കെ.ശ്രീജിത്ത്
ഒരിക്കല്‍ ഒരു പതിനഞ്ച് വയസുകാരന്‍ പയ്യനെ ചൂണ്ടിക്കാട്ടി ബ്രീസില്‍ ഇതിഹാസം പെലെ പറഞ്ഞു – ഇവനാണ് ഫുട്‌ബോളിലെ എന്റെ അനന്തരാവകാശി. അഞ്ച് വര്‍ഷത്തിനപ്പുറം ആ പയ്യന്‍ പെലെയ്ക്ക് ശേഷം ബ്രസീല്‍ ക്ലബായ സാന്റോസിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ലീഗില്‍ ചാമ്പ്യന്‍മാരാക്കി. അങ്ങനെ പെലെ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്നു എന്ന തോന്നല്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ടായി. പന്നീടവന്‍ സാന്റോസിനൊപ്പം ഒരിക്കല്‍ കൂടി ലീഗ് ചാമ്പ്യനായി. അതിനുശേഷം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പം രണ്ട് ലാലിഗ കിരീടങ്ങള്‍, ബ്രസീലിനൊപ്പം കോപ്പ അമേരിക്ക, രണ്ട് തവണ കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടങ്ങള്‍ എന്നീ നേട്ടങ്ങളും കൈവരിച്ചു. ബ്രസീലിനായി രണ്ട് തവണ ലോകകപ്പില്‍ ബൂട്ട് കെട്ടി. പക്ഷെ ഒരുകാലത്ത് കളിയിലെ തന്റെ അനന്തരാവകാശിയായി പെലെ കണ്ട ആ പയ്യന്‍ ഇന്നൊരു കൂട്ട ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അവനാണ് റോബസ്ണ്‍ ഡിസൂസ എന്ന റോബീഞ്ഞോ. നാല്പത് വയസിനിടെ ഒരുപോലെ പ്രസിദ്ധനും കുപ്രസിദ്ധനുമായ റോബീഞ്ഞോ. ഒരാള്‍ തന്നെ ഹീറോയും വില്ലനുമാകുന്ന വൈരുദ്ധ്യം.

ബ്രസീലിലെ സാവോ വിസെന്റെയില്‍ 1984ലാണ് റോബീഞ്ഞോയുടെ ജനനം. ആറാം വയസില്‍ ബെയ്‌റ മാര്‍ ക്ലബിന്റെ അക്കാദമിയില്‍ ഫുട്‌ബോള്‍ പരിശീലനം. രണ്ട് വര്‍ഷം കഴിഞ്ഞ് എട്ടാം വയസില്‍ രാജ്യത്തെ പ്രസിദ്ധമായ സാന്റോസ് എഫ്.സിയുടെ അക്കാദമിയില്‍. കുട്ടിക്കാലത്ത് റോബീഞ്ഞോ ഫുട്‌സാല്‍ ധാരാളമായി കളിച്ചിരുന്നത് ഡ്രിബ്ലിങിലും പന്തുമായി മുന്നോട്ടുള്ള കുതിപ്പിലുമെല്ലാം ഒരുപാട് സഹായിച്ചു. റോബീഞ്ഞോ പന്ത്രണ്ടാമത്തെ വയസില്‍ ആദ്യമായി ഒരു ടീമിന്റെ ഇലവനില്‍ സ്ഥാനം നേടുന്നു. സാന്റോസ് എഫ്.സിയുടെ ജൂനിയര്‍ ടീമിലായിരുന്നു അത്. പതിനഞ്ചാമത്തെ വയസില്‍ ഫുട്‌ബോളില്‍ തന്റെ അനന്തരാവകാശിയെന്ന പെലെയും പ്രവചനം കൂടി വന്നതോടെ രാജ്യം മുഴുവനും റോബീഞ്ഞോയിലേയ്ക്ക് ഉറ്റുനോക്കി. 2002ല്‍ പതിനെട്ടാമത്തെ വയസില്‍ സാന്റോസ് എഫ്.സിയുമായി തന്റെ ആദ്യ ഫ്രൊഫഷണല്‍ ഫുട്‌ബോള്‍ കരാര്‍ ഒപ്പിട്ടു. ആദ്യ സീസണില്‍ സാന്റോസിനുവേണ്ടി 24 കളികളിലിറങ്ങിയ റോബീഞ്ഞോ ഒരു ഗോള്‍ നേടി. ആ വര്‍ഷം ക്ലബ് ലീഗ് ചാമ്പ്യന്‍മാരായി. അടുത്തവര്‍ഷം കോപ്പ ലിബര്‍ട്ടഡോറസിന്റെ ഫൈനലില്‍ സാന്റോസ് സ്ഥാനം പിടിച്ചെങ്കിലും ഫൈനലില്‍ അര്‍ജന്റീനിയന്‍ ക്ലബായ ബൊക്ക ജൂനിയേഴ്‌സിനോട് പരാജയപ്പെട്ടു. 2004ല്‍ 37 കളികളില്‍ നിന്ന് 21 ഗോള്‍ നേടിയ റോബീഞ്ഞോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സാന്റോസ് വീണ്ടും ബ്രസീല്‍ ലീഗ് ചാമ്പ്യന്‍മാരായി. റോബീഞ്ഞോയുടെ തീപാറുന്ന കളി കണ്ട് റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍ ടീമുകള്‍ റോബീഞ്ഞോക്കായി വല വീശിത്തുടങ്ങി.

ഇതിനിടെ, 2003ല്‍ റോബീഞ്ഞോ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ മെക്‌സിക്കോക്കെതിരായ മത്സരത്തിലാണ് റോബീഞ്ഞോ ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറിയത്. ആ കളി ബ്രസീല്‍ തോറ്റു. തുടര്‍ന്ന് ഫൈനലടക്കം നാല് കളികളില്‍ കൂടി റോബീഞ്ഞോ കളിച്ചു. ഫൈനലില്‍ വീണ്ടും മെകിസിക്കോയോട് തോല്‍വിയായിരുന്നു ഫലം. 2005 ഫെബ്രുവരി ഒമ്പതിന് റോബീഞ്ഞോ ബ്രസീലിന് വേണ്ടി തന്റെ ഗോള്‍ സ്‌കോര്‍ ചെയ്തു. ഹോങ്കോങിനെതിരായ മത്സരത്തിലായിരുന്നു ഇത്. മത്സരം 7-1നാണ് ബ്രസീല്‍ ജയിച്ചത്. ആ വര്‍ഷം കോണ്‍ഫെഡറേഷന്‍സ് കപ്പിലും ബ്രസീല്‍ ടീമില്‍ റോബീഞ്ഞോ കളിച്ചു. അത്തവണ കപ്പ് നേടിയ ബ്രസീലിന് വേണ്ടി ഗ്രൂപ്പ് ഘട്ടത്തില്‍ ഗ്രീസിനും ജപ്പാനുമെതിരെ റോബീഞ്ഞോ ഗോളടിച്ചു.

