കെ.ശ്രീജിത്ത്
മാരക്കാനയില്‍ നടന്ന 2021 കോപ്പ അമേരിക്ക ഫൈനലില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിന് വഴിയൊരുക്കിയ ലോങ് പാസ് ഓര്‍മയില്ലെ? ആ പാസാണ് ഡി മരിയയുടെ ഗോളിനും അതുവഴി ലിയണല്‍ മെസ്സിയുടെയും കൂട്ടരുടെയും കിരീട വരള്‍ച്ച അവസാനിക്കാനും കാരണമായത്. ആ പാസ് ഡി പോളിന്റേതായിരുന്നു. അന്ന് ആ ഫൈനലില്‍ നിറഞ്ഞുകളിച്ച ഡി പോള്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കി. ആത്മസുഹൃത്തായ ലിയണല്‍ മെസ്സിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തു. 1993ന് ശേഷം നീണ്ട 28 വര്‍ഷത്തിന് ശേഷമായിരുന്നു അര്‍ജന്റീന കോപ്പ അമേരിക്കയില്‍ ചാമ്പ്യന്‍മാരായത്. ദക്ഷിണ അമേരിക്കയിലെ ഒട്ടേറെ രാജ്യങ്ങളിലെപ്പോലെ അര്‍ജന്റീനയിലെ കുട്ടികളും ദാരിദ്ര്യം മറക്കാനാണ് ഫുട്‌ബോള്‍ കളിക്കുന്നത്. അതുതന്നെയാണ് റോഡ്രിഗോ ഡി പോളിന്റെ കാര്യത്തിലും സംഭവിച്ചത്. മൂന്നാമത്തെ വയസില്‍ തന്നെ ഡി പോളിന്റെ വഴി ഫുട്‌ബോളാണെന്ന് അയാളുടെ കുടുംബത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. ഡി പോള്‍ അയാളുടെ സഹോദരന്‍മാരായ ഡാമിയനും ഗ്വിഡോയ്ക്കും ഒപ്പം മുത്തച്ഛന്‍ ഓസ്‌വാല്‍ഡോയ്‌ക്കൊപ്പം ചിലവഴിക്കുമായിരുന്നു. അദ്ദേഹമാണ് ഡി പോളിന്റെ കരിയറിന് അടിത്തറയിട്ട മനുഷ്യന്‍.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ സാരണ്ടിയില്‍ 1994 മെയ് 24നാണ് റോഡ്രിഗോ ഹാവിയര്‍ ഡി പോള്‍ ജനിച്ചത്. ലെച്ചുഗ എന്നായിരുന്നു അയാളുടെ വിളിപ്പേര്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മസ്ഥലമായ ലാനൂസില്‍ നിന്ന് വെറും 12 മിനിറ്റിന്റെ യാത്ര മാത്രമാണ് സാരണ്ടിയിലേയ്ക്കുണ്ടായിരുന്നത്. ചെറുപ്പത്തിലെ അയാളുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. തുടര്‍ന്ന് അമ്മയോടൊപ്പമാണ് ഡി പോള്‍ ജീവിച്ചത്. മൂന്ന് മക്കളെ പോറ്റാന്‍ വേണ്ടി അയാളുടെ അമ്മ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. അതിശക്തയായ ഒരു സ്ത്രീയാണ് തന്റെ അമ്മയെന്നും അവര്‍ എല്ലാ സാധാരണ കുടുംബങ്ങളിലെ കുട്ടികളേയും പോലെ തങ്ങളെയും വളര്‍ത്തിയെന്നും ഡി പോള്‍ ഒരിക്കല്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും തമ്മില്‍ ശക്തമായ ഹൃദയബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രതിസന്ധികളെയും അവര്‍ ഒരുമിച്ച് നേരിട്ടു. സാരണ്ടിയിലെ തെരുവുകളിലാണ് ഡി പോള്‍ കുട്ടിക്കാലത്ത് ഫുട്‌ബോള്‍ കളിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുമ്പോള്‍ മിക്കപ്പോഴും അയാള്‍ ഗോള്‍കീപ്പറാകാന്‍ നിര്‍ബന്ധിതനായി. ചെറുപ്പത്തില്‍ ഗോള്‍കീപ്പറാകുന്നത്ര അയാള്‍ വെറുത്ത മറ്റൊരു കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടയാള്‍ ഗോള്‍കീപ്പറില്‍ നിന്ന് മാറി മിഡ്ഫീല്‍ഡറായി കളിച്ചുതുടങ്ങി. കുട്ടിക്കാലത്ത് മുത്തച്ഛന്‍ ഓസ്‌വാള്‍ഡോയുടെ നിരീക്ഷണത്തില്‍ അയാള്‍ മണിക്കൂറുകളോളം ഫുട്‌ബോള്‍ പരിശീലിച്ചുകൊണ്ടേയിരുന്നു. ഡി പോളിന് മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്ന് ചെറുപ്പംതൊട്ടെ മുത്തച്ഛന്‍ ഉറപ്പുവരുത്തി. തന്റെ പേരക്കുട്ടിക്ക് ഏറ്റവും നല്ലത് എന്താണെന്ന തിരിച്ചറിഞ്ഞ ഓസ്‌വാല്‍ഡോ എട്ടാമത്തെ വയസില്‍ ഡി പോളിനെ റേസിംഗ് ക്ലബിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ക്കുന്നു. 2002ലായിരുന്നു അത്. റേസിംഗ് ക്ലബ് അക്കാദമിയില്‍ പത്ത് വര്‍ഷമാണ് ഡി പോള്‍ തുടര്‍ന്നത്. ആ കാലത്ത് കടുത്ത പരിശീലനത്തിലേര്‍പ്പെട്ട ഡി പോള്‍ ഒട്ടേറെ മത്സരങ്ങളില്‍ മിന്നുന്ന കളി കാഴ്ചവെച്ചു. 2012ല്‍ റേസിംഗ് ക്ലബിന്റെ സീനിയര്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതുവരെ അയാള്‍ ഏറെ ക്ഷമയോടെ യൂത്ത് ടീമില്‍ തുടര്‍ന്നു. എന്നാല്‍ സീനിയര്‍ ടീമിലെത്തിയിട്ടും ഉപയോഗിക്കപ്പെടാത്ത സബ്സ്റ്റിറ്റിയൂട്ട് ആയിത്തുടര്‍ന്ന ഡി പോളിന് ഒരു വര്‍ഷത്തിനുശേഷം 2013ലാണ് ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ചത്. റേസിംഗ് ക്ലബിനുവേണ്ടി കളിച്ച് 54 മത്സരങ്ങളില്‍ നിന്ന് അയാള്‍ക്ക് വെറും ആറ് ഗോളാണ് നേടാനായത്. എന്നാല്‍ അയാളുടെ പ്ലേമേക്കിംഗിലെ അസാധാരണ കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

2014ല്‍ അയാള്‍ സ്‌പെയിനിലെ പ്രശസ്ത ക്ലബായ വലന്‍സിയയുമായി അഞ്ച് വര്‍ഷത്തെ കരാറൊപ്പിട്ടു. 6.5 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു അയാളുടെ പ്രതിഫലം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലാലിഗയിലെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങി ഒരു മിനിറ്റ് മാത്രമായപ്പോള്‍ സെവിയ്യയുടെ അലക്‌സ് വിദാലിനെ ഫൗള്‍ ചെയ്തതിന് ഡി പോളിന് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. പക്ഷെ തുടര്‍ന്നുള്ള കളികളില്‍ മിഡ്ഫീല്‍ഡിലെ ആധിപത്യം ഉറപ്പിക്കുന്ന കളിയായിരുന്നു ഡി പോള്‍ കാഴ്ചവെച്ചത്. 2014 ഡിസംബര്‍ നാലിന് അയാള്‍ വലന്‍സിയയ്ക്കുവേണ്ടിയുള്ള തന്റെ ആദ്യഗോള്‍ നേടി. തൊട്ടടുത്ത വര്‍ഷം ഏപ്രിലില്‍ അയാള്‍ ലാലിഗയിലെ ആദ്യഗോളും നേടി. അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. വലന്‍സിയയ്ക്കുവേണ്ടിയുള്ള ആദ്യ സീസണില്‍ ഡി പോള്‍ 29 മത്സരങ്ങളിലാണ് കളിച്ചത്. തൊട്ടടുത്ത സീസണിന്റെ പകുതി ആയപ്പോഴേയ്ക്കും വലന്‍സിയ ഡി പോളിനെ അയാളുടെ ആദ്യ ക്ലബായ റേസിംഗിന് വായ്പയായി നല്‍കി. 2016 ഫെബ്രുവരിയിലായിരുന്നു അത്. ആ സീസണില്‍ അയാള്‍ വലന്‍സിയയ്ക്കുവേണ്ടി 14 മത്സരം മാത്രമാണ് കളിച്ചിരുന്നത്. ആ വര്‍ഷം ജൂലായില്‍ ഡി പോളിനെ ഇറ്റാലിയന്‍ സീരി എ ക്ലബായ ഉഡിനീസിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 2017 ജനുവരി 29ന് അയാള്‍ ഉഡിനീസിനുവേണ്ടിയുള്ള തന്റെ ആദ്യഗോള്‍ നേടി. എ.സി മിലാനെതിരായ മത്സരത്തിലായിരുന്നു അത്. മത്സരം ഉഡിനീസ് 2-1ന് ജയിച്ചു. 2018-2019 സീരി എ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ നിന്ന് ഡി പോള്‍ നാല് ഗോള്‍ നേടി. ആ സീസണില്‍ ഒമ്പത് ഗോള്‍ നേടി ഉഡിനീസിന്റെ ടോപ് സ്‌കോററര്‍ ആയ അയാള്‍ ഒമ്പത് അസിസ്റ്റുകളും ഒരുക്കി. 2020 ഡിസംബറില്‍ അയാള്‍ ഉഡിനീസിന്റെ ക്യാപ്റ്റ്‌നായി നിയോഗിക്കപ്പെട്ടു. ഇറ്റാലിയന്‍ ലീഗിലെ അയാളുടെ കളി ഏറെ ശ്രദ്ധിക്കപ്പെട്ടു. ലീഗില്‍ ലൗതാരോ മാര്‍ട്ടിനെസിനെയും പപ്പു ഗോമസിനെയും പോലുള്ള സൂപ്പര്‍താരങ്ങളുടെ നിരയില്‍ ഡി പോളും ഇടം നേടി. 2021 ജൂലായ് 12ന് ഡി പോള്‍ സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡുമായി അഞ്ച് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടു. ആ വര്‍ഷം ഡിസംബറില്‍ ചാമ്പ്യന്‍സ് ലീഗില്‍ വെച്ച് അയാള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടി അയാള്‍ തന്റെ ആദ്യ ഗോള്‍ നേടി. എഫ് സി പോര്‍ട്ടോയ്‌ക്കെതിരായ എവേ മത്സരത്തിലായിരുന്നു അത്. മത്സരം 3-1ന് അത്‌ലറ്റിക്കോ മാഡ്രിഡ് ജയിച്ചു.

2018 ഒക്ടോബര്‍ 11നാണ് റോഡ്രിഗോ ഡി പോള്‍ അര്‍ജന്റീനയുടെ സീനിയര്‍ ടീമിനുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. ഇറാഖിനെതിരായ മത്സരത്തിലായിരുന്നു അത്. മത്സരം എതിരില്ലാത്ത നാല് ഗോളിന് അര്‍ജന്റീന ജയിച്ചു. തുടര്‍ന്ന് ലിയണല്‍ സ്‌കലോണി പരിശീലകനായ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി ഡി പോള്‍ മാറി. 2019ലെ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന മൂന്നാം സ്ഥാനം നേടിയപ്പോള്‍ ആ ടീമില്‍ അയാളുണ്ടായിരുന്നു. 2021 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത് ഡി പോളായിരുന്നു. മത്സരം 3-0ന് അര്‍ജന്റീന ജയിച്ചു. ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ചരിത്ര ജയം നേടിയപ്പോള്‍ അതില്‍ ഡി പോള്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു. ആ ഒരൊറ്റ മത്സരത്തോടെ ഡി പോള്‍ ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായി. മൗറോ ഐക്കാര്‍ഡിയെപ്പോലുള്ള ഇതിഹാസ താരങ്ങളുമായാണ് പിന്നീടയാള്‍ താരതമ്യം ചെയ്യപ്പെട്ടത്. ആ കോപ്പ അമേരിക്കയിലെ ജയം ഡി പോളിന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നായി മാറി. ഇതോടെയാണ് അയാള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനും അര്‍ജന്റീനയുടെ മുന്‍ താരവുമായ ഡീഗോ സിമിയോണിയുടെ ശ്രദ്ധയില്‍ വരികയും ക്ലബിലേയ്ക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുന്നത്. തുടര്‍ന്നാണ് 35 മില്യണ്‍ യൂറോ പ്രതിഫലം നല്‍കി അന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ഡി പോളിനെ ക്ലബിലെടുത്തത്.

പിന്നീട് ലിയണല്‍ സ്‌കലോണി പരിശീലിപ്പിച്ച അര്‍ജന്റീനിയന്‍ ടീം ഇറ്റലിയെ തോല്പിച്ച് ഫൈനലിസിമ നേടിയപ്പോഴും തൊട്ടുപിന്നാലെ നീണ്ട 36 വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടിയപ്പോഴും ആ ടീമുകളിലെയെല്ലാം പ്രധാനപ്പെട്ട കളിക്കാരനായിരുന്നു ഡി പോള്‍. സ്‌കലോണിയുടെ തന്നെ പരിശീലകത്വത്തിന് കീഴില്‍ 2024ല്‍ കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടാമതും ചാമ്പ്യന്‍മാരായപ്പോഴും ഡി പോള്‍ നിര്‍ണായക സാന്നിദ്ധ്യമായി ടീമിലുണ്ടായിരുന്നു. അര്‍ജന്റീനയ്ക്കുവേണ്ടി ഇതുവരെയായി 75 മത്സരങ്ങള്‍ കളിച്ച ഡി പോള്‍ രണ്ട് ഗോളാണ് നേടിയത്. ക്ലബ് തലത്തില്‍ റേസിംഗ് ക്ലബിനുവേണ്ടി 65 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും വലന്‍സിയയ്ക്കുവേണ്ടി 34 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഇറ്റാലിയന്‍ ക്ലബായ ഉഡിനീസിനുവേണ്ടി 177 മത്സരങ്ങളില്‍ നിന്ന് 33 ഗോളും ഡി പോള്‍ നേടി. അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടി ഇതുവരെയായി 113 മത്സരങ്ങള്‍ കളിച്ച ഡി പോള്‍ എട്ട് ഗോള്‍ നേടി.

അസാധാരണമായ ഡ്രിബ്ലിംഗ് കഴിവുകളും പന്ത് ഏറെ നേരം കാലില്‍ വെച്ച് കളിക്കാനുള്ള കഴിവുമാണ് റോഡ്രിഗോ ഡി പോളിനെ ശക്തനായ ഒരു മിഡ്ഫീല്‍ഡറാക്കുന്നത്. പ്ലേമേക്കിംഗിലുള്ള അസാമാന്യ വൈഭവവും അയാളെ വേറിട്ടുനിര്‍ത്തുന്നു. ഏറെ പിന്നില്‍ നിന്ന് പന്ത് വളരെ മുന്നിലെത്തിക്കാനും അതുവഴി ആക്രമണത്തിന് ചുക്കാന്‍ പിടിക്കാനും ഡി പോളിന് കഴിയുന്നു. ഏറെ സാങ്കേതികത്തികവുള്ള മിഡ്ഫീല്‍ഡില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഡി പോളിന്റെ പാസുകളിലെ കൃത്യത അതിമനോഹരമാണ്. മിഡ്ഫീല്‍ഡിന്റെ വലതുഭാഗത്ത് നിന്ന് കളിക്കുന്നതിലാണ് അയാള്‍ പ്രത്യേക മിടുക്ക് കാണിക്കാറുള്ളത്. ആക്രമണങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും അത് നടിപ്പിലാക്കുന്നതിലും ഇന്ന് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരുടെ കൂട്ടത്തിലാണ് ഡി പോളിന്റെ സ്ഥാനം. ഏറെ പിന്നിലേയ്ക്കിറങ്ങി പന്ത് വാങ്ങി എതിര്‍ ടീമിന്റെ പെനാല്‍റ്റി ബോക്‌സ് വരെ ആ പന്ത് എത്തിക്കുകയും അതുവഴി ടീമിനെ മുന്നിലേയ്ക്ക് നയിക്കുകയും ചെയ്യുന്ന താരമാണ് ഡി പോള്‍. സര്‍ഗാത്മകമായി കളി രൂപപ്പെടുത്താനുള്ള ഡി പോളിന്റെ കഴിവ് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാസിംഗിലെ കൃത്യതയിലൂടെ ചടുലമായ പ്രത്യാക്രമണങ്ങള്‍ രൂപപ്പെടുത്താനും അതുവഴി എതിര്‍ ടീമിന്റെ പെനാല്‍റ്റി ബോക്‌സില്‍ അപകടം വിതയ്ക്കാനും അനായാസം ഡി പോളിന് കഴിയും. അതുതന്നെയാണ് എതിരാളികള്‍ അയാളെ ഏറെ ഭയക്കാനുള്ള കാരണവും. എതിര്‍ ടീമിന്റെ പ്രതിരോധനിരയുടെ തലയ്ക്കുമുകളിലൂടെ ലോങ് പാസുകള്‍ നേല്‍കുകയും സ്വന്തം ടീമിന്റെ സ്‌ട്രൈക്കറിലേയ്ക്ക് അത് കൃത്യമായി എത്തിക്കുകയും ചെയ്യുന്നതില്‍ ഒരു പ്രത്യേക വൈഭവം തന്നെയുണ്ട് റോഡ്രിഗോ ഡി പോളിന്. 2021 കോപ്പ അമേരിക്ക ഫൈനലില്‍ ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് അയാള്‍ നല്‍കിയ ലോങ് പാസ് ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. അര്‍ന്റീനിയന്‍ ടീമില്‍ സാക്ഷാല്‍ ലിയണല്‍ മെസ്സിയും ഡി മരിയയും ഏറ്റവും നന്നായി കളിച്ചപ്പോഴൊക്കെ അതിന് പിന്നില്‍ ഡി പോളിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. മിഡ്ഫീല്‍ഡില്‍ നിന്ന് അയാള്‍ നല്‍കുന്ന അത്രമേല്‍ കൃത്യമായ പാസുകളാണ് മെസ്സിയുടെയും ഡി മരിയയുടെയും ജോലി എളുപ്പമാക്കുന്നത്. ഇനിയും ഒട്ടേറെ വര്‍ഷങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ക്ലബ് തലത്തിലും ഡി പോള്‍ മിന്നിത്തിളങ്ങുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. നിലവിലെ ഫോമില്‍ പ്രത്യേകിച്ചും. യുവാന്‍ റോമന്‍ റിക്വല്‍മിക്കുശേഷം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡറാണ് റോഡ്രിഗോ ഡി പോള്‍ എന്ന് നിസംശയം പറയാം. നിര്‍ഭാഗ്യവശാല്‍ പ്രതിഭയ്‌ക്കൊത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ റിക്വല്‍മിക്ക് കഴിയാതെ പോയി. എന്നാല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ ഫുട്‌ബോള്‍ നേട്ടങ്ങളുടെ കണക്കില്‍ റോഡ്രിഗോ ഡി പോള്‍, റിക്വല്‍മിക്ക് ഏറെ ഏറെ മീതെയായിരിക്കും. ഉറപ്പ്.



