Tuesday, February 17, 2026
Google search engine
HomeSportFortunes and Misfortunesനഷ്ടപ്പെടുത്തിയ പെനാല്‍റ്റികള്‍; നഷ്ടപ്പെടുത്തിയ കിരീടങ്ങള്‍

നഷ്ടപ്പെടുത്തിയ പെനാല്‍റ്റികള്‍; നഷ്ടപ്പെടുത്തിയ കിരീടങ്ങള്‍

കെ.ശ്രീജിത്ത്

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ് ഫുട്‌ബോളിലെ പെനാല്‍റ്റി ഷൂട്ടൗട്ട്. ഒരു കളിക്കാരനെ ഒരു നിമിഷം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിക്കാനും മറുനിമിഷത്തില്‍ പാതാളത്തിലേയ്ക്ക് താഴ്ത്താനും ഒരുപോലെ കഴിയുന്ന പെനാല്‍റ്റി സ്‌പോട്ട്. റോബര്‍ട്ടോ അയാള എന്ന അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഇതിന് ഉത്തമോദാഹരണമാണ്. 2006ലെ ലോകകപ്പില്‍ ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സാധാരണ സമയത്ത് അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത് അയാളയായിരുന്നു. എന്നാല്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടപ്പോള്‍ അയാളയെ ഭാഗ്യം കൈവിട്ടു. അയാളെടുത്ത കിക്ക് ഗോളി തടുത്തു. അന്ന് സാധാരണ സമയത്ത് ഹെഡ്ഡറിലൂടെ ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചപ്പോള്‍ ആര്‍പ്പുവിളിച്ച അതേ ആള്‍ക്കൂട്ടം തന്നെ പെനാല്‍റ്റി കിക്ക് പാഴാക്കിയപ്പോള്‍ അയാളയെ കൂകിവിളിച്ചു. ആരാധകരുടെ ഹൃദയത്തിലേയ്ക്ക് എന്നെന്നേയ്ക്കുമായി കുടിയേറ്റാനും അന്നേവരെ ഹൃദയത്തിലുണ്ടായിരുന്നവരെ ആട്ടിപുറത്താക്കാനും വല്ലാത്തൊരു ശക്തിയുണ്ട് പെനാല്‍റ്റി കിക്കുകള്‍ക്ക്.

ഇന്ന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ ലിയോണല്‍ മെസ്സി പോലും പെനാല്‍റ്റി കിക്കുകള്‍ പാഴാക്കിയിട്ടുണ്ട്. 2016 കോപ്പ അമേരിക്ക ഫോനലില്‍ ചിലിക്കെതിരെ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ അര്‍ജന്റീനയ്ക്ക് കിരീടം തന്നെ നഷ്ടപ്പെട്ടു. മെസ്സിയെപ്പോലെ പ്രധാനപ്പെട്ട കളികളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പല ഇതിഹാസ താരങ്ങളുമുണ്ട്. ഏറെ വിവാദമായ, കുപ്രസിദ്ധമായ ആ പെനാല്‍റ്റികളില്‍ ചിലതിനെക്കുറിച്ച്….

1994ലെ ലോകകപ്പ് ഫൈനല്‍. ബ്രസീലും ഇറ്റലിയും തമ്മിലായിരുന്നു പോരാട്ടം. സാധാരണ സമയത്തും അധിക സമയത്തും ഇരുടീമിനും ഗോളൊന്നും അടിക്കാനായില്ല. തുടര്‍ന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ഇതിഹാസ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ബാജിയോ എടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പോയി. ആ കിക്ക് ഗോളായിരുന്നെങ്കില്‍ ഷൂട്ടൗട്ടിലെ സ്‌കോര്‍ 3-3 എന്നാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 3-2ന് ബ്രസീല്‍ ലോകചാമ്പ്യന്‍മാരായി. അങ്ങനെ ഷൂട്ടൗട്ടിലൂടെ ചാമ്പ്യനെ നിര്‍ണയിച്ച ആദ്യ ലോകകപ്പ് ഫൈനലായി അത് മാറി. ടൂര്‍ണമെന്റില്‍ അതുവരെ അഞ്ച് ഗോള്‍ നേടി മിന്നുംഫോമിലായിരുന്ന ബാജിയോയ്ക്ക് പക്ഷെ ഫൈനലിലെ ഷൂട്ടൗട്ടില്‍ അടിതെറ്റി. ബാജിയോ ടൂര്‍ണമെന്റില്‍ അടിച്ച ആ അഞ്ച് ഗോളുകളല്ല, പകരം നഷ്ടപ്പെടുത്തിയ ആ പെനാല്‍റ്റിയായി പിന്നീട് ചൂടേറിയ ചര്‍ച്ചാവിഷയം. അന്നുവരെ ഫുട്‌ബോള്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റികളില്‍ ഏറ്റവും വിലപ്പെട്ടതായിരുന്നു ബാജിയോയുടെ ആ പാഴായ കിക്ക്. തന്റെ കരിയറില്‍ ഏതെങ്കിലുമൊരു നിമിഷം മായ്ച്ചുകളയണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ പെനാല്‍റ്റിയെടുത്ത നിമിഷമാണെന്ന് പിന്നീട് ബാജിയോ പറഞ്ഞിട്ടുണ്ട്.

2004 യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെതിരെ ഇംഗ്ലണ്ട് സൂപ്പര്‍താരം ഡേവിഡ് ബെക്ക്ഹാം നഷ്ടപ്പെടുത്തിയ പെനാല്‍റ്റി കിക്ക് ഏറെ വിവാദമായി. ബെക്ക്ഹാമിന്റെ ആ പെനാല്‍റ്റി ക്രോസ് ബാറും കടന്ന് ഗാലറിയിലാണ് ചെന്നുവീണത്. മത്സരം പോര്‍ച്ചുഗല്‍ 6-5ന് ജയിച്ചു. ആ ടൂര്‍ണമെന്റില്‍ ബെക്ക്ഹാം പാഴാക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ പെനാല്‍റ്റി കിക്ക് ആയിരുന്നു അത്. ബെക്ക്ഹാം പാഴാക്കിയ മൂന്ന് കിക്കുകളും ചെന്നുവീണത് ഗാലറിയിലായിരുന്നു എന്നതായിരുന്നു ഇതിലെ കൗതുകം.

1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ നിശ്ചിത സമയത്ത് ബ്രസീല്‍ സൂപ്പര്‍താരം സീക്കോ നഷ്ടപ്പെടുത്തിയ പെനാല്‍റ്റി കിക്ക് ബ്രസീല്‍ ആരാധകരെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ചു. യഥാര്‍ത്ഥത്തില്‍ ആ മത്സരം സൂപ്പര്‍താരങ്ങള്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റികളാല്‍ സംഭവബഹുലമായിരുന്നു. സീക്കോ കളിയുടെ നിശ്ചിത സമയത്ത് കിട്ടിയ പെനാല്‍റ്റിയാണ് നഷ്ടപ്പെടുത്തിയതെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്കാണ് ബ്രസീലിന്റെ മറ്റൊരു ഇതിഹാസ താരമായ സോക്രട്ടീസ് നഷ്ടപ്പെടുത്തിയത്. ഷൂട്ടൗട്ടില്‍ സ്‌കോര്‍ 3-3 എന്ന നിലയിലായിരിക്കെ ഫ്രാന്‍സിന്റെ വിഖ്യാത താരം മിഷേല്‍ പ്ലാറ്റീനിയും പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നു! എന്നാല്‍ ബ്രസീലിന് അത് മുതലാക്കാനായില്ല. ഷൂട്ടൗട്ടിലെ അവസാന കിക്ക് ഗോളാക്കി മാറ്റിയ ഫ്രാന്‍സ് കളി ജയിച്ചു.

2008ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടുന്നു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങി. ചെല്‍സിയുടെ ക്യാപ്റ്റന്‍ ജോണ്‍ ടെറിയെടുത്ത കിക്ക് പോസ്റ്റില്‍ തട്ടി തെറിക്കുന്നു. കിക്കെടുക്കാനായി ഓടിവരവെ ടെറിയുടെ കാലൊന്ന് തെന്നി. അതോടെ പെനാല്‍റ്റിയും പാഴായി. തുടര്‍ന്ന് സഡന്‍ഡെത്തില്‍ ജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍മാരായി. ചെല്‍സിക്കുവേണ്ടി 696 മത്സരങ്ങള്‍ കളിച്ചിട്ടുള്ള, അവരെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേയ്ക്ക് നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയായ ജോണ്‍ ടെറി, പക്ഷെ അത്തവണ ചെല്‍സി നേടേണ്ടിയിരുന്ന കിരീടം നഷ്ടപ്പെടുത്തി. ആ പിഴവ് വര്‍ഷങ്ങളോളം തന്നെ വേട്ടയാടിയെന്ന് പിന്നീടൊരിക്കല്‍ ജോണ്‍ ടെറി പറഞ്ഞു.

2006 ലോകകപ്പ് ഫൈനല്‍. ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയുടെ വയറ്റില്‍ തല കൊണ്ട് ഇടിച്ചതിന് സിനദിന്‍ സിദാന്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മത്സരം. മത്സരത്തിന്റെ 110-ാം മിനിറ്റിലായിരുന്നു ഇത്. ലോകചാമ്പ്യനെ നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ഡേവിഡ് ട്രെസെഗെ കിക്ക് പാഴാക്കിയതോടെ ഫ്രാന്‍സിന് ലോകകിരീടം നഷ്ടമായി. ട്രെസെഗെ അന്നോളം ഫുട്‌ബോളില്‍ നിന്ന് നേടിയതിനെയെല്ലാം അപ്രസക്തമാക്കുന്ന പിഴവായിരുന്നു അത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments