കെ.ശ്രീജിത്ത്
അര്‍ജന്റീനിയന്‍ നഗരമായ ബാഹിയ ബ്ലാങ്കയില്‍ നിന്ന് ലോകഫുട്‌ബോളിന്റെ ഉയരങ്ങളിലേയ്ക്കുള്ള ലൗതാരോയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സമ്പന്നമായ ഒരു നഗരത്തിലാണ് ജനിച്ചതെങ്കിലും ലൗതാരോ മാര്‍ട്ടിനസിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. അച്ഛന്റെ വിജയകരമായ ഫുട്‌ബോള്‍ കരിയറിനെക്കുറിച്ചല്ലാതെ മറ്റൊന്നും ലൗതാരോയുടെ കുടുംബത്തില്‍ തിളക്കമുള്ളതായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ തനിക്ക് നേടാനാകാതെ പോയതെല്ലാം മകനിലൂടെ നേടണമെന്ന് ലൗതാരോയുടെ അച്ഛന്‍ അതിയായി ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അവന് ചെറുപ്പം മുതല്‍ അച്ഛനെപ്പോലെ ഒരു ഫുട്‌ബോളറാകാനായിരുന്നു ആഗ്രഹം. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ഫുട്‌ബോളര്‍. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറായി ഉയരങ്ങള്‍ കീഴടക്കണമെന്ന ദൃഢനിശ്ചയവും ലൗതാരോയെ മുന്നോട്ടുനയിച്ചു. തുടക്കത്തില്‍ പ്രാദേശിക ക്ലബായ ലീനിയേഴ്‌സിന്റെ ട്രയല്‍സില്‍ നിരന്തരം അവന്‍ പങ്കെടുത്തു. ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്ന് പഠിച്ചെടുത്തിരുന്ന ലൗതാരോ ആ ട്രയല്‍സുകളില്‍ വിജയിക്കുകയും ലീനിയേഴ്‌സ് ക്ലബിന്റെ ഭാഗമാവുകയും ചെയ്തു.

ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന് ലീനിയേഴ്‌സ് ക്ലബിന്റെ പരിശീലന മൈതാനങ്ങളിലേക്കുള്ള അവന്റെ യാത്രകള്‍ ട്രെയിനിലും ബസ്സിലുമായിട്ടായിരുന്നു. രാത്രി ഏറെ വൈകി വീട്ടിലെത്തിയിരുന്ന ലൗതാരോ അതിരാവിലെ എഴുന്നേറ്റ് വീണ്ടും പരിശീലനത്തിന് പോയി. അവന്റെ ഓരോ ചുവടിലും അച്ഛന്‍ മരിയോ മാര്‍ട്ടിനെസിന്റെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലീനിയേഴ്‌സ് അക്കാദമിയുടെ യൂത്ത് തലത്തിലുള്ള ടീമുകളില്‍ അവന്‍ അനായാസം ഇടം നേടി. ഫുട്‌ബോളിനെ കൂടുതല്‍ കൂടുതല്‍ അടുത്തറിഞ്ഞതോടെ അവന്റെ സ്വപ്‌നങ്ങള്‍ക്കും നിറം കൂടി വന്നു. കൂടുതല്‍ വലിയ അക്കാദമികളില്‍ ചേര്‍ന്ന് പരിശീലനം നേടണമെന്ന് ലൗതാരോ ആഗ്രഹിച്ചു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അവനൊരു തിരിച്ചടി നേരിട്ടു. പതിനഞ്ചാം വയസില്‍ അര്‍ജന്റീനയിലെ പ്രശസ്ത ക്ലബായ ബൊക്ക ജൂനിയേഴ്‌സ് അവരുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ലൗതാരോ മാര്‍ട്ടിനെസിനെ ക്ഷണിക്കുന്നു. എന്നാല്‍ ട്രയല്‍സില്‍ അവര്‍ അവനെ തള്ളിക്കളയുന്നു. പന്ത് അടിക്കുന്നതിലെ ശക്തിയില്ലായ്മയും വേഗതക്കുറവുമാണ് കാരണമായി ബൊക്ക അധികൃതര്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം വരാന്‍ അവര്‍ ലൗതാരോയോട് പറയുന്നു. അത് തനിക്കുണ്ടാക്കിയ മാനസികമായ തളര്‍ച്ചയും വേദനയും എത്ര വലുതായിരുന്നുവെന്ന് പിന്നീട് അയാള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ തിരിച്ചടിയില്‍ തളര്‍ന്നിരിക്കാന്‍ ലൗതാരോ തയ്യാറായില്ല. ഒരു വര്‍ഷത്തിനുശേഷം യൂത്ത് തലത്തില്‍ ലൗതാരോയുടെ മിന്നും പ്രകടനം കണ്ട് പ്രശസ്ത ക്ലബായ റേസിംഗിന്റെ ഇടക്കാല പരിശീലകന്‍ ഫാബിയോ റഡായേല്ലി ലൗതാരോയുമായി കരാറിലെത്തുന്നു. 2014 ജനുവരിയിലായിരുന്നു അത്. റേസിംഗിന്റെ അക്കാദമിയില്‍ ലൗതാരോയുടെ പ്രകടനം മികച്ചതായിരുന്നു. 26 കളികളില്‍ നിന്ന് അയാള്‍ 26 ഗോള്‍ നേടുന്നു. ഇതോടെ ലൗതാരോയെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തി. സീനിയര്‍ ടീമിലും അയാള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഗോളടിക്കാനുള്ള കഴിവാണ് ലൗതാരോയെ ഏറെ ശ്രദ്ധേയനാക്കിയത്. അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായിരുന്ന സെര്‍ജിയോ അഗ്യൂറോയും ഗൊണ്‍സാലോ ഹിഗ്വയിനും ചേര്‍ന്ന കളിക്കാരനാണ് ലൗതാരോ മാര്‍ട്ടിനെസെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ വാഴ്ത്തി.

ഇതിനിടെ, അര്‍ജന്റീനയുടെ അണ്ടര്‍-20 ടീമിലും ലൗതാരോ മാര്‍ട്ടിനെസ് കളിച്ചു. 2017ല്‍ സൗത്ത് അമേരിക്കന്‍ അണ്ടര്‍-20 ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ച ലൗതാരോ അഞ്ച് ഗോളടിച്ച് സംയുക്ത ടോപ് സ്‌കോററായി. തുടര്‍ന്ന് ഫിഫ അണ്ടര്‍-20 ലോകകപ്പില്‍ കളിച്ച ലൗതാരോ ടൂര്‍ണമെന്റില്‍ രണ്ട് ഗോളടിച്ചെങ്കിലും അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 2018 മാര്‍ച്ചില്‍ ഇറ്റലിയ്ക്കും സ്‌പെയിനിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന സീനിയര്‍ ടീമില്‍ ലൗതാരോ മാര്‍ട്ടിനെസിനെ ഉള്‍പ്പെടുത്തി. മാര്‍ച്ച് 27ന് സ്‌പെയിനിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനിയന്‍ സീനിയര്‍ ടീമിനുവേണ്ടി ലൗതാരോ അരങ്ങേറി. ഗൊണ്‍സാലോ ഹിഗ്വയിനിന്റെ പകരക്കാരാനായാണ് അയാള്‍ ഇറങ്ങിയത്. മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. 2018 മെയില്‍ അര്‍ജന്റീനയുടെ ലോകകപ്പിനുള്ള പ്രാഥമിക ടീമില്‍ ലൗതാരോ മാര്‍ട്ടിനെസ് ഉള്‍പ്പെടുത്തപ്പെട്ടെങ്കിലും അവസാന ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ആ വര്‍ഷം അവസാനം ഇറാഖിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ മാര്‍ട്ടിനെസ് സീനിയര്‍ ടീമിന് വേണ്ടിയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും നേടി. മത്സരം എതിരില്ലാത്ത നാല് ഗോളിന് അര്‍ജന്റീന ജയിച്ചു. 2019ലെ കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീനിയന്‍ ടീമില്‍ പരിശീലകന്‍ ലിയണല്‍ സ്‌കലോണി മാര്‍ട്ടിനെസിനെ ഉള്‍പ്പെടുത്തി. ടൂര്‍ണമെന്റില്‍ ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലൗതാരോ ഗോളടിച്ചു. മത്സരം എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ വെനസ്വേലയ്‌ക്കെതിരെ ലൗതാരോ വീണ്ടും ഗോളടിച്ചു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ബാക്ക് ഹീല്‍ കൊണ്ടുള്ള മനോഹരമായ ഗോളായിരുന്നു അത്. മത്സരം 2-0ന് ജയിച്ച് അര്‍ജന്റീന സെമിഫൈനലിലെത്തി. മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു.

2019 സെപ്റ്റംബര്‍ 10ന് മെക്‌സിക്കോയ്ക്ക് എതിരായ സൗഹൃദ മത്സരത്തില്‍ ലൗതാരോ മാര്‍ട്ടിനെസ് തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്ക് നേടി. അര്‍ജന്റീന 4-0ന് മത്സരം ജയിച്ചു. 2021 കോപ്പ അമേരിക്കയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ മാര്‍ട്ടിനെസ് ഗോള്‍ നേടി. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെതിരെയും സെമിഫൈനലില്‍ കൊളംബിയയ്‌ക്കെതിരെയും അയാള്‍ ഗോളടിച്ചു. ഫൈനലില്‍ എട്ഞ്ചല്‍ ഡി മരിയയുടെ ഗോളില്‍ ബ്രസീലിനെ തോല്പിച്ച് അര്‍ജന്റീന ചാമ്പ്യന്‍മാരായി. 2022 ജൂണ്‍ ഒന്നിന് ഇറ്റലിയിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിസിമയില്‍ ഇറ്റലിക്കെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത് ലൗതാരോ ആയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന ജയിച്ച് ചാമ്പ്യന്‍മാരായ മത്സരത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിന് വഴിയൊരുക്കിയത് ലൗതാരോ മാര്‍ട്ടിനെസ് ആയിരുന്നു. 2022 ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അയാള്‍ നേടിയ ഗോള്‍ ഓഫ്‌സൈഡ് ആയതിനെത്തുടര്‍ന്ന് അനുവദിക്കപ്പെട്ടില്ല. ആ മത്സരം ഒന്നിനെതിരെ രണ്ട് ഗോളിന് അര്‍ജന്റീന തോറ്റു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ കോച്ച് സ്‌കലോണി ലൗതാരോയെ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ടുള്ള മത്സരങ്ങളില്‍ അയാള്‍ക്ക് പകരം ജൂലിയന്‍ അല്‍വാരസിനെയാണ് ആദ്യ ഇലവനില്‍ സ്‌കലോണി ഇറക്കിയത്. പിന്നീടങ്ങോട്ടുള്ള എല്ലാ മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ അയാള്‍ ഒരു ഗോള്‍ പോലും നേടാനായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്റ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ച കിക്കെടുത്തത് ലൗതാരോ ആയിരുന്നു. ഡിസംബര്‍ 18ന് നടന്ന ഫൈനലില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ അല്‍വാരസിന് പകരക്കാരനായാണ് മാര്‍ട്ടിനെസ് ഇറങ്ങിയത്. സാധാരണ സമയത്തും അധിക സമയത്തുമായി 3-3 സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച അര്‍ജന്റീന 36 വര്‍ഷത്തിന് ശേഷം ലോകചാമ്പ്യന്‍മാരായി. 2024 കോപ്പ അമേരിക്കയില്‍ മിന്നുന്ന ഫോമിലായിരുന്നു ലൗതാരോ മാര്‍ട്ടിനെസ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെയും രണ്ടാം മത്സരത്തില്‍ ചിലിയ്‌ക്കെതിരെയും ഓരോ ഗോള്‍ നേടിയ മാര്‍ട്ടിനെസ് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഫൈനലില്‍ കൊളംബിയയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങിയ മത്സരത്തിന്റെ 112-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് വിജയഗോള്‍ നേടി അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ മൊത്തം അഞ്ച് ഗോളടിച്ച ലൗതാരോ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി.

2018ല്‍ ലൗതാരോ മാര്‍ട്ടിനെസ് റേസിംഗ് ക്ലബ് വിട്ട് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനില്‍ ചേര്‍ന്നു. 22.7 മില്യണ്‍ ഡോളറായിരുന്നു പ്രതിഫലത്തുക. അഞ്ച് വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. ഇന്ററിനൊപ്പം സീരി എയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ലൗതാരോ ലീഗിലെ ടോപ് സ്‌കോററും അതുവഴി സീരി എ മോസ്റ്റ് വാല്യുബള്‍ പ്ലേയറും ആയി. ഇന്റര്‍ മിലാനൊപ്പം രണ്ട് തവണ കോപ്പ ഇറ്റാലിയയും രണ്ട് തവണ സൂപ്പര്‍കോപ്പ ഇറ്റാലിയാനയും നേടിയ ലൗതാരോ 2020ലെ യൂറോപ്പ ലീഗിലും 2023 യുവേഫ ചാമ്പ്യന്‍സ് ലീഗിലും റണ്ണറപ്പുമായി. ഇന്റര്‍മിലാനുവേണ്ടി ഇതുവരെ 217 മത്സരങ്ങളില്‍ നിന്ന് 108 ഗോളുകളാണ് ലൗതാരോ മാര്‍ട്ടിനെസ് നേടിയത്. ഇതിനുപുറമെ റേസിംഗ് ക്ലബിനുവേണ്ടി 48 മത്സരങ്ങളില്‍ നിന്ന് 22 ഗോളും ലൗതാരോ നേടി. അര്‍ജന്റീന സീനിയര്‍ ടീമിനുവേണ്ടി ഇതുവരെ 70 മത്സരങ്ങള്‍ കളിച്ച ലൗതാരോ 32 ഗോളാണ് നേടിയത്.

ഇന്ന് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ലൗതാരോ മാര്‍ട്ടിനെസ്. മികച്ച ഡ്രിബ്ലിംഗ്, അസാധാരണമായ ഗോളടി മികവ് എന്നിവയാണ് മാര്‍ട്ടിനെസിനെ മറ്റ് സ്‌ട്രൈക്കര്‍മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍. ഇതിനൊപ്പം ബോക്‌സില്‍ അതിവേഗം പൊസിഷന്‍ ചെയ്യാനുള്ള കഴിവും മികച്ച ശാരീരികക്ഷമതയും മാര്‍ട്ടിനെസിനെ അപകടകാരിയാക്കുന്നു. അത്രയൊന്നും ഉയരമില്ലാത്ത കളിക്കാരനായിട്ടും വായുവിലൂടെ വരുന്ന പന്ത് സ്വീകരിക്കാനുള്ള മാര്‍ട്ടിനെസിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പെനാല്‍റ്റി കിക്കുകളിലെ കൃത്യതയില്ലായ്മ മാര്‍ട്ടിനെസിന്റെ ബലഹീനതയാണെന്ന് ഫുട്‌ബോള്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. ഗോളടിക്കുന്നതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്നതിലും ഏറെ മികവ് പുലര്‍ത്തുന്ന താരമാണ് ലൗതാരോ എന്നതിനാല്‍ സെക്കന്റ് സ്‌ട്രൈക്കറായി കളിപ്പിക്കാനും കഴിയും. നായക മികവും വിജയതൃഷ്ണയും കാരണം അയാള്‍ക്ക് ‘ദ ബുള്‍’ എന്നൊരു വിളിപ്പേരുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിലായാലും ശരി, ക്ലബ് ഫുട്‌ബോളിലായാലും ശരി ലോകം ഇനിയും ഒരുപാട് ഗോളുകള്‍ ലൗതാരോ മാര്‍ട്ടിനെസില്‍ നിന്ന് പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുന്നു.