2006 ജര്‍മനി ലോകകപ്പില്‍ ബ്രസീല്‍ ടീമിലുണ്ടായിരുന്ന റോബീഞ്ഞോ മിക്കവാറും പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക, അഡ്രിയാനോ എന്നീ സൂപ്പര്‍ താരങ്ങളെക്കൊണ്ട് നിറഞ്ഞ ബ്രസീല്‍ ടീമില്‍ റോബീഞ്ഞോ പകരക്കാരനായതില്‍ അത്ഭുതമില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെതിരായ മത്സരത്തില്‍ റോബീഞ്ഞോയെ ബ്രസീല്‍ ആദ്യ ഇലവനില്‍ തന്നെ ഇറക്കി. മത്സരം ബ്രീസില്‍ 4-1ന് ജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് തോറ്റ മത്സരത്തില്‍ റോബീഞ്ഞോ പകരക്കാരനായാണ് ഇറങ്ങിയത്. 2007 കോപ്പ അമേരിക്കയില്‍ സ്ഥിരം ഫോര്‍വേഡുകളില്ലാതിരുന്ന ടീമില്‍ റോബീഞ്ഞോ എല്ലാ മത്സരത്തിലും ആദ്യ ഇലവനില്‍ കളിക്കാനിറങ്ങി. ടൂര്‍ണമെന്റില്‍ ഇതാദ്യമായി ബ്രസീലിന്റെ പതിനൊന്നാം നമ്പര്‍ ജേഴ്‌സിയിലാണ് റോബീഞ്ഞോ കളിക്കാനിറങ്ങിയത്. കുട്ടിക്കാലത്ത് റോബീഞ്ഞോയുടെ ഹീറോയായിരുന്ന റൊമാരിയോ ധരിച്ചിരുന്നത് പതിനൊന്നാം നമ്പര്‍ ജേഴ്‌സിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ ഹാട്രിക്ക് അടക്കം റോബീഞ്ഞോ നാല് ഗോള്‍ നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ചിലിയെ 6-1ന് തകര്‍ത്തപ്പോള്‍ അതില്‍ രണ്ട് ഗോള്‍ നേടിയത് റോബീഞ്ഞോ ആയിരുന്നു. ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ച് ബ്രസീല്‍ കപ്പ് നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോബീഞ്ഞോ തന്നെയായിരുന്നു ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും നേടിയത്.

2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന റോബീഞ്ഞോ ടീമിന്റെ എല്ലാ മത്സരങ്ങളിലും കളിച്ചു. ഫൈനലില്‍ അമേരിക്കയെ 3-2ന് തോല്പിച്ച് ബ്രസീല്‍ ചാമ്പ്യന്‍മാരായി. 2010 ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ ലൂയിസ് ഫാബിയാനോയോടൊപ്പം മുന്നേറ്റത്തില്‍ കളിച്ച റോബീഞ്ഞോ പ്രീക്വാര്‍ട്ടറില്‍ ചിലിക്കെതിരെ സ്‌കോര്‍ ചെയ്തു. മത്സരം 3-0ന് ബ്രസീല്‍ ജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്റ്‌സിനെതിരെ ആദ്യ ഗോള്‍ നേടി ബ്രസീലിനെ റോബീഞ്ഞോ മുന്നിലെത്തിച്ചു. എന്നാല്‍ മത്സരം 2-1ന് ബ്രസീല്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി.

2011 കോപ്പ അമേരിക്കയില്‍ റോബീഞ്ഞോ തീര്‍ത്തും നിറം മങ്ങിപ്പോയി. ഇതോടെ ടീമില്‍ നിന്ന് പുറത്ത്. പിന്നെ രണ്ട് വര്‍ഷത്തേയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ 2013ല്‍ അന്നത്തെ ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി റോബീഞ്ഞോയെ തിരിച്ചുവിളിച്ചു. ഹോണ്ടുറാസിനെതിരെയും ചിലിയ്‌ക്കെതിരെയുമുള്ള മത്സരങ്ങളില്‍ സ്‌കോളാരി റോബീഞ്ഞോയെ കളിപ്പിച്ചു. ചിലിക്കെതിരെ റോബീഞ്ഞോ ഗോളടിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോള്‍. എന്നാല്‍ 2014 ലോകകപ്പ് ടീമില്‍ റോബീഞ്ഞോയെ സ്‌കൊളാരി ഉള്‍പ്പെടുത്തിയില്ല. ലോകകപ്പിന് ശേഷം ദുംഗ ബ്രസീല്‍ കോച്ചായി വീണ്ടും സ്ഥാനമേറ്റെടുത്തപ്പോള്‍ റോബീഞ്ഞോ ഒരിക്കല്‍ കൂടി ടീമിലെത്തി. മയാമിയില്‍ വെച്ച് നടന്ന കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ റോബീഞ്ഞോ പതിമ്മൂന്ന് മിനിറ്റ് നേരം കളിച്ചു. 2015ല്‍ കോപ്പ അമേരിക്കക്കായുള്ള 23 അംഗ ബ്രസീല്‍ ടീമില്‍ റോബീഞ്ഞോയെയും ഉള്‍പ്പെടുത്തി. നെയ്മറെ ടൂര്‍ണമെന്റില്‍ നിന്നും സസ്‌പെന്റ് ചെയ്തപ്പോള്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ റോബീഞ്ഞോ കളിക്കാനിറങ്ങി. ആ മത്സരം 2-1ന് ബ്രസീല്‍ ജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വേയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടിയെങ്കിലും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ബ്രസീല്‍ തോറ്റു. ഒന്നര വര്‍ഷത്തിന് ശേഷം 2017 ജനുവരി 25ന് റോബീഞ്ഞോ തന്റെ നൂറാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങി. കൊളംബിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇത്. കൊളംബിയയിലുണ്ടായ വിമാനാപകടത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബായ ചാപെകോയന്‍സിന്റെ ടീമിലുള്ള 19 പേരും മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമായുള്ള മത്സരമായിരുന്നു അത്.

