Wednesday, February 18, 2026
Google search engine
HomeSportLegendsവിറപ്പിച്ച വാല്‍ഷ്

വിറപ്പിച്ച വാല്‍ഷ്

കെ.ശ്രീജിത്ത്

കോട്‌നി വാല്‍ഷ്. പതിനേഴ് വര്‍ഷത്തോളം ലോകക്രിക്കറ്റിനെ വിറപ്പിച്ച ഫാസ്റ്റ് ബൗളര്‍. ഒരുകാലത്ത് കര്‍ട്‌ലി അംബ്രോസിനൊപ്പം ചേര്‍ന്ന എതിരാളികളെ അരിഞ്ഞുവീഴ്ത്തിയ ബൗളര്‍. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ലോകക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച ബൗളിംഗ് കൂട്ടുകെട്ടുകളിലൊന്നാണ്. ഇരുവരും ചേര്‍ന്ന് 49 ടെസ്റ്റില്‍ 421 വിക്കറ്റാണ് വീഴ്ത്തിയത്. അംബ്രോസ് ആറടി ഏഴ് ഇഞ്ചാണ് ഉയരമെങ്കില്‍ വാല്‍ഷിന്റെ ഉയരം ആറടി ആറ് ഇഞ്ചാണ്. അംബ്രോസിനെപ്പോലെത്തന്നെ ഏതാണ്ട് പത്തടി ഉയരത്തില്‍ നിന്നാണ് പന്ത് റിലീസ് ചെയ്തിരുന്നത്. തൊണ്ണൂറുകളില്‍ ലോകക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ ഏറെ ഭയപ്പെട്ട രണ്ട് ഓപ്പണിംഗ് ബൗളര്‍മാരായിരുന്നു വാല്‍ഷും അംബ്രോസും. വാല്‍ഷ് പിന്നീട് വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റനുമായി. 2000ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതിനുള്ള റെക്കോഡ് വാല്‍ഷ് സ്വന്തം പേരിലാക്കി. ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിന്റെ 434 വിക്കറ്റെന്ന റെക്കോഡാണ് അന്ന് വാല്‍ഷ് തകര്‍ത്തത്. പിന്നീട് 2004ല്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് വാല്‍ഷിന്റെ റെക്കോഡ് തകര്‍ത്തത്. ടെസ്റ്റില്‍ 500 വിക്കറ്റെടുത്ത ആദ്യ ബൗളറാണ് കോട്‌നി വാല്‍ഷ്. 132 ടെസ്റ്റില്‍ നിന്ന് 519 വിക്കറ്റാണ് കരിയറില്‍ വാല്‍ഷ് വീഴ്ത്തിയത്.

കോട്‌നി ആന്‍ഡ്ര്യൂ വാല്‍ഷ് എന്ന കോട്‌നി വാല്‍ഷ് ജമൈക്കയിലെ കിംഗ്സ്റ്റണില്‍ 1962 ഒക്ടോബര്‍ 30നാണ് ജനിക്കുന്നത്. മറ്റൊരു വെസ്റ്റ് ഇന്ത്യന്‍ ഇതിഹാസമായ മൈക്കല്‍ ഹോള്‍ഡിംഗ് കളിച്ച അതേ ക്ലബിന് വേണ്ടിയായിരുന്നു വാല്‍ഷും ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ചത്. ദ മെല്‍ബണ്‍ ക്ലബ്. കോട്‌നി വാല്‍ഷിന്റെ ആദ്യത്തെ ശ്രദ്ധേയ പ്രകടനം 1979ല്‍ സ്‌കൂള്‍ ക്രിക്കറ്റിലായിരുന്നു. അന്നയാള്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി. മൂന്ന് വര്‍ഷത്തിന് ശേഷം വാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. 1981 മുതല്‍ 2001 വരെ 20 വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച വാല്‍ഷ് 427 മത്സരത്തില്‍ നിന്നായി 21.71 ശരാശരിയില്‍ 1,807 വിക്കറ്റാണ് വീഴ്ത്തിയത്. ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 104 തവണയും ഒരു മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടം 20 തവണയുമാണ് അയാള്‍ കൈവരിച്ചത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഗ്ലൗസസ്റ്റര്‍ഷെയറിന് വേണ്ടി 1984 മുതല്‍ 1998 വരെ കളിച്ചിട്ടുള്ള താരമാണ് കോട്‌നി വാല്‍ഷ്. 1984 നവംബര്‍ ഒമ്പതിന് പെര്‍ത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു കോട്‌നി വാല്‍ഷിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. മത്സരത്തില്‍ 43 റണ്‍ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അയാള്‍ വീഴ്ത്തിയത്. ആ സീസണില്‍ ആറ് ടെസ്റ്റ് മത്സരം കളിച്ച വാല്‍ഷ് 507 റണ്‍ വിട്ടുകൊടുത്ത് 16 വിക്കറ്റാണ് വീഴ്ത്തിയത്. ആ സീസണില്‍ത്തന്നെ വാല്‍ഷ് ഏകദിന ക്രിക്കറ്റിലും അരങ്ങേറി. വേള്‍ഡ് സീരീസ് കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അത്. അടുത്ത രണ്ട് സീസണുകളിലായി ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റ് വീഴ്ത്തി. ഇതില്‍ ന്യൂസീലന്റിനെതിരെ ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. 1987ല്‍ വാല്‍ഷ് വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ജോയല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിംഗ്, മാല്‍ക്കം മാര്‍ഷല്‍ എന്നീ പ്രതാപശാലികളായ ബൗളര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി പന്തെറിയുന്ന കാലത്താണ് കോട്‌നി വാല്‍ഷും ടീമിലിടം പിടിച്ചതെന്നത് അയാളുടെ ബൗളിംഗ് നിലവാരത്തെ കാണിക്കുന്നതാണ്.

ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ഇക്കണോമി നിരക്കില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് വാല്‍ഷ്. 1986ല്‍ ഷാര്‍ജയില്‍ വെച്ചുനടന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വെറും ഒരു റണ്‍ വിട്ടുകൊടുത്താണ് അയാള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 1987 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ ജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടത് ഒരു വിക്കറ്റ് മാത്രം. പാകിസ്താനാകട്ടെ ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്ണും. കോട്‌നി വാല്‍ഷ് ആണ് ബൗളര്‍. അവസാന പന്തെറിയാന്‍ വാല്‍ഷ് ഓടിയെത്തി. അപ്പോഴാണ് പാകിസ്താന്റെ വാലറ്റക്കാരനായ സലീം ജാഫര്‍ വാല്‍ഷ് പന്തെറിയുന്നതിന് മുമ്പേ റണ്ണിനായി ഓടിത്തുടങ്ങിയത്. വാല്‍ഷ് ബൗള്‍ ചെയ്യുന്നത് നിര്‍ത്തി ജാഫറിനോട് ക്രീസില്‍ നില്‍ക്കാന്‍ കണ്ണുകള്‍ കൊണ്ട് രൂക്ഷമായി കാണിച്ചു. അതനുസരിച്ച ജാഫര്‍ തിരിച്ച് ക്രീസില്‍ വന്ന് നില്‍ക്കുകയും ചെയ്തു. അപ്പോള്‍ വേണമെങ്കില്‍ വാല്‍ഷിന് ബെയ്ല്‍സ് തട്ടിയിട്ട് ജാഫറിനെ റണ്ണൗട്ടാക്കുകയും കളി ജയിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ വാല്‍ഷ് അത് ചെയ്തില്ല. തുടര്‍ന്ന് അവസാന പന്തില്‍ അബ്ദുള്‍ ഖാദിര്‍ രണ്ട് റണ്‍ നേടുകയും പാകിസ്താനെ ജയിപ്പിക്കുകയും ചെയ്തു. അന്ന് വാല്‍ഷ് കാണിച്ച മാന്യതയുടെ ഫലമായി വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായി. അത് ആദ്യമായിട്ടായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിന്റെ ഫൈനലിലെത്താതെ പുറത്താകുന്നത്. മുമ്പ് മൂന്ന് തവണ നടന്ന ലോകകപ്പുകളുടെ ഫൈനലിലും വെസ്റ്റ് ഇന്‍ഡീസ് എത്തിയിരുന്നു. ആദ്യ രണ്ട് തവണ ചാമ്പ്യന്‍മാരാകുകയും 83ല്‍ മൂന്നാം തവണ ഫൈനലില്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയോട് തോല്‍ക്കുകയുമായിരുന്നു. എന്തായാലും അന്ന് വാല്‍ഷ് ജാഫറിനെ പുറത്താക്കാന്‍ വിസമ്മതിച്ച ആ സംഭവം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ മാതൃകയായി ഇന്നും കണക്കാക്കപ്പെടുന്നു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മാന്യനായ ക്രിക്കറ്ററായി കോട്‌നി വാല്‍ഷും കണക്കാക്കപ്പെടുന്നു. അന്ന് പാകിസ്താന്‍ സര്‍ക്കാര്‍ മെഡല്‍ നല്‍കിയാണ് വാല്‍ഷിനെ ആദരിച്ചത്. പില്‍ക്കാലത്ത് ഫെയര്‍പ്ലേയുടെ അംബാസിഡറായി കോട്‌നി വാല്‍ഷ് വാഴ്ത്തപ്പെട്ടു. അന്ന് വാല്‍ഷിന് ഏറെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നു. എന്നാല്‍ അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ടീം മാനേജ്‌മെന്റും വാല്‍ഷിന്റെ നടപടിയെ ശക്തമായി ന്യായീകരിച്ചു. ജയത്തേക്കാള്ഡ മുകളിലാണ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന് അവര്‍ വ്യക്തമാക്കി.

1993-93 സീസണിലാണ് കോട്‌നി വാല്‍ഷ് ആദ്യമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഓപ്പണിംഗ് ബൗളറായി പന്തെറിയുന്നത്. അതും മുപ്പത് വയസിന് ശേഷം. മുന്‍വര്‍ഷങ്ങളിലായി വാല്‍ഷിന്റെ ബൗളിംഗ് വേഗത കുറഞ്ഞിരുന്നതിനാല്‍ ഓപ്പണിംഗ് ബൗളറെന്ന നിലയില്‍ വാല്‍ഷ് തിളങ്ങാന്‍ സാധ്യതയില്ലെന്നായിരുന്നു മിക്കവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. 2001ല്‍ ക്രിക്കറ്റില്‍ വിരമിക്കുന്നതുവരെ എട്ട് വര്‍ഷത്തോളം ഓപ്പണിംഗ് ബൗളറായി തുടര്‍ന്ന വാല്‍ഷ് മുന്നൂറിലേറെ വിക്കറ്റ് വീഴ്ത്തി. അതും ഓപ്പണിംഗ് ബൗളറാകുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ബൗളിംഗ് ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും. ഏതാണ്ട് ഒരു ദശകത്തോളം ലോകക്രിക്കറ്റിനെ വിറപ്പിച്ച ഓപ്പണിംഗ് ബൗളിംഗ് ജോഡിയായിരുന്നു കര്‍ട്‌ലി അംബ്രോസ്-കോട്‌നി വാല്‍ഷ് എന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറിലേറെ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ ഒരിന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് വീഴ്ത്താത്ത ഒരേയൊരു ബൗളര്‍ കോട്‌നി വാല്‍ഷ് മാത്രമാണ്. 37 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് വാല്‍ഷിന്റെ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളറെന്ന വാല്‍ഷിന്റെ നേട്ടം മറികടന്ന ഗ്ലെന്‍ മക്ഗ്രാത്തിനോ ജെയിംസ് ആന്‍ഡേഴ്‌സണോ സ്റ്റിയുവര്‍ട്ട് ബ്രോഡിനോ വിദേശത്ത് വാല്‍ഷ് നേടിയ അത്ര വിക്കറ്റ് നേടാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 290 വിക്കറ്റാണ് കോട്‌നി വാല്‍ഷ് വിദേശ പിച്ചുകളില്‍ നേടിയത്. അതേസമയം ഗ്ലെന്‍ മക്ഗ്രാത്ത് 260ഉം ജെയിംസ് ആന്‍ഡേഴ്‌സണ്‍ 244ഉം സ്റ്റ്യുവര്‍ട്ട് ബ്രോഡ് 186ഉം വിക്കറ്റാണ് വിദേശ പിച്ചുകളില്‍ നിന്ന് നേടിയത്. ഈ മൂന്ന് ബൗളര്‍മാരു വാല്‍ഷിനേക്കാള്‍ ഒട്ടേറെ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ളവരാണെന്ന് അറിയുക കൂടി ചെയ്യുമ്പോഴാണ് വാല്‍ഷിന്റെ വിദേശ പിച്ചുകളിലെ പ്രകടനം എത്ര മികച്ചതായിരുന്നു എന്ന് മനസിലാകുക.

35 വയസ് പൂര്‍ത്തിയായതിന് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ മാത്രം ബൗളറാണ് വാല്‍ഷ്. അക്കാര്യത്തില്‍ ക്ലാരി ഗ്രിമ്മേര്‍ട്ടും ഷെയ്ന്‍ വോണും മാത്രമാണ് വാല്‍ഷിന് മുന്നിലുള്ളത്. ഇവര്‍ രണ്ട് പേരും സ്പിന്നര്‍മാരാണ് എന്നത് കൂടി കണക്കാക്കണം. സ്പിന്നര്‍മാരെക്കാള്‍ വലിയ ശാരീരിക അദ്ധ്വാനവും കായികക്ഷമതയും വേണ്ടതാണ് ഫാസ്റ്റ് ബൗളിംഗ്. മുപ്പത്തിയഞ്ച് വയസ് തികഞ്ഞ ശേഷം 39-ാം വയസില്‍ 2001ല്‍ വിരമിക്കുന്നത് വരെ 39 ടെസ്റ്റുകളില്‍ നിന്ന് 21.61 എന്ന അസാധാരണ ശരാശരിയില്‍ 180 വിക്കറ്റാണ് വാല്‍ഷ് വീഴ്ത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 17 ടെസ്റ്റുകളില്‍ നിന്നായി 20.53 എന്ന ഗംഭീര ശരാശരിയില്‍ 77 വിക്കറ്റാണ് വാല്‍ഷ് നേടിയത്. ഏഷ്യയില്‍ നിന്ന് പുറത്തുള്ള ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച നേട്ടമാണിത്. 2000-2001 സീസണില്‍ തന്റെ അവസാന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കോട്‌നി വാല്‍ഷ് വീഴ്ത്തിയത് 34 വിക്കറ്റാണ്. ഒരൊറ്റ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മാല്‍ക്കം മാര്‍ഷലിന്റെ റെക്കോഡിന് ഒരു വിക്കറ്റിന്റെ മാത്രം കുറവ്. ടെസ്റ്റില്‍ 150 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍മാരില്‍ തന്റെ ടീം തോറ്റപ്പോഴുള്ള ബൗളിംഗ് ശരാശരിയില്‍ ഏറ്റവും മികച്ചത് വാല്‍ഷിന്റേതാണ്. നീണ്ട പതിനേഴ് വര്‍ഷക്കാലം വാല്‍ഷ് ഫാസ്റ്റ് ബൗളിംഗ് ചെയ്തത് അയാള്‍ ഫിറ്റ് ആണ് എന്നതുകൊണ്ടല്ല, മറിച്ച് അയാള്‍ ഇത്രയും വര്‍ഷം ക്രിക്കറ്റ് കളിക്കാന്‍ ഫിറ്റ് ആയത് നിരന്തരം ബൗള്‍ ചെയ്തതുകൊണ്ടാണ് എന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതം പറഞ്ഞത് വാല്‍ഷിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ക്രിക്കറ്റില്‍ ഇനി മറ്റൊരു വാല്‍ഷുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിഖ്യാത താരമായിരുന്ന, ദീര്‍ഘകാലം അവരുടെ ക്യാപ്റ്റനായിരുന്ന ക്ലൈവ് ലോയ്ഡ് പറഞ്ഞത്. അര്‍പ്പണബോധത്തിന്റെയും പ്രതികൂല സാഹചര്യങ്ങളില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കുന്നതിന്റെയും കാര്യത്തില്‍ യുവ ഫാസ്റ്റ് ബൗളര്‍മാര്‍ കോട്‌നി വാല്‍ഷിനെ കണ്ടുപഠിക്കണമെന്നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു ഇതിഹാസ ക്രിക്കറ്ററായ ഗാരി സോബേഴ്‌സ് പറഞ്ഞത്.

അതേസമയം, ബാറ്റ് കൈയിലെടുത്താല്‍ വാല്‍ഷ് തനിയൊരു തമാശക്കാരനാണ്. അത്രയും മോശം ഒരു ബാറ്ററായിരുന്നു അയാള്‍. എന്നാല്‍ അയാള്‍ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ആ ചിരി എതിരാളികള്‍ക്ക് പോലും ഹൃദ്യമായിരുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായതിന്റെ റെക്കോഡ് വാല്‍ഷിന്റെ പേരിലാണ്. 43 തവണ. 22 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് കോട്‌നി വാല്‍ഷ്. 132 ടെസ്റ്റില്‍ 24.45 ശരാശരിയിലും 57.55 എന്ന സ്‌ട്രൈക്ക് റേറ്റിലും 519 വിക്കറ്റെടുക്കുക എന്നത് അസാമാന്യ നേട്ടമാണെന്നതില്‍ സംശയമില്ല. അതും ഒരു ഫാസ്റ്റ് ബൗളര്‍. 205 ഏകദിന മത്സരങ്ങളില്‍ നിന്നായി 227 വിക്കറ്റും വാല്‍ഷ് വീഴ്ത്തി. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2010ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വാല്‍ഷിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി.

പതിനേഴ് വര്‍ഷക്കാലത്തെ കരിയറിനിടെ 132 ടെസ്റ്റുകളിലായി 5004.1 ഓവറാണ് കോട്‌നി വാല്‍ഷ് ബൗള്‍ ചെയ്തത്. അതായത് മുപ്പതിനായിരത്തിലേറെ പന്തുകള്‍. ഇതിനൊക്കെ പുറമെയാണ് വര്‍ഷങ്ങളോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ അയാള്‍ എറിഞ്ഞ ഓവറുകള്‍. കായികക്ഷമത പോലെത്തന്നെ തകര്‍ക്കാനാകാത്തതായിരുന്നു വാല്‍ഷിന്റെ ബൗളിംഗിനോടുള്ള അഭിനിവേശവും. അതൊരിക്കലും അവസാനിക്കാത്തതായിരുന്നു. കരിയറില്‍ മുപ്പത് വയസിന് ശേഷമുള്ള വാല്‍ഷിന്റെ പ്രകടനമെടുത്താല്‍ ആരും അന്തംവിട്ടുപോകും. അത്രമാത്രം മികച്ചതായിരുന്നു പ്രായം കൂടുംതോറും അയാളുടെ പ്രകടനം. റിച്ചാര്‍ഡ് ഹാഡ്‌ലിയേയും ഡെന്നിസ് ലില്ലിയേയും ഇമ്രാന്‍ ഖാനെയും പോലുള്ളവര്‍ കൂടുതല്‍ക്കാലം കളിക്കുന്നതിനായി ഒന്നുകില്‍ ബൗളിംഗിന്റെ വേഗത കുറയ്ക്കുകയോ അതല്ലെങ്കില്‍ ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തുകയോ അതുമല്ലെങ്കില്‍ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തു. എന്നാല്‍ വാല്‍ഷ് ഇതിനൊന്നും മുതിരാതെയാണ് 17 വര്‍ഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനിന്നതെന്നത് അത്ഭുതത്തോടെ മാത്രമെ ഓര്‍ക്കാനാകൂ. ഒരേ ആക്ഷനില്‍ മൂന്ന് വ്യത്യസ്ത വേഗതകളില്‍ പന്തെറിയാന്‍ കഴിയുന്ന, ആരെയും അമ്പരപ്പിക്കുന്ന ബൗണ്‍സറുകള്‍ എറിയുന്ന, എത്ര ഓവര്‍ വേണമെങ്കിലും പന്തെറിയുന്ന കോട്‌നി വാല്‍ഷ് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ അത്ഭുതമാണ്. ആ അത്ഭുതം ഇനിയൊരിക്കല്‍ ആവര്‍ത്തിക്കുമെന്ന് കരുതാന്‍ വയ്യ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments