍ഫ് ഗോളടിച്ചതുമായി യാതൊരു ബന്ധവുമില്ലെന്ന് അയാള വ്യക്തമാക്കി. അര്‍ജന്റീനയ്‌ക്കേവണ്ടി 116 മത്സരം കളിച്ച റോബര്‍ട്ടോ അയാള ഏഴ് ഗോളാണടിച്ചത്. ക്ലബ് തലത്തിലും അയാള ഏറെ പ്രശസ്തനായിരുന്നു. സ്പാനിഷ് ക്ലബുകളായ വലെന്‍സിയ, റിയല്‍ സരഗോസ, ഇറ്റാലിയന്‍ ക്ലബുകളായ എ.സി മിലാന്‍ നാപ്പോളി എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുള്ള റോബര്‍ട്ടോ അയാള യൂറോപ്യന്‍ ഫുട്‌ബോളിലും കരുത്തനായിരുന്നു. വലന്‍സിയയ്‌ക്കൊപ്പം 2001 ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിച്ചിട്ടുള്ള അയാളയ്ക്ക് പക്ഷെ അന്ന് കിരീടം നേടാനായില്ല. എന്നാല്‍ പിന്നീട് വലന്‍സിയയ്‌ക്കൊപ്പം രണ്ട് ലാലിഗ കിരീടവും ഒരു യുവേഫ കപ്പും റോബര്‍ട്ടോ അയാള നേടി. വലന്‍സിയയ്ക്കുവേണ്ടി കളിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരിലൊരാളായിട്ടാണ് റോബര്‍ട്ടോ അയാള കണക്കാക്കപ്പെട്ടിരുന്നത്. ക്ലബ് ഫുട്‌ബോളില്‍ മൊത്തം 501 മത്സരങ്ങള്‍ കളിച്ച അയാള 15 ഗോള്‍ നേടി.

ഫുട്‌ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും പൂര്‍ണതയുള്ള ഡിഫന്‍ഡര്‍മാരിലൊരാളായാണ് റോബര്‍ട്ടോ അയാള കണക്കാക്കപ്പെടുന്നത്. വേഗതയും പന്തിനുമേലുള്ള നിയന്ത്രണവും പാസിംഗിലുള്ള കൃത്യതയും ഒരുപോലെ ഒത്തിണങ്ങിയ സെന്റര്‍ ബാക്കായിരുന്നു അയാള. പരിശീലകര്‍ അയാളുടെ ധൈര്യത്തെയും കളിയെക്കുറിച്ചുള്ള ധാരണയെയും വാഴ്ത്തി. എക്കാലവും അയാള്‍ തന്റേതായൊരു ഫുട്‌ബോള്‍ തത്വശാസ്ത്രം രൂപപ്പെടുത്തിയെടുത്തിരുന്നു. ആ വ്യതിരിക്തത എപ്പോഴും അയാളയിലുണ്ടായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളുമായി അയാള്‍ അതിവേഗം പൊരുത്തപ്പെട്ടു. എവിടെയും അയാള്‍ മുന്നില്‍ നിന്നു. അത്രമാത്രം നേതൃശേഷിയുണ്ടായിരുന്ന കളിക്കാരനായിരുന്നു അയാള. അതുകൊണ്ടുതന്നെയാണ് അയാള്‍ അര്‍ജന്റീനയുടെ മികച്ച ക്യാപ്റ്റനായി മാറിയതും. കളിയിലെ ഇതിഹാസങ്ങളില്‍ നിന്ന് ഫുട്‌ബോളിനെ ആഴത്തില്‍ പഠിച്ചെടുത്ത അയാള ഒരിക്കലും ബാലപാഠങ്ങള്‍ മറന്നില്ല. അയാള കളിച്ച പ്രതിരോധനിരകള്‍ക്കെല്ലാം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത് അയാളായിരുന്നു. എതിര്‍ ടീമിന്റെ പാസുകളെ മുറിക്കുന്നതില്‍ അയാള പ്രത്യേക വൈഭവം കാണിച്ചിരുന്നു. അത്യപൂര്‍വമായി മാത്രമാണ് അയാളയ്ക്ക് പിഴവ് പറ്റിയിരുന്നത്. എതിരാളികള്‍ അയാളുടെ കൃത്യതയെ എല്ലാ കാലത്തും ഭയപ്പെട്ടു. കളിയിലെ അയാളയുടെ കണക്കുകൂട്ടലുകള്‍ ഒരിക്കലും പിഴച്ചില്ല. അതുകൊണ്ടുതന്നെ ടീമിലെ സഹകളിക്കാര്‍ക്ക് അയാളെ വലിയ വിശ്വാസമായിരുന്നു. വന്യമായ കരുത്തായിരുന്നില്ല റോബര്‍ട്ടോ അയാളയുടെ ശക്തി. പകരം അയാളുടെ കളി രൂപപ്പെട്ടിരുന്നത് ചാരുതയയെയും സമ്പൂര്‍ണ അച്ചടക്കത്തെയും അടിസ്ഥാനമാക്കിയായിരുന്നു.

കളിക്കളത്തില്‍ എപ്പോഴും കൃത്യമായി പൊസിഷന്‍ ചെയ്തിരുന്ന അയാള എതിര്‍ മുന്നേറ്റക്കാരെ പിഴവ് വരുത്താന്‍ നിര്‍ബന്ധിതരാക്കി. പന്തിനായുള്ള അയാളുടെ ഉയര്‍ന്നുചാട്ടത്തിന്റെ ടൈമിംഗ് കിറുകൃത്യമായിരുന്നു. അവിടെ ഒരിക്കലും അയാള്‍ക്ക് പിഴച്ചില്ല. എതിര്‍ ടീമിലെ ഫോര്‍വേഡുകള്‍ മിക്കപ്പോഴും റോബര്‍ട്ടോ അയാളയെ വില കുറച്ചുകണ്ടു. അത് അവരുടെ കുഴിതോണ്ടി. ശാരീരികമായും ബുദ്ധിപരമായും അവരെ അയാള്‍ തറപറ്റിച്ചു. പന്ത് സ്വന്തം കാലിലുള്ളപ്പോള്‍ അയാള്‍ അനുഭവിച്ച സ്വസ്ഥത അതേ അവസ്ഥയില്‍ മറ്റൊരു കളിക്കാരനും അനുഭവപ്പെട്ടിട്ടുണ്ടാകില്ല. അയാളുടെ കാലുകളും പന്തും തമ്മില്‍ അത്രമേല്‍ ഇഴചേര്‍ന്നിരുന്നു. കുറിയ പാസുകള്‍ നല്‍കുന്നതില്‍ അയാള എപ്പോഴും മികച്ചുനിന്നു. കാലത്തിനുമുമ്പെ സഞ്ചരിച്ച കളിക്കാരനായിരുന്നു റോബര്‍ട്ടോ അയാള. ഇന്നത്തെ പല ഡിഫന്‍ഡര്‍മാരും പന്ത് കാലില്‍ വെച്ച് കളിക്കുമ്പോള്‍ നമ്മുക്ക് ഓര്‍മ വരിക റോബര്‍ട്ടോ അയാളയെയാണ്. ഇന്നത്തെ ഡിഫന്‍ഡര്‍മാര്‍ ചെയ്യുന്നത് രണ്ട് പതീറ്റാണ്ട് മുമ്പ് ചെയ്തുകാണിച്ച താരമാണ് അയാള്‍ എന്നതുകൊണ്ടാണത്. എല്ലാ കോണുകളില്‍ നിന്നും ആദരം പിടിച്ചുപറ്റിയ ഫുട്‌ബോളറായിരുന്നു റോബര്‍ട്ടോ അയാള. സ്വന്തം ടീമിലെ സഹകളിക്കാരും ആരാധകരും എന്തിന് എതിര്‍ ടീമിലെ കളിക്കാര്‍ വരെ അയാളെ എപ്പോഴും ബഹുമാനിച്ചു. അത്രമാത്രം പ്രതിഭാധനനും മാന്യനുമായിരുന്നു അയാള. തലമുറകള്‍ക്ക് മാതൃകയായ കളിക്കാരന്‍.



