കെ.ശ്രീജിത്ത്
തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങി ഒരു ദശകത്തിലധികം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിവാണ വീരേന്ദര്‍ സെവാഗ്. ആരാധകര്‍ വീരു എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന വീരേന്ദര്‍ സെവാഗ് ലോക ക്രിക്കറ്റിലെ മുന്‍നിര ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്നമായിരുന്നു. ഒരു ബൗളറുടെയും വലുപ്പത്തെ സെവാഗ് കണക്കാക്കിയിരുന്നില്ല. അത് ഗ്ലെന്‍ മക്ഗ്രാത്തായാലും ശരി, ഷെയ്ന് വോണായാലും ശരി, മുത്തയ്യ മുരളീധരനായാലും ശരി. ഒട്ടും മയമില്ലാതെ, ഒരു കൂസലുമില്ലാതെ അവരെയെല്ലാം സെവാഗ് കണക്കിന് ശിക്ഷിച്ചു. കളിയുടെ സാഹചര്യം എന്തുമാകട്ടെ, അടിച്ച് പറത്താനുള്ള പന്താണെങ്കില്‍ അത് അയാള്‍ അടിച്ചുപറത്തിയിരിക്കും. അതിനി അയാള്‍ 99ല്‍ നില്‍ക്കുകയാണെങ്കിലും ഒരുതരത്തിലുള്ള ക്ഷമയും അയാള്‍ കാണിക്കില്ല. ഒരു റണ്ണെടുത്ത് സെഞ്ച്വറി തികയ്ക്കുന്നതിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെട്ടത് സിക്സറടിച്ച് സെഞ്ച്വറിയടിക്കാനായിരുന്നു. സിക്സറടിക്കാനുള്ള ശ്രമത്തില്‍ അയാള്‍ക്ക് ഒരുപിടി സെഞ്ച്വറികള്‍ നഷ്ടമായിട്ടുണ്ട്. അതൊന്നും സെവാഗിനെ ഒരുതരത്തിലും ബാധിച്ചില്ല. ഒരിക്കലും അയാള്‍ അതിലൊന്നും പശ്ചാത്തപിച്ചതുമില്ല. സച്ചിന് തെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിന്റെ അവസാനകാലത്ത് നിരന്തരം തൊണ്ണൂറുകളില്‍ ഔട്ടായപ്പോള്‍ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ അച്ഛനോട് പറഞ്ഞത്രെ – അച്ഛാ നിങ്ങള്‍ സെഞ്ച്വറിക്കരികെ ഇങ്ങനെ മുട്ടിനില്ക്കാതെ സെവാഗിനെപ്പോലെ സിക്സറടിച്ച് സെഞ്ച്വറിയടിക്കാന്‍ ശ്രമിക്കൂ എന്ന്. അര്ജുന് തെന്‍ഡുല്‍ക്കറുടെ ആ വാചകങ്ങളിലുണ്ട് വീരേന്ദര്‍ സെവാഗ് എത്ര നിര്ഭയനായിരുന്നു എന്ന്.

ബാറ്റിംഗ് ക്രീസില്‍ സെവാഗ് നിലയുറപ്പിക്കുന്നത് ദൂരെനിന്ന് കാണുന്ന ഏതൊരാളും കരുതുക ബാറ്റ് ചെയ്യുന്നത് സച്ചിന് തെന്ഡുല്ക്കറാണെന്നാണ്. സെവാഗ് കളിക്കുന്നതുകണ്ട് അത് സച്ചിനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് സച്ചിന്റെ ഭാര്യ അഞ്ജ്ലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ക്രീസിലെ നില്പിനും കളിക്കുന്ന സ്ട്രോക്കുകള്‍ക്കും അത്രമേല്‍ സാമ്യമുണ്ടായിരുന്നു. ബാക്ക്ഫൂട്ടില്‍ നിന്നുകൊണ്ടുള്ള ഓഫ് സൈഡിലേയ്ക്കുള്ള പഞ്ചും സ്ട്രെയിറ്റ് ഡ്രൈവും കൈക്കുഴ ഉപയോഗിച്ചുള്ള ലെഗ് ഗ്ലാന്സുകളുമെല്ലാം ഇരുവരും കളിക്കുന്നത് ഒരുപോലെയായിരുന്നു. ചെറുപ്പത്തില്‍ സച്ചിന് തെന്ഡുല്ക്കറാകാനാണ് താന്‍ മോഹിച്ചിരുന്നതെന്ന് സെവാഗ് പറഞ്ഞിട്ടുണ്ട്. ആ സ്വാധീനമായിരിക്കണം പിന്നീട് കളിയിലും പ്രതിഫലിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബ്ലോംഫോണ്ടെയ്നില്‍ വീരേന്ദര്‍ സെവാഗ് സെഞ്ച്വറി നേടി. ആ ഇന്നിംഗ്സില്‍ സച്ചിന് തെന്‍ഡുല്‍ക്കറും സെഞ്ച്വറി നേടി എന്നത് യാദൃശ്ചികം മാത്രമായിരുന്നു. എന്തായാലും സെവാഗിനത് സ്വപ്നസാക്ഷാത്കാരമായിരുന്നു. ഒരുകാലത്ത് ഏകദിന ക്രിക്കറ്റില്‍ മറ്റ് ടീമുകള്‍ ഭയപ്പെടുന്ന ഓപ്പണിംഗ് ജോഡിയായിരുന്നു സച്ചിനും സെവാഗും എന്നതും മറക്കാന്‍ വയ്യ. 93 ഇന്നിംഗ്സുകളില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ ഇരുവരും ചേര്‍ന്ന് 3919 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 12 സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ട്. 6.16 റണ്‍ ശരാശരിയിലാണ് ഇരുവരും ചേര്‍ന്ന് റണ്ണടിച്ചത്. ഒരു മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ശരാശരി 42 റണ്ണെടുത്തു.

2004ല്‍ പാകിസ്താനില്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റിലാണ് സെവാഗ് ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. അന്നേവരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കും കഴിയാത്ത നേട്ടം. അന്ന് 295ല്‍ നില്ക്കുമ്പോള് സഖ്ലെയ്ന്‍ മുഷ്താഖിനെ സിക്സറടിച്ചാണ് വീരു ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്!. അന്ന് മറുവശത്ത് ബാറ്റ് ചെയ്തിരുന്നത് സച്ചിന് തെന്‍ഡുല്‍ക്കറായിരുന്നു. അതിനേക്കുറിച്ച് സെവാഗ് പറയുന്നത് ഇങ്ങനെ: 295ല്‍ നില്‍ക്കവെ ഞാന്‍ സച്ചിനോട് പറഞ്ഞു. അടുത്ത ഓവര്‍ സഖ്ലെയ്ന്‍ ആണ് എറിയുന്നതെങ്കില്‍ ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് ഞാന്‍ സിക്സര്‍ നേടും. അപ്പോള്‍ സച്ചിന് പാജി പറഞ്ഞു – നിനക്ക് ഭ്രാന്താണ്. നോക്ക് വീരു, ഇന്നേവരെ ഒരു ഇന്ത്യന്‍ ബാറ്ററും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടില്ല. അത് ചരിത്രമാണ്. വെറുതെ കളഞ്ഞുകുളിക്കരുത്. മറുപടിയായി ഞാന്‍ പറഞ്ഞു – ഇന്നേവരെ ഒരു ഇന്ത്യന്‍ ബാറ്ററും ടെസ്റ്റിലെ ഒരിന്നിംഗ്സില്‍ 295 റണ്‍സും നേടിയിട്ടില്ല. അതും ചരിത്രമാണ്. സച്ചിന് വീണ്ടും പറഞ്ഞു നിനക്ക് ഭ്രാന്താണ്. ഞാന്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ അടുത്ത ഓവര്‍ എറിയാന്‍ വന്നത് സഖ്ലെയ്ന്‍ മുഷ്താഖ്. ഞാന്‍ ആദ്യ പന്തില്‍ തന്നെ സിക്സര്‍ നേടി. ഒപ്പം ട്രിപ്പിള്‍ സെഞ്ച്വറിയും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വീരകഥകള്‍ വീരുവിനെക്കുറിച്ച് പറയാനുണ്ടാകും. മൈതാനത്തും ഡ്രസിംഗ് റൂമിലും ഭക്ഷണവേളകളിലുമെല്ലാം സച്ചിനൊപ്പം തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് സെവാഗ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. 2009ല്‍ ശ്രീലങ്കയ്ക്കെതിരെ മുംബൈയില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ സെവാഗ് 293 റണ്‍സെടുത്ത് പുറത്തായിരുന്നു. അന്ന് ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കാന്‍ സെവാഗിനായിരുന്നെങ്കില് ഒന്നര നൂറ്റാണ്ടോളം വരുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടായി അത് മാറുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഒരേയൊരു ബാറ്ററാകാന്‍ സെവാഗിന് കഴിഞ്ഞില്ല. അന്ന് ട്രിപ്പിള്‍ സെഞ്ച്വറിക്കരികില്‍ നില്‍ക്കെ നോണ്‍ സ്ട്രൈക്കറായി ഉണ്ടായിരുന്ന സച്ചിനോട് സെവാഗ് ഒരു ആവശ്യം മുന്നോട്ടുവെച്ചത്രെ. താന്‍ ടെസ്റ്റില്‍ മൂന്നാമതൊരു ട്രിപ്പിള്‍ സെഞ്ച്വറി കൂടി നേടുകയാണെങ്കില്‍ സച്ചിന് തനിക്കൊരു കാര്യം ചെയ്തുതരണമെന്ന്. എന്താണ് ആ ആവശ്യമെന്ന് സച്ചിന് ചോദിച്ചെങ്കിലും അത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു സെവാഗിന്റെ മറുപടി. എന്നാല്‍ ചരിത്ര നേട്ടത്തിനരികില്‍ വെച്ച് സെവാഗ് പുറത്തായി. അതുകൊണ്ടുതന്നെ ആ ആവശ്യം എന്താണെന്ന് അയാള്‍ പിന്നീട് സച്ചിനോട് പറഞ്ഞതുമില്ല.

എത്രയെത്ര കളികളിലാണ് സെവാഗ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം നല്‍കിയിട്ടുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ ആക്രമണാത്മക ബാറ്റിംഗാണ് സെവാഗ് പുറത്തെടുത്തത്. അതിന്റെ മുഴുവന്‍ ഗുണവും ഇന്ത്യന്‍ ടീമിന് ലഭിച്ചു. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് മിക്ക കളിയിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. സെവാഗ് നേരത്തെ ഔട്ടായാല്‍ അത് വേറെ അറിയാമായിരുന്നു. ഇന്ത്യയുടെ തുടക്കം മന്ദഗതിയിലായിരിക്കും. അത് ടീമിനെ ബാധിക്കും. എന്നാല്‍ സെവാഗ് അടിച്ചുതകര്‍ത്ത മത്സരങ്ങളില്‍ ഇന്ത്യ എതിരാളികള്‍ക്കുമേല്‍ വന്‍ ആധിപത്യം നേടി. എല്ലാ ഫോര്‍മാറ്റുകളിലും അയാള്‍ ഓപ്പണറായി ഇറങ്ങി ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു. ടെസ്റ്റില്‍ 82.23ഉം ഏകദിനത്തില്‍ 104.33ഉം ട്വന്റി20യില്‍ 145.38ഉം ആയിരുന്നു അയാളുടെ സ്ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ചുരുങ്ങിയത് മൂവായിരം റണ്‍സ് നേടിയിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്റര്‍ സെവാഗാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള നാലേനാല് ബാറ്റര്‍മാരേയുള്ളൂ. അതിലൊന്ന് വീരേന്ദര്‍ സെവാഗാണ്. വിവിയന്‍ റിച്ചാര്‍ഡ്സ്, ബ്രയന്‍ ലാറ, ക്രിസ് ഗെയ്ല് എന്നിവരാണ് മറ്റ് മൂന്ന് പേര്. ടെസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സെവാഗിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈയില്‍ വെച്ച് നേടിയ 319 റണ്സാണത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറി കൂടിയായിരുന്നു അത്. അന്ന് വെറും 278 പന്തിലാണ് സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരിന്നിംഗ്സില്‍ ഏറ്റവും വേഗത്തില്‍ 250 റണ്‍ നേടിയതിന്റെ ലോക റെക്കോഡും സെവാഗിന്റെ പേരിലാണ്. മുംബൈയില്‍ വെച്ച് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിലായിരുന്നു അത്. അന്ന് 207 പന്തിലാണ് സെവാഗ് 250 റണ്ണടിച്ചത്. ഏകദിനത്തില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ലോകക്രിക്കറ്റില്‍ രണ്ടാമതായി ഡബിള്‍ സെഞ്ച്വറി നേടിയത് സെവാഗായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും നേടിയിട്ടുള്ള രണ്ടേ രണ്ട് ബാറ്റര്‍മാരെ ലോകക്രിക്കറ്റിലുള്ളൂ. അതിലൊരാള്‍ വീരേന്ദര്‍ സെവാഗാണ്. മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലും.

2008 ഡിസംബറില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരം. ജയിക്കാന്‍ ഇന്ത്യയ്ക്ക് അവസാന ഇന്നിംഗ്സില്‍ വേണ്ടത് 387 റണ്‍സ്. ഇന്ത്യന്‍ പിച്ചുകളില്‍ അവസാന ഇന്നിംഗ്സില്‍ ഇത്രയും റണ്‍ നേടുക തീര്‍ത്തും അസാധ്യായിരുന്നു. ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്ന്. മത്സരം ജയിച്ചെന്ന് ഉറപ്പിച്ചതായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ സെവാഗ് ഇംഗ്ലണ്ട് ബൗളര്‍മാരെ തുടക്കത്തില്‍ തന്നെ തലങ്ങും വിലങ്ങും അടിച്ചു. 68 പന്തില്‍ 83 റണ്ണടിച്ച് സെവാഗ് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം നല്‍കുകയും 387 റണ്‍സ് എന്ന ലക്ഷ്യം നേടാനാകുമെന്ന ആത്മവിശ്വാസം ടീമിന് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. സച്ചിന് തെന്‍ഡുല്‍ക്കര്‍ 103ഉം യുവ് രാജ് സിംഗ് 85ഉം റണ്‍സെടുത്ത് പുറത്താകാതെനിന്നു. ഗൗതം ഗംഭീര്‍ 66 റണ്‍ നേടി. എന്നാല്‍ ആ മത്സരം ഇന്ത്യ ജയിച്ചത് വീരേന്ദര്‍ സെവാഗ് എന്ന ബാറ്റര്‍ ഇന്ത്യയ്ക്ക് നല്കിയ ആക്രമണോത്സുകമായ തുടക്കം ഒന്നുകൊണ്ട് മാത്രമായിരുന്നു. ആ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം മാത്രമല്ല നല്‍കിയത്, മറിച്ച് അസാധാരണമായ ആത്മവിശ്വാസം കൂടിയായിരുന്നു. അതാണ് സെവാഗ്. അയാള്‍ എത്ര റണ്ണെടുക്കുന്നു എന്നതല്ല. ആ സമീപനമായിരുന്നു ഇന്ത്യയ്ക്ക് എന്നും മുതല്‍ക്കൂട്ടായത്. ആ സമീപനമാണ് എതിരാളികളെ വിറപ്പിച്ചത്. 2003ല്‍ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ വെറും രണ്ട് സെഷനുകളില്‍ നിന്നായി സെവാഗ് നേടിയത് 195 റണ്‍സാണ്. 233 പന്ത് മാത്രമായിരുന്നു അന്ന് സെവാഗ് നേരിട്ടത്. 104 ടെസ്റ്റില്‍ നിന്ന് 49.34 ശരാശരിയോടെ സെവാഗ് നേടിയത് 8,586 റണ്‍സാണ്. 23 സെഞ്ച്വറി. 251 ഏകദിന മത്സരങ്ങളില്‍ നിന്നായി 35.05 ശരാശരിയില്‍ 8,273 റണ്‍ നേടി. 15 സെഞ്ച്വറി. 19 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 21.88 ശരാശരിയില്‍ 394 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

എല്ലാ അര്‍ത്ഥത്തിലും ഒരു ജീനിയസ് ആയിരുന്നു വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം ഉണ്ടായിട്ടുള്ള സ്വാഭാവിക പ്രതിഭ. ഏറ്റവും ചുരുങ്ങിയ ഫുട്ട് വര്‍ക്കുകൊണ്ട് ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ചുകൂട്ടിയ പ്രതിഭ. പലതരം സ്ട്രോക്കുകള്‍ കളിക്കുന്ന സെവാഗിനെതിരെ ബൗളര്‍മാര്‍ നിരന്തരം പരീക്ഷണം നടത്തിയപ്പോള്‍ സെവാഗ് ബൗളര്‍മാര്‍ക്കെതിരെ അതിലും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി. മിക്കപ്പോഴും ആ യുദ്ധത്തില്‍ സെവാഗ് ജയിച്ചു. അയാള്‍ ഒരിക്കലും കാര്യങ്ങള്‍ കുഴച്ചുമറിച്ചില്ല. ലളിതമായിരുന്നു അയാളുടെ യുക്തി. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിക്കുക. ഒരു ബാറ്റര്‍ക്ക് ചെയ്യാനുള്ള് അത് മാത്രമാണെന്ന് വീരേന്ദര്‍ സെവാഗ് എന്നും കരുതി. അത് നടപ്പിലാക്കുകയും ചെയ്തു. തന്റെ ദൗര്ബല്യങ്ങളിലല്ല, മറിച്ച് തന്റെ കഴിവുകളിലാണ് അയാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുതന്നെയാണ് അയാള്‍ ബൗളര്‍മാരുടെ കാര്യത്തിലും ചെയ്തത്. ഓരോ ബൗളര്‍മാരുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ അയാള്‍ നന്നായി മനസിലാക്കിയിരുന്നു. അതിനനുസരിച്ച് അയാള്‍ ബാറ്റ് വീശുകയും ചെയ്തു. പലര്‍ക്കും അപകടകരമായി തോന്നിയ ബാറ്റിംഗ് ശൈലി അയാള്‍ ഒരു അവസരമായാണ് കണ്ടത്. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിക്കാനുള്ള അവസരം. സ്പിന്നര്‍മാരെ കാണുന്ന മാത്രയില്‍ത്തന്നെ സെവാഗിന്റെ കണ്ണുകള്‍ തിളങ്ങി. ലോകത്തെ എല്ലാ മികച്ച സ്പിന്നര്‍മാരെയും അയാള്‍ അടിച്ച് നിലംപരിശാക്കി. അത്ഭുതമെന്ന് പറയട്ടെ, അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അയാള്‍ പലപ്പോഴും കീഴടങ്ങുകയും ചെയ്തു. ഏകദിന ക്രിക്കറ്റില്‍ പലപ്പോഴും ഇന്ത്യയ്ക്ക് ഗുണം ചെയ്ത ഒരു ഓഫ് സ്പിന്നര്‍ കൂടിയായിരുന്നു സെവാഗ് എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിക്ക് പുറമെ നാല് ഡബിള്‍ സെഞ്ച്വറി കൂടി നേടിയിട്ടുള്ള താരമാണ് സെവാഗ് എന്നത് ആ പ്രതിഭയുടെ മാറ്റ് കാണിക്കുന്നുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗെന്ന് നിസംശയം പറയാം. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ഗണത്തില്‍പ്പെട്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍. ഒരു വ്യാഴവട്ടക്കാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന സെവാഗ് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്കിയ ആനന്ദം കേവലം വാക്കുകളിലൊതുക്കാനാകില്ല. തന്റെ നിര്‍ഭയമായ, നിസ്വാര്‍ത്ഥമായ ബാറ്റിംഗിലൂടെ സെവാഗ് ടീം ഇന്ത്യയ്ക്ക് നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍ക്കപ്പെടും. അയാള്‍ ഒരിക്കലും റെക്കോഡുകള്‍ക്ക് വേണ്ടി കളിച്ചില്ല. വ്യക്തിപരമായ ഒരു നേട്ടവും അയാളെ മോഹിപ്പിച്ചതുമില്ല. അതുകൊണ്ടുതന്നെ സെവാഗ് ഒരു യഥാര്‍ത്ഥ ക്രിക്കറ്ററായിരുന്നു. ഒരു യഥാര്‍ത്ഥ സ്പോര്‍ട്സ്മാനായിരുന്നു.



