Tuesday, February 17, 2026
Google search engine
HomeSportCoachesലിയണല്‍ സ്‌കലോണിയുടെ തന്ത്രങ്ങള്‍

ലിയണല്‍ സ്‌കലോണിയുടെ തന്ത്രങ്ങള്‍

കെ.ശ്രീജിത്ത്‌

‘ഞങ്ങള്‍ ലോകകപ്പ് നേടാന്‍ ഒരുതരത്തിലും ബാധ്യതപ്പെട്ടവരല്ല. നമ്മള്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും തെറ്റാണ്. ഇതൊരു കളി മാത്രമാണ്. കളിക്കുശേഷം ജീവിതം മുന്നോട്ടുപോകും’ – 2022 ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍ജന്റീനയുടെ കോച്ച് ലിയണല്‍ സ്‌കലോണി പറഞ്ഞതാണിത്. വാര്‍ത്താ സമ്മേളനത്തിലാണ് സ്‌കലോണി ഇത് പറഞ്ഞതെങ്കിലും ലിയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ ടീം ലോകചാമ്പ്യന്‍മാരാകുമോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന നാട്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള സന്ദേശമായിരുന്നു അത്. ആരാധകരുടെ ചങ്കിടിപ്പ് ഇല്ലാതാക്കി അവരെ ശാന്തരാക്കാനുള്ള പരിശീലകന്റെ വാക്കുകള്‍. ഇതാണ് ലിയണല്‍ സ്‌കലോണി. ഏത് കാര്യത്തെയും വളരെ സംയമനത്തോടെ കാണുന്നയാള്‍. കളി നടക്കുമ്പോള്‍ സൈഡ്‌ലൈനിന് പുറത്ത് ശാന്തനായി നില്‍ക്കുന്ന സ്‌കലോണി കഴിഞ്ഞ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു. അമിമതമായ ഉത്കണ്ഠയോ ആഹ്ലാദമോ ആ മുഖത്ത് കാണില്ല. എപ്പോഴും ചിന്തിച്ചുകൊണ്ട് നില്‍ക്കും. ഇടയ്്‌ക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അത്രതന്നെ.

ലോകകപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്കുശേഷം മെക്‌സിക്കോയ്‌ക്കെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ കടുത്ത പോരിനൊടുവില്‍, ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷം മെസ്സി മത്സരത്തിലെ ആദ്യ ഗോളടിച്ചപ്പോള്‍ സഹ പരിശീലകന്‍ പാബ്ലോ അയ്മര്‍ കരഞ്ഞതിനെക്കുറിച്ച് സ്‌കലോണി ഇങ്ങനെ പറഞ്ഞു: നമ്മള്‍ കുറച്ചുകൂടി നല്ല ബോധത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം. ഒാര്‍ക്കുക ഇതൊരു ഫുട്‌ബോള്‍ മത്സരം മാത്രമാണ്. എനിക്ക്, എന്റെ സഹോദരനില്‍ നിന്ന് കരഞ്ഞുകൊണ്ടൊരു മെസേജ് കിട്ടി. കടുത്ത സമ്മര്‍ദ്ദം കാരണം കളി കാണാന്‍ കഴിയാതെ അവന്‍ വീട്ടില്‍ നിന്നിറങ്ങി വിദൂരമായൊരു ഗ്രാമപ്രദേശത്തേയ്ക്ക് പോയെന്ന്. എന്നാല്‍ എനിക്ക് അങ്ങനെയൊന്നും ആകാന്‍ കഴിയില്ല. നമ്മള്‍ ജയിച്ചാലും ഇല്ലെങ്കിലും നാളെ സൂര്യനുദിക്കുമെന്ന് ആളുകളെ പറഞ്ഞുബോധ്യപ്പെടുത്തുക ശ്രമകരമായ ഒന്നാണ് – സ്‌കലോണി പറഞ്ഞു.

ഫുട്‌ബോളിന്റെ കാര്യം വരുമ്പോള്‍ അമിതാവേശം കയറുന്ന ഒരു രാജ്യത്ത്, അവരുടെ ദേശീയ ടീം പരിശീലകന്റെ വാക്കുകള്‍ പലപ്പോഴും നിര്‍ണായകമാകും. പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് സ്‌കലോണി തനിക്ക് ബ്രസീല്‍ ടീമിനോടുള്ള ഇഷ്ടം വ്യക്തമാക്കിയത് അത്തരമൊരു അവസരമായിരുന്നു. എല്ലാ നാല് വര്‍ഷം കൂടുമ്പോഴും തങ്ങളുടെ പരമ്പരാഗതവൈരികളായ ബ്രസീലിനെ കളിയാക്കാനുള്ള പാട്ടുകളുമായി കൂട്ടത്തോടെ ഗാലറിയിലെത്തുന്ന ശീലം കാലങ്ങളായി അര്‍ജന്റീന ആരാധകര്‍ തുടര്‍ന്നുപോരുമ്പോഴായിരുന്നു അതിന് വിപരീതമായി അവരുടെ സ്വന്തം ടീമിന്റെ പരിശീലകന്‍ ബ്രസീലിനോടുള്ള അയാളുടെ ഇഷ്ടം പ്രകടിപ്പിച്ചത്. അതാണ് സ്‌കലോണി. അങ്ങനെയാണ് സ്‌കലോണി. ഡീഗോ മറഡോണയുടെ സുവര്‍ണ കാലഘട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങിപ്പോയ ഒരു ഫുട്‌ബോള്‍ പാരമ്പര്യത്തിന് നവചൈതന്യമുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട പരിശീലകന്‍. മെസ്സി തലമുറയെ 2014ലെ ലോകകപ്പ് ഫൈനലിലും 2015,16 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലിലുമെത്തിച്ച പരമ്പരാഗതമായ വൈകാരിക കാര്‍ഡില്‍ നിന്നും മുക്തമാക്കി വ്യത്യസ്തമായ കാര്‍ഡുകള്‍ പരീക്ഷിച്ച പരിശീലകന്‍. മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം ആ മൂന്ന് ഫൈനലുകളും തോറ്റിരുന്നു എന്നത് കൂടി ഓര്‍ക്കണം. ലോകകപ്പ് എന്നത് എപ്പോഴും സങ്കീര്‍ണമാണ്. അതില്‍ കളിക്കുമ്പോള്‍ അമിതമായ ആത്മവിശ്വാസത്തിന്റെയോ അമിതമായ ആഹ്ലാദത്തിന്റെയോ തിരതള്ളലില്‍ പെട്ട് ഒലിച്ചുപോകാനാകില്ല. സ്‌കലോണി എല്ലാകാലത്തും ബുദ്ധിശാലിയായിരുന്നു. ഒരേസമയം ഒരു കളിയിലാകും അയാളുടെ ശ്രദ്ധ. അതിനുശേഷം അടുത്തത്. അതും ഒട്ടും അമിതാവേശമില്ലാതെ. അതായിരുന്നു അയാളുടെ സമീപനം – 1997ല്‍ അര്‍ജന്റീന അണ്ടര്‍ ട്വന്റി ലോകകപ്പില്‍ ചാമ്പ്യന്‍മാരായപ്പോള്‍ സ്‌കലോണിയുടെ സഹകളിക്കാരനായിരുന്ന ബെര്‍ണാഡോ റോമിയോ പറഞ്ഞതാണിത്.

അര്‍ജന്റീന വളരെ പതുക്കെയാണ് തങ്ങളുടെ പുതിയ പരിശീലകനായ ലിയണല്‍ സ്‌കലോണിയുമായി പൊരുത്തപ്പെട്ടത്. കളിക്കാരനെന്ന നിലയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി വെറും ഏഴ് കളികള്‍ മാത്രം കളിച്ചിട്ടുള്ള സ്‌കലോണിയെ 2018ല്‍ പരിശീലകനായി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ ഒരുഭാഗത്തുള്ള ജനങ്ങള്‍ക്ക് അദ്ദേഹത്തെ തീരെ പരിചയമുണ്ടായിരുന്നില്ല. സ്‌കലോണിയെ അറിയുന്നവരാകട്ടെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി. ട്രാഫിക്ക് നിയന്ത്രിക്കാന്‍ പോലും യോഗ്യനല്ലാത്തയാള്‍ എന്നായിരുന്നു അര്‍ജന്റീനക്കാരുടെ ദൈവമായ ഡീഗോ മറഡോണയുടെ പ്രതികരണം. 2018 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ഏതാണ്ട് ദുരന്തപൂര്‍ണമായ പ്രകടനത്തിന് ശേഷം അര്‍ജന്റീന നാട്ടില്‍ തിരിച്ചെത്തിയ സാഹചര്യമാണ്. പരിശീലകകന്റെ റോളിലേയ്ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ ഫൈഡറേഷനിലേയ്ക്ക് ഒരാള്‍ പോലും ബയോഡാറ്റ അയയ്ക്കാന്‍ തയ്യാറാകാതെ, മടിച്ചുനില്‍ക്കുന്ന സാഹചര്യം. എല്ലാം ഒന്ന് മുതല്‍ തുടങ്ങുന്നതിനായി തൊട്ടുമുമ്പത്തെ പരിശീലകന്‍ ജോര്‍ജ് സാംപോളിയുെട പരിശീലകസംഘത്തിലെ ഒരാളെ നിയോഗിക്കാന്‍ ഫെഡറേഷന്‍ ഒരുങ്ങിനില്‍ക്കുന്ന സമയം. ആ കാലത്ത് വെറും നാല്പത് വയസാണ് സ്‌കലോണിയുടെ പ്രായം. തന്റെ മകന്‍ ഉള്‍പ്പെടുന്ന മയോര്‍ക്കയിലെ ഒരു അമേച്വര്‍ ക്ലബിന്റെ പരിശീലകനായതൊഴിച്ചാല്‍ പ്രധാനപ്പെട്ട ഒരു ടീമിന്റെയും മുഖ്യപരിശീലക സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടില്ലാത്തയാള്‍. 2018ലെ ലോകകപ്പില്‍ പരിശീലക സംഘത്തിലുണ്ടായിരുന്ന സ്‌കലോണി കളിക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തി. ഞങ്ങളുമായി അയാള്‍ ഏറെ സംസാരിക്കുമായിരുന്നു. പരിശീലകനും ടീമും തമ്മിലൊരു ഇഴയടുപ്പം ഉണ്ടാക്കിയെടുത്തത് അയാളായിരുന്നു – 2018, 2022 ലോകകപ്പുകളില്‍ അര്‍ജന്റീന ടീമിലെ പ്രധാനിയായിരുന്ന നിക്കോളസ് ടാഗ്ലിയാഫിക്കോ ഓര്‍മിക്കുന്നു.

സ്‌കലോണിക്ക് പരിശീലകനായി പരിചയമില്ലെന്ന വാദം അധികമുയരുന്നതിന് മുമ്പേ, അദ്ദേഹത്തിനൊപ്പം യൂത്ത് ടീമുകളിലും 2006 ലോകകപ്പിലും കളിച്ച റോബര്‍ട്ടോ അയാള, പാബ്ലോ അയ്മര്‍, വാള്‍ട്ടര്‍ സാമുവല്‍ എന്നിങ്ങനെ അര്‍ജന്റീനക്കാര്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന താരങ്ങള്‍ സ്‌കോലണിയുടെ രക്ഷയ്‌ക്കെത്തി. തുടക്കത്തിലുള്ള വിമര്‍ശനം അധികകാലത്തേയ്ക്ക് നിലനില്‍ക്കാത്ത വിധം മറികടക്കുന്നതില്‍ കാണിച്ച അതേ മിടുക്കും വ്യക്തിത്വവും സ്‌കലോണിക്ക് എന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരുത്തുറ്റ വ്യക്തിത്വത്തിനപ്പുറം അയാള്‍ ഒരു തമാശക്കാരനും പോസിറ്റീവ് ആയ വ്യക്തിയുമായിരുന്നു. എല്ലാവരും പ്രധാനപ്പെട്ടവരാണെന്ന തോന്നലുളവാക്കുന്നതില്‍ അയാള്‍ക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് വിവിധ അര്‍ജന്റീന ക്ലബുകളില്‍ സ്‌കലോണിയുടെ സഹകളിക്കാരനായിരുന്ന ലിയാന്‍ഡ്രോ ഡേസബാറ്റോ ചൂണ്ടിക്കാട്ടുന്നു.

സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ലീഗുകളില്‍ ഡിഫന്‍ഡറായി കളിച്ച് പരിചയമുള്ള ലിയണല്‍ സ്‌കലോണി കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് തന്റെ പ്രതിച്ഛായയ്ക്ക് അനുസൃതമായ ഒരു ടീമിനെ ഉണ്ടാക്കിയെടുത്തു. അതായത് കൂട്ടായ ഒരു ടീമിനെ. ലിയണല്‍ മെസ്സി ഒഴികെ ടീമിലെ മറ്റൊരു കളിക്കാരനും പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത, എല്ലാവരും ഒരുപോലെ കണക്കാക്കപ്പെടുന്ന ഒരു അര്‍ജന്റീന ടീം. കളി തുടരാനും അടുത്ത തലമുറ കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ടീമില്‍ തുടരാനും മെസ്സിയെ തന്റെ സഹപരിശീലകരുടെ സഹായത്തോടെ അയാള്‍ സമ്മതിപ്പിച്ചു. ഏതൊക്ക മികച്ച കളിക്കാരെ നിലനിര്‍ത്തണമെന്നും അവര്‍ കളി നിര്‍ത്തേണ്ടത് എപ്പോഴാണെന്നതിനെക്കുറിച്ചുമെല്ലാം സ്‌കലോണിക്ക് അറിയാം. ലിയണല്‍ മെസ്സിയും ഏയ്ഞ്ചല്‍ ഡി മരിയയും നിക്കോളസ് ഓട്ടമെന്‍ഡിയുമെല്ലാം ശതകോടിശ്വരന്‍മാരായി. എന്നാല്‍ അര്‍ജന്റീന ടീമിനുവേണ്ടി ഒന്നും നേടിയിരുന്നില്ല. വളരെ നേരത്തെ യൂറോപ്പിലേയ്ക്ക് കുടിയേറി അവിടെ കളിച്ചിരുന്ന, അര്‍ജന്റീനയിലെ വലിയ ക്ലബുകളില്‍ കളിച്ച് കണ്ടിട്ടില്ലാത്ത കളിക്കാരെ അര്‍ജന്റീനയിലേയ്ക്ക് തിരിച്ചെത്തിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയതും സ്‌കലോണിയാണെന്ന് അദ്ദേഹത്തിന്റെ പഴയ പരിശീലകന്‍ ഡാനിയേല്‍ കോര്‍ഡോബ പറയുന്നു.

2021ല്‍ മാരക്കാനയില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ കിരീടം നേടിയതോടെ സ്‌കലോണിയുടെ അര്‍ജന്റീന ടീം നാട്ടില്‍ ആരാധകരുടെ ഹൃദയം കീഴടക്കി. 28 വര്‍ഷത്തിന് ശേഷം ഒരു കപ്പ് നേടുന്നതിന് മാരക്കാനയെക്കാള്‍ മികച്ചൊരു സ്ഥലം അര്‍ജന്റീനക്കാരെ സംബന്ധിച്ചിടത്തോളം ഇല്ലായിരുന്നു. ഇതോടെ അര്‍ജന്റീന എന്ന രാജ്യം ഒന്നടങ്കം ഈ ടീമിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു. 2022ല്‍ ലോകകപ്പിനായി ഖത്തറിലെത്തുമ്പോഴേയ്ക്കും സ്‌കലോണിയുടെ ഏറെ പുതുമുഖങ്ങളടങ്ങിയ ടീം തുടര്‍ച്ചയായി 35 വിജയങ്ങളെന്ന നേട്ടത്തിലെത്തിയിരുന്നു. ഈ ടീം മൂന്നാമതൊരിക്കല്‍ കൂടി അര്‍ജന്റീനയ്ക്ക് ലോകകിരീടം നേടിക്കൊടുക്കുമെന്ന് ആരാധകര്‍ മുഴുവന്‍ വിശ്വസിച്ചു. പക്ഷെ, ടൂര്‍ണമെന്റിലെ ആദ്യമത്സരത്തോടെ സകലരും സ്വപ്‌നലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്നു. സൗദി അറേബ്യയ്‌ക്കെതിരെയുള്ള തോല്‍വിക്കുശേഷം കളിക്കാരെ മണ്ണിലുറപ്പിച്ച്, അവരുടെ കളിലഹരിയെ പതംവരുത്തുന്നത് സ്‌കലോണി തുടര്‍ന്നു. ഇതൊരു കളി മാത്രമാണെന്നും അതിനെ അങ്ങനെ മാത്രമെ എടുക്കാവൂ എന്നും കളിക്കുന്നത് പരമാവധി ആസ്വദിക്കൂ എന്നും അയാള്‍ നിരന്തരം തന്റെ കളിക്കാരെ ഓര്‍മിപ്പിച്ചു. ഈ ഉപദേശം, ആസ്വദിച്ച് കളിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കളിക്കാരെ സഹായിച്ചു. സൗദി അറേബ്യയോടുള്ള തോല്‍വിക്കുശേഷം ലോകകപ്പിലെ ഓരോ മത്സരവും അര്‍ജന്റീനയ്ക്ക് ഓരോ ഫൈനലായിരുന്നു. ഏത് കളി തോറ്റാലും അപ്പോള്‍ ടൂര്‍ണമെന്റിന് പുറത്താകുമെന്ന അവസ്ഥ. അവിടെനിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കോയെയും പോളണ്ടിനെയും തോല്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയെയും. ക്വാര്‍ട്ടറില്‍ കരുത്തരായ നെതര്‍ലന്റ്‌സായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷം നെതര്‍ലന്റ്‌സ് തിരിച്ചടിക്കുകയും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുകയും ചെയ്തു. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവില്‍ അര്‍ജന്റീനയ്ക്ക് ജയം. സെമിഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫൈനലില്‍. 2018ല്‍ ക്രൊയേഷ്യയുടെ കൈയ്യില്‍ നിന്ന് കിട്ടിയ തോല്‍വിക്ക് മധുര പ്രതികാരം. പിന്നീട് ലോകകപ്പിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫൈനലിനും ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കളികളിലൊന്നിനുമായിരുന്നു ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യപകുതിയില്‍ ലിയണല്‍ മെസ്സിയും ഏയ്്ഞ്ചല്‍ ഡി മരിയയും നേടിയ ഗോളുകളിലൂടെ അര്‍ന്റീന മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. എക്‌സട്രാ ടൈമില്‍ ലിയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും വീണ്ടും സ്‌കോര്‍ ചെയ്തതോടെ മത്സരം ഷൂട്ടൗട്ടിലേയ്ക്ക്. ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. അങ്ങനെ 36 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയ്ക്ക് ലോകകിരീടം. രണ്ട് ലിയണല്‍മാര്‍ നേതൃത്വം കൊടുത്ത അര്‍ജന്റീന ലോകം കീഴടക്കിയാണ് ഖത്തറില്‍ നിന്ന് മടങ്ങിയത്. അതും ആദ്യ കളി തോറ്റ ശേഷം തുടര്‍ച്ചയായി ആറ് കളികള്‍ ജയിച്ച്.

ഫൈനലില്‍ ലിയണല്‍ സ്‌കലോണി സ്വീകരിച്ച തന്ത്രങ്ങള്‍ മികച്ചതായിരുന്നു. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ മൂന്ന് സെന്റര്‍ ബാക്കുകളിലൊരാളായി നിയോഗിച്ച് സ്‌കലോണി, ഏയ്ഞ്ചല്‍ ഡി മരിയയെ ബെഞ്ചിലിരുത്തുമെന്നായിരുന്നു സകലരും വിചാരിച്ചത്. എന്നാല്‍ സ്‌കലോണി ചെയ്തത് നേരെമറിച്ചായിരുന്നു. ഫ്രാന്‍സ് ടീമിനെ സ്‌കലോണി ഒരേസമയം ഭയപ്പെടുകയും പൂര്‍ണമായും ബഹുമാനിക്കുകയും ചെയ്തിരുന്നു. 2018 ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലകസംഘത്തിലുണ്ടായിരുന്ന സ്‌കലോണിയുടെ ചുമതല ഭാവിയിലെ എതിരാളികളെ നിരീക്ഷിക്കുക എന്നതായിരുന്നു. അത്തവണ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ തകര്‍ത്ത ഫ്രാന്‍സിനെ സ്‌കലോണി ശരിക്കും മനസിലാക്കിയിരുന്നു. അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം സ്‌കലോണി മാതൃകയാക്കിയത് ഫ്രാന്‍സിനെയായിരുന്നു. കളിയില്‍ അതിവേഗം പരിണമിക്കാനും പന്ത് പിടിച്ചെടുക്കാനും വെറും മൂന്നോ നാലോ സെക്കന്റ് കൊണ്ട് പന്ത് ഷൂട്ട് ചെയ്യാന്‍ പാകത്തില്‍ പൊസിഷിനിലാകാനുമുള്ള ഫ്രാന്‍സ് ടീമിന്റെ കഴിവിനെക്കുറിച്ച് സ്‌കലോണി ജാഗ്രത പുലര്‍ത്തിയിരുന്നു. ഇത് അറിയുന്ന ഫുട്‌ബോള്‍ പണ്ഡിതരാണ് ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ സെന്റര്‍ ബാക്കായി ഉള്‍പ്പെടുത്തുമെന്ന് കരുതിയത്. എന്നാല്‍ സ്‌കലോണി മറ്റൊരു തീരുമാനത്തിലാണെത്തിയത്. ലോകകപ്പ് ഫൈനലിനെ സമീപിക്കുന്നത് ഫ്രാന്‍സിനെ ഭയന്നുകൊണ്ടാണെങ്കില്‍ അത് തന്റെ ടീമിനേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് എതിര്‍ ടീമിനാണെന്ന് അംഗീകരിക്കലാകും. അത് എതിരാളികള്‍ക്ക് മാനസികമായ ആധിപത്യം നല്‍കും. അതേസമയം തന്റെ ടീമിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് തുടക്കം മുതല്‍ കളിയില്‍ മേധാവിത്തം പുലര്‍ത്താന്‍ കഴിയുക എന്ന ചോദ്യം സ്വയം ചോദിച്ച സ്‌കലോണി അതിനുള്ള മറുപടിയായാണ് ഏയ്ഞ്ചല്‍ ഡി മരിയയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയ ഉള്‍പ്പട്ടതോടെ 4-4-2 എന്ന ഫോര്‍മേഷനില്‍ വലതുഭാഗത്തായിരിക്കും അയാള്‍ കളിക്കുക എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ ഇടതുഭാഗം ദുര്‍ബലമാണെന്നത് സ്‌കലോണി ശ്രദ്ധിച്ചിരുന്നതായും ഇത് മുതലാക്കുകയായിരിക്കും ലക്ഷ്യമെന്നുമായിരുന്നു ഇങ്ങനെ വിലയിരുത്തിയവര്‍ കരുതിയത്. എന്നാല്‍ ഡി മരിയയെ ഇടതുഭാഗത്താണ് സ്‌കലോണി വിന്യസിച്ചത്. ഇതോടെ മെസ്സി വലതുഭാഗത്തും ജൂലിയന്‍ അല്‍വാരസ് മധ്യത്തിലുമായി മൂന്നംഗ ആക്രമണനിര സജ്ജമായി. അത് ഫ്രാന്‍സിനെ ബുദ്ധിമുട്ടിലാക്കി. ആദ്യ മിനിറ്റുകളില്‍ അവര്‍ പാസുകളിലെല്ലാം തെറ്റ് വരുത്തി. മാത്രമല്ല ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡില്‍ ചൗമേനിയ്ക്കും റാബിയറ്റിനും മൈതാനത്തിന്റെ കൂടുതല്‍ ഭാഗം കവര്‍ ചെയ്യേണ്ടിവന്നു. ഇതോടെ കുരുക്കിലായത് അവരുടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ അന്റോണിയോ ഗ്രീസ്മാനാണ്. ടൂര്‍ണമെന്റിലുടനീളം മൂന്നംഗ മിഡ്ഫീല്‍ഡ് സംഘത്തില്‍ ഗ്രീസ്മാനെ ആക്രമണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയാണ് പ്രതിസന്ധികള്‍ക്കെല്ലാം ഫ്രാന്‍സ് പരിഹാരം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സ്‌കലോണി അത് ഫ്രാന്‍സിനൊരു കുരുക്കാക്കി മാറ്റി.

കരിയറില്‍ ഒരിക്കല്‍പ്പോലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത കളിക്കാരനാണ് ഏയ്ഞ്ചല്‍ ഡി മരിയ. ഒരിക്കലും ആരാലും പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോ. വലിയ അവസരങ്ങളിലെല്ലാം മികച്ച കളി പുറത്തെടുക്കുന്ന കളിക്കാരന്‍. ആ ഡിമരിയ ആയിരുന്നു ഫൈനലിലെ ആദ്യ ഒരു മണിക്കൂറില്‍ കളംനിറഞ്ഞ് കളിച്ചത്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയ സ്‌കലോണിയുടെ തീരുമാനം നൂറ് ശതമാനം ശരിവെയ്ക്കുന്നതായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ പ്രകടനം. ഡി മരിയയെ തുടക്കത്തില്‍ത്തന്നെ ഇറക്കുക വഴി കളിയില്‍ തൂങ്ങിനില്‍ക്കാനല്ല, മറിച്ച് ജയിക്കാനാണ് സ്‌കലോണി ശ്രമിച്ചത്. കളിയുടെ അറുപതാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ചതോടെയാണ് ശരിക്കും കളി മാറിയത്. അതുവരെ അര്‍ജന്റീനയുടെ കൈയ്യിലായിരുന്ന കളി പതുക്കെ ഫ്രാന്‍സിലേയ്ക്ക് വഴുതിത്തുടങ്ങി. ഇതുതന്നെയായിരുന്നു ക്വാര്‍ട്ടറില്‍ നെതര്‍ലന്റ്‌സിനെതിരെയും സംഭവിച്ചത്. ഫ്രാന്‍സിന് പതുക്കെ കളിയില്‍ ഒഴുക്ക് ലഭിച്ചതോടെ അര്‍ജന്റീന ക്ഷീണിച്ചുതുടങ്ങി. ഫുട്‌ബോളില്‍ മൈതാനത്ത് അതിവേഗമാണ് സമയം കടന്നുപോവുക. അതുകൊണ്ടുതന്നെ വെല്ലുവിളികള്‍ക്ക് പെട്ടെന്നുള്ള പരിഹാരങ്ങള്‍ പരിശീലകന്‍മാര്‍ക്ക് കണ്ടെത്തേണ്ടിവരും. ഇക്കാര്യത്തില്‍ സ്‌കലോണി ഏറെ മുന്നിലായിരുന്നു. ഓരോ പ്രതിസന്ധിക്കും അയാള്‍ കണ്ടെത്തിയ പരിഹാരങ്ങളെല്ലാം കിറുകൃത്യമായിരുന്നു.