100 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് റോബീഞ്ഞോ ബ്രസീലിന് വേണ്ടി നേടിയത്. ബ്രസീല്‍ ക്ലബായ സാന്റോസിന് പുറമെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എ.സി മിലാന്‍ തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കും അത്‌ലറ്റിക്കോ മിനെയ്‌റോ, ഗൗങ്ഷു എവര്‍ഗ്രാന്‍ഡെ, ശിവാസ്‌പോര്‍, ഇസ്താംബുള്‍ ബസാക്‌സെഹിര്‍ തുടങ്ങിയ അത്ര വമ്പന്‍മാരല്ലാത്ത ക്ലബുകള്‍ക്ക് വേണ്ടിയും റോബീഞ്ഞോ കളിച്ചു. റയല്‍ മാഡ്രിഡിന് വേണ്ടി നാല് സീസണ്‍ കളിച്ച റോബീഞ്ഞോ 137 മത്സരങ്ങളില്‍ 35 ഗോളാണ് നേടിയത്. രണ്ട് സീസണ്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിച്ച റോബീഞ്ഞോ അവിടെ 53 കളികളില്‍ 16 ഗോളാണ് ആടിച്ചത്. എ.സി മിലാനുവേണ്ടി നാല് സീസണ്‍ കളിച്ച റോബീഞ്ഞോ 144 കളികളില്‍ നിന്നായി 32 ഗോള്‍ നേടി. സാന്റോസിനുവേണ്ടി 243 മത്സരങ്ങളില്‍ നിന്ന് റോബീഞ്ഞോ 109 ഗോള്‍ നേടി. റയല്‍ മാഡ്രിഡ് 2006ലും 2007ലും തടര്‍ച്ചയായി ലാലിഗ കിരീടങ്ങള്‍ നേടിയപ്പോള്‍ റോബീഞ്ഞോ മികച്ച പ്രകടനം നടത്തി. 28 വര്‍ഷത്തിന് ശേഷമായിരുന്നു റയല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ലാലിഗ കിരീടം നേടുന്നത്. എ.സി മിലാനൊപ്പം ഇറ്റാലിയന്‍ സീരി എ കിരീടവും റോബീഞ്ഞോ നേടി. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് കൂടുമാറിയതോടെ റോബീഞ്ഞോ അപ്രസക്തനായി തുടങ്ങി. ഒറ്റയ്ക്ക് ഒരു മത്സരം ജയിപ്പിക്കാന്‍ മാത്രം അസാധാരണ പ്രതിഭയുണ്ടായിരുന്ന റോബീഞ്ഞോ പക്ഷെ ഒട്ടും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ല.

റോബീഞ്ഞോ മിക്കപ്പോഴും വിങറായാണ് കളിച്ചത്. സപ്പോര്‍ട്ടിംഗ് ഫോര്‍വേഡ്, പ്രധാന സ്‌ട്രൈക്കര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്നീ പൊസിഷനുകളിലും റോബീഞ്ഞോയെ പരിശീലകര്‍ ഉപയോഗിച്ചു. ഡ്രിബിള്‍ ചെയ്യാനുള്ള അപാര കഴിവ്, പന്തിനുമേലുള്ള നിയന്ത്രണം, ആക്രമണോത്സുകത എന്നിവയെല്ലാമായിരുന്നു കളിക്കാരന്‍ എന്ന നിലയില്‍ റോബീഞ്ഞോയുടെ സവിശേഷതകള്‍. ഗോളടിക്കാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള റോബിഞ്ഞോയുടെ കഴിവ് അപാരമായിരുന്നു. മനോഹരമായ പാദചലനങ്ങളും ക്ലിനിക്കല്‍ ഫിനിഷിങും ഒത്തുചേര്‍ന്ന റോബിഞ്ഞോ അത്യന്തം അപകടകാരിയായിരുന്നു. സാന്റോസില്‍ കളിക്കുമ്പോള്‍ അയാള്‍ എതിരാളികളെ തന്റെ ആക്രമണശൈലി കൊണ്ടി ചീന്തിയെറിഞ്ഞു. അപാരമായ ആത്മവിശ്വാസം കൂടിയായതോടെ അയാളെ തടഞ്ഞുനിര്‍ത്തുക അസാധ്യമായി.

ചെറുപ്പത്തില്‍ വലിയ വാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ട റോബീഞ്ഞോയ്ക്ക് പക്ഷെ പ്രതീക്ഷിച്ചത്ര ഉയരത്തിലെത്താനായില്ല. സ്ഥിരതയില്ലായ്മയായിരുന്നു അതിന് പ്രധാന കാരണം. പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ റോബീഞ്ഞോ പലപ്പോഴും പരാജയപ്പെട്ടു. ഭാവിയിലെ ഇതിഹാസമെന്ന പെലെയടക്കമുള്ളവരുടെ പ്രവചനം അതോടെ തെറ്റുകയും ചെയ്തു.

2013ല്‍ മിലാനിലെ ഒരു നിശാക്ലബില്‍ വെച്ച് ഇരുപത്തിരണ്ടുകാരിയായ ഒരു അല്‍ബേനിയന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ 2017ല്‍ ഇറ്റലിയിലെ ഒരു കോടതി റോബീഞ്ഞോയെ ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിച്ചു. ഇതിനെതിരെ റോബീഞ്ഞോ അപ്പീല്‍ നല്‍കിയെങ്കിലും കോടതികള്‍ അത് തള്ളി. റോബീഞ്ഞോയെ വിട്ടുതരണമെന്ന ഇറ്റലിയുടെ ആവശ്യം സാങ്കേതികമായ കാരണങ്ങളാല്‍ ബ്രസീല്‍ തള്ളിയതോടെ ശിക്ഷ ബ്രസീലില്‍ തന്നെ നല്‍കാന്‍ തീരുമാനമായി. അതോടെ റോബീഞ്ഞോയുടെ ഒമ്പത് വര്‍ഷത്തെ ജയില്‍വാസം ആരംഭിച്ചു.

അസാമാന്യ പ്രതിഭയുണ്ടായിട്ടും അതിനൊത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത കളിക്കാരുടെ നീണ്ട പട്ടികയിലാണ് റോബീഞ്ഞോയുടെ സ്ഥാനം. ഒരിക്കല്‍ സകലരും ഒരു ഇതിഹാസമായി മാറുമെന്ന് പ്രതീക്ഷിച്ച റോബീഞ്ഞോ പക്ഷെ പ്രതീക്ഷയുടെ അടുത്തെങ്ങുമെത്താതെ അണഞ്ഞുപോവുകയായിരുന്നു. പ്രതിഭയുണ്ടായാലും നിശ്ചയദാര്‍ഢ്യം, അച്ചടക്കം എന്നിവയുടെ കുറവ് ഒരു കളിക്കാരനെ എത്രത്തോളം ബാധിക്കുമെന്ന് റോബീഞ്ഞോയുടെ ജീവിതം നമ്മുക്ക് കാട്ടിത്തരുന്നുണ്ട്.



