കെ.ശ്രീജിത്ത്
ഇത്രയും നിയന്ത്രണത്തോടെ, അത്രമാത്രം അച്ചടക്കത്തോടെ, ലൈനും ലെങ്ത്തും ഒരിക്കല്‍പോലും പാളിപ്പോകാതെ പന്തെറിയുന്ന ബൗളര്‍. അതായിരുന്നു ഗ്ലെന്‍ മക്ഗ്രാത്ത്. മക്ഗ്രാത്തിന് മുമ്പോ പിമ്പോ ലോകം അങ്ങനെയൊരു ബൗളറെ കണ്ടിട്ടില്ല. അത്രമാത്രം സവിശേഷമായിരുന്നു ആ ബൗളിംഗ്. പിച്ചില്‍ കൃത്യമായൊരു വര വരച്ച് അതില്‍ സ്ഥിരമായി പന്ത് കുത്തിക്കാന്‍ നിര്‍ബന്ധബുദ്ധിയോടെ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പോലെയായിരുന്നു മക്ഗ്രാത്ത്. ലൈനിലും ലെങ്ത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറായില്ല. ലൈനോ ലെങ്‌ത്തോ തെറ്റിയ ഒരു പന്ത്, അടിക്കാന്‍ പാകത്തിലുള്ളൊരു പന്ത് മക്ഗ്രാത്തില്‍ നിന്ന് ഒരു ബാറ്ററും പ്രതീക്ഷിച്ചതുമില്ല. അതുകൊണ്ടുതന്നെ മക്ഗ്രാത്തിനെ ബൗണ്ടറി പായിക്കാന്‍ അവര്‍ വ്യത്യസ്ത വഴികള്‍ തേടി. ആ വഴികള്‍ പലപ്പോഴും അവരുടെ തന്നെ കുഴി തോണ്ടുന്നതിലാണ് കലാശിച്ചത്. മനസില്‍ കാണുന്നതുപോലെ പിച്ചില്‍ പന്ത് കുത്തിക്കാന്‍ മക്ഗ്രാത്തിനെപ്പോലെ കഴിഞ്ഞൊരു ബൗളര്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അത്രമാത്രം കൃത്യമാര്‍ന്നതായിരുന്നു ആ ബൗളിംഗ്. ഒരു ബൗളര്‍ക്ക് ഇത്രയും ഏകാഗ്രതയോ എന്ന് ക്രിക്കറ്റ് പ്രേമികള്‍ പലവട്ടം സംശയിച്ചു. ഇനി അഥവാ ബാറ്റര്‍ വല്ലപ്പോഴുമൊരു ബൗണ്ടറിയടിച്ചാല്‍ത്തന്നെ മക്ഗ്രാത്തിന്റെ ഏകാഗ്രതയെ തകര്‍ക്കാന്‍ അതിനൊന്നും സാധിച്ചില്ല. തൊട്ടടുത്ത പന്ത് ഏറ്റവും കൃത്യതയോടെത്തന്നെ അയാളെറിഞ്ഞു. കളിയുടെ ഏത് ഘട്ടത്തിലും ക്യാപ്റ്റന് ഏറ്റവും വിശ്വസ്തതയോടെ പന്തേല്പിക്കാന്‍ കഴിയുന്ന ബൗളറായിരുന്നു മക്ഗ്രാത്ത്. തൊട്ടടുത്ത നിമിഷം തന്നെ വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന് തനിക്കുമേലുള്ള വിശ്വാസ്യത അയാള്‍ കാത്തു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ എതിര്‍ ടീമിലെ ബാറ്റര്‍മാര്‍ ഡെത്ത് ഓവറുകളില്‍ ഒരുപാട് റണ്‍ നേടേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു. കാരണം അവസാന ഓവറുകള്‍ എറിയുന്നത് മക്ഗ്രാത്തായിരിക്കും. അപ്പോള്‍ റണ്ണടിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പരമാവധി റണ്‍ മറ്റ് ബൗളര്‍മാരില്‍ നിന്ന് അടിച്ചെടുക്കണം. ടെസ്റ്റില്‍ ആദ്യ ഒരു മണിക്കൂര്‍ എതിര്‍ ടീം അത്യന്തം ശ്രദ്ധയോടെ മാത്രമെ ബാറ്റ് ചെയ്യൂ. എതിര്‍ ടീമിലെ ഓപ്പണര്‍മാര്‍ സദാ ജാഗരൂകരായിരിക്കും. കാരണം പന്തെറിയുന്നത് സാക്ഷാല്‍ ഗ്ലെന്‍ മക്ഗ്രാത്താണ്. അതുകൊണ്ടുതന്നെ എങ്ങനെയും വിക്കറ്റ് സംരക്ഷിക്കുക എന്നതില്‍ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. അവര്‍ തട്ടിയും മുട്ടിയും മുന്നോട്ടുനീങ്ങുന്നു. എന്നാല്‍ മിക്കപ്പോഴും തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയാറില്ല. നൂറില്‍ തൊണ്ണൂറ്റി ഒമ്പത് തവണയും അവരുടെ വിക്കറ്റ് മക്ഗ്രാത്ത് വീഴ്ത്തിയിരിക്കും. 1.95 മീറ്ററായിരുന്നു മക്ഗ്രാത്തിന്റെ ഉയരം. അതുകൊണ്ടുതന്നെ മക്ഗ്രാത്തിന് പിച്ചില്‍ നിന്ന് മറ്റ് ബൗളര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ബൗണ്‍സ് കണ്ടെത്താനായി. പന്തിന്റെ റിലീസിംഗ് പോയിന്റ് ഏറെ ഉയരത്തിലായിരുന്നതായിരുന്നു കാരണം. ക്രിക്കറ്റ് പണ്ഡിതര്‍ മിക്കപ്പോഴും മക്ഗ്രാത്തിനെ താരതമ്യം ചെയ്തിരുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബൗളര്‍ കര്‍ട്‌ലി അംബ്രോസുമായിട്ടായിരുന്നു.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിന്റെ പുറമ്പോക്കില്‍ നിന്ന് കണ്ടെത്തപ്പെട്ട ഗ്ലെന്‍ ഡൊണാള്‍ഡ് മക്ഗ്രാത്ത് 1993ല്‍ മെര്‍വ് ഹ്യൂസിന് പകരക്കാരനായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് അയാള്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു വ്യാഴവട്ടത്തിലധികം ഓസ്‌ട്രേലിയന്‍ ബൗളിംഗിന്റെ നെടുംതൂണായിരുന്നു മക്ഗ്രാത്ത്. ഇതിനിടയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍ട്‌നി വാല്‍ഷിന്റെ 519 വിക്കറ്റെന്ന റെക്കോഡ് നേട്ടവും അയാള്‍ മറികടന്നു. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന പട്ടത്തിന് മക്ഗ്രാത്തിന് മുന്നിലുണ്ടായിരുന്ന ഒരേയൊരു വെല്ലുവിളി ഡെന്നിസ് ലില്ലിയായിരുന്നു. മക്ഗ്രാത്ത് വരുന്നതിന് മുമ്പ് ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബൗളര്‍ ഡെന്നിസ് ലില്ലിയായിരുന്നു. ഇന്നും ലില്ലിയാണോ മക്ഗ്രാത്താണോ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ലില്ലി ബൗള്‍ ചെയ്ത കാലവും നേരിട്ട വെല്ലുവിളികളും വിലയിരുത്തുമ്പോള്‍ ലില്ലിയാണ് ഏറ്റവും മികച്ചതെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ അതല്ല മക്ഗ്രാത്ത് തന്നെയാണ് ഏറ്റവും മികച്ചതെന്ന് മറ്റൊരു കൂട്ടര്‍ തര്‍ക്കിക്കുന്നു. എല്ലാ തര്‍ക്കങ്ങള്‍ക്കുമിടയിലും ഈ രണ്ട് ഇതിഹാസങ്ങളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലിങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ്. കളിയില്‍ നിന്ന് ചില ഇടവേളകള്‍ അനിവാര്യമായി വന്നപ്പോള്‍ മക്ഗ്രാത്തിന്റെ കാലം കഴിഞ്ഞുവെന്ന് പലരും കരുതിയതാണ്. എന്നാല്‍ ആ ഇടവേളകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവുകളെല്ലാം മുമ്പത്തേക്കാള്‍ കരുത്തോടെയായിരുന്നു.

ഓഫ് സ്റ്റംപ് ലൈനില്‍ നിന്ന് കടുകിട മാറാതെ, കിറുകൃത്യം ലെങ്ത്തില്‍ ഒന്നും രണ്ടും വര്‍ഷമല്ല മക്ഗ്രാത്ത് പന്തെറിഞ്ഞത്. നീണ്ട പതിനാല് വര്‍ഷമാണ്. അതും ഒരു ഫാസ്റ്റ് ബൗളര്‍. ഇപ്പോള്‍ വിശകലനം ചെയ്യുമ്പോള്‍ അത്ഭുതകരം എന്നല്ലാതെ മറ്റൊരു വാക്കില്ല അതിനെ വിശേഷിപ്പിക്കാന്‍. ബൗണ്‍സറുകള്‍ കൊണ്ടും ഓഫ് കട്ടറുകള്‍ കൊണ്ടും യോര്‍ക്കറുകള്‍ കൊണ്ടും അയാള്‍ ബാറ്റര്‍മാരെ വലച്ചു. എതിര്‍ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ പുറത്താക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍. അതിലയാള്‍ മിക്കവാറുമൊക്കെ വിജയിക്കുകയും ചെയ്തു. പ്രത്യേകിച്ചും ഇംഗ്ലണ്ടിന്റെ മൈക്ക് ആതര്‍ട്ടണെയും വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രായന്‍ ലാറയെയും പുറത്താക്കുന്നതില്‍. ഈ രണ്ട് ബാറ്റര്‍മാരുമായും ക്രിക്കറ്റ് ഫീല്‍ഡില്‍ നടത്തിയ യുദ്ധങ്ങളില്‍ തനിക്കാണ് മേല്‍ക്കൈ എന്ന് പരസ്യമായി പറയാനുള്ള ധൈര്യവും അയാള്‍ക്കുണ്ടായിരുന്നു. അവരെ വെല്ലുവിളിക്കാന്‍ അയാള്‍ക്ക് യാതൊരു മടിയമുണ്ടായിരുന്നില്ല. ഇതില്‍ ആതര്‍ട്ടണെ 19 തവണയാണ് മക്ഗ്രാത്ത് ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ബാറ്ററെ ഒരു ബൗളര്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതിന്റെ റെക്കോഡാണിത്. ലാറയെയാകട്ടെ 37 ഇന്നിംഗ്‌സില്‍ 15 തവണയാണ് മക്ഗ്രാത്ത് പുറത്താക്കിയത്. എന്നാല്‍ താന്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബാറ്റര്‍ ബ്രയന്‍ ലാറയാണെന്ന് മക്ഗ്രാത്ത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ടെസ്റ്റില്‍ മക്ഗ്രാത്തിനെതിരെ മാത്രം 621 റണ്ണാണ് ലാറ സ്‌കോര്‍ ചെയ്തിട്ടുള്ളത്. വാലറ്റത്തെ ബാറ്റിംഗില്‍ അത്രയൊന്നും കേമനല്ലാതിരുന്ന മക്ഗ്രാത്ത് പക്ഷെ കഠിന പ്രയത്‌നത്തിലൂടെ തന്റെ ബാറ്റിംഗ് പരിമിതികള്‍ മറികടക്കാന്‍ ശ്രമിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2004-2005ല്‍ അയാള്‍ ന്യൂസീലന്റിനെതിരെ ടെസ്റ്റില്‍ നേടിയ 61 റണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനൊന്നാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ബാറ്ററെന്ന റെക്കോഡായിരുന്നു അന്നത്. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായ കളിക്കാരന്‍ കൂടിയാണ് മക്ഗ്രാത്ത്.

2003 ഏകദിന ലോകകപ്പില്‍ നമീബിയയ്‌ക്കെതിരെ വെറും പതിനഞ്ച് റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ അയാള്‍ ലോകകപ്പ് റെക്കോഡും തിരുത്തി. 1999, 2003, 2007 ലോകകപ്പുകള്‍ ഓസ്‌ട്രേലിയ നേടിയപ്പോള്‍ അതിലെല്ലാം നിര്‍ണായക സംഭാവനകളുമായി തിളങ്ങി മക്ഗ്രാത്ത്. ഈ മൂന്ന് ലോകകപ്പുകളില്‍ മാത്രം കളിച്ചിട്ടുള്ള മക്ഗ്രാത്ത് എല്ലാറ്റിലുമായി 71 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ബൗളര്‍ മറ്റാരുമല്ല, അതും അയാള്‍ തന്നെയാണ്. എന്നാല്‍ കണങ്കാലിനേറ്റ പരിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന അയാളുടെ സ്വപ്‌നത്തിന് തടസമാകുമോയെന്ന് എല്ലാവരും ഭയപ്പെട്ടു. എന്നാല്‍ വിരമിക്കല്‍ എന്ന ദു:സ്വപ്‌നത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ അയാള്‍ 2004 ജൂലായില്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്ന് മാസത്തിനുശേഷം നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോള്‍ അത് അയാളുടെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു. ആ നാഴികക്കല്ല് പിന്നിടുന്ന ഓസ്‌ട്രേലിയയുടെ ആദ്യ ഫാസ്റ്റ് ബൗളറായി അയാള്‍ മാറി. തുടര്‍ന്ന് പെര്‍ത്തില്‍ പാകിസ്താനെതിരെ വെറും 24 റണ്ണിന് എട്ട് വിക്കറ്റ് വീഴ്ത്തിയ മക്ഗ്രാത്ത് തന്റെ മഹത്വത്തില്‍ ആരും സംശയിക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒരു ഓസ്‌ട്രേലിയക്കാരന്റെ രണ്ടാമത്തെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു അത്.

2005ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റില്‍ അയാള്‍ തന്റെ സ്വപ്‌ന നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം മക്ഗ്രാത്ത് സ്വന്തമാക്കി. തുടര്‍ന്ന് അയാളുടെ കണങ്കാലിനും കൈയ്യിനുമേറ്റ പരിക്കുകള്‍ ഓസ്‌ട്രേലിയയുടെ ആഷസ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷം ഓസ്‌ട്രേലിയ ആഷസ് പരമ്പര ഇംഗ്ലണ്ടിന് അടിയറവെച്ചു. തുടര്‍ന്നും മക്ഗ്രാത്തിന്റെ ജീവിതത്തില്‍ തിരിച്ചടികളുണ്ടായി. ഭാര്യ ജെയ്‌നിന് അര്‍ബുദം ബാധിച്ചതോടെ ചികിത്സയ്ക്കും മറ്റും മക്ഗ്രാത്തിന്റെ പൂര്‍ണശ്രദ്ധ അത്യാവശ്യമായി വന്നു. അയാള്‍ വി.ബി സീരീസിന്റെ ഫൈനലില്‍ നിന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്നും പിന്മാറി. എന്നാല്‍ 2007 ലോകകപ്പില്‍ അയാള്‍ ശക്തമായി തിരിച്ചുവന്നു. ടൂര്‍ണമെന്റില്‍ 26 വിക്കറ്റ് വീഴ്ത്തിയ മക്ഗ്രാത്ത് ഓസ്‌ട്രേലിയയ്ക്ക് ഹാട്രിക്ക് ലോകകിരീടം നേടിക്കൊടുത്തു. അന്നത്തെ മക്ഗ്രാത്തിന്റെ 26 വിക്കറ്റ് നേട്ടം ഒരു റെക്കോഡായിരുന്നു. രണ്ടായിരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ മക്ഗ്രാത്ത് ഹാട്രിക്ക് നേടി. അന്ന് ഷെര്‍വിന്‍ കാംപ്‌ബെല്‍, ബ്രയന്‍ ലാറ, ജിമ്മി ആഡംസ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയാണ് മക്ഗ്രാത്ത് ഹാട്രിക്ക് നേടിയത്.

124 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 563 വിക്കറ്റാണ് ഗ്ലെന്‍ മക്ഗ്രാത്ത് വീഴ്ത്തിയത്. 21.64 ആണ് ശരാശരി. ഇന്നിംഗ്‌സില്‍ 29 തവണ അഞ്ച് വിക്കറ്റും മൂന്ന് തവണ പത്ത് വിക്കറ്റും വീഴ്ത്തി. 24 റണ്ണിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 250 ഏകദിന മത്സരങ്ങളില്‍ നിന്നായി 381 വിക്കറ്റാണ് മക്ഗ്രാത്തിന്റെ സമ്പാദ്യം. 22.02 ആണ് ശരാശരി. 3.88 ആണ് എക്കണോമി നിരക്ക്. ഏഴ് തവണയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പതിനഞ്ച് റണ്ണിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അന്താരാഷ്ട്രതലത്തില്‍ വെറും രണ്ട് ട്വന്റി20 മത്സരങ്ങളില്‍ മാത്രമാണ് മക്ഗ്രാത്ത് കളിച്ചത്. അതില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 15.80 ആണ് ശരാശരി. 9.87 ആണ് എക്കണോമി നിരക്ക്. 31 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 949 വിക്കറ്റാണ് മക്ഗ്രാത്ത് വീഴ്ത്തിയത്. ഐ പി എല്ലിന്റെ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി മക്ഗ്രാത്ത് കളിച്ചു.

മക്ഗ്രാത്തിനെപ്പോലെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്രമാത്രം സ്ഥിരതയോടെയും കൃത്യതയോടെയും ബൗള്‍ ചെയ്തവരില്ല. അയാള്‍ കളിച്ച 124 ടെസ്റ്റില്‍ വെറും 20 ടെസ്റ്റില്‍ മാത്രമാണ് ഓസ്‌ട്രേലിയ തോറ്റിട്ടുള്ളതന്നത് തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ആ 20 ടെസ്റ്റുകളിലാകട്ടെ അയാള്‍ 87 വിക്കറ്റ് വീഴ്ത്തിയിട്ടുമുണ്ട്. തോറ്റ ടെസ്റ്റുകളിലെ അയാളുടെ 23.89 എന്ന ബൗളിംഗ് ശരാശരി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചതാണ്. ഗ്ലെന്‍ മക്ഗ്രാത്തിനെപ്പോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വന്‍നേട്ടങ്ങളുണ്ടാക്കിയ മറ്റൊരു ഫാസ്റ്റ് ബൗളറും ക്രിക്കറ്റ് ചരിത്രത്തിലില്ല. ഒട്ടേറെ ഐതിഹാസിക വിജയങ്ങളാണ് അയാള്‍ ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുത്തത്. സ്ഥിരതയുടെ പര്യായമായിരുന്നു അയാള്‍. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും ഏറ്റവും നന്നായി പന്തെറിയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു. ലോകമെങ്ങും ട്വന്റി20 ക്രിക്കറ്റ് കീഴടക്കുന്ന കാലത്ത് ഗ്ലെന്‍ മക്ഗ്രാത്തിനെപ്പോലൊരു ബൗളര്‍ ഇനി ക്രിക്കറ്റിലുണ്ടാവില്ല എന്നുറപ്പാണ്. മക്ഗ്രാത്തിനെപ്പോലെ സ്ഥിരതയോടെയും കൃത്യതയോടെയും പന്തെറിയുക എന്നത് ഒരു സ്വപ്‌നമായി തന്നെ ഇനി അവശേഷിക്കും.



