കെ.ശ്രീജിത്ത്
2023 ഏപ്രില്‍ 9
ആ ദിവസം റിങ്കു സിംഗ് ഒരിക്കലും മറക്കില്ല. റിങ്കുവിന്റെ ജീവിതത്തില്‍ വരാനിരിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് കൊടിയേറിയ ദിവസം. റിങ്കു എന്ന ക്രിക്കറ്റ് താരത്തെ ലോകം ശരിക്കും അറിഞ്ഞ ദിവസം.
മറുവശത്ത് യഷ് ദയാല്‍ എന്ന യുവ ഫാസ്റ്റ് ബൗളര്‍ ജീവിതത്തില്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസം.
ആ രാത്രിയിലാണ് ഐ പി എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി അവസാന ഓവര്‍ ബോള്‍ എറിഞ്ഞ യഷ് ദയാലിനെ റിങ്കു സിംഗ് തുടര്‍ച്ചായി അഞ്ച് സിക്‌സറിന് പറത്തിയത്.
ആ കഥ ഇങ്ങനെയാണ്…
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കുന്നു. ജയിക്കാന്‍ 205 റണ്‍സ് വേണ്ട കൊല്‍ക്കത്തയ്ക്ക് 19 ഓവറില്‍ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176. അവസാന ഓവറില്‍ വേണ്ടത് 29 റണ്‍സ്. ക്രീസില്‍ ഉമേഷ് യാദവും റിങ്കു സിംഗും. കളി ഏതാണ്ട് ജയിച്ച മട്ടിലായിരുന്നു ഗുജറാത്ത്. ദയാലിന്റെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ഉമേഷ് യാദവ് സ്‌ട്രൈക്ക് റിങ്കുവിന് കൈമാറി. ഇനി വേണ്ടത് 28 റണ്‍സ്. ബാക്കിയുള്ളതോ അഞ്ച് പന്തും. ആ അഞ്ച് പന്തും സിക്‌സറിന് പറത്തി റിങ്കു കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.

ആ ഒരൊറ്റ കളിയോടെ റിങ്കു സിംഗിനെ അറിയാത്ത ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയില്‍ ഇല്ലെന്നായി. റിങ്കുവിനാകട്ടെ ഇന്ത്യന്‍ ജേഴ്‌സിയടക്കം ഒരുപിടി സൗഭാഗ്യങ്ങളാണ് ആ മത്സരം നേടിക്കൊടുത്തത്.
അതുവരെ ആരായിരുന്നു റിങ്കു സിംഗ് ? ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു ഗലിയില്‍ സദാസമയവും ക്രിക്കറ്റ് ബാറ്റുമായി കറങ്ങിനടന്ന ഒരു പയ്യന്‍. കൂട്ടുകാരോടും സഹോദരങ്ങളോടുമൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിക്കലായിരുന്നു അവന്റെ മുഴുവന്‍സമയ വിനോദം. അവന്റെ മല്ല് ദാരിദ്ര്യത്തോടും കളിക്കാന്‍ പോകുന്നത് വിലക്കിയിരുന്ന അച്ഛന്‍ ഖാന്‍ചന്ദ്രസിംഗിനോടുമായിരുന്നു. പാചക വാതക സിലിണ്ടര്‍ വിതരണ തൊഴിലാളിയായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടിരുന്ന ആ പിതാവിന് അഞ്ച് മക്കളില്‍ മൂന്നാമനായിരുന്ന റിങ്കുവിന്റെ ക്രിക്കറ്റ് ഭ്രാന്ത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരിക്കല്‍ റിങ്കുവിന്റെ അമ്മ അവനോട് പറഞ്ഞു: നിന്റെ ക്രിക്കറ്റ് ഭ്രാന്ത് അച്ഛന്‍ ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് സ്വയം എന്തെങ്കിലും വരുമാന മാര്‍ഗം കണ്ടെത്ത്. ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാമനസോടെ അവന്‍ തൊട്ടടുത്തുള്ള ഒരു കോച്ചിങ് സെന്ററില്‍ ജോലിക്ക് പോയി. നല്ല വസ്ത്രമൊക്കെ ധരിച്ച് പോയ റിങ്കുവിനെ അവിടെ കാത്തിരുന്നത് തൂപ്പുകാരന്റെ പണിയായിരുന്നു. അത് സ്വീകരിക്കാന്‍ വിസമ്മതിച്ച റിങ്കു അന്നൊരു പ്രതിഞ്ജയെടുത്തു: ഇനി ക്രിക്കറ്റില്‍ മാത്രമായിരിക്കും തന്റെ ശ്രദ്ധ. എന്തെങ്കിലുമൊന്നാകാതെ പിന്തിരിയുന്ന പ്രശ്‌നമില്ല.
പ്രാദേശിക ടൂര്‍ണമെന്റുകളില്‍ റണ്ണടിച്ചുകൂട്ടിയ റിങ്കുവിന് ആദ്യകാലത്ത് പ്രതിഫലമായി ലഭിച്ചിരുന്നത് അഞ്ച് മുതല്‍ പത്ത് രൂപ വരെയായിരുന്നു. അധികം വൈകാതെ അവന്‍ ഉത്തര്‍ പ്രദേശിന് വേണ്ടി കളിച്ചുതുടങ്ങി. 2014 മാര്‍ച്ചില്‍ പതിനാറാം വയസില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ യു പിക്ക് വേണ്ടി അരങ്ങേറിയ റിങ്കു ആദ്യ മത്സരത്തില്‍ നേടിയത് 83 റണ്‍സ്.
2016 നവംബറില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ റിങ്കുവായിരുന്നു 2018-19 സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിന്റെ ടോപ് സ്‌കോറര്‍. ഒമ്പത് മത്സരത്തില്‍ 803 റണ്‍സ്. അത്തവണ മൊത്തം 10 മത്സരത്തില്‍ നേടിയത് 953 റണ്‍സ്.
2017ലെ ഐ പി എല്‍ ലേലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് റിങ്കുവിനെ 10 ലക്ഷം രൂപയ്ക്ക് വാങ്ങിയെങ്കിലും ടൂര്‍ണമെന്റില്‍ ഒരൊറ്റ മത്സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാനായില്ല. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 80 ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ വാങ്ങിയത്.
ഇതിനിടയില്‍ റിങ്കു വിവാദങ്ങളിലും ചെന്ന് ചാടാതിരുന്നില്ല. 2019ല്‍ അനുമതിയില്ലാതെ അബുദാബിയിലെ റമദാന്‍ ട്വന്റി20 ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് ബി സി സി ഐ റിങ്കുവിനെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.
2021ല്‍ പരിക്ക് കാരണം റിങ്കുവിന് ഐ പി എല്ലില്‍ കളിക്കാനായില്ല. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 42 റണ്ണെടുത്ത് ഐ പി എല്ലിലെ ആദ്യ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.
2023 ഓഗസ്റ്റ് 18
അന്നാണ് റിങ്കു ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അയര്‍ലന്‍ഡിനെതിരെയായിരുന്നു മത്സരം.
ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായ റിങ്കു അന്താരാഷ്ട്ര ട്വന്റി20യിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടി. ഡിസംബര്‍ 19ന് റിങ്കു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തില്‍ അരങ്ങേറി. 2024 ജനുവരി 17ന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരത്തില്‍ റിങ്കുവും രോഹിത് ശര്‍മയും ചേര്‍ന്ന് നേടിയ 190 റണ്‍് അന്താരാഷ്ട്ര ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. ട്വന്റി20യില്‍ അഞ്ചാം വിക്കറ്റിലെ ലോകറെക്കോഡും.
ഏഷ്യന്‍ ഗെയിംസില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റിങ്കു സിങ്ങിന് മൂന്ന് കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട റിങ്കുവിന് വര്‍ഷം ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കുന്നുണ്ട്.
മകന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ താരമായപ്പോഴും, പാചക വാതക സിലിണ്ടര്‍ വിതരണ ജോലി ചെയ്യുന്നത് തുടരുകയാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിംഗ്. മകന്‍ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആ പിതാവ് അതിന് തയ്യാറായില്ല.
2022 ഐ പി എല്ലില്‍ കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത് വെറും 55 ലക്ഷം രൂപയ്ക്കാണ്. മറ്റ് പല യുവതാരങ്ങള്‍ക്കും പ്രതിഫലമായി കോടികള്‍ ലഭിക്കുമ്പോഴാണിത്. അതേക്കുറിച്ച് റിങ്കുവിനോട് ചോദിച്ചപ്പേള്‍ റിങ്കുവിന്റെ ഉത്തരം ഇതായിരുന്നു: 55 ലക്ഷം രൂപയൊക്കെ എനിക്ക് വലിയ തുകയാണ്. കരിയര്‍ തുടങ്ങിയപ്പോള്‍ സ്വപ്നം കണ്ടതിലും അപ്പുറമാണ് ഇപ്പോള്‍ എനിക്ക് ലഭിക്കുന്ന പ്രതിഫലം. കുട്ടിയായിരുന്നുപ്പോള്‍ അഞ്ചോ പത്തോ രൂപ എങ്ങനെ ഉണ്ടാക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് 55 ലക്ഷം കിട്ടുന്നു. ഞാന്‍ സംതൃപ്തനാണ്. ഇത്രയൊക്കെ പണം സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലത്തിലൂടെ കടന്നുവന്നവനാണ് ഞാന്‍. അതുകൊണ്ട് പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം. വന്ന വഴി മറക്കാത്തവനാണ് റിങ്കു സിംഗ്.