സൗദി അറേബ്യയോട് ആദ്യ കളി തോറ്റതില്‍ ഒട്ടും പരിഭ്രമിക്കാതെ പകരം ആ തോല്‍വി മറികടക്കാന്‍ വേണ്ട പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് അയാള്‍ ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൗട്ടാരോ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസിനെ മുന്നേറ്റനിരയില്‍ കൊണ്ടുവന്നതായിരുന്നു. ഇരുപത്തൊന്നുകാരനായ എന്‍സോ ഫെര്‍ണാണ്ടസിനെ മിഡ്ഫീല്‍ഡില്‍ കൊണ്ടുവന്നതായിരുന്നു മാസ്റ്റര്‍ സ്‌ട്രോക്ക്. നെതര്‍ലന്റ്‌സിനെതിരെ മൂന്നംഗ പ്രതിരോധനിര, ക്രൊയേഷ്യയ്‌ക്കെതിരെ മിഡ്ഫീല്‍ഡ് നിറച്ചത്, ഫൈനലില്‍ വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം മികച്ചതായിരുന്നു. ഇതിനെല്ലാം മീതെയായിരുന്നു സ്‌കലോണിയുടെ അര്‍ജന്റീന കാണിച്ച ടീം സ്പിരിറ്റ്. 2019 കോപ്പ അമേരിക്കയില്‍ ഒരുമിച്ച് കളിച്ച് തുടങ്ങിയ ഈ ടീം അന്ന് മുതല്‍ ഏതാണ്ട് മൂന്നര വര്‍ഷത്തോളം ആ നില തുടര്‍ന്നിരുന്നു. അത് ഏറെ ഗുണം ചെയ്തു. 2019 കോപ്പയിലെ സെമിഫൈനലില്‍ ബ്രസീലിനോട് തോറ്റതോടെയാണ് ഫ്രാന്‍സിനെ അനുകരിക്കുന്ന പണി സ്‌കലോണി നിര്‍ത്തിയത്. പകരം കൂടുതലായി പൊസഷന്‍ ഫുട്‌ബോള്‍ കളിക്കാന്‍ അയാള്‍ തന്റെ കളിക്കാരോട് നിര്‍ദേശിച്ചു. 2019ലെ കോപ്പയോടെയാണ് മെസ്സിയ്‌ക്കൊപ്പം പുതിയ തലമുറ കളിക്കാര്‍ കളിച്ച് തുടങ്ങിയത്. മെസ്സിയുടെ കളി സണ്ട് വളര്‍ന്ന, മെസ്സിയുടെ ആരാധകരായിരുന്ന അവരെല്ലാം കളിക്കളത്തില്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണച്ച് വിയര്‍ത്തുകളിച്ചു. അതോടെ ഒരുമിച്ച് ജയിക്കാനും തുടങ്ങി. 2019 കോപ്പയിലെ സെമിഫൈനലില്‍ തോറ്റതിന് ശേഷം അര്‍ജന്റീന ആദ്യമായി തോല്‍ക്കുന്നത് 2022 ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയോടായിരുന്നു. ആ യാത്രയില്‍ അവര്‍ 2021 കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയിരുന്നു. തുടര്‍ന്നായിരുന്നു ലോകകപ്പിലെ കിരീടധാരണം. 2021ല്‍ മാരക്കാനയില്‍ വെച്ച് നേടിയ ആ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. അവരുടെമേലുള്ള സമ്മര്‍ദ്ദം അതോടെ കുറഞ്ഞു. അതോടെ അവര്‍ കളി ആസ്വദിക്കാനും തുടങ്ങി.

ലോകകപ്പ് നേട്ടത്തിന് അര്‍ജന്റീന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അവരുടെ പരിശീലകന്‍ ലിയണല്‍ സ്‌കലോണിയോട് തന്നെയാണ്. ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തി കളിക്കാര്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും ബഹുമാനവും വളര്‍ത്തിയതിനൊപ്പം കളിക്കളത്തിലെ അദ്ദേഹത്തിന്റെ തന്ത്രങ്ങളും മികച്ചതായിരുന്നു. അങ്ങനെ അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് ലിയണല്‍മാര്‍ ചേര്‍ന്ന് ലോകകപ്പ് നേടിക്കൊടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments