Thursday, February 19, 2026
Google search engine
HomeSportFortunes and Misfortunesനിര്‍ഭാഗ്യങ്ങളുടെ കൂട്ടുകാരനായ ലാന്‍സ് ക്ലൂസ്‌നര്‍

നിര്‍ഭാഗ്യങ്ങളുടെ കൂട്ടുകാരനായ ലാന്‍സ് ക്ലൂസ്‌നര്‍

കെ.ശ്രീജിത്ത്

ലാന്‍സ് ക്ലൂസ്‌നര്‍. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലും രണ്ടായിരത്തിന്റെ ആദ്യം പകുതിയിലും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ടീമിനെപ്പോലെത്തന്നെ നിര്‍ഭാഗ്യം ക്ലൂസ്‌നറെയും വിടാതെ പിന്തുടര്‍ന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് 1999ലെയും 2003ലെയും ലോകകപ്പുകള്‍.

1999 ലോകകപ്പിലെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ ഒരുകാലത്തും മറക്കില്ല. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായിരുന്നു അത്. അതിന് തൊട്ടുമുമ്പ് ഇരുടീമുകളും തമ്മില്‍ നടന്ന സൂപ്പര്‍ സിക്‌സിലെ അവസാന മത്സരവും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാണ്. സ്റ്റീവ് വോയുടെ ക്യാച്ച് എടുത്തിട്ടും ആഘോഷിക്കാന്‍ വേണ്ടി കൈവിടുന്ന ഗിബ്‌സ്… രക്ഷപ്പെട്ട സ്റ്റീവ് വോ സെഞ്ച്വറി നേടുന്നു… ഓസ്‌ട്രേലിയയെ സെമിഫൈനലിലേയ്ക്ക് നയിക്കുന്നു… ആ ജയം പല രീതിയിലും പിന്നീട് ഓസ്‌ട്രേലിയയെ ലോകചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും അത്യന്തം ആവേശകരമായ സാഹചര്യത്തിലാണ് സെമിഫൈനലില്‍ ഒരിക്കല്‍കൂടി ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.4 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്താകുന്നു. താരതമ്യേന ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ഓസ്‌ട്രേലിയ വീറോടെ പൊരുതുന്നു. 48 ഓവറില്‍ 196 റണ്‍സെടുക്കുമ്പോഴേയ്ക്കും ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റ് ഓസ്‌ട്രേലിയ വീഴ്ത്തിയിരുന്നു. ഗ്ലെന്‍ മക്ഗ്രാത്ത് ആണ് 49-ാമത്തെ ഓവര്‍ എറിയുന്നത്. ആ ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമാകുന്നു. മാര്‍ക്ക് ബൗച്ചറും സ്റ്റീവ് എല്‍വര്‍ത്തിയും. മക്ഗ്രാത്തിന്റെ പന്ത് പൊക്കിയടിക്കുന്ന ക്ലൂസ്‌നറുടെ ക്യാച്ച് പോള്‍ റെയ്ഫല്‍ വിട്ടുകളയുന്നു. റെയ്ഫലിന്റെ കൈയ്യില്‍ നിന്ന് പന്ത് ബൗണ്ടറി ലൈനിന് പുറത്തേയ്ക്കാണ് വീഴുന്നത്. അതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് റണ്‍ കൂടി. അവസാന പന്തില്‍ ക്ലൂസ്‌നര്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് സ്വന്തമാക്കുന്നു.

അവസാന ഓവര്‍. എറിയുന്നത് ഡാമിയന്‍ ഫ്‌ളെമിംഗ്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്. ഫ്‌ളെമിംഗിന്റെ ആദ്യ രണ്ട് പന്തും നിര്‍ദാക്ഷിണ്യം ബൗണ്ടറി കടത്തുന്ന ക്ലൂസ്‌നര്‍ ദക്ഷിണാഫ്രിക്കയെ അനായാസം ജയിപ്പിക്കുമെന്ന് കളി കാണുന്ന എല്ലാവരും കരുതുന്നു. ഫ്‌ളെമിംഗിന്റെ മൂന്നാം പന്തില്‍ ക്ലൂസ്‌നറിന് റണ്ണൊന്നും കിട്ടുന്നില്ല. ആവേശം മൂലം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ക്രീസ് വിടുന്ന അലന്‍ ഡൊണാള്‍ഡ് ഭാഗ്യം കൊണ്ടാണ് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നത്. അടുത്ത പന്ത് മിഡ് ഓഫിലേയ്ക്ക് തട്ടിയിട്ട്, ക്ലൂസ്‌നര്‍ വിജയ റണ്ണിനായി ഓടുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ പന്ത് നോക്കിനിന്ന അലന്‍ ഡൊണാള്‍ഡ് ഓടാന്‍ കൂട്ടാക്കുന്നില്ല. ക്ലൂസ്‌നര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തിയതിന് ശേഷം മാത്രം ഓട്ടം ആരംഭിക്കുന്ന ഡൊണാള്‍ഡ് റണ്ണൗട്ടാകുന്നു. മത്സരം ടൈയില്‍ കലാശിക്കുന്നു. ഇതോടെ സൂപ്പര്‍ സിക്‌സില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചതിന്റെ മുന്‍തൂക്കത്തില്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തുന്നു. ക്ലൂസ്‌നറുടെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യം നിറഞ്ഞ ദിവസമായിരുന്നു അത്. അത്രമേല്‍ നന്നായി കളിച്ചിട്ടും, സ്വന്തം ടീമിനെ ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിച്ച് തോല്‍ക്കേണ്ടിവന്ന ദൗര്‍ഭാഗ്യം.

ഇതേ ദൗര്‍ഭാഗ്യത്തിന്റെ മറ്റൊരു രൂപമായിരുന്നു 2003ലെ ലോകകപ്പിലും ക്ലൂസ്‌നര്‍ക്ക് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍ മാത്രമെ അവര്‍ക്ക് സൂപ്പര്‍ സിക്‌സിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. തുടക്കം മുതല്‍ മഴ ഭീഷണിയുണ്ടായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 269 റണ്‍സിന്റെ വിജയലക്ഷ്യം വെയ്ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ രണ്ടും കല്പിച്ച് പൊരുതുന്നു. ഒടുവില്‍ ജയിക്കാന്‍ 32 പന്തില്‍ 46 റണ്‍സെന്ന നിലയിലെത്തുന്നു. അവശേഷിക്കുന്നതാകട്ടെ നാല് വിക്കറ്റും. അപ്പോഴേയ്ക്കും മഴ ചാറിത്തുടങ്ങിയിരുന്നു. ഏത് നിമിഷവും കളി നിര്‍ത്താമെന്നും മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ കളി പുനരാരംഭിക്കലുണ്ടാകില്ലെന്നും കഴിഞ്ഞ കളികളിലെ അനുഭവത്തില്‍ നിന്ന് ഇരുടീമിനും അറിയാമായിരുന്നു. അപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത് മാര്‍ക്ക് ബൗച്ചറും ലാന്‍സ് ക്ലൂസ്‌നറുമാണെന്നിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. മുത്തയ്യാ മുരളീധരന്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ബൗച്ചര്‍ സിക്‌സര്‍ നേടുന്നു. അതോടെ 31 പന്തില്‍ വേണ്ടത് 40 റണ്‍സ്. അപ്പോഴേയ്ക്കും മഴ കനത്തിരുന്നു. ഓവറിലെ അവസാന പന്തില്‍ ബൗച്ചറിന് വേണമെങ്കില്‍ ഒരു റണ്ണെടുക്കാമായിരുന്നു. എന്നാല്‍ കളി അപ്പോള്‍ നിര്‍ത്തിയാലും മഴനിയമപ്രകാരം തങ്ങള്‍ ജയിച്ചെന്ന കണക്കുകൂട്ടലില്‍ ബൗച്ചര്‍ റണ്ണെടുക്കാന്‍ മിനക്കെട്ടില്ല. അപ്പോഴേയ്ക്കും മഴ കോരിച്ചൊരിയാന്‍ തുടങ്ങിയിരുന്നു. ഇതോടെ കളി നിര്‍ത്തി. ബൗച്ചറുടെ കണക്കുക്കൂട്ടല്‍ തെറ്റിപ്പോയെന്ന് പിന്നീടാണറിഞ്ഞത്. 45 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 230 റണ്‍സ് എടുക്കണമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നത് 229 റണ്‍സ്! കളി പുനരാരംഭിച്ചില്ല. മത്സരം ടൈയില്‍ അവസാനിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. അതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഒരു ടൈയിലൂടെ ദക്ഷിണാഫ്രിക്ക പുറത്താകുന്നു. രണ്ട് തവണയും ആ ദുരന്തത്തിന് ക്രീസില്‍ നിന്ന് സാക്ഷിയായത് ലാന്‍സ് ക്ലൂസ്‌നര്‍!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments