കെ.ശ്രീജിത്ത്
ആറാമത്തെ വയസിലാണ് ബ്രയന്‍ ലാറ ബാറ്റിംഗ് ചെയ്തുതുടങ്ങുന്നത്. വീടിന് അടുത്തുള്ള ഹാര്‍വാര്‍ഡ് കോച്ചിംഗ് ക്ലിനിക്കില്‍ ഞായറാഴ്ചകളില്‍ അച്ഛനും ചേച്ചിയും ചേര്‍ന്നാണ് ലാറയെ കൊണ്ടുചെന്നാക്കുന്നത്. അത്രയും ചെറിയ വയസില്‍ തന്നെ ബാറ്റ് ചെയ്തുതുടങ്ങിയതോടെ ബാറ്റിംഗിലെ സാങ്കേതികവശങ്ങള്‍ ഏറ്റവും കൃത്യമായി പഠിച്ചെടുക്കാന്‍ ലാറയ്ക്കായി. പിന്നീട് ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായി ബ്രയന്‍ ചാള്‍സ് ലാറ മാറിയപ്പോള്‍ അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ബാറ്റിംഗിലെ ഈ സാങ്കേതികത്തികവായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ബാറ്ററായി ലോകം കണക്കാക്കുന്ന ഡോണ്‍ ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിരന്തരം വന്‍സ്‌കോറുകള്‍ പടുത്തുയര്‍ത്തിയ ബാറ്ററാണ് ബ്രയന്‍ ലാറ. ഒരുപക്ഷെ ലോകക്രിക്കറ്റില്‍ ഇത്ര ആകര്‍ഷണീയതയോടെ ബാറ്റ് ചെയ്ത മറ്റൊരു ബാറ്ററുമുണ്ടാകില്ല. അത്രമാത്രം മനോഹരമായിരുന്നു ലാറയുടെ ബാറ്റില്‍ നിന്ന് പിറന്ന സ്‌ട്രോക്കുകള്‍. ക്രീസിലെ ആ നില്പ് പോലും ഗംഭീരമായിരുന്നു. ലാറയുടെ കളി കാണുന്നതുപോലെ ആനന്ദദായകമായൊരു കാഴ്ച ക്രിക്കറ്റിലുണ്ടായിട്ടില്ല. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരായ പുള്ളുകളും കട്ടുകളും സ്പിന്നര്‍മാരെ ക്രീസില്‍ നിന്ന് നൃത്തം വെയ്ക്കുന്നതുപോലെ ചാടിയിറങ്ങി സിക്‌സറിന് പറത്തുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു. ലാറയ്ക്ക് മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ആനന്ദം.

മാതാപിതാക്കളുടെ പതിനൊന്ന് മക്കളില്‍ പത്താമനായിരുന്ന ബ്രയന്‍ ചാള്‍സ് ലാറ ട്രിനിഡാഡിന്റെ ജൂനിയര്‍ ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ് ടീമുകളില്‍ അംഗമായിരുന്നു. എന്നാല്‍ ക്രിക്കറ്റായിരുന്നു അവന് ഏറെ പ്രിയപ്പെട്ടത്. പതിനാലാമത്തെ വയസില്‍ സ്‌കൂള്‍ബോയ്‌സ് ലീഗില്‍ ലാറ 126.16 ശരാശരിയില്‍ 745 റണ്‍സാണ് നേടിയത്. ഇതോടെ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ദേശീയ ടീമില്‍ ലാറയ്ക്ക്് സ്ഥാനം ലഭിച്ചു. 15 വയസുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍-19 യൂത്ത് ടീമില്‍ അംഗമായ ബ്രയന്‍ ലാറ ആ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍-19 ടീമിലും ഇടംനേടി. 1987ലായിരുന്നു ലാറയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ആ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലാറ 498 റണ്‍സാണ് അടിച്ചത്. അതൊരു റെക്കോഡായിരുന്നു. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം കാള്‍ ഹൂപ്പര്‍ നേടിയത് 480 റണ്‍സായിരുന്നു. ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ക്യാപ്റ്റനായിരുന്ന ലാറ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ടീം ചാമ്പ്യന്‍മാരായി. 1988ല്‍ ലാറ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ജേഴ്‌സിയില്‍ റെഡ് സ്‌ട്രൈപ്പ് കപ്പിലായിരുന്നു അരങ്ങേറ്റം. ലാറ തന്റെ രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ബാര്‍ബഡോസിനെതിരെ 92 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരായ ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ഉള്‍പ്പെട്ട ടീമായിരുന്നു ബാര്‍ബഡോസ്. ആ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബൈസെന്റിനിയല്‍ യൂത്ത് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ലാറയായിരുന്നു നയിച്ചത്. ടീം ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ വരെയെത്തി. ആ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെതിരെ വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 23 ടീം ക്യാപ്റ്റനായിരുന്ന ബ്രയന്‍ ലാറ മത്സരത്തില്‍ 182 റണ്‍സ് നേടി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിലേയ്ക്ക് ലാറ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ലാറ പിന്‍മാറി. 1989ല്‍ വെസ്റ്റ് ഇന്‍ഡീസ് ബി ടീമിന്റെ സിംബാബ്‌വെ പര്യടനത്തില്‍ ക്യാപ്റ്റനായിരുന്ന ലാറ സെഞ്ച്വറി നേടി.
1990ല്‍ ഇരുപതാമത്തെ വയസില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ലാറ ആ വര്‍ഷം തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. പാകിസ്താനെതിരായ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 44ഉം രണ്ടാമിന്നിംഗ്‌സില്‍ അഞ്ചും റണ്‍സാണ് ലാറ നേടിയത്. 1993ല്‍ കരിയറിലെ തന്റെ അഞ്ചാമത്തെ ടെസ്റ്റില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലാറ തന്റെ ആദ്യ സെഞ്ച്വറി നേടി. 277 റണ്‍സാണ് ലാറ അന്ന് നേടിയത്. ലാറയുടെ ഈ ഇന്നിംഗ്‌സാണ് വെസ്റ്റ് ഇന്‍ഡീസിന് 2-1ന് പരമ്പര നേടിക്കൊടുത്തത്. 1994ല്‍ രണ്ട് മാസത്തെ ഇടവേളയില്‍ ലാറ ടെസ്റ്റില്‍ നേടിയ 375 റണ്‍സും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുറത്താകാതെ നേടിയ 501 റണ്‍സും ടെസ്റ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഒരു ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുള്ള ലോക റെക്കോഡായിരുന്നു. അപ്പോഴേയ്ക്കും വെസ്റ്റ് ഇന്‍ഡീസ് ടീം പഴയകാല പ്രതാപത്തിന്റെ നിഴല്‍ മാത്രമായി മാറിയിരുന്നു. നിരന്തരം ദയനീയ തോല്‍വികളിലേയ്ക്ക് കൂപ്പുകുത്തിയ ടീമിന്റെ ക്യാപ്റ്റനായി ലാറ നിയോഗിക്കപ്പെടുന്നു. 1998ല്‍ ഓസ്‌ട്രേലിയന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് സന്ദര്‍ശിച്ചപ്പോള്‍ ക്യാപ്റ്റനായിരുന്ന ലാറ ഏതാണ്ടൊറ്റയ്ക്ക് ഓസ്‌ട്രേലിയയെ ചെറുത്തുനിന്നു. ആ പരമ്പരയില്‍ ഒരു ഇരട്ട സെഞ്ച്വറിയടക്കം മൂന്ന് സെഞ്ച്വറിയാണ് ലാറ നേടിയത്. അതില്‍ ബ്രിഡ്ജ്ടൗണില്‍ പുറത്താകാതെ നേടിയ 153 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഇന്നിംഗസായി 1999ല്‍ വിസ്ഡന്‍ തിരഞ്ഞെടുത്തു. കര്‍ട്‌ലി അംബ്രോസിനെപ്പോലെയുള്ള വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് ലാറ ടീമിനെ ജയത്തിലേയ്ക്ക് നയിച്ചത്. 1937ലെ ആഷസ് പരമ്പരയില്‍ ഡോണ്‍ ബ്രാഡ്മാന്‍ നേടിയ 270 റണ്‍സായിരുന്നു ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി അന്ന് വിസ്ഡന്‍ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 98ലെ ആ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായി. അന്ന് സ്റ്റീവ് വോ നയിച്ചിരുന്ന കരുത്തുറ്റ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസ് ഒരു മത്സരം പോലും ജയിക്കില്ലെന്ന് എല്ലാവരും കരുതിയിരുന്നിടത്താണ് ക്യാപ്റ്റന്‍ ലാറയുടെ മാത്രം മികവില്‍ രണ്ട് ടെസ്റ്റുകള്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്.

ഇതിനിടെ, ഭാരക്കൂടുതലും പരിക്കുകളും ലാറയുടെ ഫോമില്‍ ഇടിവുണ്ടാക്കി. തുടര്‍ന്ന് ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് താരം ഗാരി സോബേഴ്‌സ് ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചത് ലാറയ്ക്ക് ഏറെ ഗുണം ചെയ്തു. വീണ്ടും അയാള്‍ തന്റെ പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. 2001-2002 സീസണില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ലാറ തന്റെ വിശ്വരൂപം പുറത്തെടുത്തു. 688 റണ്‍സാണ് മൂന്ന് ടെസ്റ്റ് പരമ്പരയില്‍ അയാള്‍ അടിച്ചുകൂട്ടിയത്. അന്ന് വെസ്റ്റ് ഇന്‍ഡീസ് മൊത്തം പരമ്പരയില്‍ സ്‌കോര്‍ ചെയ്ത റണ്‍സിന്റെ 42 ശതമാനമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം ലാറ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരുന്നു. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ലാറയുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനോടും തോറ്റു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പാതാളത്തിലേയ്ക്ക് വീണു. ഇംഗ്ലണ്ട് പരമ്പര തൂത്തുവാരുമെന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ലാറ വീണ്ടും രക്ഷയ്‌ക്കെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ഇന്നിംഗ്‌സില്‍ പുറത്താകാതെ നാനൂറ് റണ്‍സ് നേടി വെസ്റ്റ് ഇന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. അതിലൂടെ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോഡ് അയാള്‍ വീണ്ടും തന്റെ പേരിലാക്കി. ലോകക്രിക്കറ്റില്‍ വ്യക്തിഗത സ്‌കോറിനുള്ള ലോകറെക്കോഡ് തിരിച്ചുപിടിക്കുന്ന ആദ്യ കളിക്കാരനായി ലാറ മാറി. നേരത്തെ 1994ല്‍ ലാറ സ്ഥാപിച്ച് 375 റണ്‍സിന്റെ റെക്കോഡ് പിന്നീട് ഓസ്ട്രലിയയുടെ മാത്യു ഹെയ്ഡന്‍ തകര്‍ത്തിരുന്നു. ആ റെക്കോഡാണ് ലാറ തിരിച്ചുപിടിച്ചത്. 2004 സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം ചാമ്പ്യന്‍മാരായി. ഓവലില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തോല്പിച്ചത്. 1979 ലോകകപ്പ് ജയത്തിന് ശേഷം ആദ്യമായിട്ടായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഒരു ഐ സി സി ട്രോഫി നേടുന്നത്.

2005 നവംബറില്‍ അലന്‍ ബോര്‍ഡറുടെ 11,174 റണ്‍സെന്ന റെക്കോഡ് മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ലാറ മാറിയപ്പോള്‍ അയാള്‍ ക്യാപ്റ്റനായിരുന്നില്ല. എന്നാല്‍ 2006 ഏപ്രിലില്‍ മൂന്നാമതും ടീമിന്റെ ക്യാപ്റ്റനായി ലാറ നിയോഗിക്കപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും പ്ലേയേഴ്‌സ് യൂണിയനും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ ഏകദിന പരമ്പര 4-1ന് ലാറയുടെ ടീം ജയിച്ചു. ലാറയുടെ ക്യാപ്റ്റന്‍സി ഏറെ പുകഴ്ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 35 വര്‍ഷത്തിന് ശേഷം ഇന്ത്യ 1-0 എന്ന സ്‌കോറിന് പരമ്പര നേടി. പരമ്പരയിലെ ലാറയുടെ ക്യാപ്റ്റന്‍സി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയമായി. എന്നാല്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തന്റെ കൈകള്‍ കെട്ടിയിടപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പിന്നീട് ലാറ പറഞ്ഞു. ആ വര്‍ഷം അവസാനം പാകിസ്താന്‍ പര്യടനത്തില്‍ ബാറ്റ് കൊണ്ട് ലാറ ടീമിന് മാതൃക കാട്ടിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഫലം തോല്‍വിയായിരുന്നു. 2007ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ചാമ്പ്യന്‍മാരായി തല ഉയര്‍ത്തിത്തന്നെ ക്രിക്കറ്റിനോട് വിട പറയാമെന്ന ലാറയുടെ മോഹവും പൊലിഞ്ഞു. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമാണ് ലാറയ്ക്ക് നേടാനായത്. വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്താവുകയും ചെയ്തു. ലോകകപ്പോടെ ലാറ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു മത്സരം കൂടി കളിച്ചിരുന്നെങ്കില്‍ 300 ഏകദിനങ്ങള്‍ എന്ന നേട്ടം പൂര്‍ത്തിയാക്കാമായിരുന്നെങ്കിലും ലാറയ്ക്ക് അതിന് കഴിഞ്ഞില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ലാറയുടെ വിരമിക്കലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച ലാറ പിന്നീട് ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് കോച്ചായി നിയമിക്കപ്പെട്ടു. 2022ലായിരുന്നു ഇത്.

2003ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സ്പിന്നര്‍ റോബിന്‍ പീറ്റേഴ്‌സണിന്റെ ഒരോവറില്‍ 28 റണ്‍സ് നേടി ലാറ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ലോകറെക്കോഡിട്ടു. 18 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഈ റെക്കോഡ് തകര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ പല തവണ ഒന്നാമനായിട്ടുള്ള അപൂര്‍വം താരങ്ങളിലൊരാളാണ് ബ്രയന്‍ ലാറ. താന്‍ കരിയറില്‍ നേരിട്ടുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി ലാറയായിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1994ലും 95ലും വിസ്ഡന്‍ ലീഡിംഗ് ക്രിക്കറ്റര്‍ ഓഫ് ദ വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലാറ ബിബിസിയുടെ ഓവര്‍സീസ് സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള മൂന്ന് പേരില്‍ ഒരാളാണ്. ഗാരി സോബേഴ്‌സും ഷെയ്ന്‍ വോണുമാണ് മറ്റ് രണ്ട് പേര്‍. 2009ല്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയില്‍ ഓണററി മെംബറായി തിരഞ്ഞെടുക്കപ്പെട്ട ലാറ 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സമാന്‍മാരിലൊരാളാണ് ബ്രയന്‍ ലാറ. ഒരുകാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കറാണോ ബ്രയന്‍ ലാറയാണോ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന തര്‍ക്കം ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ക്കിടയിലും രൂക്ഷമായിരുന്നു. ഇവര്‍ രണ്ട് പേരും എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ലോകക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതാപകാലം ഏതാണ്ട് അവസാനിച്ച കാലത്താണ് ലാറ ടീമിലെത്തുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘകാലം ടീമിന്റെ പ്രതീക്ഷകള്‍ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടിവന്ന താരമാണ് ലാറ. ആ സമ്മര്‍ദ്ദം പലപ്പോഴും അയാളുടെ കളിയേയും ബാധിച്ചിരുന്നു. എന്നാലും ലാറയുടെ ബാറ്റിംഗ് കാണുന്നതിനേക്കാള്‍ ആനന്ദദായകമായി മറ്റൊന്നുമുണ്ടായിരുന്നില്ല. അതൊരു വിരുന്നായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും ഒരുപോലെ മികച്ച കളി പുറത്തെടുത്ത ലാറ ഏത് സാഹചര്യത്തിലും ആക്രമിച്ച് കളിച്ചു. സ്വാഭാവികമായ പ്രതിഭ ഇത്രമേലുണ്ടായിരുന്ന മറ്റൊരു ബാറ്റര്‍ ലോകക്രിക്കറ്റിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വിരമിച്ച് 17 വര്‍ഷം കഴിഞ്ഞിട്ടും ലാറയുടെ ക്രീസിലെ നൃത്തച്ചുവടുകളും ആ ഹുക്കുകളും പുള്ളുകളും ഒന്നും ക്രിക്കറ്റ് പ്രേമികളുടെ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. ഒരു ഇതിഹാസ താരത്തിന് ഇതില്‍ക്കൂടുതല്‍ മറ്റെന്താണ് വേണ്ടത്.



